രചന – സെലുനിസു
എന്താ… നീ പറഞ്ഞെ….
ഹരിയേട്ടൻ കേട്ടില്ലേ…. എന്റെ കല്ല്യാണം ഉറപ്പിച്ചു… അടുത്ത ആഴ്ചയാ… എന്നവൾ പറഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ മുന്നിലേക്ക് നിർത്തിച്ചു….
എന്റെ മുഖത്തോട്ട് നോക്കെടി എന്നും പറഞ്ഞവൻ അലറിയതും അവളൊന്നു ഞെട്ടി തല ഉയർത്തി അവനെ നോക്കി….
ഇനി പറ….. ആരാടി നിന്നെ കെട്ടാൻ പോവുന്നവൻ….
ഹരിയേട്ടന് അറിയാവുന്ന ആള് തന്നെയാ…. വിശ്വജിത്ത് എന്നവൾ പറഞ്ഞതും അവൻ മുഖം ചുളിച്ചവളെ നോക്കി….
ലച്ചൂ…. നീ എന്ത് ഭ്രാന്താ ഈ പറയുന്നേ… ചുമ്മാ കളിക്കല്ലേ…
കളിയല്ല ഹരിയേട്ടാ… കാര്യവാ…. എന്നവൾ പറഞ്ഞതും അവൻ ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തി പിടിച്ചു…
പറയെടി….. എന്തിന്റെ പേരിലാ നീ എന്നെ വേണ്ടെന്ന് വെച്ച് ആ തന്തയില്ലാത്തവനെ കെട്ടാൻ സമ്മതിച്ചേ…..
അത് എന്തിനാ ഹരിയേട്ടൻ അറിയുന്നത്…. എനിക്കിഷ്ട്ടവാ വിശ്വേട്ടനെ എന്നവൾ പറഞ്ഞതും അവളവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴേക്കിറങ്ങി….
ഹാളിൽ എത്തിയതും അവനവളെ സോഫയിലേക്ക് തള്ളിയിട്ടു കൊണ്ട് അമ്മാ എന്നും വിളിച്ചു കൊണ്ട് ഉച്ചത്തിൽ അലറി…..
എന്താടാ…ഹരി വിളിച്ചു കൂവുന്നത്..
എന്താണെന്ന് അമ്മക്കറിയില്ലേ…. എവിടെ നിങ്ങടെ പുന്നാര ആങ്ങളമാർ… വിളിക്ക്….
ഞങ്ങളിവിടെ ഉണ്ട് ഹരി എങ്ങും പോയില്ല…. എന്നും പറഞ്ഞു കൊണ്ട് മാധവനും സഹദേവനും അങ്ങോട്ട് വന്നതും അവർക്കൊപ്പം ശാരുവും ശ്യാമയും ഉണ്ടായിരുന്നു….
ഹരിയുടെ ശബ്ദം കേട്ട് തൊടിയിൽ ഇരുന്നിരുന്ന കിച്ചുവും ശ്രീയും പരസ്പരം നോക്കി ഹരിയേട്ടൻ എന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടി വന്നു…
ആരോട് ചോദിച്ചിട്ടാ നിങ്ങൾ ഇവളെ ആ കഴുവേറിക്ക് കെട്ടിച്ചു കൊടുക്കാൻ ഒരുങ്ങിയിരിക്കുന്നത്…
അവളുടെ അച്ഛനാ ഞാൻ… അവളെ ആർക്ക് കെട്ടിച്ചയക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്….
അച്ഛൻ… ആ വാക്കിന്റെ വില എന്താണെന്ന് അറിയുവോ നിങ്ങൾക്ക്…ഉണ്ടാക്കിയത് കൊണ്ട് മാത്രം അച്ഛനാവില്ല… എന്നവൻ പറഞ്ഞതും മാധവൻ ഹരി എന്നും വിളിച്ചു കൊണ്ട് അലറി…..
