രചന – അഞ്ജു തങ്കച്ചൻ
നിങ്ങൾ ഒരു മനുഷ്യനാണോ, ഒരു കൊച്ച് പെൺകുട്ടിയോട് ഇങ്ങനാണോ സംസാരിക്കുന്നത്?ശരണ്യ ദേഷ്യത്തോടെ ചോദിച്ചു.
എന്താ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല.വിശ്വനാഥൻ പറഞ്ഞു
നിങ്ങൾ അമ്മുവിനോട് എത്ര മോശമായിട്ടാണ് സംസാരിച്ചത്, ഒരു ചെറിയ പെൺകുട്ടിയോട് അൽപ്പം കൂടി ക്ഷമയോടെ സംസാരിക്കാമായിരുന്നു.
ആ കുട്ടിയോട് ആദ്യമൊക്കെ അങ്ങനെ തന്നെയാണ് സംസാരിച്ചത്,പക്ഷെ ഒരു കുട്ടിയുടെ സംസാരമല്ല അതിന്..
അല്ലെന്ന് ആര് പറഞ്ഞു. നിങ്ങൾ എന്താ കരുതിയത് അവൾക്ക് നിങ്ങളോട് പ്രേമമാണെന്നോ, ഒരിക്കലുമല്ല ആ കുട്ടിയുടെ മനസ്സ് എനിക്കറിയാം.
സ്നേഹത്തിന്റെ ഒരു കണിക എവിടെ കണ്ടാലും അവൾ മോഹിച്ചു പോകും അവൾ തിരഞ്ഞത് ഒരച്ഛന്റെ സ്നേഹം മാത്രമാണ്.
അച്ഛനും അമ്മയും കൂടെ ഉണ്ടായിട്ടും അവർ വേണ്ടത്ര പരിഗണന ആ കുഞ്ഞിന് കൊടുത്തിട്ടില്ല.അതുകൊണ്ട് അവൾ ചിലപ്പോൾ നിങ്ങളെ സ്നേഹിച്ചിരിക്കാം.
അതവൾ വന്ന് പറഞ്ഞപ്പോൾ നിങ്ങൾക്കവൾ മോശക്കാരി ആയി.
പക്ഷെ എന്റെ കുഞ്ഞിനെ അങ്ങനെ മോശമായി നിങ്ങൾ കാണരുത്, എനിക്കത് ഇഷ്ട്ടമല്ല.
നിങ്ങളുടെ മകൾ അല്ലാലോ അമ്മു…. അയാൾ സംശയത്തോടെ ചോദിച്ചു.
അല്ല എനിക്ക് പിറന്നില്ലെങ്കിലും അവൾ എന്റേതാണ് അവൾക്ക് നൊന്താൽ എനിക്കത് സഹിക്കില്ല.
ഞാൻ ആ കുട്ടിയോട് ദേഷ്യപ്പെട്ടു എന്നുള്ളത് ശരിയാണ്. എന്റെ മൈൻഡ് ആകെ ഡിസ്റ്റർബ് ആയി ഇരിക്കുകയായിരുന്നു.
അപ്പോഴാണ് ആ കുട്ടി വന്ന് ഓരോന്ന് പറഞ്ഞത്, മനുഷ്യനല്ലേ സ്വയമറിയാതെ ദേഷ്യപ്പെട്ടു പോയി.
ഞാനും പിന്നീട് ആലോചിച്ചു. എനിക്ക് ഇത്രേം പ്രായവും പക്വതയും ഉള്ളതല്ലേ എന്നിട്ടും ആ കുട്ടിയോട് ദേഷ്യപ്പെട്ടത് ശരിയായില്ല എന്ന്.
എനിക്ക് പിറന്നില്ലെങ്കിലും അവൾ എന്നെ അമ്മയെപോലെയാണ് കാണുന്നത്, ഞാൻ അവളെ മോളേ പോലെയും
ഇന്നലെ എന്നോട് സംസാരിച്ചപ്പോൾ, അവൾ ആകെ തകർന്നു പോയിരുന്നു.
