24/04/2026

പ്രിയേ പ്രാണനേ : ഭാഗം 04

രചന – ജിഫ്ന നിസാർ

“ആഹ്.. നീയായിരുന്നോ.മനുഷ്യൻ പേടിച്ചു പോയല്ലേ ”
പിന്നിൽ കിതപ്പോടെ ഈളിച്ചു കൊണ്ട് നിൽക്കുന്ന സഞ്ജുവിനെ നോക്കി ആദി ചോദിച്ചു.

“അല്ലാതെ പിന്നെ ഈ കുന്നിൻ മണ്ടേൽ നിന്നെ കാണാൻ പ്രധാനമന്ത്രിയൊന്നും വരില്ലല്ലോ ”
ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് അവനും ആദിയുടെ അരികിലേക്കിരുന്നു.

“ഐവ… പ്രധാനമന്ത്രിയും ഈ പട്ടികാട്ടിൽ കിടക്കുന്ന സഞ്ജയ്‌ എന്ന പേരുള്ള.. വേലയും കൂലിയുമില്ലാത്ത നീയും ഒരേ വേവ് ലെങ്ത് ആണെന്നാണോ പൊന്നുമോൻ ഇപ്പൊ ഉദ്ദേശിച്ചത്?”

ആദി വീണ്ടും അവനെ നോക്കി കൊണ്ട് പുച്ഛത്തോടെ ചിരിച്ചു.സഞ്ജുവിനോട് മാത്രം ആദി വാചാലനായി സംസാരിക്കും.
ഇല്ലെങ്കിലും സഞ്ജുവിന് മുന്നിൽ ആർക്കും അധികനേരമൊന്നും സംസാരിക്കാതിരിക്കാൻ കഴിയില്ലായിരുന്നു.

“ഞാനൊരു വിദ്യാർത്ഥി ആണഡേയ് ”

സഞ്ജു വല്ല്യ കാര്യത്തിൽ പറയുന്നത് കേട്ടതും ആദി അവനെ നോക്കി ചിരിച്ചു.

“സപ്പ്ളി വിദ്യാഭ്യാസം മാത്രമുള്ള വിദ്യാർത്ഥി എന്ന് തെളിയിച്ചു പറയെടാ സഞ്ജു ”
ആദി ചിരിയൊതുക്കി കൊണ്ട് പറഞ്ഞു.

“നിന്റെ അച്ഛൻ ലാന്റിയിട്ടുണ്ട്. അല്ലേ?”
സഞ്ജു ആദിയെ തലച്ചെരിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“നീ എങ്ങനറിഞ്ഞു..?”
ആദി അവനെ നോക്കി.

“മാധവൻ മാഷ് കടുവയെ വിളിച്ചു പറയുന്നത് കേട്ടതാ ”

സഞ്ജു പറയുന്നത് കേട്ട് ആദി അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

മാധവൻ മാഷിന്റെ പ്രിയപ്പെട്ട ചങ്ങാതിയാണ് സഞ്ജുവിന്റെ അച്ഛൻ ബാലചന്ദ്രൻ.

ബാല്യകാലം മുതലുള്ള സൗഹൃദം.

രണ്ടു പേരും ഒരുമിച്ച് പഠിച്ചു.. ഒരുമിച്ച് പഠിപ്പിക്കാനും പഠിച്ചു.
അവരുടെ നാട്ടിൽ തന്നെയുള്ള ഒരു ചെറിയ സ്കൂളിൽ രണ്ടാളും ഒരുമിച്ചാണ് ജോയിൻ ചെയ്തതും.
പേരിനു മാത്രം പ്രവർത്തിച്ചു പോയിരുന്ന ആ സ്കൂൾ പരിപോഷിപ്പിച്ചു രണ്ടായിരം കുട്ടികൾ പഠിക്കുന്നൊരു വലിയ സ്കൂൾ ആക്കി മാറ്റിയതും കൂട്ടുകാർ രണ്ടാളും കൂടി ചേർന്നാണ്.

