രചന – ജിഫ്ന നിസാർ
“എന്റെ മാഷേ, നിങ്ങളോടുള്ള ബഹുമാനം കൊണ്ട് പറയുവാ.. ഈ ലോകത്ത് കുറ്റം ചെയ്ത ആരും അത് സമ്മതിച്ചു തരാറില്ല. അത് കൊണ്ട് മാഷ് വന്ന വഴി തന്നെ തിരിച്ചു വിട്ടോ. ഇത് കേസ് വേറെയാണ് ”
സെബാൻ മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് കൈമൾ മാഷിനെ നോക്കി.
മാഷൊന്ന് ചിരിച്ചു.
“നീ വല്ല്യ പോലീസുകാരനൊക്കെത്തന്നെയായിരിക്കും സെബാനെ. പക്ഷേ നീ നേരത്തെ പറഞ്ഞ കാര്യം എനിക്കങ്ങോട്ട് അംഗീകരിച്ച് തരാനാവില്ല ”
മാഷ് സെബാനെ സൂക്ഷിച്ചു നോക്കി.
അയാളുടെ മുഖത്ത് അനിഷ്ടം പ്രകടമായി തന്നെ കാണുന്നുണ്ട്.
പക്ഷേ വിദ്യ പഠിപ്പിച്ചു തന്ന അധ്യാപകനാണ് മുന്നിൽ.
അത്രത്തോളം ബഹുമാനിക്കുന്ന വക്തി.
മുഖം കറുപ്പിച്ചു പോലും മാഷൊട് ഒന്നും പറയാനാവില്ല സെബാന്.
അതിന്റെയൊരു അസഹിഷ്ണുത അയാൾക്കുണ്ട്.
“അറിഞ്ഞോ അറിയാതെയോ ഒരു കുറ്റം ചെയ്തു പോയാൽ .. അത് തെറ്റാണെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കിൽ അത് മറച്ചു വെക്കാൻ നിൽക്കാതെ ഏറ്റു പറയുന്ന മനുഷ്യര് കൂടി ഈ ലോകത്തുണ്ട് സെബാനെ. നീ അറിയാഞ്ഞിട്ടാ ”
മാഷ് പറഞ്ഞത് കേട്ടിട്ട് സെബാൻ ഒരു പുച്ഛത്തോടെ അയാളെ നോക്കി.
“മാഷിനി എന്തൊക്കെ പറഞ്ഞാലും ഹോസ്പിറ്റലിൽ കിടക്കുന്ന ആ പെൺകുട്ടി കണ്ണ് തുറന്നു സത്യം പറയുന്നത് വരെയും കിരൺ വർമ്മയാണ് ഞങ്ങൾക്ക് മുന്നിലെ പ്രതി ”
അയാൾ അറുത്തു മുറിച്ചു പറഞ്ഞു.
“അവനത് ചെയ്തിട്ടില്ലന്ന് തെളിഞ്ഞാൽ.. നിങ്ങളീ ചെയ്യുന്ന പ്രഹസനം വെറുതെയാവില്ലേ? അവനുണ്ടായ മാനനഷ്ടത്തിന് നിങ്ങൾ സമാധാനം പറയുമോ? ഇപ്പൊ അകത്തു കിടന്നു ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നവന്റെ മാനസികവസ്ഥ.. അതിനെ കുറിച്ച് നിങ്ങൾ മനഃപൂർവം മറന്ന് കളയുകയല്ലേ? അത് അനീതിയല്ലേ? അനീതിക്കെതിരെ ശബ്ദമുയർത്താനല്ലേ സെബാനെ നിനക്കൊക്കെ ഈ പോലീസ് യൂണിഫോം?”
കൈമൾ മാഷ് അയാളെ പുച്ഛത്തോടെ നോക്കി.
ഹോസ്പിറ്റലിൽ നിന്നും കണ്ണനെ കൂട്ടി കൊണ്ട് വന്നതിന് പിറകെ ഹരി കൈമൾ മാഷിനെ വിളിച്ചിട്ട് എല്ലാം അറിയിച്ചിരുന്നു.
