23/04/2026

അതിസുന്ദരി : ഭാഗം 57

രചന – ആയിഷ അക്ബർ

രമയും ജയയും വേഗം കഴിച് എഴുന്നേറ്റു….

ഒരേ നിൽപ്പ് നിൽക്കുന്ന വീണ എന്തും ചെയ്യുമെന്ന ഭയം വന്നത് കൊണ്ട് തന്നെ അവർ വേഗം അടുക്കള വിട്ടു…..

മോളേ…. ഇതങ്ങു തൂത്തു കളഞ്ഞേക്ക് ..
അല്ലെങ്കിയിനി……

ജാനകി അത് പറഞ് പോകാൻ തുടങ്ങിയതും വീണയുടെകണ്ണുകൾ അവരെ തുറിച്ചു നോക്കി….

ആ കണ്ണുകളിൽ തന്നെ പാടേ കരിച് കളയാൻ തക്ക ദേഷ്യമുള്ളതായി അവർക്ക് തോന്നി…..

ഞാൻ…. ഞാനല്ലേ അവളുടേ സ്ഥാനത് വരേണ്ടത്…..
എനിക്കെല്ലാം നഷ്‍ടപ്പെടാൻ കാരണം നിങ്ങളല്ലേ….

അവളുടേ ചുണ്ടുകൾ കൂർത്തു…. പല്ലുകൾ ഞെരിച്ചു ദേഷ്യത്തോടെ അവളത് പറയുമ്പോൾ ജാനാകിക്കൽപം ഭയം തോന്നിയിരുന്നു….

അത് കൊണ്ട് തന്നെ അവർ വേഗം പോയി ചൂലും മോപുമെടുത് അവിടമാകെ തൂത്തു തുടച് വൃത്തിയാക്കി…..
. വീണയുടെ ദേഷ്യം അതിലൊന്നും അടങ്ങിയിരുന്നില്ല…..
ഒന്നിലും അടങ്ങുകയുമില്ലായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാശി ഒരു കയ്യിനു മേൽ തല വെച്ച് കട്ടിലിൽ മലർന്നു കിടക്കുന്നുണ്ട്……

സദാ കാണുന്ന ആ മുഖത്തെ പ്രകാശത്തിന് വല്ലാത്തൊരു മങ്ങൽ പോലെയവൾക്ക് തോന്നി….

ലൈറ്റ് ഓഫ്‌ ചെയ്തോട്ടെ….

അവൾ മുറിയിലേക്ക് വന്നതോന്നും അറിയാതെ കിടക്കുന്ന അവനോടത് ചോദിക്കുമ്പോൾ അവൻ ചിന്തകളിൽ നിന്നുണർന്നു…..

മ്മ്……

വളരേ നേർമയുള്ള ആ മൂളലിൽ അവന്റെ യുള്ളിലെ ഭാരങ്ങൾ കടിച് തൂങ്ങി കിടക്കുന്നുണ്ട്…..

കട്ടിലിൽ കയറി കിടക്കുമ്പോൾ ഒന്ന് ചേർത്ത് പിടിച്ചവന്റെ ദുഖങ്ങൾ അലിയിച്ചു കളയാൻ അവൾക്ക് തോന്നിയിരുന്നെങ്കിലും എന്തോ ഒരു മടി തോന്നി ….

തന്റെ സമീപനം അവനെങ്ങനെ എടുക്കും എന്നൊരു ചിന്തയായിരിക്കാം അതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നത്……

സൂര്യാ…….

മ്മ്……

അവന്റെ വിളിക്കവൾ പതിയേ മൂളി….
താനെന്നെ ഒന്ന് കെട്ടിപ്പിടിക്കാവോ……

അവനത് പറയുമ്പോൾ അവൾക്ക് ഉള്ളിൽ നിന്നൊരു ഗദഗദമാണുയർന്നത്….

എന്തെന്നാൽ ആ വാക്കുകൾ അവന്റെ ഉള്ളിലെ ദുഖത്താൽ വളരെയധികം നനഞ്ഞത് പോലെ തോന്നിയിരുന്നു …..