സ്കൂൾ കെട്ടാൻ വേണ്ട ഏക്കർ കണക്കിന് സ്ഥലം മാധവൻ മാഷ് സോമേധായാ വിട്ട് കൊടുക്കുകയായിരുന്നു.

മാധവൻ മാഷ് മലയാള അധ്യാപകൻ ആയപ്പോൾ ബാലചന്ദ്രൻ ഗണിതമാണ് ഇഷ്ടപെട്ടു കൂടെ കൂട്ടിയത്.

ബാലചന്ദ്രനും ഭാര്യ ലളിതക്കും രണ്ടാണ്മക്കളാണ്.
മൂത്തവൻ അജയ് ബാലചന്ദ്രൻ അച്ഛനെ പോലെ തന്നെ കോളേജ് അധ്യാപകനാണ്.

അജയ് ഉണ്ടായി കഴിഞ്ഞു കുറേ വർഷങ്ങൾക്ക് ശേഷമാണ് സഞ്ജയ്‌ ജനിച്ചത്.

അമ്മയുടെയും ഏട്ടന്റെയും ലാളന കൂടി പോയത് കൊണ്ടാണ് അവനിങ്ങനെ കോളേജിൽ സപ്പ്ളി അടിച്ചു നടക്കുന്നതെന്നാണ് സഞ്ജുവിനെ കുറിച്ച് അച്ഛന്റെ മുഖ്യപരാതി.

അതിലൽപ്പം സത്യമില്ലാതില്ല. എന്നിട്ടും അച്ഛനെ നഖശികാന്ദം സഞ്ജു എതിർക്കും.

അച്ഛനും മോനും എപ്പോ കണ്ടാലും ഒരു കണ്ടതിൽ ചേരില്ല.

പരസ്പരം പാതിരാത്രി കണ്ടാലും പോയി വല്ലതും പഠിക്കെടാ എന്ന് പറയുന്നതിന് ബാലൻ മാഷിന് സഞ്ജു മനസ്സറിഞ്ഞു ചാർത്തി കൊടുത്ത പേരാണ് കടുവ.

ആദ്യമായി നാട്ടിലേക്ക് എത്തിയതിന്റെ പിറ്റേ ആഴ്ച തൊട്ട് സഞ്ജു ആദിക്കൊപ്പം കൂടിയതാണ്.

ഒരേ പ്രായക്കാരായ രണ്ട് പേരെയും മാധവൻ മാഷാണ് കൂട്ടി മുട്ടിച്ചു കൊടുത്തതും.
സ്വന്തം മകന്റെ ഉഴപ്പിനെ കുറിച്ച് ശെരിക്കും അറിയാവുന്ന ബാലൻ മാഷ് അത് പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.

പക്ഷേ അവരുടെ സൗഹൃദം വേരു പിടിച്ചു.

ഒറ്റപെട്ടു പോയ ആദിയെ പരമാവധി മാറ്റി എടുത്തത് സഞ്ജുവാണ്.

വാതോരാതെ സംസാരിക്കാൻ അവനൊരു പ്രതേക കഴിവാണ്.
പൊതുവെ കുറച്ചു മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ആദി അവന് മുന്നിൽ മാത്രം മറ്റൊരാളാണ്.

നാട്ടിലെ പഠനം കഴിഞ്ഞു ഒരുമിച്ച് ടൗണിലെ കോളേജിൽ പോവാൻ പ്ലാൻ ചെയ്യുന്നതിനിടയിലാണ് മഹാദേവൻ നാട്ടിൽ വരുന്നതും അയാൾ പ്ലാൻ ചെയ്തത് പോലെ ആദിയെ ലണ്ടനിൽ പഠിക്കാൻ നിർബന്ധിച്ചു പറഞ്ഞു വിടുന്നതും.

അവൻ അവിടെ പഠിച്ചിറങ്ങി വന്നിട്ടും സഞ്ജു ഇപ്പോഴും സപ്പ്ളികാളുമായുള്ള മല്പിടുത്തം വിട്ടിട്ടില്ല.

