23/04/2026

നിയതി : ഭാഗം 11

രചന – കണ്ണന്റെ മാത്രം

വന്ദു ഡോക്ടറുടെ മുഖം അങ്ങോട്ട് തെളിയുന്നില്ലല്ലോ… ജോ ഒരു കുസൃതി ചിരിയോടെ ചോദിച്ചു…

ദേ ചെക്കാ.. എന്റെ കൈയിൽ നിന്ന് അടി വാങ്ങേണ്ട.. രണ്ടാളും ഒരുമിച്ചങ്ങോട്ട് പോയാൽ ഞങ്ങൾ രണ്ടുപേരുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കിയേ… നിധിക്ക് ക്ലാസ്സ്‌ തുടങ്ങി എന്നെങ്കിലും വിചാരിക്കാം.. നിന്റെ കാര്യം അങ്ങനെ ആണോ… നിനക്ക് കുറച്ച് ദിവസം കൂടി നിന്നിട്ട് പോന്നാൽ പോരായിരുന്നോ… അവർ വീർത്ത മുഖത്തോടെ പറഞ്ഞു…
കൊച്ചിയിൽ നിധിയെ ഇറക്കി ജോയെ അവന്റെ ഓഫീസിന് മുന്നിൽ ഇറക്കാൻ പോവുകയായിരുന്നു അവർ.. അവർ ഇപ്പൊ വീട്ടിലേക്ക് വരേണ്ട എന്നത് ജോയുടെ തീരുമാനം ആയിരുന്നു.. ആരാ ശത്രു എന്നറിയാത്തതുകൊണ്ട് അവനെ സംരക്ഷിച്ചത് ഇവരാണെന്ന് ആരെങ്കിലും അറിഞ്ഞാൽ ഏതെങ്കിലും രീതിയിൽ അത് അവരെ ബാധിക്കുമോ എന്ന പേടിയിൽ ആണ് ജോ അങ്ങനെ ഒരു തീരുമാനം എടുത്തത്…

അത്രയും അത്യാവശ്യം ആയതുകൊണ്ടല്ലേ അമ്മേ.. ഞാൻ എല്ലാ ആഴ്ചയും വരാൻ നോക്കാം.. സത്യം.. അവൻ അവർക്ക് ഉറപ്പ് കൊടുത്തു… അപ്പോഴേക്കും അവർ ജോ പറഞ്ഞ ലൊക്കേഷനിൽ എത്തിയിരുന്നു…

ഇവിടെ നിർത്തിയാൽ മതി രാമേട്ടാ.. അവൻ പറഞ്ഞു…

ദേ.. അതാണ് എന്റെ ഹെഡ് ഓഫീസ്… അവൻ റോഡിന് ഓപ്പോസിറ്റ് ഉള്ള ഒരു സ്ഥലത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു…

അങ്ങോട്ട് നോക്കിയ രാമേട്ടനും വന്ദുവും ഞെട്ടി.. ആലുക്കൽ ഗ്രൂപ്പ്‌ എന്ന് എഴുതിയ ഒരു ബഹുനില കെട്ടിടം.. കണ്ടാൽ തന്നെ മനസിലാവും അതിന്റെ ലക്ഷ്വറി…

നീ അപ്പൊ ഒരു കൊച്ചുമുതലാളി തന്നെ ആണല്ലേടാ… രാമേട്ടൻ ഒരു ചിരിയോടെ ചോദിച്ചു…

ദേ രാമേട്ടാ.. വെറുതെ കളിയാക്കല്ലേ…. അവൻ മുഖം വീർപ്പിച്ചു…

കളിയാക്കിയതല്ലടാ ചെക്കാ.. ബിസിനസ്‌ എന്നൊക്കെ പറഞ്ഞെങ്കിലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.. അല്ലെടോ… അയാൾ വന്ദുവിനോട് എന്നതുപോലെ ചോദിച്ചു… വന്ദുവിന്റെ അനക്കം ഒന്നും കേൾക്കാതായപ്പോൾ ആണ് അവർ തിരിഞ്ഞു നോക്കിയത്… ഏതോ ഒരു ഭാഗത്തേക്ക്‌ നോക്കി കണ്ണും നിറചിരിക്കുന്ന വന്ദുവിനെ കണ്ടതും അവരും അവൾ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കി… രാമേട്ടന് പെട്ടന്ന് കാര്യം മനസിലായി..

