19/04/2026

അരികിലായ് : ഭാഗം 16

രചന – കാർത്തിക ശ്രീ

തൃശൂർ..

രാവിലെയുള്ള വർക്ക് ഔട്ടിൽ ആണ് ചേതൻ..

അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്..അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.. മറുപുറത്തുനിന്നും ഉള്ള വാർത്തയിൽ അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു… കൈയിലുള്ള ഫോൺ എടുത്ത് നിലത്തേക്ക് എറിഞ്ഞു വേഗത്തിൽ അവൻ പുറത്തേക്കിറങ്ങി…കാറിൽ കയറി…

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവൻ എത്തിയത് പഴമ തോന്നുന്ന നാലുകെട്ടിന്റെ മുന്നിലാണ്…പൂമുഖത്തു ചാരുകസേരയിൽ ഇരിക്കുന്നയാൾ ഭയത്തോടെ ഊന്നുവടിയുടെ സഹായത്താൽ എഴുന്നേറ്റ് നിന്നു .. കാറിൽ നിന്നും അവൻ ഇറങ്ങി

“പലവട്ടം നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്.. എന്നെ ഇവിടേക്ക് വരുത്തിക്കരുതെന്ന്… ”

“മോനെ.. ഞാൻ..”

“മോനോ?? ആരുടെ മോൻ?? അവൾ എവിടെ.. വിളിക്ക്..”

“മോനെ അവൾ അറിയാതെ ചെയ്തതാണ്.. ഇത്തവണത്തേക്ക് ക്ഷമിക്കണം.. ”

“എനിക്ക് പണി തരാൻ ഇറങ്ങിയതല്ലേ.. അതിനുള്ളത് കൊടുത്തിട്ടേ ഞാൻ പോകു..”

അയാളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഭയം അവനെ കൂടുതൽ ആവേശത്തിലാക്കി… കൂടുതൽ സംസാരിക്കാതെ അയാൾക്ക് തടയാൻ കഴിയുന്നതിനു മുന്നേ വീട്ടിനുള്ളിൽ കയറി ഒരു പെൺകുട്ടിയെ കൈയിൽ പിടിച്ചു പുറത്തേക്ക് തള്ളി…

“നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് വേദ.. എന്റെ പുറകെ വരരുതെന്ന്.. എനിക്കെതിരെ നീങ്ങരുതെന്ന്…”

“നീ ഈ ചെയ്യുന്നതിനൊക്കെ അനുഭവിക്കാൻ പോകുന്നതേ ഉള്ളു ചേതൻ … ദൈവം എണ്ണിയെണ്ണി പകരം ചോദിക്കും.. നോക്കിക്കോ..”

അവളുടെ സംസാരം അവനിൽ കൂടുതൽ ദേഷ്യം നിറച്ചു.. അവളുടെ മുടിയിൽ പിടിച്ചുവലിച്ചു അവൻ..വേദനയോടെ അവൾ കരയുമ്പോൾ അവൻ അതിൽ ആനന്ദം കണ്ടെത്തി…

“എന്നോട് ചോദിക്കാൻ ഒരു പട്ടിയും വരില്ലടി .. ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും… ഇടയിൽ വന്നാൽ ഇതിനേക്കാൾ മോശമായിരിക്കും അവസ്ഥ…”

“ഈ പോക്ക് നിന്റെ നാശത്തിലേക്കാണ് ചേതാ… അവസാനം ഒരാളുപോലും നിനക്ക് കൂട്ടിനുണ്ടാകില്ല…”

” ഈ പേരും പ്രശസ്തിയും ഉള്ളപ്പോൾ ആൾക്കാർക്കാണോ ക്ഷാമം?? ”

“പേരും പ്രശസ്തിയും.. അത് എങ്ങനെയാ ഉണ്ടാക്കിയതെന്ന് ഓർമ്മയുണ്ടായാൽ നല്ലത്…പിന്നെ തറവാടും സ്ഥലവും ഒരിക്കലും നിനക്ക് സ്വന്തമാകില്ല..അച്ഛന് അവകാശപ്പെട്ടതാണെങ്കിൽ ഞാൻ ഇനിയും വക്കിലിനെ കണ്ട് സംസാരിക്കും.. കേസ് ഫയൽ ചെയ്യും..”

“അപ്പോൾ മോള് ഒരുങ്ങി ഇറങ്ങിയതാണല്ലേ?? ഒരിക്കൽ നടന്നതൊന്നും മറന്നിട്ടില്ലല്ലോ.. അല്ലെ?? ഒന്നുകൂടി ആവർത്തിക്കാൻ എനിക്ക് മടിയില്ല..”

