രചന – അഞ്ജു തങ്കച്ചൻ
ചുവന്ന സന്ധ്യകൾ.
__________________
അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് നിരുപമ പുറത്തേക്കിറങ്ങി.
രാത്രിയിലെപ്പോഴോ പെയ്ത മഴയിൽ നീരാട്ട് കഴിഞ്ഞപ്രകൃതി അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു.
കിഴക്കുദിച്ച കതിരോൻ സ്വർണ്ണവർണ്ണം വാരിവിതറുന്നുണ്ട്.പൊൻപുലരികളെ ഇങ്ങനെ നോക്കി നിന്നിട്ട് എത്രയോ കാലങ്ങളായി.സ്വയം മറന്ന് അവളങ്ങനെ അല്പ്നേരം നിന്നു.
പെട്ടെന്ന്, കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അവൾ അകത്തക്കോടി , രണ്ടു വയസ്സുകാരി കിങ്ങിണി കട്ടിലിൽ ഇരുന്ന് കരയുകയാണ്, മൂന്നര വയസുകാരനായ കുട്ടാപ്പി അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
അവൾ കുഞ്ഞിനെ എടുത്ത് മടിയിലിരുത്തി.
വയർ നിറയെ തന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ പോലും കഴിയാത്ത പെറ്റമ്മ ആയി പോയി താൻ, അവളുടെ കുഴിഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ അടർന്നുവീണു.
ഇന്നലെയോടെ മാമംഗലത്തെ നിരുപമ എന്ന താൻ ഒരു കള്ളിയും ആയിക്കഴിഞ്ഞിരിക്കുന്നു.
അവൾ പുച്ഛത്തോടെ സ്വയം ഒന്നു ചിരിച്ചു.
ഇന്നലെ രാത്രി അവറാച്ചൻ മുതലാളിയുടെ വീട്ടിൽ കയറി ഇരുന്നൂറിന്റെ ആറ് നോട്ട് താൻ മോഷ്ടിച്ചു.
അവൾ പതിയെ ഊറിച്ചിരിച്ചു.
അവൾ കുഞ്ഞുങ്ങളെ പല്ല് തേപ്പിച്ച്, കിണറ്റിൻ കരയിൽ തന്നെ നിർത്തി അവരെ കുളിപ്പിച്ചു.
കുളി കഴിഞ്ഞ് പഴയ ചെറിയ ഷർട്ട് കുട്ടാപ്പിയെ ധരിപ്പിച്ചപ്പോൾ അവൻ പറഞ്ഞു അമ്മേ എനിക്ക് ഇത് ഇടുമ്പോൾ വല്ലാതെ ശ്വാസം മുട്ടുന്നു…. സാരമില്ല മോന് അമ്മ പുതിയ ഉടുപ്പ് വാങ്ങി തരാം
നേരാണോ അമ്മേ… അവൻ അത്ഭുതത്തോടെ ചോദിച്ചു.
അമ്മേ… എനിച്ചും വേണം കുഞ്ഞുടുപ്പ് കിങ്ങിണി മോൾ പറഞ്ഞു.
മോൾക്കും മേടിക്കാം . അവൾ പറഞ്ഞു.
അമ്മേ ഇന്ന് എന്താ കഴിക്കാൻ ഉള്ളത്?
ഇന്ന് മക്കൾക്ക് ഗോപി ചേട്ടന്റെ കടേന്ന് നല്ല ചൂട് അപ്പവും മുട്ടക്കറിയും വാങ്ങിത്തരാം.
ആണോ ? അവന്റെ കുഞ്ഞു കണ്ണുകൾ വിടർന്നു.
മക്കൾ ഇവിടിരിക്ക് അമ്മയും വേഗം പോയി കുളിച്ചിട്ടു വരാം. വഴക്കുണ്ടാക്കരുത് കേട്ടോ അവൾ പറഞ്ഞു.
കുഞ്ഞുങ്ങൾ രണ്ടാളും കളിക്കാൻ ആയി മുറ്റത്തേക്ക് ഇറങ്ങി.
അവൾ വേഗത്തിൽ കുളിച്ചു വന്നു. അയൽ വീട്ടിലെ ചേച്ചി,
അൽപ്പം പഴകിയതാ ഇത് നീയെടുത്തോ എന്ന് പറഞ്ഞു കൊടുത്ത വയലറ്റ് സാരിയും കറുത്ത ബ്ലൗസും ധരിച്ചു.
കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചവൾ പുറത്തേക്കിറങ്ങി.
തലേന്ന് മോഷ്ടിച്ച പണം കൊണ്ട് അവൾ കുഞ്ഞുങ്ങൾക്ക് വയർ നിറയെ ആഹാരം വാങ്ങി നൽകി, തൊട്ടടുത്തു തന്നെയുള്ള ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും മോന് ചുവന്ന നിറത്തിലുള്ള ഷർട്ടും, മോൾക്ക് നീലയിൽ സ്വർണ്ണ പുള്ളിയുള്ള ഉടുപ്പും വാങ്ങി അവരെ ധരിപ്പിച്ചു.
തണുത്ത ഈറൻ കാറ്റിന്റെ സൂചി തണുപ്പ് ഉടലാകെ വന്നു പൊതിയുന്നുണ്ടെങ്കിലും അവൾ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വഴിയിലൂടെ മുന്നോട്ടു നടന്നു..രാത്രിയിൽ നിർത്താതെ പെയ്ത മഴയിൽ കലങ്ങി മറിഞ്ഞൊഴുകുന്ന നദി ആയിരുന്നു അവളുടെ ലക്ഷ്യം.
അവൾ പുഴക്കരയിലൂടെ, ആഴമുള്ള ഭാഗത്തേക്ക് നടന്നു.
പുഴയുടെ ഓരത്ത് നിൽക്കുമ്പോൾ ഗൗതമിന്റെ പെണ്ണേ.. എന്നുള്ള ശബ്ദം തന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടെന്ന് അവൾക്ക് തോന്നി.
പ്രണയാതുരമായ അവന്റെ ശബ്ദംപോലും തന്നെ ഉടലാകെ കുളിർ കോരിയിടുന്ന പോലെയായിരുന്നു, എന്നിട്ടും… അത്രമേൽ ആഴത്തിൽ സ്നേഹിച്ചിട്ടും എപ്പോഴാണ് ഗൗതമിന് തന്നെ വേണ്ടാതായത്? പ്രണയം നിറഞ്ഞ അവന്റെ വിടർന്ന മിഴികളിൽ എന്നുമുതലാണ് തന്നോടുള്ള അകൽച്ച നിറഞ്ഞുനിന്നത്.
എപ്പോഴാണ് അവൻ തന്റെ മാത്രം ഗൗതം അല്ലാതായത്?
ഒരു ദിവസം ഒന്നും പറയാതെ തന്നെയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു ഗൗതം എങ്ങോട്ടോ പോയി . ആഴ്ച്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ഗൗതം മടങ്ങി വന്നില്ല. അയൽവാസികളുടെ സഹായം കൊണ്ട് കുറച്ചു നാളുകൾ കഴിഞ്ഞ് പോയി, പക്ഷെ എത്ര നാൾ എന്ന് വച്ചാണ് അവർ സഹായിക്കുന്നത്,
പതിയെ പതിയെ എല്ലാവരും അകന്നു.
ഒരു വശത്ത്, ഗൗതം തന്നെ ഉപേക്ഷിച്ചു എന്ന തിരിച്ചറിവ്, ഒരു വശത്ത് തന്റെ കുഞ്ഞുങ്ങൾ…
വിശന്നു വലഞ്ഞ എത്രയെത്ര ദിവസങ്ങൾ….
ആകെ അവശേഷിച്ച, കാതിലുള്ള ചെറിയ മൊട്ടുകമ്മൽ വിറ്റാണ് മോളെ പനിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയത്.
തന്റെ കുഞ്ഞുങ്ങളുടെ വിശന്നൊട്ടിയ വയർ എത്ര ദിവസം താൻ കണ്ടുകൊണ്ടിരിക്കും?
ഇന്നത്തോടുകൂടി എല്ലാം അവസാനിക്കട്ടെ…. അവൾ മോളെ തോളിലേക്ക് ചേർത്തു കിടത്തി കുട്ടാപ്പിയെ തന്റെ ദേഹത്തേക്കണച്ചു നിർത്തി.
അവൾ ഒരു ദീർഘനിശ്വാസം എടുത്തു
ഇനി ഈ ആഴങ്ങളിൽ തങ്ങൾ ഉറങ്ങാൻ പോകുന്നു.
