രചന – ജിഫ്ന നിസാർ
കണ്ണീർ തുളുമ്പിയ മാത്തന്റെ കണ്ണുകൾ..
ക്രിസ്റ്റി അയാളെ സ്വന്തം നെഞ്ചിൽ ചേർത്ത് പിടിച്ചു.
“എന്റെ മോന്റെ ജീവനെടുത്തവനെ തന്നെ അവന്റെ സ്ഥാനത്തേക്ക് വലിച്ചു കയറ്റിയ പാപിയായി പോയല്ലോടാ മോനെ ഞാൻ… കർത്താവെ… എനിക്കിത് സഹിക്കാൻ വയ്യ ”
അതി ശക്തമായ വേദനയോടെ മാത്തൻ പറഞ്ഞു.
ഫിലിപ്പിന്റെ മരണം അപകടമല്ലെന്നും അയാളെ വർക്കി ചെറിയാൻ സൂത്രത്തിൽ കൊന്നതാണെന്നും അറിഞ്ഞതിലുള്ള മനസ്ഥാപമായിരുന്നുവത്.
ത്രേസ്യയുടെയും അവസ്ഥ ഏതാണ്ട് അത് പോലെക്കെ തന്നെയാണ് .
അവരും കുറച്ചൊന്നുമല്ല ഡെയ്സിയെ നിർബന്ധിച്ചിട്ടുള്ളത്.. വർക്കിയേ ഭർത്താവായി സ്വീകരിക്കുവാൻ വേണ്ടി.
അതെല്ലാം ഓർക്കുമ്പോൾ സ്വന്തം മകനോട് അനീതി ചെയ്തു പോയൊരു ഫീലായിരുന്നു രണ്ടു പേരിലും നിറഞ്ഞു നിന്നിരുന്നത്.
“ഇനി കരഞ്ഞു വിളിച്ചു വല്ലതും വരുത്തി വെക്കല്ലേ വല്യപ്പച്ച.. ഇപ്പഴാ ഇതൊരു വീടായത്.മനഃസമാദാനത്തോടെ ഇവിടുള്ളവർ ജീവിക്കാൻ തുടങ്ങിയത്…”
ക്രിസ്റ്റി അയാളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ശാസിച്ചു.
“എനിക്കോർക്കുമ്പോ തന്നെ വേദനിക്കുവാടാ.. മക്കളെ ”
മാത്തൻ ക്രിസ്റ്റിയെ ഇറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു.
“എനിക്കറിയാം വല്ലപ്പച്ച.. എനിക്ക് മനസ്സിലാവും. ഇത് പോലൊക്കെ തന്നെയാണ് എന്റേം അവസ്ഥ. എന്നും കരുതി കുറേ കരഞ്ഞത് കൊണ്ടോ വേദനിച്ചു നടക്കുന്നത് കൊണ്ടോ എല്ലാം തിരുത്താനൊക്കുവോ..?”
അവൻ ത്രേസ്യയെ കൂടി തന്നിലെക്ക് കോർത്തു പിടിച്ചു.
“എന്റെ അപ്പൻ അപകടത്തിൽ മരിച്ചതാണ്. ലോകം ഇനിയും അതങ്ങനതന്നെ അറിഞ്ഞാൽ മതി. വർക്കിയേ പോലൊരു നീചന്റെ കൈ കൊണ്ടാണ് കുന്നേൽ ഫിലിപ്പ് ഇല്ലാതായി പോയതെന്ന് ഇനിയാരും അറിയണ്ട..എന്റെ അപ്പന്നത് കുറച്ചിലാണ്..”
ക്രിസ്റ്റിയുടെ മുഖം കടുത്തു പോയിരുന്നു അത് പറയുമ്പോൾ.
“വർക്കിക്കുള്ളത് ഒട്ടും കുറയാതെ കിട്ടാൻ വേണ്ടിയുള്ളതെല്ലാം അയാളുടെ കേസ് ഫയലിലുണ്ടെന്ന് ഉറപ്പിച്ചിട്ട് തന്നെയാണ് ഇങ്ങനൊരു കൊലപാതകം കൂടി അയാളുടെ ക്രൂരതകളുടെ ലിസ്റ്റിൽ പ്പെടുത്തി ഞാൻ പുറം ലോകത്തെ അറിയിക്കാഞ്ഞത്. എന്റെ അപ്പന്റെ മരണത്തിൽ പോലും ഒരു അന്തസ്സ് ഉണ്ടാവണം. വർക്കി കാരണം അതില്ലാതായി പോവരുത് ”
മാത്തൻ അവൻ പറയുന്നത് ശെരി വെച്ചത് പോലെ തല കുലുക്കി.
❣️❣️
“വയ്യേ അമ്മേ?
കിടക്കുകയായിരുന്ന ഡെയ്സിയുടെ അരികിൽ പോയിരുന്നു ആ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് ക്രിസ്റ്റി അലിവോടെ ചോദിച്ചു.
ആ വയ്യായ്ക മനസ്സിനാണെന്ന് അവനറിയാം.
“വയ്യെങ്കിൽ എണീക്കണ്ടേ… കിടന്നോളു..”
അവനെ കണ്ടതും കണ്ണടച്ച് കിടക്കുകയായിരുന്ന ഡെയ്സി എഴുന്നേൽക്കാൻ ആഞ്ഞു..
“ഒന്നുല്ലെടാ….”
ചെറിയൊരു ചിരിയോടെ പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നവരെ ക്രിസ്റ്റി കയ്യിൽ പിടിച്ചുയർത്തി കൊണ്ട് കട്ടിലിൽ ചാരിയിരുത്തി.
“നീ എപ്പഴാ വന്നത്?” ഡെയ്സി അവന്റെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു.
“കുറച്ചു നേരമായി.. വല്യപ്പച്ചന്റെ മുറിയിലായിരുന്നു..”
ക്രിസ്റ്റി പറഞ്ഞു.
“പാവങ്ങൾ.. അവർക്ക് സഹിക്കാൻ കഴിഞ്ഞു കാണില്ല..നല്ലോണം വേദനിക്കുന്നുണ്ടാവും ഇപ്പൊ എല്ലാം അറിഞ്ഞപ്പോൾ..”
ഡെയ്സി വിളറിയ ചിരിയോടെ ക്രിസ്റ്റിയെ നോക്കി.
