23/04/2026

വധു : ഭാഗം 22

രചന – ആയിഷ അക്ബർ

മുത്തശ്ശി മരിച്ചിറങ്ങി പോയ ശേഷം അന്നാധ്യമായാണ് ഞാനാ വീട്ടിലേക്ക് പോകുന്നത്…..

മുത്തശ്ശി ഉറങ്ങുന്ന ആ മണ്ണിൽ തല ചേർത്ത് വെച്ചങ്ങനെ കിടന്നു…..

മുത്തശ്ശിയും കൂടി ഇല്ലെന്നായപ്പോൾ അമ്മായി യുടെ വാക്കുകൾക്ക് മൂർച്ചയേറി….

അഞ്ജനയും മോശമായിരുന്നില്ല…..

തന്നെ പറ്റാവുന്നത്ര ബുദ്ധിമുട്ടിക്കാൻ അവളെ കൊണ്ടാകും വിധം അവളും ശ്രമിച്ചു…..

ഞാൻ രണ്ടാം കൊല്ലത്തിലേക്ക് കടന്ന ആ വർഷമായപ്പോഴേക്കും അഞ്ജന ക്കും എൻട്രൻസ് കിട്ടി…..

അത് തനിക്ക് ചെറിയൊരു ആശ്വാസം നൽകിയിരുന്നു…

ഇത് വരെ യുണ്ടായിരുന്ന അവളുടേ ദേഷ്യത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമല്ലോ എന്നോർത്തു കൊണ്ട്….

വിചാരിച്ചത് പോലെ തന്നെ അവളൊന്നോതുങ്ങി….

പക്ഷെ…. അമ്മാവൻ….
ഇത് വരെ കണ്ട ഒരു സ്വഭാവമായിരുന്നില്ല പിന്നീടങ്ങോട്ട്…..

ഇതേ വരെ ഗുണത്തിനും ദോശത്തിനും വരുന്നില്ലെങ്കിൽ കൂടി ഈയിടെയായി വേണ്ടതിനും വേണ്ടാത്തതിനും തന്നെ ശകാരിക്കുന്നുണ്ട്….

അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലായിരുന്നേയില്ല…

ഇനിയും ആ വീട്ടിൽ എന്തിനാണ് നിൽക്കുന്നതെന്ന് ആലോചിച്ചു അവിടം വിടാൻ തീരുമാനിക്കുമ്പോഴും എങ്ങോട്ട് പോകണം എന്നൊരു ചോദ്യം വീണ്ടും തന്നെ അവിടെ പിടിച്ചു നിർത്തിയിരുന്നു…..

ലീവ് കഴിയാൻ താനും കാത്തിരുന്നു……

ഒരു രക്ഷപ്പെടലിനായി…..

എല്ലാവരുടെയും കുത്ത് വാക്കുകൾ കേട്ടും അമ്മായിയുടെ അപ്പോഴും ഇപ്പോഴുമൊക്കെയായി കയ്യിലുള്ള നുള്ളുകൾ കൊണ്ടുമൊക്കെ ദിവസങ്ങൾ നീങ്ങി….

അപ്പോഴേക്കും താനവിടെയൊരു ജോലിക്കാരി മാത്രമായി മാറിയിരുന്നു……

എങ്കിലും മുത്തശ്ശി ആ മണ്ണിൽ തന്നെയുള്ളത് കൊണ്ട് അല്പം സ്വസ്ഥത തോന്നി……

ഇനി മറ്റെവിടെ നിന്നും എനിക്ക് കിട്ടാനില്ലാത്ത ആ സ്വസ്ഥത ആവോളം ഞാൻ നുകർന്നു……

ഹോസ്റ്റലിലേക്ക് പോകുന്നതിന്റെ തലേന്ന് കാവിലെ ഉത്സവമായിരുന്നു…..

താനൊഴികെ എല്ലാവരും പോയി…..

അപ്പോഴാണ് അഭിയും കൂടെ രണ്ട് പയ്യന്മാരും വീട്ടിലേക്ക് വരുന്നത്……

കൂടെയുള്ളവരെ കണ്ടാൽ തനിക്കത്ര നല്ലതായി തോന്നാത്തത് കൊണ്ട് തന്നെ മുറിയിൽ കയറി വാതിലടച്ചിരുന്നു….

