രചന – അമ്മു അമ്മൂസ്
അടുത്തേക്ക് വരുന്ന കാലടി ശബ്ദം കേട്ടതും ഭയം കാരണം നെഞ്ച് വല്ലാതെ ഇടിക്കും പോലെ തോന്നി അവൾക്ക്..
നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകിയിരുന്നു.. കണ്ണുകൾ രണ്ടും പേടിയോടെ ചുറ്റും ചലിച്ചു.. കള്ളം പിടിക്കപ്പെടാൻ പോകുന്ന ഒരു കുട്ടിയുടെ ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു വന്നു..
കൈത്തണ്ടയിൽ പൊടിഞ്ഞ വിയർപ്പ് കൈയിൽ ഇരിക്കുന്ന പുസ്തകത്തിന്റെ താളുകളെയും നനച്ചു തുടങ്ങിയതറിഞ്ഞപ്പോൾ കണ്ണുകൾ വീണ്ടും അടഞ്ഞു കിടക്കുന്ന വാതിലിന്റെ അടുത്തേക്ക് നീണ്ടു…
ശ്വാസം പോലും വിടാതെ അനങ്ങാതെ നിന്നു.. ഒരു ചെറിയ ശബ്ദം പോലും അയാളെ താനിവിടെ ഉണ്ടെന്നറിയിക്കും എന്ന് ഉറപ്പായിരുന്നു.
ശബ്ദം അകന്നു പോയി എന്ന് ഉറപ്പായപ്പോൾ ആശ്വാസത്തോടെ ശ്വാസമോന്ന് എടുത്തു വിട്ടു. കൈയിൽ കരുതിയ പുസ്തകം ഒന്ന് കൂടി ഭദ്രമായി ഒളിപ്പിച്ചു പതിയെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.
ചുറ്റും ആരും ഇല്ലെന്നുറപ്പിച്ചു മുറിയിലേക്ക് വേഗത്തിൽ നടക്കുമ്പോഴും ആ പുസ്തകത്തിൽ എന്താകും എന്നൊരു ആകാംഷ മാത്രം ഉള്ളിൽ നിറഞ്ഞു നിന്നു.
അറിയാം… വിലക്കപ്പെട്ടതാണ് എന്ന്.. ഇവിടെ ജോലിക്ക് വന്നപ്പോൾ തന്നെ ആദ്യം പറഞ്ഞത് അതാണ്.. ആ മുറിയിലെ ബുക്കുകളൊന്നും എടുക്കരുത് എന്ന്.. പക്ഷേ കഴിഞ്ഞില്ല…
മുറിയിലേക്ക് എത്തിയ ഉടനേ ആകാംഷയോടെ ഒരോ പേജുകളും മറിച്ചു… ഒരോ വരിയിലൂടെയും കണ്ണുകൾ ചലിക്കുന്നതോടൊപ്പം കണ്ണുനീർ തുള്ളികളും കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു…
പകുതിക്ക് ശേഷം മറ്റൊന്നും ആ പുസ്തകത്തിൽ എഴുതിയിട്ടില്ല എന്ന് കണ്ടപ്പോൾ അവൾ ഭ്രാന്തമായി ഒരോ പേജും മറിച്ചു നോക്കി….. ഇല്ല ഒന്നുമില്ല…. അവ ശൂന്യമായിരുന്നു…
തലയാകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി അവൾക്ക്… ബാക്കി അറിയണം എന്ന് തോന്നി.. ഉള്ളിൽ ഇരുന്നാരോ അതിന്റെ ബാക്കി അറിയാനായി ആവശ്യപ്പെടും പോലെ…
പഴയ ഓർമ്മകൾ ഇരച്ചു വന്നപ്പോൾ കൈകൾ രണ്ടും മുഖത്തേക്ക് അമർത്തി കട്ടിലിൽ ഇരുന്നപ്പോഴാണ് ദത്തന്റെ ശബ്ദം അവിടെ മുഴങ്ങിയത്..
“”വസിഷ്ഠ … “”ആ വിളി കേട്ടതും ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു…
“”ഇന്നത്തെ വർക്ക് തുടങ്ങണ്ടെ… താൻ വാ…””
ചിരിയോടെ രണ്ടു കൈയിലും കോഫി മഗ്ഗ് പിടിച്ചു നിൽക്കുന്ന ദത്തനെ കണ്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി..
അവളുടെ പരിഭ്രമം കണ്ടപ്പോഴാണ് ദത്തൻ സംശയത്തോടെ നോക്കുന്നത്… കട്ടിലിന്റെ ഓരത്തായി അവളുടെ അടുത്ത് വെച്ചിരിക്കുന്ന ബുക്ക് കണ്ടതും അവന്റെ മുഖഭാവം മാറാൻ തുടങ്ങി…. പേശികൾ വലിഞ്ഞു മുറുകി കോപത്തോടെ നോക്കുന്ന ദത്തനെ നേരിടാൻ ശക്തി ഇല്ലാതെ തല താഴ്ത്തി..
ചുവന്നു കലങ്ങിയ കണ്ണുകളോടെ മുന്നിൽ നിൽക്കുന്ന ദത്തനെ കണ്ടതും ഉള്ളിൽ ഭയം നിറഞ്ഞു… ആ കണ്ണുകൾ തന്നെ കോപത്തോടെ നോക്കുന്നതും തന്റെ അടുത്തായുള്ള ബുക്കിലേക്ക് ചലിക്കുന്നതും നോക്കി പേടിയോടെ നിന്നു…
“”നീ ഇന്ന് ആ മുറിയിൽ കയറിയോ…..”” കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ ആയിരുന്നു ആ സ്വരം.
മറുപടി പറയാനുള്ള ശക്തി ഉണ്ടായിരുന്നില്ല.. കയറിയെന്ന് തലയാട്ടി…
കൈയിൽ ഇരുന്ന കപ്പ് നിലത്തേക്ക് വീണു ചിന്നി ചിതറിയപ്പോൾ പേടിയോടെ പിന്നിലേക്ക് വേച്ചു മാറി.. അത്തരമൊരു ഭാവം അവൾക്ക് അന്യമായിരുന്നു.
“”എടുക്കാനുള്ളതെല്ലാം എടുത്തിട്ട് ഇപ്പോൾ.. ഈ നിമിഷം ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്നും.. ഇതുവരെ ചെയ്ത ജോലിക്കുള്ള ശമ്പളം രാധമ്മയുടെ അടുത്ത് ചെന്നാൽ കിട്ടും…””. ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു ദത്തൻ…
അവൾക്കരികിലേക്ക് നടന്നടുത്തതും പേടിയോടെ പിന്നിലേക്ക് മാറി…പുസ്തകം അവനെടുക്കുമോ എന്നുള്ള ഭയത്തിൽ അതെടുത്തു കൈയിലേക്ക് പൊതിഞ്ഞു പിടിച്ചു… കൈവിട്ട് കളയാൻ തോന്നിയില്ല.. മനസ്സ് അപ്പോഴും ആ അക്ഷരങ്ങളിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു.
അവളുടെ കൈയിൽ നിന്നും ബലമായി ആ പുസ്തകം പിടിച്ചു വാങ്ങുമ്പോഴും അവളുടെ വിരലുകൾ ആ പുസ്തകത്തെ മുറുക്കെ പിടിച്ചിരുന്നു.. പക്ഷേ അവന്റെ കൈക്കരുത്തിനോട് പൊരുതി നിൽക്കാൻ കഴിഞ്ഞില്ല…. ബലമായി പിടിച്ചു വാങ്ങി പോകുന്ന ദത്തനെ കാൺകെ അത്രമേൽ പ്രിയപ്പെട്ടത് എന്തോ അകന്നു പോകും പോലെ തോന്നി…
മുഖം പൊത്തി നിലത്തേക്ക് ഊർന്നു ഇരിക്കുമ്പോൾ കഴിഞ്ഞു പോയ ഓർമ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു മനസ്സ്.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
രണ്ടു മാസം മുൻപാണ് ഇവിടേക്ക് വരുന്നത്. പ്രശസ്ത നോവലിസ്റ്റ് ദത്തൻ മാധവ് പുതിയ നോവൽ എഴുതാൻ വേണ്ടി അസിസ്റ്റന്റ് നെ അന്വേഷിക്കുന്നു എന്ന പരസ്യം കണ്ടിട്ടാണ് അപേക്ഷിക്കുന്നത്.. ആള് പറയുന്ന കാര്യങ്ങൾ കമ്പ്യൂട്ടർ ഇൽ ടൈപ്പ് ചെയ്യണം.. മിസ്റ്റേക്ക് ആള് ചൂണ്ടി കാണിക്കുമ്പോൾ എഡിറ്റ് ചെയ്യണം. ആരാധന തോന്നിയ നോവലിസ്റ്റ് ന്റെ കീഴിലുള്ള ജോലി എന്നതിനേക്കാൾ ആകർഷിച്ചത് പറഞ്ഞിരിക്കുന്ന ശമ്പളം തന്നെയായിരുന്നു.
മുത്തശ്ശിയുടെ മരുന്നുകൾ തീർന്നിട്ട് ഒരാഴ്ച ആയിരിക്കുന്നു…. ആരോടെങ്കിലും കടം വാങ്ങാം എന്ന് വിചാരിച്ചാൽ മടക്കി കൊടുക്കാൻ പറ്റും എന്ന ഉറപ്പ് ഇല്ലാത്തതിനാൽ പലരും തയ്യാറായിരുന്നില്ല… ആഹാരത്തിനും ഭക്ഷണത്തിനും കൂടി ഇപ്പോഴുള്ള ജോലിയിലെ വരുമാനം തികയില്ലായിരുന്നു.
കട്ടിലിൽ തളർച്ചയോടെ കിടക്കുന്ന മുത്തശ്ശിയെ ഒന്ന് നോക്കിയപ്പോൾ തന്നെ ഒരു തീരുമാനം മനസ്സിൽ എടുത്തിരുന്നു.
അപേക്ഷ കൊടുത്തു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ജോലിക്ക് എടുത്തതായിട്ടുള്ള അറിയിപ്പ് കിട്ടി. യാത്ര സൗകര്യവും ഏർപ്പാടാക്കിയിരുന്നു.
ദത്തൻ മാധവ് എന്ന ദത്തൻ സാറിനെ കാണുന്നതിന്റെ എല്ലാ ആകാംഷയും ഉള്ളിൽ നിറയുന്നുണ്ടായിരുന്നു. പ്രൌഡിയോടെ ഉള്ള കെട്ടിടങ്ങൾ പ്രതീക്ഷിച്ചപ്പോൾ പക്ഷേ പകരം കണ്ടത് കുറച്ചു ഉള്ളിലേക്കായി പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു വീടാണ്. ചുറ്റിനും മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.
ആള് തന്നെയായിരുന്നു വാതിൽ തുറന്നത്. തീരെ പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് ഒരു ഞെട്ടലാണ് ആദ്യം തോന്നിയത്. പക്ഷേ പെട്ടെന്ന് തന്നെ മനസ്സാന്നിദ്യം വീണ്ടെടുത്ത് കൈയിലെ ലെറ്റർ കാണിച്ചു. ഗൗരവത്തോടെ അത് മുഴുവൻ വായിക്കുന്നത് കണ്ടു… കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.. അകത്തേക്ക് വരാൻ മാത്രം പറഞ്ഞു..
കുറച്ചു കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നാണെന്ന് തോന്നുന്നു ഒരു സ്ത്രീ തിരക്കിട്ടു വരുന്നത് കണ്ടു. ആള് അവരോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അവരായിരുന്നു താമസിക്കാൻ ഉള്ള സൌകര്യം ഒക്കെ ശെരിയാക്കിയതും ചെയ്യേണ്ട ജോലികൾ പറഞ്ഞു തന്നതും ഒക്കെ..