നിങ്ങൾ കരുതും പോലെ അവൾ ഒരു മോശം കുട്ടിയല്ല. ഒരു പഞ്ചപാവമാണ്.
ചെറിയ മനസാണ് തകർന്ന് പോയാൽ കൂട്ടിചേർക്കാൻ പ്രയാസമാണ്.
പ്രത്യേകിച്ചും ഇത്രനാൾ ഒറ്റപ്പെട്ടു പോയ ഒരു പെൺകുഞ്ഞിന്.
ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ, ഞാനാ മോളോട് സംസാരിക്കാം.
വേണ്ടാ.. അവളെ നിങ്ങൾ മോശമായി കാണരുത് അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.
ശരി…
അവൾ തിരിഞ്ഞ് നടന്നതും പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറുമ്പോലെ തോന്നി, അവൾ ബാലൻസ് തെറ്റി നിലത്തേക്ക് കുഴഞ്ഞു വീണതും, അയാൾ ഞെട്ടിപ്പോയി..
അയ്യോ….. എന്താ പറ്റിയത്?
അയാൾ അവളെ കുലുക്കി വിളിച്ചു.
പെട്ടന്നവൾ കണ്ണ് തുറന്നു, ചാടി എഴുന്നേൽക്കാൻ നോക്കിയിട്ടും അതിന് കഴിയാതെ കുഴഞ്ഞുപോയ അവളെ അയാൾ ചേർത്തു പിടിച്ചു.
വഴിയിലൂടെ നടന്നു വരുകയായിരുന്ന ഒന്ന് രണ്ട് സ്ത്രീകൾ ഓടി അരികിലെത്തി.
എന്താ പറ്റിയത്?
എന്താന്ന് അറിഞ്ഞൂടാ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് കുഴഞ്ഞു വീണു.
നിങ്ങൾ ഇവരെ ഒന്ന് പിടിച്ചേ… ഞാൻ പോയി വണ്ടി വിളിച്ചോണ്ട് വരാം ഹോസ്പിറ്റലിൽ കൊണ്ടുപോകാം, അയാൾ പറഞ്ഞു.
വേണ്ടാ… കുഴപ്പമൊന്നും ഇല്ല.. അവൾ തളർച്ചയോടെ പറഞ്ഞു.
അത് പറഞ്ഞാൽ പറ്റില്ല നമുക്ക് ഒന്ന് പോയേച്ചും വരാം.
വേണ്ടാ…
ടൗണിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ ഹിമ പെട്ടന്ന് അവർക്കരികിലേക്ക് ചെന്നു
എന്താ… എന്താ… പറ്റിയത്.?.
അവൾ ശരണ്യയെ ചേർത്തു പിടിച്ചു.
ഒന്നൂല്ല…. എന്നെ കടയിൽ ഒന്ന് കൊണ്ടിരുത്തിയാൽ മതി.
അതൊന്നും പറഞ്ഞാൽ പറ്റില്ല…
നമുക്ക് ആശുപത്രിയിൽ പോകാം.
വേണ്ടന്നെ എനിക്കിത്തിരി വെള്ളം തന്നാൽ മതി.ദാ.. എന്റെ ബാഗിൽ ഉണ്ട് അതിങ്ങ് എടുത്തു തന്നാൽ മതി.
ശരണ്യ വെള്ളമെടുത്തവൾക്ക് കൊടുത്തു.
വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ
അവൾക്ക് അൽപ്പം ആശ്വാസം തോന്നി.
എനിക്ക് കുഴപ്പം ഒന്നുമില്ല, ഈ വെയിൽ കൊണ്ടിട്ടാകും. നിങ്ങൾ പൊയ്ക്കോ..
അവൾ ചേച്ചിമാരോടായി പറഞ്ഞു.
വിശ്വനാഥനും പിന്തിരിഞ്ഞു നടന്നു തുടങ്ങി..
ഭക്ഷണം ഒന്നും കഴിച്ചില്ല അല്ലേ ഹിമ ശരണ്യയോട് ദേഷ്യപ്പെടുന്നത് അയാൾ കേട്ടു..