എന്റെ കൂട്ടുകാർ വന്നിട്ടുണ്ട്….കുറച് നാരങ്ങ വെള്ളം എടുക്ക്…..

അഭി മുറിയുടെ വാതിലിൽ മുട്ടി തന്നോടത് പറയുമ്പോൾ അതിലൊരു ആഗ്ന യുണ്ടായിരുന്നു….

കാരണം താനവിടുത്തെ ജോലിക്കാരിയാണല്ലോ….

നാരങ്ങ വെള്ളം കൊണ്ട് പോയി കൊടുത് തിരിഞ്ഞതും കയ്യിലൊരു പിടി വീണതും ഒരുമിച്ചായിരുന്നു…..

ഞാൻ….. ഞാൻ പെട്ടെന്ന് തിരിഞ്ഞു….

കൂട്ടത്തിലെ ചുരുണ്ട മുടി ക്കാരനായിരുന്നത്….

അവന്റെ കണ്ണുകൾ ചുവന്ന് കാണുന്നുണ്ട്….

ഹൃദയം ശക്തിയായി മിടിക്കുമ്പോഴും അവന്റെ കൈ ക്കുള്ളിൽ നിന്ന് തന്റെ കൈ ഊരിയെടുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു…

പക്ഷെ…. എന്തോ കഴിയുന്നില്ല…..

അവന്റെ പിടുത്തം മുറുകി കൊണ്ടിരിക്കുകയാണ്….

ഒപ്പം ആ മുഖത്തെ വഷളൻ ചിരിയും….

തന്റെ ദേഹത്തു കൂടി മുഴുവൻ അവന്റെ കണ്ണുകൾ ഇഴഞ്ഞു നീങ്ങുന്നു…..

വിടടോ…. വിടാൻ….
ആവുന്നത്ര കുതറി നോക്കി……

പറ്റുന്നില്ല…

അഭി…..

രണ്ട് പേരിലെ ഒരാളും അഭിയും പുറത്തായിരുന്നത് കണ്ടത് കൊണ്ട് തന്നെ ഞാൻ വീണ്ടും വിളിച്ചു …..

അഭി ഓടി വന്നു……

കയ്യീന്ന് വിട് ജിതിൻ..

അവനതും പറഞ് കൊണ്ട് പിടിച്ചു മാറ്റാൻ നോക്കി…..

അവന്റെ നെഞ്ചത്തേക്കയാൾ ശക്തിയായി ഒന്ന് ചവിട്ടുക യാണ് ചെയ്തത്…..

അപ്പോഴേക്കും താൻ ശബ്ദമുണ്ടാക്കി…. ഉറക്കെ യുറക്കെ…. തന്നെ കൊണ്ടാവും വിധം…

ഉത്സവത്തിന് വഴിയേ പോകുന്നവർ ശബ്ദം കേട്ട് ഓടി വന്നു……

അത്രയും അവൾ പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടേ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു….

ആ ഓർമ്മകൾ നൽകിയോരു കിതപ്പോടെ അവൾ ശക്തിയായി ശ്വാസമെടുക്കുന്നുണ്ടായിരുന്നു…..

സായു ജഗ്ഗിൽ നിന്നും അല്പം വെള്ളം ഗ്ലാസ്സിലേക്ക് പകർത്തി അവൾക്ക് നൽകി……

അവൾ വേഗം അതെടുത്തു കുടിച്ചു…

സായു……

അപ്പോഴാണ് വാതിലിലൊരു മുട്ട് കേൾക്കുന്നത് …..

അവൾ കണ്ണുകൾ വേഗം അമർത്തി തുടച്ചു…..

വല്യമ്മയാണ്…..

വാ…. ചായ കുടിക്കാൻ എല്ലാവരും നിങ്ങളെ കാത്തിരിക്കുവാ….

വല്യമ്മ അതും പറഞ് പോകുമ്പോൾ സായു അവളെയൊന്ന് നോക്കി….

കണ്ണുകൾ കലങ്ങിയിട്ടുണ്ട്…..

മൂക്കിൻ തുമ്പ് പോലും ചുവന്നു തുടുത്തിട്ടുണ്ട്..