“ഇനിയിപ്പോ എന്തിന് എഴുന്നള്ളി വന്നതാണെന്ന് വല്ലോം പറഞോടാ?”
ആദിയുടെ മുഖം നിറഞ്ഞു നിൽക്കുന്ന മ്ലാനത കണ്ടിട്ടാണ് സഞ്ജു അങ്ങനെ ചോദിച്ചത്.

“എവിടൊന്നോ കുറച്ചു ലക്ഷങ്ങൾ കൂടി നോട്ടമിട്ട് വച്ചിട്ടുണ്ട്. ഇപ്രാവശ്യം എന്നെ തീറെഴുതി കൊടുക്കാനുള്ള പ്ലാനും കൊണ്ട് വന്നതാ ”
കല്ലിച്ച മുഖത്തോടെ ആദി പറഞ്ഞു.

“ഇയാൾക്കിത് എന്തിന്റെ കേടാവോ.ഇങ്ങനേം ഉണ്ടോ…”
സഞ്ജു പല്ല് കടിച്ചു.

“ആർത്തി മൂത്ത് വട്ടായതാടാ ”
പുച്ഛത്തോടെ ആദി അവനെ നോക്കി ചിരിച്ചു.

“സത്യത്തിൽ അങ്ങേരെ മാധവൻ മാഷ് ദത്തെടുത്തത് തന്നെയാവും ആദി ”

സഞ്ജു എപ്പോഴും പറയുന്നതാണ് അത്.
ഇത്രേം നല്ലവനായ മാധവൻ മാഷിന് ഇങ്ങനൊരു ആർത്തി മൂത്ത മകൻ ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ലെന്നാണ് അവന്റെ പക്ഷം.

അങ്ങനൊരു സംശയം ആദിക്കും ഉണ്ടായിരുന്നു.

വെള്ളവും പാലും പോലെ വ്യത്യാസമുള്ള ഒരച്ഛനും മകനും.

“നാളെയല്ലേടാ സഞ്ജു നിന്റെ എക്സാം..?”

അൽപ്പം നേരത്തെ മൗനത്തിനു ശേഷം ആദി ചോദിച്ചു.
“മ്മ്..”
സഞ്ജു വലിയൊരു താല്പര്യമില്ല എന്ന മട്ടിൽ മൂളി.

“നിനക്കാ ബുക്ക് എടുത്തിട്ട് വരായിരുന്നില്ലേ..?”
ആദി വീണ്ടും അവനെ നോക്കി.

“എന്തിന്..?”
സഞ്ജു വിന്റെ നെറ്റി ചുളിഞ്ഞു.

“പുഴുങ്ങി തിന്നാൻ.. അല്ല പിന്നെ ”
ആദി ദേഷ്യത്തോടെ സഞ്ജുവിനെ നോക്കി.

“എടാ മുൻപ് നമ്മൾ ഇവിടിരുന്നു പഠിച്ചത് നിനക്കോർമ്മയില്ലേ? നല്ലത് പോലെ മനസ്സിരുത്തി വായിക്കാൻ കഴിയും ഇവിടെത്തിയ..”
ആദി അവന് നേരെ തിരിഞ്ഞിരുന്നു.

“അത് നിനക്ക്.. എനിക്ക് എവിടെ ഇരുന്നാലും നല്ലത് പോലെ മനസ്സിലാവും ”
സഞ്ജു ചുണ്ട് കോട്ടി.

“ഉവ്വാ.. എന്നിട്ടാണോ ടാ.. കഴിഞ്ഞു രണ്ട് വർഷങ്ങളായി വാരി പിടിച്ചാലും ഒതുങ്ങാത്ത അത്രേം സപ്പ്ളികളുമായി നീ ചക്രശ്വാസം വലിക്കുന്നത്?”
ആദി അവനെ നോക്കി പല്ല് കടിച്ചു.

സഞ്ജു ഒന്നും മിണ്ടിയതുമില്ല.. അവനെ നോക്കിയതുമില്ല.

“എടാ. ഇപ്രാവശ്യമെങ്കിലും നീയൊന്നു മനസ്സിരുത്തി പഠിച്ചിട്ട് അതൊന്ന് റെഡിയാക്കി എടുക്കാൻ നോക്കി..”

