24/04/2026

ശ്രീനന്ദനം : ഭാഗം 27

രചന – കണ്ണന്റെ മാത്രം

ഇന്ന് മുതൽ തന്റെ ജീവിതത്തിലും ഈ മുറിയിലും പുതിയ ഒരു അവകാശികൂടി വരുമല്ലോ എന്ന ഓർമയിൽ ആണ് അന്നത്തെ ദിവസം അഭി കണ്ണ് തുറന്നത് തന്നെ… എന്തോ ഒരു ടെൻഷൻ ഉള്ളിൽ കയറി കൂടിയത് അവന് തന്നെ മനസിലാക്കുന്നുണ്ടായിരുന്നു. എന്തോ ഒരു വല്ലാത്ത ഫീലിംഗ്സ്.. സന്തോഷമാണോ… അതോ വേറെ എന്തെങ്കിലും വികാരങ്ങൾ ആണോ എന്ന് അവന് തന്നെ അറിയാത്ത അവസ്ഥ.. എന്തായാലും സങ്കടം ഇല്ല എന്ന് അവന് അറിയാം.. ഉള്ളിന്റെഉള്ളിൽ പിയയോട് ഉടലെടുക്കുന്ന
സ്നേഹം അവൻ മനസിലാക്കുന്നുണ്ടായിരുന്നു.. അത് പക്ഷേ ഒരു പ്രണയത്തിലേക്ക് എത്തിയിട്ടില്ല എന്നും അവനറിയാം..അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് കിടക്കുമ്പോൾ ആണ് അവന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടിയത്… സാവിത്രിയമ്മ ആയിരിക്കും എന്ന് കരുതിയാണ് അഭി വേഗം എഴുന്നേറ്റ് തുറന്നത്. പക്ഷേ തുറന്നപ്പോൾ തന്നെ കാണുന്നത് ഇളിച്ചോണ്ട് നിൽക്കുന്ന വിച്ചുവിനെ ആണ്… അവന്റെ ആ ഇളി കണ്ടപ്പോൾ തന്നെ അഭിക്ക് ചിരിയാണ് വന്നത്…

നീ എന്താടാ ഇത്ര രാവിലെ തന്നെ. ഇന്നലെ ഇത്ര വൈകി ചെന്ന് കിടന്നിട്ട് നീ എന്തിനാടാ ഇത്ര രാവിലെ വന്നത്…

അയ്യടാ.. ഇന്ന് എന്റെ ഒരേഒരു ചങ്കിന്റെ കല്യാണം ആയിട്ട് ഞാൻ വീട്ടിൽ ഇരിക്കാൻ ആണോ.. നീ ചെല്ല്.. പോയി കുളിച്ചിട്ട് വായോ. ആ ക്യാമറക്കാർ ഇപ്പൊ വരും. അവര് വരുമ്പോഴേക്കും നിന്റെ ഒരുക്കം കഴിഞ്ഞാലേ ഫോട്ടോസ് ഒക്കെ ഉടുക്കാൻ സമയം കിട്ടുകയുള്ളു..

മ്മ്.. എന്നാൽ നീ ഇവിടെ ഇരിക്ക്.. ഞാൻ കുളിച്ചിട്ട് വരാം…അഭി ഡ്രെസ്സും എടുത്ത് പുറത്തേക്ക് പോയി…

…………………..

മുത്തേ ദേ ആ ബ്യൂട്ടീഷ്യൻ ഇപ്പൊ വരും അച്ഛന്റെ മോള് എഴുന്നേറ്റേ… പപ്പൻ കുറച്ച് നേരമായി പിയയെ എഴുന്നേൽപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് പപ്പൻ… ഉറക്കം കൊച്ചിന്റെ വീക്ക്നെസ്സ് ആയതുകൊണ്ട് തിരിഞ്ഞും മറഞ്ഞും കിടക്കുന്നു എന്നല്ലാതെ എഴുന്നേൽക്കാൻ ഉള്ള ഒരു ഉദ്ദേശവും മൂപ്പർക്ക് ഇല്ല…. ആ സമയത്ത് ആണ് ഡോറിൽ ആരോ മുട്ടിയത്.. പപ്പൻ ചെന്ന് വാതിൽ തുറന്നപ്പോൾ പാറു ആയിരുന്നു…