ആരും ഇല്ലാത്ത ഞാൻ ഇനി ജീവിച്ചാൽ എന്ത് മരിച്ചാൽ എന്ത്?
ഇങ്ങനൊക്കെ ചിന്തിച്ചാൽ എങ്ങനെയാ ശരിയാകുന്നത്.
നിനക്കറിയല്ല ഹിമേ, വീട്ടിൽ ആരുമില്ലാത്ത അവസ്ഥ,ഒന്ന് വഴക്കിടാൻ എങ്കിലും ആരെങ്കിലും ഉണ്ടെങ്കിൽ എന്നാ ഞാനിപ്പോൾ കൊതിക്കുന്നത്.
കാത്തിരിക്കാൻ ആരുമില്ലാത്ത, ഭക്ഷണം കഴിച്ചോ എന്ന് പോലും ആരും ചോദിക്കാൻ ഇല്ലാത്ത അവസ്ഥ…
എനിക്ക് മനസിലാകും ആ വേദന.
ഹിമ അവളെ ചേർത്തു പിടിച്ച് തയ്യൽ കടയിലേക്ക് ചെന്നു.
വിശപ്പൊക്കെ കെട്ട്പോയിട്ട് ദിവസങ്ങൾ ആയി.. ചിലപ്പോൾ ജീവൻ നിലനിർത്താൻ മാത്രം എന്തെങ്കിലും കഴിക്കും.അതും ഹിമ വീട്ടിൽ വരുമ്പോൾ വഴക്ക് പറയുന്നത് കൊണ്ടുമാത്രം.
പ്രേത്യേകിച്ചു എന്തെങ്കിലും ഉണ്ടാക്കാനോ കഴിക്കാനോ ഒന്നും തോന്നാറില്ല.
ഇന്നലെയും, മിനിഞ്ഞാന്നും ഹിമയും അങ്ങോട്ട് ചെന്നില്ലായിരുന്നു.
ഓർഡർ കിട്ടിയ കുറച്ച് മാലകളും, പാദസരങ്ങളും ഉണ്ടാക്കുന്ന തിരക്കിൽ ആയിപ്പോയിരുന്നു.
ഹിമക്ക് കുറ്റബോധം തോന്നി..
വൈകുന്നേരം എങ്കിലും ഒന്ന് കയറിചെല്ലാമായിരുന്നു, ശരണ്യ കടയിൽ ഒക്കെ പോയിതുടങ്ങിയപ്പോൾ ഓക്കെ ആയിക്കാണും എന്ന് കരുതി.
ഹിമ അടുത്തുള്ള കടയിൽ പോയി ശരണ്യക്ക് ഭക്ഷണം വാങ്ങി, അടുത്തിരുന്നവളെ നിർബന്ധിച്ചു കഴിപ്പിച്ചു.
ഹിമേ.. നീ പൊയ്ക്കോ ഞാൻ കഴിച്ചോളാം.
ഉവ്വാ.. നല്ല കഴിക്കൽ കഴിക്കും. അതുകൊണ്ടാണല്ലോ പടക്കോന്ന് വീണത്. അവൾ കളിയാക്കി..
അങ്ങനെ നീയെന്നെ കളിയാക്കുകയൊന്നും വേണ്ടാ, എനിക്കെ നല്ല മനസുറപ്പാ, കൂടാതെ നല്ല ധൈര്യവും ഉണ്ട്.
ഓഹ്.. ഉണ്ട്,സമ്മതിച്ചു.. അവൾ വായ പൊത്തിച്ചിരിച്ചു.
ഒന്ന് പോടീ… ശരണ്യയും ചിരിച്ചു..
ഹിമ അവളുടെ മുഖത്തേക്ക് നോക്കി. എത്ര ദിവസമായി ഈ മുഖത്തൊരു ചിരി വിരിഞ്ഞിട്ട്.
എന്താടീ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്.
ആ സൗന്ദര്യം നോക്കിയിരുന്നതാ…
ഒന്ന് പോടീ…
ദേ… ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കണം. ഹിമ പറഞ്ഞു.
