23/04/2026

പരിണയം : ഭാഗം 23

രചന – ആയിഷ അക്ബർ

പതിവ് സമയത്ത് തന്നെ അവനുണർന്നിരുന്നു…..

എന്നാൽ അവനെഴുന്നേൽക്കാനൊരുങ്ങിയതും അവളൊന്നു കൂടി അവനോട് പറ്റി ചേർന്ന് കിടക്കുന്നത് പോലെയവന് തോന്നി….

അവൻ അവളുടെ നെറ്റിയിലൊന്ന് തൊട്ട് നോക്കി…..

നല്ലൊരു പനി വരാനുള്ള തയ്യാറെടുപ്പിലാണ് ശരീരം……

താൻ പോയാൽ അവളുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഓർത്തത് കൊണ്ട് അവനവിടെ തന്നെ കിടന്നു……

എന്തോ ഈ കിടത്തം താനും അത്ര മേൽ ആസ്വദിക്കുന്നത് പോലെ….

ചേച്ചിയെ കഴിഞ്ഞാൽ താൻ അടുത്തു കണ്ടൊരു പെണ്ണ് അതിവളാണ്…..

എപ്പോഴും തന്നിലേക്കാഴ്ന്നിറങ്ങാൻ ശ്രമിക്കുന്ന ആ നോട്ടം അവന്റെ കണ്ണിൽ തെളിഞ്ഞു നിന്നു……

അവൻ അവളെ തന്നെ നോക്കിയങ്ങനെ കിടന്നു…..

നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെക്കാൻ അവന് തോന്നിയെങ്കിലും എന്തോ ഒന്ന് തന്നെ പിറകിലേക്ക് വലിക്കും പോലെ…….

അന്നാ പന്തലിൽ വെച്ചുണ്ടായ സംഭവങ്ങളോരോന്നും മനസ്സിൽ വന്നു നിറയുന്നു….

അവൾക്ക് പറ്റി പ്പോയൊരു തെറ്റ് മാത്രമാണ് താൻ…..

തന്നെ മാത്രം കാണുന്നത് കൊണ്ട് തോന്നുന്ന ഒരു ആകർഷണം മാത്രമായിരിക്കും അവൾക്ക് തന്നോട്….

അതിന് മറ്റു അർഥങ്ങൾ കണ്ട് മനസ്സിനെ വേദനിപ്പിക്കാൻ വയ്യെന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് കണ്ണുകൾ ചിമ്മി….

അവളുടെ മുഖം മനസ്സിൽ പതിയാതിരിക്കാനെന്ന വണ്ണം……

അൽപ നേരം കഴിഞ്ഞ് അവൻ പതിയെ അവളിൽ നിന്നടർന്നു മാറി…

അടുക്കളയിൽ കയറി അരി കഴുകി കുക്കറിൽ വെച്ചു……

ഉള്ളിയും മുളകും പുളിയും തിരുമ്മി ഒരു ചമ്മന്തിയും ഉണ്ടാക്കി….

കഞ്ഞിയും ചമ്മന്തിയുമായി മുകളിലേക്ക് കയറി പ്പോകുന്നവനെ നോക്കി ഭാനുമതി ചിറി കോട്ടിയിരുന്നെങ്കിലും അവനത് കണ്ടില്ലെന്ന് നടിച്ചു…….

അവളെ പതിയെ തട്ടി വിളിച്ചപ്പോൾ അവളൊന്നു കൂടി ചുരുളുകയാണ് ചെയ്തത്…….

എഴുന്നേൽക്ക്….. മരുന്ന് കഴിക്കേണ്ടതല്ലേ…

അവനതും പറഞ്ഞു അവളുടെ തോളിൽ പിടിച്ചു പതിയെ എഴുന്നേൽപ്പിച്ചിരുന്നു….

വായ കഴുകി യ ശേഷം അവൾ കഞ്ഞി കുടിക്കാൻ തുടങ്ങിയതും കൈ വല്ലാതെ വിറക്കുന്നത് കൊണ്ട് തന്നെ കഞ്ഞി ദേഹത്തെല്ലാം തൂവി പോയിരുന്നു….

