രചന – കണ്ണന്റെ മാത്രം
ജോയും നിധിയും കൂടി കിളിക്കൂടിലേക്ക് കയറി ചെന്നപ്പോൾ വന്ദു ഞെട്ടി…
നിങ്ങൾ എന്താ.. ഒരു മുന്നറിയിപ്പും ഇല്ലാതെ… അതും ഇടദിവസത്തിൽ എന്തെങ്കിലും വിശേഷിച്ച് ഉണ്ടോ…
അവരുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ ജോനും നിധിക്കും മനസിലായി രാമേട്ടൻ അവരുടെ അടുത്ത് ഒന്നും പറഞ്ഞിട്ടില്ല എന്ന്…. ഇനിയെന്ത് പറയും എന്ന് ഒരുനിമിഷം അവർ ചിന്തിച്ചു…
എന്താന്ന് അറിയില്ല വന്ദു.. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ നിങ്ങളെ കാണണം എന്നൊരു ആഗ്രഹം… അതാ പിന്നെ ഇന്ന് ഹാഫ് ഡേ ലീവ് എടുത്ത് ഇങ്ങേരേം കുത്തിപ്പൊക്കി പോന്നത്.. നാളെ രാവിലെ നേരത്തേ ഇറങ്ങിയാൽ ടൈമിന് മുൻപ് എത്താലോ…
മ്മ്.. ഇന്ന് ഉള്ളി തീയൽ ഉണ്ടാക്കിയപ്പോൾ നിങ്ങളെ രണ്ടാളെയും ഞാൻ ആലോചിച്ചേ ഉള്ളൂ.. രണ്ടാൾക്കും ഭയങ്കര ഇഷ്ടല്ലേ അത്.. നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം…
വേണ്ട അമ്മേ.. ഞങ്ങൾ രാമേട്ടന്റെ അടുത്തൊന്ന് പോയിട്ട് വരാം…
ആ എന്നാൽ അങ്ങോട്ട് പൊക്കോ.. എന്താന്ന് അറിയില്ല കുറച്ച് ദിവസമായിട്ട് വല്ലാത്ത ടെൻഷനിൽ ആണ് ആള്.. എന്താ കാര്യം എന്ന് ചോദിച്ചിട്ടും പറയുന്നില്ല…
ഞാൻ ചോദിക്കാം അമ്മേ.. എന്നോട് പറയാതെ ഇരിക്കില്ല.. ജോ അതും പറഞ്ഞുകൊണ്ട് രാമേട്ടനെ കാണാൻ ക്ലിനിക്കിലേക്ക് പോയി…
രാമേട്ടാ… ജോയുടെ വിളിയാണ് സീറ്റിലേക്ക് തല ചാരിവച്ചു കണ്ണടച്ചിരുന്നിരുന്ന രാമേട്ടനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…
ആ നിങ്ങൾ എത്തിയോ.. മക്കൾക്ക് ബുദ്ധിമുട്ടായല്ലേ പെട്ടന്ന് വരാൻ പറഞ്ഞത്…
അതൊന്നും ഇല്ല… എന്താ രാമേട്ടാ പ്രശ്നം.. വന്ദു പറഞ്ഞല്ലോ ആകെ ടെൻഷനിൽ ആണ് കുറച്ചു ദിവസമായിട്ടെന്ന്….. നിധി അയാളുടെ അടുത്തേക്ക് ചെന്ന് അയാളുടെ രണ്ടും കൈയും കൂടിപ്പിടിച്ചുകൊണ്ട് ചോദിച്ചു…
അത്… എനിക്കറിയാം മക്കൾക്ക് ഇപ്പൊ ഒരു വിവാഹത്തിന് താൽപ്പര്യം ഇല്ല എന്ന്.. പക്ഷേ… അയാൾക്ക് ആ കാര്യം എങ്ങനെ അവരോട് പറയും എന്നൊരു ധാരണ ഉണ്ടായിരുന്നില്ല…
രാമേട്ടാ.. കാര്യം പറയ്… ഞങ്ങളോടല്ലേ.. എന്തും പറഞ്ഞൂടെ… ജോ അയാളോട് ചോദിച്ചു…
അയാൾ നിധിയുടെ കൈയിൽ നിന്ന് കൈ എടുത്ത് ജോയുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു…