അവൾ എഴുന്നേറ്റില്ലേ ഏട്ടാ…

എവിടെ.. കുറച്ച് നേരം ആയി ഞാൻ എഴുന്നേൽപ്പിക്കാൻ നോക്കുന്നു. തിരിഞ്ഞും മറഞ്ഞും കിടക്കുന്നു എന്നല്ലാതെ എഴുന്നേൽക്കാൻ ഉള്ള യാതൊരു ലക്ഷണവും ആള് കാണിക്കുന്നില്ല…

ആ.. എന്റെ മോൾക്ക് നിങ്ങള് അച്ഛനും പപ്പയും വിളിക്കുമ്പോൾ താരാട്ട് പാട്ടുപോലെ തോന്നുന്നുണ്ടാവും.. ഏട്ടൻ പോയി കുളിക്കാൻ ഒക്കെ നോക്കിക്കോ.. ഇതിനെ ഞാഞാൻ വിളിച്ചോണ്ട്.. മൂപ്പർക്ക് ഞാനേ ചേരൂ..

ആ എന്നാൽ നിങ്ങള് അപ്പയും മോളും എന്താന്ന് വച്ചാൽ ആയിക്കോ.. ഞാൻ പോയി.. പപ്പൻ ബാത്‌റൂമിലേക്ക് പോയതും പാറു പോയി പിയയെ നാല് ഒച്ചയിട്ടതും പിയ വേഗം അവളുടെ റൂമിലെ ബാത്‌റൂമിൽ എത്തി. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റുള്ള പിയയുടെ ഓട്ടം കണ്ടതും പാറു ചിരിച്ചുപോയി…. പിയ കുളിച്ചിറങ്ങുമ്പോൾ അവിടെ ബ്യൂട്ടീഷ്യനും കാത്തുവും മിത്രയും ഉണ്ടായിരുന്നു. മേക്കപ്പ് എന്ന് കേട്ടാൽ ജീവനും കൊണ്ട് ഓടുന്ന പിയ മറ്റുള്ളവരുടെ സന്തോഷത്തിനായി തന്റെ ഇറിറ്റേഷൻ കടിച്ചുപിടിച്ച് അവർ പറയുന്നതിനൊക്കെ ഇരുന്നുകൊടുത്തു..

…………………

കാസവുമുണ്ടും ക്രീം കളർ സ്ലിം ഫിറ്റ്‌ കുർത്തയും ഇട്ട് മുടി മാൻബൺ ചെയ്ത് ചെറുതായി ഒരുങ്ങി ഇറങ്ങിയ അഭിയെ കണ്ടതും എല്ലാവരുടെയും വായ തുറന്നുപോയി അത്രേം ലുക്ക്‌ ആയിട്ടുണ്ടായിരുന്നു ആള്..

നന്ദിനി നഷ്ടബോധത്തോടെ അവനെ നോക്കിയപ്പോൾ ജിത്തു കുശുമ്പോടെ ആണ് നോക്കിയത്..ബാക്കി എല്ലാവർക്കും സന്തോഷം തന്നെ ആയിരുന്നു… ആദ്യം തന്നെ അച്ഛനെ അടക്കിയിടത്ത് ചെന്ന് പ്രാർത്ഥിച്ചിട്ടാണ് അഭി ബാക്കി ഉള്ളവരുടെ അനുഗ്രഹം വാങ്ങിയത്.. മാധച്ഛൻ അവനെ ചേർത്ത് പിടിച്ച് അവന്റെ കഴുത്തിലായി ഒരു മാല ഇട്ടുകൊടുത്തു.. അഭിക്ക് വേണ്ടാ എന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും അതയാളെ വിഷമിപ്പിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ഒന്നും മിണ്ടിയില്ല.. സാവിത്രിയമ്മ അവനെ പുണർന്ന് അവന്റെ നെറ്റിയിലായി ഒന്ന് ചുംബിച്ചു… വിച്ചു അവന് കൈചെയിൻ ആണ് കൊടുത്തത്.. ബാക്കി എല്ലാവരുടെ വകയും മോതിരങ്ങൾ ആയിരുന്നു. ഒരു സ്കൂട്ടി വാങ്ങാനായി ഇട്ടുകൂട്ടികൊണ്ട് വന്ന പൈസയും ട്യൂഷൻ ക്ലാസ്സിൽ നിന്ന് കുറച്ച് അഡ്വാൻസും വാങ്ങി ആമിയും കൊടുത്തു അവന് കുഞ്ഞൊരു മോതിരം…

