അനുരാഗി : ഭാഗം 02

രചന – ആയിഷ അക്ബർ

പതിവ് പോലെ രാവിലെ എഴുന്നേറ്റവൾ അടുക്കളയിലേക്ക് കയറി….

ഓരോരുത്തരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ഭക്ഷണം പാകം ചെയ്യുമ്പോഴും തനിക്ക് സ്വന്തമായൊരിഷ്ടം ഈ വീട്ടിലില്ലെന്നത് അവളോർത്തു…..

എന്നത്തേതിലും വ്യത്യസ്തമായൊരു തളർച്ചയാണ് ഇന്ന് ശരീരത്തിനും മനസ്സിനും….

ഇന്നലെ കണ്ട കാഴ്ച കണ്ണുകളിൽ നിന്നു മായുന്നില്ല……

അവൾ സാരി തലപ്പ് ഒന്ന് കൂടി എളിയിലേക്ക് തിരുകി വെച്ചു……

സാരിയെടുത് തനിക്കൊട്ടും ശീലമില്ലായിരുന്നു……

ചുരിദാറിട്ടാൽ ജോലികളൊക്കെ ചെയ്യാൻ സുഖമാകുമായിരുന്നു……..

എന്നാൽ പ്രസാദേട്ടന്റെ അമ്മക്ക് അതിലെല്ലാം വല്ലാത്തൊരു വാശിയാണ്…..

അവരുടെ ഇഷ്ടങ്ങൾ തന്റെ മേലങ്ങനെ അടിച്ചേൽപ്പിക്കും……

യാന്ദ്രികമായങ്ങനെ തീരുകയാണ് ഓരോ നിമിഷങ്ങളും….

കുടവുമായി അവൾ കിണറ്റിൻ കരയിലേക്ക് നടന്നു….

കിണറ്റിലെ തെളിഞ്ഞ വെള്ളത്തിലേക്ക് അവളൊരു നിമിഷമങ്ങനെ നോക്കി നിന്നു…..

അവളിൽ സുന്ദരമായിരുന്ന നിമിഷങ്ങൾ മനസ്സിലേക്കങ്ങനെ ഒഴുകി വന്നു……

നാല് ഏട്ടന്മാർക്ക് ഏറെ വർഷങ്ങൾക്ക് ശേഷം കിട്ടിയൊരു പെങ്ങൾ….

അച്ഛനും അമ്മയും അല്പം പ്രായമായവരായിരുന്നു…..

എന്നാൽ ഒന്നിനും ഒരു കുറവും അറിയിക്കാതെ നോക്കാൻ ഏട്ടന്മാർ ഇടവും വലവുമുണ്ടായിരുന്നു….

ഒരോറ്റ രാത്രി കൊണ്ടാണ് താനവർക്ക് ആരുമല്ലാതായി മാറിയത്…..

കണ്ണ് നീർ അവളുടെ കാഴ്ചയെ മറച്ചു പിടിച്ചു…..

കിണറിലെ തെളിഞ്ഞ വെള്ളത്തിൽ അവളുടെ മുഖം അവൾക്ക് കാണാൻ കഴിഞ്ഞില്ല….

ശരീരം തളർന്നു പോകും പോലെ…..

വെള്ളത്തിലേക്ക് ഒരു നിമിഷം താൻ വീണു പോകുകയാണെന്ന് അവൾക്ക് തോന്നി….

മോളെ……

പെട്ടെന്നുള്ള ആ വിളിയിൽ അവളൊന്നു ഞെട്ടി തിരിഞ് നോക്കി…..

അവളുടെ നിൽപ്പും മുഖവും ആ കണ്ണുകളിലെ തിളക്കവും എല്ലാം രാജ ഗോപാലാനേ അങ്ങേയറ്റം ദുഖിപ്പിച്ചിരുന്നു….

ഇവിടെ നിൽക്കേണ്ട…. വാ…. അകത്തേക്ക് പോകാം….

അയാൾ സ്നേഹത്തോടെ അവളുടെ തോളിൽ കൈ വെച്ചു….

അച്ഛാ…. വെള്ളം….

അവൾ കിണറിനരികിലായി വെച്ച കുടത്തിലേക്ക് കൈ ചൂണ്ടി…..

അതച്ഛനെടുത്തോളാം…..
മോള് വാ…

അതും പറഞ്ഞയാൾ അവളെ പിടിച്ചു തിണ്ണയിലേക്കിരുതി….

പിന്നേ പോയി വെള്ളം കോരി കുടത്തിലേക്കൊഴിച്ചു കുടം അടുക്കളയിലേക്ക് കൊണ്ട് വെച്ചു…..