പരിചയപ്പെട്ടപ്പോൾ പേര് രാധ എന്നാണെന്നും പണ്ട് മുതലേ ഇവിടെ ജോലിക്ക് നിൽക്കുന്നതാണ് എന്നും അറിഞ്ഞു. ദത്തൻ സാറിന്റെ ബന്ധുക്കൾ ഒക്കെ വിദേശത്താണ്.. ആളും അവരുമായി അത്ര നല്ല ബന്ധമല്ല… ബിസ്സിനെസ്സ് നോക്കി നടത്തേണ്ട മകൻ എഴുത്തുമായി ഏകാന്ത വാസം നടത്തുന്നതിന്റെ പരിഭവം.
വീട്ടിലെ രീതികൾ ഒക്കെ രാധേച്ചി തന്നെയാണ് പറഞ്ഞു തന്നത്. ദത്തൻ സർ എഴുതുന്ന മുറിയിൽ മറ്റാരും കയറുന്നത് ഇഷ്ടമല്ല എന്നായിരുന്നു ആദ്യമായി പറഞ്ഞത്. രാധേച്ചി പോലും കയറാറില്ല എന്നറിഞ്ഞപ്പോൾ അതിശയം തോന്നി.
ആദ്യം കാണുമ്പോൾ ഉള്ള ഗൗരവമേ ഉള്ളെന്ന് തോന്നി സാറിന്. പിന്നീട് എല്ലാ ദിവസവും വലുതൊന്നും അല്ലെങ്കിലും തനിക്കായി ഒരു ചിരി നൽകിയിരുന്നു.. സൗമ്യമായ പെരുമാറ്റം തന്നെയായിരുന്നു അധികമൊന്നും സംസാരിച്ചില്ലെങ്കിലും.
ടൈപ്പ് ചെയ്യേണ്ട സമയത്തും കഴിക്കുമ്പോളും അല്ലാതെ ദത്തൻ സർ കൂടുതലും ആ മുറിയിൽ തന്നെ ആയിരുന്നു. ഇടയ്ക്കെപ്പോഴോ അതുവഴി പോയപ്പോൾ കണ്ടു എന്തൊക്കെയോ പേപ്പറിൽ കുത്തിക്കുറിക്കുന്നത്..
ഒരിക്കൽ സർ വീട്ടിൽ ഉണ്ടായിരുന്നില്ല… അന്ന് വെറുതെ തോന്നിയ കൗതുകത്തിൽ അകത്തേക്ക് കയറിയതാണ്… തെറ്റാണ് ചെയ്യുന്നത് എന്ന് അറിയാമായിരുന്നു.. പക്ഷേ കഴിഞ്ഞില്ല.. വായിക്കണം എന്നൊന്നും വിചാരിച്ചതല്ല… വെറുതെ ഷെൽഫിന്റെ ഏറ്റവും ഓരത്തായി കിടക്കുന്ന പുസ്തകം എടുത്തു മറിച്ചു നോക്കിയതാണ്.
ആദ്യത്തെ വരിയിൽ തന്നെ കണ്ണുകൾ ഉടക്കി നിന്നിരുന്നു… തലയ്ക്കുള്ളിൽ ആകെ ഒരു മൂളൽ പോലെ… അക്ഷരങ്ങളൊന്നും തന്നെ വ്യക്തമാകുന്നുണ്ടായിരുന്നില്ല… കണ്ണുകൾ വീണ്ടും വീണ്ടും ചിമ്മി തുറന്നു… ഭ്രാന്ത് പിടിച്ചത് പോലെ ഒരോ വരിയും വായിക്കുമ്പോൾ ഉള്ളിലൂടെ പല ഓർമ്മകളും കടന്നു പോയി… കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഒരോ അക്ഷരം വായിക്കുമ്പോളും….
വായന പകുതി എത്താറായപ്പോളാണ് കാളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടത്… ഇരുന്ന അതേ സ്ഥലത്തേക്ക് ബുക്ക് വെച്ച് കണ്ണുകൾ തുടച്ചുകൊണ്ട് തിടുക്കത്തിൽ പുറത്തേക്ക് നടക്കുമ്പോഴും മനസ്സ് ആ പുസ്തകത്തിൽ തന്നെ ആയിരുന്നു.
അതാണ് ഇന്ന് ദത്തൻ സർ വീട്ടിൽ ഉണ്ടാകില്ല എന്നറിഞ്ഞപ്പോൾ വീണ്ടും അവിടേക്ക് ചെന്നത്. പക്ഷേ വായനയിൽ മുഴുകി ഇരുന്നതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല… ചെയ്തത് തെറ്റാണ് എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു എങ്കിലും ആ അക്ഷരങ്ങളെ വിട്ട് പോകാൻ മനസ്സ് തയ്യാറായിരുന്നില്ല.
വീണ്ടും വീണ്ടും തന്റെ ഭൂത കാലത്തിലേക്ക് ആ അക്ഷരങ്ങൾ തന്നെ ബലമായി വലിച്ചിഴക്കും പോലെ… അവ തന്നെ ശ്വാസം മുട്ടിക്കും പോലെ….
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
തന്റെ മുറിക്കുള്ളിൽ ദേഷ്യത്തോടെ ഉലാത്തുകയായിരുന്നു ദത്തൻ. കൈയിൽ ഇരുന്ന പുസ്തകം ദേഷ്യത്തോടെ ബെഡിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും ദേഷ്യം മാറിയിരുന്നില്ല…
ഇന്ന് വരെ തന്റെ സാമ്രാജ്യത്തിലേക്ക് ആരും കയറിയിരുന്നില്ല… അവിടെയുള്ള ഒരോ വസ്തുവും തനിക്കു അത്രമേൽ പ്രിയപ്പെട്ടതാണ്.. അവയൊരൊന്നും തനിക്കു മാത്രം സ്വന്തമാണ്… എഴുതി പൂർത്തിയക്കാത്ത കഥകളെന്നും തന്നിൽ മാത്രം നിറഞ്ഞിരിക്കുന്നതാണ്…. അവയ്ക്കിടയിലേക്കാണ് ഇന്ന് അനുവാദം ചോദിക്കാതെ അവൾ കടന്നു വന്നിരിക്കുന്നത്..
ദേഷ്യത്തോടെ അവൻ മുഷ്ടി ചുരുട്ടി പിടിച്ചു…
വാതിലിൽ ഒരു മുട്ട് കേട്ട് നോക്കിയപ്പോളാണ് രാധമ്മയെ കാണുന്നത്. അവന്റെ മുഖം ഒരു നിമിഷം കൊണ്ട് ശാന്തമായി…
“”എന്താ അമ്മേ…. അവൾക്കുള്ള സാലറി എത്രയാ എന്ന് വച്ചാൽ കൊടുത്തേരെ… ഇനിയിവിടെ വേണ്ട അവൾ…. “”
അവൻ ഗൗരവത്തോടെ പറയുന്നത് കേട്ടപ്പോൾ അവരോരു ചിരിയോടെ അടുത്തേക്ക് ചെന്നു…
മുടിയിൽ പതിയെ വിരൽ ഓടിച്ചപ്പോൾ അവൻ കണ്ണുകൾ അടച്ചിരുന്നു…
“”അമ്മയൊരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കുമോ….””
കാര്യം എന്താകും എന്ന് ഒരൂഹം കിട്ടിയതിനാൽ അവനൊന്നും മിണ്ടിയില്ല…
“”അതൊരു പാവം കുട്ടിയ… അതിന് കുറേ കഷ്ടപ്പാട് ഒക്കെ ഉണ്ട്…. അതുകൊണ്ടാ ഇവിടെ ജോലിക്ക് വന്നത്… ഈ ഒരു തവണത്തേക്ക് മോൻ ക്ഷമിക്കണം…. എത്രയൊക്കെ ആയാലും ഒരു പെൺകുട്ടി അല്ലെ….””
അവൻ എതിർക്കാൻ വേണ്ടി വാ തുറന്നപ്പോളേക്കും അവർ വീണ്ടും പറഞ്ഞു തുടങ്ങി…
“”അമ്മക്ക് വേണ്ടി ഒന്ന് ക്ഷമിക്ക്… അതിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല… മനപ്പൂർവം എടുത്തത് ആകില്ല… ഇനി ഇങ്ങനെ ഉണ്ടാകാതെ അമ്മ നോക്കിക്കോളാം…””
കുറച്ചു നേരം നിശബ്ദൻ ആയിരുന്ന ശേഷം അവനൊന്നു മൂളി… “”ഇത്തവണത്തേക്ക് മാത്രം..””
ചെറിയ ഒരു കുട്ടിയെപ്പോലെ പറയുന്ന അവനെ നോക്കി അവരൊന്നു ചിരിച്ചു..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
സാധനങ്ങൾ ഓരോന്നായി ബാഗിലേക്ക് എടുത്തു തിരികെ വെക്കുകയായിരുന്നു വസിഷ്ഠ… കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ട്…. എന്തിനാണ് താൻ കരയുന്നത് എന്ന് ഇപ്പോഴും അറിയില്ല…
പക്ഷേ അതൊരിക്കലും ഇവിടെ നിന്ന് പോകണം എന്ന് പറഞ്ഞതുകൊണ്ടല്ല എന്ന് ഉറപ്പായിരുന്നു… പൂർത്തിയാക്കാത്ത വരികളിൽ ഒളിഞ്ഞിരിക്കുന്ന തന്റെ ഭൂതകാലം… ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത… മറവിയിലേക്ക് സ്വയം തള്ളി വിട്ട ഓർമ്മകൾ കൂട് പൊട്ടിച്ചു പുറത്തേക്ക് വന്നിരിക്കുന്നു.
വാതിലിന്റെ അവിടെ അനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോളാണ് രാധമ്മയെ കണ്ടത്… ഓടി ചെന്ന് ആ മാറിലേക്ക് വീണു… ഏങ്ങി ഏങ്ങി കരയുമ്പോൾ ആ കൈകൾ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…
“”ഇങ്ങനെ കരയാതെ….. ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്… മോളിപ്പോൾ തത്കാലം എവിടേക്കും പോകണ്ട…””
അവരവളോട് പതിയെ സൗമ്യമായി പറഞ്ഞു. പക്ഷേ അവളതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നി… മറ്റേതോ ലോകത്തിൽ എന്നത് പോലെ അവളുടെ കൈകൾ അവരെ ചുറ്റിപ്പിടിച്ചുകൊണ്ടേ ഇരുന്നു…
പെട്ടെന്നവൾ പിടഞ്ഞു മാറി അവരുടെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു..
തന്നിലേക്ക് പ്രതീക്ഷയോടെ നീളുന്ന അവളുടെ കണ്ണുകളെ അവർ സംശയത്തോടെ നോക്കി.. പക്ഷേ അടുത്തതായി അവൾ പറയുന്നത് കേട്ടപ്പോൾ സ്തബ്ധയായി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ…
“”അമ്മ ദത്തൻ സാറിനോട് ഒന്ന് പറയുമോ ആ ബുക്കിന്റെ ബാക്കി എഴുതാൻ… വല്ലാതെ ഭ്രാന്ത് പിടിക്കുന്നു അമ്മ…. തലയൊക്കെ പൊട്ടും പോലെ….. അത് കഴിഞ്ഞു ഞാൻ…. ഞാൻ എങ്ങോട്ടാ എന്ന് വച്ചാൽ പൊയ്ക്കോളാം…. ഒന്ന് പറയമ്മ…. അമ്മ പറഞ്ഞാൽ സാർ കേൾക്കും..””
അവരവളെ പകപ്പോടെ നോക്കി നിന്നു.
അവളുടെ ഭാവം കണ്ടപ്പോൾ രാധക്ക് ഉള്ളിലൊരു ആന്തൽ തോന്നി.. മറ്റേതോ ലോകത്തിൽ എന്നതുപോലെ അവളുടെ ദൃഷ്ടി ഒരിടത്തേക്ക് ഉറക്കാതെ കണ്ണുകൾ സ്ഥാനം മാറ്റിക്കൊണ്ടിരുന്നു.
“”എന്താ മോളെ… നീയിതെന്താ പറയുന്നേ എന്ന് വല്ല നിശ്ചയവും ഉണ്ടോ… ദത്തൻ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാകുക എന്നാർക്കും അറിയില്ല..””