ആദി അവനെ നോക്കി.

“എന്റെ പൊന്ന് ആദി… ദയവായി എനിക്ക് കൊറച്ചു സമാധാനം താ നീ. വീട്ടീന്ന് കടുവയുമായുള്ള അങ്കം കഴിഞ്ഞുള്ള വരവാ ഞാൻ. ഇനി നിന്നോട് കൂടി.. വയ്യ.. ആവാതില്ല.. പ്ലീസ് വിട്ടേക്ക് ”
സഞ്ജു ആദിക്ക് നേരെ കൈ കൂപ്പി പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു.

“ഇന്നെന്തായിരുന്നു കാരണം.. നിന്നെ കടുവ കടിച്ചു കുടയാൻ?”
അവന്റെ വീർത്ത മുഖത്തു നോക്കി ആദി ചിരിയോടെ ചോദിച്ചു.

“ഓഓഓ.. കടുവക്ക് അങ്ങനെ പ്രതേകിച്ചു മാറ്റർ ഒന്നും വേണമെന്നില്ലടാ.. സ്ഥിരം പല്ലവി തന്നെ. ഏട്ടനെ കണ്ടു പഠിക്കാൻ. അതും ഏട്ടത്തിയുടെയും എന്റെ കൊച്ചുണ്ടാപ്രിയുടെയും മുന്നിൽ വെച്ചിട്ടാ ഇന്നത്തെ പ്രകടനം.ഏട്ടൻ വല്ല്യ പഠിപ്പിസ്റ്റ് ആയത് കൊണ്ട് പെട്ടത് ഞാനാ. എല്ലാർക്കും പഠിക്കാൻ ഒരുപോലെയല്ല ബുദ്ധിയെന്ന് കടുവയിനി എന്നാണാവോ മനസ്സിലാക്കുന്നത് എന്റെ ദൈവമേ..”

സഞ്ജുവിന്റെ ആത്മഗതം കേട്ടിട്ട് ആദി ചിരിക്കുന്നുണ്ടായിരുന്നു..

❣️❣️

ഒരാളുടെ ഏറ്റവും വലിയ ഭാരം ചിന്തകളുടേതാണെന്ന് പറയുന്നതെത്ര നേരാണ്.!

എങ്ങനെ കൂട്ടി കിഴിച്ചാലും ഒരറ്റം കാണാതെ ചുറ്റി വരിയുന്ന ചിന്തകളെന്ന നീരാളികൾ നാല് പാടും ചുറ്റി വരിഞ്ഞിട്ട് ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു പ്രിയയെ.

ഇന്ദുവിനെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു മടക്കി അയച്ചു.
പെണ്ണിനി വീട്ടിൽ പോയിട്ട് വീണ്ടും വഴക്കുണ്ടാക്കാൻ ശ്രമിക്കാതിരുന്നാൽ മതിയായിരുന്നു.

പ്രിയ ചെറിയൊരു ചിരിയോടെ ഓർത്തു. പണ്ടും തനിക്ക് വേണ്ടി തല്ലുണ്ടാക്കാൻ അവൾക്ക് വീര്യം അൽപ്പം കൂടുതലായിരുന്നു.

അമ്പലത്തിലേക്ക് പോകുന്ന വഴിയാണ് അവളുടെ വീട്.

അവിടെ നിന്നും ഒരു അരകിലോമീറ്റർ കൂടി നടക്കാനുണ്ട് പ്രിയയുടെ വീട്ടിലേക്ക്.

ഒരേ നാട്ടുകാർ ആയിരുന്നിട്ട് കൂടി പത്താം ക്ലാസ്സിൽ ഒരുമിച്ച് കൂടിയതോടെയാണ് പരസ്പരം അറിയുന്നത്.പരിചയപ്പെടുന്നതും.

ആ സൗഹൃദം വളർന്നു.. വളരെ ആഴത്തിൽ തന്നെ.
ഡിഗ്രിക്ക് ഒരേ കോളേജിൽ തന്നെ.. ഒരേ കോഴ്സ്.. ഒരേ ക്ലാസ്.