മിണ്ടരുത്…. ഇവിടെ ശബ്ദം ഉയർത്താനുള്ള യോഗ്യത നിങ്ങൾക്കില്ല…..ഞങ്ങൾ തമ്മിലുള്ള കാര്യങ്ങളൊക്കെ നിങ്ങൾ അറിഞ്ഞു കാണും എന്നെനിക്കിപ്പൊ മനസ്സിലായി…. അത് കൊണ്ട് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…. ഇവൾ എന്റെയാ….ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം മറ്റൊരുത്തനും അവളെ കഴുത്തിൽ താലി കെട്ടില്ല….സമ്മതിക്കില്ല ഞാൻ….
അവളെ കെട്ടുമെന്ന് നീ മാത്രം തീരുമാനിച്ചാ മതിയോ…
ഞാൻ ആരെ കെട്ടണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട് അമ്മാ…
അപ്പൊ… എനിക്ക് നിന്റെ കാര്യത്തിൽ ഒരവകാശവും ഇല്ലെന്നാണോ….
അങ്ങനെ ഞാൻ പറഞ്ഞില്ല … പക്ഷേ മക്കളുടെ ന്യായമായ ഇഷ്ട്ടങ്ങൾക്ക് കൂടെ നിൽക്കുന്ന രക്ഷിതാക്കൾക്കെ വില കൊടുക്കേണ്ടതൊള്ളൂ….ഇവളോടുള്ള എന്റെ ഇഷ്ട്ടം അറിഞ്ഞിട്ടും മറ്റൊരാൾക്ക് ഇവളെ കൊടുക്കാൻ കൂട്ട് നിന്ന അമ്മക്ക് ഞാൻ എന്ത് പരിഗണനയാ തരേണ്ടത്….
ഇങ്ങനെ തന്നെ പറയണെമെടാ…. നിന്റെ അച്ഛൻ മരിച്ചിട്ടും നിന്നെ ഓർത്തു മാത്രമാ ഞാൻ മറ്റൊരു വിവാഹം കഴിക്കാതിരുന്നത്… ആ നീ ഇപ്പൊ പറഞ്ഞത് എന്താ….
നിർത്തമ്മാ…. അമ്മ എപ്പഴും പറയുന്നൊരു കാര്യവാ… എന്നെ കരുതി മാത്രമാണ് മറ്റൊരു വിവാഹം കഴിക്കാത്തതെന്ന്…. ഞാൻ പറഞ്ഞിരുന്നോ അമ്മയോട് കല്ല്യാണം കഴിക്കരുതെന്ന്….. മക്കളെ ഓർത്തായിരിക്കരുത് വിവാഹം കഴിക്കാതിരിക്കേണ്ടത്…. തന്നെ താലി ചാർത്തി സ്വന്തമാക്കി മരണം വരെ ഒരു കുറവും വരാതെ നോക്കിയ തന്റെ ഇണക്ക് വേണ്ടി.അയാളുടെ സ്ഥാനത്ത് മറ്റൊരാളെ കാണാനും സ്നേഹിക്കാനും കഴിയില്ലെന്ന് നമ്മുടെ മനസ്സിൽ തോന്നുന്നിടത്ത് നിന്നാണ് പുതിയൊരു ബന്ധത്തിന് നമ്മൾ തയ്യാറാവാതിരിക്കേണ്ടത്. അതാണ് ആത്മാർത്ഥ സ്നേഹവും. അല്ലാതെ അമ്മയുടെ ഈ നിരന്തര പറച്ചിലിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് അമ്മക്ക് എന്നോടോ എന്റെ അച്ഛനോടോ ഒരു സ്നേഹവുമില്ലെന്നതാ….
ഹരി…. എന്തൊക്കെയാ നീ പറയുന്നത് അവൾ നിന്റെ അമ്മയാ…
ശരിയാ… എന്റെ അമ്മയാ… പക്ഷേ എന്നെ മനസ്സിലാക്കാനുള്ള കഴിവ് ഇല്ല… ഉണ്ടായിരുന്നെങ്കിൽ ഇവളോടുള്ള എന്റെ ഇഷ്ട്ടം അറിഞ്ഞപ്പൊ ഇങ്ങനെ അല്ലായിരുന്നു ചെയ്യേണ്ടത്… എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എനിക്കിങ്ങനെ പറയേണ്ട അവസ്ഥ വരില്ലായിരുന്നു…..എന്റെ മനസ്സറിഞ്ഞു പ്രവർത്തിച്ചേനേ…..