അതറിഞ്ഞെന്ന വണ്ണം അവൻ കയിൽ വാങ്ങി കഞ്ഞി അവളുടെ വായിലേക്ക് കോരി കൊടുക്കുമ്പോൾ ഒരു നിമിഷം അവളുടെ കണ്ണുകളൊന്ന് വിടർന്നു…..

ഏത് വേദനകളെയും മറവിക്ക് കൊടുക്കാൻ പാകത്തിലുള്ള എന്തോ ഒരു സുഖം അതിനുണ്ടായിരുന്നു….

എന്നാൽ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയില്ല…..

കഞ്ഞി കുടിച് കഴിഞ്ഞ് മരുന്ന് കൊടുക്കുമ്പോഴാണ് അവന്റെ കണ്ണുകൾ ഒരു നിമിഷം അവളുടെ കഴുത്തിൽ തറച്ചത്…..

ഇന്നലെ കണ്ട മുറിപ്പാടുകൾ വല്ലാതെ കൂടിയിരിക്കുന്നു….

അവൻ പോലുമറിയാതെ അവന്റെ കൈ അവളുടെ കഴുത്തിലേക്ക് നീണ്ടു പോയിരുന്നു…..

പെട്ടെന്നവൻ തൊട്ടതും അവളൊന്നു ഞെട്ടിയിരുന്നു…..

അവൻ കൈ വേഗം പിൻവലിച്ചു…..

ഇത്.. വല്ലാതെ കൂടിയിട്ടുണ്ടല്ലോ…..
നമുക്ക് സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാം…..

വേണ്ടാ… അതിന്റെ ആവശ്യമൊന്നുമില്ല…
അത് ഭേദമായിക്കോളും…..

അവൻ പരിഭ്രമത്തോടെ അത് പറയുമ്പോഴാണ് അവളതും പറഞു വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടത്…..

അന്ന് മുഴുവൻ അവൾക്ക് വിറക്കുന്ന പനിയായിരുന്നു….

സഞ്ജു അന്ന് മുഴുവൻ ആ മുറിയിൽ അങ്ങനെ യിരുന്നു…..

ഇടയ്ക്കിടെ അവളെ വിളിച്ചുണർത്തി കഞ്ഞിയും മരുന്നും കൊടുത്തങ്ങനെ……

രാത്രി ആയപ്പോഴേക്കും പനി അല്പം കുറഞ്ഞിരുന്നെങ്കിൽ കൂടി ദേഹത്തെ മുറിവുകൾ അധികമായിരുന്നു……

ഏത് ഡോക്ടറെയാണ് താൻ കാണിക്കാറുള്ളത്….

രാത്രി കഞ്ഞി കുടിക്കുമ്പോൾ കയ്യിലേക്കും പടർന്ന ആ പാടുകളിൽ നോക്കി സഞ്ജുവത് ചോദിക്കുമ്പോൾ നന്ദ കയ്യൊന്ന് മറച്ചു വെക്കാൻ ശ്രമിച്ചു…..

അത് താനേ…..

താനേ മാറേണ്ടാ…… ഡോക്ടറെ കാണിച് മാറിയാൽ മതി……

അവൾ പതിവ് പോലെ അത് പറയാൻ തുടങ്ങിയപ്പോൾ അത് മുഴുവനാക്കേണ്ടെന്ന മട്ടിൽ സഞ്ജുവത് പറഞ്ഞപ്പോൾ ആ വാക്കുകൾക്ക് കനമുണ്ടായിരുന്നു…

അവളൊന്നും മിണ്ടിയില്ല…..

ഏത് ഡോക്ടറെയാണ് കാണിക്കുന്നതെന്ന് പറഞ്ഞാൽ അങ്ങോട്ട് പോകാമെന്ന് വെച്ചായിരുന്നു….

അല്ലെങ്കിൽ മറ്റേതെങ്കിലും ഡോക്ടറെ കണ്ടേ മതിയാവു…..
നാളെ തന്നെ……

അവൻ ഉറച്ച വാക്കുകളോടെ അത് പറഞ്ഞേഴുന്നേൽക്കുമ്പോൾ അവളുടെ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു…..