അവർ പറഞ്ഞത് കേട്ടില്ല എന്നത് പോലെ അവൾ വീണ്ടും ആ കൈകൾ കൂട്ടിപ്പിടിച്ചു… “”അമ്മയോന്ന് പറയുവോ സാറിനോട്….””
വീണ്ടും വീണ്ടും കൈയിലേക്ക് മുഖം അമർത്തി കെഞ്ചുന്ന അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ അവരൊരു നിമിഷം നിന്നു. പിന്നെ പതിയെ അവളുടെ മുടിയിൽ തലോടി.
“”അമ്മ പറയാം… മോളിങ്ങനെ കരഞ്ഞു അസുഖം എന്തെങ്കിലും പിടിപ്പിക്കാതെ…””
അവർ പതിയെ ആശ്വസിപ്പിച്ചപ്പോൾ അവളാ മാറിലേക്ക് പറ്റിച്ചേർന്നു നിന്നു…
ഒരു ചുവരിനപ്പുറം നിന്ന ദത്തന്റെ കണ്ണുകൾ അത്ഭുതം വിടർന്നു. രാധമ്മയുടെ കൂടെ അവൾക്കായി ഒരു താക്കീത് കൂടി കൊടുക്കാൻ വന്നതായിരുന്നു. കരഞ്ഞു വീർത്ത മുഖവുമായി ഓടി വരുന്ന അവളെ കണ്ടപ്പോൾ പാവം തോന്നി.. ഇത്തവണത്തേക്ക് ക്ഷമിക്കാം എന്നുറപ്പിച്ചാണ് നിന്നതും. പക്ഷേ പിന്നീട് അവൾ പറഞ്ഞതൊക്കെ കേട്ട് തറഞ്ഞു നിൽക്കാനേ കഴിഞ്ഞുള്ളു.
അവൻ പോലും അറിയാതെ അവന്റെ കാലുകൾ മുറിയിലേക്ക് ചലിച്ചു… കട്ടിലിൽ അലസമായി കിടന്ന ബുക്ക് കൈകളിൽ എടുക്കുമ്പോഴും അവളുടെ കരച്ചിലിന്റെ ശബ്ദം മാത്രമായിരുന്നു ഉള്ളിൽ നിറഞ്ഞു നിന്നത്.
ബുക്കിന്റെ ആദ്യത്തെ താൾ മറിക്കുമ്പോൾ ഉള്ളിൽ ആകാംഷ നിറയുന്നുണ്ടായിരുന്നു… ഇത്ര മാത്രം അവളെ ആസ്വസ്ഥയാക്കാൻ എന്താണ് ഇതിലുള്ളത് എന്ന സംശയം ഉള്ളിൽ നിറഞ്ഞു. വർഷങ്ങൾക്ക് മുൻപ് പകുതി എഴുതി വച്ചതാണ്.. പൂർത്തിയാക്കാൻ കഴിഞ്ഞില്ല… വരികൾ പകുതിയും മറന്നു പോയിരിക്കുന്നു.
കാലപ്പഴക്കം കാരണമാകാം പുറം താളുകളുടെ നിറം മങ്ങി ഇളം തവിട്ടു നിറത്തിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. ആദ്യത്തെ വരികളിലേക്ക് കണ്ണുകളെത്തി…
“”” അവരാ കുഞ്ഞ് നെറ്റിയിൽ പതുക്കെ ഉമ്മ വെച്ചു…. ആ മുടിയിഴകൾ ഒന്ന് കൂടി ചെവിക്ക് പിന്നിലേക്ക് മാടി ഒതുക്കി…. അവസാനമായി ഒരിക്കൽ കൂടി ആ പിഞ്ചു ദേഹത്തെ മാറോടു അടുക്കി പിടിക്കുമ്പോൾ അവരുടെ ചുണ്ടുകളോടൊപ്പം ശരീരവും വിറയ്ക്കുന്നുണ്ടായിരുന്നു….
തന്റെ കുഞ്ഞിനെ ഒഴിവാക്കാനുള്ള ഒരോ വാക്കുകൾ ചെവിയിൽ മുഴങ്ങുമ്പോളൊക്കെ അവർ രണ്ടു ചെവിയും കൊട്ടി അടച്ചു… മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു….. ഇത്തിരി കരി എടുത്തു തീപ്പെട്ടി കമ്പ് കൊണ്ട് ആ കുഞ്ഞ് നെറ്റിയിൽ പിരികം വരച്ചു കൊടുത്തു… കൈകൾ വിറയ്ക്കുന്നത് കൊണ്ടാകാം പതിവിലും ഇരട്ടി സമയം അവർ എടുത്തിരുന്നു…. “”
“” ഇന്നും ആ പഠിപ്പുര വരെ ഓടിച്ചെന്ന് നോക്കി… ഇതിപ്പോൾ ഒരു പതിവായിരിക്കുന്നു….കുഞ്ഞരി പല്ലുകൾ വന്നു തുടങ്ങിയ മോണ കാട്ടിയുള്ള ചിരിയോടെ ഒരു പാദസരക്കിലുക്കം തന്നിലേക്ക് ഓടി വരുന്നു…. താനും ഓടും അവളുടെ അടുത്തേക്ക്…… തൊട്ടരികിൽ എത്തുമ്പോൾ അവളൊന്ന് നിൽക്കും…. കിതച്ചുകൊണ്ട് നിൽക്കുന്ന തന്നെ തിരിഞ്ഞു നോക്കുന്ന ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകും….ഒരു ഞൊടിയിട കൊണ്ട് അവൾ മാഞ്ഞു പോകുമ്പോൾ ഒരു ഭ്രാന്തിയെപ്പോലെ അവരുടെ കാലുകൾ മുന്നോട്ട് തന്നെ ഓടിക്കൊണ്ടിരുന്നു… “”
“” എന്റെ മോളിപ്പോഴും അമ്മയോട് ദേഷ്യം ആയിരിക്കും അല്ലെ കണ്ണാ…. അമ്മയ്ക്ക് ഒന്ന് കാണണം എന്റെ കുട്ടിയെ…. വീണ്ടും ഒരിക്കൽ കൂടി അമ്മയ്ക്ക് ഒന്ന് ഒരുക്കണം…. അമ്മേടെ മടിയിലേക്ക് കിടക്കണം ന്റെ മോള്…….
ഇരുണ്ട മുറിയിലെ ചുവരിലേക്ക് നോക്കി ആരോടെന്നില്ലാതെ അവർ പറയുമ്പോൾ കാലം തെറ്റിയുള്ള മഴ മുറ്റത്തു ആർത്തു പെയ്യുന്നുണ്ടായിരുന്നു….. വീണ്ടുമൊരു സമാഗമത്തിന് സാക്ഷിയാകാൻ എന്ന പോലെ “”
ബുക്കിൽ എഴുതിയ അവസാന വരിയും വായിച്ചപ്പോൾ ദത്തനിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉയർന്നു….. എപ്പോഴോ ഒരിക്കൽ തോന്നിയ ഭ്രാന്തിൽ എഴുതിയതാണ്… പിന്നീടൊരിക്കലും അത് പൂർത്തിയാക്കാൻ തോന്നിയിരുന്നില്ല…
അവളെന്തിനായിരിക്കും ഈ വരികളോട് അത്രമേൽ ഭ്രാന്ത് കാണിക്കുന്നത് എന്ന ചോദ്യം അവനിൽ നിറഞ്ഞു. അവൾക്ക് മാത്രം മറുപടി തരാൻ കഴിയുന്ന ചോദ്യം…
അവളുടെ മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് വേഗത കുറവായിരുന്നു. സ്വയം എന്തൊക്കെയോ അനുമാനങ്ങളിൽ എത്താനുള്ള ശ്രമത്തിൽ ആയിരുന്നു മനസ്സ്…
വാതിലിന്റെ അടുത്തേക്ക് എത്തും മുൻപേ കേട്ടു എന്തൊക്കെയോ പതിഞ്ഞ സ്വരത്തിൽ പറയുന്നത്… വാക്കുകൾ പലപ്പോഴും വ്യക്തമായിരുന്നില്ല…. വേണ്ടെന്ന് വിചാരിച്ചു എങ്കിലും അവന്റെ അനുവാദം പോലും ആവശ്യമില്ലാതെ കാലുകൾ അപ്പോഴേക്കും ചലിച്ചു തുടങ്ങിയിരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“”എന്തെങ്കിലും ഒന്ന് കഴിക്ക് മോളെ…””
രാധ അവളുടെ മുടിയിൽ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു.. അതിന് മറുപടി കൊടുക്കാതെ അവളൊന്ന് കൂടി അവരുടെ മടിയിലേക്ക് മുഖം ഒളിപ്പിച്ചു കിടന്നു… അവളുടെ ചിന്തകൾ ഇപ്പോഴും പഴയത് പോലെ ആയിട്ടില്ല എന്നവർക്ക് തോന്നി…
“”അമ്മക്ക് തോന്നുന്നുണ്ടോ ഞാൻ… ഞാനൊരു ശാപമാണെന്ന്…””.
ഏറെ നേരത്തിനു ശേഷം മറ്റേതോ ലോകത്തിൽ നിന്നെന്ന പോലെ അവളുടെ ചിലമ്പിച്ച സ്വരം കേട്ടു… അവരുടെ കൈകൾ ഒരു നിമിഷം ഒന്ന് നിശ്ചലമായി… പിന്നെ വീണ്ടും അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…
“”ഇല്ലല്ലോ…. അമ്മയ്ക്ക് അങ്ങനെ തോന്നുന്നില്ലല്ലോ… ശാപവും ദോഷവും ഒക്കെ വെറുതെ മനുഷ്യന്മാർ പറഞ്ഞുണ്ടാക്കുന്നതല്ലേ കുട്ട്യേ… സ്വന്തം നഷ്ടങ്ങൾ മറ്റൊരാളുടെ മേലേക്ക് അടിച്ചേൽപ്പിക്കുന്നതിലൂടെ കിട്ടുന്ന താത്കാലിക ആശ്വാസത്തിന് വേണ്ടി…. അത്രയേ ഉള്ളൂ….””
“”പിന്നെന്തിനാ എന്റെ അമ്മ അങ്ങനെ ചെയ്തത്… “”
ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചതും അവരവളെ സംശയത്തോടെ നോക്കി…
“”അമ്മയ്ക്ക് അറിയോ…… ഞാൻ വയറ്റിൽ ആയിരുന്നപ്പോൾ അമ്മയ്ക്ക് എന്നോട് വലിയ സ്നേഹം ആയിരുന്നത്രേ…. മുത്തശ്ശി എപ്പോഴും പറയും ന്നോട്…. അച്ചന്റെ വീട്ടുകാർക്ക് എല്ലാർക്കും ജോത്സ്യത്തിൽ ഭയങ്കര വിശാസാ…. ഒരോ കുട്ടിയും ജനിച്ച ഉടനേ എന്തൊക്കെയോ പ്രശ്നം വെച്ച് നോക്കുമെന്ന്…. ന്റേം നോക്കി….. ഞാനെന്റെ അച്ഛനേം അമ്മേനേം ഒക്കെ കൊല്ലുമത്രെ….””അവളുടെ ചുണ്ടിൽ ആത്മനിന്ദയോടുള്ള ചിരി തെളിഞ്ഞു.
