രചന – കാർത്തിക ശ്രീ
നിഴലനക്കം തോന്നി തിരിഞ്ഞു നോക്കിയ വാമി കാണുന്നത് തന്നിലേക്ക് നടന്നടുക്കുന്ന അനു ചേച്ചിയെ ആണ്… കൂടെയുള്ളവനെ കണ്ട് ഒന്ന് ഞെട്ടി…
പിന്നെ അതൊരു പുഞ്ചിരിയിലേക്ക് മാറി…
“എന്താ വാമി… അറിയോ എന്നെ ??? ”
“അതെന്താ ദേവേട്ടാ അങ്ങനൊരു ചോദ്യം…ഏട്ടനെ ഞാൻ എങ്ങനെയാ മറക്കുക??? ”
“അപ്പോൾ പേര് ഓർമ്മയുണ്ട്… സന്തോഷം… എന്നിട്ടാണോ അനു വിളിക്കുമ്പോൾ ഒന്ന് ചോദിക്കാഞ്ഞത്???”
“ആരെക്കുറിച്ചും ചോദിക്കാനുള്ള അവസ്ഥ ആയിരുന്നില്ല എന്റെ… അച്ഛനും അമ്മയും മരിച്ചപ്പോൾ ഉണ്ടായ ഷോക്കിൽ നിന്ന് ഇതുവരെ എനിക്ക് പുറത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല… സോറി ഏട്ടാ..”
“വാമി… മോളെ നിന്നെ വേദനിപ്പിക്കാൻ ചോദിച്ചതല്ല… വിട്ടുകളഞ്ഞേക്ക്… ചോദ്യം പിൻവലിച്ചു… സുഖമല്ലേ നിനക്ക്… ”
“സുഖമാണ്.. ഏട്ടന്റെ വിശേഷം പറഞ്ഞോ.. കേൾക്കട്ടെ… അമലേട്ടൻ ഇപ്പോൾ എവിടെയാണ്???”
” അമൽ ഗൾഫിൽ ആണ്…എനിക്ക് ചെറിയ ജോലിയുണ്ട്.. നിന്റെ അത്ര വരില്ല.. വില്ലേജ് ഓഫീസർ ആണ്… കല്യണം കഴിഞ്ഞു.. ഒരു മോൻ ഉണ്ട്… നീ എപ്പോഴാ ജോയിൻ ചെയ്യുന്നേ?? ബാംഗ്ലൂർ ആണോ പോസ്റ്റിങ്ങ്???”
” മ്മ്മ്… ഞാൻ നോക്കിട്ട് വരാം എല്ലാരേയും കാണാൻ…അടുത്ത ആഴ്ച ജോയിൻ ചെയ്യും.. ബാംഗ്ലൂർ ആണ്.. ”
“എന്ന ഞാൻ പോയി കളക്ടറെ ഒന്ന് മുഖം കാണിക്കട്ടെ.. പിന്നെ കാണാം..”
വാമി ചിരിച്ചുകൊണ്ട് തലയനക്കി.. അനുവിനെ കൂട്ടി ദേവൻ അർജുൻ ഉള്ള റൂമിലേക്ക് പോയി…
🍁🍁🍁🍁🍁🍁🍁🍁🍁
വീഡിയോ കോൺഫറൻസ് കഴിഞ്ഞു ലാപ് അടച്ചു അർജുൻ ചെയറിലേക്ക് ചാഞ്ഞിരുന്നു…
“മോനെ കലക്ടറേ…”
“ഡാ കോപ്പേ എവിടെ ആയിരുന്നു ഇതുവരെ??? കാത്തു നിൽക്കുന്നതിനു പരിധിയില്ലേ??”
“എങ്ങനെ ഒന്നും പറയല്ലേ…ശാന്തനായ കളക്ടറുടെ ഇങ്ങനൊരു മുഖം ആരെങ്കിലും വീഡിയോ എടുത്ത് വൈറലാക്കണ്ട…”
“മതി നീ എന്നെ വാരിയത്.. എനിക്ക് ഇല്ലാത്ത എന്ത് തിരക്കാടാ നിനക്ക്..”
“ഞാൻ എത്തിയില്ലേ… നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ… വാമിയെ കണ്ടു കുറച്ചു സംസാരിച്ചു അതാ… പിന്നെ എന്തൊക്കെയുണ്ട് അജു…
എത്രയായി ഇങ്ങനൊന്നു കണ്ടിട്ട്…”
രണ്ടുപേരും കെട്ടിപ്പിച്ചു അവരുടെ സന്തോഷം പങ്കിട്ടു..
“ഡാ.. ഞാനും കൂടെ..”