“എല്ലാം അറിഞ്ഞിട്ടും ഒന്നും ആരേം അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി ഇത്രേം കാലം ചങ്ക് പിടഞ്ഞു കൊണ്ട് എന്റമ്മ ജീവിച്ചത്രേം നോവൊന്നും ഉണ്ടാവില്ല.. ഇപ്പൊ ഇതറിയുന്ന ആർക്കും ”
ഡെയ്സിയുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“നിനക്ക്.. നിനക്കമ്മയോട് ദേഷ്യമുണ്ടോടാ മോനെ.. നിന്റെ ജീവിതം ഞാൻ നശിപ്പിച്ചെന്ന് തോന്നുന്നുണ്ടോ..?നിന്റെ അപ്പനെ കൊന്നവന്റെ കൂടെ….”
ഡെയ്സി നിറഞ്ഞ കണ്ണോടെ ക്രിസ്റ്റിയെ നോക്കി.
“എനിക്ക് ദേഷ്യമുണ്ട്… ”
അവൻ ഡെയ്സിയുടെ അരികിലേക്ക് കട്ടിലിൽ ചാരി കൊണ്ടിരുന്നു.
“അത് പക്ഷേ അമ്മയോടല്ല.. എന്നോട് തന്നെയാണ് .. ഇത്രേം വേദനയും അവഗണനയും സഹിക്കാനിട്ട് കൊടുക്കാതെ എന്റേയീ പാവം അമ്മയെ കുറച്ചു കൂടി മുന്നേയെനിക്ക് രക്ഷപ്പെടുത്തിയെടുക്കാൻ കഴിഞ്ഞല്ലല്ലോ എന്നോർക്കുമ്പോൾ, സത്യത്തിൽ എനിക്കെന്നെ തന്നെ വെടിവെച്ച് കൊല്ലാൻ തോന്നാറുണ്ട്..”
ഡെയ്സിയെ തന്റെ തോളിലേക്ക് ചായ്ച്ചു കിടത്തി കൊണ്ടാണ് ക്രിസ്റ്റിയത് പറഞ്ഞത്.
“എല്ലാം.. എല്ലാം വിധിയാണെടാ.. മോനെ.ഇങ്ങനൊക്കെ വരണമെന്ന് വളരെ മുന്നേ എഴുതി ചേർത്ത വിധി…”
അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ഡെയ്സി പതിയെ പറഞ്ഞു.
“കോടതിയിൽ പോയിരുന്നോ നീയിന്ന്?”
അൽപ്പസമയം അതേ കിടപ്പ് തുടർന്നിട്ട് നേരെ ഇരുന്നു കൊണ്ട് ഡെയ്സി ചോദിച്ചു.
“മ്മ്..”
“റിഷിനെ … അവനെ കണ്ടോ?”
ഉറപ്പോടെ പറയും എന്നുള്ള ഡെയ്സിയുടെ ഉറപ്പിനെ പിടിച്ചുലച്ചു കൊണ്ടാ ചോദ്യം വിറച്ചു പോയിരുന്നു.
“മ്മ്..”
“അവനെന്തെങ്കിലും… പറഞ്ഞോ? അവന്.. അവനൊട്ടും വയ്യടാ..”
“ഇല്ല…പക്ഷേ… നല്ലൊരു വക്കീലിനെ ഏർപ്പാട് ചെയ്താൽ റിഷിനെ രക്ഷപ്പെടുത്തിയെടുക്കാനാവും അമ്മേ..”
ക്രിസ്റ്റി ഡെയ്സിയെ നോക്കി.
“അവനെ രക്ഷപ്പെടുത്തിയെടുക്കാൻ നീ ഒന്നും ചെയ്യേണ്ടതില്ല. വർക്കിയുടെ രക്തമാണ് അവന്റെ സിരകളിൽ കൂടി ഒഴുകുന്നത്. അതിന്റെ ഗുണം അവൻ കാണിക്കും ഇനിയും…അവിടെ കിടക്കട്ടെ.. പഠിക്കാനുണ്ട്.. അവനും.. അതിനകത്തു കിടക്കട്ടെ..അപ്പൊ പഠിക്കും..”
വല്ലാതെ വലിഞ്ഞു മുറുകി പോയിരുന്നു ഡെയ്സിയുടെ മുഖം അത് പറയുമ്പോൾ.
“ഇല്ലമ്മേ.. അവന്.. അവന് നല്ല മാറ്റമുണ്ട്. അവൻ ചെയ്തതെല്ലാം അവനായിട്ട് തന്നെ കോടതിയിൽ ഏറ്റു പറഞ്ഞു. മാത്രമല്ല വർക്കിയുടെ കള്ളത്തരം കൂടി അവിനിന്ന് അവിടെ പൊളിച്ചെഴുതി..ചെയ്തു കൂട്ടിയതെല്ലാം തെറ്റായിരുന്നുവെന്നും അതിന് അർഹിക്കുന്ന ശിക്ഷ കിട്ടണമെന്നും അവനൊരു ബോധ്യം വന്നത് പോലെ.. അതൊരു നല്ല ലക്ഷണമല്ലേ…?”
ക്രിസ്റ്റി ചിരിയോടെ ഡെയ്സിയെ നോക്കി.
അവരൊന്നും മിണ്ടിയില്ല.
“അവന്റെ സിരകളിൽ വർക്കി ചെറിയാൻ എന്നാ പിശാച്ചിന്റെ രക്തം മാത്രമല്ലല്ലോ.. എന്റെ അമ്മയുടെ മകൻ കൂടിയല്ലേ റിഷിൻ… ആ ഗുണവും അവൻ കാണിക്കണമല്ലോ..”
ക്രിസ്റ്റി വീണ്ടും ഡെയ്സിയെ അടക്കി പിടിച്ചു.
“ഇത്രേം വരെയും നമ്മൾ കൊണ്ടെത്തിച്ചില്ലേ അമ്മേ. ഇനിയും നമ്മൾ തടഞ്ഞു വീഴില്ല.. റിഷിനെ അമ്മ ആഗ്രഹിക്കുന്നത് പോലൊരു മകനാക്കി ഈ മുന്നിൽ നിർത്തി തരാം ഞാൻ.. എന്നെ വിശ്വസിക്കൂ..”
ക്രിസ്റ്റിയുടെ മുഖം പിടിച്ചു താഴ്ത്തി ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ടാണ് ഡെയ്സി തന്റെ സന്തോഷം അറിയിച്ചത്.
പിള്ളേരേം കൂട്ടി ഡൗണിൽ പോകുന്ന കാര്യം ക്രിസ്റ്റി ഡെയ്സിയോട് പറഞ്ഞു.
