രചന – ആയിഷ അക്ബർ
പിന്നീട് അവൾ മുറിയിൽ നിന്നു പുറത്തേക്കിറങ്ങിയില്ല……
എങ്കിലും അവനെ കുറിച്ചറിയാൻ മനസാഗ്രഹിച്ചിരുന്നു….
അൽപ നേരം കൂടിയേ അവൾക്കവിടെ ഇരിക്കാൻ കഴിഞ്ഞതുള്ളു..
പതിയേ അവൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….
താഴെക്കൊന്നെത്തി നോക്കിയതും അവിടെ സോഫയിൽ കാലിനു മേൽ കാലും കയറ്റി കയ്യിലൊരു കോഫി കപ്പും പിടിച്ചു ലാപ്ടോപിലേക്ക് മിഴികളൂന്നി നിൽക്കുന്നത് കണ്ടതും അവൾക് ആശ്വാസം തോന്നി….
അവന്റെ മുഖത്ത് പതിവ് ഗൗരവമുണ്ട്……
അവൾ അൽപ നേരം അങ്ങനെ നിന്ന ശേഷം വീണ്ടും മുറിയിലേക്ക് തന്നെ പോയി….
അന്ന് രാത്രി അവൾക്ക് ഒറ്റക്ക് കിടക്കാൻ വല്ലാത്തൊരു ഭയം തോന്നി……
വെറുമൊരു വിവാഹമാണെങ്കിൽ കൂടി ഇന്ന് തന്റെ ആദ്യ രാത്രിയല്ലേ……
അവൾ പുച്ഛത്തോടെയൊന്നു ചിരിച്ചു….
അവൻ സുഗമായി ഉറങ്ങുന്നുണ്ടാവും താഴെ……..
തനിക്ക് ഉറക്കം വരുന്നേയില്ല….
അല്ലെങ്കിലും ഒറ്റക്ക് കിടന്ന് ശീലമില്ലല്ലോ…..
പല ശബ്ദങ്ങളും കേൾക്കുന്നത് പോലെയവൾക്ക് തോന്നി…..
അവൾ ഇരുന്നും കിടന്നും തിരിഞ്ഞും മറിഞ്ഞുമാണ് അന്ന് നേരം വെളുപ്പിച്ചത്…..
അന്നത്തെ ദിവസവും അവനെ ദൂരെ നിന്ന് കാണുകയല്ലാതെ മറ്റൊരു മാറ്റാവുമുണ്ടായില്ല….
തനിക്കുള്ളതെല്ലാം മുറിയിലേക്കെത്തി…..
അവനിൽ നിന്ന് അകന്ന് നില്കുന്നവളാവണം താനെന്നത് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു……
എങ്കിലും ഇരിപ്പുറക്കുന്നില്ലായിരുന്നു….
മുറിയിൽ തന്നെ ചടഞ്ഞു കൂടി അവൾക്ക് മടുപ്പ് തോന്നിയിരുന്നു……
ഇവിടെ വന്നിട്ട് വർഷങ്ങളായത് പോലെ…
സമയം പോകുന്നെയില്ല….
ശെരിക്കും ഒരു ജയിലിലകപ്പെട്ടത് പോൽ….
വേണ്ടായിരുന്നു…..
അവളങ്ങനെ അൽപ നേരം കൂടിയിരുന്നു…..
വൈകുന്നേരം ചായ വരെ തനിക്ക് തന്റെ മുമ്പിലേക്കെത്തി എങ്കിലും സ്വാതന്ത്ര്യമില്ലാതെ എന്ത് കിട്ടിയിട്ടെന്തിനാ…..
കൂട്ടിലിട്ട തത്തയെ പോലെ….
അവൾ മുഖം കൂർപ്പിച്ചു ചായ കുടിക്കാതെ അങ്ങനെ ഇരുന്നു…..
അവൾ ജനലിന്റെ വാതിൽ പതിയെ ഒന്ന് തുറന്ന് നോക്കി….
വിശാലമായ മുറ്റം കല്ലുകൾ വെച്ച് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്……
വണ്ടി കയറി വരുന്നതിനിരു വശവുമായി കുറ്റി മരങ്ങൾ വെട്ടി നിർത്തിയിട്ടുണ്ട്…..
അവൾക്കവിടെ കൂടി ഒന്ന് നടക്കാൻ തോന്നി…..
പക്ഷെ തനിക്കതിന് അനുവാദമില്ലല്ലോ…..
തന്റെ വീടിനോളം വലിപ്പമുള്ളതാണ് ഈ മുറിയെങ്കിലും ശ്വാസം മുട്ടുന്നത് പോലെ…..
അപ്പോഴാണ് മുറ്റത്തിന്റെ ഒരു വശത്തായി തൂക്കിയിട്ട ഇരുമ്പിന്റെ ഊഞ്ഞാലിൽ ഇരുന്നാടുന്നവനെ കാണുന്നത്…..
