20/04/2026

“ ഇന്നലെ അവരെന്നെ വിളിച്ചിരുന്നു. എനിക്ക് ഇന്ന് ഇവിടെ വരെ വരേണ്ട ഒരാവശ്യം ഉണ്ടാരുന്നു അപ്പൊ ഞാൻ

രചന – കഥാ

അന്ത നാളിൽ അന്തിനേരം 🦋

“ ഇന്നലെ അവരെന്നെ വിളിച്ചിരുന്നു. എനിക്ക് ഇന്ന് ഇവിടെ വരെ വരേണ്ട ഒരാവശ്യം ഉണ്ടാരുന്നു അപ്പൊ ഞാൻ കരുതി ഇവിടേം കൂടിയൊന്ന് കയറീട്ട് പോവാന്ന് അതാവുമ്പോ നേരിട്ട് പറയാല്ലോ…
അതാ രാത്രി വിളിക്കാതിരുന്നെ ”

കൈയിലെ കുടിച്ചു തീരാറായ ചായക്കപ്പൊന്ന് കറക്കി അതിലേക്ക് സൂക്ഷിച്ചു നോക്കുന്നതിനിടെ വീണ്ടും തലയുയർത്തി ബ്രോക്കർ ശിവരാമേട്ടൻ പറയുന്നത് ജാനകി പതിയെ ഒളിഞ്ഞു നിന്ന് കേട്ടു. ഒളിഞ്ഞു നിന്നു കേട്ടു എന്ന് പറയുന്നതിലും നല്ലത് ബ്രോക്കറുടെ ഉയർന്ന ശബ്ദം കാരണം ഒളിഞ്ഞു നിക്കേണ്ടി വന്നില്ല എന്നുള്ളതാണ്.
ഇതിപ്പോ ഒരു കല്യാണലോചന വന്ന കാര്യം ഇയാൾ നാട്ടുകാരെ മൊത്തം അറിയിക്കുമോ?
അങ്ങനെ തോന്നാതെയിരുന്നില്ല. അറിയുന്നെങ്കിൽ അറിയട്ടെ അല്ലെങ്കിൽ തന്നെയും നാട്ടുകാരുടെ കല്യാണം നോക്കുന്നുണ്ടോ എന്നുള്ള ചോദ്യം കാരണം മനുഷ്യനിവിടെ പൊറുതി മുട്ടിയിരിക്കുകയാണ്. ഇവർക്കൊന്നും വേറെ പണിയില്ലേയാവോ? പിന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായതുകൊണ്ടാല്ലോ എന്നോർത്തു സ്വയം സമാധാനിക്കാം. ഒന്നുമില്ലെങ്കിലും എത്ര പേരാ എന്റെ ജീവിതത്തേക്കുറിച്ചോർത്ത് ടെൻഷൻ അടിച്ചോണ്ടിരിക്കുന്നത്…

““ എന്നിട്ട് അവരെന്ത് പറഞ്ഞു?””

അച്ഛന്റെ ചോദ്യം കേട്ട് വീണ്ടും അവൾ ചെവി കൂർപ്പിച്ചു വെച്ചു. അവരിരിക്കുന്നതിന്റെ നേരെ പുറകിലുള്ള മുറിയിലാണ് നിൽക്കുന്നത് അതുകൊണ്ട് തന്നെ വ്യക്തമായി കേൾക്കാമെങ്കിലും ആകാംഷയാണ് കാരണം. ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞതേയുള്ളൂ. അതിന്റെ സ്വാഭാവികമായ ആകാംഷ. അത്രേയുള്ളൂ…

ഇയാളിത് എന്താ ചെയ്യുന്നേ? ആ കപ്പിന്റെ അകത്തെന്താ നിധിയുണ്ടോ ഇത്രക്കങ്ങു നോക്കാൻ…

ചായക്കപ്പിൽ വീണ്ടും നോക്കി കപ്പൊന്ന് കൂടി കറക്കിയ ബ്രോക്കറെ നോക്കി അവൾ പിറുപിറുത്തു. മുറിയിലെ കണ്ണാടി നേരെ വാതിലിന് മുന്നിലാണ്. അതുകൊണ്ട് ഹാളിലിരിക്കുന്നവരെ അതിലൂടെ നല്ല വ്യക്തമായി കാണാൻ പറ്റും.

“അതുപിന്നെ… ഫോട്ടോ കണ്ടിട്ട് ചെക്കന് ഇഷ്ടമായില്ലെന്നാ പറഞ്ഞത് ”

ഏഹ്ഹ്…

അവളോന്ന് ഞെട്ടി. വീട്ടിൽ ആകെമൊത്തമൊരു നിശബ്ദത.

“ഓഹ് അങ്ങനെയാണോ?”

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അച്ഛൻ വാ തുറന്നു.

“ഇത് കേട്ടിട്ട് ഡോക്ടർ വിഷമിക്കുവൊന്നും വേണ്ട … ഇതിപ്പോ ആദ്യത്തെ ആലോചനയല്ലേ… ചിലപ്പോ ഇനി നല്ലത് വരാൻ വേണ്ടിയാകും ആദ്യത്തേത് ശരിയാകാതെ പോയത്… ”

ബ്രോക്കർ അച്ഛനെ ആശ്വസിപ്പിച്ചു.

“ഏയ്! വിഷമമൊന്നും അല്ലടോ… ഇത് ആദ്യമായിട്ട് വന്നതല്ലായിരുന്നോ പിന്നെ അവരുടെ ഫാമിലിയെ പറ്റി അന്വേഷിച്ചപ്പോഴും മോശമല്ലന്ന് തോന്നി.. അതിന്റെയൊരു ബുദ്ധിമുട്ട്… ”

“ഡോക്ടർക്ക് താല്പര്യമുണ്ടെങ്കിൽ ഞാനൊന്നുകൂടി സംസാരിച്ച് നോക്കാം ”

അച്ഛൻ എന്ത് മറുപടി പറയുമെന്നറിയാൻ ഞാൻ ആകാംഷയോടെ നോക്കി.

“വേണ്ടടോ… ചെക്കന് ഇഷ്ടമായില്ലെന്നല്ലേ പറഞ്ഞത്… ഇനിയിപ്പോ എന്ത് സംസാരിക്കാൻ…ഇനിയിപ്പോ വീണ്ടും പോയി സംസാരിച്ചാലും മോൾക്കത് മോശമായിട്ട് തോന്നും. അല്ലെങ്കിലും അതിന്റെ ആവശ്യവുമില്ല. താൻ പറഞ്ഞതുപോലെ അവൾക്കിനിയും നല്ലത് വരും… ”

ആ സംസാരം അവിടംകൊണ്ട് നിന്നു. അച്ഛനെയോർത്ത് അവൾക്ക് സന്തോഷം തോന്നി. അവളുടെ മനസ്സറിഞ്ഞല്ലോ എന്നോർത്തപ്പോൾ…അച്ഛനും അമ്മയും അതേക്കുറിച്ച് കൂടുതലായൊന്നും അവളോട് സംസാരിച്ചില്ല. അവളും ഒന്നും കേട്ടതായി നടിച്ചില്ല. അവർക്ക് വിഷമം ഉണ്ടാവുമെന്ന് അവൾക്കുറപ്പായിരുന്നു. ഒരു പെണ്ണുകാണൽ ഉണ്ടായതുതന്നെയും അച്ഛന്റെയും അമ്മയുടെയും നിർബന്ധം കാരണമാണ്.

