രചന – അക്ബർ അലി
മനംപോലെ മംഗല്ല്യം …!
₹**************************₹
( കഥ …)
ഗിരീഷ് വൈകുന്നേരം 5 മണിക്ക് ഓഫീസ് സമയം കഴിഞ്ഞാൽ സുഹൃത്ത് ഹരിയുമൊത്ത് ഒരു ചായ കുടിച്ച് കുറച്ചു നേരം കൊച്ചു വർത്തമാനമൊക്കെ പറഞ്ഞ് വളരെ സാവധാനമാണ് നാട്ടിലേക്കുള്ള ബസ്സ് കയറാറുള്ളത് .
ചിലപ്പോൾ ടൗണിൽ കച്ചവടം നടത്തുന്ന തൻ്റെ സുഹൃത്ത് ഷബീബിൻ്റെ ഷോപ്പിൽ കുറച്ച് സമയം ചെലവഴിക്കും . വീട്ടിൽ അമ്മ മാത്രമാണുള്ളത് . അല്പം പ്രായമായെങ്കിലും അമ്മയ്ക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല . പഴയകാലത്തെ ചിട്ടയായ ജീവിത ശൈലി കാരണം കാര്യമായ രോഗമൊന്നും പിടിപ്പെട്ടിട്ടില്ല .
വീട് നിൽക്കുന്ന ഒന്നരയേക്കർ പുരയിടത്തിൽ തെങ്ങ് , കവുങ്ങ് , ജാതി എന്നിവയ്ക്ക് പുറമെ ചേന , കാച്ചിൽ , ചേമ്പ് , പയറ് , വെണ്ട മുതലായ കൃഷികളുമുണ്ട് . എല്ലാം നോക്കി നടത്തുന്നത് അമ്മ തന്നെ ആണ് . പകൽ സമയത്ത് അയൽ വാസികളായ മൊയ്തീൻക്കയും ഭാര്യയും സഹായത്തിനുണ്ടാകും .
…വിളക്കു വെച്ച് അധികം താമസിയാതെ വീട്ടിലെത്തണം . അതാണ് ഗിരിയോട് അമ്മ പറയാറുള്ളത് .
ഒരിക്കൽ ഓഫീസിൽ നിന്നും ജോലി കഴിഞ്ഞിറങ്ങുമ്പോൾ തൻ്റെ കോളേജിൽ ഡിഗ്രിക്ക് തൻ്റെ താഴെക്ലാസിൽ പഠിച്ച സൗമ്യയെ യാദൃശ്ചികമായി ഗിരി കണ്ടുമുട്ടി . കൂടെ അവളുടെ സ്നേഹിത സുഹാനയും ഉണ്ടായിരുന്നു . രണ്ടു പേരും ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവരാണ് .
ഗിരി സാധാരണ പോകാറുള്ള ബസ്സ് റൂട്ടിൽ തന്നെയാണ് അവർക്കും തിരിച്ചു പോകേണ്ടത് . സൗമ്യ ഇറങ്ങി നാല് സ്റ്റോപ്പ് കഴിഞ്ഞാണ് സുഹാനക്ക് ഇറങ്ങാറുള്ളത് . അത് കഴിഞ്ഞാണ് ഗിരിക്ക് ഇറങ്ങേണ്ടത് .
ഇവരെ പരിചയപ്പെട്ട ശേഷം ഗിരി സ്ഥിരമായി അവർ പോകുന്ന ബസ്സിൽ തന്നെ വീട്ടിലേക്ക് തിരിച്ചുപോയി തുടങ്ങി . ഇതിനെ ചൊല്ലി ഒരിക്കൽ ഹരി അവനെ കളിയാക്കി ചോദിച്ചു .
…എടാ മോനെ ഗിരി ….നീ ഈയിടെ വീട്ടിലേക്ക് നേരത്തെ പോകുന്നതിൻ്റെ ഗുട്ടൻസ് എനിക്ക് ഇന്നലെയാണ് പിടി കിട്ടിയത് ……എടാ എന്തെങ്കിലും ചുറ്റി കളിയുണ്ടോ സവാരി … ഗിരി …ഗിരി നിനക്ക് ?