ഡോ ഭാര്യേ…. രാമേട്ടൻ വിളിച്ചു…

ആ വിളിയിൽ അവർ ഒന്ന് ഞെട്ടി.. പിന്നെ പെട്ടന്ന് തന്നെ കണ്ണൊക്കെ തുടച്ച് തന്നെ നോക്കിയിരിക്കുന്നവർക്ക് ഒരു വിളറിയ ചിരി കൊടുത്തു…

എന്താ അമ്മേ… എന്തിനാ ഈ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്… ജോ ആകുലതയോടെ ചോദിച്ചു…

അതൊന്നുമില്ലെടാ ചെക്കാ.. ദേ ആ കാണുന്നത് ഇവളുടെ വീട്ടുകാരുടെ സ്ഥാപനം ആണ്.. അതുകണ്ടപ്പോൾ ഉള്ള സങ്കടം ആണ്… ജോയുടെ ഓഫീസിന്റെ അടുത്തായിട്ടുള്ള മറ്റൊരു കെട്ടിടം കാട്ടിയിട്ട് രാമേട്ടൻ പറഞ്ഞു…

ഏഹ്ഹ്.. നാഗാ ഗ്രൂപ്പ്സ് അമ്മയുടെ വീട്ടുക്കാർ ആണോ… അവൻ അത്ഭുധത്തോടെ ചോദിച്ചു.. കാരണം അത്രയും വലിയ ഒരു സാമ്രാജ്യം ആയിരുന്നു അത്.. ഇപ്പൊ കുറച്ച് നഷ്ടത്തിൽ ആണെങ്കിലും അവരുടെ പ്രൗഢി ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്..

അല്ലാതെ പിന്നെ.. നാഗമഠം തറവാട്ടിലെ വീരദത്തന്റെ ഒരേഒരു പെൺതരി അല്ലേ ഇവൾ.. രണ്ടാൺകുട്ടികൾക്ക് ശേഷം ഉണ്ടായ എല്ലാവരുടെയും രാജകുമാരി.. അതല്ലേ ഇവൾ ആദ്യം ഇഷ്ടം പറഞ്ഞു വന്നപ്പോ ഞാൻ നോ പറഞ്ഞത്…

ഓഹ്.. അപ്പൊ അമ്മ എന്റെ ശത്രുക്കളുടെ തറവാട്ടിലെ ആണല്ലേ.. ജോ ഒരു ചിരിയോടെ ചോദിച്ചു…

ശത്രുക്കളോ.. അതെന്താ അങ്ങനെ.. രാമേട്ടൻ ഒരു സംശയത്തോടെ ചോദിച്ചു..

ആ ഞങ്ങൾ ബിസിനസ്‌ റൈവൽസ് ആണ്.. അവരുടെ തട്ടകത്തിൽ ഉയർന്നുവന്ന എന്നെ അവർക്ക് അങ്ങോട്ട് പിടിച്ചില്ല.. വീരൻ സാർ ഉണ്ടായിരുന്നപ്പോൾ ഒരു ശത്രുതയും ഉണ്ടായിരുന്നില്ല.. എന്നെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു.. ഇപ്പൊ ഭരണം മുഴുവൻ മക്കളും പേരക്കുട്ടികളും ആണ്… സത്യം പറയാലോ അമ്മേ അമ്മയുടെ ആ രണ്ട് ചേട്ടന്മാരെയും അവരുടെ രണ്ട് ആൺമക്കളെയും ഒരു നുകത്തിൽ കെട്ടാം.. അവർ അല്ലാതെ മറ്റാരും വലുതാവരുത് എന്നൊരു ചിന്ത… ഇനിയങ്ങാനും വലുതായാൽ അവരെ തകർക്കാൻ എന്ത് നാറിയ പണിയും ചെയ്യും.. രാമേട്ടാ.. ഒളിച്ചോടിയതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു.. അല്ലെങ്കിൽ ഇങ്ങനെ രണ്ട് അളിയന്മാരുടെ ഇടയിൽ കിടന്ന് നട്ടം തിരിഞ്ഞേനെ…

നീ പോടാ.. അത്ര പ്രശ്നക്കാർ ഒന്നും അല്ല എന്റെ ഏട്ടന്മാർ.. ഇത്തിരി സ്വാർത്ഥത ഉള്ള കൂട്ടത്തിൽ ആണ്.. അതിന് ഇങ്ങനെ ഒന്നും പറയല്ലേടാ.. അവന്റെ ഷോൾഡറിൽ ആയി ഒന്ന് തല്ലികൊണ്ട് അവർ പറഞ്ഞു…

ഓഹ്.. ആങ്ങളമാരെ പറഞ്ഞത് ഡോക്ടറമ്മക്ക് പിടിച്ചില്ല.. ഇപ്പൊ നമ്മൾ ആരായി.. ജോ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു..