“ഡി.. ജെറി കാണണ്ട… നിന്നെ ഡിവോഴ്സ് ചെയ്യും..”
“ദേവ് എന്റെ ഇച്ചായനെ പറയണ്ടാട്ടോ…”
” അല്ലെങ്കിലും അവനെ പറഞ്ഞാൽ പണ്ടേ അനുവിന് പിടിക്കില്ലല്ലോ അല്ലേ ദേവ്??? ”
എന്തായാലും അമലിനെയും ജെറിയേയും വീഡിയോ കോൾ ചെയ്യാം…
പിന്നീട് അവർ അവരുടെ ലോകത്തായിരുന്നു… അഞ്ചുപേർ മാത്രമുള്ള അവരുടെ കൊച്ചു ലോകത്തിൽ….
കുറച്ചു സമയത്തിന് ശേഷം
“ഇനി നിങ്ങൾ സംസാരിക്ക്.. എനിക്ക് കുറച്ചു പണിയുണ്ട്…” അർജുനെ നോക്കിയാണ് അനു പറഞ്ഞത്…
“ശരി ടീച്ചർ… ഒന്ന് പോയിതരുമോ???”
“ഡാ.. ദേവ് വേണ്ടാട്ടോ…”
🍁🍁🍁🍁🍁🍁
റൂമിൽ നിന്നും പുറത്തിറങ്ങിയ അനു നേരെ പോയത് ഓഡിറ്റോറിയത്തിലേക്കാണ്…
ഓഡിറ്റോറിയത്തിൽ ആകാശിന്റെ ചുമലിൽ ചാരി ഇരിക്കുകയാണ് അഖി…
” ഏട്ടാ… എന്റെ വാമി… അവൾക്ക് മാത്രം എന്താ ഇങ്ങനെ… ”
“എന്താടാ… എന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നേ.. ഈ അവസ്ഥയിൽ നല്ലതല്ലെന്ന് അറിയില്ലേ???”
“ഏട്ടനോട് ഞാൻ പറഞ്ഞിരുന്നില്ലേ വാമിയുടെ പ്രണയത്തെക്കുറിച്ച്…”
” മ്മ്.. പക്ഷേ ആരാണെന്നു നീ പറഞ്ഞില്ലല്ലോ.. പിന്നീട് പറയാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയില്ലേ?? ”
“പറയാൻ ഇപ്പോഴും അനുവാദമില്ല… എങ്കിലും പറയാം.. അത് അജുവേട്ടനാണ്…”
“അർജുൻ സാറോ???? ”
“മ്മ്മ്… അത് അവളുടെ മാത്രം പ്രണയമാണ്.. ഞങ്ങൾ അവളോട് വേണ്ടെന്നു പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല… അല്ലെങ്കിലും പ്രണയം അങ്ങനെ ആണല്ലോ…”
“അത് നിനക്കറിയില്ലേ അഖി… പ്രണയം അങ്ങനെ ആണ്….വാമിയുടെ പ്രണയം അവളുടെ സ്വകാര്യത ആണ്.. അവർ ഒന്നിക്കാൻ നമുക്ക് പ്രാർത്ഥിക്കാം..”
കുറച്ചു സമയത്തിന് ശേഷം അനു അവരുടെ അടുത്തേക്ക് വന്നു..
“അഖി… സുഖമല്ലേ നിനക്ക്…”
“അനുചേച്ചി… സുഖം .. ജെറി ചേട്ടൻ എന്തുപറയുന്നു..”
“സുഖമാടോ.. ആകാശിനെ കണ്ടു പരിചയമുണ്ട്.. തന്റെ ഭർത്താവാണെന്ന് അറിയില്ലായിരുന്നു… അല്ല റാമും വാമിയും എവിടെ??”
” അവർ കോളേജിൽ ഉണ്ടല്ലോ..നടന്നിട്ട് വരാം എന്ന് പറഞ്ഞു പോയതാ..”
“ശരി.. ഞാൻ ഇപ്പോൾ വരാം ”
🍁🍁🍁🍁🍁🍁🍁🍁🍁🍁
വരാന്തയിലൂടെ നടക്കുമ്പോൾ അനു കണ്ടു എങ്ങോട്ടോ നോട്ടമെറിഞ്ഞു എന്തോ ആലോചിക്കുന്ന വാമിയെ…
“വാമി.. നീ എന്താ ഒറ്റക്ക് നിൽക്കുന്നെ??”
“ഞാൻ വെറുതെ…എന്താ ചേച്ചി ഇങ്ങോട്ട് വന്നേ??? ”
” ഒന്ന് എന്റെ കൂടെ വരാമോ?? ചെറിയ ഒരു പണിയുണ്ട്.. ”
“അതിനെന്താ.. വരാം… റാം ഉണ്ടായിരുന്നു എന്റെ കൂടെ അവനോട് പറഞ്ഞിട്ട് വരാം..”