…..പോ ഹരിയേട്ടാ …. അങ്ങിനെ ഒന്നുമില്ല …
ഓൺലി സൗഹൃദം …..ഗിരി പ്രതികരിച്ചു .
….. ഉവ …ഉവ്വേ …. നമ്മൾ ഇതൊക്കെ എത്ര കണ്ടതാ …
രണ്ടിൽ ഏതീനോടാ ….?
താത്തക്കുട്ടിയോടൊ നായര്കുട്ടിയൊടൊ….?
ചുമ്മാ തോന്നുന്നതാ …. ഗിരി ഒഴിഞ്ഞു മാറി .
…..പിന്നെ അവസാനം കരഞ്ഞ് സെൻ്റിമെൻസും പറഞ്ഞ് ഹരിയേട്ടനോട് സഹായം ചോദിച്ച് വരരുത് … കേട്ടല്ലൊ ?
….ഉത്തരവ് …. തമ്പ്രാ ….
വൈകുന്നേരത്തെ യാത്രയിൽ മൂന്നു പേരും നല്ല സുഹൃത്തുക്കളായി . പക്ഷെ ഹരി താക്കീതായി പറഞ്ഞപ്പോലെ ഗിരിയുടെ മനസ്സ് കുറേശ്ശെ നിയന്ത്രണം വിടാൻ തുടങ്ങി ….!
ഒരു ദിവസം സൗമ്യ ഗിരിയോട് പറഞ്ഞു .
…. ഒന്ന് സ്വകാര്യമായി നിന്നെ കാണണം നാളെ സുഹാന ലീവാണ് . നമുക്ക് ഓഫീസ് കഴിഞ്ഞ് ഒന്ന് സംസാരിക്കണം .
ബസ്സ് സ്റ്റോപ്പിൻ്റെ നൂറ് മീറ്റർ പിന്നോട്ട് നടന്നാൽ അവിടെ ഒരു കോഫി സോണുണ്ട് പിറ്റേന്ന് രണ്ടു പേരും അവിടെ ഇരുന്നു .
…..എന്തെ സൗമ്യേ നിനക്കെന്നോട് പറയാനുള്ളത് ?
ഉൽകണ്ഠയോടെ ഗിരി ചോദിച്ചു .
അത് …..നീ തെറ്റുദ്ധരിക്കരുത് ….ഒരു പക്ഷെ എൻ്റെ തോന്നലായിരിക്കാം .. സുഹാനയോട് നിനക്കെന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടോ ?
ഗിരി കുറച്ചുനേരം മിണ്ടാതെ ഇരുന്നു ;
പിന്നെ പറഞ്ഞു ….
എടോ ഞാൻ നിന്നോട് പറയണം എന്നു കരുതിയ വിഷയമാണിത് . പക്ഷെ നീ എങ്ങിനെ എടുക്കും എന്നറിയാത്തതിനാൽ നീണ്ടു പോയതാണ് . നിൻ്റെ ധാരണ ശരിയാണ് . എന്തേ ചോദിക്കാൻ …?
….നിങ്ങളുടെ പെരുമാറ്റത്തിൽ എനിക്ക് തോന്നിയതാണ് . സംഗതി തെറ്റെന്ന് ഞാൻ
പറയുന്നില്ല . പക്ഷെ അവളെപ്പറ്റി നിനക്കെന്തറിയാം ….?
കാര്യമായി ഒന്നും അറിയില്ല . വീട്ടിൽ ഉമ്മയുണ്ട് .സഹോദരനും കുടുംബവും വിദേശത്താണ് .സ്വതന്ത്രചിന്താഗതിക്കാരനും പാർട്ടി പ്രവർത്തകരുമായ ബാപ്പ അകാലത്തിൽ മരിച്ചു പോയി . ഇത്രയൊക്കെ അവൾ എന്നോട് പറഞ്ഞിട്ടുണ്ട് .
അത്രയല്ലെ അറിയൂ …?