“”എവിടെങ്കിലും കൊണ്ട് പോയി കളയാൻ എല്ലാരും പറഞ്ഞതാ…. അമ്മ പക്ഷേ സമ്മതിച്ചില്ല…. എന്നേ എന്തെങ്കിലും ചെയ്താൽ അമ്മയും മരിക്കുമെന്ന് പറഞ്ഞു…. അന്ന് അമ്മയുടെ രാജകുമാരി ആയിരുന്നു ഞാൻ…””
“”പക്ഷേ…. “”അവളുടെ ശബ്ദം തീരെ നേർത്തു…
“”അമ്മ നിർബന്ധിച്ചത് അനുസരിച്ചു അഞ്ചാം പിറന്നാളിന് ഉടുപ്പ് വാങ്ങാൻ പോയതാ അച്ഛൻ… പിന്നെ….. പിന്നെ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു… കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞതാത്രെ… അന്ന് പക്ഷേ അമ്മയെന്നെ ചേർത്ത് പിടിച്ചില്ല… താലി മാത്രമായിരുന്നു അമ്മയുടെ കൈയിൽ ആ നിമിഷം ഉണ്ടായത്…
കല്ല് പോലെ ഒരു ഇരിപ്പായിരുന്നു അമ്മ… വലുതായി ഒന്നും ഓർമ്മയില്ല അന്നത്തെ കാര്യങ്ങളൊന്നും… ആകെയുള്ള ഒരോർമ്മ അമ്മേടെ മടിയിലേക്ക് തല വെക്കാൻ ഞാൻ ശ്രമിക്കുന്നതാ… അപ്പോഴേക്കും എന്നേ ആരോ പിടിച്ചു മാറ്റിയിരുന്നു….. ഞാനുറക്കെ കരഞ്ഞപ്പോഴും എന്നെയൊന്നു നോക്കാതെ ഇരുന്ന അമ്മയുടെ മങ്ങിയ രൂപം മാത്രം ഓർമ്മയുണ്ട്…
വലിയ പരിക്കൊന്നും ഇല്ലാതെ അച്ഛൻ തിരിച്ചു വന്നെങ്കിലും ഇനിയൊരാളുടെ ജീവൻ എടുക്കും വരെ എന്നേ ആ വീട്ടിൽ നിർത്താൻ പറ്റില്ല എന്ന് മുത്തച്ഛൻ തീർത്തു പറഞ്ഞു… ഇത്തവണ പക്ഷേ തടയാൻ ആളുണ്ടായില്ല… അമ്മയും ഒന്നും മിണ്ടിയില്ല…. തളർന്നു പോയിട്ടുണ്ടാകും ആ മനസ്സ്… ഭർത്താവിനെയും മകളെയും ത്രാസ്സിൽ തൂക്കിയപ്പോൾ മകളുടെ ത്രാസ്സിന് ഭാരം കുറവായിരുന്നു. സ്വന്തം മകളുടെ പേരക്കുട്ടിയെ എല്ലാവരും കൂടി ഇല്ലായ്മ ചെയ്യാനൊരുങ്ങുന്നത് അറിഞ്ഞിട്ടാണ് മുത്തശ്ശി ഓടിപ്പിടച്ചു എത്തിയത്… എല്ലാരോടും കുറേ വഴക്കുണ്ടാക്കി… ഒടുവിൽ ആ വാശിക്ക് മുൻപിൽ എല്ലാവരും ഒന്ന് അടങ്ങി…
പിന്നെ ഇങ്ങോട്ട് മുത്തശ്ശി മാത്രേ ഉണ്ടായിരുന്നുള്ളൂ വസിഷ്ഠക്ക്…. എനിക്കായി ദൈവം കരുതി വെച്ച ഒരേയൊരു ജീവൻ….പാവമായിരുന്നു… എന്നേ ഒത്തിരി ഇഷ്ടായിരുന്നു… വീട്ടിലേക്ക് വന്ന സമയമൊക്കെ ഞാൻ ഭയങ്കര ശല്യമായിരുന്നു. ഉറങ്ങാൻ പോലും സമ്മതിക്കാതെ ആ പാവത്തിനെ എപ്പോഴും കരഞ്ഞു ശല്യപ്പെടുത്തും…. ഒന്നും കഴിക്കില്ല…. അമ്മേടെ അടുത്ത് പോണം എന്ന് വാശി കാണിക്കും… വഴക്കുണ്ടാക്കും…. പിന്നെ അതൊക്കെ കുറേശ്ശേ ഞാനും മനസ്സിലാക്കി….
രാത്രി എന്നും ഞാനെന്റെ അമ്മയെ സ്വപ്നം കണ്ടു എഴുന്നേറ്റു ഇരുന്ന് കരയുമായിരുന്നു… അപ്പോഴൊക്കെ ആ പാവം എഴുന്നേറ്റു എന്നേ ചേർത്ത് പിടിക്കും…””
രാധ എല്ലാം മൂളിക്കേട്ടുകൊണ്ട് അവളെ പതിയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു..
“”ആ ബുക്കിൽ പറഞ്ഞത് പോലെ എന്റെ അമ്മയും പറഞ്ഞിട്ടുണ്ടാകുമോ രാധമ്മേ…. എന്നേ കാണണം എന്ന് അതുപോലെ ആഗ്രഹിച്ചിട്ടുണ്ടാകുമോ…. എന്നേ ഒന്ന് ചേർത്ത് പിടിക്കാൻ…. അമ്മയായിരിക്കും അല്ലെ മുത്തശ്ശിയെ എന്റെ അടുക്കലേക്ക് എത്തിച്ചത്….
പാവമാ ല്ലേ…. എന്നോട് അത്രേം ഇഷ്ടം ഉണ്ടായിട്ടല്ലേ… എനിക്കൊന്നും പറ്റാതെ ഇരിക്കാനാകും….””
അവളുടെ മനസ്സ് ഇപ്പോഴും ആ ബുക്കിൽ തന്നെ തളച്ചു ഇട്ടിരിക്കുകയാണ് എന്ന് കണ്ടപ്പോൾ അവർക്ക് ഉള്ളിൽ ഭയം നിറഞ്ഞു.
“”അതുപോലെ എന്റെ അമ്മയും എന്നേ കാണാൻ വേണ്ടി വരുവായിരിക്കും അല്ലെ അമ്മേ….അമ്മ ഒന്ന് ദത്തൻ സാറിനോട് പറയുമോ…”” വീണ്ടും അവൾ അവരെ പ്രതീക്ഷയോടെ നോക്കി.
“”അമ്മ പറഞ്ഞോളാം… മോള് ഇപ്പൊ ഉറങ്ങിക്കോ… അമ്മ ഇവിടെ തന്നെ ഉണ്ട്…”” അവർ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു…. താൻ അവളെ തനിച്ചാക്കി പോകുമോ എന്ന പേടിയിൽ ആകണം തന്റെ വിരലിൽ ബലമായി പിടിച്ചുകൊണ്ട് കിടന്നുറങ്ങുന്ന അവളെ അവർ അരുമയോടെ നോക്കി.
അവൾ മയക്കം പിടിച്ചു തുടങ്ങിയപ്പോഴാണ് വാതിലിന്റെ അരികിൽ നിൽക്കുന്ന ദത്തനെ കാണുന്നത്… അവന്റെ ചെറുതായി കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എല്ലാം അവൻ കേട്ടിട്ടുണ്ട് എന്ന് മനസ്സിലായി. അവരവനെ നോക്കി ചിരിച്ചപ്പോൾ തിരികെ ഒരു വാടിയ പുഞ്ചിരി മാത്രം നൽകി അവൻ തിരികെ നടന്നു.
അവന്റെ കൈകൾ ആ പുസ്തകത്തെ ബലമായി പിടിച്ചിരുന്നു ഒരിക്കലും കൈയിൽ നിന്ന് ഊർന്നു പോകാതെ.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഉറങ്ങി എഴുന്നേറ്റപ്പോൾ തലയ്ക്കു വല്ലാത്ത ഭാരം തോന്നി വസിഷ്ഠ ക്ക്… തലയാകെ പൊട്ടിപ്പൊളിയും പോലെ വേദന എടുക്കുന്നു… രാധമ്മ മുറിയിൽ ഉണ്ടായിരുന്നില്ല…
കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുത്തതും അവൾക്ക് വല്ലാത്ത ജാള്യത തോന്നി… പാടില്ലായിരുന്നു… തെറ്റാണ് താൻ ചെയ്തത്.. അയാളുടെ സ്വകാര്യതയിൽ കടന്നു കയറാൻ തനിക്ക് എന്ത് അധികാരമാണ് ഉള്ളത്… അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി…. അവനോട് മാപ്പ് പറയണം എന്ന് തോന്നി…
വാതിലിൽ ഒരു മുട്ട് കേട്ടപ്പോഴാണ് മുഖം ഉയർത്തി നോക്കിയത് രാധമ്മയാണ്. ഒരു ചിരിയുണ്ട് മുഖത്ത്..
“”ആഹാ എഴുന്നേറ്റോ… ഞാൻ വിളിക്കാനായി വരുവായിരുന്നു.. അത്താഴം വിളമ്പി വച്ചിട്ടുണ്ട്… വായോ..””. അവരവളുടെ ശിരസ്സിൽ ഒന്ന് തഴുകി പറഞ്ഞു…
“”എനിക്ക് വേണ്ടമ്മ…. ഒന്ന് ഉറങ്ങിയാൽ മതി…”” അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു…
“”അതൊന്നും നടക്കില്ല… അത്താഴപ്പട്ടിണി കിടക്കാൻ പറ്റില്ല….”” ശാസനയോടെ പറഞ്ഞതും വേറെ വഴി ഇല്ലാതെ എഴുന്നേറ്റു…
ഊണുമുറിയുടെ അടുത്ത് എത്തിയതും ആദ്യം കണ്ടത് ആഹാരം കഴിക്കാൻ ഇരിക്കുന്ന ദത്തൻ സാറിനെയാണ്. ആദ്യം മുന്നിൽപ്പെടാതെ പോകാൻ തോന്നിയെങ്കിലും രാധമ്മ കൂടെ ഉണ്ടായിരുന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
തല താഴ്ത്തി അടുത്തേക്ക് ചെന്ന് ഇരുന്നപ്പോഴും മുന്നിലെ പാത്രത്തിലെക്ക് മാത്രം നോക്കി കഴിക്കുമ്പോഴും ആ കണ്ണുകൾ തന്റെ നേർക്ക് തന്നെയാണ് എന്ന് മനസ്സിലായിരുന്നു…
“”വസിഷ്ഠ….. ഞാൻ…..”” കഴിച്ചിട്ട് പാത്രവുമായി എഴുന്നേൽക്കും മുൻപ് ആ ശബ്ദം തടഞ്ഞു നിർത്തിയിരുന്നു..
“”എന്നോട് ക്ഷമിക്കണം സാർ… അറിയാതെ പറ്റിയതാണ്… ഇനി ആവർത്തിക്കില്ല…””
ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അവനെ നോക്കാതെ തിരിഞ്ഞു നടക്കുമ്പോഴും പറയാൻ വന്നതൊക്കെ തൊണ്ടക്കുഴിയിൽ തന്നെ കുടുങ്ങി കിടക്കും പോലെ തോന്നി അവന്…
അന്ന് രാത്രി മുഴുവനും ആ അക്ഷരങ്ങൾ അവനിലും ഭ്രാന്ത് നിറയ്ക്കുന്നുണ്ടായിരുന്നു… അവളുടെ മുഖം മാത്രമായിരുന്നു അവ ഓരോന്നിനും…
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
രാവിലെ ഉണർന്നപ്പോൾ ഒരു പുതിയ ഉന്മേഷം പോലെ തോന്നി ദത്തനു…. പുതിയ തീരുമാനങ്ങളിലേക്ക് മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.
ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോൾ ഭക്ഷണം ഡൈനിങ് ടേബിളിലേക്ക് വെക്കുന്ന രാധമ്മയെയാണ് കാണുന്നത്… അടുത്തൊന്നും അവളെ കാണാതെ ചുറ്റും നോക്കി.. സാധാരണ ഈ സമയം കൂടെ ഉണ്ടാകേണ്ടതാണ്…
“”അവളിത് വരെ എഴുന്നേറ്റില്ലേ..””. പിരികം ഒന്ന് പൊക്കി സംശയത്തോടെ ചോദിച്ചു…
അപ്പോൾ മാത്രമാണ് രാധമ്മയുടെ മുഖത്തെ വിഷാദ ഭാവം ശ്രദ്ധിക്കുന്നത്…
“”കുഞ്ഞ് രാവിലെ പോയി…””
“”പോയോ… എവിടേക്ക്.. “”അവന്റെ നെറ്റി ഒന്ന് കൂർത്തു.