എന്തിനാ മോളെ ഇതൊക്കെ… അഭി ആമിയോട് ചോദിച്ചു…

ഒന്നും പറയല്ലേ ഏട്ടാ.. എന്റെ സന്തോഷം ആണ്.. അവൾ അവനെ പുണർന്നുകൊണ്ട് പറഞ്ഞു. അത് കണ്ടപ്പോൾ നിധിയും ജിത്തുവും അസൂയയോടെ ചുണ്ടുകോട്ടി…

അഭിയും സാവിത്രിയമ്മയും ആമിയും വിച്ചുവിന്റെ കാറിൽ കയറി… ബാക്കി
എല്ലാവരും ബസിലും കാറിലും ഒക്കെ ആയി കയറിയതും അവരുടെ വണ്ടികൾ മണ്ഡപം ലക്ഷ്യമാക്കി പാഞ്ഞു..

…………….

മേക്കപ്പ് ഒക്കെ കഴിഞ്ഞ് രേവതി മകൾക്കായി എടുത്തുവച്ച ആഭരണങ്ങളും ബാക്കി കുറച്ച് പുതിയ ആഭരണങ്ങളും ഒക്കെ ആയി ഇട്ട് വന്നതും അവൾ സ്വർണത്തിൽ കുളിച്ചത് പോലെ ആയി..

ദേ അപ്പേ.. എനിക്ക് ആകെ ചൂടെടുക്കുന്നു ഇതൊക്കെ കൂടിയിട്ട്. ഇതൊക്കെ ഊരികളഞ്ഞു വല്ല ഒരു മാല ഇടും ഞാൻ കേട്ടോ.. പിയ കലിപ്പോടെ പറഞ്ഞു..

അപ്പേടെ പൊന്നുമോള് അല്ലേ ഇന്നൊരു ദിവസത്തേക്ക് മതി. നിന്റെ അച്ഛന്റേം പപ്പയുടെയും എന്റെ രേവുവിന്റേം ഒക്കെ ആഗ്രഹങ്ങൾ ആണ് നിന്നെ ഇങ്ങനെ കാണണം എന്നത്.. എന്റെ മോള് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്‌… പാറു ദയനീയമായി പറഞ്ഞു..

മ്മ്… ഇഷ്ടത്തോടെ അല്ലെങ്കിലും മറ്റുള്ളവരുടെ സന്തോഷം ആലോചിച്ചു അവൾ ഒന്ന് മൂളി..ഒരുങ്ങി ഇറങ്ങിയ പിയയെ കണ്ടതും പപ്പന്റെയും ഹരിയുടെയും കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു…

എന്റെ മുത്ത്‌ വലിയ പെണ്ണായല്ലോ..നിറഞ്ഞകണ്ണോടെ എന്നാൽ ചിരിയോടെ ഹരി പറഞ്ഞു..

പോ.. പപ്പേ.. എനിക്ക് ദേ ഇതൊക്കെ കൂടി ഇട്ടിട്ട് ചൂടെടുത്തിട്ട് വയ്യാ.. എന്തിനാ ഇത്രേം ആഭരണങ്ങൾ… ഹോ…

ഞങ്ങൾക്ക് നീ മാത്രമല്ലേ മുത്തേ ഇതൊക്കെ ഇട്ട് കാണാൻ ഉള്ളൂ.. അതല്ലേ.. ഇന്നൊരു ദിവസം അച്ഛന്റെ മോള് ക്ഷമിക്ക്. നിന്റെ അമ്മയും പപ്പയും അപ്പയും ഒക്കെ ആഗ്രഹത്തോടെ വാങ്ങിയതല്ലേ ഇതൊക്കെ….പപ്പൻ അവളുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു..

മ്മ്… അതുകൊണ്ട് മാത്രം ആണ് മിണ്ടാതെ നിൽക്കുന്നേ അല്ലെങ്കിൽ ഒക്കെ വലിച്ച് പറിച്ചു ഞാൻ കളഞ്ഞേനെ.. പിയ മുഖം വീർപ്പിച്ചു പറഞ്ഞു…