എന്നാൽ വളരെ ഗൗരവമുളള ചില കാര്യങ്ങൾ നീ അറിയേണ്ടതുണ്ട് . രണ്ടു വർഷങ്ങൾക്ക് മുൻപ് അവളുടെ യൂട്രസ്സ് എടുത്തു കളഞ്ഞതാണ് . അതിനാൽ നീ അമിതമായ സ്വപ്നങ്ങൾ നെയ്യുന്നതിനു മുൻപ് ഈ വിവരം നിന്നെ അറിയിക്കാൻ അവൾ തന്നെയാണ് എന്നെ ഏൽപ്പിച്ചത് .
ഗിരി ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു . താൻ കുറച്ചു ദിവസങ്ങളായി മനസ്സിൽ കെട്ടി ഉയർത്തിയ തൻ്റെ സ്വപ്ന ഗോപുരത്തിൻ്റെ അടിക്കല്ലുകൾ ഇളകുന്നത് അവനറിഞ്ഞു . മുന്നിൽ കൊണ്ട് വെച്ച തണുത്തു തുടങ്ങിയ ചായ വലിച്ചു കുടിച്ച് രണ്ടു പേരും ആദ്യം വന്ന ബസ്സിൽ നാട്ടിലേക്ക് തിരിച്ചു .
സൗമ്യ അവളുടെ സ്റ്റോപ്പിലിറങ്ങി .
അതിനു ശേഷം …. ഗിരി ചിന്തയിൽ മുഴുകി . ഓഫിസിലേക്ക് എളുപ്പത്തിലെത്താൻ ഒരു ബൈക്ക് പോലും അപകട ഭയത്താൽ വാങ്ങാൻ സമ്മതിക്കാത്ത അമ്മയോട് എങ്ങിനെ ഇത്തരം സങ്കീർണ്ണമായ കാര്യങ്ങൾ പറയും . തൻ്റെ മതത്തിലും ജാതിയിലും ഉൾപെടാത്ത ഒരുത്തിയെ ജീവിത പങ്കാളിയാക്കാൻ താത്പര്യമുണ്ടെന്ന് എങ്ങിനെ അമ്മയോട് അവതരിപ്പിക്കും ? അവൻ സ്വയം ചോദിച്ചു . അതിനു പുറമേ ഇന്നു സൗമ്യയിൽ നിന്ന് കേട്ട പ്രശ്നമെന്ന കടമ്പകൂടി എങ്ങിനെ മറികടക്കും ? . ഗിരി ധർമ്മസങ്കടത്തിലായി .
അയാളുടെ സ്റ്റോപ്പിലെത്തുന്നതിന് മുൻപെ അവിചാരിതമായി ഒരു വേനൽ മഴ പെയ്തു തുടങ്ങി . ബസ്സിറങ്ങി ഓടി അയാൾ അടുത്തു കണ്ട വെയിറ്റിംഗ് ഷെഡിൽ കയറിയിരുന്നു . ഏകദേശം മുക്കാൽ മണിക്കൂർ നേരം മഴ നീണ്ടു നിന്നു . പൊടി മണ്ണിലേക്ക് ഒലിച്ചിറങ്ങി അലിഞ്ഞു ചേരുന്ന മഴതുള്ളികളെ നോക്കി അയാളിരുന്നു .
പുതുമണ്ണിൻ്റെ വശ്യഗന്ധം ഉയർന്നു പൊങ്ങി . ത്രിസന്ധ്യയിൽ കടകളിൽ കത്തുന്ന വൈദ്യുത വിളക്കുകൾക്കും തനിക്കും ഇടയിലെ അന്തരീക്ഷത്തിലെ ജലകണികൾ ബാഷ്പ ധൂളികളായി അവിടെ പറന്നു കൊണ്ടിരുന്നു . തൻ്റെ ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചു അയാൾ അവിടെ കുറെ നേരം ചിന്താമഗ്നനായിരുന്നു .
