17/04/2026

ഇന്നലെ ഏട്ടൻ വിളിച്ച് അമ്മ കുളിമുറിയിൽ കാലു തെന്നി വീണ കാര്യം പറഞ്ഞിട്ടാണ് ഞാൻ ആശുപത്രിയിൽ പോയത്. കട്ടിലിൽ കിടക്കുന്ന അമ്മയെ കണ്ടപ്പോൾ അവർക്ക് പൊടുന്നനെ വയസ്സായെന്ന് എനിക്ക് തോന്നി.

രചന – വസുധ മോഹൻ

ഇന്നലെ ഏട്ടൻ വിളിച്ച് അമ്മ കുളിമുറിയിൽ കാലു തെന്നി വീണ കാര്യം പറഞ്ഞിട്ടാണ് ഞാൻ ആശുപത്രിയിൽ പോയത്. കട്ടിലിൽ കിടക്കുന്ന അമ്മയെ കണ്ടപ്പോൾ അവർക്ക് പൊടുന്നനെ വയസ്സായെന്ന് എനിക്ക് തോന്നി. ഒടുവിൽ കണ്ടതിനേക്കാൾ മെലിഞ്ഞിരിക്കുന്നു, മുടി പിന്നെയും വെളുത്തിരിക്കുന്നു. ചുളിഞ്ഞ കൈകളിൽ തലോടുബോൾ ഞാൻ ആലോചിച്ചു.

അല്ലെങ്കിലും അമ്മയെ ഞാൻ ഇത്ര അടുത്ത് കണ്ട്, ശ്രദ്ധിച്ച് എത്ര കാലമായി കാണും. രണ്ട് മാസം മുന്നേ അമ്മ വീട്ടിൽ പത്തു ദിവസം നിൽക്കാൻ വന്നിരുന്നു. അമ്മ വരുന്ന ദിനങ്ങൾ എന്നിലെ വീട്ടമ്മയുടെ അവധി ദിനങ്ങൾ ആണ്. രാവിലെ അഞ്ചിന് വെച്ച അലാറം ഓഫ് ആക്കി ഞാൻ ആറു വരെ കിടന്നുറങ്ങും. എന്നിട്ടും എൻ്റെ ലഞ്ച് ബോക്സ് പതിവിൽ കൂടുതൽ കനം വെച്ചിരിക്കും. എന്നും ഭർത്താവിൻ്റെയോ മകളുടെയോ ഫേവറൈറ്റ് വിഭവങ്ങൾ നിറയുന്ന അതിൽ എൻ്റെ ഇഷ്ട വിഭവങ്ങൾ സ്ഥാനം പിടിച്ചിരിക്കും.

അമ്മമാർ അങ്ങനെയാണ്. പക്ഷേ മക്കളോ? ഇടക്കിടെ വരുന്ന നടുവേദനയെ പറ്റി പറഞ്ഞിട്ടും, ഉറക്കമില്ലായ്മയെ പഴിച്ചിട്ടും, കേൾക്കുന്നില്ലെന്ന് മൊബൈലിൽ ഒച്ച വെച്ചിട്ടും അമ്മക്ക് വയസ്സായെന്ന് ഞാൻ അറിഞ്ഞതേ ഇല്ല. അച്ഛന് റിട്ടയർ ആയപ്പോൾ വയസ്സായെന്ന് സമ്മതിച്ചതാണ് ഞാൻ. പക്ഷേ അമ്മയ്ക്ക് .. അച്ഛന് മുട്ടുവേദന വന്നപ്പോൾ ഉടനെ ഡോക്ടറെ കാണിച്ചു. അമ്മക്ക് വന്നപ്പോൾ ഒരു ദിവസം റെസ്റ് എടുത്താൽ കുറയും എന്ന് പറഞ്ഞു. മൂത്രം പിടിച്ച് വെക്കാൻ പറ്റുന്നില്ലെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഡയപ്പർ വാങ്ങി കൊടുത്ത ഞാൻ അമ്മ അതേ കാര്യം പറഞ്ഞപ്പോൾ അമ്മക്ക് സംശയം ആണെന്നും പറഞ്ഞ് കളിയാക്കി. ഒരിക്കൽ അച്ഛനും ആയി ഉണ്ടായ ഒരു സംഭാഷണം വെറുതെ മനസിലേക്കെതി.

” അച്ഛാ, അമ്മയുടെ ജീവിത ലക്ഷ്യം എന്താവും?”
” ഒരു നല്ല അമ്മ ആവുക എന്നത് തന്നെ”
” അമ്മ ഇപ്പൊ നല്ലതാണല്ലോ.”
” അപ്പോൾ കൂടുതൽ നല്ല അമ്മ ആവുക എന്നതാവും. ഏതു ഫീൽഡ് ആണ് ബെറ്റർമെൻ്റ് ആവശ്യപ്പെടാത്തത്. ”
ശരിയാണ്, ഓരോ തവണ അവരെ ഞാൻ കാണുമ്പോഴും കൂടുതൽ നല്ല അമ്മ ആയി. പക്ഷേ താനോ? കൂടുതൽ നല്ല മകൾ ആവാൻ ഒരിക്കൽ എങ്കിലും താൻ ശ്രമിച്ചിരുന്നോ? ഇല്ലെന്ന ഉത്തരം നൽകിയ മനസിനെ ശാസിക്കാൻ ഉള്ള അർഹത പോലും തനിക്കില്ലെന്ന് മനസ്സിലാക്കി ഞാൻ മൗനി ആയി ഇരുന്നു. ഉണരുമ്പോൾ എന്നെ അരികിൽ കണ്ട് അമ്മ അതിശയിച്ചു.
ഡോക്ടർ വന്ന് ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ ആണ് പറഞ്ഞത്.

” രണ്ട് ദിവസം കിടന്നാലും സാരമില്ല, ഒരു ഫുൾ ബോഡി ചെക്ക് അപ് ചെയ്യാം. ഞാൻ ലീവ് എടുത്തിട്ടുണ്ട്. മുട്ടു വേദനയും, കേൾവിക്കുറവും ഒക്കെ ഒന്ന് കാണിക്കാം”
” ഇവൾ ലീവ് എന്ന് തന്നെയാണോ വിശ്വേട്ടാ പറഞ്ഞത്? അതോ വീഴ്ചയിൽ എൻ്റെ ചെവി മൊത്തത്തിൽ പോയോ?”
ഡോക്ടർ പോയ ഉടനെ അമ്മ ചോദിച്ചത് കേട്ട് അതുവരെ മൂങ്ങയെ പോലെ നിന്ന അച്ഛൻ ചിരിക്കാൻ തുടങ്ങി.
പുറമെ ഗൗരവം നടിച്ച് രണ്ട് പേരെയും കണ്ണുരുട്ടി എങ്കിലും ഉള്ളിൽ ഞാനും ചിരിച്ചു. അമ്മക്ക് മാത്രമല്ല മകൾക്കും കൂടുതൽ മികച്ചവൾ ആകാൻ പറ്റുമെന്ന് കാണിക്കണ്ടേ….