22/04/2026

ഈ നിമിഷം : ഭാഗം 40

രചന – രോഹിണി ആമി

പദ്മയുടെ വിശേഷം അറിഞ്ഞപ്പോൾ ഹിമ വന്നിരുന്നു.. കുറെയേറെ പലഹാരങ്ങളുമായി… സന്തോഷം ആണ് ചേച്ചിയുടെയും വിഷ്ണുവിന്റെയും മുഖത്ത്.. അത് കാണുമ്പോൾ എല്ലാവർക്കും ഒരാശ്വാസമാണ്.. ഇനി തിരിച്ചു ജോലിക്ക് പോകുന്നില്ലത്രേ.. ഇവിടെ എവിടെയെങ്കിലും നോക്കാനാണെന്ന്.. കേട്ടപ്പോൾ സന്തോഷം തോന്നി… ഇത് അവൾക്ക് നേരത്തെ ചെയ്താൽ പോരായിരുന്നോ.. ഓരോന്നിനും ഓരോ സമയമുണ്ടെന്ന് പറയുന്നത് ശരിയാണ്.. ഇപ്പോൾ എല്ലാവരും കൂടി ഹരിയ്ക്ക് പെണ്ണന്വേഷിക്കുകയാണ് പോലും.. ചേച്ചി ചെവിയിൽ പറഞ്ഞു ഓരോ പെണ്ണിനേയും കാണുമ്പോൾ പദ്മയെ താരതമ്യം ചെയ്യുകയാണ് ആളെന്ന്.. അതിന് എന്നും അമ്മയുടെ വായിൽ നിന്നും ചീത്ത കേൾക്കുമെന്ന്… ഹരിയ്ക്ക് പെണ്ണന്വേഷിക്കുന്നു എന്നു കേട്ടപ്പോൾ മാധവന്റെ മുഖത്താണ് തെളിച്ചം.. ആ തെളിച്ചം കണ്ടപ്പോളേ പദ്മ വിചാരിച്ചു ഈ മനുഷ്യൻ നന്നാവില്ല..

ഓരോ ദിവസവും സ്കൂളിൽ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരും.. മിന്നൂട്ടനോട് അമ്മയെ പോയി അന്വേഷിക്കണമെന്ന് എന്നും പറഞ്ഞു വിടും.. ഇടയ്ക്കിടെ സ്റ്റാഫ്‌ റൂമിന്റെ മുന്നിൽ മിന്നുവിന്റെ തല കാണാൻ തുടങ്ങി പണ്ടത്തെപ്പോലെ.. പദ്മ കണ്ണുരുട്ടി പേടിപ്പിച്ചു വിടും.. ഒരു പഞ്ചാര ചിരിയുണ്ട് അപ്പോൾ അപ്പനെപ്പോലെ.. പദ്മയുടെ തോളിൽ കയറ്റം നിന്നു, പകരം ഇപ്പോൾ മാധവന്റെയും അപ്പൂപ്പന്റെയും തോളത്താ കുട്ടിക്കൊരങ്ങു.. പറയാതെ തന്നെ എല്ലാം അറിയാം മിന്നുവിന്.. അതുകൊണ്ട് ആരും തന്നെ പറഞ്ഞു ബുദ്ധിമുട്ടേണ്ടി വന്നില്ല.. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊന്നും… പദ്മയും അവളെ ഒരുപാട് ശ്രദ്ധിച്ചു കൂടെ നടന്നു.. പണ്ടത്തെക്കാൾ ഏറെ.. ഒരു വിഷമവും അവൾക്ക് ഉണ്ടാവരുതെന്ന് മാധവനെക്കാളേറെ ആ വീട്ടുകാർക്ക് നിർബന്ധം ഉണ്ടായിരുന്നു.. സ്കൂളിൽ പോകുമ്പോളും വരുമ്പോളും ഒക്കെ പിന്നിൽ പദ്മയ്‌ക്കൊപ്പമായിരിക്കും അവളും ഇരിക്കുക.. വിശേഷങ്ങൾ ഒക്കെയും പറഞ്ഞും ചിരിച്ചും… മാധവന് അരികിലുള്ള സീറ്റ് ഒഴിഞ്ഞു കിടക്കും..