മതി.. മതി.. വേഗം ഇറങ്ങാൻ നോക്ക്..സമയം വൈകി.. പാറു പറഞ്ഞു. പിയ വേഗം എല്ലാവരുടെയും അനുഗ്രഹം വാങ്ങി. പപ്പനും ഹരിയും അവളെ ഒരുപോലെ ചേർത്തുപിടിച്ചു മുത്തി.. പുറത്തേക്ക് ഇറങ്ങി വണ്ടിയിൽ കയറാൻ പോയ പിയയെ നവി തടഞ്ഞു… പിയ എന്താ എന്ന രീതിയിൽ അവനെ നോക്കിയപ്പോൾ അവൻ ഒരു ഭാഗത്തേക്ക്‌ ചൂണ്ടിക്കാട്ടി.. അങ്ങോട്ട് നോക്കിയ പിയയുടെ കണ്ണുകൾ വിടർന്നു… ഒരു പുതിയ പിച്ച് ബ്ലാക്ക് കളർ ജീപ്പ് രങ്ലെർ റുബീകോൺ വണ്ടി.. നവി അവളുടെ നേരെ അതിന്റെ കീ നീട്ടികൊണ്ട് പറഞ്ഞു..
ഏട്ടന്റെ വക നിനക്കുള്ള സമ്മാനം…..

താങ്ക് യൂ.. നവിയേട്ടാ.. ഉമ്മാ… അവൾ അവനെ കെട്ടിപിടിച്ച് കവിളിൽ ഉമ്മാ വച്ചുകൊണ്ട് അവന്റെ കൈയിൽ നിന്നും കീ യും വാങ്ങി വണ്ടിയുടെ അടുത്തേക്ക് പോയി.. നവിയും അവളുടെ കൂടെ പോയി. ബാക്കി ഉള്ളവർ ഒരു ചിരിയോടെ ബാക്കി വണ്ടികളിൽ കയറി മണ്ഡപത്തിലേക്ക് പുറപ്പെട്ടു….

……………..

അഭി ഒക്കെ മണ്ഡപത്തിൽ എത്തി ഇറങ്ങുന്ന സമയത്ത് തന്നെ ആണ് പിയയും കൂട്ടരും അവിടെ എത്തുന്നത്. കല്യാണസാരി ഉടുത്ത് നിറയെ ആഭരണങ്ങൾ ഒക്കെ ഇട്ട് ആ ജീപ്പ് റൂബിക്കോണിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങിയ പിയയെ അഭിയും വിച്ചുവും ഒഴികെ ബാക്കി എല്ലാവരും കണ്ണുമിഴിച്ചു നോക്കി.. സ്വന്തമായി വണ്ടി ഓടിച്ചു വരുന്ന കല്യാണ പെണ്ണുങ്ങളെ മുൻപും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു വണ്ടി ഓടിച്ചു വരുന്ന പെണ്ണിനെ ആദ്യമായി കാണുകയായിരുന്നു എല്ലാവരും. അഭിക്ക് പക്ഷേ വല്യ അത്ഭുതം ഒന്നും ഉണ്ടായില്ല.. പിയയെ നന്നായി മനസിലാക്കിയതുകൊണ്ട് തന്നെ ഇതൊക്കെ വെറും ചീള് കാര്യങ്ങൾ ആണ്…

അയ്യേ ഇതെന്ത് വണ്ടിയാണ്.. ഒരു കാറ് പോലും അല്ലല്ലോ… നന്ദിനി ഇഷ്ടക്കേടോടെ പറഞ്ഞു…

എന്റെ പൊന്നു പെണ്ണേ. നിനക്ക് വണ്ടികളെ കുറിച്ച് വലിയ പിടി ഇല്ലെങ്കിൽ മിണ്ടാതെ നിൽക്ക്. 65 ലക്ഷത്തിലും മേലെ വില വരുന്ന വണ്ടി ആണ് നീ അയ്യേ എന്ന് പറഞ്ഞത്… രാജീവൻ പതുക്കെ അവളോട്‌ പറഞ്ഞു..

വണ്ടിയുടെ വിലകേട്ട നന്ദിനിയുടെ കണ്ണുകൾ മിഴിഞ്ഞു..65 ലക്ഷമോ….

അതിലിപ്പോ എന്താ ഇത്ര അതിശയിക്കാൻ ഉള്ളത്. അതൊക്കെ അവരെ സംബന്ധിച്ച് വലിയ സംഖ്യ ആണോ… രാജീവൻ പറഞ്ഞു…

പിയയെ കണ്ട നിധിയുടെ മുഖത്ത് അസൂയ നിറഞ്ഞിരുന്നു.. അത്ര അധികം ആഭണങ്ങൾ ആണ് അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.. അതും ഒക്കെ ഡയമണ്ടും റൂബിയും അങ്ങനെ പ്രഷ്യസ് സ്റ്റോൺസിന്റെ അഭരണങ്ങൾ…നിധി കുശുമ്പോടെ അവളെ അടിമുടി നോക്കി…