“”വെളുപ്പിനെ കുഞ്ഞിന്റെ അയല്പക്കത്തു താമസിക്കുന്ന ആരൊക്കെയോ വിളിച്ചിരുന്നു.. മുത്തശ്ശിക്ക് വല്ലാത്തൊരു വിമ്മിഷ്ടം പോലെ ന്ന്… ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. അറിഞ്ഞപ്പോ മുതല് കുഞ്ഞ് ഒരേ കരച്ചിൽ ആയിരുന്നു… അപ്പോ ഞാനാ പറഞ്ഞെ ഒരാഴ്ച പോയി നിന്നോളാൻ..””
“”എന്നോടൊന്ന് പറഞ്ഞൂടെ അവൾക്ക്… ഞാനല്ലേ അവളെ ജോലിക്ക് വെച്ചത്…”” അവന്റെ സ്വരത്തിൽ പരിഭവമാണോ ദേഷ്യമാണോ മുന്നിട്ട് നിന്നത് എന്ന സംശയത്തിൽ രാധമ്മ അവനെ ഒന്ന് നോക്കി.
“”എന്നിട്ട് വേണം ഉറക്കത്തിൽ നിന്ന് ഉണർത്തി എന്ന് പറഞ്ഞു രാവിലെ ആ കുഞ്ഞിനെ വീണ്ടും കരയിക്കാൻ. അല്ലെങ്കിൽ തന്നെ അതാകെ വിഷമത്തിൽ ആയിരുന്നു മുത്തശ്ശി ടെ കാര്യം പറഞ്ഞിട്ട്. “”രാധമ്മ ഒന്നിരുത്തി നോക്കി പറഞ്ഞതും മറുപടി ഒന്നും ഇല്ലാതെ നിന്നു ദത്തൻ.
“”എന്താന്ന് വച്ചാൽ ചെയ്തോട്ടെ.. ഞാനായിട്ട് ആരെയും കരയിക്കുന്നില്ല.”” രാധമ്മയോട് ഗൗരവത്തിൽ പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോഴും അവന്റെ ഉള്ളിൽ വല്ലാത്തൊരു പേടിയും പരിഭവവും നിറഞ്ഞിരുന്നു.
മുറിയിലേക്ക് എത്തിയതും അവനാ ബുക്ക് കൈയിലേക്ക് എടുത്തു.. ഇന്നലെ അവൾ പറഞ്ഞ ഒരോ വാക്കുകളും വീണ്ടും ഒരിക്കൽ കൂടി ചെവിയിൽ മുഴങ്ങി. അവളുടെ വേദന നിറഞ്ഞ ആ ശബ്ദം തന്റെ മനസ്സിനെ എന്തിനാണ് ആസ്വസ്ഥമാക്കുന്നത് എന്നറിയില്ല… ഇതിലും കൂടുതൽ വേദന അനുഭവിക്കുന്ന ആളുകളെ അടുത്തറിഞ്ഞവനല്ലേ താൻ… അവരിൽ പലരുടെയും ജീവിതങ്ങൾ തന്നെയല്ലേ തന്റെ അക്ഷരങ്ങളിലൂടെ പകർത്തി വച്ചതും….
ജോലിയുടെ അപേക്ഷയിൽ ഉണ്ടായിരുന്ന അവളുടെ നമ്പർ ഫോണിൽ നിന്നും തിരഞ്ഞു കണ്ടു പിടിച്ചു… വിളിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ ആയിരുന്നു മനസ്സ്… കുറേയേറെ നേരം ആ ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു.. ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.
ഒടുവിൽ അറിയാതെ തന്നെ വിളിച്ചു പോയി. ഫോൺ ചെവിയോട് ചേർക്കുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. മറുവശത്തു ബെല്ലടിച്ചതും വെപ്രാളത്തോടെ കട്ട് ചെയ്തു..
“”എന്നോട് പറയാതെ പോയതല്ലേ… ഞാനെന്തിന് വിളിക്കണം..””. അപ്പോൾ അവനിൽ നിറഞ്ഞു നിന്നത് പരിഭവം മാത്രമായിരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇത്തവണ വിളിച്ചിട്ടും സ്വിച്ചഡ് ഓഫ് എന്ന മറുപടി കേട്ടപ്പോൾ ദത്തൻ ഈർഷ്യയോടെ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞു മൂന്ന് ദിവസം ആയി അവളെ വിളിക്കാൻ ശ്രമിക്കുന്നു… പതിവ് പല്ലവി തന്നെ… ഒരാഴ്ചത്തെ അവധിയൊക്കെ കഴിഞ്ഞിട്ട് ദിവസങ്ങൾ ആയിരിക്കുന്നു. അവിടെ ചെന്നിട്ട് ആദ്യത്തെ മൂന്നാല് ദിവസം രാധമ്മയെ വിളിച്ചിരുന്നു… അമ്മ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നത് കേട്ടു.
ചോദിക്കാനുള്ള മടി കാരണം കൂടുതലൊന്നും ചോദിച്ചില്ല. മുത്തശ്ശി ആശുപത്രിയിൽ തന്നെയാണ് എന്നും ഇപ്പോൾ കുറച്ചു കുറവുണ്ട് എന്നും അവൾ രാധമ്മയോട് പറഞ്ഞെന്ന് അറിഞ്ഞു. അതിന് ശേഷം കഴിഞ്ഞ നാല് ദിവസമായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല… വിളിക്കുമ്പോൾ എല്ലാം തന്നെ സ്വിച്ചഡ് ഓഫ് എന്ന മറുപടിയാണ് ലഭിക്കുന്നത്.
ഫോണിന് എന്തെങ്കിലും കേട് പറ്റിയതായിരിക്കും എന്ന് പറഞ്ഞു രാധമ്മയെ ആശ്വസിപ്പിക്കുമ്പോഴും ഉള്ളിലാകെ ഭയം നിറയുന്നുണ്ടായിരുന്നു.
അവൾക്കെന്ത് പറ്റി എന്നറിയാതെ ശ്വാസം പോലും വിലങ്ങുന്നു എന്ന് തോന്നി. അതാണ് ഒരു സുഹൃത്തിന്റെ നാട്ടിലേക്കുള്ള യാത്ര എന്ന് കളവ് പറഞ്ഞു വേഗം തയ്യാറായത്. ഇറങ്ങാൻ നേരവും കണ്ണും നിറച്ചു പേടിയോടെ നിൽക്കുന്ന രാധമ്മയെ ആശ്വസിപ്പിക്കാൻ വേണ്ടിയാണ് അവളുടെ അയൽക്കാരെ വിളിച്ചു ചോദിച്ചു എന്നും.. അവൾക്കിപ്പോ ഫോൺ ഇല്ലാത്തത്കൊണ്ട വിളിക്കാത്തത് എന്നും പറഞ്ഞു ആശ്വസിപ്പിച്ചത്.
അപേക്ഷയിലുള്ള അഡ്രസ് അനുസരിച്ചു വീട് കണ്ടു പിടിക്കാൻ വലിയ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. അധികം വികസനം ഒന്നും എത്തിയിട്ടില്ലാത്ത ഒരു ഗ്രാമമായിരുന്നു. ഇപ്പോഴും ടാർ ചെയ്തിട്ടില്ലാത്ത റോഡുകൾക്ക് ഇരുവശവും മുള്ളുവേലി കൊണ്ട് അതിരു കെട്ടിയ വീടുകൾ നിറഞ്ഞു നിന്നു. മണ്ണുകൊണ്ടുള്ള റോഡ് ആയിരുന്നു എങ്കിലും കുഴിയോ മറ്റു തടസ്സമോ ഒന്നും ഉണ്ടായിരുന്നില്ല.
മുള്ളുവേലി കൊണ്ട് തന്നെ അതിരു കെട്ടിയ ഒരു ഒറ്റനില വീടിന്റെ മുൻപിൽ കാർ നിർത്തി ഇറങ്ങുമ്പോൾ ചുറ്റും ഒന്ന് നോക്കി. വല്ലാത്തൊരു ശാന്തത ആ അന്തരീക്ഷത്തിന് ഉണ്ടായിരുന്നു. വരാനിരിക്കുന്ന മഴയുടെ സൂചന എന്ന പോലെ ആകാശം മേഘത്താൽ ചുറ്റപ്പെട്ട് കിടന്നു.
മുറ്റത്തു കെട്ടിയ കറുത്ത നിറത്തിലുള്ള ടാർപ്പോയിലേക്കാണ് ആദ്യം കണ്ണെത്തിയത്. ഉള്ളിലൂടെ ഒരാന്തൽ കടന്നു പോയി.. ജനലും വാതിലും എല്ലാം കൊട്ടി അടച്ച ആ വീട്ടിലേക്ക് കണ്ണുകൾ ചെന്നു. മുറ്റത്തൊക്കെ നിറഞ്ഞു കിടക്കുന്ന ഇലകളും വെള്ളം കിട്ടാതെ വാടി തുടങ്ങിയ ചെടികളും അപ്പോൾ മാത്രമാണ് ശ്രദ്ധിക്കുന്നത്.
കേൾക്കാൻ പോകുന്ന വാർത്തയുടെ കാഠിന്യം അറിഞ്ഞെന്ന പോലെ ചുവടുകൾ ഒന്ന് വേച്ചു പോയിരുന്നു..
വാതിലിൽ മുട്ടുമ്പോൾ പിടയ്ക്കുന്ന നെഞ്ചിനെ ഒന്നടക്കി നിർത്താൻ വിഭലമായി ശ്രമിച്ചു. രണ്ടു മൂന്ന് പ്രാവശ്യം മുട്ടിയിട്ടും അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ ശക്തിയായി തട്ടി നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ ആരോ നടന്നു വരുന്നത് പോലെയുള്ള ശബ്ദം കേട്ടു.
താൻ കണ്ടറിഞ്ഞ വസിഷ്ഠയുടെ നിഴൽ മാത്രമാണ് ഇപ്പോൾ തന്റെ മുൻപിൽ നിൽക്കുന്നത് എന്ന് തോന്നി. കണ്ണുകൾ രണ്ടും കറുത്ത് കുഴിഞ്ഞു എണ്ണ തേക്കാതെ പാറി പറന്ന മുടിയുമായി തനിക്ക് മുൻപിൽ നിൽക്കുന്നവളെ അവൻ അലിവോടെ നോക്കി. ഒരു വരണ്ട പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു അവളുടെ ചുണ്ടുകളിൽ.
“”സർ ആയിരുന്നോ…. എന്നോട് ക്ഷമിക്കണം… ഒന്നും അറിയിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല… സർ അകത്തേക്ക് വാ…”” നിർവ്വികാരയായി പറയുന്ന അവളെ കാൺകെ ഉള്ളിലെന്തോ തികട്ടി വരും പോലെ തോന്നി ദത്തന്.
“”ഏയ്.. അതൊന്നും സാരമില്ലെടോ….”” പറയുമ്പോൾ ചെറുതായി നനഞ്ഞു തുടങ്ങിയ കണ്ണുകൾ അവളിൽ നിന്ന് മറച്ചു പിടിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ അകത്തേക്ക് ചെന്നു.
അവളുടെ ചുവടുകൾ യന്ത്രികമാണെന്ന് തോന്നി. മനസ്സ് ഈ ലോകത്തിൽ ഒന്നും അല്ലാത്തത് പോലെ നടക്കുന്നുണ്ടായിരുന്നു.
“”ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ പേടി തോന്നുന്നില്ലേ… “”അവളുടെ പിന്നാലെ അകത്തേക്ക് കയറുമ്പോൾ വേണ്ടെന്ന് വിചാരിച്ചു എങ്കിലും അറിയാതെ ചോദിച്ചു പോയി..
അപ്പോൾ മാത്രം അവളൊന്ന് ചിരിക്കുന്നത് കണ്ടു. “”പേടിച്ചിട്ട് എന്ത് കാര്യം… ചില പേടികൾ അങ്ങനെയാണ് മാഷേ… നമ്മൾ എത്രയൊക്കെ പിന്തിരിഞ്ഞു ഓടാൻ ശ്രമിച്ചാലും ഒരിക്കൽ നമ്മുടെ ജീവിതത്തിന്റെ ഭാഗം ആകും…”” ദൂരത്തിലേക്ക് കണ്ണ് നട്ട് പറഞ്ഞു കഴിഞ്ഞിട്ടാണെന്ന് തോന്നുന്നു തന്നെ എന്താണ് വിളിച്ചത് എന്നവൾ ശ്രദ്ധിച്ചത്..