എഞ്ചിനീയറിംഗ് പഠിച്ചിറങ്ങി രണ്ടു മൂന്ന് വർഷം ഒരു കമ്പനിയിൽ എക്സ്പീരിയൻസിന് വേണ്ടി ജോലി ചെയ്തുകഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയമാണ് അമ്മ കല്യാണത്തിന്റെ കാര്യം എടുത്തിട്ടത്. ആദ്യമൊക്കെ അത്ര കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് അച്ഛനും അവളോട് അതേക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. കല്യാണത്തെക്കുറിച്ച് പ്രത്യേകമായി ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ഇല്ലെങ്കിലും കൂടെ പഠിച്ചവരൊക്കെ പതിയെ കല്യാണം കഴിച്ചുപോകുന്നതുകണ്ട് അവൾക്കും തോന്നി ഒന്നാലോചിച്ചു നോക്കാമെന്ന്.

അങ്ങനെയാണ് ആദ്യത്തെ ആലോചന കഴിഞ്ഞയാഴ്ച വന്നത്. അച്ഛൻ ആളുകൾ കാണാൻ വരുന്നതിന് മുമ്പുതന്നെ അവരുടെ ഫാമിലിയെക്കുറിച്ച് അന്വേഷിച്ചുവെച്ചിരുന്നു. പെണ്ണുകാണാൻ അവരുടെ ഫാമിലിയിലെ മുതിർന്ന കുറച്ചുപേരും ചെക്കന്റെ കസിൻസും മാത്രമാണ് വന്നത്. കസിൻസ് വഴി ഫോട്ടോ കണ്ട് അവൾക്കിഷ്ടപ്പെടുകയും ചെയ്തു. അർജുൻ എന്നാണ് ആളുടെ പേര് പറഞ്ഞത്. രണ്ടാളുടെയും സൗകര്യം നോക്കി ചെക്കനും പെണ്ണും ഒരു ദിവസം കണ്ട് സംസാരിച്ച് ബാക്കി തീരുമാനിക്കാം എന്നും പറഞ്ഞിട്ടാണ് അവർ ഇറങ്ങിയത്. കൂടെ ചെക്കന്റെ നമ്പറും കൊടുത്തു അവളുടെ ഫോട്ടോ അയച്ചുകൊടുക്കാൻ…

ഇപ്പോഴും ഡെലിവേഡ് ആവാതെ കിടക്കുന്ന ഫോട്ടോയിലേക്ക് നോക്കി അവളൊന്ന് നിശ്വസിച്ചു. അയാളുടെ ഫോട്ടോ കണ്ടപ്പോൾ ഒരിഷ്ടമൊക്കെ തോന്നിയിരുന്നു. ഇഷ്ടം എന്ന് പറഞ്ഞാൽ തീരെ ചെറിയൊരിഷ്ടം. ആദ്യകാഴ്ചയിൽ ഒരു ആകർഷണം തോന്നി…. അത്രയേയുള്ളൂ…

ഇപ്പൊ ആളുടെ മുഖമൊക്കെ മറന്നു.

ഇനി ഓർത്തിട്ടെന്തിനാണ്??

എന്നാലും ഡെലിവേഡ് ആവാത്ത ഫോട്ടോ അയാളെങ്ങനെയാണ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞത്??..

ഇനി വന്നവരിൽ ആരെങ്കിലും ഫോട്ടോ എടുത്തിരുന്നോ??

എടുത്തിട്ടുണ്ടാവും.
അതിനാണ് സാധ്യത…

പിറ്റേന്ന് കൂടെ പഠിച്ചൊരാളുടെ കല്യാണത്തിന് പോവാൻ ഒരുങ്ങുന്ന വഴി കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് വീണ്ടും സംശയമായി.

ഇഷ്ടമായില്ലെന്ന് പറയാനും മാത്രം എനിക്കെന്താണ് പ്രശ്നം?? കുറച്ചു തടിയുണ്ട്. അത് അത്ര വലിയ പ്രശ്നമാണോ?

കണ്ണാടിക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി തടിയൊന്നുമൊരു പ്രശ്നമല്ലെന്നുറപ്പിച്ച് അവൾ കല്യാണത്തിന് പോയി.

ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടല്ലോ.. അയാളെ കണ്ടപ്പോ എനിക്ക് ഇഷ്ടം തോന്നിയതുപോലെ എന്നെ കണ്ടപ്പോ ആൾക്ക് തോന്നി കാണില്ല. ഇനി അതിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് അവൾ തീരുമാനിച്ചു.

ആദ്യത്തെ തിരസ്കരണം കല്യാണത്തിന് പോയി സദ്യ കഴിച്ചാഘോഷിച്ചു.

പക്ഷേ അന്ന് ഫോട്ടോയിൽ കണ്ട ആളെ അവൾ പിന്നീട് നേരിട്ട് കണ്ടു. കൃത്യമായി പറഞ്ഞാൽ ചെന്നൈയിൽ വെച്ച് .

ചെന്നൈയിൽ ഒരു കമ്പനിയിൽ ഒഴിവുണ്ടെന്നറിഞ്ഞു ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞതനുസരിച് വെറുതെ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്താണ് അവൾക്ക് വളരെ അപ്രതീക്ഷിതമായി ജോലി കിട്ടി എന്നറിയിച്ചുകൊണ്ടുള്ള മെയിൽ വരുന്നത്. കുറച്ചു കാലം നാട്ടിൽ നിന്നും മാറി നിന്ന് ജോലി ചെയ്യണം എന്നൊരു ആഗ്രഹം മനസ്സിൽ കിടന്നതുകൊണ്ട് ജോലി കിട്ടിയെന്ന് കേട്ട പാതി കേൾക്കാത്ത പാതി അവൾ പെട്ടിയുമെടുത്തിറങ്ങി. അങ്ങനെ ജോയിൻ ചെയ്യേണ്ടതിന്റെ ഒരാഴ്ച മുമ്പ് ചെന്നൈയിലേക്ക് ട്രെയിൻ പിടിച്ചു. അവിടെ ചെന്ന് ഫ്രണ്ടിനെ കാണണം.. ഒരാഴ്ച്ച അടിച്ചു പൊളിക്കണം …. സ്ഥലങ്ങൾ മുഴുവനായോന്ന് പരിചയപ്പെടണം അതൊക്കെയായിരുന്നു അവളുടെ ഉദ്ദേശങ്ങൾ….