അവൻ പുറത്താണല്ലോ എന്ന ചിന്തയിൽ അവൾ പതിയേ കോണിപ്പണികളിറങ്ങി…..
അനുവാദാമില്ലാതെ ചെയ്യുന്നത് കൊണ്ടായത് തന്നെ ഒരു കള്ളത്തരം ചെയ്യുന്ന രൂപത്തിലേക്ക് അവളുടേ ചലനങ്ങളും ശ്വാസവും വരെ മാറിയിരുന്നു…..
താഴെ ഇറങ്ങിയപ്പോൾ ആരെയും കണ്ടില്ല എന്നത് കൊണ്ട് തന്നെ അവൾ അടുക്കള എന്ന് തോന്നിക്കുന്ന ഭാഗത്തേക്ക് നീങ്ങി..
അവിടെ തന്നോട് ദേഷ്യപ്പെട്ട ആ സ്ത്രീയുടെ കൂടെ മറ്റു രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു….
രൂപത്തിൽ അവർ ജോലിക്കാരാണെങ്കിലും തന്നോട് ദേഷ്യപ്പെട്ട ആ തടിച്ച സ്ത്രീയുടെ ഭാവം കണ്ടാൽ ഈ വീട്ടിലെ ആരോ ആണെന്ന് തോന്നുന്നുണ്ട്….
ഇനി ഇതയാളുടെ അമ്മയാകുമോ….
അവൾ സംശയത്തോടെ നിന്നതും അവർ അവളെ കണ്ടിരുന്നു…..
നീയെന്താ ഇവിടെ….
അവരത് ചോദിക്കുമ്പോൾ അവളൊന്നു പരുങ്ങി….
ഞാൻ… വെറുതെ…. അടുക്കള കാണാൻ…..
അത് പറഞ്ഞതും അവരുടെ മുഖം ഒന്ന് കൂടി വലിഞ്ഞു മുറുകുന്നതായി അവൾ കണ്ടു….
ഒരു താലി കെട്ടിയെന്ന് വെച്ച് ഇവിടുത്തെ കാര്യങ്ങളൊക്കെ ഏറ്റെടുക്കാനുള്ള ഭാവമാണോ…..
വല്ലാതെ ഭാര്യ കളിക്കേണ്ട…
ഞങ്ങളുടെ അത്ര പോലും വിലയില്ലാത്ത ഒരു ജോലിക്കാരി മാത്രമാണ് നീ….
ഞങ്ങൾ ചെയ്യുന്ന ജോലിക്കാണ് പണം വാങ്ങുന്നത്….
ഒരാളായി നിന്നെ ചൂണ്ടി കാണിക്കുന്നതിനു മാത്രമാണ് നിനക്ക് കൂലി തരുന്നത്…..
മറക്കേണ്ട നീ……
അവർ തനിക്ക് നേരെ നിന്ന് അതെല്ലാം പറഞ് ദേഷ്യപ്പെടുമ്പോഴും എന്തിനവരിതൊക്കെ പറയുന്നു എന്നത് പോലും അവൾക്ക് മനസ്സിലായില്ല….
എന്താ ബീന ചേച്ചി ഇവിടെ….
പെട്ടെന്ന് ആ ശബ്ദം കേട്ടതും അടി വയറ്റിലൂടെ ഒരു മിന്നൽ പിണർപ്പ് നീങ്ങുന്നതായി അവൾക്ക് തോന്നി….
ഇന്നലെ അത്രയേറെ മാന്യമായി തന്നോട് സംസാരിക്കുമ്പോഴും ആ ശബ്ദത്തിലെ ഗാംഭീര്യവും വാക്കുകളിലെ ഗൗരവവും വേറിട്ടു നിന്നിരുന്നതാണ്….
അപ്പോൾ ഇനിയൊരു പക്ഷെ ദേഷ്യപ്പെട്ടു കൊണ്ടാണെങ്കിൽ എങ്ങനെ യായിരിക്കും…..
അവൾ ഭയത്തോടെയാണ് പിറകിലേക്ക് തിരിഞ്ഞത്…
താഴെ വരേണ്ടെന്ന് ഒരു നൂറു തവണ പറഞ്ഞതാണ് സാർ…..
അവർ അവനെ കണ്ടപ്പോഴേക്കും വിനയാധിതയായി…..
അവൻ പതിയേ അവൾ നിൽക്കുന്നിടത്തേക്ക് നീങ്ങി…
ഗൗരവത്തോടെയുള്ള അവന്റെ മുഖം മനസ്സിലോർത് കൊണ്ടവൾ മിഴികൾ താഴെക്കൂന്നി നിന്നു…..