ശർദിയും ക്ഷീണവും കൂടി കൂടി വന്നപ്പോൾ ഗത്യന്തരമില്ലാതെ ലീവെടുത്തു.. മാധവൻ ഹാപ്പിയായി.. ഫുൾ ടൈം പദ്മയ്‌ക്കൊപ്പമാണ് ആളിപ്പോൾ.. അതിനും കൂടി മിന്നൂട്ടന് സ്കൂളിൽ പോകാൻ മടിയായി.. അമ്മയേക്കാൾ ശ്രദ്ധയാണ് മാധവന്.. തനിക്കിത് പരിചയമുണ്ടെങ്കിലും പദ്മയുടെ ജീവിതത്തിലെ ആദ്യ അനുഭവം ആണെന്ന് മാധവനറിയാം.. എപ്പോഴും എന്തെങ്കിലും ആവശ്യമുണ്ടോന്ന് ചോദിച്ചു നടക്കും.. വലിയ ശല്യമായപ്പോൾ നോക്കി പേടിപ്പിക്കാൻ തുടങ്ങി.. അപ്പോഴും ചിരിയാണ്, ചുണ്ട് കൂർപ്പിച്ചു ഉമ്മയും..

മിന്നുവിനും അത്ഭുതമാണ് തന്റെ അച്ഛൻ അമ്മയെ പരിചരിക്കുന്നത് കാണുമ്പോൾ.. ചിലനേരം നോക്കി നിൽക്കും.. ഇങ്ങനെയൊന്നും ജ്യോതിയമ്മയുടെ വയറ്റിൽ കുഞ്ഞാവ ഉണ്ടായിരുന്നപ്പോൾ കണ്ടിട്ടില്ല.. പിന്നീടെപ്പോഴോ അച്ഛനും ജ്യോതിയമ്മയും സംസാരിച്ചപ്പോൾ കേട്ടതാണ് കുഞ്ഞാവ ആ വീട്ടിലെ അല്ലായെന്നു.. ജ്യോതിയമ്മ ഇട്ടേച്ചും പോയപ്പോളും കുഞ്ഞാവയെ നോക്കിയത് അച്ഛനാ.. ഇവിടെ ഇപ്പോ എല്ലാവരും പറയുന്നത് അമ്മേടെ വയറ്റിലെ കുഞ്ഞാവ മിന്നൂട്ടന്റെയാന്നാ.. എനിക്കത് കേൾക്കുമ്പോളേ കുളിരാ.. ഞാനിപ്പോ കുളിക്കുന്നതൊക്കെ തനിച്ചാ.. അമ്മ അടുത്തു വന്നു നോക്കിയിരിക്കും.. പിന്നെ ജട്ടിയിട്ട് പാട്ടായി ഡാൻസായി വെള്ളം തെറിപ്പിക്കലായി.. നല്ല രസവാ.. അമ്മ നോക്കിയിരുന്നു ചിരിക്കും.. എന്റെ അമ്മേടെ ചിരി കാണാൻ നല്ല രസവാ.. അച്ഛൻ പറയും പോലെ കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നും ആ ചിരി.. ഏറെ നേരം കുളിക്കാൻ എടുത്താൽ വഴക്കു പറഞ്ഞു വെളിയിൽ ചാടിക്കും.. എന്നിട്ട് തല തോർത്തി തരും.. ആ നേരം ഞാൻ എന്റെ വാവയോട് മിണ്ടും.. ഇന്നും അമ്മേടെ വയറിലെ മണം എനിക്ക് വല്യ ഇഷ്ടവാ.. ഇപ്പോളുള്ള വിഷമം എന്താന്നു വെച്ചാൽ അമ്മയെ കെട്ടിപ്പിടിക്കാൻ കൈ എത്തുന്നില്ല.. കുഞ്ഞാവ സമ്മതിക്കുന്നില്ല.. എന്നും എണീക്കുമ്പോളും കിടക്കുമ്പോളും അമ്പോറ്റിയോട് പ്രാർത്ഥിക്കും കുഞ്ഞാവയ്ക്ക് ഒന്നും പറ്റല്ലേന്ന് .. കുഞ്ഞുങ്ങൾ പ്രാർത്ഥിച്ചാൽ അമ്പോറ്റി പെട്ടെന്ന് കേൾക്കും ന്ന് അമ്മ പറഞ്ഞു.. അത് കേട്ടിട്ട് അച്ഛൻ തിരുത്തി തന്നു അമ്മയെയും കുഞ്ഞാവയെയും കാത്തോണേയെന്നു പ്രാർത്ഥിക്കണം ന്ന്.. സ്കൂളിൽ പോകുമ്പോ അമ്മയ്ക്ക് കൊടുക്കുന്നതിന്റെ കൂടെ കുഞ്ഞാവയ്ക്കും ഉമ്മ കൊടുക്കും.. എന്നും തൊട്ടുനോക്കും വലുതായോന്ന് അറിയാൻ.. എന്നും ചോദിക്കും അമ്മേ കുഞ്ഞാവ എത്ര വലുതായെന്ന്.. അപ്പോ അമ്മ വിരലിൽ അളന്നു കാണിക്കും.. ശ്ശേ ഇതിനി എപ്പോ വലുതായി വരാനാന്ന് ഓർക്കും.. എന്റെ ക്ഷമ കെട്ടു..