“ഞാനത് നിന്നോട് പറയാനിരിക്കയായിരുന്നു. പാത്തുന് ഡ്രസ്സ് പോലും ഇല്ലെടാ…”
ഡെയ്സി അവനോട് പറഞ്ഞു.
സമയം കളയണ്ട.. പെട്ടന്ന് പോയിട്ട് വാ ന്നും പറഞ്ഞു കൊണ്ട് ഡെയ്സി തന്നെയാണ് ക്രിസ്റ്റിയെ അവിടുന്ന് പറഞ്ഞു വിട്ടതും..
❣️❣️
മുറിയിലേക്ക് കയറി ചെന്നവനെ.. ശ്വാസം പോലും വിടാൻ കഴിയാത്ത വിധം ഇറുകെ കെട്ടിപിടിച്ചു കൊണ്ടാണ് പാത്തു തന്റെ സന്തോഷമറിയിച്ചത്.
ആ മനസ്സിലെ സന്തോഷമെത്രയാണെന്ന് സിറ്റൗട്ടിൽ വെച്ച് കണ്ട ആദ്യ കാഴ്ചയിൽ, അവൾ പറയാതെ തന്നെ ക്രിസ്റ്റിക്ക് മനസ്സിലായതുമാണ്.
അവളെ പിടി വിടാതെ തന്നെ വാതിലടച്ചു കുറ്റിയിട്ട് കൊണ്ടവൻ അവളെയും ആഞ്ഞു പുണർന്നു.
രണ്ട് പേരും പരസ്പരം ഒന്നും പറയുന്നില്ല.
പക്ഷേ ഹൃദയം നിറഞ്ഞൊഴുകുന്ന സന്തോഷം… അത് രണ്ടാളും അറിയുന്നുണ്ട്.
“ആ പിള്ളേരിപ്പോ വന്നു ബഹളമുണ്ടാക്കി തുടങ്ങും കേട്ടോ.. നമ്മൾക്കു പോണ്ടേ പാത്തോ ”
ഇത്തിരി നേരം കഴിഞ്ഞു ക്രിസ്റ്റി നെഞ്ചിൽ അള്ളി പിടിച്ചു നിൽക്കുന്നവളെ അടർത്തി മാറ്റാൻ ശ്രമിച്ച് കൊണ്ട് പതിയെ പറഞ്ഞു.
“വേണ്ട.. എനിക്കെങ്ങും പോണ്ട ഇച്ഛാ.. ഇങ്ങനെ നിന്ന മതി ”
പാത്തും വീണ്ടും അവനിലേക്ക് പറ്റി ചേർന്നു.
“ഈ വിയർത്തു നാറുന്ന പരുവത്തിലോ..?”
ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി..
“നാറ്റോ.. ഇത് നാറ്റൊന്ന..ല്ല ഇച്ഛാ.. ഈ സ്മെൽ എനിക്കെന്തോരും ഇഷ്ടണെന്നറിയോ ”
ഒന്നുകൂടി ശ്വാസം ആഞ്ഞു വലിച്ചു സ്വകാര്യം പോലെ പാത്തു പറഞ്ഞു.
“ചില്ലറ ഭ്രാന്തോന്നുമല്ലല്ലോ പെണ്ണിന്റെ കയ്യിലുള്ളത് ”
അവൻ അവളുടെ കാതിൽ കടിച്ചു കൊണ്ട് പറഞ്ഞു.
പാത്തു ഞെട്ടി പിടഞ്ഞു കൊണ്ട് അവനിൽ നിന്നും അകന്ന് മാറി.
“നിനക്കീ സ്മെൽ ഇഷ്ടപ്പെടാമെങ്കിൽ .. എനിക്കീ കടിയും ഭയങ്കര ഇഷ്ടമാണ് ”
തന്നെ നോക്കി കണ്ണുരുട്ടുന്നവളെ നോക്കി ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.
അവന്റെ ഭാവം കണ്ടിട്ട് പാത്തു വീണ്ടും ചിരിച്ചു.
“എനിക്കിന്ന് ഇച്ഛയോട് ഭയങ്കര ഇഷ്ടം തോന്നുന്നു ”
അവനെ നോക്കാതെ മുഖം കുനിച്ചു കൊണ്ട് പാത്തു പറഞ്ഞു.
“അത് ശരി.. അപ്പൊ ഇന്നലെ വരെയും എന്നോടുണ്ടായിരുന്ന ആ ഇഷ്ടം ഫേക്ക് ആയിരുന്നോ?”
കയ്യിലെ വാച്ച് അഴിച്ചു കൊണ്ട് ക്രിസ്റ്റി കുസൃതിയോടെ അവളെ നോക്കി.
“ഇച്ഛാ…”
പാത്തു ചിണുങ്ങി കൊണ്ട് വിളിച്ചു.
“അങ്ങനല്ല..”
“പിന്നെങ്ങനാ പാത്തോ…”
പേഴ്സും ഫോണും കൂടി മേശയിൽ വെച്ച് കൊണ്ട് ഷർട്ട് അഴുക്കുന്നതിനിടെ ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി.
“അതിപ്പോ…എങ്ങനെ പറയും ഞാൻ പടച്ചോനെ.. അല്ലേലും ഇഷ്ടത്തിന്റെ അളവൊക്കെ എങ്ങനാ ഇച്ഛാ പറയുന്നെ?”
പാത്തു അവനെ നോക്കി.
“ഇഷ്ടം പറയാൻ പറ്റിയില്ലേൽ … അതിന്റെ അളവ് പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയില്ലേൽ . അത് പ്രവർത്തിച്ചു കാണിക്കണം..”
ഷർട്ടും അഴിച്ച് മേശയിലേക്ക് വെച്ചിട്ട് ക്രിസ്റ്റി വീണ്ടും അവൾക്ക് മുന്നിൽ.. പോയി നിന്നു.
“അതെങ്ങനെയാണെന്ന് അറിയുവോ..ന്റെ പെണ്ണിന്?”
എത്ര പെട്ടന്നാണ് അവന്റെ ശബ്ദം പ്രണയത്തിന്റെ മാസ്മരിക ഭാവത്തിലേക്ക് മുങ്ങി പോയതെന്നായിരുന്നു പാത്തുവപ്പോഴും ഓർത്തത്.
തന്നെ നോക്കുന്ന ആ കണ്ണുകളിലും ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിക്കുമെല്ലാം പ്രണയത്തിന്റെ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
“പറ.. പാത്തോ..അറിയാവോ?”