പോയി മുഖമൊന്നു കഴുകി വാ..

അവൻ പറഞ്ഞത് ഗൗരവം കൈ വിടാതെ തന്നെയായിരുന്നു….

അവൾ അനുസരണയോടെ ബാത്റൂമിലേക്ക് കയറി….

അവനപ്പോഴും അവൾ പറഞ്ഞ കാര്യങ്ങളിൽ തന്നെയായിരുന്നു…..

അവന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ജീവിതത്തിൽ പകർതിയൊരു ഇരുപത്തിയൊന്നു കാരി…..

അവളെ വേദനിപ്പിച്ച ഒരോരുത്തരെയും തന്റെ കൈ വെള്ളയിലിട്ട് ഞെരിക്കാനവന് തോന്നി…

അവൾ മുഖം കഴുകി തുടച്ചു വന്നതും അവൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….

അവളും കൂടെയിറങ്ങുമ്പോൾ അവന്റെ മുഖത്ത് തളം കെട്ടി നിന്ന ആ ദേഷ്യ ഭാവം അവളിലൊരു നൊമ്പരം നൽകിയിരുന്നു…..

അവൻ ഒരു പക്ഷെ താൻ പറഞ്ഞത് വിശ്വസിച്ചിട്ട് പോലുമുണ്ടാകില്ലെന്ന് അവൾക്ക് തോന്നി…

എല്ലാവരാലും തെറ്റി ധരിക്കപ്പെടുന്നതും ഈ ജന്മം തന്റെ വിധിയായിരിക്കാം….

ഒരു നാടും നാട്ടുകാരും വീടും വെട്ടുകാരും മുഴുവൻ തെറ്റിദ്ധരിച്ചപ്പോഴും വരാത്ത അത്രയും ദുഃഖം ഇപ്പോൾ തന്റെ തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിൽപ്പുണ്ട്…..

അതിന് കാരണം ഒരു പക്ഷെ അവന് തന്റെ ഹൃദയം നൽകുന്ന ആ സ്ഥാനം കൊണ്ടാവാം…..

മുത്തശ്ശിയെ കഴിഞ്ഞ് തനിക്കീ ഭൂമിയിൽ അടുപ്പം തോന്നിയ ഒരേയൊരാൾ…. അതവനായത് കൊണ്ടാവാം..

ആരോരുമില്ലാതെ മരണം മാത്രം മുമ്പിൽ കണ്ട് ഒറ്റപ്പെട്ടു നിന്ന സമയത്തു വന്ന രക്ഷകനായത് കൊണ്ടാവാം….

എല്ലാവരും അകറ്റി നിർത്തിയ തന്നെ ചേർത്ത് പിടിച് ഇവളെന്റെ ഭാര്യ യാണെന്ന് പറഞ്ഞ ആ ഭർത്താവിനോടുള്ള പ്രണയം കൊണ്ടാവാം…

ഉള്ളിലൊരു വീർപ്പ് മുട്ടൽ അവളെ കീഴ്പ്പെടുത്തി….

ചായ കുടി പതിവ് തെറ്റിക്കാതെ ഉമ്മറത്തു തന്നെയാണ്….

സായു ഒരു പുഞ്ചിരിയോടെ അങ്ങോട്ട് കടന്ന് ചെല്ലുമ്പോൾ മാളുവിന്റെ നെഞ്ചിലൊരു പിടച്ചിലുണ്ടായി…..

അതവന് പിറകിലായി വരുന്നവളെ കണ്ടത് കൊണ്ടായിരുന്നു….

ആ സ്ഥാനം താനത്രയേറെ ആഗ്രഹിച്ചതാണ്…..

ജീവിതത്തിൽ ഒരു കൂട്ടുണ്ടെങ്കിൽ അതവൻ മാത്രമാണെന്ന് എന്നോ മനസ്സിനെ പറഞ് പഠിപ്പിച്ചതാണ്……

അവൾ കണ്ണിമ വെട്ടാതെ അവരെ നോക്കിയിരുന്നു….

എന്നാൽ അവൻ നോക്കിയത് താൻ തിരക്കിലാണെന്ന് കാണിക്കാനെന്ന വണ്ണം ചായയോടൊപ്പം ലാപ്ടോപിലും കൂടി കൈ വെച്ചിരിക്കുന്ന അച്ഛന്റെ നേർക്കാണ്…..