ശശി… രാമേട്ടൻ ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു..

അയ്യേ ചെളി.. ഇങ്ങേര് ഡോക്ടർ തന്നെ ആണോ അമ്മേ.. ജോ അയ്യേ എന്ന ഭാവത്തോടെ രാമേട്ടനെ നോക്കികൊണ്ട്‌ വന്ദുവിനോട് ചോദിച്ചു…

അതിന് വന്ദു മറുപടി പറയാൻ നേരത്താണ് ജോയുടെ ഫോൺ ബെല്ലടിച്ചത്… രഞ്ജു ആണ്

എന്താടാ.. അവൻ ഫോൺ എടുത്തതും ചോദിച്ചു..

********

ആണോ.. ഞാൻ ദാ വരുന്നു.. ജോ അതും പറഞ്ഞ് ഫോൺ വച്ചു…

എങ്കിൽ ഞാൻ പോട്ടെ… ഓഫീസിൽ ഒരു ചെറിയ ശുദ്ധികലശം നടത്താൻ ഉണ്ട്… ജോ രണ്ടുപേരോടുമായി പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി.. വന്ദുവും അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങി…

വിഷമിക്കല്ലേ എന്റെ പല്ല് ഡോക്ടറെ… പറ്റുന്ന ആഴ്ചകളിൽ മുഴുവൻ ഞാൻ വരാം.. വന്ദുവിന്റെ വാടിയ മുഖം കണ്ടപ്പോൾ ജോ പറഞ്ഞു..

ഹാ.. അത് നീ കാര്യമാക്കണ്ട ചെക്കാ.. ഇത് എല്ലാ പ്രാവശ്യവും മോളെ കൊണ്ടാക്കിയാൽ ഉള്ളതാണ് ഈ സങ്കടം.. ഇപ്പൊ നിന്റെ അടുത്തുകൂടി എന്ന് മാത്രം… രാമേട്ടൻ ഒരു ചിരിയോടെ പറഞ്ഞു…

അമ്മ വിഷമിക്കണ്ട.. അടുത്ത ആഴ്ച അമ്മേടെ നിധിക്ക് ഒഴിവാണെങ്കിൽ ഞാൻ അവളേം കൂട്ടി വരാം… ഇപ്പൊ പോട്ടെ…

മ്മ്.. അവർ അവന്റെ കവിളിലായി ഒന്ന് തഴുകിയിട്ട് കോ-ഡ്രൈവർ സീറ്റിലേക്ക് കയറി… അവരുടെ കാർ കണ്ണിൽ നിന്ന് മറയുന്നതുവരെ അവൻ നോക്കി നിന്നു..
പിന്നെ റോഡ് മുറിച്ചുകടന്ന് ഓഫീസ് ലക്ഷ്യമാക്കി പോയി..

…………….

നിങ്ങൾ എന്ത് പണിയാണ് ഈ കാണിക്കുന്നത്.. എന്തിനാ ജോയുടെ പേര് അവിടെ നിന്ന് മാറ്റുന്നത്.. രഞ്ജു ജോയുടെ പേര് കാബിൻ ഡോറിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്ന ആന്റണിയെയും ജോനാഥനെയും തടയാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു..

ആദവും അവരെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ അതൊന്നും മൈൻഡ് ചെയ്യുന്നുണ്ടായില്ല…

നിനക്കെന്താടാ ഇത് ഞങ്ങളുടെ കുടുംബ ബിസിനസ്‌ ആണ്.. അല്ലാതെ നിന്റെ തന്തയുടെ വക ഒന്നും അല്ലല്ലോ.. ക്രിസ്റ്റി രാഞ്ജുവിന്റെ നെഞ്ചിൽ പിടിച്ച് തള്ളിക്കൊണ്ട് ചോദിച്ചു…

കുടുംബ ബിസിനസോ.. ഏത് വകയിൽ.. ഇത് എന്റെ ജോയുടെ അധ്വാനം ആണ്. അല്ലാതെ നിനക്കൊന്നും ഇതിൽ യാതൊരു അവകാശവും ഇല്ല… രഞ്ജുവും കലിയോടെ പറഞ്ഞു..