മോന് എന്റെ കണ്ണനെ കൂടെകൂട്ടാൻ പറ്റുമോ.. ആരും അറിയണം എന്നില്ല.. ഒരു രജിസ്റ്റർ മാര്യേജ് ആയാലും മതി.. പക്ഷേ വേഗം വേണം.. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അല്ലെങ്കിൽ അനാഥയായി പോകും എന്റെ കുട്ടി… അവസാനം ആകുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു…
എന്തൊക്കെയാ രാമേട്ടാ ഈ പറയുന്നത്.. എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്.. ഒന്നും ഉണ്ടാവില്ല.. ജോ വിഷമത്തോടെ പറഞ്ഞു…
എന്തോക്കെയോ സംഭവിക്കാൻ പോകുന്ന പോലൊരു തോന്നൽ ആണ്… അത് പോരാതെ ഞാൻ എങ്ങോട്ട് പോകുമ്പോഴും ആരൊക്കെയോ പിന്നാലെ ഉണ്ടെന്ന് തോന്നുകയാണ് എനിക്ക്.. എപ്പോഴും ഒരു നിരീക്ഷണത്തിൽ ആണെന്നപോലെ.. എന്തോ വല്ലാത്തൊരു പേടി… അയാൾ വല്ലാതെ ടെൻഷൻ ആവുന്നുണ്ട് എന്ന് തോന്നി ജോന്…
ഹേയ്… രാമേട്ടാ… വെറുതെ ടെൻഷൻ ആവല്ലേ.. ഒന്നും ഉണ്ടാവില്ലാ… ഇപ്പൊ സമാധാനം കിട്ടാൻ എന്താ വേണ്ടത്.. ഞങ്ങൾ കല്യാണം കഴിക്കണം അതല്ലേ വേണ്ടു.. രണ്ട് ജാതി ആയതുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് വഴിയേ കല്യാണം കഴിക്കാൻ പറ്റുള്ളൂ.. ദേ ഇപ്പൊ തന്നെ ഓൺലൈൻ അപേക്ഷ കൊടുക്കാം.. 30 ഡേയ്‌സ് കഴിയണ്ടേ രജിസ്റ്റർ ചെയ്യാൻ അത് അപ്പൊ ചെയ്യാം… അല്ലെടോ… ജോ നിധിയോട് ചോദിച്ചു…
നിധി വെറുതെ തലയിട്ടിയതേ ഉള്ളൂ.. അവൾക്ക് എന്തോ രാമേട്ടന്റെ സംസാരം എല്ലാം കേട്ടിട്ട് വല്ലാത്ത ടെൻഷൻ ആയി… അവളുടെ മുഖം ആകെ വല്ലാതെ ആയി…
ഹേയ്.. എന്താടോ ഇത്… എന്തിനാ ഇപ്പൊ തന്റെ മുഖം ആകെ മാറിയത്… കണ്ടോ രാമേട്ടാ.. ദേ നിങ്ങള് കാരണം എന്റെ കൊച്ചും ആകെ ടെൻഷൻ ആയി.. ജോ രാമേട്ടനെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു…
ഒന്നുല്ല്യ കണ്ണാ.. അച്ഛനെ ഒരു സ്വപ്നം കണ്ടു.. അപ്പൊതൊട്ട് ഉള്ളിൽ ഒരു പേടി ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ നിന്റെ അവസ്ഥ ആലോചിച്ചിട്ട്.. അല്ലാതെ ഒന്നുമില്ല…
എന്തിനാ അങ്ങനെ ആവശ്യമില്ലാത്തത് ഒക്കെ ചിന്തിക്കുന്നേ.. ഒന്നും പറ്റില്ല ആർക്കും.. ചുമ്മാ മനുഷ്യനെ വിഷമിപ്പിക്കാൻ.. അവൾ അതും പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
വൈകാതെ തന്നെ ജോ പറഞ്ഞതുപോലെ കല്യാണം രജിസ്റ്റർ ചെയ്യാനുള്ള കാര്യങ്ങൾ ജോ ചെയ്യത്.. 30 ദിവസം കഴിഞ്ഞാൽ കല്യാണം രജിസ്റ്റർ ചെയ്താൽ മതി ഇനി.. അന്നത്തെ ദിവസം മുഴുവൻ സന്തോഷത്തോടെ കഴിഞ്ഞിട്ട് പിറ്റേന്നാണ് അവർ തിരികെ പോയത്..