“”ക്ഷമിക്കണം സർ… പെട്ടെന്ന് എന്തോ ഓർത്തു വിളിച്ചു പോയതാണ്… “”പെട്ടെന്ന് തന്നെ ക്ഷമാപണവും എത്തി.. അതിനവനൊന്ന് ചിരിച്ചു കാണിച്ചു..
“”അത് തന്നെ വിളിച്ചാൽ മതിയെടോ. എഴുത്തുകാരൻ ആയതുകൊണ്ട് കൂടുതൽ പേരും അങ്ങനെ തന്നെയാണ് വിളിക്കുന്നത്… അത് പറ്റില്ലെങ്കിൽ താൻ പേര് വിളിച്ചോ.. എന്താണെങ്കിലും കുഴപ്പമില്ല…””
അതിന് മറുപടി ഒന്നും അവളിൽ നിന്നും കിട്ടാതെയായപ്പോൾ അവൻ വെറുതെ ചുറ്റിലും ഒന്ന് നോക്കി…
“”താൻ വല്ലാതെ ക്ഷീണിച്ചല്ലോ… ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി…”” അവളെ ഒന്ന് നോക്കി ദത്തൻ പറഞ്ഞതും കേൾക്കാത്ത ഭാവത്തിൽ നിൽക്കുന്നത് കണ്ടു.
“”ഞാനെന്തായാലും കുറച്ചു ദിവസം ഇനി ഇവിടെ ഉണ്ടാകും. ഈ നാട്ടിൽ ഒരു ആവശ്യം ഉണ്ട്.. ഇവിടെ പിന്നെ ഹോട്ടൽ ഒന്നും ഇല്ലാത്തതുകൊണ്ട് താമസം ഇത്തിരി ബുദ്ധിമുട്ട് ആകുമല്ലോ എന്ന് ആലോചിച്ചപ്പോഴാണ് തന്റെ കാര്യം ആലോചിച്ചത്..””. അവൻ ചിരിയോടെ പറഞ്ഞിട്ട് ബാഗ് എടുത്തു കസേരയിലേക്ക് വെച്ചു.
അവന്റെ വാക്കുകൾ കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു വസിഷ്ഠ . സർ ഇവിടെ നിന്ന് കഴിഞ്ഞാൽ…. അവളുടെ മനസ്സിൽ വല്ലാത്ത ആശങ്ക നിറഞ്ഞു..
“”നല്ല വിശപ്പ്… ഇവിടെ വന്നിട്ട് കഴിക്കാലോ എന്ന് വിചാരിച്ചു വഴിയിൽ നിന്നും ഒന്നും കഴിച്ചില്ല…”” ചിരിയോടെ അടുക്കളയിലേക്ക് നടക്കുന്ന ദത്തനെ കണ്ടതും അവളുടെ ഉള്ളിൽ വെപ്രാളം നിറഞ്ഞു..ഭഗവാനേ… ഒന്നും വച്ചിട്ടില്ലല്ലോ..
“”സർ ഇവിടെ ഇരുന്നോളു…. സാറിന് ഇഷ്ടം ഉള്ളതൊന്നും ഉണ്ടാകാൻ വഴിയില്ല… ഞാൻ വേറെ ഉണ്ടാക്കി തരാം…””
അവൾ പിന്നാലെ വന്നു പറഞ്ഞതൊന്നും കേൾക്കാത്ത ഭാവത്തിൽ അവൻ അടുക്കളയിലേക്ക് തന്നെ നടന്നു.
അടുക്കളയുടെ അകത്തേക്ക് കയറിയതും ദത്തന്റെ നെറ്റി ഒന്ന് ചുളിഞ്ഞു… പാത്രങ്ങൾ എല്ലാം തന്നെ ആകെ അലങ്കോലമായി ഇട്ടിട്ടുണ്ട്. മിക്കതും കാലി ആയിരുന്നു… ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ ഒന്നും തന്നെ കാണാൻ ഉണ്ടായിരുന്നില്ല. ഒരു പാത്രത്തിൽ കുറച്ചു കഞ്ഞി ഇരിപ്പുണ്ട്… അടുത്ത് ഇത്തിരി അച്ചാറും.. അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഇട്ട് വയ്ക്കുന്ന പാത്രങ്ങളും മിക്കതും ശൂന്യമായിരുന്നു..
അവളെ തിരിഞ്ഞു നോക്കിയപ്പോൾ തല കുനിച്ചു നിൽക്കുന്നത് കണ്ടു. പെയ്യാൻ ഒരുങ്ങി എന്നതുപോലെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടു. തന്റെ നിസ്സഹായത മറ്റൊരാൾക്ക് മുന്നിൽ വെളിപ്പെട്ടതിന്റെ അപകർഷത മൂലമാണ് അവളുടെ ശിരസ്സ് താഴ്ന്നത് എന്ന് നന്നായി അറിയാമായിരുന്നു. മറ്റൊന്നും പറഞ്ഞു അവളെ വേദനിപ്പിക്കാൻ തോന്നിയില്ല..
“”ആഹാ.. നാരങ്ങ അച്ചാർ ഒക്കെ ഉണ്ടല്ലോ… എത്ര നാളായി കഞ്ഞിയും അച്ചാറും കൂടി കഴിച്ചിട്ട്… “”പാത്രത്തിൽ ഇരിക്കുന്ന മുഴുവൻ കഞ്ഞിയും വിളമ്പി അതിലേക്ക് നാരങ്ങ അച്ചാർ ഇട്ട് കഴിക്കുന്ന അവനെ ഞെട്ടലോടെ നോക്കി നിന്നു.
അതൊന്നും കാര്യമാക്കാതെ ആളപ്പോഴും കഞ്ഞിയുമായി യുദ്ധം തന്നെ ആയിരുന്നു.
അഞ്ച് നിമിഷങ്ങൾക്കകം തന്നെ കാലിയായ കഞ്ഞിപാത്രത്തിലേക്ക് അവൾ സങ്കടത്തോടെ നോക്കി. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല… ഉച്ചക്ക് കഴിക്കാൻ വേണ്ടി ആകെ ഉണ്ടായിരുന്ന അരി ഇട്ട് ഉണ്ടാക്കിയതാണ്. കൈയിൽ കരുതിയ പണം മുഴുവൻ മുത്തശ്ശിയുടെ ആശുപത്രി ചിലവിനും മറ്റു ചടങ്ങുകൾക്കും വേണ്ടി ചിലവായിരുന്നു.
കുടിച്ച പാത്രം കഴുകി വെച്ച് തിരിഞ്ഞപ്പോളാണ് അവനെ സങ്കടത്തോടെ നോക്കി നിൽക്കുന്ന അവളെ കാണുന്നത്. പെട്ടെന്ന് തന്നെ തലയിലേക്ക് കൈ വെച്ചു അബദ്ധം പറ്റിയതായി ഭാവിച്ചു അവൻ.
“”അയ്യോ… തനിക്ക് കൂടി ഉള്ള ഭക്ഷണം ആയിരുന്നു ല്ലെ….”” വിഷമം മുഖത്ത് വരുത്തി പറഞ്ഞു..
പെട്ടെന്ന് തന്നെ അവൾ മുഖത്തെ ഭാവം ഒക്കെ മാറ്റി ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടു.”” ഹേയ്.. അതൊന്നും കുഴപ്പമില്ല സർ..എനിക്ക് വിശപ്പൊന്നും വന്നു തുടങ്ങിയില്ല..””. പറയുമ്പോളും അവളുടെ സ്വരത്തിൽ വല്ലാത്ത ക്ഷീണം നിറഞ്ഞു നിന്നിരുന്നു.
“”അതൊന്നും പറയണ്ട. എന്റെ ബാഗിൽ ഉച്ചക്കൽത്തേക്ക് രാധമ്മ പൊതിഞ്ഞു തന്ന ഊണ് ഇരിപ്പുണ്ട്. എങ്ങാനും ഇവിടെ എത്താൻ താമസിച്ചാൽ വഴിയിൽ വെച്ച് കഴിക്കാൻ വേണ്ടി പൊതിഞ്ഞു തന്നതാ. ഇനിയിപ്പോ എന്തായാലും അത് താൻ കഴിക്ക്… തന്റെ ഞാൻ എടുത്തില്ലേ…””
വേണ്ടെന്ന് പറയാൻ തുടങ്ങും മുൻപേ അവളെ ബലമായി പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് കൊണ്ട് പോയിരുന്നു. “”മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി… അല്ലെങ്കിൽ പിന്നെ ഞാൻ കാരണം താൻ പട്ടിണി ഇരുന്നു എന്നാലോചിച്ചു സമാധാനം കിട്ടില്ല എനിക്ക്…”””
ഊണുപൊതി തുറന്നിട്ട ഗൗരവത്തോടെ പറയുന്ന അവനെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. എന്തിന് വേണ്ടിയായിരുന്നു ഇതൊക്കെ പറഞ്ഞത് എന്ന തിരിച്ചറിവിൽ ഉള്ളിലൊരു വിങ്ങൽ നിറയും പോലെ തോന്നി… മറുത്തൊന്നും പറയാതെ പൊതിയിൽ നിന്നും കൊതിയോടെ കഴിച്ച ഒരോ ഉരുള ചോറിനോടൊപ്പവും നിറയുന്ന കണ്ണുകൾ അവൻ കാണാതെ മറച്ചു പിടിക്കാൻ ശ്രമിച്ചു… മനസ്സും വയറും ഒരുപോലെ നിറയുന്നുണ്ടായിരുന്നു…
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
സന്ധ്യ ആയപ്പോൾ വെറുതെ ഉമ്മറത്തു ഇരിക്കുമ്പോഴാണ് കട്ടൻ കാപ്പിയുമായി രണ്ടു കൈകൾ പിന്നിൽ നിന്നും നീണ്ടു വന്നത്…അവളൊരു ഇളം ചിരിയോടെ അത് വാങ്ങി. അവന് ഇരിക്കാനായി ഇത്തിരി നീങ്ങി ഇരുന്നു..
“”തനിക്ക് ആ ബുക്ക് പൂർത്തിയാക്കണ്ടേ… “”കാപ്പി കുടിച്ചു തീരാറായപ്പോൾ അവൻ ചോദിച്ചു…
ഒരു നിമിഷം ആലോചിച്ച ശേഷം വേണ്ടെന്ന ഭാവത്തിൽ തല ആട്ടുന്നത് കണ്ടു…
സംശയത്തോടെ നെറ്റി ഒന്ന് ചുളിച്ചു..
“”അമ്മ വന്നിരുന്നു ഇവിടെ…”” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ശൂന്യമായിരുന്നു.
“”എന്നിട്ട്…””
കേൾക്കാൻ പോകുന്ന കാര്യങ്ങളൊന്നും അത്ര ശുഭകരമല്ല എന്നൊരു ചിന്ത ഉള്ളിൽ നിറയും പോലെ.
അവളുടെ മുഖത്തപ്പോൾ നിറഞ്ഞു നിന്നത് നിസ്സംഗത മാത്രമായിരുന്നു.
“”അതിനാണോ ബുക്ക് ഇനി വേണ്ടെന്ന് പറഞ്ഞത്… “”ശാന്തമായ സ്വരത്തിൽ ചോദിക്കുമ്പോൾ അവളുടെ ആധരങ്ങളിൽ ആത്മനിന്ദ കലർന്ന ഒരു ചിരി വിടർന്നു.
“”എന്റെ ചോദ്യങ്ങൾക്കെല്ലാം എനിക്ക് ഉത്തരം കിട്ടിയില്ലേ.. ഇനിയുമെന്താ അറിയാനുള്ളത്…””
മറ്റേതോ ലോകത്തിൽ എന്നത് പോലെ ദൂരേക്ക് ദൃഷ്ടി ഉറപ്പിച്ചിരിക്കുന്ന അവളെ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു ദത്തൻ.. അവളെ കേൾക്കാൻ തയ്യാറെടുത്തത് പോലെ..