ഞാൻ വരുന്നില്ല…..

അവൾ പെട്ടെന്നത് പറഞ്ഞതും അവനൊന്നവളിലേക്ക് തിരിഞ്ഞു….
ഏറെ അതിശയത്തോടെ…

അവൾ പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നു എന്ന പോലിരിക്കുകയാണ്….

വന്നില്ലെങ്കിൽ ഇന്നലെ കൊണ്ട് പോയ പോലെ പൊക്കിയെടുത് കൊണ്ട് പോകാനെനിക്കറിയാം…

അവനും വിട്ട് കൊടുക്കാമൊരുക്കമല്ലെന്ന പോലത് പറയുമ്പോൾ നന്ദയുടെ മുഖം വാടി….

എന്തിനാ താനിങ്ങനെ വാശി പിടിക്കുന്നത്….
ഇത് കണ്ടിട്ട് താനേ മാറുമെന്ന് എനിക്ക് തോന്നുന്നില്ല……

അവന്റെ കണ്ണുകളിൽ  വല്ലാത്തൊരു വേദന നിറഞ്ഞത് പോലെ…
ഒരു നിമിഷം തന്റെ വേദന അവൻ പകർന്നെടുക്കുന്ന പോൽ……

ആ അവനെ ഓർത്തു തന്നെയാണ് താൻ കൂടെ പോകാത്തതെന്ന് അവനറിയില്ലല്ലോ…..

നന്ദക്ക് വല്ലാത്തൊരു ഭാരം മനസ്സിൽ തോന്നി….

പറ….. എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്…..
മരുന്ന് കഴിച്ചാലല്ലേ അസുഗം മാറു……
രോഗം ആരുടേയും കുറ്റമല്ലല്ലോ…..

സഞ്ജു അവൾക്കടുത് വന്നിരുന്നു വീണ്ടുമത് പറയുമ്പോൾ അവൾ അവനെ ദയനീയമായി നോക്കി….

മരുന്നിനു…… മരുന്നിനു ന..ല്ല കാ..ശാവും….

അവൾ മടിച്ചു മടിച്ചാണ് അവനോടത് പറഞ്ഞത്….

അവന്റെ മുഖം പെട്ടെന്ന് മാറി……

നിനക്കെന്താ ഭ്രാന്താണോ…
വില കൊടുത്ത് മരുന്ന് കുടിക്കേണ്ട അസുഗം താനേ മാറുമെന്ന് പറഞ്ഞിരിക്കാൻ…..

അവന് വല്ലാതെ ദേഷ്യം വന്നിരുന്നു……

പിന്നീടൊന്നും പറയാതെ അവനവിടെ നിന്നിറങ്ങി പോയിരുന്നു…….

നേരം അല്പം കൂടി കഴിഞ്ഞവൻ വീട്ടിലേക്ക് വരുമ്പോഴും അവൾ മൂടി പുതച്ചങ്ങനെ കിടക്കുവാണ്…….

വന്ന ഉടനെ അവൻ അവളുടെ നെറ്റിയിലൊന്ന് തൊട്ട് നോക്കി…..

അവന്റെ കയ്യിന്റെ തണുപ്പ് നെറ്റിയിൽ പതിഞ്ഞതും വല്ലാത്തൊരു സുഖം അവൾക്ക് തോന്നിയിരുന്നു….
എങ്കിലും അവൾ കണ്ണുകൾ തുറന്നിരുന്നില്ല….

എന്റെ അടുത്ത് കിടക്കുമോ….

താഴെ പായ വിരിച് കിടക്കാൻ തുടങ്ങിയ അവനു നേരെ തിരിഞ്ഞു അവളത് ചോദിക്കുമ്പോൾ അവൻ അവളെയൊന്ന് നോക്കി…

ഇപ്പോ കാര്യമായ പനിയൊന്നുമില്ലവൾക്ക്…

ഇന്നലെ വയ്യാത്തത് കൊണ്ടാണ് കൂടെയിരിക്കാൻ പറഞ്ഞതെന്ന് വ്യക്തമായിരുന്നെങ്കിൽ ഇന്നതല്ല…..