രണ്ടാഴ്ചകൂടി കഴിഞ്ഞു പോയി.. അന്ന് രാവിലെ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ജോ ഉറക്കം ഉണർന്നത്… ആരായിരിക്കും ഇത്ര രാവിലെ എന്ന് കരുതിയാണ് ജോ ഫോൺ എടുത്ത് നോക്കിയത്… നോക്കിയപ്പോൾ രാമേട്ടന്റെ വീട്ടിലെ ലാൻഡ് ഫോൺ നമ്പർ ആണ്..
എന്താ രാമേട്ടാ… ജോ ഫോൺ എടുത്തതും ചോദിച്ചു..
മോനേ… അപ്പുറത്തെ സൈഡിൽ നിന്ന് കരച്ചിലോടെ ഉള്ള നിലവിളി ശബ്ദം ആണ് കേട്ടത്…
സത്യേച്ചി.. എന്തിനാ കരയുന്നേ.. രാമേട്ടനും അമ്മയും എവിടെ… ബെഡിൽ നിന്ന് വെപ്രാളത്തോടെ എഴുന്നേറ്റുകൊണ്ട് ജോ ചോദിച്ചു…
പോയി മോനേ.. നമ്മുടെ രാമേട്ടനും വന്ദുമോളും പോയി…
പോയെന്നോ.. എന്തൊക്കെയാ സത്യേച്ചി ഈ പറയുന്നത്.. അവൻ ഒരു വിറയലോടെ ചോദിച്ചു…
സത്യാ മോനേ.. ഒരു തുണ്ട് കയറിൽ നമ്മളെ ഒക്കെ ഉപേക്ഷിച്ച് അവർ രണ്ടാളും പോയി… എനിക്ക് അറിയില്ല മക്കളെ എന്താ വേണ്ടത് എന്ന്.. പോലീസ് വന്നിട്ടുണ്ട്… ഇവിടെ.. മോൻ മോളെയും കൂട്ടിവരോ ഒന്ന്.. എനിക്കാകെ പേടിയാകുന്നു…
സത്യേച്ചി എന്തൊക്കെയാ.. എനിക്ക്.. അവന് വാക്കുകൾ കിട്ടുന്നുണ്ടായില്ല.. കേട്ടവാർത്തയുടെ ഞെട്ടലിൽ തന്നെ ആയിരുന്നു അവൻ അപ്പോഴും..
സത്യാ മോനേ.. മോൻ വേഗം കുഞ്ഞിനേം കൂട്ടി വായോ.. എനിക്ക് ഒന്നിനും പറ്റുന്നില്ല.. അവർ അതും പറഞ്ഞ് ഫോൺ വച്ചു…
കുറച്ചുനേരം എടുത്തു ജോയ്ക് കേട്ട കാര്യം ഒന്ന് പ്രോസസ്സ് ആയി വരാൻ.. പക്ഷേ അപ്പോഴും അവന് അറിയില്ലായിരുന്നു എന്തിന് അവർ ഇത് ചെയ്യ്തു എന്ന്.. അവന് ദേഷ്യവും സങ്കടവും ഒരുപോലെ ഉള്ളിൽ നിറഞ്ഞു…
പക്ഷേ സമയം കളയാൻ ഇല്ല എന്ന ഓർമയിൽ അവൻ ആദ്യം തന്നെ മീരയെ വിളിച്ചു.. മീരയുടെ വീടിന്റെ ഓപ്പോസിറ്റ് ആയിരുന്നു അവന്റെ ഗസ്റ്റ് ഹൗസ്.. അങ്ങനെ ആ വീട്ടുകാരും ആയി പരിചയം ഉണ്ടായിരുന്നു.. ഇപ്പൊ നിധിയുടെ ബെസ്റ്റി ആയതുകൊണ്ട് ഒന്നുകൂടി പരിചയത്തിൽ ആയി… മീരയെ വിളിച്ച് കാര്യങ്ങൾ ചുരുക്കി പറഞ്ഞു.. അവൾക്കും ആകെ ഒരു തരിപ്പായിരുന്നു ആ ന്യൂസ് കേട്ടപ്പോൾ… അവളോട് നിധിയോട് എന്തേലും അപകടം എന്ന് പറഞ്ഞ് റെഡി ആക്കി നിർത്താൻ പറഞ്ഞു.. അവൻ ഒരു മണിക്കൂറിനുള്ളിൽ വരാം എന്ന് പറഞ്ഞു..