അവളെ വലിച്ചു നെഞ്ചിൽ ചേർത്ത് കൊണ്ടവൻ വീണ്ടും ചോദിച്ചു.
പത്തു ഒന്നും മിണ്ടാതെ അവന്റെ കണ്ണുകളിലെ കാന്തിക ശക്തിയിൽ ലയിച്ചു പോയിരുന്നു ആ നിമിഷം..
“ഇച്ഛാ കാണിച്ചു തരട്ടെ.. ”
പതിയെ… വീണ്ടും അവളുടെ കാതിൽ അവന്റെ പ്രണയം തുടിക്കുന്ന ശബ്ദം..
പാത്തു അപ്പോഴും ഒരക്ഷരം പറയാതെ അവനിലേക്ക് നോക്കി തറഞ്ഞു നിന്ന് പോയി..
അവന്റെ നോട്ടം തന്റെ ചുണ്ടിലാണെന്ന് അറിഞ്ഞതും അവളൊന്നു കുതറി .
ഒരു ശലഭം പറഞ്ഞിറങ്ങുന്നത്രേം മൃദുവായി കൃസ്റ്റിയുടെ ആദ്യചുംബനം..
ഹൃദയമിപ്പോൾ പൊട്ടി പോകുമെന്ന് ഭയന്നു കൊണ്ട് പാത്തു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവനെ അള്ളി പിടിച്ചു നിന്നു…
❣️❣️
“ഇനി വേണോടോ?”
ലില്ലിയുടെ നേരെ നോക്കി ഷാനവാസ് ചോദിച്ചു.
“വേണ്ട..”
അവൾ പതിയെ പറഞ്ഞു.
“എങ്കിലാ പാത്രമിങ്ങ് താ ”
അവളിരിക്കുന്ന ഡോറിന് അരികിൽ ചെന്നിട്ട് ഷാനവാസ് കൈ നീട്ടി.
“അത്.. ഞാൻ.കൊടുത്തോളാം ”
താൻ കഴിച്ച വേസ്റ്റ് പാത്രം അയാളെ ഏല്പിക്കാനുള്ള മടിയോടെ ലില്ലി പറഞ്ഞു.
“ഇനിയിപ്പോ അതിനായ് താൻ ഇറങ്ങണോ.. ഇങ്ങ് തന്നേക്ക് ”
പറയുന്നതിനൊപ്പം തന്നെ അയാളാ പാത്രം പിടിച്ചു വാങ്ങി.
ഒരു തട്ട്കടയുടെ അരികിലായിരുന്നു അവർ.
‘നമ്മുക്കൊരു കാപ്പി കുടിക്കാമെന്ന് പറഞ്ഞു കൊണ്ട് കാർ നിർത്തി ഷാനവാസ് ഇറങ്ങി പോകുമ്പോൾ വേണ്ടന്ന് പറയാണമെന്നുണ്ടായിട്ടും അതിന് കഴിയാതെ ലില്ലി അസ്വസ്ഥമായിരുന്നു.
ഒരേ സമയം അയാളുടെ സാമീപ്യം അവളിൽ സന്തോഷവും അസ്വസ്ത്ഥതയും ഒരുപോലെ നിറച്ചു.
“കഴിക്ക്… ”
ഒരു പ്ളേറ്റിൽ കഴിക്കാനുള്ളത് വാങ്ങി നിറഞ്ഞ ചിരിയോടെ തനിക്ക് നേരെ നീട്ടുന്നവനോട് എങ്ങനെ വേണ്ടന്ന് പറയും..
അവളത് കൈ നീട്ടി വാങ്ങി..
“ഇവിടുത്തെ പാനി പൂരിക്ക് അപാരടേസ്റ്റ് ആണെടോ. കഴിച്ചു നോക്ക് ”
അവളിരിക്കുന്ന സൈഡിൽ ചാരി നിന്നു കയ്യിലുള്ള പാത്രത്തിലെ പാനി പൂരി ആസ്വദിച്ചു കഴിക്കുന്നതിനിടെ ഷാനവാസ് പറയുന്നുണ്ടായിരുന്നു.
അയാൾ പറഞ്ഞത് വളരെ ശെരിയാണെന്ന് ലില്ലിക്കും തോന്നി.
ഷാനവാസ് പറഞ്ഞ പോലെ വല്ലാത്തൊരു ടേസ്റ്റ് ഉണ്ടായിരുന്നു അതിന്.
വീണ്ടും പോയി ചായ വാങ്ങി വന്നിട്ട് അതിലൊരു ഗ്ലാസ് ലില്ലിക്ക് നീട്ടി.
അതെല്ലാം അയാൾ ആസ്വദിച്ചു ചെയ്യുമ്പോൾ ലില്ലി വീർപ്പുമുട്ടലോടെയാണ് ഇരിക്കുന്നത്.
“പോയാലോ..?”
തിരികെ കാറിലേക്ക് വന്നു കയറി ഷാനവാസ് ചോദിച്ചു.
കർച്ചീഫിൽ കൈ തുടച്ചു കൊണ്ട് ലില്ലി മൂളി.
“ഈ യാത്ര.. ഇതൊരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നുണ്ട് കേട്ടോ ഞാൻ ”
യാത്രയുടെ ഇടയിലെപ്പഴോ ഷാനവാസ് പറഞ്ഞു.
ലില്ലി മുഖം കുനിച്ചു.
“അത്രത്തോളം സന്തോഷം തോന്നുന്നു.. തനിക്കൊപ്പമുള്ള ഈ നിമിഷങ്ങളിൽ..”
നേർത്തൊരു ചിരിയോടെ ഷാനവാസ് പറയുന്നത് കേട്ട് ലില്ലി ശ്വാസം പിടിച്ചിരുന്നു.
“തന്റെയൊരു വാക്കിന്… ഇപ്പൊ എന്റെ സന്തോഷത്തിന്റെ വിലയുണ്ട് ലില്ലി.. തനിക്കിനിയുമത് മനസിലാവാത്തതെന്തേ?”
ഇപ്രാവശ്യം ആ വാക്കുകൾക്ക് വേദനയുടെ കനമുണ്ടായിരുന്നുവോ..?
ലില്ലിക്കും ഹൃദയം വേദനിച്ചു തുടങ്ങി..
“തനിക്കിനിയും അംഗീകരിക്കാൻ കഴിയാത്ത അത്രേം കുറവുകൾ ഉണ്ടോ ടോ എനിക്ക്…?”