” അവനോട് ഞാൻ പറഞ്ഞോളാം… നീ കൂടെ വാ.. എനിക്ക് സ്റ്റാഫ് റൂമിൽ നിന്നും കുറച്ചു പേപ്പർ എടുക്കാനുണ്ട്… നീ ലൈബ്രറിയിലേക്ക് നടന്നോ….”
” ശരി ചേച്ചി… വേഗം വന്നേക്കണേ.. ”
ലൈബ്രറിയിലേക്ക് നടക്കുമ്പോൾ നിറഞ്ഞുവരുന്ന കണ്ണുകൾ അമർത്തിത്തുടച്ചു വാമി .. കണ്ണുകൾ ഇനി നിറയില്ലെന്നു സ്വയം തീരുമാനം എടുത്ത് ഒരു ദീർഘ നിശ്വാസത്തോടെ ലൈബ്രറിക്കുള്ളിലേക്ക് കയറി…
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങിയ
അനുവിനെ കാത്തു റാം നിൽക്കുന്നുണ്ടായിരുന്നു…
“റാം ഞാൻ നിന്നെ കാണാൻ ഇരിക്കുവായിരുന്നു.. വാമിയെ കുറച്ചു നേരത്തേക്ക് ഞാൻ കൂട്ടുവാണേ.. ചെറിയ പണിയുണ്ട്…”
” ഞാൻ അവളെ നോക്കുവാൻ പോകുവായിരുന്നു…അതിനുമുൻപേ ചേച്ചി….എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു..”
“എന്താ റാം.. ചോദിച്ചോളൂ..”
” നമുക്ക് ഒന്ന് നടക്കാം… ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.. ”
“എന്താടോ ഇത്ര മുഖവുര?? നീ ചോദിച്ചോ..”
“ചേച്ചി… അജുവേട്ടന് പ്രണയമുണ്ടോ???”
“ഇതിനായിരുന്നോ നീ ഇത്ര മുഖവര വെച്ചത്??? അജുന് പ്രണയമുണ്ട്… അവന്റെ ജീവൻ പോലും അവളിലാണ്… അവന്റെ മാത്രം വാവയിൽ… അടുത്തു തന്നെ അവൻ അവന്റെ പ്രണയത്തെ സ്വന്തമാക്കാൻ പോകുവാണ്…”
ഒരു ഞെട്ടലോട് കൂടിയാണ് റാം അത് കേട്ടത്…. ഒരിക്കൽ പോലും വാമിക്ക് അജുവേട്ടനെ കിട്ടില്ല എന്ന് റാമിന് ഉറപ്പായി… ഇതെങ്ങനെ എന്റെ വാമി സഹിക്കും ഈശ്വരാ???
“എന്താ റാം??? എന്തുപറ്റി???”
” ഒന്നും ഇല്ല ചേച്ചി… വെറുതെ ചോദിച്ചതാണ്…എന്ന ശരി..ഞാൻ അഖിയുടെ അടുത്തേക്ക് പോകട്ടെ.. ചേച്ചി തിരക്കല്ലേ.. ”
“ചെറിയ തിരക്കുണ്ട്.. ദേവ് വന്നിട്ടുണ്ട്.. അവനെ കൂട്ടിട്ട് ഞാൻ അങ്ങോട്ടേക്ക് വരാം ”
🍁🍁🍁🍁🍁🍁🍁🍁
കുറച്ചു സമയത്തിന് ശേഷം ലൈബ്രറിയിലേക്ക് ആരോ കയറി വാതിൽ അടക്കുന്ന ശബ്ദം കേട്ട് വാമി കൈയിലിരുന്ന പുസ്തകം റാക്കിൽ വെച്ചു…
“വാമിക…”
ഒരു നിമിഷം വാമി നിശ്ചലയായി.
“കണ്ണേട്ടൻ…”
പ്രാണനായവന്റെ സാമിപ്യവും ശബ്ദവും വാമിക്ക് സ്വന്തം ശ്വാസം പോലെ പരിചിതമാണ്…
“വാമിക… എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട്…”
” എന്താ അജുവേട്ട… നമ്മൾ നേരത്തെ സംസാരിച്ചതാണല്ലോ…” ശബ്ദത്തിലുള്ള ഇടർച്ച മറച്ചുകൊണ്ട് വാമി പറഞ്ഞു…..