ഒരു കസേര മാളു അവനിലേക്ക് നീക്കി കൊടുത്തതും അവൻ അത് വേണ്ടെന്ന അർത്ഥത്തിൽ കയ്യുയർത്തി തിണ്ണയിലേക്ക് കയറിയിരുന്നു….

അവൻ ഇരുന്നതിന്റെ അപ്പുറത്തായി ശ്രീ ബാലയും ഇരുന്നിരുന്നു……

ചായ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് ചായ ഊതി കുടിക്കുന്ന അവളിലായിരുന്നു മാളുവിന്റെ കണ്ണുകളത്രയും…..

വളരേ സുന്ദരിയാണവൾ….
അവൾ വന്നത് മുതൽ ക്ലാസ് ഒന്നടങ്കം അവളെ കുറിച് സംസാരിക്കുന്നത് കേട്ടിട്ട് തന്നെയാണ് താനവളെ കാണാൻ പോയതും…..

ആൺകുട്ടികൾ അവളുടേ സൗന്ദര്യത്തെ വാഴ്ത്തുന്നത് അവരെ മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾക്കൊന്നും സഹിക്കുന്നില്ലായിരുന്നു…

തനിക് പിന്നെ അതിന്റെ ആവശ്യം വന്നിട്ടില്ല….

താൻ സ്വപ്നം കണ്ട് നടന്നത് മുഴുവൻ ഇവനെയായിരുന്നില്ലേ…..

എന്നാൽ അവരിലൊന്നും പെടാതെ അവളിവന്റെ അടുത്തെത്തുമെന്ന് സ്വപ്നത്തിലെങ്കിലും താൻ വിചാരിച്ചിരുന്നോ…..

പവിയും അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

വിടർന്ന കണ്ണുകളും മനോഹരമായ ചുണ്ടുകളും നിഷ്കളങ്കമായ അവളുടേ ചലനങ്ങളുമെല്ലാം എന്തോ പവിക്ക് വല്ലാത്തൊരു ഭംഗി തോന്നി….

അതൊരു പക്ഷെ അവൾ പഠിപ്പുള്ളവളാണെന്ന് അറിഞ്ഞപ്പോൾ തൊട്ട് മനസ്സ് അവളെ അംഗീകരിച്ചു തുടങ്ങിയതിനാലാവണം….

മനസ്സിലെ ചിന്തകൾ മാറി മറിയാൻ ഒരു പാട് സമയമൊന്നും ആവശ്യമില്ലല്ലോ…..

സായു … നമുക്ക് ഒന്ന് കട വരെ പോകണം….

ചായ കുടി കഴിഞ്ഞതും വല്യച്ഛൻ അതും പറഞ്ഞേഴുന്നേറ്റു…..

സായുവിന് വല്ലാത്തൊരു നിരാശ തോന്നി….

മനസ്സ് അവളുടേ കഥയുടെ ബാക്കി അറിയാൻ വെമ്പി നിൽക്കുകയാണ്……

അവൻ അവളിലേക്കൊന്ന് നോക്കി….

പിന്നെ പതിയേ വല്യച്ഛന്റെ കൂടെ നടന്നു…..

അപ്പോഴും ശ്രീ ബാലയുടെ ഉള്ളം അവന്റെ ദേഷ്യത്തെ ഓർത്തെന്ന പോൽ നീറി പുകഞ്ഞു കൊണ്ടിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എടി അവന്റെ ഭാര്യ ആരാണെന്നറിയുമോ….
നമ്മുടെ ജൂനിയർ ആയി ഉണ്ടായിരുന്നോരു കുട്ടിയില്ലേ….. ആ റാങ്ക് ഹോൾഡർ….. ശ്രീ ബാല…..
അവളാണ്…..

മാളു റീനയോട് ഫോണിലൂടെ അത് പറയുമ്പോഴും ഉള്ളിലെ വിങ്ങൽ വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നു…..

ഹേയ്…. ശെരിക്കും…..
നമ്മുടെ അശ്വിൻ നോക്കിയിരുന്ന ആ ശ്രീ ബാല യേ ആണോ നീ പറയുന്നത്….