കുറച്ച് താമസിച്ചാലും ഞാൻ ഓക്കേ ആകും. വീട്ടിൽ ചെല്ലുമ്പോൾ ഒറ്റപ്പെടൽ തോന്നും എന്നാലും ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി ഹിമേ..
ഉം… അങ്ങനെ വേണം.
എന്നാൽ ചുമ്മാ ഇരിക്കാതെ ജോലി തുടങ്ങിക്കോ ഞാൻ പോകുവാ ഹിമ പറഞ്ഞു.
ശരി…ശരണ്യ ചിരിയോടെ പറഞ്ഞു.
*************
വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോൾ അമ്മു വിശ്വനാഥനെ കണ്ടെങ്കിലും അവൾ അയാളെ ശ്രെദ്ദിക്കാത്ത മട്ടിൽ മുന്നോട്ട് നടന്നു.
മോളേ… അയാൾ വിളിച്ചു.
അവൾ അത് കേൾക്കാത്ത നടന്നു.
അവിടൊന്നു നിൽക്കൂ.. അമ്മു… അയാൾ അവളുടെ അടുത്തെത്തി പറഞ്ഞു.
എന്താ…?
ഇന്നലെ മോളോട് അറിയാതെ ദേഷ്യപ്പെട്ടുപോയതാ കേട്ടോ..
സാരമില്ല..
മോളുടെ ശരണ്യ ചേച്ചി എന്നെ രാവിലെ വന്ന് കുറേ ചീത്ത പറഞ്ഞു. ഞാൻ മോളേ വേദനിപ്പിച്ചു എന്നും പറഞ്ഞ്.
മോളേ അവർക്ക് എന്ത് ഇഷ്ട്ടമാണ്…
ഉം…
എന്നോട് മോൾക്ക് ദേഷ്യം ഉണ്ടോ?
ഇല്ലാ..
എന്നാൽ ഒന്ന് ചിരിച്ചേ…
ഞാൻ ചിരിക്കില്ല..
അതെന്താ ചിരിക്കാൻ അറിഞ്ഞൂടെ…
ഇല്ല
അത് സാരമില്ല, ചിരിക്കാൻ തോന്നിയാൽ ചിരിച്ചേക്കണം കേട്ടോ, ഞാൻ നോക്കിയിരിക്കും ഈ മുഖത്തെ ചിരി കാണാൻ. അന്ന് ഞാൻ പറഞ്ഞില്ലേ നല്ല പ്രായത്തിൽ വിവാഹം കഴിച്ചാൽ എനിക്കും ഈ പ്രായത്തിൽ ഒരു കുട്ടി കണ്ടേനെ എന്ന്.
ഉം..അവൾ അയാളുടെ മുഖത്തേക്ക് നോക്കി.
ഇതെന്റെ മോൾ തന്നെയാ.. ഇങ്ങനൊരു കുറുമ്പിയെ വേണമെന്നായിരുന്നു എന്റെ പെണ്ണിന്റെ മോഹം.
ഒന്നും നടന്നില്ല.
എങ്കിലും ഏതെങ്കിലും ഒരു ലോകത്തിരുന്ന് അവൾ ഇതൊക്കെ കാണുന്നുണ്ടാകും, ആ കുഞ്ഞിനെ എന്തിനാ വേദനിപ്പിച്ചത് എന്നവൾ എന്നോട് ചോദിക്കും.
കാലം കാണിച്ച് തന്നതാ എനിക്ക് ഈ അമ്മുക്കുട്ടിയെ , അതുകൊണ്ട് ഞാൻ എന്റെ മോളായിട്ട് കരുതുവാ.
അവളുടെ മുഖം വിടർന്നു..
എന്നോടുള്ള പിണക്കം പോയോ?
ഉം… അവൾ ചിരിച്ചു.
അയാൾ പോക്കറ്റിൽ കയ്യിട്ട് ഒരു ചെറിയ പൊതി എടുത്തവൾക്ക് നേരെ നീട്ടി.