ഓരോരോ മാസം കഴിയുമ്പോളും വയറിനു വലിപ്പം കൂടി വന്നു.. മാധവന് സന്തോഷം ഉണ്ടെങ്കിലും എന്തൊക്കെയോ ചിന്തകൾ അലട്ടുന്നുണ്ട്.. മിക്കപ്പോളുമുള്ള അമ്പലത്തിൽ പോക്കും തന്നെ നോക്കിയിരുന്നുള്ള ആലോചനകളും എല്ലാം അതിനുള്ള തെളിവാണ്.. രാവിലെ തണുപ്പോടെ പ്രസാദം തൊട്ടു തരും, ചൂടോടെ നെറ്റിയിൽ ഒരുമ്മയും…അമ്മ അധികം ശ്രദ്ധിക്കാനേ വരാറില്ല.. അറിയാം മാധവൻ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ലെന്ന്.. ഇന്നും മൂന്നാളും രാത്രിയിൽ ഒരുമിച്ചിരുന്നു കളിച്ചു ചിരിച്ചു ഇരിക്കാറുണ്ട്.. മാധവന്റെ നെഞ്ചിൽ പദ്മയും പദ്മയുടെ നെഞ്ചിൽ മിന്നുവും.. മിന്നു ഉറങ്ങിക്കഴിഞ്ഞാൽ അധികം സംസാരമില്ല രണ്ടാളും.. വിരൽ കൊരുത്ത് എന്തൊക്കെയോ ഓർത്തിരിക്കും.. കിടക്കുമ്പോൾ ചേർത്തു പിടിച്ചു കിടക്കും.. ഒന്നു തിരിഞ്ഞാൽ പോലും മാധവൻ കണ്ണു തുറന്നു നോക്കും.. സത്യം പറഞ്ഞാൽ താൻ ഗർഭിണി ആയതിനു ശേഷം മാധവൻ ശരിക്കും ഉറങ്ങിയിട്ടില്ല.. അച്ഛന് മാധവന്റെ പേടിയും പരവേശവും ഒക്കെ കാണുമ്പോൾ ചിരിയാണ്.. അപ്പോൾ അമ്മ മാധവന്റെ സൈഡ് പിടിച്ചു കളിയാക്കി ചോദിക്കും നിങ്ങളും ഇങ്ങനെ ആയിരുന്നില്ലെന്ന്..

സ്കൂളിൽ പോയാലും നൂറു കാര്യങ്ങൾ പറഞ്ഞു എൽപ്പിക്കും.. വെള്ളം കുടിക്കണം സ്റ്റെപ്സ് കയറരുത് ഒരുപാട് നേരം നിൽക്കരുത് അങ്ങനെ ഒക്കെ കുറേ നിർദേശങ്ങൾ.. വൈകുന്നേരം വന്നു കഴിഞ്ഞാൽ നീര് വെച്ചു വീർത്തിരിക്കുന്ന കാല് മെല്ലെ തിരുമ്മി തരും.. പദ്മ ആസ്വദിക്കുകയായിരുന്നു മാധവന്റെ സ്നേഹവും കരുതലും എല്ലാം.. ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല.. ആ കണ്ണുകളിൽ എത്ര നേരം നോക്കിയിരുന്നാലും മടുപ്പ് ഉണ്ടാവാറില്ല.. കഴുത്തിൽ കൈ കെട്ടി കാലിൽ കയറി നിന്നു ഇപ്പോളും പറയും “എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടവാ മാധവാ.. ഞാൻ തിന്നോട്ടെന്ന്”.. അത് കേൾക്കുമ്പോൾ ഒരു ചിരിയാ.. മറുപടിയായി തൊട്ടു കാണിക്കുന്നിടം മുഴുവൻ ഉമ്മ തരും.. അത്രയും ബലമുള്ള കൈകൾ കൊണ്ട് ഇങ്ങനെയും കെട്ടിപ്പിടിക്കാമെന്ന് കാണിച്ചു തന്നു, മെല്ലെ മെല്ലെ ഹൃദയത്തോട് ചേർത്ത്……