ജോ റെഡി ആയി താഴേക്ക് ചെല്ലുമ്പോൾ അവിടെ ഹന്ന ഉണ്ടായിരുന്നു.. അവൻ അതൊന്നും മൈൻഡ് ചെയ്യാതെ നേരെ വല്യപ്പച്ചന്റെ റൂമിൽ പോയി മൂന്നാർ തോട്ടത്തിൽ പോവുകയാണ് കുറച്ചുദിവസം കഴിയും തിരികെ എത്താൻ എന്ന് പറഞ്ഞു.. വല്യപ്പച്ചനോട് കാര്യം പറഞ്ഞ് തിരികെ റൂമിലേക്ക് പോകാൻ കോണിപ്പടിയുടെ അടുത്തെത്തിയപ്പോൾ ആണ് ഗ്രേസിയമ്മ ജോനുള്ള കോഫിയും കൊണ്ട് വന്നത്.. അവൻ അവിടെ നിന്ന് തന്നെ അത് വാങ്ങി കുടിക്കാൻ തുടങ്ങി…
നീ ഹന്നമോൾ വന്നത് കണ്ടില്ലേ… അവർ ചോദിച്ചു..
കാണാതിരിക്കാൻ എനിക്ക് കണ്ണിന് കാഴ്ച്ച കുറവൊന്നും ഇല്ല.. അവൻ ഗൗരവത്തിൽ പറഞ്ഞു…
പിന്നെ നീ എന്താ ഒന്നും മിണ്ടാത്തെ മോളോട്.. ആദ്യം ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. ഇപ്പൊ നീ എന്താ ഇങ്ങനെ…
അവർ ചോദിക്കുന്നത് കേട്ടിട്ടും അവൻ മിണ്ടാതെ നിന്നതേ ഉള്ളൂ…
ജോ നിന്നോടാണ് ഞാൻ ചോദിക്കുന്നത്.. അവർ അല്പം അരിശ്ശത്തോടെ ചോദിച്ചു…
ഞാൻ മമ്മിയോട് ഒരിക്കൽ പറഞ്ഞു അവളും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന്.. കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നവൾ ഈ വീട്ടിൽ കയറി ഇറങ്ങി നടക്കുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല…
ജോ… എന്തൊക്കെയാ നീ ഈ പറയുന്നത്.. അവൾ ആരുടെ കൂടെ പോയി എന്നാ നീ ഈ പറയുന്നത്.. അതൊക്കെ നിന്റെ തെറ്റിദ്ധാരണ ആണ്.. ഹന്നമോൾ എന്നോട് എല്ലാം പറഞ്ഞു.. ആ പയ്യൻ അവളുടെ കൂടെ പഠിച്ചിരുന്ന കുട്ടി ആണ്.. അല്ലാതെ നീ പറയുന്നതുപോലെ ഒന്നുമില്ല…
മമ്മിക്ക് ഞാൻ പറയുന്നതിലും വിശ്വാസം അവൾ പറയുന്നതാണെങ്കിൽ അതുപോലെ തന്നെ വിശ്വസിച്ചോ.. പക്ഷേ എന്നോട് ഒന്നും പറയാൻ നിൽക്കണ്ട…
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ജോ.. എന്നായാലും നിന്റെ കൂടെ…
അവർ പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് തന്നെ അവന്റെ കൈയിൽ ഉള്ള ചായക്കപ്പ് ശക്തിയോടെ നിലത്തേക്ക് എറിഞ്ഞിരുന്നു… അതിന്റെ ശബ്ദത്തിൽ ആ വീട്ടിൽ ഉള്ള എല്ലാവരും ഹാളിൽ എത്തിയിരുന്നു… ഗ്രേസിയമ്മ വിറങ്ങലിച്ചു നിന്നു…
നിങ്ങളോട് എത്ര തവണ പറയണം ഞാനും അവളും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന്.. ഇനി ഒരിക്കൽ കൂടി അവളുടെ കാര്യവും പറഞ്ഞ് എന്നോട് മിണ്ടാൻ വന്നാൽ ഞാൻ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല.. അതുകൊണ്ട് ഇതോടെ നിർത്തിക്കോ… അവൻ ആക്രോശത്തോടെ പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി..