“”ആശുപത്രിയിൽ വന്നിരുന്നു… അവസാനത്തെ ദിവസമൊക്കെ ആയപ്പോഴേക്കും മുത്തശ്ശിക്ക് തീരെ വയ്യാതെയായി… മുത്തശ്ശി തന്നെ അവസാനമായിട്ട് ഒന്ന് കാണാൻ വേണ്ടി ഡോക്ടർ നോട് പറഞ്ഞു വിളിച്ചു വരുത്തിയതാ….
ഞാൻ ക്യാന്റീനിൽ പോയിട്ട് വന്നപ്പോഴാ കണ്ടേ… മുത്തശ്ശിയുടെ അടുത്തിരുന്നു കരയുവായിരുന്നു.. അമ്മയാണെന്ന് മനസ്സിലായതും വല്ലാത്ത സന്തോഷം തോന്നി… അതേ സന്തോഷത്തോടെയാണ് അടുത്തേക്ക് ചെന്നതും… പക്ഷേ ആ മുഖത്ത് തീരെ തെളിച്ചം ഉണ്ടായിരുന്നില്ല… എന്നേ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടു..
ഉള്ളിലാകെ ഒരു നോവ് പടരും പോലെ തോന്നി.. മുത്തശ്ശിയെ നോക്കിയപ്പോൾ കണ്ണും നിറച്ചു കിടപ്പുണ്ട്. എന്നോട് മിണ്ടാത്തതിന്റെ വിഷമം കാരണമാകും…. പിന്നൊന്നും പറയാൻ നിന്നില്ല… ഇറങ്ങുവാ എന്ന് മാത്രം മുത്തശ്ശിയോട് പറഞ്ഞു… കണ്ണിൽ നിന്ന് മറയുവോളം നോക്കി നിന്നിട്ടും ഒരു തിരിഞ്ഞുനോട്ടം പോലും ഉണ്ടായിരുന്നില്ല…. മുത്തശ്ശിക്ക് നന്നായി വിഷമമായി തോന്നുന്നു… ഞാനെത്രയൊക്കെ സമാധാനിപ്പിച്ചിട്ടും ആ പാവം കുറേ കരഞ്ഞു… അന്ന് രാത്രി ഉറങ്ങാൻ കിടന്നതാ…””
അവളുടെ ശബ്ദം ഒന്ന് വിറച്ചു…..
“”രാ… രാവിലെ ഞാൻ കുറേ വിളിച്ചു…. പ.. പക്ഷേ എഴുന്നേറ്റില്ല…””. മുഖം പൊത്തി എങ്ങലടക്കാൻ ശ്രമിക്കുന്ന അവളെ ദത്തൻ ചേർത്ത് പിടിച്ചു..
അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരയുമ്പോൾ കഴിഞ്ഞു പോയ ദിവസങ്ങളിൽ കൂടി വീണ്ടും ഒരിക്കൽ കൂടി സഞ്ചരിക്കുകയായിരുന്നു അവളുടെ മനസ്സ്…
അവളൊന്ന് ശാന്തമാകുന്നത് വരെ അവനാ പെണ്ണിന്റെ ശിരസ്സിൽ പതിയെ തലോടിക്കൊണ്ടിരുന്നു..
കരച്ചിലൊന്ന് അടങ്ങിയപ്പോഴാണ് താനിപ്പോൾ ദത്തന്റെ നെഞ്ചിലേക്ക് ചാരിക്കിടക്കുകയാണ് എന്ന് വസിഷ്ഠ ശ്രദ്ധിച്ചത്… ഒരു പിടച്ചിലോടെ മാറി ഇരുന്നു… അവന്റെ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു പ്രയാസം തോന്നി.
“”പറഞ്ഞു തീർക്ക്… ഈ മനസ്സിൽ ഉള്ളതെല്ലാം… ഇനിയതൊന്നും ഓർത്ത് ഈ കണ്ണുകൾ വീണ്ടും ഒരിക്കൽ കൂടി നിറയരുത്.””
അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ… വീണ്ടുമൊരിക്കൽ കൂടി ഓർമ്മകൾ കഴിഞ്ഞു പോയ ദിവസങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു..
“”മുത്തശ്ശി പോയതിന് ശേഷം ഒന്നും ഓർമ്മയുണ്ടായിരുന്നില്ല… വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു…. എല്ലാമൊരു മങ്ങിയ ഓർമ്മയായി മാത്രമേ മനസ്സിലുള്ളു..
മുത്തശ്ശിയെ കിടത്തിയിരിക്കുന്നതിന്റെ അരികിലായി തളർന്നു കിടക്കുന്നതിനിടയിൽ എപ്പോഴോ ആണ് അമ്മ വന്നു എന്ന് ആരോ പറഞ്ഞത്… ഉള്ള ആരോഗ്യം വെച്ച് പതിയെ എഴുന്നേറ്റു ഇരുന്നു… ഒന്ന് കണ്ടാൽ മതിയായിരുന്നു….ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും അകത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു…
കരഞ്ഞതിന്റെ ആകണം മുഖമൊക്കെ വല്ലാതെ വീർത്തിരുന്നു…. കൂടെ മാറ്റാരൊക്കെയോ ഉണ്ടായിരുന്നു എന്ന് തോന്നുന്നു… അച്ഛനാണെന്ന് തോന്നുന്നു ഒന്ന്… മുത്തശ്ശി കാണിച്ചു തന്ന ഫോട്ടോയുടെ ഛായ ഉണ്ടെങ്കിലും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്….. അടുത്ത് നിൽക്കുന്ന രണ്ടു കുട്ടികൾക്കും അമ്മയുടെ അതേ മുഖമായിരുന്നു….. അനിയത്തിമാരായിരിക്കണം തന്റെ…. കാണാൻ മിടുക്കി കുട്ട്യോളാ… ആദ്യമായി മുത്തശ്ശിയെ കാണുന്നതിന്റെ ആകും… ആ കണ്ണുകളിൽ നിറയെ അമ്പരപ്പായിരുന്നു.
മുത്തശ്ശിയുടെ അടുത്തേയ്ക്കിരുന്നു ആർത്തലച്ചു കരയുന്ന അമ്മയെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.. ഒരു നോട്ടമെങ്കിലും തനിക്ക് നേരെ വീണെങ്കിൽ…പക്ഷേ ഒന്നും ഉണ്ടായില്ല… ചിത കത്തി തീരും വരെയും അമ്മയുണ്ടായിരുന്നു അടുത്ത് തന്നെ… പക്ഷേ ഒരക്ഷരം പോലും ഉരിയാടാതെ…..
രാത്രി ഒറ്റയ്ക്കായിരുന്നു മുറിയിൽ… വന്നവരൊക്കെ പോയിരുന്നു… അടുത്ത വീട്ടിലെ രണ്ടു ചേച്ചിമാർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്… അടുത്താരോ ഇരിക്കും പോലെ തോന്നിയപ്പോഴാണ് മയങ്ങിയ കണ്ണുകൾ പതിയെ തുറന്നു നോക്കുന്നത്… അമ്മയെ കണ്ടതും വെപ്രാളത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ഒരാഴ്ചത്തെ അലച്ചിലും വിശപ്പും തളർത്തിയിരുന്നു… പതിയെ എഴുന്നേറ്റു ഭിത്തിയിലേക്ക് ചാരി ഇരുന്നു…
ആ കണ്ണുകൾ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല… മുറിയാകെ പരതി നടക്കുമ്പോഴും ആ കണ്ണുകളിൽ ഒരു പരിഭ്രമം നിറഞ്ഞിരുന്നു….
“”നീ എന്തെങ്കിലും കഴിച്ചോ…. കഴിക്കാൻ എടുക്കട്ടെ എന്തെങ്കിലും….””
ഓർമ്മയിൽ ആദ്യമായി കേൾക്കുന്ന ശബ്ദം…
. വീണ്ടും വീണ്ടും അതങ്ങനെ ചെവിയിൽ മുഴങ്ങും പോലെ…
വേണ്ടെന്ന് തലയാട്ടി… അതിനേ കഴിഞ്ഞുള്ളു… രണ്ടു ദിവസമായുള്ള വിശപ്പ് ദേഹത്തെ ആകെ തളർത്തുന്നുണ്ടായിരുന്നു… വേണ്ടെന്നുള്ള മറുപടി തന്നെയാണ് അവിടെയും പ്രതീക്ഷിച്ചത് എന്ന് തോന്നുന്നു.. പിന്നീടൊരു ചോദ്യം ഉണ്ടായില്ല..
“”നിനക്കിവിടെ തനിച്ചു നിൽക്കാൻ പറ്റുമോ…. ഞങ്ങളുടെ കൂടെ വരുന്നോ…. ‘””
അപ്പോഴും ആ ചോദ്യത്തിൽ മുന്നിട്ട് നിന്നത് കരുതലിനെക്കാൾ ആശങ്കയാണ് എന്ന് തോന്നിയതും ബദ്ധപ്പെട്ട് ഒരു ചിരി വരുത്തി വേണ്ടെന്ന് തലയാട്ടി…
ഇനിയൊരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല… പ്രതീക്ഷകളും വിശ്വാസങ്ങളും എല്ലാം അങ്ങനെ തന്നെ ഇരിക്കട്ടെ… മറ്റൊരു തകർച്ച കൂടി ഏറ്റു വാങ്ങാൻ മനസ്സിന് ശക്തി ഉണ്ടായിരുന്നില്ല…കണ്ണുകൾ അടച്ചു ചുമരിലേക്ക് ചാരി ഇരുന്നു.
ആ കാലടികൾ അകന്നു പോയത് ഇടയിലെപ്പോഴോ കേട്ടു… തുറക്കാൻ വെമ്പിയ കണ്ണുകളെ ശാസനയോടെ തടഞ്ഞു നിർത്തി.””
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“”ഞാൻ പറഞ്ഞു മടുപ്പിച്ചോ….”” അകലേക്ക് ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന ദത്തനെ അവളൊരു ചിരിയോടെ നോക്കി…
“”ഹേയ്… ഞാനിങ്ങനെ വെറുതെ…. തണുപ്പ് തുടങ്ങി… താൻ മുറിയിലേക്ക് പൊയ്ക്കോ…””
“”അപ്പോ മാഷ്….”” എന്തോ ഓർത്തെന്ന പോലെ നാവ് കടിച്ചു… “”അല്ല സാറോ…””
അവനൊരു പൊട്ടിച്ചിരിയോടെ അവളെ നോക്കി… “”മാഷ് മതിയെടോ… എന്നേ എല്ലാവരും അങ്ങനെ തന്നെയല്ലേ വിളിക്കുന്നത്…””
ഞാനിനി വീടിന്റെ അകത്തു കിടന്നു ഇയാൾക്ക് പേര്ദോഷം ഒന്നും കേൾക്കണ്ട…
“”കഴിഞ്ഞ ഒരാഴ്ച ഞാനിവിടെ ആഹാരം കഴിച്ചോ എന്ന് തിരക്കാത്തവർ ചാർത്തി തരുന്ന പേര്ദോഷമല്ലേ… അത് ഞാനങ്ങു സഹിച്ചു… അകത്ത് ഒരു മുറി കൂടി ഉണ്ട്… മാഷ് അവിടെ കിടന്നാൽ മതി…”” തെല്ലൊരു അധികാരത്തോടെ കൈയിൽ പിടിച്ചു പറയുന്ന അവളെ അവൻ അതിശയത്തോടെ നോക്കി..