അവൻ പെട്ടെന്ന് അരികിലെത്തിയതും അവളൊന്ന് വിറച്ചു…..
എന്നാൽ അവൻ അവൾ നിൽക്കുന്നതിന്റെ അരികിലുള്ള ഷെൽഫിൽ നിന്നും ഒരു കുപ്പി എടുക്കുകയാണ് ചെയ്തത്…..
അവൾ ഇടം കണ്ണാലെ അവനെ നോക്കി…..
എല്ലാവരും അവനെന്തായിരിക്കും ചെയ്യുക എന്നത് സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്….
അവൻ കയ്യിലുള്ള ബോട്ടിൽ തുറന്ന് അതിലുള്ള ഡ്രൈ നട്സ്സിൽ നിന്നും അല്പം കയ്യിലെടുത്തു…..
പിന്നീട് വീണ്ടും ബോട്ടിൽ അടച്ചു വെച്ചു…..
എന്താ നിന്റെ പ്രശ്നം…
അവൻ ഗൗരവത്തോടെ അത് ചോദിക്കുമ്പോൾ അവൾ മുഖം പതിയെയൊന്നുയർത്തി….
എനിക്ക്… എനിക്ക് ബോറടിച്ചത് കൊണ്ടാണ്….
ഒരുമാതിരി കൂട്ടിലിട്ട തത്തയെ പോലെ….
അവൾ ഉള്ള ധൈര്യം സംഭരിച്ചത് പറയുമ്പോൾ കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു…..
എങ്കിലും തന്റെ മനസ്സിലുള്ളത് തുറന്ന് പറയാൻ താനെന്തിനു മടിക്കണം….
അടിമയായി അഭിനയിക്കാനല്ലല്ലോ ഭാര്യയായി അഭിനയിക്കാനല്ലേ തന്നോടവൻ ആവശ്യപ്പെട്ടത്……
അവളുടേ സംസാരം കേട്ടതും അവന്റെ മിഴികൾ ഒന്ന് വിടർന്നുവോ……..
ഓഹോ…. ഇത്ര പെട്ടെന്ന് ബോറടിച്ചോ…..
അപ്പൊ ഇനി എത്ര ബോറടിക്കാൻ കിടക്കുന്നു….
അവൻ കണ്ണുകൾ ചുരുക്കി തന്നോടത് പറയുമ്പോൾ അവന്റെ മുഖത്തേക്കവൾ നോക്കിയില്ല…..
ഈ തത്തക്ക് മുകളിലെ നിലയിൽ എവിടെ വേണമെങ്കിലും പാറി നടക്കാം…. താഴേക്ക് വരരുതെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത് …..
അതിനു കാരണം താനെന്റെ ഭാര്യാണെന്നത് ഇവിടെ ആരും അറിയാതിരിക്കാൻ കൂടി വേണ്ടിയാണ്…..
അൽപം നർമത്തോടെ മാന്യമായി തന്നോടവൻ കാര്യങ്ങൾ സംവദിക്കുമ്പോഴും വാക്കുകൾക്ക് കനമേറെ ഉണ്ടായിരുന്നെങ്കിൽ കൂടി നീയെന്റെ ഭാര്യ യാണെന്നുള്ളത് ഒരു സത്യമുള്ള കാര്യം പോൽ അവളിൽ തെളിഞ്ഞു നിന്നു……
ബാൽക്കണിയിലേക്ക് കടന്നാൽ നല്ല മണമുള്ള തണുത്ത കാറ്റ് വരും….
ദാറ്റ്സ് മൈ ഫേവറൈറ്റ് സ്പേസ്…..
ഇപ്പോൾ തനിക്ക് വേണ്ടി ഞാനത് വിട്ട് തന്നിരിക്കുകയാണ്…..
താൽക്കാലം തത്ത അത് വെച്ച് അഡ്ജസ്റ്റ് ചെയ്തേ മതിയാവു….
താനാ പറഞ്ഞതിലെ തത്ത എന്ന വാക്ക് വീണ്ടും വീണ്ടും പറഞ് തന്നെ പരിഹസിക്കുന്നത് പോലെയവൾക്ക് തോന്നി….
അവൻ കയ്യിലുള്ള നട്സ്സിൽ നിന്ന് അല്പം വായിലേക്കിട്ടു….
ബാക്കി അവളുടേ കയ്യിലേക്ക് വെച്ചു കൊടുത്തു….
അവന്റെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടിയിരുന്നു….
അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി…..
ആൻഡ് ഡോണ്ട് റിപീറ്റ് ദിസ്….
വായിലിട്ട നട്സ് ചവക്കുന്നതോടൊപ്പം തന്റെ മുഖത്തേക്ക് നോക്കി അതും കൂടി കൂട്ടി ചേർക്കുമ്പോൾ ഇത് വരെയുള്ള ആ ശാന്തത അവനിലുണ്ടായിരുന്നില്ല….