മുറിയിൽ ഇരുട്ടായത് നന്നായെന്നവൾക്ക് തോന്നി….

അല്ലെങ്കിലൊരു പക്ഷെ അവന്റെ കൺ കോണിലെ തിളക്കം കൂടി താൻ കാണേണ്ടി വരുമായിരുന്നു…

അതിന് മറ്റെന്തിനാക്കാളേറെ ഇന്ന് തന്നെ വേദനിപ്പിക്കാൻ കഴിയുമെന്നവൾക്ക് അറിയാമായിരുന്നു…..

എന്തെന്നാൽ തന്നേക്കാൾ മേലെ അവനെ താൻ സ്നേഹിക്കുന്നുണ്ട്……
അവനെന്നാൽ വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്തൊരു അനുഭൂതിയാണ് തനിക്ക് …

അവൾ പതിയേ അവന്റെ അരികിലേക്ക് നീങ്ങി കിടന്നു….

ഒരു കൊച്ച് കുഞ്ഞിനെ പോൽ അവൻ അവളോട് പറ്റി ചേർന്ന് കിടന്നു….

ഇട നെഞ്ചിലെ നോവിനെ തളക്കാൻ അവൻ ശ്രമിക്കുമ്പോഴും മിഴികൾ ഓർമകളിലേക്കാണ്ട് തന്നെ കുത്തി നോവിക്കുകയായിരുന്നു…..

സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ താൻ അച്ഛായെന്ന് വിളിച്ച ആളാണിന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സ്റ്റേഷനിൽ കിടക്കുന്നത്….

ആരോരുമില്ലാത്ത തന്റെ ജീവിതം തന്റെ മരണം ആഗ്രഹിക്കുന്ന അയാളെ ചുറ്റി പറ്റിയായിരുന്നെന്ന് ഓർക്കുമ്പോൾ ഹൃദയത്തിന്റെ വിങ്ങൽ കൂടുകയാണ്…..

സൂര്യ അവനെ അറിഞ്ഞെന്ന വണ്ണം അവന്റെ മുടികൾക്കിടയിലൂടെ വിരലോടിച്ചു……

അവന് ലഭിച്ച സൗഭാഗ്യങ്ങളെക്കാൾ അവന്റെ ആ ഒരു നഷ്ടമാണ് അവനെ എരി തീയിലാക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു…

അന്ന് രാത്രി മുഴുവൻ അവനുറക്കമില്ലാത്തത് അവൾ ശ്രദ്ധിച്ചു….

തിരിഞ്ഞും മറിഞ്ഞും കിടന്നവൻ നേരം വെളുപ്പിക്കുമ്പോൾ ആ ഇരുട്ടിൽ മിഴികൾ തുറന്ന് പിടിച്ചവളും കിടന്നു….

അവന്റെ ദുഃഖം കൂടോഴിയാതെ അവൾക്കും നിദ്രയെ പുൽകാൻ കഴിയുമായിരുന്നില്ല…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നമുക്ക് മുത്തശ്ശിയുടെ അടുത്തേക്കൊന്ന് പോയാലോ…..

ഓഫീസിലേക്കിറങ്ങാൻ നേരം സൂര്യ അത് ചോദിക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് ശക്തമായി….

ഇന്നലെ വരെ തനിക്ക് മുത്തശ്ശി ആയിരുന്നവർ ഇന്ന് എന്ത് ഭാവത്തിലാണ് വരവേൽക്കുക എന്ന് മനസ്സ് വല്ലാതെ ഭയക്കുന്നുണ്ട്…..

മകൻ പോലീസ് സ്റ്റേഷനിൽ കിടക്കാൻ കാരണക്കാരനായ എന്നോട് ദേഷ്യമുണ്ടാകുമോ..

ദേഷ്യം പ്രകടിപ്പിച്ചില്ലെങ്കിൽ കൂടി അവർക്കൊരിക്കലും പഴയ പോലെ തന്നെ ചേർത്ത് പിടിക്കാൻ കഴിയുമായിരിക്കില്ല…..