സ്കാനിംഗ് ന് ചെന്നപ്പോൾ മോനിട്ടറിൽ കണ്ട കുഞ്ഞനക്കം നോക്കി നിന്നു മാധവൻ.. പദ്മ ഒന്നേ നോക്കിയുള്ളൂ പിന്നെ നോക്കിയതും ഒപ്പിയെടുത്തതും മുഴുവൻ മാധവന്റെ മുഖത്തെ എക്സ്പ്രഷൻ ആയിരുന്നു.. നിറഞ്ഞു വന്ന കണ്ണുകൾ പറിക്കാതെ അതിലേക്ക് നോക്കി നിൽക്കുകയാണ് ആള്.. ഇപ്പോൾ അതിലേക്ക് കയറി ചെന്നു കുഞ്ഞിനെ എടുത്തോണ്ടു വരുമെന്ന് വരെ തോന്നിപ്പോയി.. അത്രയ്ക്കും ആക്രാന്തമായിരുന്നു ആ മുഖത്ത്..

മുത്തശ്ശിയെ കാണാൻ തോന്നുന്നുവെന്നു ഒന്നു പറഞ്ഞതേ ഓർമ്മയുള്ളു.. രണ്ടാമത്തെ ദിവസം രാവിലെ അതുലേട്ടന്റെ ഒപ്പം മുത്തശ്ശിയും ദേവമ്മയും ഉണ്ടായിരുന്നു.. അവരെ കൊണ്ടു വിടുമ്പോൾ അതുലേട്ടൻ പല്ലു ഞെരിച്ചു മാധവനെ നോക്കുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത്..

“നീ ഇങ്ങനെ വല്ലതുമൊക്കെ പറയും അത് കേൾക്കാൻ അവനും.. ഞാൻ പൊറുതിമുട്ടി രണ്ടിനേം കൊണ്ട്”… തന്നെ കണ്ടതും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു പറഞ്ഞു .. മാധവനിട്ട് ഇടിയും കൊടുത്തു.. ഇല്ലാത്ത ലീവ് എടുത്താണ് നാട്ടിലെത്തിയതും വയ്യാത്ത മുത്തശ്ശിയെ കൂട്ടി വന്നതും… നിലത്തു കാലു കുത്താൻ മുത്തശ്ശിയെ സമ്മതിച്ചില്ല മാധവൻ.. പൊക്കിയെടുത്തു അകത്തേക്ക് പോകുമ്പോൾ അതുലേട്ടൻ പറയുന്നുണ്ടായിരുന്നു “നിലത്തു നിർത്തെടാ പൊടിഞ്ഞു പോകുമെന്ന്”.. മുത്തശ്ശിയുടെ മുഖത്തു പക്ഷേ ചിരിയായിരുന്നു.. കൊണ്ടിരുത്തിയതും മാധവന്റെ നെറുകയിൽ ഉമ്മ വെച്ചു മുത്തശ്ശി.. അതുലിനോട് പദ്മയ്ക്കുവേണ്ടി മുത്തശ്ശിയെ കൊണ്ടുവരണം എന്നു പറയുമ്പോഴും നീയൊന്നു പോടാ എന്നേ പറഞ്ഞുള്ളു അതുൽ.. ഇത്രയും വേഗം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചില്ല.. അച്ഛനും അമ്മയും പദ്മയും കഴിഞ്ഞാൽ ഈ കുടുംബത്തിൽ നിന്നും തനിക്കു കിട്ടിയ വേറൊരു ഭാഗ്യമാണ് അതുൽ.. സഹോദരനും കൂട്ടുകാരനും ആയിട്ട് ആ ഒരാൾ മാത്രം മതിയായിരുന്നു മാധവന്..