അപ്പോഴും അവൾ നിർവികാരമായ ആ മിഴികൾ ദൂരേക്ക് ചലിപ്പിച്ചു കൊണ്ടങ്ങനെയിരുന്നു…..

അയാളും പതിയെ അവൾക്കരികിലായിരുന്നു…..

മോളെ…..

അയാളുടെ ശബ്ദത്തിൽ മുഴുവൻ അവളോടുള്ള സഹതാപം നിറഞ്ഞു നിന്നിരുന്നു……

അവളപ്പോഴും ചലിച്ചില്ല….

എന്ത്‌ പറഞ്ഞു അവളെ ആശ്വസിപ്പിക്കണമെന്ന് അയാൾക്കും അറിയില്ലായിരുന്നു……

മനസ്സ് പാടെ തകർന്നു നിൽക്കുന്നവളാണ്…..
ഇനിയൊരു മുറിവോരു പക്ഷെ താങ്ങാൻ കഴിഞ്ഞെന്ന് വരില്ലെന്ന് ഡോക്ടർ തന്നെ ഓർമിപ്പിച്ചതാണ്‌…

തനിക്കെന്ത് ചെയ്യാൻ കഴിയും….

അവളെ പോലെ തന്നെയാണ് അമ്മയ്ക്കും മകനും താനും….

അച്ഛനെന്ന യാതൊരു പരിഗണയുമില്ല…..

ഈ വീടും സ്വത്തുക്കളും അവളുടേതാണ്…..

വന്നു കയറിയ അന്ന് മുതൽ ആ പെൺകുട്ടിയുടെ കണ്ണ് നീര് താൻ കാണുന്നതാണ്…..

അതിനിടക്ക് വയറ്റിലൊരു ജീവൻ കൊരുത്തെന്ന് പറഞ്ഞപ്പോഴാണ് അവസാനമായി ആ കണ്ണുകളൊന്ന് തിളങ്ങി കണ്ടത്….

അത് അതിനേക്കാൾ വലിയ ദുഖത്തിലേക്കുള്ള പോക്കാണെന്ന് അന്ന് തനിക്കറിയില്ലായിരുന്നു….

കുട്ടിയുടെ കിടപ്പ് ശെരിയല്ലെന്നും ശ്രദ്ധിക്കണമെന്നും ഡോക്ടർ പറഞ്ഞിരുന്നതാണ്…..

എന്നാൽ ഇവിടെയുള്ളവർക്ക് അതൊന്നും യാതൊരു വിഷയവുമായിരുന്നില്ല….

എല്ലാത്തിനും അവളോടി നടന്നു….

അത് കൊണ്ട് തന്നെ ആ കുഞ്ഞിനെ കൊതി തീരെ അവൾക്കൊന്ന് കാണാൻ പോലും കഴിഞ്ഞില്ല…..

പ്രസവത്തിൽ അവൾ ബാക്കിയായി…….

കണ്ണുകൾ മൂടി കിടക്കുന്ന ആ കുഞ്ഞിനെ യെടുത്തു അവൾ ചുംബിച്ചു..

അന്നെന്തോ ആ മിഴികൾ പെയ്തില്ല…..

മനസ്സ് അവളുടെ കൈ പിടിയിൽ നിന്നും ഊർന്ന് പോകുന്നത് എനിക്കറിയുന്നുണ്ടായിരുന്നു…..

ഒരു മകളെ പോൽ അവളെ ഞാൻ നെഞ്ചോട് ചേർത് പിടിച്ചതാണ്….

ആ നെഞ്ചിന്റെ പിടപ്പ് തനിക്ക് മാത്രമേ അറിയൂ…

നീയൊന്ന് ചിരിച്ചു കാണാൻ അച്ഛന് കൊതി തോന്നാ മോളെ…..
എന്തിനായിരുന്നു സകല സൗഭാഗ്യങ്ങളും വേണ്ടെന്ന് വെച്ച് നീയിവന്റെ കൂടെ ഇറങ്ങി വന്നത്…..

രാജ ഗോപാലൻ നനവൂറിയ വാക്കുകളോടെ അത് ചോദിക്കുമ്പോൾ അവൾ പതിയെ അയാൾക്ക് നേരെയൊന്ന് മിഴികൾ ചലിപ്പിച്ചു…..

എന്നെ…. എന്നെ ഇവിടെ നിന്നൊന്ന് രക്ഷപ്പെടുത്തി തരാമോ അച്ഛാ….. എന്നന്നേക്കുമായി…..

അവൾ പെട്ടെന്നത് ചോദിച്ചതും അയാളോന്ന് ഞെട്ടി…..

ആദ്യമായിട്ടാണ് അവളിൽ നിന്നങ്ങനെയൊരു ചോദ്യം…..