പോകണോ….

അവൻ ദയനീയമായി അവളെ നോക്കി..

പോകണം….. മുത്തശ്ശിയെ കാണണം…..
ചുറ്റുമുള്ളവരിൽ നിന്നു മറഞ്ഞു നിൽക്കാൻ മാത്രം എന്ത് തെറ്റാണ് ഇയാള് ചെയ്തത്…..

അവളുടേ ആ ചോദ്യം അവനൊരു ധൈര്യം തന്നെയായിരുന്നു….

പോകാമെന്നോ ഇല്ലെന്നോ പിന്നെയൊരു മറുപടി അവൻ പറയുന്നതിന് മുൻപ് തന്നെ അതിനു കാത്തു നിൽക്കാതെ അവൾ മുറി വിട്ട് പോയിരുന്നു……

കാശി ഇറങ്ങിയതിന്റെ പിറകെ മാറ്റിയൊരുങ്ങി സൂര്യയും ഇറങ്ങി……

വീണ മറഞ്ഞു നിന്നവരെ നോക്കി….

കിരൺ വക്കീലിനെ കാണലും കേസുമായി അലഞ്ഞു നടക്കുകയാണ്….

എന്നാൽ എല്ലാത്തിനും കാരണമായ അവർ രണ്ട് പേരും സ്വസ്ഥമായി യാത്ര പോകുന്നത് കാണുമ്പോൾ വീണക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എനിക്ക് വിദ്യയെ ഒന്ന് കാണാൻ കയറണം….

പോലീസ് സ്റ്റേഷനിലേക്കുള്ള വഴി തിരിയാൻ നേരമാണ് സൂര്യയത് പറഞ്ഞത്…..

അച്ഛൻ റിമാന്റിലാണെന്ന് aറിയുന്നത് കൊണ്ട് തന്നെ കാശിയുടെ മുഖത്ത് പരന്ന പ്രയാസം സൂര്യ തൽക്കാലത്തേക്ക് കണ്ടില്ലെന്ന് നടിച്ചു….

അവിടെ എത്തിയപ്പോൾ വിദ്യ എന്തൊക്കെയോ തിരക്കുകളിലായിരുന്നെങ്കിലും അവിടെയുള്ള ഒരു ബെഞ്ചിലേക്ക് ഞങ്ങൾ കയറിയിരുന്നു…..

അൽപ സമയം കഴിഞ്ഞതോട് കൂടി കിരണും അങ്ങോട്ട് വന്നു…

അവന്റെ മുഖത്തെ പ്രയാസം കണ്ടെന്ന് നടിക്കാതെ കാശി മുഖം താഴ്ത്തി യിരിക്കുമ്പോൾ അവന്റെ ഉള്ളിൽ എന്തെന്നത്
തനിക് മാത്രം അറിയാമായിരുന്നു……

വിദ്യാ…. ഞങ്ങൾക്ക്…. ഞങ്ങൾക്ക് കേസൊന്നുമില്ല……

വാട്ട്‌……

സൂര്യയത് പറയുമ്പോൾ വിദ്യയുടെ ഞെട്ടലിൽ അല്പം ദേഷ്യം കൂടി കലർന്നിരുന്നു…..

കാശി അത്ഭുതത്തോടെ അവളെ നോക്കി….

ജാമ്യത്തിന് വേണ്ടി വക്കീലുമായി കിരൺ അപ്പോഴും പ്പുറത്തായിരിക്കുന്നുണ്ട്…

ഇത്രത്തോളം എത്തിയിട്ട്….
ഇനി കേസ് വേണ്ടെന്നോ..
നിനക്കെന്താ ഭ്രാന്താണോ സൂര്യാ…..
ഏട്ടനും കൂടി അറിഞ്ഞു കൊണ്ടാണോ ഇത്….