നേർത്ത തണുത്ത കാറ്റ് ശരീരത്തിൽ പതുക്കെ വന്നു തഴുകിയപ്പോൾ പണ്ട് വേനൽ മഴ വകവെയ്ക്കാതെ സ്കൂളിൽ നിന്നും നനഞ്ഞു കുതിർന്ന സ്കൂൾ ബാഗുമായി ഓടിവന്നപ്പോൾ അമ്മയിൽ നിന്ന് കിട്ടിയ വഴക്ക് ഓർമ്മയിൽ വന്നു .
അച്ഛനെന്നത് തനിക്ക് ഒരു സങ്കൽപ്പം മാത്രമാണ് പൂമുഖത്ത് ചില്ലിട്ടു വച്ച നിറം മങ്ങി തുടങ്ങിയബ്ലാക്ക് & വൈറ്റ് ഫോട്ടൊയിലെ കട്ടികണ്ണടവെച്ച് ഒരു നേർത്ത പുഞ്ചിരി തൂകി നിൽക്കുന്ന ആ മുഖം അതാണെനിക്ക് അച്ഛനെന്ന സമൂർത്ത രൂപം . ബാക്കിയെല്ലാം കേട്ടറിവാണ് .
തനിക്കും അച്ഛൻ്റെ അതെ ഛായയാണെന്ന് ആളുകൾ പറയുമ്പോൾ മനസ്സിൻ്റെയുള്ളിൽ വല്ലാത്തൊരു അഭിമാനം തോന്നാറുണ്ട് . ചേച്ചി അമ്മയെപോലെ ആണെത്രെ . കുട്ടി കാലത്ത് പലപ്പോഴും അവൾ എന്നോട് തർക്കിക്കും അവൾക്കും അച്ഛൻ്റെ മുഖഛായയാണെന്ന് ഞാനത് സമ്മതിച്ചു കൊടുക്കണം അവൾക്ക് . പക്ഷെ ഞങ്ങൾ വഴക്ക് കൂടുമ്പോൾ അവളെ പ്രകോപിപ്പിക്കാൻ ഞാനത് മാറ്റിപ്പറയും .
….ഇതാരാ ഗിരിയോ മഴയത്ത് പെട്ടുപോയോ നീയ്യ് ?
അച്ഛന്റെ സുഹൃത്ത് അയ്യപ്പേട്ടൻ ഷെഡിലേക്ക് കയറി വന്നു ചോദിച്ചു . അപ്പോൾ ഗിരി ചിന്തയിൽ നിന്നും ഉന്നർന്നു .
..അതെ ഗിരീഷാണ് .. കുടയെടുത്തിട്ടില്ല .
അയ്യപ്പേട്ടനെ കണ്ടമ്പോൾ ഗിരി എണീറ്റ് നിന്നു . അദ്ദേഹം വിശേഷങ്ങൾ പലതും തിരക്കി . അമ്മ തനിച്ചല്ലെ വീട്ടിൽ കല്ല്യാണക്കാര്യമൊക്കെ നോക്കാറായില്ലെ ? ജോലി സ്ഥിരമല്ലെ ? എന്നൊക്കെ .
ആഹ് …. നോക്കണം … ഗിരി ഒഴുക്കൻ മട്ടിൽ പറഞ്ഞു .
മഴ തോർന്നു തുടങ്ങി ഷൂ നനയാതെ ബാഗ് തലയിൽ വെച്ച് അയാൾ പതുക്കെ ഇരുട്ടിലൂടെ വീട്ടിലേക്ക് നടന്നു തുടങ്ങി . പാടത്തും തൊടിയിലും വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട് . വീട്ടിൽ ചെന്നപ്പോൾ അപ്രതീക്ഷിതമായി മഴകിട്ടിയതിൻ്റെ ആനന്ദം അമ്മയുടെ മുഖത്ത് തെളിഞ്ഞു നിന്നു . ഇനി കുറച്ചു ദിവസം ജാതിയും തെങ്ങും പമ്പ് ചെയ്തു നനക്കേണ്ടന്നില്ല .