സ്വയം പുച്ഛിച്ചു കൊണ്ടാണോ ആ ചോദ്യം..?
ലില്ലി അയാളെ നോക്കി..
“ഞാൻ.. ഞാൻ വല്ലാതെ കൊതിച്ചു പോകുന്നു… അത് കൊണ്ടാടോ… ഇങ്ങനൊക്ക..”
അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടതും താനവളെ വേദനിപ്പിച്ചോ എന്നൊരു തോന്നലിൽ ഷാനവാസ് പെട്ടന്ന് പറഞ്ഞു.
“എനിക്ക് നിങ്ങളുടെ… ഉമ്മയെ ഒരുപാട് ഇഷ്ടമായി…”
ശ്വാസമെടുത്ത് കൊണ്ട് പറയുന്നവളെ നോക്കി അയാൾ ഒരു നിമിഷം ഇരുന്നു..
“ഇപ്പൊ… ഇപ്പൊ നിങ്ങളെയും….”
ആ കണ്ണിലേക്കു നോക്കി അത് പറയുമ്പോൾ… തനിക്ക് മുന്നിലെ ലോകം നിച്ഛലമായത് പോലെ ഷാനവാസ് അവളിൽ മാത്രം ലയിച്ചിരുന്നു..
തുടരും….
“ഒറപ്പിക്കാവോ..”
കുന്നേൽ ബംഗ്ലാവിന്റെ മുറ്റത്തേക്ക് കാറോടിച്ചു കയറ്റി ഒരുവട്ടം കൂടി ഷാനവാസ് ലില്ലിയെ നോക്കി .
അവളൊന്നും മിണ്ടാതെ അയാളെ തന്നെ നോക്കി.
“അല്ലാ.. എനിക്കങ്ങോട്ട് വിശ്വസിക്കാൻ കഴിയാഞ്ഞിട്ടാ. ഇത്രയും പെട്ടന്ന്.. അതും ഇയാളുടെ ഭാഗത്തു നിന്നൊരു പോസിറ്റീവ് റെസ്പോണ്ട്.. അത് ഞാനൊട്ടും പ്രതീക്ഷിക്കുന്നുണ്ടായിരികുന്നില്ലടോ ”
വല്ലാത്തൊരു ആവേശത്തിൽ പറയുന്ന അയാളെ നോക്കുമ്പോൾ ലില്ലിയുടെ ഉള്ളിലൂടെ ഒരു തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു.
താൻ കൂടെയുള്ള ജീവിത്തിലേക്കുള്ള ആ കാത്തിരിപ്പ്.. അതയാളുടെ സ്നേഹമാണല്ലോ..
“ഇനി..ഇനിയിത് മാറ്റി പറയില്ലല്ലോ ല്ലെ..?”
അവളൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ടതും ഷാനവാസ് വീണ്ടും ചോദിച്ചു.
“എനിക്ക്.. എനിക്കിത് ന്റെ ഉമ്മാനോട് പറയാഞ്ഞിട്ട് ധൃതിയായി. ”
ആ പറഞ്ഞത് സത്യമായിരുന്നു.ആ ധൃതി അയാളിൽ വിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
“ധൈര്യമായിട്ട് പറയണം.. ഉമ്മാന്റെ മോളായി ഞാൻ വരുന്നുണ്ടെന്ന്…”
അയാളെ തന്നെ നോക്കി പതിഞ്ഞ ചിരിയോടെ ലില്ലി പറഞ്ഞു.
ഷാനവാസ് അവളെ നോക്കി തലയാട്ടി..
“പറയാം ”
“അകത്തേക്ക് വരുന്നില്ലേ…?”
ലില്ലി ഇറങ്ങും മുന്നേ ചോദിച്ചു..
“പിന്നീടവട്ടെ.. ഇപ്പൊ ഇച്ചിരി തിരക്കുണ്ട്..”
അയാളാ പറഞ്ഞ തിരക്ക് എന്താണെന്ന് ശെരിക്കും അറിയാവുന്നത് കൊണ്ട് തന്നെ ലില്ലി പിന്നൊന്നും പറയാൻ നിൽക്കാതെ ഡോർ തുറന്നിറങ്ങി..
“ഒക്കെ… ബൈ.”
ഡോറിന് നേരെ തല കുനിഞ്ഞു നിൽക്കുന്നവളെ നോക്കി ചിരിയോടെ പറഞ്ഞിട്ട് അയാളാ കാർ അവിടെതന്നെയിട്ട് തിരിച്ചു.
കൈ വീശി കാണിച്ച് കൊണ്ട് അയാളിറങ്ങും വരെയും ലില്ലി ഗേറ്റിലേക്ക് നോക്കി ലില്ലി അവിടുണ്ടായിരുന്നു.
❣️❣️
“ചേട്ടായി..”
വാതിൽ ഇടിച്ചു കൊണ്ട് ദിലുവിന്റെ വിളി കേട്ടാണ് ക്രിസ്റ്റി പാത്തുവിൽ നിന്നും അകന്ന് മാറിയത്.
ക്രിസ്റ്റിയെ നോക്കാനുള്ള മടിയോടെ പാത്തു അവന്റെ നെഞ്ചിലേക്കു മുഖം പൂഴ്ത്തി നിൽക്കുമ്പോൾ രണ്ട് പേരും നന്നായി കിതക്കുന്നുണ്ടായിരുന്നു.
പുറത്ത് നിന്നുള്ള തട്ടി വിളി കുറച്ചു കൂടി ഉച്ചത്തിലായി.
“ഞാൻ കുളിക്കട്ടെ… നീ വാതിൽ തുറന്നു നോക്ക് ”
ക്രിസ്റ്റി ധൃതിയിൽ അവളെ പിടിച്ചു മാറ്റി കൊണ്ട് ബാത്റൂമിന് നേരെ നടന്നു.
“ഇച്ഛാ…കഷ്ടണ്ട് ട്ടോ.. അവളുമാർ രണ്ടും കൂടി ഇന്നേ..”
വാതിൽ തുറന്നാലുള്ള പുകിലോർത്തു കൊണ്ട് പാത്തു ആധിയോടെ വിളിച്ചു.
“ഒന്നും ഉണ്ടാവില്ല.. നീ ചെല്ല്.. ഞാൻ കുളിക്കാൻ കയറിയെന്ന് പറ.. “ക്രിസ്റ്റി ബാത്റൂമിൽ നിന്നു കൊണ്ട് പറഞ്ഞു..
“പിന്നേയ്… പോകുമ്പോൾ ആ മുഖമൊന്ന് തുടച്ചിട്ട് പോ..”
അവളെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ടാവൻ വേഗം വാത്‌ലടച്ചു.
പാത്തു പെട്ടത് പോലെ.. ഒരു നിമിഷം അതേ നിൽപ്പ് തുടർന്നു.
ദിലു അപ്പോഴും വിളിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.
കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ച് പാത്തു വാതിലിന്റെ ലോക്ക് എടുത്തു മാറ്റി.
പ്രതീക്ഷിച്ചത് പോലെ തന്നെ.. ദിലു കലിപ്പിട്ട് കൊണ്ടവളെ തുറിച്ചു നോക്കി നിൽപ്പുണ്ട്.
“എത്ര നേരമായി വിളിക്കുന്നു.. ചേട്ടായി റെഡിയായില്ലേ.. ഇച്ചേച്ചി…”
“ഇപ്പൊ വരും.. ബാത്റൂമിലാ..”
പാത്തു ചിരിയോടെ പറഞ്ഞു.
“ഇച്ചേച്ചി റെഡിയായോ..?”
ദിലു പാത്തുവിനെ ഒന്ന് അടിമുടി നോക്കി കൊണ്ട് ചോദിച്ചു.
“ആഹ്.. ”
അവളുടെ നോട്ടം കണ്ടതും പാത്തു പെട്ടന്ന് പറഞ്ഞു.
“ഈ ചേട്ടായിയുടെ ഒരു കാര്യം. ഇപ്പൊ തന്നെ വൈകി…”
പുറത്ത് പോകാനുള്ള ആവേശത്തിൽ ദിലു മുറിയിലേക്ക് നോക്കി വീണ്ടും പറയുന്നുണ്ട്.
“ചേട്ടായി ഇപ്പൊ വരും. നീ വാ.. നമ്മക്ക് താഴേക്ക് പോവാം..”
പാത്തു അവളെ അനുനയിപ്പിച്ചു കൊണ്ട് തോളിൽ പിടിച്ചു.
വീണ്ടും ഒന്നൂടെ മുറിയിലേക്ക് നോക്കി കൊണ്ട് ദിലു അവൾക്കൊപ്പം നടന്നു.
“മീരാ റെഡിയായോ…?”
അവളുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ പാത്തു ദിലുവിനെ നോക്കി.
“മീരേച്ചി.. താഴെയുണ്ടാവും ”
ദിലു പറഞ്ഞതോടെ രണ്ടു പേരും കൂടി താഴേക്ക് നടന്നു..
പത്തു മിനിറ്റ് കൊണ്ട് ക്രിസ്റ്റീയും റെഡിയായി താഴേക്ക് ചെന്നു.
“കുഞ്ഞാന്റി എപ്പഴാ വന്നത്..?”
അടുക്കളയിൽ അവർക്കൊപ്പമിരിക്കുന്ന ലില്ലിയെ കണ്ടതും അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
“ഇപ്പൊ…വന്നോള്ളെടാ .”
ലില്ലി വാത്സല്യത്തോടെ അവന്റെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു.
“എങ്ങനാ വന്നത്?”
“ഷാനിക്ക കൊണ്ട് വിട്ടു ”
അത് പറയുമ്പോൾ ലില്ലിയുടെ മുഖം ചുവന്നു പോയിരുന്നു.
“ഇപ്പൊ സൂപ്പർ മാർക്കറ്റിൽ അല്ല കുഞ്ഞാന്റിക്ക് ജോലി. ല്ലെ?”
ക്രിസ്റ്റിയൊരു ചിരിയോടെ ചോദിക്കുമ്പോൾ ലില്ലി അതിനുള്ളിൽ അവൻ വേറെന്തെലും സംശയങ്ങൾ കൂടി ഒളിപ്പിച്ചു പിടിച്ചുണ്ടോ എന്നൊരു ആശങ്കയോടെയാണ് തലയാട്ടിയത്.
“എന്നാ പോയാലോ.. ഗയ്സ്..?”
ലില്ലിയെ വിട്ട് കൊണ്ട് ക്രിസ്റ്റി അവർക്കൊപ്പം തന്നെ ഉണ്ടായിരുന്ന മീരയെയും ദിലുവിനെയും നോക്കി ചോദിച്ചു.
മീരയും ദിലുവും ആവേശത്തിൽ തലയാട്ടി സമ്മതം അറിയിച്ചുവെങ്കിലും പാത്തു അവനെ നോക്കുന്നുണ്ടായിരുന്നില്ല.
അതെന്തു കൊണ്ടാണെന്ന് അറിയാവുന്നതിനാൽ ക്രിസ്റ്റീയും ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.
‘പോയിട്ട് വരാം.. ”
മറിയാമ്മച്ചിയേയും ഡെയ്സിയെയും ത്രേസ്യയെയും നോക്കി മൂവരും യാത്ര ചോദിച്ചു.
“ലില്ലിയാന്റി വരുന്നോ ഞങ്ങടെ കൂടെ..?”
പാത്തു ലില്ലിയെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.
“യ്യോ.. ഞാനില്ല മോളെ..ഞാനിപ്പോ വന്നല്ലേ ഒള്ളു.ഇപ്പൊ നിങ്ങള് പോയേച്ചും വാ. നമ്മക്ക് എല്ലാർക്കും കൂടെ പിന്നെയൊരു ദിവസം പോവാലോ..”
ലില്ലി അവളെ നോക്കി ചിരിയോടെ പറഞ്ഞു.
വല്യപ്പച്ചനോട് കൂടി പറഞ്ഞിട്ട് ക്രിസ്റ്റി ചെല്ലുമ്പോഴേക്കും എല്ലാവരും സിറ്റൗട്ടിൽ ഇറങ്ങി നിൽപ്പുണ്ട്.
ക്രിസ്റ്റി കാർ സ്റ്റാര്ട് ചെയ്തതും മീരയും ദിലുവും മുന്നേ പ്ലാൻ ചെയ്തത് പോലെ ഓടി പോയി പിന്നിൽ കയറി.
പാത്തു കൂടി അങ്ങോട്ട് നുഴഞ്ഞു കയറാൻ ശ്രമിച്ചതോടെ.. ഇവിടെ ഒട്ടും സ്ഥലമില്ലെന്ന് കടുപ്പത്തിൽ പറഞ്ഞു കൊണ്ട് രണ്ട് പേരും കൂടി അവളെ പുറത്താക്കി.