വീട്ടിൽ നിന്ന് അച്ഛനോട് സ്റ്റേഷനിൽ കൊണ്ടുപോയി വിടണ്ട ഞാനൊറ്റക്ക് പൊയ്ക്കോളാം എന്ന് വാശി പിടിച്ച് ഒറ്റക്കാണ് പോയത്…
ട്രൈയിനിൽ ഇത്രയും ദൂരയാത്ര ആദ്യമാണെങ്കിലും അടുത്ത സീറ്റിൽ ഉണ്ടായിരുന്ന ഫാമിലിയുടെ കൂടെ സംസാരിച്ചിരുന്ന് സമയം കളഞ്ഞു.
ഏകദേശം പത്തു പന്ത്രണ്ട് മണിക്കൂർ യാത്ര ചെയ്ത് സ്റ്റേഷനിൽ ഇറങ്ങിയപ്പോഴേക്കും കൂട്ടിക്കൊണ്ടുപോകാൻ ഫ്രണ്ട് വന്നു.
അമീഷ…

അമീഷയും അവളും ഒരുമിച്ച് കുറച്ചു കാലം നാട്ടിൽ ജോലി ചെയ്തിരുന്നു. പിന്നീട് അമീഷ ഇവിടേക്ക് മാറി… ഇപ്പൊ കമ്പനിയിൽ ഒഴിവു വന്നപ്പോ വീണ്ടും അവർ ഒരുമിച്ചായി.

ഒരാഴ്ച്ച ചെന്നൈ മുഴുവൻ കറങ്ങി നടന്ന് ഞായറാഴ്ച വൈകിട്ട് അമീഷ അവളെയും കൊണ്ട് അവിടെയുള്ള ഒരു റെസ്റ്റോറെന്റിൽ ചെന്നു. അമീഷയുടെ കല്യാണം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. കല്യാണം കഴിക്കാൻ പോകുന്ന ആൾക്കും ചെന്നൈയിലാണ് ജോലി… അവർ സാധാരണ മീറ്റ് ചെയ്യാറുള്ള സ്ഥലമാണ് ഈ റസ്റ്റെറന്റ്. അതാണ് പതിവുപോലെ അവിടേക്കുള്ള യാത്രയുടെ ഉദ്ദേശം.

അവിടെ ചെന്ന് അമീഷ വുഡ്ബിയെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. അമൽ എന്നാണ് ആളുടെ പേര്. കുറച്ചു നേരം സംസാരിച്ചിരുന്ന് ഓർഡർ കൊടുത്തു കാത്തിരിക്കുമ്പോൾ അവൾ റെസ്റ്റോറന്റിന്റെ ഇന്റീരിയർ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഡിം ലൈറ്റും ചുവരിലുള്ള കോട്സും ചെറിയ പ്ലാന്റുകളുമൊക്കെയായി നല്ല അംബിയൻസ് ആയിരുന്നു അവിടം.. അവൾക്കത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു… അതിൽ അവൾക്ക് ഏറ്റവും ഇഷ്ടം തോന്നിയത് കുറച്ചകലെ ഒരു പൊക്കം കൂടിയ ടേബിളിലിൽ ഇരിക്കുന്ന അക്വേറിയം പോലെയുള്ള ഒന്നിലാണ്.

ഭക്ഷണം വരുന്ന സമയം കൂടെയിരിക്കുന്ന രണ്ടുപേർക്കും കുറച്ചു പ്രൈവസി കൊടുക്കാമെന്നു കരുതി അവൾ എഴുന്നേറ്റ് നടന്നു. ആ ടേബിളിന് അരികിലേക്ക് തന്നെ. കണ്ട മാത്രയിലേ കൗതുകം തോന്നിയ ഒന്ന് അടുത്തുകാണാനുള്ള താല്പര്യത്തോടെ…

അക്വേറിയം പോലെ തോന്നിക്കുമെങ്കിലും ഉള്ളിൽ ചെടികളാണ്. മീനിന് പകരം നിറഞ്ഞു നിൽക്കുന്ന ചെടികൾ…
ഭൂമി പോലെ ഗോളാകൃതിയിലുള്ള ഒരു പളുങ്ക് പാത്രത്തിൽ ചിതറിക്കിടക്കുന്ന പച്ചപ്പും അതിനെ മൂടി ഈർപ്പവും….

“ Terrarium…”

മുന്നിലെ മനോഹരസൃഷ്ടി ആസ്വദിക്കുന്നതിനിടയിൽ പിന്നിൽ നിന്ന് കേട്ട മുഴക്കത്തിലുള്ള പുരുഷശബ്ദത്തിൽ അവൾ തിരിഞ്ഞു നോക്കി.

“ Sorry ? ”

എന്ന് ചോദിച്ചു കൊണ്ട് നെറ്റിച്ചുളിച്ചു തിരിഞ്ഞ അവൾ മുന്നിൽ തെളിഞ്ഞ പരിചിതമായ മുഖം കണ്ട് നിശബ്ദയായി.

“ That’s a terrarium ”

മുന്നിൽ നിൽക്കുന്നവൻ കൂടുതൽ വ്യക്തമാക്കാനെന്നവണ്ണം ടേബിളിലേക്ക് കൈചൂണ്ടി.

“ഓഹ്… It’s beautiful ”

അവൾ നിറഞ്ഞ ചിരിയോടെ മറുപടി നൽകി.

“ ഇവിടെ ആദ്യമായാണോ വരുന്നത്? ”

“മ് അതേ… ഞാൻ ചെന്നൈയിലും ആദ്യമായാണ് ”

മറുപടി പറയുന്നതിനോടൊപ്പം അവൾ പതിയെ തിരിഞ്ഞു നടന്നു. ഫുഡ്‌ വന്നെന്ന് പറഞ്ഞ് ടേബിളിൽ നിന്നും കയ്യാട്ടി വിളിക്കുന്നുണ്ട് അമീഷ.

“ഹായ്,, അർജുൻ ”

അവളെ വലിച്ചു അടുത്തേക്കിരുത്തുന്നതിനോടൊപ്പം അമീഷ അർജുനെയും അടുത്തേക്ക് ക്ഷണിച്ചു. ചിരിയോടെ അവൻ അടുത്തേക്ക് നടക്കുകയും ചെയ്തു.

“എവിടെയായിരുന്നു? കഴിഞ്ഞയാഴ്ച്ച കണ്ടില്ലല്ലോ ”

“കുടജാദ്രി… പോയി,കണ്ടു, രണ്ട് ദിവസം സ്റ്റേ ചെയ്തു, തിരിച്ചു വന്നു..”

അമലിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ട് അർജുൻ ഒഴിഞ്ഞ നാലാമത്തെ കസേരയിലേക്കിരുന്നു.