കുളി കഴിഞ്ഞു അമ്മ തന്ന ചായ കുടിച്ച ശേഷം . ഒരു പുസ്തകം കയ്യിലെടുത്തു , പക്ഷെ ഒന്നും വായിക്കാൻ കഴിയുന്നില്ല . ഹാളിൽ വന്ന് T V ഓൺ ചെയ്തു . രാഷ്ട്രീയ എതിരാളികൾ തമ്മിൽ പൊരിഞ്ഞ വാഗ്വാദം കത്തി കയറുന്നു . ഒന്നിലും ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല .
പല തവണ മനസ്സിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് പക്ഷെ , ആ സുറുമയിട്ട കണ്ണുകൾ .നീണ്ടു വെളുത്ത വിരലുകളിൽ തിളങ്ങി നിൽക്കുന്ന വജ്ര മോതിരം . നെറ്റിക്കു താഴെ മഴവില്ലുകൾ പോലെ വളഞ്ഞു തെളിഞ്ഞു നിൽക്കുന്ന കൂട്ടു പുരികം റോസാപ്പൂ പോലുള്ള അധരങ്ങൾ എല്ലാം മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു .
പ്രശ്നം ഹരിയേട്ടനോട് അവതരിപ്പിച്ചാലോ ? എൻ്റെ ഈ ഭ്രാന്തൻ മോഹങ്ങൾക്ക് പിന്തുണ കൂട്ടുക്കാരുടെ ഭാഗത്ത് നിന്നും കിട്ടുമോ ?
പൊതുവേ വാക്കുകളിൽ എല്ലാവരിലും പുരോഗമന വാദവും സ്വതന്ത്ര ചിന്തയും
ഉണ്ടാകും എങ്കിലും കാര്യത്തോട് അടുക്കുമ്പോൾ എല്ലാവരും കണക്കായിരിക്കും .പക്ഷെ ഹരിയേട്ടൻ ഒരു ജേഷ്ടനെ പോലെ എൻ്റെ കൂടെയുണ്ടാകും തീർച്ച .
അല്പം കഴിഞ്ഞപ്പോൾ അമ്മ കഞ്ഞി എടുത്തു വെച്ചു ഗിരിയെ വിളിച്ചു . കറൻ്റ് പോയിരുന്നു കത്തിച്ചു വെച്ച എമർജൻസി വിളക്കിനു ചുറ്റും ഇയാം പാറ്റകൾ വട്ടമിട്ടു പറന്നു നടന്നു . സാക്ഷാൽക്കരിക്കാൻ കഴിയാത്ത ഏതോ മോഹങ്ങൾ പോലെ ചിറകറ്റ ഇയാം പാറ്റകൾ അങ്ങിങ്ങായി അവിടെ വീണടിഞ്ഞുക്കിടന്നു .
അയാൾ കഞ്ഞി കുടിച്ചെന്നു വരുത്തി എണിറ്റു അപ്പോൾ അമ്മ ചോദിച്ചു ഗിരി എന്താമോനെ നിൻ്റെ മുഖം വല്ലാതിരിക്കുന്നത് ? .നിനക്ക് സുഖമില്ലെ ?
അന്നത്തെ മഴയെ പറ്റി അമ്മയ്ക്ക് എന്നോട് പറയാനുണ്ടായിരിക്കണം . പക്ഷെ തൻ്റെ മനസ്സ് പൊയ്തൊഴിയാത്ത കാർ മേഘങ്ങളാൽ മൂടി കിടക്കയായിരുന്നു .
കുറഞ്ഞ ശബ്ദത്തിൽ ഒരു മെലഡി ഗാനം കേട്ടു കൊണ്ട് അയാൾ കണ്ണുകൾ പൂട്ടി ശയ്യയിൽ മലർന്നു കിടന്നു .