അയാൾ നല്ലൊരു വക്കീലിനെയും കൊണ്ട് സ്റ്റേഷനിൽ എത്തി.
കണ്ണനെ കാണാൻ പോലും സെബാൻ സമ്മതിച്ചു കൊടുത്തിട്ടില്ല.
ജാമ്യം കിട്ടില്ലെന്ന് ഉറപ്പായിരുന്നു മാഷിന്.
അത്രത്തോളം പിടി മുറുക്കിയാണ് സെബാൻ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
പഠിപ്പിച്ച അധ്യാപകൻ എന്നോരൊറ്റ കാരണം കൊണ്ട് അയാൾ ഇത്തിരി മാന്യത കാണിച്ചു.
” വെറുതെ സംസാരിച്ച് നമ്മൾ തമ്മിലൊരു മുഷിപ്പ് തോന്നേണ്ട മാഷേ. പറഞ്ഞല്ലോ ഞാൻ.. എനിക്കിതിൽ ഒന്നും ചെയ്യാനാവില്ല. മുകളിൽ നിന്നും നല്ല പ്രഷറുണ്ട് കിരൺ വർമ്മയ്ക്ക് വേണ്ടി. പക്ഷേ സത്യസന്ധമായി തന്നെ ഞാൻ ഈ കേസ് അന്വേഷണം നടത്തും. ഇനി കിരൺ വർമ്മയല്ല പ്രതി എങ്കിൽ അത് ചെയ്തവർക്കുള്ള ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്യും. മാഷ് ധൈര്യമായിട്ട് പോയിക്കോ ”
സെബാൻ പറഞ്ഞത് കേട്ട് മാഷ് ഒന്ന് ചിരിച്ചു.
“ചുരുക്കത്തിൽ നിങ്ങൾ പ്രതിയെ പിടിക്കും വരെയും ആ ചെക്കൻ ഒരു ഡമ്മിയാവണമെന്ന്. അതിനിടയിൽ അവനും അവന്റെ ഭാവിയും.. ഫീലിംഗ്സുമെല്ലാം വെറും വട്ട പൂജ്യം. കൊള്ളാം.. നല്ല അന്തസ്സുള്ള നിയമം ”
മാഷ് പുച്ഛത്തോടെ പറഞ്ഞു.
“ഞാനുണ്ടാക്കിയതല്ല മാഷേ, ഈ നിയമം ”
സെബാനും വിട്ട് കൊടുക്കാതെ പറഞ്ഞു.
“ആരുണ്ടാക്കിയതാണേലും.. പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ”
അതും പറഞ്ഞു കൊണ്ട് മാഷ് എഴുന്നേറ്റു.
“സത്യം മൂടി വെക്കാനൊന്നും പറ്റില്ല സെബാനെ. അത് മറ നീക്കി പുറത്ത് വരും സെബാനെ ”
തിരിഞ്ഞു നടക്കും മുൻപ് മാഷ് പറഞ്ഞു.
“വരും മാഷേ.. ഇല്ലെങ്കിൽ അത് പുറത്തേക്ക് വലിച്ചു കൊണ്ടു വരാനാണ് ഞങ്ങളെ പോലുള്ളവർ ”
പിന്നിൽ നിന്നും സെബാൻ വിളിച്ചു പറഞ്ഞത് കേട്ടിട്ടും മാഷ് തിരിഞ്ഞു നോക്കിയില്ല.
ഇവിടെ നിന്നത് കൊണ്ടിനി പ്രതേകിച് ഒന്നും ചെയ്യാനില്ലെന്ന് അയാൾക്ക് മനസ്സിലായി.
ഹരിയുടെ നമ്പറിൽ വിളിച്ചു കൊണ്ട് അയാൾ സ്കൂട്ടറിന് നേരെ നടന്നു.
❣️❣️❣️❣️❣️
“ഇനിയെന്ത് ചെയ്യും ഹരി?”
ആദി വേവലാതിയോടെ ഹരിയെ നോക്കി.
“എനിക്കറിയില്ല ആദി ”
ഹരിയും തളർച്ചയോടെ കൈകൾ കൊണ്ട് തല താങ്ങി ആ കസേരയിൽ തന്നെ തളർന്നിരുന്നു.