“മ്മ്മ് കൊള്ളാം കൊള്ളാം.. ആഹ് ജാനകീ ഇത് അർജുൻ ഈ റെസ്റ്റോറന്റിന്റെ ഓണർ ആണ് ആള്… ഞങ്ങൾക്ക് ഇവിടെ വന്ന് വന്ന് ആളെയിപ്പോ നല്ല പരിചയമായി. പിന്നെ അർജുൻ ഇത് ജാനകി… എന്റെ ഫ്രണ്ട് ആണ് എന്റെ കമ്പനിയിൽ തന്നെ ഇപ്പോ ഇവളും കേറി ”

അമീഷ ഇരുവരെയും തമ്മിൽ പരിചയപ്പെടുത്തി. അവർ പരസ്പരം ഒരു പുഞ്ചിരി കൈമാറുകയും ചെയ്തു. അന്ന് വീട്ടുകാർ വന്നപ്പോ പറഞ്ഞിരുന്നു റെസ്റ്റോറന്റ് രണ്ടുമൂന്നെണ്ണം ആൾ നടത്തുന്നുണ്ടെന്ന്. ഇതുവരെ കണ്ടിട്ട് പരിചയഭാവം ഒന്നും കാണിക്കാത്തതിനാൽ അവൻ മറന്നുകാണും അല്ലെങ്കിൽ ഫോട്ടോ കണ്ടിട്ടുണ്ടാവില്ല എന്നവൾ കരുതി. ഓർത്തുവെക്കാൻ മാത്രമൊന്നും ഇല്ലല്ലോ..

അർജുൻ ഒരു ചെറിയ എന്നാൽ അത്ര തീരെ ചെറുതല്ലാത്ത ഒരു ബിസിനസ്‌മാൻ ആണ്. ചെന്നൈയിൽ തന്നെ ഇതുപോലെ യുള്ള ഒരു റസ്റ്റെറന്റ് കൂടിയുണ്ട് ആൾക്ക്. നാട്ടിലുമുണ്ട് രണ്ടെണ്ണം. ഫുഡ്‌ കഴിക്കുന്നതിനിടെയുള്ള അവരുടെ സംസാരങ്ങളിൽ വന്നതാണിതെല്ലാം. അച്ഛന്റെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തിൽ നിന്ന് ഒരു ചെറിയ ഭാഗം വിറ്റ് അതിൽനിന്നാണ് അർജുൻ പിച്ച വെച്ച് തുടങ്ങിയത്. പിന്നീടിതുവരെ യാതൊരു പ്രശ്നവും കൂടാതെ അവന്റെ സംരഭം മുന്നോട്ട് പോകുന്നുമുണ്ട്. പിന്നെ ആൾ ഒരു യാത്രപ്രേമി കൂടിയാണ്. മുഴുവൻ സമയവും യാത്രയുമായി നടക്കുന്ന ഒരാൾ. ഇടക്ക് മാത്രമാണ് തിരിച്ചു ചെന്നൈ വന്ന് തങ്ങുന്നത്. നാട്ടിൽ പോലും പോക്ക് വല്ലപ്പോളും മാത്രമേയുള്ളൂ.

സംസാരത്തിൽ നിന്നും അർജുൻ സാമ്പത്തികപരമായി കുറച്ചു ഉയർന്ന ബാക്ഗ്രൗണ്ടിൽ നിന്നുള്ള ഒരാളാണെന്ന് അവൾക്ക് മനസ്സിലായി. വന്ന ആലോചന വേണ്ടെന്ന് വെക്കാൻ അതും ഒരു കാരണമായിട്ടുണ്ടാവും എന്നവൾക്ക് തോന്നി. അച്ഛൻ ഡോക്ടർ ആണ് എന്ന് പറയാമെന്നതിലുപരി സാമ്പത്തികമായി അത്ര ഉയർന്ന നിലയിലല്ല ജാനകിയുടെ വീട്ടുകാർ. പിന്നെ അവർ വന്ന് കാണുമ്പോൾ അവളും ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന സമയമാണ്. ഇതൊക്കെയാവും കാരണമെന്ന് അവൾ ചിന്തിച്ചു…

ഭക്ഷണത്തിനിടയിൽ യാത്രയും ബിസിനസ്സുമെല്ലാം അവർക്കിടയിൽ സംസാരവിഷയമായി. ആദ്യമാദ്യം വെറുതെ കൂടെയിരുന്നു സംസാരിച്ചുകൊണ്ടിരുന്ന അർജുൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ജ്യൂസ് വാങ്ങി മുന്നിൽ വെച്ച് അതും കുടിച്ചുകൊണ്ടായി സംസാരം.

“ ജാനകിയുടെ പ്ലേസ് എവിടെയാ ശരിക്കും ?”

ഭക്ഷണം കഴിഞ്ഞ് ബില്ല് പേ ചെയ്തു ഇറങ്ങുന്ന വഴിയാണ് അർജുൻ അവളോട് ചോദിച്ചത്.

ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം? അവൾ മനസ്സിൽ കരുതി.

“ കോഴിക്കോട്. എന്താ അർജുൻ?? ”

“ മ്മ്മ്… അതൊന്നൂല്ല, എനിക്ക് മുമ്പ് കണ്ട് പരിചയമുള്ളതുപോലെ തോന്നി. നമ്മൾ നേരത്തെ കണ്ടിട്ടുണ്ടോ? ”

ചോദ്യഭാവത്തിൽ നിൽക്കുന്ന അവനെ നോക്കി അവൾ ഒന്നാലോചിച്ചു. എന്ത് പറയും..

“നേരിട്ട് കണ്ടിട്ടില്ല… പക്ഷെ ഞാൻ അർജുന്റെ ഫോട്ടോ കണ്ടിട്ടുണ്ട്.. അർജുൻ മിക്കവാറും അങ്ങനെ തന്നെയാവും എന്നെയും കണ്ടിട്ടുള്ളത് ”

അവൾ പറഞ്ഞു.

“ഏഹ്ഹ് … അതെപ്പോ?”

അവൻ അത്ഭുതപ്പെട്ടുപോയി. ഓർത്തെടുക്കാനെന്നോണം നെറ്റി ചുളിച്ചു. വിരല് കൊണ്ട് നെറ്റിയിൽ മുറുക്കെ തിരുമ്മി.

“ അർജുന്റെ വീട്ടുകാർ എന്നെ പെണ്ണുകാണാൻ വന്നിരുന്നു.. അപ്പൊ ”

അവൾ ചമ്മലോടെ ചിരിച്ചു. പറഞ്ഞു കഴിഞ്ഞപ്പോൾ പറയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.

“ഏഹ്ഹ് … നിനക്ക് പെണ്ണുകാണലോ ? എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ ”

അടുത്തുനിന്ന അമീഷയുടെ ഉറക്കെയുള്ള ചോദ്യം കേട്ട് ജാനകി അവളെ നോക്കി. വായും തുറന്ന് കണ്ണ് തുറുപ്പിച്ചു നോക്കി നിൽക്കുകയാണവൾ. അരികിൽ നിൽക്കുന്ന അമലിന്റെ അവസ്ഥയും വ്യത്യസ്തമല്ലെങ്കിലും അമീഷയുടെ അത്രയുമില്ല.

“എടീ അത് ഫ്ലോപ്പായടീ.. അതാ ഞാൻ നിന്നോട് പറയാതിരുന്നേ ”

അവളെ സമാധാനിപ്പിക്കാണെന്നോണം ജാനകി പതിയെ പറഞ്ഞു. അമലിന്റെ കാര്യം ആദ്യം മുതൽ അവസാനം വരെയുള്ള കാര്യം വിളിച്ചറിയിച്ചവളാണ് അമീഷ. അവളോട് ഇങ്ങനെയൊരു കാര്യം പറഞ്ഞില്ലെന്നറിഞ്ഞാൽ പ്രശ്നമുണ്ടാക്കിക്കളയും. അതോർത്തുകൊണ്ട് അവൾ നേരെ നോക്കിയത് അർജുന്റെ മുഖത്തേക്കാണ്.