അത് പറയാൻ നീയാരാടാ…. ക്രിസ്റ്റി ചോദിച്ചു…

ഞാൻ ഇല്ലെങ്കിൽ ഈ ഓഫീസിന്റെ ചുമതല ഞാൻ കൊടുത്തിട്ടുള്ളത് അവനാണെന്ന് ഇവിടെ വർക്ക്‌ ചെയ്യുന്ന നിനക്ക് അറിയില്ലേ ക്രിസ്റ്റി… അവരുടെ പിന്നിൽ നിന്നും ഉള്ള സംസാരം കേട്ടപ്പോൾ ആണ് രഞ്ജു ഒഴികെ എല്ലാവരും ഞെട്ടിക്കൊണ്ട് നോക്കിയത്..

അവിടെ നിൽക്കുന്ന ജോയെ കണ്ടതും ഒരുനിമിഷം എല്ലാവരും ഞെട്ടിപ്പോയി.. ആന്റണിയും ജോനാഥനും ക്രിസ്റ്റിയും ഒരു പേടിയോടെ ജോയെ നോക്കിയപ്പോൾ ആദം അത്ഭുധത്തോടെ ആണ് നോക്കിയത്.. അവന് ഉള്ളിൽ സന്തോഷവും നിറഞ്ഞു…

ജോ.. എവിടെ ആയിരുന്നെടാ നീ… ആദം അവനെ പുണർന്നുക്കൊണ്ട് ചോദിച്ചു..

ഒക്കെ പറയാം ആദം.. ആദ്യം ഇവർക്കെന്താ വേണ്ടത് എന്ന് ചോദിക്കട്ടെ ഞാൻ.. ക്രിസ്റ്റിയെയും കൂട്ടരെയും കാട്ടി അത് പറഞ്ഞുകൊണ്ട് ജോ അവരുടെ മുൻപിൽ ചെന്ന് നിന്നു…

നീ നേരത്തേ എന്തോ പറയുന്നത് കേട്ടല്ലോ ക്രിസ്റ്റി.. കുടുംബ ബിസിനസ്‌ എന്നോ… ആലുക്കൽ ഗ്രൂപ്പ്‌ എന്ന് മുതലാണ് നിന്റെ ഒക്കെ കുടുംബ ബിസിനസ്‌ ആയത്…

അല്ല ചേട്ടായി അത് പിന്നെ… ക്രിസ്റ്റി എന്ത് പറയണം എന്നറിയാതെ നിന്ന് വിക്കി…

മോനേ അത് പിന്നെ അവൻ… ആന്റണി പറഞ്ഞു തുടങ്ങുമ്പോഴേക്കും ജോ അവന്റെ കൈ എടുത്ത് വിലക്കിയിരുന്നു അയാളെ…

എന്റെ ബന്ധുക്കൾ, അല്ലെങ്കിൽ എന്നേക്കാൾ മുതിർന്നവർ എന്നൊരു സ്ഥാനം ഞാൻ തരുന്നുണ്ട് ഇപ്പൊ നിങ്ങൾക്ക്.. ഇനി നിങ്ങളുടെ പ്രവർത്തി ദോഷം കൊണ്ട് അതില്ലാതെ ആക്കണ്ട.. പിന്നെ ക്രിസ്റ്റി ഇനി ഒരിക്കൽ കൂടി നിന്റെ ശബ്ദമോ കൈയോ രഞ്ജുവിന് നേരെ ഉയർന്നാൽ നീ എന്റെ അനിയൻ ആണെന്നുള്ള വിചാരം ഞാൻ അങ്ങോട്ട് വേണ്ടാന്ന് വെക്കും… കേട്ടല്ലോ.. ജോ ഗൗരവത്തോടെ ചോദിച്ചു.. അതിനു അവൻ തല കുനിച്ചുകൊണ്ട് ഒന്ന് മൂളി.. അപ്പോൾ അവന്റെ ഉള്ളിൽ രഞ്ജുവിനോടും ജോയോടും ഒരുപോലെ പക തോന്നിയിരുന്നു…
ജോ എല്ലാവരെയും ഒന്ന് ഇരുത്തി നോക്കിയിട്ട് കാബിനിന്റെ ഉള്ളിലേക്ക് പോയി.. അവന്റെ പിന്നിലായി രഞ്ജുവും ആദവും പോയി..