അവൾ കുട്ടാപ്പിയെ ഒന്ന് കൂടെ തന്റെ ദേഹത്തോട് ചേർത്തു മുറുക്കെ പിടിച്ചു.
അമ്മേ… കുട്ടാപ്പി ഒരേങ്ങലോടെ വിളിച്ചു.
എനിക്ക് പേടിയാകുന്നു അമ്മേ…
എനിച്ചും… കിങ്ങിണി മോൾ വിതുമ്പിത്തുടങ്ങി.
ഈശ്വരാ… എന്റെ മക്കൾ, എനിക്ക് കഴിയുന്നില്ല അവരെ കൊല്ലാൻ, അവൾ നിലത്തേക്കൂർന്നിരുന്നു.
അമ്മേ… അമ്മക്ക് ഞങ്ങൾ ഇല്ലേ, ഞാൻ പഠിച്ചു വല്യ ജോലിക്കാരൻ ആയി എന്റെ അമ്മയെ നോക്കും. അവൻ കുഞ്ഞിക്കൈ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പി.
കണ്ണീരണിഞ്ഞ അവന്റെ മുഖത്ത് അവൾ തെരുതെരെ ചുംബിച്ചു.
അതെ എനിക്കെന്റെ മക്കൾ ഉണ്ട്. അവൾ ഉറച്ച മുഖത്തോടെ എഴുന്നേറ്റു.
വാടക വീട്ടിലേക്കു മടങ്ങി ചെല്ലുമ്പോൾ ഉടമസ്ഥൻ ദിവാകരൻ മുറ്റത്ത് നിൽപ്പുണ്ട്. നിങ്ങൾ ഇതെവിടെ പോയതാരുന്നു ഈ രാവിലെ?
മക്കൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാൻ പോയതാ.
മോളെ നിനക്കറിയാലോ എട്ട് മാസമായി നിങ്ങൾ വാടക തന്നിട്ട്, എനിക്ക് വേറെ വരുമാനം ഒന്നുമില്ലെന്ന് മോൾക്ക് അറിയാലോ, പിന്നെ ഇനി ഗൗതം വരുമെന്ന് തോന്നുന്നില്ല അവൻ മറ്റൊരു സ്ത്രീയോടൊപ്പം താമസം തുടങ്ങിയെന്നാ അറിഞ്ഞത്. അത് കൊണ്ട് മോൾ സ്വന്തം വീട്ടിലേക്കു മടങ്ങി പോകുന്നതാണ് നല്ലത്. വാടക ഞാൻ ചോദിക്കുന്നില്ല. തരാൻ മോളുടെ കൈയിൽ ഇല്ലെന്നു എനിക്കറിയാം.
മറ്റാർക്കെങ്കിലും ഈ വീട് വാടകയ്ക്ക് കൊടുക്കാതെ എനിക്ക് വേറെ വഴി ഇല്ല.
എനിക്ക് പോകാൻ ഒരിടം ഇല്ല ദിവാകരേട്ടാ, ഉള്ളത് നുള്ളിപ്പെറുക്കിയാണ് അച്ഛൻ, ഞാൻ ഇഷ്ട്ടപ്പെട്ട ആൾക്കൊപ്പം എന്നെ വിവാഹം കഴിപ്പിച്ചയച്ചത്. ഇപ്പോൾ അച്ഛൻ എന്റെ ചേച്ചിക്കൊപ്പം അവരുടെ വീട്ടിലാണ്താമസം . അങ്ങോട്ട് ഞാൻ എങ്ങനെ പോകും?
ഒരു ഗതിയിയുമില്ലാതെ മക്കളെയും കൊണ്ട് മരിക്കാൻ ഇറങ്ങിയതാ ഇന്ന്.. പക്ഷെ എനിക്ക് വയ്യ…. എന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ.
മോളെ… ദിവാകരൻ ഞെട്ടളോടെ വിളിച്ചു.
തെല്ലു നേരം അയാൾ അങ്ങനെ നിന്നു.
എനിക്കും ഉണ്ട് ഒരു മോൾ, അതുകൊണ്ട് മോളുടെ വിഷമം എനിക്ക് മനസിലാകും.മോൾ ഇവിടെ തന്നെ താമസിച്ചോ അയാൾ പറഞ്ഞു.
ദിവാകരേട്ടാ ….. ഉണ്ടെങ്കിൽ എനിക്കിത്തിരി പണം ഏർപ്പാട് ചെയ്ത് തരാമോ? മറ്റാരും എനിക്ക് ഇല്ലാത്തതു കൊണ്ടാ, ഞാൻ തിരിച്ചു തരും.