ഇവിടെ നിന്ന് മോളെങ്ങോട്ട് പോകും……

അയാളത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ യാതൊരു ആശങ്കകളുമുണ്ടായിരുന്നില്ല……..

എന്തായാലും ഇവിടെയിനി യില്ല അച്ഛാ…..
നിയമ പരമായി എനിക്കിവിടെ നിന്നൊരു മോചനം വേണം….
പറയാൻ എനിക്ക് മറ്റാരുമില്ല…..

അവളത് പറഞ്ഞപ്പോഴേക്കും വാക്കുകൾ ഇടറി പോയിരുന്നു…….

രാജ ഗോപാലൻ ഇരു കൈകൾ കൊണ്ടും അവളുടെ തോളിൽ പിടിച്ചു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാത്രി പ്രസാദ് വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു…..

സാധാരണ താൻ വന്നു കൂടെ നിന്ന് വിളമ്പി തന്നിട്ടേ അവളുറങ്ങാറുള്ളു….

അതാണ്‌ അമ്മയുടേ നിയമം…..

എന്നാൽ ഇന്ന് പതിവിന് വിപരീതമായി അവൾ എല്ലാം വിളമ്പി അടച്ചു വെച്ച് കിടന്നിരിക്കുന്നു…..

അവൻ ഭക്ഷണം കഴിച്ചു മുറിയിലേക്ക് നടന്നു…..

ഇന്നും നിലത്തു പായ വിരിച്ചാണ് അവളുടെ കിടപ്പ്…….

അവൻ ലൈറ്റ് ഓൺ ചെയ്ത് കൊണ്ടവളെയൊന്ന് നോക്കി……

ഒരു ശില്പം കൊത്തി വെച്ചത് പോലെ മനോഹരിയായൊരു പെണ്ണ്….

ആരും കണ്ടാൽ ഒന്ന് കൂടി നോക്കി പോകും….

ഭംഗിയുള്ളൊരു വെളുപ്പ് നിറം……

എപ്പോഴും മനോഹരമായി നെയ്തു വെക്കുന്ന നീളൻ മുടി…….

കുട്ടിത്തം വിട്ട് മാറാതത് പോലൊരു മുഖം…..

ആ മുഖത്ത് മുഴുവൻ ഒരു തരം നിഷ്കളങ്കതയാണ്….

ആരോടും പരാതികളും പരിഭവങ്ങളുമില്ല….

അവളോട് തനിക്കുള്ള വികാരത്തിനു പേരില്ല….

തന്റെ കൂടെ ജീവിത കാലം മുഴുവൻ അവൾ വേണമെന്നൊരു തോന്നലാണ്……

അവളുടെ സൗന്ദര്യം അത് തനിക്ക് മാത്രം ആസ്വദിക്കണമെന്ന പോൽ……

എന്നാൽ അവളെ നന്നായി ആസ്വധിച്ചിട്ടില്ല താൻ….

കയ്യിൽ കിട്ടി ഒരു അഞ്ചാറു മാസമായപ്പോഴേക്കും അവൾ ഗർഭിണിയായി…..

ഗർഭ കാലത് തനിക്കവളോടൊരു വല്ലാത്ത മടുപ്പ് തോന്നി തുടങ്ങിയിരുന്നു…..

ആ കുഞ്ഞിനെ താനൊട്ടും ആഗ്രഹിച്ചിരുന്നില്ല…

ഒഴിവാക്കാൻ അവൾ സമ്മതിച്ചതുമില്ല…

എന്നാൽ പ്രസവ ശേഷം ഇപ്പോൾ വീണ്ടും അവൾ അവളുടെ സൗന്ദര്യം വീണ്ടെടുത്തിരിക്കുകയാണ്…….

അവൻ ഷർട്ട്‌ അഴിച്ചു വെച്ചു കൊണ്ട് പായയിലേക്ക് കിടന്നു…

പതിയെ അവളെ പിറകിൽ നിന്നും അവൻ ചുറ്റി പിടിച്ചതും അവൾ കുതറിയെഴുന്നേറ്റു……

അവൻ വല്ലാത്തൊരു ഭാവത്തോടെ അവളിലേക്ക് വീണ്ടുമടുത്തതും തലയിണക്കടിയിൽ നിന്നും ഒരു കത്തിയെടുത്തവൾ അവളുടെ കഴുത്തിലേക്ക് ചേർത്ത് വെച്ചു…..

ഒരു വാക്ക് പോലും അവൾ പറഞ്ഞില്ലെങ്കിൽ കൂടി അവനൊരു പകപ്പോടെ പിറകിലേക്ക് നീങ്ങി…..