ശാരീരികഅസ്വസ്ഥതകൾ ഒന്നും മുത്തശ്ശി കാട്ടിയില്ല അത്രയും ആ മനസ്സും ആഗ്രഹിച്ചിരുന്നു പദ്മയെ ഒന്നു കാണാൻ.. ചുക്കി ചുളിഞ്ഞ ആ ശരീരം കെട്ടിപ്പിടിച്ചു എത്ര നേരം ഇരുന്നെന്ന് പദ്മയ്ക്കും അറിയില്ല.. വല്ലാത്തൊരു സുഖമാണ്.. ഉള്ളു നിറയുന്ന ഒരു സുഖം.. മിന്നു സ്കൂളിൽ നിന്നും വന്നപ്പോൾ മുത്തശ്ശിയെ കണ്ട് അത്ഭുതപ്പെട്ടു.. പിന്നെ നാണംകുണുങ്ങി പദ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞു.. വെളുത്ത മുടിയും ചുളിഞ്ഞു പഞ്ഞി പോലുള്ള ശരീരവും ഒക്കെ തൊട്ടു തലോടുന്നുണ്ട് അവൾ.. അമ്മയും വളരെ സന്തോഷത്തിലാണ് പദ്മയെ ഈയൊരു അവസ്ഥയിൽ വിട്ടിട്ട് തന്റെ അമ്മയെ ഒന്നു പോയി കാണുന്നതെങ്ങനെയെന്ന് ഓർത്തതെ ഉണ്ടായിരുന്നുള്ളു.. വൈകുന്നേരം ആയപ്പോൾ ഹിമയും വന്നു.. മക്കളും കൊച്ചുമക്കളും ഒക്കെ ചുറ്റിനും ആയപ്പോൾ മുത്തശ്ശിയുടെ ക്ഷീണം ഒക്കെ എങ്ങോ പോയി..

“ഞാനിന്ന് മുത്തശ്ശിക്കൊപ്പം കിടന്നോട്ടെ മാധവാ”.. ഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ പദ്മ മാധവനോട് ചോദിച്ചു.. ആ മുഖത്തെ തെളിച്ചം കുറഞ്ഞെങ്കിലും ഉടനെ തന്നെ തലയാട്ടി സമ്മതിച്ചു.. വിഷ്ണുവിനോട് അത്രയ്ക്ക് അടുപ്പം ഇന്നുമില്ല മാധവന്.. മിണ്ടുമെങ്കിലും അതുലേട്ടന്റെ അത്രയും അടുപ്പം കാണിക്കാറില്ല.. അതുകൊണ്ട് തന്നെ വിഷ്ണു ഉള്ളപ്പോൾ മാധവൻ അധികം വീട്ടിൽ പോകാറില്ല…

പോയപ്പോളുള്ള ഉത്സാഹം പിന്നീട്ടില്ലായിരുന്നു പദ്മയ്ക്ക്.. തനിക്ക് ഉള്ളത് പോലൊരു അസ്വസ്ഥത കുഞ്ഞും കാട്ടുന്ന പോലെ തോന്നി.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് മാറുന്നില്ല.. മുത്തശ്ശിയെ വിട്ട് എഴുന്നേറ്റു പതിയെ തപ്പിത്തടഞ്ഞു അച്ഛനെയും എഴുന്നേൽപ്പിച്ചു ഡോർ തുറന്നു വീട്ടിലേക്ക് പോകാൻ തുടങ്ങവേ കണ്ടു വീട്ടിൽ ഇരുളിൽ ഒരനക്കം.. കൊള്ളാം.. ചക്കിക്കൊത്ത ചങ്കരൻ തന്നെ.. പറഞ്ഞിട്ട് ചിരിയോടെ അച്ഛൻ ഡോറടച്ചു..

പദ്മ രണ്ടു കയ്യും നീട്ടി നിന്നിടത്തു നിന്നു.. പൊക്കിയെടുത്തു നടക്കുമ്പോൾ മാധവൻ പറയുന്നുണ്ടായിരുന്നു.. “അറിയാമായിരുന്നു രാത്രിയിൽ തനിച്ച് എഴുന്നേറ്റു വരുമെന്ന്.. കുറച്ചു മുന്നേ വരുമെന്നാ കരുതിയെ… ഞാൻ കാത്തു നിൽക്കാൻ തുടങ്ങീട്ട് കുറച്ചു നേരമായി അറിയുവോ”..