മറുപടിയിൽ അർജുൻ ഒന്ന് ചിരിച്ചു…
“എല്ലാം സംസാരിച്ചില്ലല്ലോ…ഒരു മാസത്തിനുള്ളിൽ എന്റെ കല്യണം ഉണ്ടാകും..ആദ്യം ക്ഷണിക്കുന്നതും നിന്നെയാണ്.. ”
ഹൃദയത്തിൽ നിന്നും ചോര പൊടിയുന്നുണ്ട്…ഒന്ന് ആർത്തു കരയണം എന്നുണ്ട് വാമിക്ക്.. പക്ഷേ പാടില്ല… കണ്ണേട്ടൻ ഒന്നും അറിയരുത്.. നിറഞ്ഞു വന്ന കണ്ണുകൾ അർജുൻ കാണാതെ വാമി തുടച്ചു..
” നിനക്ക് ഞാൻ കല്യണം കഴിക്കാൻ പോകുന്ന പെണ്ണിനെക്കുറിച്ച് അറിയണ്ടേ???”
എന്തിനാ കൃഷ്ണ ഇങ്ങനൊരു പരീക്ഷണം… തന്റെ ജീവനായവനിൽ നിന്നും മറ്റൊരു പെണ്ണിനെക്കുറിച്ച് അറിയേണ്ട അവസ്ഥ എന്നെപ്പോലെ വേറൊരു പെണ്ണിനും ഉണ്ടാകരുതേ… വീണ്ടും വീണ്ടും വേദനിക്കാൻ മാത്രം ഞാൻ എന്തുതെറ്റാണു ചെയ്തത് കൃഷ്ണാ????
കണ്ണുനീരിനാൽ കാഴ്ച മറയുമ്പോഴും വാമി അർജുന്റെ വാക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങി..
🍁🍁🍁🍁🍁🍁🍁
കർഷകരായ അച്ഛനും അമ്മയ്ക്കും ഒറ്റ മോനായാണ് ഞാൻ ജനിച്ചത്.. കഷ്ടപ്പാടിൽ ജീവിക്കുമ്പോൾ അച്ഛനെയും അമ്മയേയും അധികം ബുദ്ധിമുട്ടിക്കാതെ എട്ടാം ക്ലാസ്സ് മുതൽ ഞാൻ ചെറിയ പണിക്ക് പോകാൻ തുടങ്ങി… പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്…പ്ലസ് വണ്ണിന് കൂടെ കിട്ടിയതാണ് ദേവനെ… ഡിഗ്രി ആദ്യ വർഷം കിട്ടിയ കൂട്ടാണ് ജെറിയും അമലും അനുവും.. കൂടപ്പിറപ്പുകൾ ഇല്ലാത്ത എനിക്ക് സൗഹൃദത്തിനപ്പുറമെല്ലാമായിരുന്നു അവർ…
എല്ലാരോടും ദേഷ്യപ്പെടുന്ന ഞാൻ അവർക്ക് മുന്നിൽ മാത്രമാണ് ദേഷ്യം മാറ്റി വെച്ചിട്ടുള്ളത്… പണിക്ക് പോകാൻ കഴിയാതെ പനിച്ചു കിടന്ന എന്റെ എക്സാം ഫീസ് പോലും ഞാൻ അറിയാതെ അവർ അടിച്ചിട്ടുണ്ട്..
എന്നെ അവർക്ക് അറിയുന്നത് പോലെ ആർക്കും അറിയില്ലായിരുന്നു… ജെറിയും അനുവും തമ്മിലുള്ള ഇഷ്ടം ആദ്യം അവരു പറഞ്ഞതും എന്നോടായിരുന്നു….
അങ്ങനെ കോളേജ് ലൈഫ് ആസ്വദിക്കുന്ന സമയത്താണ് അവളെ ഞാൻ ആദ്യമായി കാണുന്നത്… എന്റെ പെണ്ണിനെ..പിന്നീട് പലപ്പോഴും
അവളെ കാണുമ്പോൾ എനിക്കുണ്ടാകുന്ന മാറ്റങ്ങൾക്ക് “പ്രണയം” എന്ന് പേരിട്ടു വിളിച്ചത് എന്റെ കൂട്ടുകാരായിരുന്നു…
അർജുനെ കേൾക്കുന്ന വാമിയുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുമ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യം കണ്ണേട്ടന്റെ പെണ്ണ് ആരാണെന്നായിരുന്നു..
ഇതേ സമയം ഓഡിറ്റോറിയത്തിൽ അനുവും ദേവും അജുവിന്റെ പ്രണയത്തെക്കുറിച്ച് മൂന്നുപേരോടും പറയുകയായിരുന്നു….
🍁🍁🍁🍁🍁🍁🍁
കാത്തിരിക്കാം…

by