പകരം കണ്ണുകളിൽ മുഴുവൻ ദേഷ്യമായിരുന്നു….
അവൾക്കെന്തിനോ വല്ലാത്തൊരു സങ്കടം തോന്നി..
അവളുടേ കയ്യിലിരുന്ന ആ നട്സ് ഞെങ്ങി ഞെരുങ്ങി..
അവളെ കടന്ന് പോകുന്നവനെ അവളൊന്ന് നോക്കി….
ചുറ്റും നിൽക്കുന്നവർക്ക് ഇത് വരെയുള്ള അവന്റെ പെരുമാറ്റത്തിൽ അമ്പരപ്പുണ്ടായിരുന്നെങ്കിലും അവസാനം അത്രയേറെ ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ അവർക്ക് സമാധാനമായെന്ന് അവരുടെ മുഖം വിളിച്ചോതുന്നുണ്ട്….
കണ്ണു നിറയുമോയെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ വേഗം അവിടെ നിന്നും നടന്നു….
എന്നാൽ അവന്റെ ചുണ്ടിലൂറിയതൊരു പുഞ്ചിരിയായിരുന്നു….
തന്നേ കാണുമ്പോൾ ബഹുമാനത്തോടെ നിൽക്കുന്നവരെ മാത്രം കണ്ട് ശീലിച്ചതിൽ നിന്നും പകരമായി ഉള്ളിലുള്ളത് തന്റെ മുഖത്ത് നോക്കി തുറന്ന് പറയാൻ അവൾ കാണിച്ച ധൈര്യ തെയൊർത്ത്……
മുറിയിലെത്തിയതും അവൾ ബെഡിലേക്ക് വീണു …..
കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്….
എന്തിനാണെന്ന് പോലും അവൾക്കറിയില്ല…..
അവൻ പറഞ്ഞതോർത്തു കൊണ്ടാണോ….
അതിനേക്കാൾ വലിയ പ്രതി സന്ധിയിലാണ് തന്റെ ജീവനും ജീവിതവുമിപ്പോൾ….
അതിലൊന്നും തളരാതെ പിടിച്ചു നിന്ന താനിപ്പോൾ അവന്റെ വാക്കുകളോർത് നോവിനെ പേറുന്നതെന്താണെന്ന് അവൾക്കറിയുന്നില്ലായിരുന്നു….
ഒരു പക്ഷെ…. അവൻ തന്റെ കഴുത്തിൽ കെട്ടിയ ഈയൊരു താലി യായിരിക്കാം അതിനു
കാരണം….
കൂടുതലൊന്നും മനസ്സ് അവനിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന പോൽ അവൾ കണ്ണുകൾ ഇറുകെയടച്ചു മനസ്സിനെ ഇരുട്ടിലാക്കി…….
(തുടരും)
പിന്നീടങ്ങോട്ട് അവളാ മുറിയിൽ തന്നെ ചടഞ്ഞു കൂടി…..
അവരോടൊക്കെ യുള്ള ഒരു വാശിയെന്ന പോലെ അവൾ പുറത്തേക്കിറങ്ങിയതേയില്ല……
ആരുമായും ഒരു ബന്ധവുമില്ലാതെ ആ മുറിയിൽ തന്നെ ഇരുന്നും കിടന്നും സമയം നീക്കി….
ദേഷ്യപ്പെട്ടു കൊണ്ടുള്ള അവരുടെയെല്ലാം സംസാരങ്ങൾ മനസ്സിലൊരു കരടായി കിടന്നിരുന്നെങ്കിൽ പോലും ജിതിൻ ഇവിടെ എത്തില്ലെന്ന ആശ്വാസമാണ് മനസ്സ് നിറയെ…..
അത് തന്നെ ഇപ്പോൾ തന്നെ സംബന്ധിച്ചു ഏറ്റവും വലിയ കാര്യം….
മനസ്സ് വല്ലാത്തൊരു ശൂന്യതയിലാണ്……
കടന്ന് വന്ന ഓരോ വഴികളിലും താനനുഭവിച്ച വേദനകളെ കടന്ന് ഇപ്പോൾ ശൂന്യതയിലേക്ക് എത്തിയിരിക്കുന്നു…..
പുതിയൊരു ജോലി എന്നാണ് കണക്കാക്കേണ്ടതെങ്കിലും ഇതങ്ങനെ വെറുമൊരു ജോലിയല്ലല്ലോ..
ഒരു സ്ഥാനക്കയറ്റം കൂടിയല്ലേ…..
ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷം….
എന്നാൽ തനിക്കിതൊരു ഒളിച്ചോട്ടമാണ്….