ആമി വേഗം പിയയുടെ അടുത്തേക്ക് ചെന്നു..
വല്യേട്ടത്തി.. നല്ല സുന്ദരി ആയിട്ടുണ്ട് കാണാൻ. നോക്ക് വല്യേട്ടന്റെ കണ്ണ് ഏട്ടത്തിയുടെ മേൽ തന്നെ ആണ്…

ആമി അത് പറഞ്ഞപ്പോൾ ആണ് അവിടെ നിൽക്കുന്ന അഭിയുടെ മേൽ അവളുടെ കണ്ണ് പതിഞ്ഞത്. അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. ചുണ്ടിൽ ചിരി വിരിഞ്ഞു. അവളെ നോക്കി നിന്നിരുന്ന അഭിയുടെ ചുണ്ടുകളും അവൾക്കായി പുഞ്ചിരി പൊഴിച്ചു.. പിയയുടെ വീട്ടുക്കാർ ആദ്യം ഉള്ളിലേക്ക് കയറി. പിന്നീട് നവി വന്ന് മാലയിട്ട് അഭിയെ മണ്ഡപത്തിലേക്ക് ക്ഷണിച്ചു.. അഭി മണ്ഡപത്തിൽ വന്നിരുന്ന് കുറച്ച് കഴിഞ്ഞതും താലം പിടിച്ച കുരുന്നുകളുടെ ഇടയിലൂടെ പിയയും മണ്ഡപത്തിലേക്ക് കയറി മണ്ഡപത്തെ വലം വച്ച് വന്നു. അതോടെ അഭിയും എഴുന്നേറ്റ് രണ്ടുപേരുംകൂടി സദസ്സിനെ തൊഴുതു..

വാദ്യമേളങ്ങളുടെയും മന്ത്രങ്ങളുടെയും സാന്നിധ്യത്തിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ മാധച്ഛൻ എടുത്തു കൊടുത്ത താലി അഭി പിയയുടെ കഴുത്തിലേക്ക് കെട്ടി. ആമിയും നിധിയും പിയയുടെ മുടി മാറ്റി കൊടുത്തു. പിയ കണ്ണടച്ച് തൊഴുതുകൊണ്ട് ആ താലി ഏറ്റുവാങ്ങി. നെറുകയിൽ ചാർത്തിയ സിന്ദൂരതരികൾ വീണ മൂക്കിൻ തുമ്പ് അഭി തന്നെ അവൾക്ക് തുടച്ച് കൊടുത്തു. കന്യാധാനത്തിന്റ സമയം ആയതും പപ്പൻ ഹരിയെയും വിളിച്ചു..

എടാ… ഞാൻ.. ഹരി ഒന്ന് ആശങ്കപ്പെട്ടു..

ഞാൻ അവളുടെ അച്ഛൻ ആണെങ്കിൽ നീ അവളുടെ പപ്പ ആണ്. നമ്മൾ രണ്ടാളും അവൾക്ക് ഒരുപോലെ ആണ്. നമ്മൾ രണ്ടാളും കൂടി അവളെ കൈപിടിച്ച് കൊടുക്കുന്നതാവും അവൾക്ക് ഏറ്റവും സന്തോഷം… പപ്പൻ അത് പറഞ്ഞതും ഹരിയും കൂടി തങ്ങളുടെ പോന്നോമനയെ അഭിക്ക് കൈപിടിച്ച് കൊടുത്തു. അഭി അവളുടെ കൈവിടാതെ കൂടെ ഉണ്ടാവും എന്നതുപോലെ അവളുടെ കൈയിൽ മുറുകെ പിടിച്ചു.. പിന്നീട് മൂന്നുതവണ മണ്ഡപം വലം വച്ച് അവർ യഥാസ്ഥാനങ്ങളിൽ ഇരുന്നു… പപ്പനും ഹരിയും പാറുവും നവിയും ഒക്കെ താലിയും സിന്ദൂരവുമായി തന്റെ പാതിയുടെ കൂടെ നിൽക്കുന്ന പിയയെ നിറഞ്ഞ കണ്ണോടെ എന്നാൽ മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ നോക്കി നിന്നു. എങ്കിലും ചെറിയ ഒരു നോവ് അവരുടെ എല്ലാം ഉള്ളിൽ ഉണ്ടായിരുന്നു. ഇന്നുമുതൽ അവൾ തങ്ങളുടെ കൂടെ ഉണ്ടാവില്ലല്ലോ എന്നൊരു നോവ്…

തുടരും….