പിറ്റെന്നു രാവിലെ ഗിരി ഒരു ഉറച്ച തീരുമാനമെടുത്താണ് ഉണർന്നത് . അന്നു ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഹരിയേട്ടനെ കൂടെകൂട്ടി . കൂടാതെ നാട്ടിലെ രണ്ട് വിശ്വസ്തരായ സുഹൃത്തുക്കളോടും രാത്രി ഏഴു മണിക്ക് വീട്ടിലേക്ക് വരാൻ ഏർപ്പാടാക്കി. എല്ലാവരും കൂടി വിവാഹ കാര്യം നയത്തിൽ അമ്മയോട് അവതരപ്പിച്ചു . അമ്മ എല്ലാം ക്ഷമയോടെ കേട്ടിരുന്നു .
അവർ അമ്മയുടെ മറുപടിക്കായി കാത്തു നിന്നു . ഒന്നു പറയാതെ അമ്മ എന്നീറ്റ് അടക്കളയിലേക്ക് പോയി . കുറച്ചു കഴിഞ്ഞു എല്ലാവർക്കും ചായയുമായി വന്നു . എന്നിട്ട് പറഞ്ഞു .
…..മക്കളെ ഇക്കാര്യം അവനു തന്നെ എന്നോട് നേരിട്ട് പറയാവുന്നതെയുള്ളു . ഞാൻ കളത്തിൽ ഗോപാലൻ നായരെന്ന വിപ്ലവകാരിയുടെ കൂടെ ജീവിച്ചവളാണ് . മതത്തിൻ്റെയും ജാതിയുടെയും ജൻമ്മിത്വത്തിൻ്റെയും നീചനയങ്ങൾക്ക് എതിരെ പോരാടിയ സക്ഷാൽ സഖാവിൻ്റെ വിധമയാണ് ഞാൻ ….എനിക്കെൻ്റെ മക്കളുടെ സന്തോഷമാണ് വലുത് അല്ലാതെ ജാതിയോ മതമോ അല്ല .
അവനറിഞ്ഞില്ലെങ്കിലും ഈ ബന്ധത്തിൻ്റെ ഒരു ചെറിയ സൂചന അവൻ്റെ നേർപെങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞിരുന്നു .അതിനാൽ ഞാനും അവളും അവളുടെ ഭർത്താവും ഒത്തോരുമിച്ച് എടുത്ത തീരുമാനം ഞാൻ നിങ്ങളെ അറിയിക്കുന്നു .
വളരെ ലളിതമായ ചടങ്ങ് മതി . ഒരു രജിസ്റ്റർ വിവാഹം അത്ര മാത്രം . പിന്നെ ചെറിയൊരു ചായ സൽക്കാരവും അതു മതി . പിന്നെ
അനന്തരാവകാശിയുടെ കാര്യം അതിന് ഇന്ന് മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് .രണ്ട് കാര്യം പ്രത്യേകം ശ്രദ്ധിക്കണം ആ കുട്ടിയുടെ വീട്ടിൽ സമ്പൂർണ്ണ സമ്മതം വേണം ….പിന്നെ ഇതിനെ ചൊല്ലി നാട്ടിലൊരു കശപിശ ഉണ്ടാകാനും പാടില്ല . അതു നിങ്ങൾ ഉറപ്പു തരണം
…ഗിരിക്കുട്ടാ ഈ അമ്മയ്ക്ക് പരിപൂർണ്ണ സമ്മതമാണ് .
അപ്പോൾ ….ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ നിർവൃതി ഗിരിയുടെ മുഖത്ത് തെളിഞ്ഞു നിന്നു . കൂടെ ഒരു ചാരിതാർത്ഥ്യത്തിൻ്റെ തെളിച്ചവും , അത്തരം ഒരമ്മയുടെ മകനായി പിറന്നതിന് ….!
അമ്മ തുടർന്നു പറഞ്ഞു ….
പിന്നെ എൻ്റെ സഹോദരൻ്റെ കാര്യമാണ് , അതായത് നിൻ്റെ അമ്മാവൻ്റെ സമ്മതം ; ഉണ്ണിയോട് ഞാൻ പറഞ്ഞോളാം അവൻ ഒരിക്കലും എതിരു പറയില്ല .
അങ്ങിനെ തികച്ചും ശുഭകരമായി ഈ പ്രണയകഥ ഇവിടെ അവസാനിക്കുന്നു .

by