ഇവിടെ വരുന്നവർക്കും പോകുന്നവർക്കും മുമ്പിലൊന്നും തന്നെ ഭാര്യ യായി കാണിക്കേണ്ട ആവശ്യം അവനില്ല….
ആർക്കോ മുന്പിൽ പ്രദർശിപ്പിക്കാൻ വേണ്ടിയാണ് തന്നെ വില കൊടുത്ത് വാങ്ങിയത്….
ആർക്ക് വേണ്ടിയാവും….
തന്റെ അമ്മ ഇന്നുണ്ടായിരുന്നെങ്കിൽ…. തനിക്ക് ഈ അവസ്ഥ വന്നില്ലായിരുന്നേങ്കിൽ ഇന്ന് ഞാൻ നിൽക്കുന്നത് പോലെ ഈ ജയിലിൽ മറ്റൊരാൾ നിൽക്കുമായിരുന്നു…..
എന്നാൽ ദൈവം അതിനും കാത്തു വെച്ചതീ പാഴ് ജന്മത്തെ…….
അവളൊന്നു നെടു വീർപ്പിട്ടു…..
കൺ പോളകളേ തഴുകി കണ്ണു നീരോലിച്ചിറങ്ങി…..
ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കി സമയം തള്ളി നീക്കി…..
രണ്ട് ദിവസങ്ങൾ കടന്നു പോയപ്പോഴും പ്രത്യേകിച്ചൊരു മാറ്റവും അവിടെ ഉണ്ടായില്ല…..
തനിക്ക് വേണ്ടതെല്ലാം തന്റെ മുമ്പിലെത്തിയിരുന്നു…..
എപ്പോഴും വലിഞ്ഞു മുറുകിയ മുഖവുമായി നടക്കുന്ന അവനെ മുകളിൽ നിന്ന് പലപ്പോഴും കാണാം…..
ഒഴിഞ്ഞു നിന്ന് മാത്രം താൻ നോക്കുമെങ്കിലും അറിയാതെ പോലും ഒരു നോട്ടം തന്നിലേക്കെത്തിയിട്ടില്ലിതു വരെ……
തന്നോട് ദേഷ്യപ്പെട്ട ആ ജോലിക്കാരികളെ ഓർത്ത് അടുക്കള ഭാഗത്തെ കുറിച്ച് താൻ ചിന്തിച്ചിട്ടു പോലുമില്ല പിന്നീട് ….
തന്റെ വഴികളിലെല്ലാം ഇങ്ങനെ ആരെങ്കിലുമൊക്കെ വിധി കൊണ്ട് നിർത്തും…..
അതെന്റെ വിധിയാണ്….
ഇവിടെ വന്നതിൽ പിന്നെ രാത്രി ഉറങ്ങിയിട്ടേയില്ല….
ഒറ്റക്ക് കിടക്കാൻ തനിക്ക് ഭയമാണെന്ന് താൻ ആരോട് പറയാൻ…..
പകലുറക്കെങ്ങളൊന്നും രാത്രിയുറക്കത്തിനു പകരമാവില്ലല്ലോ…..
ആ ഉറക്ക കുറവ് കൊണ്ട് തന്നെയാവാം കൺ പോളകൾ ക്ക് കനം വന്നിരിക്കുന്നു…..
തലക്കും വല്ലാത്തൊരു ഭാരം…..
അവൾ അലമാരയോട് ചേർന്നുള്ള കണ്ണാടിയിലേക്ക് നോക്കി നിന്നു…….
അപ്പോഴാണ് വാതിലിൽ ഒരു മുട്ട് കേൾക്കുന്നത് …..
ഭക്ഷണം കൊണ്ട് വന്നതാവാം…….
അവൾ ആരോടൊക്കെയോ തോന്നിയൊരു ദേഷ്യത്തിൽ മനപ്പൂർവം വാതിൽ തുറന്നില്ല….
എന്നാൽ രണ്ട് മുട്ട് മുട്ടിയിട്ട് തുറക്കാമെന്ന് കരുതിയിരുന്ന അവൾ രണ്ടാമത്തെ മുട്ട് ഇത്രയേറെ ശക്തിയിലാകുമെന്ന് വിചാരിച്ചിട്ടേയില്ലായിരുന്നു…..
അവൾ പെട്ടെന്ന് തന്നെ മുകളിലേ കുറ്റി താഴേക്ക് വലിച്ചു…..
വാതിൽ തുറന്നതും മുന്പിൽ നിൽക്കുന്ന ആളെ കണ്ട് പെട്ടെന്ന് അവളൊന്നു ഞെട്ടി……
ഒന്നു രണ്ട് പ്രാവശ്യം മാത്രമേ അടുത്ത് നിന്ന് കണ്ടിട്ടുള്ളു…..