ഇപ്പോൾ സ്ത്രീകൾക്ക് എളുപ്പം തെങ്ങിൽ കയറാവുന്ന മെഷിൻ ഉണ്ടല്ലോ അതൊരെണ്ണം വാങ്ങിക്കണം.
മോളെ അതൊന്നും മോൾക്ക് പറ്റിയ പണിയല്ല.
എനിക്ക് അതിനുള്ള ധൈര്യം ഉണ്ട് ദിവാരേട്ടാ… ജീവിക്കണം എനിക്ക് ആരുടേയും മുന്നിൽ കൈ നീട്ടാതെ. അവൾ പറഞ്ഞു.
ഉം… ഞാൻ പണം തരാം. അയാൾ പറഞ്ഞു.
ഒരാഴ്ച്ചക്ക് ശേഷം അവൾ നാട്ടിലെ ഏറ്റവും പണക്കാരനും, ഏക്കർ കണക്കിന് സ്ഥലവും ഉള്ള ഹംസയുടെ വീട്ടിൽ ചെന്നു.
ഇനി മുതൽ തേങ്ങ താൻ ഇട്ട് തരാം എന്ന് അവൾ പറഞ്ഞു .
ഇതൊന്നും പെണ്ണുങ്ങൾക്ക് പറ്റിയ പണിയല്ല. ഉടനെ അയാൾ പറഞ്ഞു
ഒടുവിൽ അവളുടെ നിർബന്ധത്താൽ അയാൾ സമ്മതിച്ചു.
ഒരു പുരുഷന്റെ മെയ് വഴക്കത്തോടെ അവൾ തെങ്ങിൽ കയറി തേങ്ങ ഇടുന്നത് അത്ഭുതത്തോടെയാണ് അയാൾ നോക്കി നിന്നത്.
പത്തോ ഇരുപതോ രൂപ കൂലി കുറച്ചു മേടിച്ചതോടെ, നാട്ടിലെ ഒട്ടുമിക്ക ആളുകളും തേങ്ങ ഇടുവാൻ അവളെ വിളിച്ചു. ജോലിക്ക് പോകുമ്പോൾ അവൾ കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. കുഞ്ഞുങ്ങളെ സുരക്ഷിതമായി പറമ്പിന്റെ അരുകിൽ നിർത്തിയിട്ട് അവൾ ജോലി ചെയ്തു.
തേങ്ങിടുന്നതിനോടൊപ്പം തന്നെ, പറമ്പിലെ മറ്റു പല പല ജോലികളും അവൾ ചെയ്തു പോന്നു.
അവൾ ആകെ മാറി പോയിരുന്നു, ചിരിമാഞ്ഞ ആ മുഖത്ത് ധൈര്യവും, നിശ്ചയദാർഢ്യവും നിറഞ്ഞു നിന്നു. കഷ്ടപ്പെട്ട് അവൾ തന്റെ കുഞ്ഞുങ്ങളെ പഠിപ്പിച്ചു.
കാലങ്ങൾ അതിവേഗം കടന്നു പോയി.
കുട്ടാപ്പിയും, കിങ്ങിണിയും ഉദ്യോഗസ്ഥർ ആയി.
ഒരിക്കൽ ഗൗതമിന്റെ മരണവാർത്ത മക്കൾ പറഞ്ഞറിഞ്ഞപ്പോൾ നിരുപമയിൽ ഒരു ഭാവവിത്യാസവും വന്നില്ല.
അമ്മയ്ക്ക് അയാളെ കാണണം എന്ന് തോന്നുന്നുണ്ടോ കുട്ടാപ്പി ചോദിച്ചു.
ഇല്ല. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും, എന്നെയും ഉപേക്ഷിച്ചു പോയ അയാളോട് എനിക്ക് വെറുപ്പ് മാത്രേ ഉള്ളൂ… അവൾ പറഞ്ഞു.
രാത്രിയിൽ കിടപ്പുമുറിയിൽ കയറി കതകടച്ചതും പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ നിലത്തേക്കിരുന്നു.
തന്റെ ഗൗതം…… എന്നെങ്കിലും ഒരിക്കൽ തിരിച്ചു വരുമെന്ന് കരുതി.