എന്തായിത്?
അവൾ അത് വാങ്ങി തുറന്നു നോക്കി.
മഞ്ഞയും, ഓറഞ്ചും നിറമുള്ള നാരങ്ങമിഠായികൾ…
അവൾ ചിരിയോടെ അയാളെ നോക്കിയിട്ട്, അതിലൊരെണ്ണം എടുത്ത് വായിലിട്ടുകൊണ്ട് മുന്നോട്ട് നടന്നു..
***********
ഹിമേ… വിളിയൊച്ച കേട്ട് ഹിമ തലയുയർത്തി നോക്കി.
ഷിജുവാണ്
ഇന്നെന്താ ഷിജു നേരത്തെ വന്നത്?
വെറുതെ…
ഷിജുവിന് ചായ എടുക്കട്ടെ?
ഉം…
അവൾ അടുക്കളയിലേക്ക് നടന്നു.
ചായക്കുള്ള വെള്ളം വച്ചതും, ഷിജു അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു
അയാളുടെ ചുട്നിശ്വാസം അവളുടെ മുഖത്ത് തട്ടി..
നിനക്ക് എന്നോട് കഷമിക്കാൻ പറ്റുമോടീ…
അയാൾ ചോദിച്ചു..
പെട്ടന്ന് അവൾക്ക് കരച്ചിൽ വന്നു.
അവൾ അയാളുടെ നേരെ തിരിഞ്ഞു.
അവളുടെ മുഖം അയാൾ തന്റെ നെഞ്ചിലേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചു.
ഇനിയൊരിക്കലും ഞാൻ തന്നെ കണ്ടില്ലെന്നു നടിക്കില്ല, വേദനിപ്പിക്കില്ല…
അയാൾ പതിയെ പറഞ്ഞു..
പൊള്ളിയടർന്ന മണ്ണിന്റെ മേനിയിൽ പുതു മഴ പെയ്ത് കഴിഞ്ഞാൽ , മണ്ണിൽ പുതുനാമ്പുകൾ പിറവിയെടുക്കും പോലെ അവളുടെ ഉള്ളിൽ പ്രണയം നിറഞ്ഞു..
ഒരു പൂവെടുക്കുന്ന ലാഘവത്തോടെ അയാൾ അവളെ കൈകളിൽ കോരിയെടുക്കുമ്പോൾ അവൾ നാണത്താൽ മിഴികൾ ചേർത്തടച്ചിരുന്നു.
***********
വീട് ശരിയായോ ഷിജു? നമ്മൾ എന്നാ ഇവിടെ നിന്നും പോകുന്നത്?ഹിമ ചോദിച്ചു
നാളെ പോയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത് . നല്ലൊരു വീട് ശരിയായിട്ടുണ്ട്.
നാളെ പോയാൽ അടുത്ത തിങ്കളാഴ്ച എനിക്ക് ജോലിക്ക് ജോയിൻ ചെയ്യാം.
മോളുടെ എക്സാം കഴിഞ്ഞല്ലോ.
ഹിമക്ക് തടസം എന്തെങ്കിലും ഉണ്ടോ നാളെ പോകുന്നതിൽ?
ഇല്ല.. പോകാം..
നമ്മളും കൂടെ പോയാൽ ശരണ്യ ഒറ്റയ്ക്ക് ആകും അതെ ഉളളൂ ഒരു വിഷമം.
ഞാൻ ശരണ്യ ചേച്ചിയുടെ കടയിൽ ഒന്ന് പോയിട്ട് വരാം കേട്ടോ. അമ്മു അങ്ങോട്ട് വന്നു.
ശരി മോളേ പോയിട്ട് വാ… അയാൾ പറഞ്ഞു.
അമ്മയെ വിളിച്ചോണ്ട് വരണ്ടേ ഷിജു?