അവൻ അവളെ നോക്കി യങ്ങനെ നിൽക്കുമ്പോൾ അവൾ  ഒളിപ്പിക്കാൻ ശ്രമിക്കുന്ന ആ കുസൃതി ചിരി അവനു വ്യക്തമായിരുന്നു….

അത് മനസ്സിലായെന്ന വണ്ണം മാറിൽ കൈ കെട്ടി അവനവളെ നോക്കിയൊന്ന് നിന്നു…..

അവന്റെ ഭാവം കണ്ടതും പിന്നീടൊന്നും പറയാതെ അവളൊരു ചമ്മലോടെ അവനിൽ നിന്നപ്പുറം തിരിഞ്ഞു കിടന്നിരുന്നു….

മുറിയിലെ ലൈറ്റ് അവൻ ഓഫ് ആകുന്നത് അവളറിയുമ്പോഴും ചമ്മിയ ആ ചിരി അവളുടെ മുഖത്തുണ്ടായിരുന്നു…..

എന്നാൽ തന്റെ പിറകിൽ പതിഞ്ഞോരാ ചൂട് അവന്റെയാണെന്നറിയെ അവൾക്ക് ശ്വാസമെടുക്കാൻ പ്രയാസം തോന്നിയിരുന്നു..

എന്തോ ഉള്ളിലൊരു കിതപ്പ് പോലെ…..

അവൻ കൈ കൊണ്ടവളെ ചേർത്ത് പിടിച്ചു……

അവനിലൊതുങ്ങി അവളും അങ്ങനെ കിടന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാവിലെ ആയി തുടങ്ങിയപ്പോഴേക്കും പനി അധികമായിരുന്നു….

അവളുടെ ദേഹത്തെ മുറിവും അധികമായിരുന്നു…..

അവൾക്ക് കഞ്ഞിയെല്ലാം കൊടുത്ത ഉടൻ തന്നെ അവൻ അവളെ കൂട്ടി ആശുപത്രിയിലേക്ക് പോകാൻ പുറപ്പെട്ടു….

കാദർക്കന്റെ ഓട്ടോ യിലിരിക്കുമ്പോഴും അവളുടെ മനസ്സിൽ വല്ലാത്ത വേവലാതികളായിരുന്നു…..

അവന്റെ കയ്യിലുള്ള പൈസ കൊണ്ട് ആശുപത്രിയിൽ പോകാൻ തികയില്ലെന്ന് അവൾക്ക് വ്യക്തമായിരുന്നത് കൊണ്ട് തന്നെയായിരുന്നത്……

അച്ഛനെ സംബന്ധിച്ച് ഈ തുക തൂച്ഛമായിരുന്നു….

എന്നാൽ സഞ്ജുവേട്ടനങ്ങനെ യല്ലാ…..

ഡോക്ടറെ കാണാൻ കേബിനിലേക്ക് കയറുമ്പോഴും അവൻ തന്റെ കൂടെ തന്നെയുണ്ടയായിരുന്നു….

ഇത് സോറിയാസിസിന്റെ ഒരു വേർഷൻ ആണ്……
മരുന്ന് കഴിച്ചു നമുക്കിത് ഭേദമാക്കാവുന്നതേയുളളു…….
പിന്നെ വർഷങ്ങൾക്കിടയിൽ വീണ്ടും വരുമായിരിക്കാം……

അപ്പൊ ഇതിനൊരു പെർമെന്നന്റ് ക്യൂർ ഇല്ലേ ഡോക്ടർ…..

ഡോക്ടറത് പറഞ്ഞതും സഞ്ജു ഇടക്ക് കയറിയത് ചോദിപ്പോൾ അവന്റെ ചോദ്യം മുന്നിൽ കാണുന്നത് തന്നെയാണെന്നോർക്കേ നന്ദക്ക് വല്ലാത്തൊരു സന്തോഷം തോന്നി…..