ആ കണ്ണുകളിൽ കാണുന്ന നിർവികാരതക്ക് പോലും വല്ലാത്തൊരു തീക്ഷണത യുള്ളത് പോലെ…….

അവന്റെ ചെന്നിയിലൂടെ വിയർപ്പൊഴുകി…….

ഒരു പകപ്പോടെ അവൻ പായിൽ നിന്നും ചാടിയെഴുന്നേറ്റു…..

ഏയ് …വേദാ…. വേണ്ടാ….

അവളെന്തു ചെയ്യാനും മടിക്കില്ല എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് പ്രസാദ് ഭയത്തോടെ അത് പറഞ്ഞത്….

അവനെഴുന്നേറ്റേന്ന് കണ്ടതും കത്തി തലയിണക്ക് താഴെയായി വെച്ചു കൊണ്ട് അവൾ വീണ്ടും ആ പായിലേക്ക് ചുരുണ്ടു……

അവളിലെ ഭാവ പകർച്ച അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു….

അവളിൽ നിന്ന് ആദ്യമായാണ് ഇങ്ങനെയൊരു പെരുമാറ്റം…..

അത്രയേറെ കുലീനതയോടെ മാത്രം പെരുമാറുന്നവളാണ്….

അത് തന്നെയായിരുന്നല്ലോ തന്റെ ധൈര്യവും……

അവനു കിടക്കാൻ സ്വസ്ഥത യില്ലായിരുന്നെങ്കിലും അവൾ പതിയെ മാറുക തന്നെ ചെയ്യുമെന്ന് കരുതി അവൻ കട്ടിലിലേക്ക് കിടന്നു……

വേദ പതിയെ കണ്ണുകളടച്ചതും എന്നും കാണുന്ന ആ സ്വപ്നത്തിലേക്ക് വീണ്ടും അവൾ കടന്ന് ചെന്നു……

താൻ ഏതോ അഗാദമായ ഗർതത്തിലേക്ക് ആണ്ടു പോകുകയാണ്….

എന്നാൽ ആരോ ഒരാൾ തന്റെ കൈകളിൽ പെട്ടെന്നു കടന്ന് പിടിക്കുന്നുണ്ട്……

ആരെന്ന് താൻ നോക്കിയെങ്കിലും ആളുടെ മുഖം വ്യക്തമല്ല……

ഏതോ ഒരു പ്രകാശത്തിൽ ചാര നിറത്തിലുള്ള ആ കണ്ണുകൾ ഒന്ന് തിളങ്ങി….

അപ്പോഴാണ് അവന്റെ മറു കയ്യിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ അവളുടെ കാതുകളിൽ പതിയുന്നത്….

പതിവ് പോലെ അതവളെ വല്ലാതെ ശ്വാസം മുട്ടിപ്പിടിച്ചു….

ഉള്ളിൽ നീറുന്ന ആ മുറിവിൽ നിന്നും വീണ്ടും രക്തം കിനിഞ്ഞിറങ്ങി….

ആരാണവൻ….

തന്നെ കൈ പിടിക്കാൻ അവനു താനാരാണ്…..

അവൾ ഞെട്ടിയെഴുന്നേറ്റു……

അവളുടെ തൊണ്ട വറ്റി വരണ്ടു……

കാതുകളിൽ അലയടിക്കുന്ന ആ ശബ്ദം അവളെ വല്ലാതെ അസ്വസ്ഥയാക്കി…….

പ്രസാദ് കട്ടിലിൽ കിടക്കുന്നുണ്ട്……

അവളെഴുന്നേറ്റ് ജഗ്ഗിൽ നിന്നും അല്പം വെള്ളമെടുത്തു കുടിച്ചു….

ശ്വാസ മിടിപ്പ് ഇപ്പോഴും പൂർവ സ്ഥിതിയിലായിട്ടില്ല…..

തുടർച്ചയായി കാണുന്ന ആ സ്വപ്നം ആദ്യം തന്നിൽ നൽകിയിരുന്നത് ഭയമായിരുന്നു……

പതിയെ പതിയെ അതിനെ താൻ ആഗ്രഹിച്ചു പോകുന്നത് പോലെ……

അവൾ ജനലഴികളിൽ കൂടി നിലാവ് പരത്തുന്ന ആകാശത്തിലേക്ക് നോക്കി…..

അതേ….. ആ ചാര മിഴികൾ തനിക്ക് തെളിഞ്ഞു കാണുന്നുണ്ട്….

അവ തന്നെ മാടിയരികിലേക്ക് വിളിക്കും പോലെ……

അവക്ക് തന്നോടെന്തോ ക്കെയോ പറയാനുള്ളത് പോലെ……..

(തുടരും)

Leave a Reply