ദത്തൻ നോക്കുന്നത് കണ്ടപ്പോഴാണ് താനിപ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി അവൾ ശ്രദ്ധിച്ചത്… ജാള്യതയോടെ കൈകൾ പിൻവലിച്ചു അകത്തേക്ക് നടന്നു…
രാവേറെ വൈകുവോളം അവനെഴുതുകയായിരുന്നു… എഴുതുന്ന ഒരോ അക്ഷരങ്ങളിലും ഒരു പെണ്ണിന്റെ മുഖം തെളിഞ്ഞു നിന്നു… ചിലപ്പോലവൾക്കൊരു കാമുകിയുടെ ഭാവമായിരുന്നു… കടലോളം ആഴമുള്ള പ്രണയം കണ്ണുകളിൽ ഒളിപ്പിച്ചവൾ… മറ്റു ചിലപ്പോൾ അവളൊരു ബാലികയായി മാറി… അമ്മക്കിളിയുടെ ചൂടിനുള്ളിൽ മയങ്ങാൻ കൊതിക്കുന്നൊരു ബാലിക..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
രാവിലെ അടുക്കളയിൽ എന്തൊക്കെയോ തട്ടും മുട്ടും കേട്ടാണ് വസിഷ്ഠ ഉണരുന്നത്… ഇന്നലേ ദത്തൻ വന്നിരുന്ന കാര്യം ഓർമ്മയിൽ തെളിഞ്ഞില്ല…. ആരായിരിക്കും എന്ന ആധിയോടെ വേഗം അടുക്കള ഭാഗത്തേക്ക് നടന്നു…
വാതിലിന്റെ അടുത്തേക്ക് എത്തിയപ്പോളേ കണ്ടത് ഇഡ്ഡലി പാത്രത്തിൽ നിന്നും എടുത്തു അതിലേക്ക് വെള്ളം തളിക്കുന്ന ദത്തനെയാണ്… അവളെ കണ്ടതും ഒരു ചിരിയോടെ ബാക്കി ജോലി തുടർന്നു…
“”മാഷെന്ത ഈ ചെയ്യുന്നേ… ഇതൊക്കെ ഞാൻ ചെയ്യില്ലേ…””
“”ഏയ്യ്… ഇതിപ്പോ കഴിഞ്ഞു… ഞാനിതൊക്കെ പഠിച്ചിട്ടുണ്ടെടോ… “”അവളുടെ എതിർപ്പിനെ കാര്യമാക്കാതെ ഒരു ചിരിയോടെ പറഞ്ഞു അവൻ..
ആഹാരം പ്ലേറ്റ് ലേക്ക് വിളമ്പി തരുന്ന അവനെ ഒരു ചിരിയോടെ നോക്കി നിന്നു… മുത്തശ്ശി അല്ലാതെ ആദ്യമായിട്ടാണ് ഒരാൾ തന്നോട് ഇങ്ങനെ… നിറഞ്ഞു വന്ന കണ്ണുകൾ അവനെ കാണാതെ മറച്ചു പിടിക്കുമ്പോഴും എന്തിനൊക്കെയോ വേണ്ടി മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.
കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ ഒക്കെ കഴുകി വെച്ചു തിരിഞ്ഞപ്പോഴാണ് തൊട്ട് പിന്നിലായി ദത്തനെ കാണുന്നത്… പിരികം ഒന്ന് പൊക്കി എന്തെന്ന ഭാവത്തിൽ നോക്കി…
പിന്നിലൊളിപ്പിച്ച പുസ്തകം അവൾക്ക് നേരെ നീട്ടുമ്പോൾ ആകാംഷ നിറഞ്ഞു നിന്നിരുന്നു അവന്റെ കണ്ണുകളിൽ… അവളാ പുസ്തകത്തിലേക്ക് നിസ്സംഗതയോടെ നോക്കി…
“”ഇനി എനിക്കെന്തിനാ മാഷേ ഇതൊക്കെ… എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടിക്കഴിഞ്ഞു…””
“”താനിത് വായിക്കേടോ… ചോദ്യവും ഉത്തരവും ഒക്കെ പിന്നീടല്ലേ…. “”അവൻ വാശിയോടെ പറഞ്ഞപ്പോൾ തെല്ലൊരു മടിയോടെ ആ പുസ്തകം കൈയിലേക്ക് വാങ്ങി…
കൈപ്പടയിൽ എഴുതി ചേർത്ത അക്ഷരങ്ങളിലൂടെ ഒന്ന് വിരലോടിച്ചു…
അന്ന് വായിച്ചു നിർത്തിയ പേജിലേക്ക് എത്താനായി താളുകൾ മറിക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു…
“” അടുത്തേക്ക് വരുന്ന കാലടി ശബ്ദങ്ങളിൽ മനസ്സൊരു നിമിഷം നിശബ്ദമായത് പോലെ… എന്റെ മോളാണ്… അവളെ നോക്കാനുള്ള ശക്തി നഷ്ടപ്പെടും പോലെ… ഒരു നോക്ക് കാണാനായി ഹൃദയം അലമുറ ഇടുമ്പോഴും…അതിന് കഴിഞ്ഞിരുന്നില്ല….. ഒരുപക്ഷേ അവളിലും അധികം മറ്റു ബന്ധങ്ങൾക്ക് ഞാൻ വില കൊടുത്തിട്ടുണ്ടാകാം… അല്ലെങ്കിൽ അവളെ ഞാൻ അർഹിക്കുന്നുണ്ടാകില്ല…. അവളിലേക്ക് വീണ്ടും വീണ്ടും നീളുന്ന കണ്ണുകളെ ശാസനയോടെ തടഞ്ഞു നിർത്തി ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവിടെയെന്റെ ഹൃദയവും മരിച്ചിരുന്നു…. “”
അവളാ അക്ഷരങ്ങളിലൂടെ ഒരിക്കൽ കൂടി വിരലോടിച്ചു… അതിലെ ഒരോ വരിയും സത്യമായിരുന്നു എങ്കിൽ എന്ന് അത്രമേൽ ആഗ്രഹിക്കുന്നു മനസ്സ്…
ഒരോ താളുകളായി മറിക്കുമ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
ദത്തൻ വന്നതിനെക്കുറിച്ചും ഇന്ന് രാവിലെ പ്രാതൽ ഉണ്ടാക്കിയതും വരെ എഴുതി ചേർത്തിരിക്കുന്നത് കണ്ടപ്പോൾ അവളവനെ അത്ഭുതത്തോടെ നോക്കി… തന്റെ കൈയിൽ ആ പുസ്തകം വായിക്കാൻ തരുന്നത് വരെയും എഴുതി വച്ചിരിക്കുന്നു…
അടുത്ത പേജിലേക്ക് നോക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു..
വടിവൊത്ത അക്ഷരങ്ങളിൽ അതിൽ ഇങ്ങനെ കുറിച്ചിരുന്നു…
“” എപ്പോഴാണ് പ്രണയം തോന്നിയതെന്നറിയില്ല… അതിനുള്ള കാരണവും അറിയില്ല…. ഞാനെഴുതുന്ന ഒരോ അക്ഷരത്തിലും ആ പെണ്ണുണ്ടായിരുന്നു…. അവളില്ലാതെയുള്ള രണ്ടാഴ്ച കടന്നുപോയ ഒരോ നിമിഷവും… അവളെ ആഴത്തിൽ അറിയുകയായിരുന്നു… ഇതുവരെ എഴുതിയ അക്ഷരങ്ങൾ എല്ലാം അവളുടെ കഥ രചിക്കാനായി പിറന്നത് പോലെ… ഇനിയൊരു കാത്തിരിപ്പില്ല.. അതിനുള്ള ശക്തിയുമില്ല….. ഇനിയുമാ പെണ്ണെന്റെ കൂടെ വേണം… എഴുതുന്ന ഒരോ അക്ഷരത്തിലും ഒരായിരം പ്രണയം വിരിയിക്കാൻ “”..
വായിച്ചു കഴിഞ്ഞതും കണ്ണുകളുയർത്തി അവനെ നോക്കി… കുസൃതി നിറഞ്ഞ ചിരിയുമായി കണ്ണുകൾ അടച്ചു കൈകൾ വിടർത്തി നിൽക്കുന്നത് കണ്ടപ്പോൾ എന്ത് വികാരമാണ് ഉള്ളിൽ തോന്നിയതെന്നറിയില്ല… വായിച്ചതൊക്കെയും സത്യമാണെന്നു ഉറപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു മനസ്സ്…
അവളിൽ നിന്നും പ്രതികരണം ഒന്നും ലഭിക്കാതെ ആയപ്പോൾ ദത്തൻ കണ്ണുകൾ തുറന്നു നോക്കി… രണ്ടു കണ്ണും നിറച്ചു തന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി അവനൊന്നു ചിരിച്ചു…. അത്രമേൽ ആർദ്രമായി അവളുടെ നെറ്റിയിലൊന്ന് അധരം പതിപ്പിച്ചു…
നാണം വിടർന്നു നിൽക്കുന്ന ആ കവിളുകളിൽ അവന്റെ ചോദ്യത്തിനുള്ള മറുപടിയും ഉണ്ടായിരുന്നു…
ആ നെഞ്ചിലേക്ക് മുഖമമർത്തി നിൽക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി അവനെഴുതിയ വരികളിലൂടെ സഞ്ചരിക്കുകയായിരുന്നു അവളുടെ മനസ്സ്… അതാകട്ടെ സത്യം എന്നൊരു വിശ്വാസം പറഞ്ഞു പഠിപ്പിക്കുകയായിരുന്നു… അമ്മയ്ക്ക് തന്നോട് സ്നേഹം തന്നെ ആയിരിക്കണം…. ഇനി അല്ലെങ്കിലും അങ്ങനെ തന്നെ വിശ്വസിക്കാനാണ് ഇഷ്ടം…
കണ്ണുകൾ അടച്ചു അവനോട് ചേർന്ന് നിൽക്കുമ്പോൾ ഒരിക്കൽ കൂടി ആ ഇന്ദ്രജാലക്കാരൻ തന്റെ വേദനകൾക്ക് മരുന്നായതോർത്തു അവളൊന്ന് ചിരിച്ചു…
“”എന്നേ എങ്ങനെയാ ഇഷ്ടമായത്… കാരണങ്ങളൊന്നും ഇല്ലല്ലോ…. “”ഉത്തരം എന്തായിരിക്കും എന്ന് അറിയാമായിരുന്നു എങ്കിലും വെറുതെ ചോദിച്ചു…
“”ഇഷ്ടപ്പെടാൻ കാരണങ്ങൾ വേണോ….”” ആ ചോദ്യം തന്നെ ആയിരുന്നു അതിനുള്ള ഉത്തരവും… തന്നെ വലയം ചെയ്ത ആ കൈകളും നെറുകയിൽ പതിഞ്ഞ ചുംബനവും വീണ്ടും വീണ്ടും ആവർത്തിക്കുന്ന മറുപടി…
“” എനിക്ക് നിങ്ങളെ ഇഷ്ടമാണ്
പേടിക്കണ്ട…
വഴിയിൽ തടഞ്ഞു നിർത്തില്ല
പ്രേമലേഖനം എഴുതില്ല
ഒന്നും ചെയ്യില്ല
വെറുതെ
എനിക്ക് നിങ്ങളെ ഇഷ്ടമാണ് “”
( കടപ്പാട്- എം. ടി ( മഞ്ഞ് ))
വീണ്ടുമൊരിക്കൽ കൂടി ആ വീടിന്റെ പടി കയറുമ്പോൾ ആദ്യമായി വന്ന ഭയം ഉണ്ടായിരുന്നില്ല മനസ്സിൽ…. തനിക്കായി ഇവിടെ കാത്തിരിക്കുന്നതൊക്കെ തന്റെ കൂടെ സ്വന്തമാണെന്നത് പോലെ…
ഒരിക്കൽ കൂടി രാധമ്മയുടെ ചൂടിൽ പറ്റിച്ചേർന്നു നിൽക്കുമ്പോൾ അടുത്തായി തന്നെ തന്റെ വിരലുകൾ കോർത്തു പിടിച്ചു അയാളും ഉണ്ടായിരുന്നു… ഇനിയൊരിക്കലും പഴയ ഓർമ്മകളിൽ വെന്തു നീറാൻ അനുവദിക്കില്ലെന്ന് നിശബ്ദമായി വാക്ക് നൽകിക്കൊണ്ട്…
അതേ.. ഇഷ്ടപ്പെടാൻ കാരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല…. അങ്ങനെയുള്ള ഇഷ്ടങ്ങൾക്ക് നഷ്ടങ്ങളെക്കുറിച്ച് വേവലാതിയുമില്ല…. അവയ്ക്കെന്നും ഒരേ സുഗന്ധം ആയിരിക്കും… പ്രണയത്തിന്റേത്…
( അവസാനിച്ചു )

by