ക്രിസ്റ്റിയും കൂട്ടരും കുനിഞ്ഞ ശിരസ്സോടെ എന്നാൽ ഉള്ളിൽ നിറഞ്ഞ പകയോടെ അവിടെ നിന്ന് പോയി….

ജോ.. വീട്ടിൽ എത്തുമ്പോൾ എല്ലാവരും അവനെ കാത്തെന്നപോലെ ഹാളിൽ തന്നെ ഉണ്ടായിരുന്നു.. വല്യമ്മച്ചിയും ഗ്രേസിയമ്മയും അവനെ കണ്ടതും കരഞ്ഞുകൊണ്ട് ചേർത്തുപിടിച്ചു.. അവനും ഗ്രേസിയമ്മയോട് ഉള്ളിൽ ഉള്ള അകൽച്ച കാണിക്കാതെ ചേർത്തുപിടിച്ചു.. കുറച്ചുനേരം എല്ലാവരുടെയും വിഷങ്ങൾ കേട്ട് മുഴുവനായിട്ടല്ലെങ്കിലും എന്താണ് അവന് പറ്റിയത് എന്ന് അവനും വിശദീകരിച്ചു.. ആദവും രഞ്ജുവും കൂടി അവന്റെ മിസ്സിംഗ്‌ കേസ് പിൻവലിക്കാൻ പോയതായിരുന്നു..

കുറച്ചുനേരം അവൻ അവരോടൊപ്പം ഇരുന്നിട്ട് റൂമിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ ആണ് കാറ്റുപോലെ ആരോ വന്ന് അവനെ പുണർന്നത്…

എവിടെ ആയിരുന്നു ഇച്ചായാ.. ഞാൻ എത്ര മാത്രം വിഷമിച്ചു എന്നറിയോ… ഹന്ന സങ്കടത്തോടെ പറഞ്ഞു.. സങ്കടത്തോടെ അല്ല സങ്കടം അഭിനയിച്ചുകൊണ്ട് പറഞ്ഞു..

ഛെ.. അവൻ അവളെ തന്റെ ശരീരത്തിൽ നിന്ന് കുടഞ്ഞെറിഞ്ഞു…

അയ്യോ ഹന്ന മോളെ… ഗ്രസിയമ്മയും തെരേസ്സയും ഒരുപോലെ അവളെ താഴെ നിന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ പോയി.. അവൻ അത് നോക്കി ഒരു പുച്ഛചിരിയോടെ റൂമിലേക്ക് പോകാൻ പോയി..

ജോ.. എന്ത് പണിയാ നീ കാണിച്ചത്.. മോൾക്ക് വേദന എടുത്ത് കാണില്ലേ.. അല്ലെങ്കിലേ നിന്നെ കാണാതായ അന്ന് മുതൽ വെള്ളം മാത്രം കുടിച്ചാണ് അതിന്റെ ജീവിതം.. എന്നിട്ടാണ് നീ എങ്ങനെ… ഗ്രേസിയമ്മ ദേഷ്യത്തോടെ ചോദിച്ചു..

എന്തേ അവൾക്ക് വെള്ളം അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ.. പിന്നെ തട്ടിയിട്ടത്.. എന്റെ ശരീരത്തിൽ പറ്റിയ ചെളി ഞാൻ തന്നെ തട്ടിക്കളഞ്ഞു.. അതിൽ എന്താണ് തെറ്റ്…

ജോ.. എന്ത് വർത്തമാനം ആണ് നീ ഈ പറയുന്നത്.. ഇന്നല്ലെങ്കിൽ നാളെ നിന്റെ ഭാര്യ ആകേണ്ടവൾ ആണ് ഹന്നമോൾ.. അവളെ കുറിച്ച് ഇങ്ങനെ ഒക്കെ ആണോ പറയുന്നത്… ഗ്രേസിയമ്മ ദേഷ്യത്തോടെ ചോദിച്ചു…

ഹഹഹ… എന്റെ ഭാര്യ.. അതും ഇവൾ.. ഒരിക്കലും നടക്കാൻ പോകുന്നില്ല… അവൻ അതും പറഞ്ഞുകൊണ്ട് അവന്റെ റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു…