വിദ്യ സൂര്യക്ക് നേരെ ദേഷ്യപ്പെട്ടു കൊണ്ടത് പറഞ് കാശിയിലേക്കും തിരിഞ്ഞു……

കാശി ഒന്നും പറയാതെ സൂര്യയേ നോക്കി….

വിദ്യാ….. ഞങ്ങൾ ഉറപ്പിച്ചിട്ട് തന്നെയാ പറയുന്നത്…
കേസോന്നും വേണ്ടാ…..
ഞങ്ങൾ പിൻ വലിച്ചെന്ന് അവരോട് പറഞ്ഞേക്ക്….

അതും പറഞ് സൂര്യ ബാഗുമെടുത് നടക്കാൻ ഒരുങ്ങുമ്പോഴും വിദ്യ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു….

സൂര്യ അത് കേൾക്കാൻ പോലും നിൽക്കാതെ അവിടെ നിന്നും നടക്കുമ്പോൾ കാശിയും അവളെ പിന്തുടർന്നു…..

സൂര്യ സീറ്റിലേക്ക് തല ചാരി വെചങ്ങനെ കിടന്നു….

കാശിയും ഒന്നും മിണ്ടിയില്ല……

കുറച്ച് കൂടി കഴിഞ്ഞപ്പോൾ കാറ് എവിടെയോ ബ്രേക്ക്‌ ചവിട്ടിയത് പോലെ തോന്നിയപ്പോൾ അവൾ പതിയേ കണ്ണുകൾ തുറന്നു…..

അപ്പച്ചിയുടെ വീട്ടിലെത്താൻ സമയമായിട്ടില്ലെന്നുള്ളത് കൊണ്ട് തന്നെ അവൾ ചുറ്റും നോക്കി….

സിറ്റിയിലെ ഒരു ഗാർഡനു മുമ്പിലാണ്…..

കാറ് പാർകിങ് ഏരിയയിലേക്ക് കയറ്റി നിർത്തി അവനിറങ്ങി …

വാ… ഇറങ്…..

അവനിറങ്ങുന്നതും നോക്കി അകത്തു തന്നെയിരിക്കുന്ന അവളെ നോക്കിയവൻ പറഞ്ഞു….

അവൾ ഇറങ്ങിയപ്പോഴേക്കും അവൻ ടിക്കറ്റ് കൗണ്ടറിൽ നിന്നും രണ്ട് ടിക്കറ്റ് എടുത്ത് വന്നു…..

കാറ് കീ കൊണ്ട് ലോക്ക് ചെയ്ത് അവൻ അകത്തേക്ക് നടക്കുമ്പോൾ അവളും പിറകെ നടന്നു…..

അവനോട് ചോദിക്കാതെ തന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞതിൽ വല്ലാത്തൊരു പ്രയാസം അവളെ പൊതിഞ്ഞിരുന്നു……

അവനോട് കൂടി ചോദിച്ചിട്ട് തീരുമാനം പറഞ്ഞാൽ മതിയായിരുന്നു…..

താൻ അവനെ കുറിച്ചാലോചിച്ചാണ് മറ്റൊന്നും നോക്കാതെ വിദ്യായോടത് പറഞ്ഞത്….

എന്നാൽ അതവൻ ഏത് അർത്ഥത്തിൽ ആവും എടുത്തിട്ടുണ്ടാവുക എന്നുള്ളതോർത്തു അവളുടേ മനസ്സുരുകി…..

അവൻ മുമ്പിൽ നടക്കുന്നതിനനുസരിച് അവൾ പിറകിലായി നടക്കുമ്പോൾ അവനൊന്നു നിന്നു….

അവളും നിന്നു….

വാ…..
അവൻ അവളെ വിളിച്ചപ്പോൾ അവൾ മുമ്പിലേക്ക് കയറി നിന്നു….

അവളും കൂടെ എത്തി എന്നായപ്പോൾ അവൻ വീണ്ടും നടന്നു തുടങ്ങി…..

വിശാലമായ പൂന്തോട്ടം….

അതിൽ പല തരത്തിലുള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്നുണ്ട്….