ഇല്ല….. ഗൗതം ഞാൻ ഇത് വരെ നിങ്ങളെ വെറുത്തിട്ടില്ല.
ഓരോ ദിവസവും കാത്തിരുന്നിട്ടുണ്ട്… ഒരു നോക്ക് ഒന്ന് കാണാൻ.
ആദ്യമറിഞ്ഞ ഒരു പുരുഷനെ എങ്ങനെയാണ് ഒരു സ്ത്രീ മറക്കുക. രണ്ട് കുഞ്ഞുങ്ങളെ സമ്മാനിച്ച ആ മനുഷ്യനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല . തന്നെയും മക്കളേയും മറന്ന് മറ്റൊരു പെണ്ണിനോടൊപ്പം ജീവിച്ചിട്ടും എന്ത്കൊണ്ടാണ് ദൈവമേ… എനിക്ക് അയാളെ വെറുക്കാൻ കഴിയാത്തത്?
അവൾ നെഞ്ചുരുകി കരഞ്ഞു.
പിറ്റേന്ന് അവൾ നേരത്തെ ജോലിക്കിറങ്ങി.
ഇനി അമ്മ ജോലിക്ക് പോകുന്നത് ഞങ്ങൾക്ക് നാണക്കേടാണ്. ഇനി ജോലിക്ക് പോകരുത് എന്ന് പലവുരു മക്കൾ പറഞ്ഞിട്ടും അവൾ ജോലിക്ക് പോയി.
ഒരിക്കൽ മക്കളെയും കൊണ്ട് മരിക്കാൻ തീരുമാനിച്ചവൾ ആണ് താൻ, അതിന് കഴിയാതെ ജീവിക്കാൻ ഉറപ്പിച്ചപ്പോൾ
താങ്ങി നിർത്തിയതും, മക്കളെ പഠിപ്പിച്ചതും ഈ ജോലി കൊണ്ടാണ്.
പറ്റുന്ന കാലം വരെയും താൻ ജോലി ചെയ്യും.
**************
പുതിയതായി വന്ന ആൾ എവിടെ ? ഉച്ചക്ക് ഊണ് കഴിക്കാനും അവരെ കണ്ടില്ലല്ലോ, എല്ലാവർക്കും വൈകുന്നേരം ചായ കൊടുക്കുമ്പോൾ വൃദ്ധസദനത്തിലെ പാചകക്കാരി മീര ചോദിച്ചു.
അവർ ആ ഗേറ്റിന് അരികിൽ നിൽപ്പുണ്ട്. ഞാൻ വിളിച്ചിട്ട് വന്നില്ല. വർഷങ്ങളായി അവിടുള്ള അന്തേവാസി ശാരദ പറഞ്ഞു.
ഞാൻ പോയി വിളിച്ചോണ്ട് വരാം. പറഞ്ഞുകൊണ്ട് മീര പുറത്തേക്കു നടന്നു .
എന്താ ഇവിടെ നിൽക്കുന്നത് വരൂ വന്ന് ചായ കുടിക്ക്. മീര അവരോട് പറഞ്ഞു.
ഇല്ല, എന്റെ മക്കൾ വരും ഞാൻ അവരെ നോക്കി നിൽക്കുകയാ.
ഇല്ല… അവർ വരില്ല നിരുപമേ… അവർക്ക് അമ്മയെ വേണമായിരുന്നു എങ്കിൽ, എവിടെ കൊണ്ട് വിടുമായിരുന്നില്ല. മീര പറഞ്ഞു.
ശരിയാണ് തന്നെ ഇവിടെ കൊണ്ട് വിട്ടിട്ട് എത്ര ആഴ്ച്ചകൾ ആയി.
എത്രയെത്ര ചുവന്ന സന്ധ്യകൾ തന്നെ കടന്നു പോയി. തലമുടി നരച്ച, സൗന്ദര്യം നശിച്ച, ആരോഗ്യം ക്ഷയിച്ച, ഈ അമ്മയെ അവർക്ക് വേണ്ടാതായിരിക്കുന്നുവോ . ആ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ അടർന്നു വീണു.
ഇല്ല…. ഇല്ല…. അവർ തല ഇരുവശത്തേക്കും ചലിപ്പിച്ചു. തന്റെ മക്കൾ വരും… വരും….
അവർ ഗേറ്റിനപ്പുറത്തെ വിജനമായ വഴിയിലേക്ക് നോക്കി നിന്നു.
**************

by