ICU വിന് മുന്നിൽ തന്നെയാണിപ്പോഴും. സിദ്ധു കൂടി വന്നു ചേർന്നിട്ടുണ്ട്.
യാതൊരു കാരണവശാലും അവിടുന്ന് മാറരുതെന്നും, അകത്തെക്ക് പരിചിതമല്ലാത്ത ആരെയും കടത്തി വിടരുതെന്നും കണ്ണൻ പ്രതേകിച്ചു ഓർമ്മിപ്പിച്ചതാണ്.
കാർത്തിക്കും ജിതിനും രവിയും കൂടി ഹോസ്പിറ്റലിൽ വന്നിരുന്നു.
വിവരങ്ങൾ അറിയാനാണെന്നാണ് പറഞ്ഞത്.
ആദിയെല്ലാം വിവരിച്ചു കൊടുത്തിട്ടും അത് പോരാതെ ഡോക്ടറെ കൂടി കാണാൻ പോയവർക്കൊപ്പം ഹരി ആദിയെ കൂടി തള്ളി വിട്ടു.
രവി വന്നത് പോലെ തിരിച്ചു പോയെങ്കിലും കാർത്തിക്കും ജിതിനും അവിടെ നിന്ന് കൊള്ളാം.. നിങ്ങളിനി വേണമെങ്കിൽ പോയിക്കോ എന്ന് പറഞ്ഞു കൊണ്ട് ഹരിയുടെ അടുത്തേക്ക് വന്നു.
“ഓടി പിടഞ്ഞു പോകുന്നില്ല. ഏതായാലും കൊണ്ട് വന്നത് ഞങ്ങളല്ലേ? റിമി മരിയ കണ്ണ് തുറക്കട്ടെ. എന്നിട്ടേയിനി പോകുന്നുള്ളു ”
ഹരിയുടെ വാക്കുകളിലെ കടുപ്പം കണ്ടിട്ടാവും പിന്നെ ഒന്നും പറയാതെ
കുറച്ചു മാറിയുള്ള കസേരയിൽ രണ്ടും പോയിരുന്നു.
മുഖം ഒരു കൊട്ട പോലെ വീർപ്പിച്ചു കൊണ്ട് ഇടക്കിടെ ഹരിയെ നോക്കുന്നുണ്ട്.
പക്ഷേ അവനെ അതൊന്നും ഏൽക്കുന്നില്ല.
കണ്ണന്റെ കാര്യത്തിൽ ഇനിയെന്ത് ചെയ്യണമെന്ന് അവനൊരു രൂപവുമില്ല.
ശ്രീ നിലയത്തിലെ ഒട്ടുമിക്ക പേരും അവനെതിരെ മൊഴി കൊടുത്തുവെന്നാണ് അറിയാൻ കഴിഞ്ഞത്.
അങ്ങനൊരു ഇമോഷന്റെ പുറത്ത് അവൻ പറഞ്ഞു പോയ വാക്കുകളുടെ ചക്രവ്യൂഹത്തിൽ നിന്നും ഇനിയെങ്ങനെ അവനെ രക്ഷപെടുത്തിയെടുക്കുമെന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും അവനൊരു ഐഡിയ കിട്ടുന്നില്ല.
എല്ലാത്തിനും ഒരു വ്യക്തത കിട്ടണമെങ്കിൽ, റിമി കണ്ണ് തുറന്നെ മതിയാവൂ.
അതിനെടുക്കുന്ന സമയം വൈകുന്തോറും കണ്ണന്റെ കാര്യം കൂടുതൽ പ്രതിസന്ധിയിലാകും എന്നതുറപ്പാണ്.
ഹരി അസ്വസ്തയോടെ കണ്ണടച്ചു കൊണ്ട് നെറ്റിയിൽ തടവി.
രണ്ടാം പ്രാവശ്യം സീത വിളിച്ചതും കട്ട് ചെയ്തു.