“ഉറങ്ങാൻ പറ്റുന്നില്ല മാധവാ.. ഈ കുഞ്ഞും അതേപോലെ തന്നെ.. നിങ്ങളല്ലേ എന്റെ സ്ലീപ്പിങ് പിൽസ്.. കള്ളബഡുവ”.. മീശയിൽ പിടിച്ചു പദ്മ പറഞ്ഞു..

“ഇനി ഇങ്ങനെ വേണ്ടാട്ടോ.. എന്റെ കൂടെ മാത്രം ഉറങ്ങിയാൽ മതി.. പകൽ ആർക്കൊപ്പം വേണമെങ്കിലും നടന്നോ.. പക്ഷേ രാത്രിയിൽ നീയും ഞാനും മിന്നുവും കുഞ്ഞും മാത്രം മതി”..

“മ്മ്..ഇനി പോവില്ല …………… നല്ല ഭാരമില്ലേ മാധവാ … കൈ വേദനിക്കുന്നില്ലേ”.. കവിളിൽ കൈവെച്ചു ചോദിച്ചു..

“എന്റെയല്ലേ നീ.. ഇതൊന്നും ഒരു ഭാരമല്ല മാധവന്”.. ചിരിയോടെ മിന്നുവിന്റെ അരികിൽ കിടത്തി.. ശ്രദ്ധയോടെ മുഖം പിടിച്ചു നെഞ്ചിൽ ചേർത്തു വെച്ച് ഉറക്കി.. പദ്മ ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ മാധവന്റെയും കുഞ്ഞിന്റെയും മാത്രം സമയമാണ്.. ആ വയറിൽ കൈ വെക്കാൻ കാത്തിരിക്കും പോലെയാ ചവിട്ടും കുത്തും.. കുഞ്ഞി കാൽ വ്യക്തമായി കണ്ടിട്ടുമുണ്ട് തൊട്ടിട്ടുണ്ട്.. പദ്മയെപ്പോലെ തന്നെയാ ചില നേരം കാലും കയ്യും നെറ്റിയുമൊക്കെ കാട്ടി തരും ഉമ്മയ്ക്ക് വേണ്ടി.. ഒരു ദശയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് ഒന്നു കാണുക പോലും ചെയ്തിട്ടില്ലാത്ത സ്നേഹം .. നിറമോ ലിംഗമോ അറിയാതെയുള്ള സ്നേഹം.. പരസ്പരം ജീവനിൽ കൊരുത്ത രണ്ടുപേർ.. മിന്നൂട്ടൻ ഇങ്ങനെ ഒന്നുമായിരുന്നില്ല.. അടങ്ങി ഒതുങ്ങി കിടന്നോളുമായിരുന്നു.. മിന്നൂട്ടൻ തന്റെയാണെങ്കിലും അവളുടെ അമ്മയുടെ മുഖം ഓർക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.. മിന്നൂട്ടൻ ആഗ്രഹിച്ചത് പോലെ ഞാനും ആഗ്രഹിച്ചു പോവാണ്, ഈ വയറ്റിൽ ജനിച്ചാൽ മതിയായിരുന്നു അവളുമെന്ന്.. വേറൊരു പെണ്ണും വേണ്ടിയിരുന്നില്ല ജീവിതത്തിൽ, ഇവൾ മാത്രം…. മനസ്സും ശരീരവും ആത്മാവും ഇവളിൽ മാത്രം സമർപ്പിക്കാൻ സാധിച്ചിരുന്നുവെങ്കിൽ… വല്ലാത്തൊരു വിഷമം തോന്നുന്നു.. തനിക്ക് നീട്ടിയ സൗഭാഗ്യങ്ങൾക്ക് തിരിച്ചൊന്നും താൻ കൊടുത്തിട്ടില്ലെന്നൊരു തോന്നൽ.. കൊടുക്കുന്ന സ്നേഹമൊന്നും പോരാത്തതു പോലെ.. നന്ദിയും സ്നേഹവും കാട്ടാൻ ഈയൊരു ജന്മം പോരാ തനിക്ക്.. അത്രമേൽ സ്നേഹത്തോടെ പദ്മയെയും… പദ്മയെ കിട്ടാൻ നിമിത്തമായ തന്റെ മിന്നൂട്ടനേയും ചേർത്തു പിടിച്ചു ഉമ്മ വെച്ചു.. ദീർഘമായി ശ്വസിച്ചു മെല്ലെ അവർക്കൊപ്പം കണ്ണടച്ചു..