ക്രിസ്റ്റി അടക്കി പിടിച്ചൊരു ചിരിയോടെ ഇതെല്ലാം കാണുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല.
ക്രിസ്റ്റിയുടെ കൂടെ കയറുകയല്ലാതെ പാത്തുവിന് പിന്നെ വേറൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.
അവനാവട്ടെ അവളെ നോക്കുമ്പോൾ വല്ലാത്തൊരു ചിരി ബാക്കിയുണ്ട്.
“അപ്പൊ.. ഓക്കേ.. ചേട്ടായി.. കത്തിച്ചു വിട്ടോ ”
പാത്തു കൂടി കയറിയതോടെ ദിലു പറഞ്ഞു.
“ഡൺ.. ”
പിന്നിലേക്ക് നോക്കി കണ്ണ് ചിമ്മി കൊണ്ട് ക്രിസ്റ്റി കാറെടുത്തു..
കൈ വീശി കാണിച്ചു കൊണ്ടവർ അവിടെ നിന്നിറങ്ങി.
“പാട്ടിട് ഇച്ഛാ..”
പിന്നിൽ നിന്നും മീരാ വിളിച്ചു പറഞ്ഞു.
നേർത്ത ശബ്ദത്തിൽ ക്രിസ്റ്റി സ്റ്റിരിയോ ഓൺ ചെയ്തു..
ശബ്ദം പോരാന്ന് പിന്നിൽ നിന്നും രണ്ടും കൂടി ബഹളം വെച്ചതോടെ.. ക്രിസ്റ്റി വോളിയം കൂട്ടി.
പിന്നിൽ നിന്നും ചിരിച്ചും കളിച്ചും ബഹളം വെക്കുന്നവരെ നോക്കി പാത്തു പല്ല് കടിച്ചു..
“തിരിച്ചു വീട്ടിലെത്തട്ടെ.. നിനക്കൊക്കെ ഞാൻ കാണിച്ചു തരുന്നുണ്ട് ”
“നീ എന്നെ കൂടി പരിഗണിക്കെടി പാത്തോ ”
പിന്നിലേക്ക് നോക്കി പിറുപിറുക്കുന്നവളെ നോക്കി ക്രിസ്റ്റി പതിയെ പറഞ്ഞു.
“എന്തിന്?”
പാത്തു നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.
“അല്ല.. വീട്ടിലെത്തിയിട്ട് അവർക്കെന്തോ കാണിച്ചു കൊടുക്കുന്നുണ്ടെന്ന് പറഞ്ഞില്ലേ…?”
ചുണ്ടിൽ തടവി കൊണ്ട് ക്രിസ്റ്റി പറഞ്ഞതും അവൾ ചുവന്നു പോയ മുഖം കുനിച്ചു.
അവൻ കൈ നീട്ടി അവളുടെ വിരലിൽ കോർത്തു പിടിച്ചതോടെ.. പാത്തു പിറകിലേക്ക് കണ്ണ് കാണിച്ചു.
പക്ഷേ അവരതൊന്നും അറിയുന്നുണ്ടായിരുന്നില്ല..
അത്രമേൽ ആഹ്ലാദത്തോടെ ആ യാത്ര ആസ്വദിക്കുകയായിരുന്നു.
❣️❣️
“എത്ര നേരമായെടാ തെണ്ടി കാത്തിരിക്കൂന്നു ”
ഷോപ്പിംഗ് മാളിലേക്ക് കയറി ചെന്നയുടനെ തന്നെ ക്രിസ്റ്റീയുട കൈ പിടിച്ചു ഞെരിച്ചു കൊണ്ട് ഫൈസി അവന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു.
“നീ അതിന് എന്നെയാണോ കാത്തിരുന്നത്?”
പുച്ഛത്തോടെ ക്രിസ്റ്റീയും തിരിച്ചു ചോദിച്ചു.
ഫൈസി ഒന്നിളിച്ചു കാണിച്ചു.
“എന്റെ പെങ്ങളെ വായിൽ നോക്കാൻ വലിഞ്ഞു കേറി വന്നിട്ട്.. അവൻ ഡയലോഗടിക്കുവാ.. ചെറ്റ.”
ക്രിസ്റ്റി ഫൈസിയെ നോക്കി.
“പതിയെ പറയെടാ..”
അവന് പിന്നിൽ വരുന്ന മീര കേൾക്കുമോ എന്നാ ആധിയോടെ ഫൈസി പല്ല് കടിച്ചു.
ക്രിസ്റ്റിയുടെ കൂടെ ഫൈസിയെ കൂടി കണ്ടതോടെ മീര പതുങ്ങി കളിക്കുന്നുണ്ടായിരുന്നു.വല്ലപ്പോഴും ഫോൺ വിളിക്കുകയും ചാറ്റിംഗ് ചെയ്യുകയും ചെയ്യുമെന്നല്ലാതെ…നേരിട്ട് സംസാരിക്കുന്നത് വളരെ വിരളമായിരുന്നു.
പക്ഷേ ഓരോ നോട്ടം കൊണ്ടും ഒരായിരം വസന്തം തീർക്കാനറിയാവുന്ന പ്രണയം രണ്ടു പേർക്കുള്ളിലും അപ്പോഴും പൂത്തുലഞ്ഞു നിൽപ്പുണ്ടായിരുന്നു.
പാത്തുവും ദിലുവും കൂടി അവളെ നോക്കി അടക്കി ചിരിച്ചു.
“ഇവിടെ നിൽക്കാതെ വാ..”
തനിക് ചുറ്റും തിരിഞ്ഞു കളിക്കുന്നവരെ നോക്കി ക്രിസ്റ്റി ചിരിച്ചു.
പിന്നെയൊരു ബഹളമയമായിരുന്നു.
“നിങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങിക്ക് എന്നും പറഞ്ഞു കൊണ്ട് മീരയെയും ദിലുവിനെയും പാത്തുവിനെയും അതിനകത്തേക്ക് പറഞ്ഞു വിട്ടിട്ട് ക്രിസ്റ്റീയും ഫൈസിയും സോഫയിലേക്കിരുന്നു.
പക്ഷേ അഞ്ചു മിനിറ്റ് കഴിഞ്ഞതും ദിലു വന്നിട്ട് രണ്ടു പേരെയും അകത്തേക്ക് വലിച്ചു കൊണ്ട് പോയി.
അത് വരെയും കേട്ടു കേൾവി മാത്രമുണ്ടായിരുന്ന’ പെണ്ണുങ്ങളുടെ ഡ്രസ്സെടുക്കൽ ‘മാമാങ്കം അന്നാദ്യമായി ക്രിസ്റ്റീയും ഫൈസിയും അനുഭവിച്ചു.