കണ്ണനെ കൊണ്ട് പോയതോടെ നിലവിട്ട് കരഞ്ഞു തൂങ്ങിയ അവളെ അർജുനെ വിളിച്ചു വരുത്തി അവനൊപ്പം വിടുകയാണ് ചെയ്തത്.
കരഞ്ഞു വിളിക്കുന്നവളോട് പറയാൻ വ്യക്തമായൊരു ഉത്തരമില്ലെന്നത് തന്നെയായിരുന്നു കാരണം.
ധൃതിയിൽ ആരോ ഓടി പിടഞ്ഞു വരുന്നത് കണ്ടിട്ടാണ് ഹരി സംശയത്തോടെ എഴുന്നേറ്റത്.
പ്രൌഡമാണെങ്കിലും അയാളുടെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നതത്രയും അസഹനീയമായ വേദനയാണെന്നത് ഹരി തിരിച്ചറിഞ്ഞു.
‘എന്റെ… എന്റെ മോള് ”
കിതപ്പോടെ ജോൺ വന്നു നിന്നത് ഹരിക്ക് മുന്നിലാണ്.
അയാളിലെ അച്ഛന് നേരെ ഹരി അലിവോടെ നോക്കി.
വിറക്കുന്ന അവന്റെ വിരൽ ICU വിന് നേരെ നീണ്ടു.
ഇനി ഉണ്ടാവുന്ന ചോദ്യങ്ങളെ എങ്ങനെ നേരിടും എന്നോർത്ത് കൊണ്ട് ഹരി പതറി പോയി.
ചുളിഞ്ഞ ആ മുഖത്തും കണ്ണിലും അനേകം സംശയങ്ങൾ വിരിയുന്നത് ഹരി ആകുലതയോടെ നോക്കി.
“ചെറിയൊരു.. ചെറിയൊരു ആക്സിഡന്റ് എന്ന് പറഞ്ഞിട്ട്..?”
ജോൺ ഹരിക്ക് നേരെ തുറിച്ചു നോക്കി..
ചെറുതെന്ന് പറഞ്ഞിട്ടിത്ര പിടഞ്ഞുവെങ്കിൽ ആ മോൾക്ക് സംഭവിച്ചതും.. ഇപ്പോഴുള്ള അവളുടെ അവസ്ഥയും ആ അച്ഛനെ എത്രത്തോളം തകർത്ത് കളയുമെന്ന് വെറുതെ ഓർത്തു നോക്കിയപ്പോൾ പോലും ഹരിക്ക് ശ്വാസം മുട്ടി.
ആദിയുടെയും സിദ്ധുവിന്റെയും അവസ്ഥ അത് തന്നെയായിരുന്നു.
സംശയത്തോടെ കാർത്തിക്ക് കുറച്ചു നേരം നോക്കി നിന്നതിനു ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ.. ജോണിന്റെ അടുത്തേക്ക് ചെന്നു.
“റിമിയുടെ ഡാഡിയാണോ?”
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
ജോൺ അതേയെന്ന് തലയാട്ടി കാണിച്ചു.
“അങ്കിൾ വാ.”
ഹരിയെ നോക്കി ഒരു ഗൂഡമായ ചിരിയോടെ കാർത്തിക്ക് ജോണിന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് നടന്നു പോയി.
ഹരി ആദിയെയും സിദ്ധുവിനെയും നോക്കി.
കാര്യങ്ങൾ വിചാരിച്ചതിനേക്കാളും കൈ വിട്ട് പോകുകയാണെന്ന് തോന്നിയവർക്ക്.
കാർത്തിക്ക് ജോണിനോട് കാര്യമായി എന്തോ പറയുന്നുണ്ട്.
ഹരി അങ്ങേയറ്റം ടെൻഷനോടെ അത് നോക്കി നിന്നു.
ഏതു നിമിഷവും പൊട്ടി തെറിക്കാൻ പാകത്തിനുള്ളൊരു അഗ്നിപർവതമാണ് ജോണെന്ന് ഹരിക്ക് തോന്നി.
കാർത്തിക്ക് പറയുന്നതിനിടക്ക് തന്നെ അയാൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് ഹരി ശ്രദ്ധിച്ചു.