മോള് ഇതൊന്നും കേട്ട് വിഷമിക്കേണ്ട.. അവൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് മോളെ ആയിരിക്കും.. അതീ മമ്മി തരുന്ന വാക്കാണ്.. ഉള്ളിൽ പകയോടെ എന്നാൽ പുറമെ വിഷമം അഭിനയിച്ച് നിന്നിരുന്ന ഹന്നയോടായി ഗ്രേസി പറഞ്ഞു…

താങ്ക്സ് മമ്മി.. എനിക്ക് ഇച്ചായനെ അത്രയും ഇഷ്ടമായതുകൊണ്ടാണ്… അവൾ അവരെ പുണർന്നുകൊണ്ട് ഒരു കുടിലമായ ചിരിയോടെ പറഞ്ഞു..

മമ്മിക്കറിയാം മോളെ നിന്റെ മനസ്സ്.. അവരും അവളെ തിരികെ പുണർന്നുകൊണ്ട് പറഞ്ഞു…

………………….

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി.. ജോയുടെ ആക്‌സിഡന്റ് നടന്നിട്ട് എട്ട് മാസത്തോളം കഴിഞ്ഞു.. ആ ആക്സിഡന്റിന് പിന്നിൽ ആരാണെന്ന് ഇപ്പോഴും കണ്ടെത്താൻ പറ്റിയിട്ടില്ല.. അവൻ പോകുന്ന ഓരോ കൂട്ടങ്ങളിലും ആ ലോറിയിൽ അന്ന് അവൻ കണ്ട ആളെ തിരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല… ജോയും രാമേട്ടനും വന്ദുവും തമ്മിൽ ഉള്ള അടുപ്പം വളരെ ആഴത്തിൽ ഉള്ളതായി.. അന്ന് ജോ വാക്ക് കൊടുത്തപ്പോലെ തന്നെ അവന് പറ്റുന്ന ആഴ്ചകളിൽ മുഴുവൻ അവൻ അവരുടെ അടുത്തേക്ക് പോകാറുണ്ട്.. അവർക്ക് അവൻ മകൻ തന്നെ ആണ്..

നിധിയും ജോയും ഇപ്പൊ പരസ്പരം പറയാതെ ഉള്ള പ്രണയത്തിൽ ആണ്.. അവർക്ക് രണ്ടാൾക്കും അറിയാം പരസ്പരം ഇഷ്ടമാണെന്ന്.. പക്ഷേ രണ്ടാളും അത് തുറന്ന് പറഞ്ഞിട്ടില്ല.. രാമേട്ടനും വന്ദുവിനും അറിയാം അവരുടെ ഇഷ്ടം.. അവർക്കും അത് സന്തോഷം തന്നെ ആയിരുന്നു.. നിധിയുടെ ഹൗസർജൻസി കൂടി കഴിഞ്ഞിട്ട് എന്താണെങ്കിൽ അവരുടെ അഭിപ്രായം അറിഞ്ഞിട്ട് ചെയ്യാം എന്നാണ് അവർ തീരുമാനിച്ചത്…

ജോ തിരക്കിട്ട് ഓഫീസിൽ ഓരോ പണിയിൽ ആയിരുന്ന സമയത്താണ് അവന്റെ ഫോൺ ബെല്ലടിച്ചത്.. അവൻ നോക്കിയപ്പോൾ രാമേട്ടൻ ആണ്… അവൻ വേഗം ഫോൺ എടുത്തു…

എന്താ രാമേട്ടാ… ഫോൺ എടുത്തതും ജോ ചോദിച്ചു..

ജോ.. തിരക്കില്ലെങ്കിൽ നിനക്ക് ഒന്ന് ഇവിടം വരെ വരാൻ പറ്റുമോ.. നിധിയേയും കൊണ്ട് വരണം…

എന്താ രാമേട്ടാ… എന്തേലും അത്യാവശ്യം ഉണ്ടോ.. അയാളുടെ വെപ്രാളപെട്ടിട്ടുള്ള ശബ്ദം കേട്ടപ്പോൾ ജോ ആകുലതയോടെ ചോദിച്ചു..

നീ വാ ജോ.. നേരിട്ട് പറയാം എല്ലാം… അയാൾ അതും പറഞ്ഞ് ഫോൺ വച്ചു.. ജോ ഫോണും പിടിച്ച് ആലോചനയോടെ ഇരുന്നു…

തുടരും….