അവളെ മൊത്തം ഉഴിഞ്ഞുകൊണ്ട് അവൾ കേൾക്കാൻ മാത്രം പറഞ്ഞപ്പോൾ വേദയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. വാശിയിൽ തുടച്ചു നീക്കി അവൾ..

“ഒരിക്കൽ നടന്നത് ഞാൻ നിന്നെ സ്നേഹിച്ചതിന്റെ ശിക്ഷയായിട്ടാണ് കാണുന്നത് ..അധികം പേടിപ്പിക്കാതെ പോകാൻ നോക്ക് ചേതൻ മാധവ്.. വെറുപ്പാണ് എനിക്ക് തന്നോട് തീർത്താൽ തീരാത്ത വെറുപ്പ്.. നീ എന്ന ചെകുത്താനെ സ്നേഹിച്ചുപോയതിൽ ഞാൻ ഇന്ന് എന്നെ തന്നെ വെറുക്കുകയാണ്… ”

“മോനെ അവളെ വെറുതെ വിട്ടേക്ക്.. ഇനി ഇങ്ങനുണ്ടാകില്ല..”

“മതിയായില്ലേ അച്ഛന്??? എത്രയൊക്കെ ചെയ്തിട്ട് എന്ത് നേടി?? കണ്ടില്ലേ സ്വന്തം അവസ്ഥ… ഇതല്ല ഇതിലും അനുഭവിക്കും നിങ്ങൾ രണ്ടുപേരും… ”

“മോളെ ഞാൻ…”

“വേണ്ടാ അച്ഛാ… പശ്ചാത്താപം ഇപ്പോൾ തോന്നിട്ട് കാര്യമില്ല… ”

“നിർത്തേടി.. കുറെ നേരമായല്ലോ നീ തുടങ്ങിട്ട്… ഒരു അച്ഛനും മോളും..ഇതിന്റെ ആധാരം കൊണ്ട് ഞാൻ വരും ഇറങ്ങാൻ തയ്യാറായിക്കോ രണ്ടുപേരും… അപ്പോൾ ഞാൻ നിന്നെ ശരിക്കൊന്ന് കാണുന്നുണ്ട്.”

ഡോ കിളവാ.. അമ്മാവൻ അന്നെന്നു നോക്കില്ല ഞാൻ.. ഇപ്പോൾ ചെയ്തത് ചെയ്തു.. ഇനി കേസ് ഫയൽ ചെയ്യാൻ നോക്കിയാൽ….അറിയാല്ലോ എന്നെ.. പറഞ്ഞു മനസിലാക്ക് മോളെ… ”

“രണ്ടുപേരോടും കൂടിയാണ് പറയുന്നത് ഒരിക്കൽ വേണ്ടായെന്ന് വെച്ചത് എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്.. അത് തങ്ങില്ല രണ്ടുപേരും…”

അതേ ദേഷ്യത്തോടെ അവൻ കാറിൽ കയറി..

അവൻ പോകുന്നത് കണ്ട അവൾ ഒരു കരച്ചിലോടെ താഴേക്കിരുന്നു…

“മതി ആയോ അച്ഛന്?? മോളുടെ ജീവിതം നശിക്കുന്നത് കാണുമ്പോൾ സന്തോഷമല്ലേ അച്ഛന്???”

അതിന് ഉത്തരം നൽകാൻ ആ വൃദ്ധന് കഴിഞ്ഞില്ല…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുറച്ചു ദിവസത്തെ അവധിക്കുശേഷം ഓഫീസിലാണ് നാലുപേരും…

“എന്നാലും ഇത്രയും വർക്ക്‌ ആ കാലൻ വേണമെന്നു വച്ചു തന്നതാ…ദുഷ്ടൻ..”

“ഒരു ദിവസം അധികം ലീവ് എടുത്തതിനാ ഈ പണി..?”

“എന്താണ് മക്കളേ ഒരു രോദനം??”

“ദേ വിക്കി.. നിങ്ങൾ രണ്ടുപേരും അയാളുടെ കണ്ണിലുണ്ണികൾ..ഞങ്ങൾ രണ്ടുപേരും കണ്ണിലെ കരടും..”

“ചൂടാവല്ലേ തനു.. അയാൾക്ക് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടല്ലേ???”

“പോടാ… വിശന്നിട്ടു വയറു കത്തുന്നു..”

“ഇതാ കഴിക്ക്..” കൈയിൽ കരുതിയ രണ്ട് ബർഗർ അവർക്കു നേരെ നീട്ടി വിക്കി..

“അല്ലെങ്കിലും നീ മുത്താണ്.. ഋതു വാ..ഇതു കഴിച്ചിട്ട് ബാക്കി..”