പിന്നീടെല്ലാം ദൂരെ നിന്ന് നോക്കി കണ്ടതെയുള്ളു….
ആ ആളാണ് കൈ മാറോടു പിണച്ചു കെട്ടി തന്റെ മുന്പിൽ നിൽക്കുന്നത്…..
സദാ പരുക്കനായ ആ മുഖത് താൻ വാതിൽ തുറക്കാൻ വൈകിയതിന്റെ അമർഷം ഉണ്ടോയെന്നവൾ തിരഞ്ഞു…..
ഞാൻ…. ഞാൻ ബാത്റൂമിൽ…..
നാളെ പുലർച്ചെ ഒരു യാത്രയുണ്ട്……
ആവശ്യമുള്ളതെല്ലാം പാക്ക് ചെയ്ത് ഒരുങ്ങിക്കോളൂ……
അവൾ പറഞ് തുടങ്ങിയതും തന്നോട് സംസാരിക്കാനെ താല്പര്യമില്ലെന്ന മട്ടിൽ അവൻ അതും പറഞ്ഞ് ശര വേഗത്തിൽ അവിടെ നിന്നും പോയി…..
തന്നെ നോക്കാൻ പോലും മടിക്കുന്ന ആ അവഗണന തനിക്കറിയുന്നുണ്ട്….
അല്ലെങ്കിലും കോടീശ്വരനായ അവനെവിടെ….
അവന്റെ വെറും ജോലിക്കാരിയായ താനെവിടെ…..
ഇങ്ങനെയൊരു ആവശ്യം അവന് തന്നെ കൊണ്ടില്ലായിരുന്നെങ്കിൽ അവനെ കാണാൻ കൂടി തനിക്ക് പറ്റുമായിരുന്നില്ല…..
അല്ലെങ്കിൽ ഒരു പക്ഷെ അവനെ കാണാൻ അപ്പോയ്ന്റ്മെന്റ് എടുത്തു നിൽക്കുന്നവരിൽ താനും പെടുമായിരുന്നു……
എങ്കിലും എങ്ങോട്ടായിരിക്കും ആ യാത്ര…….
ചോദിക്കാനുള്ള അർഹതയില്ലാത്തത് കൊണ്ട് തന്നെ അവൾ നിശബ്ദതയെ പേറി…..
എങ്ങോട്ടാണെങ്കിലും അവൻ വിളിച്ചാൽ മറു ചോദ്യം ചോദിക്കാതെ ഇറങ്ങി ചെല്ലണമെന്നും നിബന്ധനയിലുണ്ട്….
നിബന്ധനകളെല്ലാം വളരേ മാന്യമായി അവൻ തന്നോട് മുന്പേ പറഞ്ഞിട്ടുള്ളതാണ്…
നാളെ പോകുന്നിടത്താവും താൻ ഭാര്യയായി അഭിനയിക്കേണ്ടത്….
അവിടെ ആരാവും ഉള്ളത്….
താൻ അവന്റെ ഭാര്യ യാണെന്ന് പറഞ്ഞങ്ങോട്ട് കയറി ചെല്ലുമ്പോൾ സന്തോഷിക്കുന്നവരെക്കാൾ സങ്കടപ്പെടുന്നവരായിരിക്കും കൂടുതലേന്ന് മനസ്സ് പറയുന്നു…..
അവൾ അവളുടേ ചെറിയ ആ ബാഗ് തുറന്നു……
അതിൽ നല്ലതെന്ന് പറയാൻ ആകെ രണ്ട് ഡ്രെസ്സെയുള്ളു….
ആ ഉള്ളതവൾ നേരെ എടുത്തു മടക്കി വെച്ചു…..
എങ്ങോട്ടോ എന്തിനെന്നോ അറിയാത്ത യാത്രക്കുള്ള ഒരുക്കത്തിലായിരുന്നവൾ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
താൻ ഉറക്കത്തിൽ പെടരുതെന്ന് കരുതിയാവും സമയമായപ്പോൾ ഒരാൾ വന്നു കതകിൽ തട്ടി……
രാത്രി തനിക്കുറക്കമില്ലാത്തത് കൊണ്ട് തന്നെ അപ്പോഴേക്കും എഴുന്നേറ്റിട്ടുണ്ടായിരുന്നു….
വേഗം കുളിച് മാറ്റി താഴെക്കിറങ്ങാൻ തുടങ്ങിയപ്പോഴേക്കും തന്നെ അന്ന്വേഷിച്ചൊരാൾ വീണ്ടും മുറിയിലേക്കെത്തിയിരുന്ന……
ആകെയുള്ള സാധങ്ങൾ നിറച്ച ആ കുഞ്ഞ് ബാഗ് ചേർത്ത് പിടിച്ചു കൊണ്ട് അവൾ പതിയേ കോണിപ്പടികളിറങ്ങി….