അവിടെ അന്തം വിട്ട് നിപ്പാണ് അർജുൻ. അവളുടെ നോട്ടം അവന്റെ നേരെ എത്തിയത് കണ്ട് അവനൊരു ചമ്മിയ ചിരി ചിരിച്ചു. അവളും തിരിച്ചു കൊടുത്തു അതുപോലെ തന്നെയൊരു ചിരി.

“ അതെന്ത് പറ്റി അങ്ങനെ? ”

വീണ്ടും അമീഷയാണ്. ഇനി ഇവൾക്ക് കാര്യകാരണ സഹിതം ഇവിടെനിന്നു വിവരിച്ചു കൊടുക്കേണ്ടി വരുമോയെന്നവൾ ചിന്തിക്കാതിരുന്നില്ല.

“ അതൊക്കെ പിന്നെ… നീ വന്നേ സമയം ഒത്തിരിയായി… എങ്കിൽ ബൈ അർജുൻ നെക്സ്റ്റ് വീക്ക്‌ കാണാം ”

ആ awkward സിറ്റുവേഷനിൽ നിന്ന് മറികടക്കാനെന്നോണം അമൽ അമീഷയെ വലിച്ചു നടന്നു. അതൊരു കണക്കിന് നന്നായെന്ന് അവൾക്ക് തോന്നി. മുമ്പ് റിജക്റ്റ് ചെയ്‌തൊരാളും റിജക്റ്റ് ചെയ്യപ്പെട്ട ഒരാളും അതേ കാര്യം ഇങ്ങനെ നിന്ന് സംസാരിക്കുന്നത് കുറച്ചു ബുദ്ധിമുട്ട് പിടിച്ച കാര്യമാണെന്ന് അവൾക്ക് അതോടെ മനസ്സിലായി.

“ ആ… അത് എവിടുന്നാണ് അർജുൻ മേടിച്ചത് ? എനിക്കൊരെണ്ണം വേണമെന്നുണ്ടായിരുന്നു ”

അവർ രണ്ടും പോയിട്ടും തന്റെ മുന്നിൽ പരുങ്ങി നിൽക്കുന്ന അർജുനെ കണ്ട് സംസാരം വഴി തിരിച്ചു വിടാൻ അവൾ പുറകിലെ ടെറേറിയത്തിലേക്ക് കൈ ചൂണ്ടി.
അത് ഫലം കണ്ടെന്നോണം അവന്റെ ശ്രദ്ധ അവിടേക്ക് നീങ്ങി.

“അത് ഞാൻ മൈസൂർ പോകുന്ന വഴി കണ്ട് വാങ്ങിയതാണ്. ഓൺലൈനിൽ കിട്ടുവോന്നു അറിയില്ലടോ. ഞാനൊന്ന് നോക്കിയിട്ട് പറയാം. ”

അതിന്റെ ചുവട് പിടിച്ചുള്ള കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവളും യാത്ര പറഞ്ഞു പിന്തിരിഞ്ഞു നടന്നു.

പിന്നെ പിന്നെ ഓരോ വരാന്ത്യങ്ങളിലും തമ്മിലുള്ള കണ്ടുമുട്ടലുകൾ പതിവായി. സംസാരത്തിൽ പല പല വിഷയങ്ങളും. അർജുനോട് സംസാരിച്ചിരിക്കാൻ രസമാണ്. ഇടക്ക് തർക്കിക്കാനും.. അതിൽ ഗൗരവമുള്ള വിഷയങ്ങളുമുണ്ടാവും ചിലപ്പോഴൊക്കെ വെറുതെ തർക്കിക്കാനായി മാത്രം ഉണ്ടാക്കി എടുക്കുന്ന വിഷയങ്ങളും.. അതിൽ അവന്റെ ഭാഗത്ത്‌ ശരിയുണ്ടെങ്കിലും ഇടക്ക് അവൻ തോറ്റുകൊടുക്കും. ചോദിക്കുമ്പോൾ സംസാരിച്ച് ക്ഷീണിച്ചിരിക്കുന്നവൾക്ക് നേരെയുള്ള തന്റെ ഔദാര്യം എന്ന് മറുപടി കൊടുക്കും.

ഒരു വശത്ത് അമലും അമീഷയും ഭാവി ജീവിതത്തിന്റെ പ്ലാനിങ്ങുകളുമായി മുന്നോട്ട് പോകുമ്പോൾ അവർ മറു വശത്ത് മാറിയിരുന്നു അവൻ പോയ യാത്രകളുടെ വിശേഷങ്ങൾ അവൾക്ക് പറഞ്ഞു കൊടുക്കും. അവന് നല്ലൊരു കേൾവിക്കാരിയായി അവളും.

ഇതിനിടയിൽ വീട്ടുകാർ തമ്മിലും പരിചയമായി എന്നുള്ളതും വേറെ കാര്യം. കല്യാണലോചനയുടെ കാര്യം പിന്നീട് ഇരുവർക്കുമിടയിൽ ചർച്ചാവിഷയം ആയതുമില്ല.

പക്ഷെ വീട്ടിൽ വീണ്ടും കല്യാണക്കാര്യം സംസാരവിഷയമായി വന്നു. ജോലി കിട്ടി എട്ട് മാസത്തിനു ശേഷം ഒരു വിഷു അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് അച്ഛന്റ്റെ വക അങ്ങനെയൊരു സംസാരം ഉണ്ടായത്. അച്ഛന്റ്റെ പരിചയത്തിലുള്ള ആരുടേയോ മകന്റെ ആലോചന വന്നത്രെ. അച്ഛൻ എന്നോട് ചോദിച്ചിട്ട് മറുപടി പറയാമെന്നും അറിയിച്ചു. പറഞ്ഞതുപോലെ തന്നെ അച്ഛൻ അവളുടെ തീരുമാനത്തിന് എല്ലാം വിട്ടുകൊടുത്തു.

തിരിച്ചു ചെന്നൈയ്ക്ക് പോകേണ്ടതിന്റെ തലേദിവസം രാത്രി കല്യാണത്തെക്കുറിച്ച് വീണ്ടുമൊരു തീരുമാനമെടുക്കാൻ ആലോചിച്ചുകൊണ്ടിരുന്ന അവളുടെ മനസ്സിലേക്ക് ആദ്യം എത്തിയത് അർജുനാണ്. എന്തൊക്കെ പറഞ്ഞാലും കല്യാണം എന്ന് എപ്പോ കേട്ടാലും ആദ്യം ഓർമ്മ വരുന്നത് അർജുനെയാണ്

ആളിപ്പോൾ ജയ്പൂറിലേക്കുള്ള യാത്രയിലാണ്. പോകുന്നതിന് മുമ്പ് കണ്ടിരുന്നു. എത്തുമ്പോൾ ഫോട്ടോസ് അയക്കാമെന്നു പറഞ്ഞതോർത്തവൾ ഫോൺ എടുത്തു.