“പിന്നെ രാത്രി ഭക്ഷണം പുറത്തു നിന്ന് കഴിക്കാട്ടോ..അപ്പുവിനും അമ്മുവിനും രണ്ട് ബിരിയാണി വാങ്ങാം.. അവർ നിങ്ങളെ കാത്തു നിൽക്കില്ലേ..”

“ശരിയാണ്.. അവർക്ക് ഒന്നും എടുത്തില്ലല്ലോ… പലഹാരം കുറച്ചുണ്ട്.. അതും കൊടുക്കാം..”

“ഓക്കേ… അപ്പോൾ രണ്ടുപേരും ജോലി കഴിഞ്ഞ് താഴേക്ക് പോരെ.. ഞങ്ങൾ അവിടെ ഉണ്ടാകും.”

“അല്ല റിച്ചു എവിടെ??’

“എന്റെ ഋതു.. അവൻ നിന്റെയൊക്കെ ഹെഡിനെ പിടിച്ചു നിർത്തി സംസാരിക്കുന്നതുകൊണ്ടാ ഞാൻ ഇവിടെ.. മനസ്സിലായോ??”

“അപ്പോ അങ്ങനെയാണ്.. ”

“എന്നാ ജോലി വേഗം തീർക്കാൻ നോക്ക് ”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഭക്ഷണമൊക്കെ കഴിച്ചു റൂമിൽ എത്തിയതാണ് തനുവും ഋതുവും.. അപ്പോഴാണ് മാളു വിളിച്ചത്… അവളോട് സംസാരിച്ചു.. റൂമെല്ലാം വൃത്തിയാക്കി അവർ ഉറങ്ങാൻ കിടന്നു…

എന്നും നിറഞ്ഞു നിൽക്കുന്ന പഴയ ഓർമകൾക്ക് പകരം മനസ്സിൽ ഇന്ന് ലിനുവിന്റെ മുഖമാണ് സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു… കൂടുതൽ ചിന്തിക്കാതെ കണ്ണുകൾ മുറുക്കെയടച്ചു എപ്പോഴോ അവൾ ഉറങ്ങി…

രാവിലെ ആദ്യമുണർന്നതും ഋതു ആയിരുന്നു… എഴുന്നേറ്റ് തനുവിനെ വിളിച്ചു.. പണികളെല്ലാം കഴിഞ്ഞ് ഓഫീസിലേക്ക് പോകാൻ റെഡിയാകുമ്പോഴാണ് തനുവിന്റെ ഫോണിൽ ചേതന്റെ കോൾ വരുന്നത്…
അവൾ അറ്റൻഡ് ചെയ്ത് നേരെ ബാൽക്കണിയിലേക്ക് പോയി..

📞”ബേബി… ഐ മിസ്സ്‌ഡ് യൂ സൊമച്ച്..”

📞”ഐ മിസ്സ്ഡ് യൂ ടൂ ”

📞” ഇന്നലെ ലേറ്റ് ആയോ എത്താൻ?? ”

📞മ്മ്.. രാത്രിയായി… അതാ വിളിക്കാഞ്ഞേ.. ”

📞”അതെനിക്കറിയാം… ഇന്ന് കാണാൻ പറ്റുമോ?”

📞”ഓഫീസിൽ പോകണം ചേതാ.. വൈകുന്നേരം മതിയോ??”

📞”ഓ മതി.. രാവിലെ എനിക്കും സമയം ഇല്ല.. അപ്പോൾ വൈകുന്നേരം അഞ്ചു മണി സ്ഥിരം സ്ഥലം..”

📞”ഓക്കേ.. ബൈ.. ടേക്ക്കെയർ ”

📞”ബൈ ബേബി..”

എന്റെ കർത്താവേ.. ഈ സാധനത്തിനെ എത്രനാൾ ഞാൻ സഹിക്കേണ്ടിവരും.. രണ്ടെണ്ണം അവനിട്ടു പൊട്ടിക്കാൻ തോന്നുന്നു… വേഗം അവസരം ഒരുക്കി തരണേ…

“തനു.. നീ ഇതെവിടെയാ?? വാ പോകണ്ടേ??”

“ദാ.. വന്നു ഋതു..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഓഫീസിലെത്തി തനു ഋതു അറിയാതെ ചേതൻ വിളിച്ച കാര്യം റിച്ചുനോടും വിക്കിയോടും പറഞ്ഞു…

“ഋതു… നിന്നെ വിക്കി വീട്ടിലാക്കിയാൽ മതിയോ … ഞാൻ തനുനെ കൊണ്ട് ഒന്ന് കറങ്ങി വന്നാലോ .. എന്താ നിന്റെ അഭിപ്രായം ??”