ഒടുവിൽ തളർച്ചയോടെ ജോൺ ചുവരിലേക്ക് ചായുന്നതും.. കാർത്തിക്ക് കൗശലത്തോടെ അയാളെ ചേർത്ത് പിടിക്കുന്നതും ഹൃദയമിടിപ്പോടെ ഹരി നോക്കിയിരുന്നു.
❣️❣️❣️
അകവും പുറവും ഒരു പോലെ വെന്തു നീറി കൊണ്ട് കണ്ണനാ വെറും നിലത്ത് തളർന്നിരുന്നു.
പ്രതീക്ഷികളെല്ലാം അസ്തമിച്ചു പോകുകയാണോ?
പുറം ലോകമിനി കാണാൻ കൂടി കഴിയാത്ത വിധം താനിവിടെ ലോക്കായി പോവുകയാണോ?
ബന്ധങ്ങളെന്ന് പറയുന്നവർക്ക് ശിക്ഷിക്കാനാണ് കൂടുതൽ ആവേശം.
ഇതിനോടകം തന്നെ അതിനായി അവരെ കൊണ്ട് ചെയ്യുവുന്നതൊക്കെയും അവർ ചെയ്തിട്ടുണ്ടാവുമെന്നുറപ്പുണ്ട്.
ഹോസ്പിറ്റലിൽ നിന്നും പിടിച്ചിറക്കി കൊണ്ട് പോരുമ്പോൾ അവക്ഞ്ഞയോടെയുള്ള ഓരോ നോട്ടത്തിലും ചൂളി ചുരുങ്ങി പോയിരുന്നു.
മനുഷ്യരങ്ങനെയാണ്..
അവര്ക്കിഷ്ടമുള്ളവർ പറയുന്ന ഏതൊരു കല്ല് വെച്ച നുണയെയും നിറഞ്ഞ മനസ്സോടെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ.. അവര്ക്കിഷ്ടപെടാത്തവരും… വെറുക്കപെട്ടവരും… അവർ പറയുന്നതിനി എത്ര വലിയ സത്യങ്ങളാണെങ്കിൽ പോലും അതിന് നേരെ മുഖം തിരിക്കും.
തെറ്റ് ചെയ്തിട്ടില്ലന്ന് ഉറപ്പുണ്ടങ്കിലും ആരും തളർന്നു പോകുന്ന സിറ്റുവേഷൻ.
തനിക്ക് മേൽ ആരോപിക്കപെട്ട ഈ നുണ… കേട്ട് രസിക്കാനുള്ള നല്ലൊരു കഥയാവും.
മറ്റൊരാൾ സത്യം പുറത്ത് കൊണ്ട് വരും വരെയും കേൾവിക്കാർക്ക് ഇമ്പം പകരാൻ അതങ്ങനെ വർണ്ണകുപ്പായമിട്ട് വിലസി നടക്കുകയും ചെയ്യും.
തനിക്കൊപ്പം തളർന്നു തൂങ്ങി വിറച്ചു നിൽക്കുന്ന സീതയെ ഓർമ വന്നു അവനപ്പോൾ.
ഹൃദയത്തിലേറ്റ മുറിവിൽ നിന്നും രക്തം കിനിഞ്ഞു.
അസഹനീയമായ വേദന കൊണ്ട് കണ്ണൻ പിടഞ്ഞു.
പാവം.. ഇതിനേക്കാളാഴത്തിൽ വേദന കൊണ്ടവൾ പിടയുന്നുണ്ടാവും.
അറിയാതെ തന്നെ കണ്ണന്റെ മിഴികൾ നിറഞ്ഞു.
അവളെയൊന്ന് കാണാൻ അവനുള്ളം തുടിച്ചു.
ചേർത്ത് പിടിക്കുമ്പോൾ ഒരു കുഞ്ഞിനെ പോലെ അവളുടെ നെഞ്ചിലെ ചൂടിലേക്ക് ഒതുങ്ങി ചേരാൻ കൊതിക്കുന്നൊരു കുട്ടിയുടെ മനസ്സായിരുന്നു അവനപ്പോൾ…
തുടരും..

by