പറഞ്ഞതുപോലെ തന്നെ ഫോട്ടോസ് കുറെയേറെ വന്ന് കിടപ്പുണ്ട്. അവനെ ഓൺലൈനിൽ കണ്ടതും അവൾ വേഗം മെസ്സേജ് അയച്ചു.

– എന്തെടുക്കുവാ?

ഉടനെ മറുപടിയും എത്തി.

– ഞാനിവിടെ റൂമിൽ വെറുതെ കിടക്കുവാ. ഉറക്കം വരാത്തോണ്ട് ഫോണിൽ നോക്കാന്നു കരുതി…

യാത്രയുടെ വിശേഷങ്ങളായി പിന്നീടുള്ള സംസാരം.

– വീട്ടിൽ എന്താടോ വിശേഷം?

– പ്രത്യേകിച്ചൊന്നൂല്ല…

എന്നയച്ചതിനു ശേഷം അവൾ വേഗം കൂട്ടിച്ചേർത്തു.

– ഒരു കല്യാണലോചന

എന്തിന് അങ്ങനെ പറഞ്ഞു എന്നറിയില്ല. എന്തോ ആളോട് പറയണം എന്ന് തോന്നി.. അത്ര മാത്രം..

– ആർക്ക്?

ഉടനെ തന്നെ അവിടെ നിന്ന് ചോദ്യമെത്തി.

– എനിക്ക് തന്നെ..
അല്ലാതെ വേറെ ആർക്ക്..

– ഓക്കേ

അത്രയും മാത്രം പറഞ്ഞ് അർജുൻ ഓൺലൈനിൽ നിന്ന് പോയി. അത് നോക്കി അവൾ അന്തിച്ചിരുന്നു.

ഉറക്കം വരുന്നില്ല എന്ന് പറഞ്ഞയാളല്ലേ ഇത്…

എന്താവും പെട്ടന്ന് പോയത്…?
അവൾ ചിന്തിച്ചു കാടുകയറി തുടങ്ങി.

കല്യാണത്തിന്റെ കാര്യം പറയരുതായിരുന്നോ? പറഞ്ഞതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
അവൾ ആലോചിച്ചിരിപ്പായി.

ഏറെ നേരത്തെ ആലോചനക്കൊടുവിൽ അവൾ ഒരു അവസാനത്തിലെത്തി.

അർജുന് മിക്കവാറും ഞാൻ വെല്ലുവിളിച്ചതുപോലെ ഒരു തോന്നലുണ്ടായിക്കാണണം. അർജുൻ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് എനിക്ക് വേറെ ഒരു കല്യാണലോചന വന്ന കാര്യം അർജുനോട് തന്നെ പറയുമ്പോൾ തീർച്ചയായും അങ്ങനെ ഒരു അർത്ഥത്തിലാവും എടുത്തിട്ടുണ്ടാവുക. അവൾക്ക് ടെൻഷൻ ആയി.

ഈ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ അവർ അടുപ്പമുള്ള ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെയൊരു ചിന്തയിലാണ് പറഞ്ഞതും.

താൻ ഈയൊരു കാര്യത്തിന്റെ പേരിൽ എന്തിനിങ്ങനെ കടന്നു ചിന്തിക്കുന്നു എന്നവൾക്ക് തോന്നാതെയിരുന്നില്ല.

പിന്നീട് രണ്ടാഴ്ച അർജുന്റെ ഒരു വിവരവും ഉണ്ടായില്ല. അവൾ സാധാരണ പോലെ ജോലിയുമായി നീങ്ങി.

പിന്നെയുമൊരു ശനിയാഴ്ച അവർ പതിവ് സ്ഥലത്ത് കണ്ടുമുട്ടി. അമലിനെയും അമീഷയെയും തനിച്ചു വിട്ട് വഴിവക്കിലൂടെ ചെറുതായി നടത്തം തുടങ്ങി.
ജാനകിയ്ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സന്ധ്യാ സമയത്തുള്ള ആ നടപ്പ്.

“ഞാൻ തനിക്കൊരു ടെറേറിയം വാങ്ങി വെച്ചിട്ടുണ്ട് വീട്ടിൽ. ഇനി നാട്ടിൽ പോയിട്ട് വരുമ്പോ എടുത്തിട്ട് വരാം ”

നടക്കുന്ന വഴി ഏറെ നേരത്തെ നിശബ്ദതക്കൊടുവിൽ അവൻ സംസാരിച്ച് തുടങ്ങി. അവൾക്കും ആ മൗനം മടുത്തു തുടങ്ങിയിരുന്നു.

“അർജുൻ വീട്ടിൽ പോയിരുന്നോ? ഞാനോർത്തു ഇല്ലായിരിക്കുമെന്ന്…. എന്നിട്ട് എന്തൊക്കെയുണ്ട് വീട്ടിൽ വിശേഷങ്ങൾ? ”

അവളും ആ സംസാരത്തിൽ പങ്ക് ചേർന്നു.

“പോയിട്ടാടോ വന്നത്… ഞാൻ തന്നോടത് പറയാൻ വിട്ടുപോയി…
പിന്നെ വിശേഷം എന്ന് പറയാൻ തന്റെ പോലെ കല്യാണാലോചനയുടെ വിശേഷം തന്നെ…”

“ ആഹാ.. എന്നിട്ട്?? കെട്ടാൻ തീരുമാനിച്ചോ അർജുൻ ”

അവർക്കിടയിൽ ആദ്യമായിട്ടായിരുന്നു കല്യാണത്തെക്കുറിച്ചുള്ള സംസാരം ഉണ്ടാവുന്നത്.

“മ്മ്മ്.. ഇപ്പൊ അങ്ങനെയൊരു ചിന്ത ഇല്ലാതെയില്ല ”

അവൻ കളിയായി പറഞ്ഞു. അത് കേട്ട് അവൾക്ക് ചെറുതായൊരു വിഷമം തോന്നി. ഇത്രയും കാലത്തിനിടയിൽ ഒരുമിച്ചുണ്ടായപ്പോഴൊക്കെ ആദ്യം തോന്നിയ ആ ഇഷ്ടം കുറച്ചു കൂടി കൂടാൻ തുടങ്ങിയിരുന്നു. അതിന്റെതായൊരു സങ്കടം…

“ആഹാ,, അതുകൊള്ളാം.. എന്നിട്ട് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ? ”

മുഖത്തൊരു പുഞ്ചിരി എടുത്തണിഞ്ഞുകൊണ്ട് അവൾ മുഖമുയർത്തി.

“അങ്ങനെ ചോദിച്ചാൽ ഒരാളുണ്ട്… ഇനി ആളോടും കൂടി ഒന്ന് സംസാരിച്ച് ഉറപ്പിച്ചാൽ സെറ്റ് ”

അവൻ സംസാരത്തിൽ വീണ്ടും തമാശ കലർത്തി. പിന്നെ നടക്കും തോറും നിശബ്ദമായി. കൂടെ അവളും…

“ജാനകി… ”

അല്പസമയത്തിന് ശേഷം നിശബ്ദതക്കൊടുവിൽ അവനവളെ വിളിച്ചു.