കുറച്ച് വലിപ്പമുള്ള മരങ്ങൾ തണൽ നൽകുന്നു എന്നതിൽ കവിഞ് ഭംഗിയായി വെട്ടി വെച്ചിരിക്കുന്നു..

എങ്ങും വര്ണാഭമായ കാഴ്ചകൾ…..

വെയിലിനിടയിലും ഒരു തണുത്ത ഇളം കാറ്റ് അവിടമാകെ അടിച്ചു വീശുന്നുണ്ട്…..

അതിൽ പരക്കുന്ന സുഗന്ധങ്ങൾ നമ്മെ മറ്റേതോ അനുഭൂതിയുടെ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്……

പച്ച പുല്ലുകൾ വിരിച്ച മനോഹരമായ ആ മൈതാനത്തിന് നടുവിലായുള്ള കൂണിന്റെ ആകൃതിയിലുള്ള ഒരു സിമന്റ്‌ ബെഞ്ചിലേക്ക് അവനിരുന്നു…..

ഇരിക്ക്…..

മടിച്ചു നിൽക്കുന്ന അവളെ അവൻ വിളിച്ചതോട് കൂടി അവനിൽ നിന്നും അല്പം അകന്ന് അവളുമിരുന്നു…

അപ്പോഴും അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു……

ഏറെ നേരം കഴിഞ്ഞിട്ടും രണ്ട് പേരും ഒന്നും മിണ്ടിയില്ല….

അവനെന്തെങ്കിലും അതിനെ കുറിച്ചൊന്നു ചോദിച്ചിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു…..

എന്നാൽ അവനൊന്നും ചോദിച്ചില്ലെന്നു മാത്രമല്ല…. അവിടെയുള്ള ആളുകളിലേക്കും കുട്ടികളിലേക്കും ഒക്കെ മിഴികൾ നട്ടങ്ങനെ ഇരുന്നു….

ഞാൻ…. ഞാനങ്ങനെ പറഞ്ഞതെന്തിനാണെന്ന് ചോദിച്ചില്ല…..

മനസ്സ് വല്ലാതെ തന്നെ വീർപ്പു മുട്ടിച്ചപ്പോൾ അവൾ തന്നെയാണ് തുടക്കം കുറിച്ചത്…..

അവൻ തല ചെരിച്ചവളെയൊന്നു നോക്കി…..

കണ്ണുകളിൽ അവളിത് വരെ അനുഭവിച്ച…. അല്ലെങ്കിൽ ഇപ്പൊഴും അനുഭവിക്കുന്ന ആ പ്രയാസത്തിന്റെയെന്നോണം ഒരു ചുവന്ന നിറം….

വളരേ ഭംഗിയുള്ള അവളുടേ പുരികം ചുളിഞ്ഞിരിക്കുന്നു….

കൈ കൾ ബാഗിൽ എന്തൊക്കെയോ കുസൃതികൾ കാണിക്കുന്നത് പോലെ….

എന്തിനാണെന്ന് അറിയില്ലെങ്കിലും നീയത് പറഞ്ഞപ്പോൾ മനസ്സിനൊരു സ്വസ്ഥത തോന്നുന്നുണ്ട്…..

അവൻ തന്നെ നോക്കിയത് പറഞ്ഞതും അവിടെയുള്ള പൂക്കൾ മുഴുവൻ തന്റെ ഹൃദയത്തിൽ വിരിഞ്ഞു നിന്നത് പോലെയവൾക്ക് തോന്നി….

താൻ വിചാരിച്ചതും അത് തന്നെയായിരുന്നില്ലേ….

അവളുടേ കണ്ണുകളിലെ ചുവപ്പ് നീങ്ങി…. പുരികം നിവർന്നു…..
ബാഗിൽ പിടിച്ചിരുന്ന കയ്കളയഞ്ഞു….

അവനത് തന്നെ ഒപ്പിയെടുത്തങ്ങനെ യിരുന്നു……

ഞാൻ…. ഞാനും അത്രയേ വിചാരിച്ചുള്ളൂ…..