അതെടാ… നിന്നെ എനിക്ക് മനസ്സിലാക്കാനുള്ള കഴിവില്ല… നീ അങ്ങനെ തന്നെ കരുതിക്കോ… എന്നാലും ജാതകദോഷമുള്ള ഇവളെ നിന്നെ കൊണ്ട് കെട്ടിച്ചു നിന്റെ ജീവൻ അപകടത്തിലാക്കാൻ ഞാൻ സമ്മതിക്കില്ല….എന്ന് മാലു പറഞ്ഞതും അവനൊരു സംശയത്തോടെ അവരെ നോക്കി…
ജാതകദോഷമോ….
ആ.. അതേ ഇവൾ വയസ്സറിയിച്ചു കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷമല്ലേ മുത്തശ്ശൻ മരിച്ചത്..പിന്നെയും ഓരോ പ്രശ്നങ്ങൾ തറവാട്ടിൽ ഉണ്ടാവാൻ തുടങ്ങിയപ്പോഴാ മാധവേട്ടൻ ജോൽസ്യനെ കാണാൻ പോവുന്നത്… പ്രശ്നം വെച്ച് നോക്കിയപ്പൊ ലച്ചുവിന്റെ ജാതകത്തിൽ തീർത്താൽ തീരാത്ത ദോഷമാണുള്ളത്…..ഇരുപത്തിയഞ്ചു വയസ്സ് വരെ ഒള്ളു ഇവൾക്കീ തറവാട്ടിൽ നിക്കാൻ പാടുള്ളൂ… അത് കഴിഞ്ഞാൽ ജന്മം കൊടുത്തവർ തുടങ്ങി അവളോട് അടുപ്പമുള്ള എല്ലാവർക്കും മരണം സംഭവിക്കും പ്രേത്യേകിച്ചു അവളുടെ കഴുത്തിൽ താലി കെട്ടുന്നവന്….ഇവളെ കെട്ടാൻ വന്ന ചെക്കനും അവന്റെ അമ്മയ്ക്കും അതിലൊന്നും വിശ്വാസമില്ല പോലും….. അത് പോലെയല്ല ഞാൻ… എനിക്ക് നീയേ ഒള്ളു… അറിഞ്ഞു കൊണ്ട് നിന്നെ കുരുതിക്ക് കൊടുക്കാൻ എനിക്ക് കഴിയില്ല എന്ന് മാലു പറഞ്ഞതും അവൻ ലച്ചുവിനെ ഒന്ന് നോക്കി…. എങ്ങോട്ടോ ദൃഷ്ട്ടി പതിപ്പിച്ചിരിക്കുകയാണ് മിഴികളിൽ നിന്ന് കണ്ണു നീർ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്….
അമ്മേ….. നിങ്ങൾക്കൊന്നും ലവലേശം ബുദ്ധിയില്ലേ…. ഇങ്ങനൊരു ദോഷം ആരുടെയെങ്കിലും ജാതകത്തിൽ ഉണ്ടാവുമോ….ഓരോ വിഡ്ഢികൾ ഓരോന്ന് പറയുന്നു… അത് കേട്ട് സ്വന്തം മകളെ ഒറ്റപ്പെടുത്തുന്ന ഒരച്ഛനും അമ്മയും… ശേ പുച്ഛം തോന്നുന്നു…
ഹരി… നിനക്ക് ദൈവത്തിൽ വിശ്വാസം ഇല്ലായിരിക്കും. പക്ഷേ ഞങ്ങൾ അങ്ങനെയല്ല….
ഇതിന് ദൈവ വിശ്വാസം എന്നല്ല പറയാ… അന്ധവിശ്വാസം എന്നാ…..
ഹരി… മതി…. പറഞ്ഞത് കയറിപ്പോ…
അങ്ങനെ കയറിപോവനല്ല ചെറിയമ്മാവാ ഹരി നിങ്ങളെയൊക്കെ ഇങ്ങോട്ട് വരുത്തിച്ചത്…ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനാ…
എനിക്ക് ദൈവത്തിലെ വിശ്വാസമൊള്ളൂ……
നീ നിന്റെ കാര്യം പറഞ്ഞപ്പോലെ ഞങ്ങൾക്ക് ഞങ്ങളുടെയും പറയാം… അവളെ ഞാൻ വിശ്വജിത്തിനെ ഏൽപ്പിക്കുക തന്നെ ചെയ്യും..