ഡോ… വിൻസെന്റ് വന്ന് തോളിൽ പിടിച്ചപ്പോൾ ആണ് അവർ ഞെട്ടലിൽ നിന്ന് പുറത്തേക്ക് വന്നത്…
ഇച്ചായാ അവൻ…. അവർ വിതുമ്പലോടെ പറഞ്ഞു…
ഹാ.. പോട്ടെടോ.. അവൻ എന്തെങ്കിലും ടെൻഷനിൽ ആയിരുന്നിരിക്കും.. താൻ അത് വിട്ടുകള.. പോയി എനിക്കൊരു ചായ കൊണ്ട് വായോ.. ചെല്ല്… അയാൾ അവരെ സമാധാനിപ്പിച്ചു അടുക്കളയിലേക്ക് വിട്ടു.. അവർ അടുക്കളയിലേക്ക് പോയ നേരത്താണ് ജോ ഒരു ബാഗും കൊണ്ട് വന്നത്.. അവൻ ആരെയും നോക്കാതെ നേരെ കാറിൽ കയറിപോയി.. വിൻസെന്റ് ഒരു ദീർഘനിശ്വാസത്തോടെ റൂമിലേക്ക് പോയി..
……………….
മീര അച്ഛനും അമ്മയും ഒക്കെ അല്ലേ.. പേടിക്കാൻ ഒന്നും ഇല്ലല്ലോ… നിധി പിന്നെയും എടുത്തു ചോദിച്ചു..
ഇല്ലെടാ.. എന്നാലും icu വിൽ ആണ്.. ഒബ്സെർവഷന് അതാ വിളിച്ചിട്ട് കിട്ടാത്തത് എന്നാ ജോ ചേട്ടായി പറഞ്ഞത്… നീ റെഡി ആയി നിൽക്ക് ചേട്ടായി ഇപ്പൊ വരും.. അല്ലെങ്കിൽ ഞാനും വരാം കൂടെ.. എനിക്കും അങ്കിളിനേം ആന്റിയേയും കണ്ടിട്ട് വരാലോ.. തന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ അവളുടെ പുറംതിരിഞ്ഞു എന്തോ ചെയ്യുന്നതുപോലെ നിന്നിട്ടാണ് മീര അവൾക്ക് മറുപടി നൽകിയത്.. ഈ കാര്യം പറഞ്ഞപ്പോൾ മുതൽ ഇതുതന്നെ ആണ് അവളുടെ ചോദ്യം.. അവൾക്ക് എന്തോ ഒന്നും വിശ്വാസം ഇല്ല പറയുന്നതൊന്നും…
നിധി കാറിൽ കയറിയത് മുതൽ സൈലന്റ് ആയിരുന്നു.. പക്ഷേ അവളുടെ കണ്ണുകൾ മാത്രം നിറഞ്ഞിരുന്നു.. വല്ലാത്ത സ്പീഡിൽ ആയിരുന്നു ജോ കാർ ഓടിച്ചിരുന്നത്.. അവന്റെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു വല്ലാത്ത ഒരു സംഘർഷം നടക്കുന്നുണ്ട് അവനുള്ളിൽ എന്ന്… എന്നിട്ടും അവൾ ഒന്നും ചോദിച്ചില്ല.. ഒരുപക്ഷെ കേൾക്കുന്ന വാർത്ത അവളെ അടപടലം എരിച്ചുകളയുന്നതാണെങ്കിലോ എന്ന പേടി ആയിരിക്കാം…അവളുടെ വീടിന്റെ ആ ഭാഗത്തേക്ക് ഉള്ള റോഡിലേക്ക് കാർ തിരിഞ്ഞതും എന്തൊക്കെയോ മനസിലായതുപോലെ അവൾ ജോയുടെ മുഖത്തേക്ക് നോക്കി.. അവൻ പക്ഷേ അവളെ ഒന്ന് നോക്കിയത് പോലും ഇല്ല.. അവൾ പിന്നീട് ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു.. ഒരു തുള്ളി കണ്ണുനീർ അവളുടെ അടഞ്ഞകൺപോളകൾക്ക് ഉള്ളിൽ നിന്ന് കവിളിലൂടെ ചാല് തീർത്തു..
തുടരും…

by