സീ….. ഈ ബ്ലഡ്‌ പ്രഷർ നമുക്ക് പെർമെനന്റ് ആയി മാറ്റാൻ പറ്റുമോ…..
എന്ന് വെച് അതൊരു മാറാ രോഗമല്ലല്ലോ….
ഇതും അങ്ങനെയൊക്കെ തന്നെയാണ്……..
പുറത്തേക്കെടുക്കുമ്പോൾ മരുന്ന് കഴിക്കുക……
ചിലപ്പോൾ അടുത്തടുത്ത വർഷങ്ങളിൽ വന്നു കൂടായെന്നില്ല….

ചിലപ്പോൾ പത്തോ പതിനഞ്ചോ വർഷങ്ങൾ വരാതിരിക്കാം…..
ഈ രോഗത്തിന്റെ സ്വഭാവം അങ്ങനെയാണ്…….
പേടിക്കേണ്ട കാര്യമൊന്നുമില്ല…..
മരുന്ന് പ്രോപ്പർ ആയി കഴിച്ചാൽ മാറി പൊയ്ക്കോളും…

ഡോക്ടറത് പറയുമ്പോൾ സഞ്ജു ഒന്ന് പുഞ്ചിരിച്ചു…..

സഞ്ജു മരുന്ന് വാങ്ങാൻ പോയപ്പോൾ നന്ദ അവിടെയുള്ള കസേരയിലേക്കമർന്നു….

മരുന്നിന്റെ ലീസ്റ്റ് കൊടുത്ത് കാത്തു നിൽക്കുന്ന അവനോട് അവിടെയുള്ള പെൺകുട്ടി എന്തൊക്കെയോ ചോദിക്കുന്നുണ്ട്……

അതിനിടക്ക് അവൾ വല്ലാതെ ചിരിക്കാൻ ശ്രമിക്കുന്നത് പോലെ നന്ദക്ക് തോന്നി…..

അവനെ തന്നെ അവൾ ശ്രദ്ധിക്കും പോലെ…..

സഞ്ജു സ്വാഭാവിമായി സംസാരിക്കുന്നുണ്ടെങ്കിൽ കൂടി ആ പെൺകുട്ടി അവനോട് സംസാരിക്കുന്നത് അത്ര മേൽ പ്രിയത്തോടെയാണെന്ന് അവൾക്ക് കണ്ടപ്പോൾ തന്നെ തോന്നി….

നന്ദ സഞ്ജുവിനെ യൊന്നു നോക്കി……

ഒരു നീല കള്ളി ഷർട്ടാണ് ഇട്ടിരിക്കുന്നത്……
അതിലേക്കൊരു മുണ്ടും….
അവൻ പാന്റിടുന്നത് വിരളമായേ കണ്ടിട്ടുള്ളു….

അന്ന് ചേച്ചിയെ കൊണ്ട് വരുമ്പോൾ ഇട്ടിരുന്നു…..

മുണ്ട് തന്നെയാണ് അവനു ചേരുന്നതും….

വെളുത്ത കൈ തണ്ടയിൽ രോമങ്ങൾക്ക് കൂടെ ഒരു കറുത്ത ചരടുമുണ്ട്…..

നോട്ടത്തിനെല്ലാം ഒരു കൂർമതയുണ്ട്….

അരികിലുള്ള ആളുടെ മനസ്സിലേക്ക് ഇടിച് കയറാനെന്ന പോൽ…….

പോകാം…..

അവൻ പറഞ്ഞതും അവൾ പതിയെ എഴുന്നേറ്റു……

അവനു പിറകെയായി നടക്കാൻ ശ്രമിക്കുമ്പോൾ അവനൊന്നു തിരിഞ്ഞു നിന്നവളുടെ കയ്യിൽ പിടിച്ചു…….

പതിയെ അവനിലേക്ക് ചേർന്ന് നിൽക്കുമ്പോൾ അവളിൽ വിരിഞ്ഞ ആ ചിരിക്ക് മാറ്റേറെയായിരുന്നു…

അപ്പോഴും ഫർമസിയിലേ ആ പെൺകുട്ടി ചെറിയൊരു അസൂയയോടെ തന്നെ നോക്കുന്നതവൾ കണ്ടിരുന്നു……

(തുടരും)