“മ്മ്മ്…”

അവളൊന്ന് മൂളി.

“ അത് പിന്നെ.. താനിപ്പോ ശരിക്കും ഒരു കല്യാണം നോക്കുന്നുണ്ടോ? ”

അവളൊന്ന് ആലോചിച്ചു.
എന്തിനാണിപ്പോ ഇങ്ങനെയൊരു ചോദ്യം..

“സത്യം പറഞ്ഞാൽ എനിക്കങ്ങനെ കല്യാണത്തെക്കുറിച്ച് അഭിപ്രായം ഒന്നുമില്ല. കൂടെ പഠിച്ചവരൊക്കെ പതിയെ സെറ്റിൽ ആവാൻ തുടങ്ങി.. അതുകണ്ടപ്പോ അച്ഛൻ എന്നോട് ചോദിച്ചു ഞാൻ അച്ഛനോട് ആലോചനകൾ നോക്കിക്കോളാൻ പറഞ്ഞു.. അങ്ങനെയാണ് അന്ന് അർജുന്റെ വീട്ടുകാർ കാണാൻ വന്നത്… അതുകഴിഞ്ഞിപ്പോഴാണ് അച്ഛൻ വീണ്ടും ഇങ്ങനെയൊരു കാര്യം പറയുന്നത്. അല്ലാതെ എനിക്കങ്ങനെ പ്രത്യേകം അഭിപ്രായങ്ങളൊന്നും ഉണ്ടായിരുന്നില്ല..”

അവൾ പറഞ്ഞു നിർത്തി. അവൻ വീണ്ടും നിശബ്ദനായി. മുഖം കണ്ടിട്ട് അവൻ കാര്യമായ എന്തോ ആലോചനയിൽ ആണെന്ന് അവൾക്ക് തോന്നി.

“അന്ന് വീട്ടുകാർ ഞാനറിയാതെയാണ് തന്നെ കാണാൻ വന്നത്…”

അർജുൻ പറഞ്ഞു….
അവൾക്കതൊരു പുതിയ അറിവായിരുന്നു. അതിന്റെ അത്ഭുതം അവളുടെ മുഖത്തും പ്രകടമായി… അവളുടെ ചിന്ത പോയത് അർജുന്റെ വീട്ടുകാരുടെ പുറകെയാണ്. സ്വന്തം മകന്റെ ജീവിതം അവനറിയാതെയാണോ തീരുമാനം എടുക്കേണ്ടത്? ഇതെന്തൊരു ഫാമിലിയാണ്…
ജീവിതത്തിലെ ഓരോ തീരുമാനങ്ങളും സ്വയം എടുക്കാൻ അനുവദിക്കുന്ന ഒരു ഫാമിലിയിലെ അംഗമായതുകൊണ്ടാവണം അവൾക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല.

അവളുടെ മുഖം കണ്ടതും ചിന്ത പോകുന്ന വഴി അവന് മനസ്സിലായി.

““എടൊ,, താനിങ്ങനെ കാടുകയറി ചിന്തിക്കാതെടോ താൻ വിചാരിക്കുന്ന പോലെയൊന്നുമില്ല… എന്നെ അടിച്ചമർത്തി തീരുമാനങ്ങളെല്ലാം അടിച്ചേൽപ്പിക്കുന്ന ഒരു ഫാമിലിയല്ലടോ എന്റേത് ”

അവൻ അവളുടെ മനസ്സ് പോയ വഴിയോർത്തു ചിരിച്ചു പോയി. ആ ചിരി കണ്ട് അവളിലും ഉണ്ടായി ചമ്മലോടെയുള്ളൊരു ചിരി..

“എന്റെ മുത്തശ്ശിയെ താൻ കണ്ടിട്ടില്ലേ,, മുത്തശ്ശി വലിയ വിശ്വാസി ആണെടോ… വിശ്വാസി എന്നല്ല നല്ല ഒന്നാന്തരം അന്തവിശ്വാസി എന്ന് തന്നെ പറയാം… അങ്ങനെയൊരു ദിവസം പെട്ടെന്ന് മുത്തശ്ശിക്ക് ഒരു ബോധോദയം ഉണ്ടായി.. എന്നിട്ട് നേരെ എന്റെ ജാതകവും കൊണ്ട് ജ്യോൽസ്യന്റെ അടുത്ത് ചെന്നു… ജ്യോൽസ്യൻ മുത്തശ്ശിയുടെ ടീം തന്നെ ആയിരുന്നു എന്ന് തോന്നുന്നു എന്തായാലും അയാൾ പറഞ്ഞത് അടുത്ത ഒരു വർഷത്തിനുള്ളിൽ എന്റെ കല്യാണം നടത്തണം ഇല്ലെങ്കിൽ പിന്നെ ഒത്തിരി വൈകും എന്നായിരുന്നു… അത് കേട്ട പാതി കേക്കാത്ത പാതി മുത്തശ്ശിക്ക് എന്റെ കല്യാണം കാണണമെന്നായി. അതുവരെ കല്യാണം എനിക്ക് തോന്നുമ്പോ മതി എന്ന് പറഞ്ഞ് എന്റെ സപ്പോർട്ട് ആയി നിന്നിരുന്ന പലരെയും മുത്തശ്ശി മറുകണ്ടം ചാടിച്ചു. അങ്ങനെ എല്ലാരും കൂടി ചേർന്ന് എന്റെ ബാച്‌ലർ ലൈഫിന് ബ്രേക്ക്‌ ഇടാൻ തീരുമാനിച്ചു… ”

“ എന്നിട്ട്? ”

ബാക്കി അറിയാനുള്ള ആകാംഷയിൽ അവൾ തിരക്കി.

“ അങ്ങനെ ആദ്യം കുറച്ചു പേരുടെയൊക്കെ വീട്ടിൽ പോയി കണ്ടെങ്കിലും അതൊന്നും അങ്ങോട്ട് ശരിയായില്ല. ഒരു തരത്തിൽ എനിക്ക് അതൊക്കെ ഉപകാരമായിരുന്നു.. കാരണം കല്യാണം ജീവിതത്തിൽ വേണ്ട എന്നുള്ള ചിന്താഗതിക്കാരനൊന്നുമല്ല ഞാൻ. കുറച്ചു യാത്ര ചെയ്യണം, കുറേ സ്ഥലങ്ങളൊക്കെ കാണണം കുറച്ചു കാലം സ്വന്തം കാര്യം നോക്കി നടക്കണം അത് കഴിഞ്ഞ് കല്യാണം കഴിക്കണം എന്നൊക്കെയായിരുന്നു എന്റെ പ്ലാൻ… പക്ഷെ എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് ഈ ജാതകം പോലെയുള്ള കാര്യങ്ങൾ… വീട്ടുകാർ അതിന്റെ കാര്യം പറഞ്ഞപ്പോഴേ എനിക്ക് വാശിയായി ഒരു വർഷം കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് കാണണമല്ലോ… അവസാനം എല്ലാം കൊണ്ടും വീട്ടുകാർക്കെല്ലാം താല്പര്യം തോന്നിയ ഒരു ആലോചനയായിരുന്നു തന്റേത്.. സോ കല്യാണം വേണ്ടെന്ന് വെക്കാൻ എനിക്ക് ആകെ ചെയ്യാൻ പറ്റുന്നത് തന്നെ ഇഷ്ടപ്പെട്ടില്ലന്ന് പറയുക എന്നുള്ളതായിരുന്നു ”

അർജുൻ പറഞ്ഞു നിർത്തി. ദീർഘമായൊന്ന് നിശ്വസിച്ചു…. ശേഷം പതിയെ അവളെ നോക്കി..