രണ്ട് മൂന്ന് പേര് സിറ്റ് ഔട്ടിൽ നിൽക്കുന്നുണ്ട്…..
അടുത്തേക്കെത്തിയപ്പോഴാണ് അതിലൊന്നു അവനാണെന്ന് മനസ്സിലായത്…….
അപ്പൊ ശെരി…. കാര്യങ്ങളൊക്കെ അതാത് സമയത്ത് എന്നേ അറിയിക്കണം…..
തന്നെ കണ്ടതും അതും പറഞ്ഞവൻ കാറിനടുത്തേക്ക് നീങ്ങി…..
ഡ്രൈവിംഗ് സീറ്റിലേക്ക് അവനിരുന്നപ്പോഴാണ് മറ്റാരും കൂടെ വരുന്നില്ല എന്നവൾക്ക് തോന്നിയത്….
അവൾ വേഗം പിറകിലെ ഡോർ തുറന്ന് കാറിലേക്ക് കയറി……
ആ മണി മാളിക കണ്ണിൽ നിന്നും മറഞ്ഞു….
നേരം പുലരുമ്പോഴേക്കും കാണാൻ പോകുന്നത് പുതിയൊരു ലോകമായിരിക്കുമെന്ന് അവൾക്ക് തോന്നി…..
കാറ് ചലിച്ചു കൊണ്ടിരിക്കുന്നുണ്ട്…
ഒരു വാക്ക് സംസാരിക്കാതെ മണിക്കൂറുകൾ ….
അവൾക്ക് തൊണ്ടയിൽ ഒരു പ്രയാസം തോന്നി….
ആദ്യമായാണ് ഉണർന്നിരിക്കുമ്പോൾ ഇത്രയേറെ സമയം സംസാരിക്കാതിരിക്കുന്നത്…..
അവൾ ഇടയ്ക്കിടെ ചുമച്ചും അത് പോലോത്ത ചെറിയ ശബ്ദങ്ങളുണ്ടാക്കിയും തൊണ്ടക്കൊരു സുഖം നൽകി……
അപ്പോഴും അങ്ങനെയൊരാൾ ഉണ്ടെന്ന ഭാവം പോലും അവനില്ല…
അവനെ സംബന്ധിച്ചു താൻ കൂടെ വരുന്നത് തന്നെ അവനിഷ്ടമില്ലാത്തത് പോലെയാണ്…..
നിവൃത്തികേട് ഒന്ന് കൊണ്ട് മാത്രമാണ് കൂടെ കൂട്ടുന്നത് എന്ന നിലക്കാണ് അവന്റെ ചലനങ്ങളൊക്കെയും…..
അവന്റെയും തന്റെയും ഇടയിലുള്ള അന്തരത്തിന്റെ എല്ലാ വിധ അഹങ്കാരവും ആ മുഖത്തുണ്ട്……
ഒന്ന് വേഗം ലക്ഷ്യ സ്ഥാനത് എത്തിയിരുന്നെങ്കിൽ എന്നവൾക്ക് തോന്നി…..
അവനിൽ നിന്ന് ദൂരെ ആ മുറിയിൽ തന്നെ ഒറ്റക്കിരുന്നാൽ മതിയായിരുന്നെന്നവൾക്ക് തോന്നി…..
അത്രയേറെ ശ്വാസം മുട്ടൽ അവളാ കാറിനുള്ളിൽ അനുഭവിച്ചിരുന്നു…..
പ്രകാശം പതിയേ ഭൂമിയിലേക്ക് വന്നു കൊണ്ടിരുന്നു…..
സൂര്യന്റെ ചുവന്ന രശ്മികൾ സ്വർണ നിറത്തിന് വഴി മാറി കൊടുത്തു…..
അറിയാതെ പോലും തന്നിലേക്കൊരു ശ്രദ്ധ പതിയാതിരിക്കാനാവണം പ്രകൃതിയിലെ ചലനങ്ങളോരോന്നും അവനൊപ്പിയെടുക്കുന്നത് പോലെയവൾക്ക് തോന്നി…..
അവൾ വെറുതെ അങ്ങനെ കണ്ണുകളടച്ചു കിടന്നു……
കുറച്ച് കൂടി സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ബ്രേക്ക് ചവിട്ടുന്നത് അവളറിഞ്ഞു….
അവൾ പതിയേ കണ്ണുകളൊന്നു തുറന്നു നോക്കി…..
അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങുന്നതവൾ കണ്ടു…..
അതൊരു പാലമായിരുന്നു….
വലിയൊരു പുഴക് കുറുകെയുള്ള ആ പാലത്തിനു മേൽ നിന്നവൻ പുഴയിലേക്ക് നോക്കി…..