ഞാൻ വിളിച്ചു,അമ്മ ദേഷ്യപ്പെട്ടു
ഞാൻ വരുന്നില്ല എന്നൊക്കെയാ അമ്മ പറയുന്നത്.എന്റെ പെങ്ങളെ എനിക്കറിയില്ലേ കുറച്ച് കഴിയുമ്പോൾചേച്ചിയുടെ സ്വഭാവം മാറും,അമ്മയും ഒന്ന് മനസിലാക്കട്ടെ,കുറച്ച് നാൾ അവിടെ നിൽക്കട്ടെ.എന്നിട്ട് ഞാൻ പോയി വിളിച്ചോണ്ട് വന്നോളാം
അമ്മു ചെല്ലുമ്പോൾ ശരണ്യ തയ്യലിൽ തിരക്കിലാണ്. എങ്കിലും അവൾ അമ്മുവിനെ കണ്ട് തയ്യൽ നിർത്തി അവളോട് സംസാരിച്ചിരുന്നു.
പോകുകയാണെന്നു അറിഞ്ഞപ്പോൾ ശരണ്യക്ക് വലിയ വിഷമം ആയിരുന്നു എന്ക്കിലും അവളത് പുറത്തു കാണിച്ചില്ല.
തിരിച്ചു പോരും വഴി അമ്മു വിശ്വനാഥനെ കണ്ടു, അയാളോടും പോകുന്ന കാര്യം പറഞ്ഞു.
അയാൾ അവളുടെ നിറുകയിൽ തലോടി, നല്ലതേ വരൂ മോൾക്ക്..
അവൾ അയാളുടെ കൈകളിൽ പിടിച്ചു.
വിലപിടിപ്പുള്ള ഒന്ന് സൂക്ഷിക്കാൻ തന്നാൽ സൂക്ഷിച്ചു വയ്ക്കുമോ അവൾ ചോദിച്ചു.
എന്താ മോളേ…
ഈ കൈയിൽ ഞാൻ എന്റെ ശരണ്യ ചേച്ചിയെ എൽപ്പിക്കട്ടെ… ആരുമില്ല ഒറ്റക്കാണ് അത്.
ചേട്ടനും തനിച്ചല്ലേ… ഈ ലോകത്തിൽ ഇല്ലാത്ത ഒരാൾക്ക് വേണ്ടി ഇനിയും ഇങ്ങനെ തനിച്ചാകാൻ ഞാൻ സമ്മതിക്കില്ല.
എന്നോട് പറഞ്ഞില്ലെ, ഞാൻ മോളേപോലെയാണെന്ന്.
ആ മകളാണ് പറയുന്നത്, ഒറ്റക്കായ രണ്ട് പേർ ചേരുമ്പോൾ ജീവിതം ഒന്നുകൂടെ സുന്ദരമാകുകയേ ഉളളൂ…
ഇത്ര ചെറിയ വായിൽ നിന്നാണോ വലിയ കാര്യങ്ങൾ ഒക്കെ വരുന്നത്..
അയാൾ ചിരിച്ചു.
ഞാൻ തമാശ പറഞ്ഞതല്ല, അവളുടെ മുഖം ചുവന്നു…
ഈ കൈകളിൽ എന്റെ ശരണ്യ ചേച്ചി സുരക്ഷിതയായിരിക്കും, വേറെ ആരെയും എനിക്ക് വിശ്വാസമില്ല..
അങ്ങനെയാണോ, എന്നാൽ പിന്നെ അങ്ങനെത്തന്നെയാവട്ടെ,അയാൾ ചിരിച്ചു.
നേരാണോ..
അതേന്ന്…
അമ്മു ഉറക്കെ ചിരിച്ചുകൊണ്ട് ശരണ്യയുടെ കടയിലേക്ക് ഓടി….
അയാൾ അത് നോക്കി നിന്നു.
വൈകിയെങ്കിലും ഇനിയൊരാൾ തുണ വേണം പിണങ്ങാൻ, ഇണങ്ങാൻ, കാത്തിരിക്കാൻ….
അല്ലെങ്കിലും കാത്തിരിക്കാൻ ആളുണ്ടങ്കിലല്ലേ ജീവിതംമധുരമുള്ളതാകൂ…
**********
ശുഭം.

by