അവളാകട്ടെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാതെ കേട്ട് നടക്കുകയാണ്.

“പിന്നെ ഇപ്പോഴെന്താ കല്യാണം കഴിച്ചേക്കാം എന്ന് തോന്നിയത്? മുത്തശ്ശിയോടുള്ള യുദ്ധം ഒക്കെ അവസാനിപ്പിക്കാൻ തീരുമാനിച്ചോ? ”

അവളുടെ ചോദ്യം കേട്ടതും അവനൊന്ന് പതുങ്ങി. പിന്നെ മടിച്ച് മടിച്ച് പതിയെ പറയാനൊരുങ്ങി…

“അത്…. അത് പിന്നെ…. അന്ന് താൻ വീട്ടിൽ പോയപ്പോ തനിക്ക് വീണ്ടും കല്യാണാലോചന വരുന്ന കാര്യം പറഞ്ഞപ്പോ മുതൽ എനിക്കെന്തോ പോലെ… ”

ഏഹ്ഹ്!!

അവളൊന്ന് ഞെട്ടി… എന്റെ കല്യാണത്തിന്റെ കാര്യത്തിന് അർജുന് എന്താ?

മനസ്സിലുള്ള ഞെട്ടൽ പുറമേ കാണിക്കാതെ അവൾ അർജുനെ നോക്കി. അവന്റെ മുഖത്തൊരു ചമ്മലുണ്ട്..

“താനിത് എങ്ങനെ എടുക്കും എന്നെനിക്കറിയില്ല… എന്നാലും എനിക്കിത് ചോദിക്കാതിരിക്കാനും തോന്നുന്നില്ല … അതായത് ഞാൻ ആ പഴയ ആലോചനയുമായി ഒന്നുകൂടി തന്റെ വീട്ടിൽ വന്നാലോ?? തനിക്കത് ഓക്കേ ആണോ?? ”

പ്രതീക്ഷിക്കാത്തത് എന്തോ കേട്ടെന്ന പോലെ അവൾ അവനെ മിഴിച്ചു നോക്കി. അവന്റെ വായിൽനിന്നും അവൾ അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല…
തന്റെ ഉത്തരം കാത്ത് ചെറിയൊരു ടെൻഷനോടെ നോക്കുന്ന അർജുനോട് എന്ത് പറയണമെന്നറിയാതെ അവൾ വിയർത്തു. എന്ത് മറുപടി കൊടുക്കണമെന്ന് അവൾ മനസ്സിൽ കണക്കുകൂട്ടി…

“ സന്ധ്യ മയങ്ങി അർജുൻ ,, .. നമുക്ക് തിരിച്ചു പോയാലോ? ”

നിരാശയോടെ ചുമൽ കൂച്ചിയ അർജുനെ ഒന്ന് നോക്കി അവൾ വന്ന വഴിയേ തിരിഞ്ഞു നടന്നു…

പറയാൻ ഉദ്ദേശിച്ചത് ഒന്ന്, പുറത്ത് വന്നത് വേറെയൊന്ന്… ഇതെന്തൊരു കഷ്ടമാണ്… ശ്ശേ!!

നിരാശയോടെ തന്നെ നോക്കിയ അർജുന്റെ മുഖമോർത്തവൾ പിറുപിറുത്തു തിരിഞ്ഞു കിടന്നു.
ആ സംഭവം കഴിഞ്ഞിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു. അർജുനെ അത് കഴിഞ്ഞു കണ്ടിട്ടുമില്ല….

ഇടക്ക് ടേറേറിയത്തിന്റെ ഒരു ഫോട്ടോ എടുത്ത് അയച്ചു തന്നു. അത് കണ്ടപ്പോൾ അവൻ വീട്ടിലായിരിക്കുമെന്ന് അവളോർത്തു. ഫോട്ടോയ്ക്ക് മറുപടിയായി ഇവിടേക്ക് കൊണ്ടുവരേണ്ട അതവിടെ തന്നെ ഇരുന്നോട്ടെ എന്ന് പറഞ്ഞു.

വല്ലതും മനസ്സിലായി കാണുമോ എന്തോ!!

എന്തായാലും പറഞ്ഞത് ആൾക്ക് മനസ്സിലായില്ല എന്ന് പിന്നെയറിഞ്ഞു. അത് മനസ്സിലാക്കിക്കാൻ അച്ഛനെക്കൊണ്ട് ആളെ വിളിപ്പിച്ച് എന്നാ വീട്ടിലേക്ക് വരുന്നത് എന്ന് ചോദിപ്പിക്കേണ്ടി വന്നു…

അതോടെ എല്ലാത്തിനും തീരുമാനവും ഉണ്ടായി. പെണ്ണുകാണലും നിശ്ചയവും കല്യാണവുമെല്ലാം മുറക്ക് നടന്നു. ഇതിനിടയിൽ അർജുൻ അവളോട് തുറന്നു പറഞ്ഞു ചെന്നൈയിൽ വെച്ച് കണ്ടുമുട്ടിയതിൽ പിന്നെ, അവളെ അടുത്തറിഞ്ഞതിൽ പിന്നെ അവന് അവൾ കൂടെ വേണമെന്നുള്ള ആഗ്രഹം ഉണ്ടായെന്നുള്ള കാര്യം… എന്തിന് അവൾ ഈ പ്രൊപോസലിന് സമ്മതിച്ചു എന്നവൻ പല തവണ ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല …

പിന്നെയെപ്പോഴോ നാളുകൾക്കു ശേഷം വീണ്ടുമൊരു സന്ധ്യാനേരത്ത് അവൾ പറഞ്ഞു. ആദ്യം ഫോട്ടോ കണ്ടപ്പോൾ തുടങ്ങിയൊരു ആകർഷണം പിന്നീട് കണ്ടപ്പോഴൊക്കെ കൂടിയതല്ലാതെ കുറഞ്ഞുപോയില്ലെന്ന്….

(അവസാനിച്ചു )

എഴുതി തീരെ എക്സ്പീരിയൻസ് ഇല്ലാത്ത ഒരാളാണ് ഞാൻ. ഇപ്പോൾ പെട്ടന്ന് മനസ്സിൽ വന്നത് എഴുതി എന്നുമാത്രം. വായിക്കുന്നവർ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു തുടർക്കഥ എഴുതാൻ പ്ലാനുണ്ടെനിക്ക്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം എഴുതി തുടങ്ങാൻ…
So, വായിച്ചവർ മടിക്കാതെ അഭിപ്രായം പറയണേ