വീടടുക്കും തോറും മനസ്സ് അസ്വസ്ഥമാവുകയാണ്…..
എല്ലാവരെയും അഭിമുഗീകരിക്കേണ്ടത് വലിയൊരു പ്രശ്നമാണ്….
തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ഞാൻ അങ്ങോട്ട് കയറി ചെല്ലുമ്പോൾ ഓരോരുരുത്തരുടെയും മുഖ ത്തുണ്ടാവുന്ന ഭാവങ്ങൾ അവൻ മനസ്സിലൊന്ന് കണക്ക് കൂട്ടി….
അവന്റെ പുരികങ്ങൾ അവനറിയാതെ തന്നെ ഒന്ന് ചുളിഞ്ഞു….
അതല്ലാതെ തനിക്ക് മറ്റു മാർഗങ്ങളൊന്നുമില്ലെന്നുള്ളത് കൊണ്ട് തന്നെ അവൻ കാറിനടുത്തേക്ക് തിരിഞ്ഞു…..
ഇനിയും അവളെ പിൻ സീറ്റിൽ ഇരുത്താൻ കഴിയില്ലെന്നതവനോർത്തു…..
മുമ്പിലെ സീറ്റിൽ അവളെ തന്നോട് ചേർത്തിരുതുന്നത് ആലോചിക്കുമ്പോഴേ അവന് തല പെരുത്തു തുടങ്ങിയിരുന്നു….
മനോജ് പറഞ്ഞത് ശെരിയാ…..
തന്റെ കണക്ക് കൂട്ടലുകൾ എവിടെയൊക്കെയോ പിഴച്ചോയെന്നൊരു സംശയം……
ആദ്യമായി അവളെ താൻ കാണുമ്പോൾ തന്റെ വീട്ടുകാരുടെ ഇടയിലേക്ക് കൊണ്ട് പോകാൻ അവൾ ഒത്തവളാണെന്ന് തനിക്ക് തോന്നിയിരുന്നു….
ഒരു ഡ്രഗ് അഡിക്ട് ആണെന്ന് അവളെ കണ്ടാൽ ഒരിക്കലും പറയില്ല….
അതായിരിക്കാം തനിക്ക് പിഴച്ചത്……
മാത്രവുമല്ല മാറ്റാരോടോ കൂടി കഴിഞ്ഞു കൊണ്ടിരുന്ന ഒരുത്തിയെ താത്കാലികമാണെങ്കിലും ഭാര്യ യാക്കേണ്ടി വന്നതിന്റെ നീരസവും അവനിൽ പ്രകടമായിരുന്നു…..
അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി ….
മുമ്പിലേക്കിരുന്നോ..
പറയുമ്പോൾ അവൻ അവളിലേക്ക് തിരിഞ്ഞിരുന്നില്ല….
മ്മ്…..?
എന്താണ് പറഞ്ഞതെന്ന് അവൾക്ക് വ്യക്തമായില്ല….
ഇറങ്ങി മുന്പോട്ടിരിക്കാൻ…
രണ്ടാം തവണയാണ് പറഞ്ഞതെങ്കിലും ഒരു നൂറാമത്തെ തവണ പറയുന്നതിന്റെ അരിശം അവനിൽ കണ്ടിരുന്നു….
അവൾ വേഗം ഇറങ്ങി മുമ്പിലേക്കിരുന്നു……
അവന് ശരീരത്തിലൊരു മുറിവ് പറ്റുന്നത് പോലെ യായിരുന്നു അവളുടേ സാമീപ്യം…..
പക്ഷെ എന്ത് തന്നെയായാലും ഇനി സഹിച്ചേ തീരു എന്നോർത്തു കാറ് ചലിച്ചു….
ആ വലിയ തറവാടിന്റെ ഗേറ്റ് കടന്ന് കാറ് മുറ്റത്തേക്ക് കടക്കുമ്പോൾ അവൾ ചുറ്റുമോന്നു മിഴികളോടിച്ചു…..
അവളുടേ ഹൃദടയമിടിപ്പ് കൂടി…
ശ്വാസോച്വാസം വേഗത്തിലായി….
കാറ് ബ്രേക്കിട്ട് നിന്നതും അവൾ ഭയത്തോടെ അതിലേറെ ദയനീയമായി അവനെ നോക്കി….
അവന്റെ യുള്ളിലും ഒരു സാഗരം അലയടിക്കുന്നുണ്ടെങ്കിൽ പോലും അവളുടെ മുന്പിൽ തന്റെ ഗൗരവം വിട്ട് കളയാൻ തോന്നാത്തത് കൊണ്ട് തന്നെ മനസ്സിന്റെ ചിന്തകൾ മുഖത്ത് വരാതിരിക്കാൻ അവൻ ആവതും ശ്രമിച്ചിരുന്നു…..
(തുടരും)

by