സൗഹൃദത്തിന്റെ തണുപ്പിൽ ആ ബന്ധം ആത്മാവ് തൊട്ടറിഞ്ഞു കഴിഞ്ഞിരുന്നു.

അതിനിടയിലാണ് പ്രിയയുടെ അച്ഛൻ മരിക്കുന്നതും.. ഒരു ജോലിക്ക് കയറിയാൽ മാത്രം ജീവിതം മുന്നോട്ട് പോകൂ എന്നൊരു ഗതികേടിലേക്ക് അവളുടെ സാഹചര്യം മാറിയതും.

അവളെ തടയാൻ പറ്റിയൊരു അവസ്ഥയിലല്ല എന്നറിയാവുന്ന ഇന്ദു അതിന് മുതിർന്നതുമില്ല.
അവൾ ഡിഗ്രി പഠനം പൂർത്തിയാക്കി വേറൊരു കോഴ്സ് എടുത്തു പഠിച്ചു.

ഇന്ദു അതിനിടയിൽ പലയിടത്തും ജോലിക്ക് മാറി മാറി കയറി ഭാഗ്യം പരീക്ഷണം നടത്തുന്ന തിരക്കിലുമായിരുന്നു.

ജോലിക്ക് അനേഷിച്ചു ചെല്ലുന്ന എല്ലായിടത്തും പാതി നിലച്ചു പോയ പഠനത്തെക്കാൾ വില്ലനായത് അവളെ മോഹിച്ചു നടക്കുന്ന പത്മയുടെ ഭർത്താവ്..അനൂപ് തന്നെയായിരുന്നു.

പിന്നിലൊരു വണ്ടിയുടെ ഹോൺ കേട്ടതോടെയാണ് പ്രിയ ഓർമകൾ കൊണ്ട് ചുറ്റിയ മുള്ളു വേലിക്കുള്ളിൽ നിന്നും പുറത്ത് ചാടിയത്.

കയ്യിലെ കറുത്തപട്ടയുള്ള വാച്ചിലേക്ക് അവളുടെ നോട്ടം നീണ്ടു.

ഇന്ദുവിനെ കൂടി കണ്ടതോടെ സമയം പോയിരുന്നു.

അവൾ നടത്തതിന്റെ സ്പീഡ് കൂട്ടി.

❣️❣️

“മതിയമ്മേ.. ഒരുപാട് കഴിച്ചാലും അമ്മയ്ക്ക് തന്നെയാണ് പണിയാകുന്നത് ”
വിളറിയ ഒരു ചിരിയോടെ പത്മ പറഞ്ഞതും അവളുടെ അരികിലിരുന്ന സുജയുടെ മുഖം നിറയെ സങ്കടമായിരുന്നു.

ഇടയ്ക്കിടെ ബാത്‌റൂമിൽ പോകുന്നതിനെയാണ് അവളേറെ ഭയക്കുന്നതെന്ന് സുജക്കറിയാം.

താനവളെ ഒരുപാട് ബുദ്ധിമുട്ടിയാണ് വലിച്ചു പൊക്കി വീൽചെയറിലേക്ക് ഇരുത്തുന്നതെന്ന് അവൾ മനസ്സിലാക്കിയിട്ടുണ്ട്.
അത് തടയാൻ വേണ്ടി ഭക്ഷണം പോലും വയർ നിറയെ കഴിക്കാറില്ല.. ആ പാവം.

അവർക്കിടയിലേക്കാണ് പ്രിയ കയറി വന്നത്.

“അമ്പലത്തിൽ പോയിട്ട് എവിടെടി പ്രസാദം?”
കൈ വീശി കടന്ന് വന്നവളെ നോക്കി സുജ ചോദിച്ചു.

പത്മയുടെ കണ്ണിലും ആ ചോദ്യമുണ്ടായിരുന്നു.

അപ്പോഴാണ് അവിടെ വരെയും പോയിട്ട് താൻ അമ്പലത്തിൽ കയറാതെയാണ് തിരിച്ചു പോന്നതെന്നുപോലും പ്രിയ ഓർക്കുന്നത് തന്നെ.

തുടരും..