എല്ലാവരും കൂടി ആഞ്ഞു ശ്രമിച്ചതോടെ ഒരു മൂന്നു മണിക്കൂർ നേരത്തേ കഠിനധ്വാനത്തിന് ശേഷം ഏറെക്കുറെ വേണ്ടതെല്ലാം വാങ്ങിച്ചെടുത്തു.
എല്ലാവരുടെ കയ്യിലും വലിയ ഓരോ ബിഗ് ഷോപ്പറുകൾ ഉണ്ടായിരുന്നു.
പാത്തുവിന് മാത്രമല്ല.. ദിലുവിനും മീരക്കും.. പിന്നെ വീട്ടിലുള്ളവർക്കും കൂടി വാങ്ങിച്ചു കൂട്ടിയതിനു പുറമെ… ക്രിസ്റ്റീയെയും ഫൈസിയെയും പോലും വെറുതെ വിട്ടില്ല.ഫറക്കുള്ളത് മീരാ പ്രതേകം ഫൈസിയുടെ കയ്യിൽ ഏല്പിച്ചു.
ഭക്ഷണം കൂടി കഴിച്ചിട്ട് പോകാം എന്നായിരുന്നു പ്ലാൻ.
കയിലുള്ള സാധനങ്ങളുമായി പുറത്തേക്കിറങ്ങി.
അവരഞ്ചു പേരുടെയും ജീവിതത്തിൽ അന്നത്തെ പോലൊരു സന്തോഷം… അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലെന്ന് എല്ലാവർക്കും ഒരുപോലെ തോന്നി.
തുടക്കത്തിലുണ്ടായിരുന്ന ജാള്യത മാറിയതോടെ.. എല്ലാവരും പരസ്പരം പാര പണിതും തമ്മിൽ കളിയാക്കിയും.. ആ കുറച്ചു സമയത്തെ എന്നെന്നും ഓർക്കാനുള്ള അപൂർവ നിമിഷമാക്കി മാറ്റുകയായിരുന്നു.
ആൾക്കൂട്ടങ്ങൾക്കിടയിൽ കൂടി തിങ്ങി ഞെരുങ്ങി നടക്കുന്നവർക്ക് കാവലായ് മുന്നിൽ ക്രിസ്റ്റീയും പിന്നിൽ ഫൈസിയുമുണ്ടായിരുന്നു.
നടത്തത്തിനിടെ പെട്ടന്നാണ് പാത്തുവിന്റെ കൈകൾ തൊട്ട് മുന്നിൽ നടക്കുന്ന ക്രിസ്റ്റിയുടെ ഷർട്ടിൽ മുറുകിയത്.
അവൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
“എന്തേ..?”
വിളറി വെളുത്തു പോയ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.
അവളൊന്നും മിണ്ടാതെ എന്തോ തുറിച്ചു നോക്കുന്നുണ്ട്.
മുഖം പേടി കിട്ടിയത് പോലെ…
“പാത്തു.. ഡീ.. എന്തേ…?”
മീരാ കൂടി അവളെ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.
“അവളൊന്നും മിണ്ടാതെ ക്രിസ്റ്റിയുടെ പിന്നിലേക്ക് മാറി.
‘കാര്യം പറയെന്റെ പാത്തോ ”
അവളെ നെഞ്ചിൽ അടക്കി പിടിച്ചു കൊണ്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“അമീൻ..”
ദൂരെ ആരോടോ സംസാരിച്ച് കൊണ്ട് നിൽക്കുന്ന ഒരുവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ടവൾ പതിയെ പറഞ്ഞു.
ക്രിസ്റ്റി അവളെയൊന്ന് സൂക്ഷിച്ചു നോക്കിയതും അതേ എന്നർത്ഥത്തിൽ പാത്തു തലയാട്ടി കാണിച്ചു.
ശേഷം അവന്റെ കണ്ണുകൾ ഫൈസിക്കു നേരെ നീണ്ടു.
മനസിലായെന്ന പോലെ അവനും തലയാട്ടി.
മീരക്കും ദിലുവിനും അവനാരെന്ന് അറിയില്ലങ്കിലും.. പാത്തുവിനെ ഉപദ്രവിച്ച ആരോ ആണെന്ന് ഉറപ്പായിരുന്നു.
കാരണം അവളുടെ മുഖം നിറയെ അത്രയും പേടിയുണ്ടായിരുന്നു.
“വാ.. അവളെയും പിടിച്ചു കൊണ്ടവൻ അമീന്റെ നേരെ നടന്നു..
“പെൺകുട്ടികളെ കയറി പിടിക്കുന്നോടാ..”
പാത്തുവിനെ അവന്റെ അടുത്തേക്ക് നീക്കി നിർത്തി ചോദ്യത്തോടെ ക്രിസ്റ്റി അവന്റെ മുഖം നോക്കി അടിയും കഴിഞ്ഞിരുന്നു.
“കാര്യം മനസ്സിലാവും മുൻപ് അമീന്റെ കണ്ണുകൾ പാത്തുവിൽ പതിഞ്ഞു.
ആ നിമിഷം തന്നെ അവന്റെ മുഖം ഭയം കൊണ്ട് വിളറി..
അറക്കൽ ഷാഹിദിനെ അടിച്ചോതുക്കി അവനായി പറഞ്ഞു വെച്ച പെണ്ണിനേയുംകൊണ്ടിറങ്ങി പോയൊരു കുന്നേൽ ക്രിസ്റ്റി ഫിലിപ്പിനെ കുറിച്ച് അവനും കേട്ടിരുന്നു.
ഞൊടിയിട കൊണ്ടവിടെ ആള് കൂടി.
പാത്തുവിനെ അമീൻ അവിടെ വെച്ച് പിടിച്ചു വലിച്ചെന്ന് പറഞ്ഞു കൊണ്ട് ക്രിസ്റ്റീയും ഫൈസിയും മാറി മാറി അവനെ തല്ലുമ്പോൾ ഒരക്ഷരം പോലും എതിർപ്പ് പറയാതെ അമീൻ അതെല്ലാം ഏറ്റു വാങ്ങി.
തമ്മിൽ ഭേദം അതാണെന്ന് അവനും തോന്നിയിരുന്നു….ക്രിസ്റ്റി എന്തിനാണ് തന്നെ അടിക്കുന്നതെന്നും അവന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു..
തുടരും…

by