“മതി.. രണ്ടാളും കറങ്ങിട്ട് വന്നോ… അധികം ലേറ്റ് ആകരുത്..”

“ഇല്ലടാ.. വേഗം വന്നോളാം..”

വൈകുന്നേരം തനു ചേതനുവേണ്ടി കഫെയിൽ കാത്തിരുന്നു… പത്തുമിനുട്ടിനുള്ളിൽ ചേതന്റെ റെഡ് കാർ ആ കഫെയിൽ എത്തി… ആരാധകർ അവനെ കണ്ടതിനാൽ ആളും ബഹളവുമായി അവൻ തിരിച്ചു കാറിലേക്ക് തന്നെ കയറേണ്ടി വന്നു..

ആ ചെകുത്താൻ എവിടെ പോയി കിടക്കുവാണ്.. വിശന്നു ഒരുവകയായി.. അവന് പൈസ കുറച്ചു ചിലവാകട്ടെ എന്ന് വിചാരിച്ച ഞാൻ ഒന്നും കഴിക്കാതെ വന്നത്.. അതിപ്പോൾ എനിക്കു തന്നെ പണി ആയല്ലോ എന്റെ കർത്താവേ…

“ഡി.. നീ എന്താ ഇങ്ങനെ സ്വയം സംസാരിക്കുന്നെ??”

“ഹെ… നീ എന്താ ഇങ്ങനെ നിൽക്കുന്നേ?? പോ.. ആ ചെകുത്താൻ വരുമ്പോൾ കാണണ്ട..” ചുറ്റും നോക്കികൊണ്ട് തനു പറഞ്ഞു

“ഇല്ലടി.. അവൻ പോയി… ആരാധകർ കണ്ടതിനാൽ ഇങ്ങോട്ട് വരാൻ കഴിയാതെ തിരിച്ചു പോയി ..”

“ഹോ.. സമാധാനം.. എന്നാലേ എനിക്ക് ഒരു കോഫി വാങ്ങിതാ..”

“കോഫി മാത്രം മതിയോ??”

“തൽക്കാലം മതി..”

പിന്നീട് റിച്ചുവും തനുവും തങ്ങളുടെ മാത്രം ലോകത്തായിരുന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാത്രി ഭക്ഷണം ഉണ്ടാക്കുകയാണ് തനു.. അപ്പോഴാണ് ഫോൺ റിങ് ചെയ്തത്… പേര് കണ്ടപ്പോഴേ അവൾക്ക് കലി കയറി… എങ്കിലും അത് മറച്ചുകൊണ്ട് അറ്റൻഡ് ചെയ്തു…

📞”ബേബി..”

📞”വേണ്ടാ ഒന്നും പറയണ്ട.. എത്രനേരം കാത്തിരുന്നു ഞാൻ എന്നിട്ട് വന്നില്ലല്ലോ.. ഒന്ന് വിളിച്ചതുപോലും ഇല്ലല്ലോ.. ”

📞”സോറ മോളെ …ഞാൻ വന്നിരുന്നു… ബട്ട്‌ അവിടെയുള്ള ആൾക്കൂട്ടം എന്നെ കണ്ടു.. അതാ വേഗം തിരിച്ചു വന്നേ..”

📞”എന്നാലും ഞാൻ ഒറ്റക്ക് അവിടെ.. ഏഴുമണിവരെ ഇരുന്നു.. ”

📞”സോറി… സോറി.. അടുത്തതവണ നമ്മൾ കണ്ടിരിക്കും..”

📞”മം.. പ്രോമിസ്??”

📞”പ്രോമിസ്.. പിന്നെ അടുത്ത രണ്ടാഴ്ച ഞാൻ ബിസി ആണ്.. ഒരു ബിസിനസ്‌ കാര്യത്തിന് പുറത്തുപോകുകയാണ്.. പിന്നെ ഒരു പാട്ട് റെക്കോർഡിങ് ഉണ്ട്..”

📞”ശരി.. വേഗം വരണേ..”

📞”വേഗം വരും. ബൈ ബേബി… ലവ് യു..”

📞”ബൈ..ടേക്ക്കെയർ..”

എന്റെ കർത്താവേ എല്ലാം തീർന്നിട്ടു വേണം അവനിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ… അത് ആലോചിക്കുമ്പോഴേ ഒരു സന്തോഷം… വേഗം അതിന് അവസരം ഒരുക്കി തരണേ… ഒരു കൂടു മെഴുകുതിരി കത്തിച്ചോളാമേ…

തുടരും…