പറയുമ്പോൾ എന്തിനോ അവളുടേ വാക്കുകൾ ഇടറി….

അറിയാം….
അവനൊന്നു പുഞ്ചിരിച്ചു….

താൻ അവനെ മനസ്സിലാക്കുന്നതിൽ തെറ്റ് പറ്റോയില്ലെന്നതിലേറെ സന്തോഷം അവൻ തന്നെ മനസ്സിലാക്കുന്നു എന്നതിന്നായി മാറി…..

അവൻ പെട്ടെന്ന് തന്നെ തലയവളുടെ മടിയിലേക്ക് വെച്ച് ആ ബെൻചിലേക്ക് കിടന്നു……

അവന്റെയാ പ്രവർത്തി അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ലെങ്കിൽ കൂടി അതാ സമയത്ത് അത്രയേറെ ആശ്വാസമായി അവൾക്ക് തോന്നി……

ഇന്നലെ വരെ അവന്റെ മനസ്സിലുള്ള ദുഃഖം അതോട്ടും കുറയാതെ തന്നിലേക്കും പകർന്നിരുന്നു……

അത് കൊണ്ട് തന്നെയാണ് മറ്റൊന്നും ചിന്തിക്കാതെ വിദ്യയോടത് പറഞ്ഞതും….

അവൻ അയാളെ അച്ഛനെന്ന പോൽ അത്രത്തോളം സ്നേഹിച്ചിരുന്നു…..

ജീവിതത്തിൽ ആകെ അവനെ സ്നേഹിക്കാൻ ഉണ്ടായിരുന്നത് അയാളായിരുന്നത് കൊണ്ട് തന്നെ അവന്റെ ലോകം അയാളിലേക്ക് ചുരുങ്ങി പോയിരുന്നു ….

എന്നാൽ ആ സ്നേഹവും കപടമാണെന്ന് അറിയുമ്പോൾ അവനെ അതെത്രത്തോളം മുറിപ്പെടുത്തുമെന്ന് തനിക്കൂഹിക്കാൻ കഴിയും…..

അയാളുടെ വാത്സല്യം കപടമാണെങ്കിൽ കൂടി അവന്റെ സ്നേഹം സത്യമായിരുന്നില്ലേ…

മറ്റെന്തിനാക്കളേറെ തനിക്ക് വലുത് അവന്റെ സ്വസ്ഥതയും സമാധാനവുമാണ് ….

അവൾ ഉറച്ചൊരു ഭാവത്തോടെ അവനെ നോക്കി….

അവൾ ഒരു വാക്ക് പോലും ശബ്ധിക്കാതെ ആ മനസ്സിലുള്ളത് മുഴുവൻ തനിക്ക് പകർത്താൻ കഴിഞ്ഞു എന്ന പോൽ അവനും അവളെ നോക്കി…

അൽപ സമയം അങ്ങനെ കിടന്ന് അവനെഴുന്നേറ്റു…

എന്നാൽ നമുക്ക് പോയാലോ…..

അവൾ ശെരിയെന്ന തരത്തിൽ തല കുലുക്കി….

അവൻ നടന്നു തുടങ്ങിയപ്പോൾ തന്നെ പിറകിലായി നടക്കാൻ തുടങ്ങിയ അവളുടേ കൈ വെള്ളയിൽ അവൻ കയറി പിടിച്ചു….

അവൾ അവനെ ഒന്ന് നോക്കി…..

കണ്ണുകളിൽ പരസ്പരമുള്ള അടങ്ങാത്ത പ്രണയം…. അതിന്റെ ഫലമെന്നോണം രണ്ട് പേരുടെയും അധരങ്ങളിൽ വശ്യമാർന്നൊരു പുഞ്ചിരി സ്ഥാനം പിടിച്ചു…..

അവന്റെ കയ്യിന്റെ ചൂടിൽ അവളുടേ ഉള്ളം കൈ ചേർന്ന് നിന്നു…….

(തുടരും)