വയറു വീർത്തപ്പോൾ പദ്മയ്ക്ക് അസ്വസ്ഥതകളും കൂടി.. ഉറക്കമില്ലായ്മയും നടുവ് കടച്ചിലും ഒക്കെയായി.. വേദന പദ്മയ്ക്കാണെങ്കിലും അത് പ്രകടമാകുന്നത് മാധവന്റെ മുഖത്താണ്.. പദ്മയുടെ നടത്തവും കിടപ്പും ഒക്കെ കാണുമ്പോൾ മിന്നുവിനും പേടിയായിതുടങ്ങി.. പദ്മയുടെ വിഷമം കാണുമ്പോൾ മിന്നു ഇരുന്നു വിതുമ്പാൻ തുടങ്ങും.. അത് കാണുമ്പോൾ പദ്മയ്ക്ക് നെഞ്ചു പിടയ്ക്കും.. കഴിവതും അവൾക്ക് മുന്നിൽ അസ്വസ്ഥതകൾ കാണിക്കാറില്ല.. അമ്മമ്മയെ ചുറ്റിപ്പറ്റി സംശയം എല്ലാം തീർത്താവും നടപ്പ്.. ഇടയ്ക്ക് അമ്മയും വിഷ്ണുവും ഹരിയും കാണാൻ വന്നിരുന്നു.. ഹിമ പിന്നെ മിക്കപ്പോളും വീട്ടിൽ ഉണ്ടാവാറുണ്ട്.. പഴയ ഗൗരവം ഒന്നുമില്ല ഇപ്പോൾ.. അച്ഛനോടും അമ്മയോടും പദ്മയോടും ചെയ്ത തെറ്റുകൾ ഒക്കെയും തിരുത്തി ശരിക്കും മനസ്സറിഞ്ഞു ജീവിക്കുകയാണിപ്പോൾ.. അമ്മയെ വലിയ കാര്യമാണെങ്കിലും ഇപ്പോളും വിഷ്ണുവും ഹരിയും പദ്മയോട് സംസാരിക്കുമ്പോൾ ഒരു പിടപ്പാണ് നെഞ്ചിൽ.. അത് അറിയുന്നത് കൊണ്ടുതന്നെ പദ്മ അവർക്കൊപ്പം ഇരിക്കാറില്ല.. മാധവനെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ ഇന്നും ചെയ്യാറില്ല.. എന്നെ സ്നേഹിച്ചാൽ പൊന്നു പോലെ നോക്കിക്കോളാമെന്ന് കൊടുത്ത വാക്ക് ഇന്നും പാലിക്കുന്നുണ്ട്..

അമ്മ ഹോസ്പിറ്റലിൽ പോകാൻ ബാഗ് തയ്യാറാക്കിയപ്പോൾ ആണ് മാധവനും ഓർത്തത് അഡ്മിറ്റ്‌ ആവേണ്ട സമയം അടുത്തുവെന്ന് .. വല്ലാത്തൊരു ടെൻഷൻ ആയിരുന്നു ഉള്ളിൽ… പുറമേ കാണിക്കാൻ വയ്യാതെ അകത്തിരുന്നു വീർപ്പുമുട്ടി.. പദ്മയുടെ അടുത്ത് അവളെയും നോക്കിയിരുന്നു.. വണ്ണം ഒക്കെ വെച്ച് നല്ല ഭംഗിയാ കാണാൻ ഇപ്പോൾ.. കാണുമ്പോൾ വാത്സല്യം കൂടും.. ചില നേരം മിന്നുവിനോട് തോന്നും പോലെ എടുത്തു കൊഞ്ചിക്കാൻ തോന്നും.. ഇഷ്ടമാണ് അവൾക്കത്.. ജീവിതകാലം മുഴുവൻ സന്തോഷം മാത്രേ കൊടുക്കൂ എന്നു പറയുന്നത് വിഡ്ഢിത്തം ആണെന്നറിയാം.. എങ്കിലും എന്റെ കൂടെ ഇരിക്കുന്ന സമയമത്രയും നിന്നെ ഞാൻ സന്തോഷിപ്പിക്കും സ്നേഹിക്കും.. ഇത് മാധവന്റെ ഉറപ്പാണ്..

♥️ഉടനെ വരും ♥️