അവൾ അത്ഭുതത്തോടെ വീണ്ടും ചോദിച്ചു….

അതേടി….
മാളുവിന്റെ വാക്കുകളിൽ അങ്ങേയറ്റം നിരാശ നിറഞ്ഞിരുന്നു…..

ആ കുരിശേങ്ങനെ അവിടെയെത്തിയെടി….
അതും നിന്റെ കാമുകന്റെ ഭാര്യയായി….. സൊ സ്ട്രൈഞ്ച്…..

റീന അത് പറഞ്ഞതും പിന്നെ കൂടുതലൊന്നും സംസാരിക്കാൻ അവൾക്ക് കഴിഞ്ഞില്ല…..

അവൾ വേഗം ഫോൺ കട്ട്‌ ചെയ്ത് കാട്ടിലിലേക്ക് കിടന്നു…..

അവൻ ഭാര്യ യോടോത് എത്ര സന്തോഷവാനാണ്….
പിന്നെത്തിനായിരുന്നു അവൻ വിവാഹം കഴിക്കില്ലെന്ന് തന്നോട് പറഞ്ഞതെന്ന് അവന്റെ മുഖത്ത് നോക്കി ചോദിക്കണം….

തനിക്ക് സ്വന്തമാകില്ലെങ്കിൽ കൂടി മറ്റാരും അവന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് കരുതി താൻ സമാധാനിച്ചു…..

എന്നാലിപ്പോൾ….

ആലോചനക്കൊടുവിൽ കണ്ണു നീർ അവളുടേ കവിളിനെ നനച്ചു…..

അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്….

റീനയാണ്….

അവൾ ഫോണെടുത്തു ചെവിയോട് ചേർത്തു….

എടി…. നിനക്ക് നല്ലൊരു ചൂടുള്ള വാർത്ത….

ശ്രീ ബാല കോളേജ് നിർത്താൻ കാരണം ഡ്രഗ്സ് ആണെടി…..

റീന സന്തോഷത്തോടെ അത് പറയുമ്പോൾ മാളു ഒരു ഞെട്ടലോടേ കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയിരുന്നു….

എന്താ…. എന്താ നീ പറഞ്ഞത്….

അവൾ കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന പോൽ വീണ്ടും ചോദിച്ചു….

അതേടി….അശ്വിനോട് ഞാൻ ശ്രീ ബാലയുടെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണിത്….
അശ്വിനു തെറ്റാനൊരു വഴിയുമില്ല മാളു….
അതിലെന്തെങ്കിലും കയമ്പുണ്ടാകും…..
നീയിത് വീട്ടിൽ പൊട്ടിക്ക്….
നിന്നെ വേണ്ടെന്ന് പറഞ്ഞ അവനൊരു പണി കിടക്കട്ടെ…..

റീന അത് പറയുമ്പോൾ മാളുവിന്റെ മനസ്സിലും എന്തൊക്കെയോ ഇളകി മറിയുന്നുണ്ടായിരുന്നു….

അവൾ ഒരു നിമിഷം എന്ത് ചെയ്യണമെന്നൊന്നാലോചിച്ചു…..

താൻ നേരിട്ട് പറഞ്ഞാൽ ശെരിയാവില്ല….

കാരണം എനിക്ക് വാദിച്ചു പിടിച് നിൽക്കാൻ യാതോരു തെളിവുമില്ല….

എന്നാൽ എന്ത് പറഞ്ഞാലും പിടിച് നിൽക്കാൻ കഴിയുന്ന ഒരാളെ വേണം തനിക്ക്……

മുത്തശ്ശനും മുത്തശ്ശിയും അതിനു പറ്റില്ല…..

ആ…. ഒരാളുണ്ട്…..
അവളുടേ ചുണ്ടിലൊരു ചിരിയൂറി……

അവൾ നേരെ പ്രഭയെ ലക്ഷ്യമാക്കി നടന്നു…..

സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞൊരു പക്ഷെ സായുവിനെ തനിക്ക് തിരിച്ചു കിട്ടുമെന്നൊരു പ്രതീക്ഷ അപ്പോഴേക്കും അവളിൽ ഉടലെടുത്തിരുന്നു….

(തുടരും)