ആഹാ… കൊള്ളാം…മകളെ അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് വിടുന്ന അച്ഛൻ… ഡീ… ഇവരെയൊന്നും കണ്ടിട്ടല്ല നമ്മൾ തമ്മിൽ സ്നേഹിച്ചത്….. എനിക്ക് നിന്റെ സമ്മതം മാത്രമേ ആവിശ്യമുള്ളൂ…… പറ… നിനക്ക് എന്നെ വേണോ… അതോ ആ നെറികെട്ടവനെ വേണോ….. നിനക്ക് ഒരു പരിഗണനയും ഇല്ലാത്ത ഈ വീട്ടിൽ നിന്ന് നമുക്ക് എങ്ങോട്ടെങ്കിലും പോവാടി….എന്നവൻ ലച്ചുവിനരികിലേക്ക് ചെന്ന് പറഞ്ഞതും അവൾ ഹരിയുടെ മുഖത്തേക്കൊന്ന് നോക്കി…. ഇല്ലെന്ന് തലയാട്ടി…..
ഇല്ല… ഹരിയേട്ടാ… അറിഞ്ഞു കൊണ്ട് നിങ്ങടെ ജീവിതം ഇല്ലാണ്ടാക്കാൻ എനിക്ക് വയ്യാ…. ഞാൻ വരില്ല…. എന്നവൾ പറഞ്ഞതും ഹരി വിശ്വാസം വരാത്തത് പോൽ അവളെ നോക്കി….
ലച്ചൂ…. ഞാൻ ഇല്ലാതെ നിനക്ക് പറ്റുവോ….നമ്മുടെ പ്രണയം.നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ…ആഗ്രഹങ്ങൾ….. എല്ലാം മനുഷ്യൻമാർ ഉണ്ടാക്കിയ ഒരു കെട്ട് കഥയുടെ പേരിൽ നീ ഇല്ലാതാക്കുവാണോ….ഞാൻ ഇല്ലാതെ നിനക്ക് പറ്റില്ലെന്ന് ഈ നെഞ്ചിൽ കിടന്നു നീ പറഞ്ഞതല്ലെടി.. എന്നിട്ടിപ്പൊ ഇവർക്കൊക്കെ വേണ്ടി എന്നെയും എന്റെ പ്രണയത്തെയും നീ വേണ്ടെന്ന് വെക്കുവാണോ… നിനക്ക് എന്നോട് സ്നേഹമില്ലായിരുന്നോടി എന്നവൻ നിറമിഴികളാലേ അവളോട് ചോദിച്ചതും അവനെയൊന്ന് മുഖം ഉയർത്തി നോക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല….
ലച്ചൂ….എന്റെ കൂടെ വാടി….നീയില്ലാതെ എനിക്ക് പറ്റില്ല പെണ്ണേ… എന്നവൻ വാക്കുകൾ ഇടറി കൊണ്ട് പറഞ്ഞു അവൾക്ക് നേരെ കൈകൾ നീട്ടിയതും വാ പൊത്തി പിടിച്ചവൾ ഇല്ലെന്ന് തലയാട്ടി കൊണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട് മുകളിലേക്കോടി.
ഹരി…. ഇപ്പൊ തീരുമാനം ആയല്ലോ…. ഇനി നീ അവൾക്ക് പുറകെ പോവരുത്…. അവളിപ്പൊ മറ്റൊരുത്തന് പറഞ്ഞു വെച്ച പെണ്ണാണ്….അടുത്ത ഈ ദിവസം അവരുടെ കല്ല്യാണമാണ്….എന്നു പറഞ്ഞു മാധവൻ അവിടെ നിന്നു പോയതും കിച്ചുവും ശ്രീയും ഒഴികെ എല്ലാവരും ഓരോ ഭാഗത്തേക്ക് പോയിരുന്നു….
മറ്റൊരുത്തന്റെ പെണ്ണ് ….എന്ന മാധവന്റെ വാക്കുകൾ അവന്റെ ചെവിയിൽ അലയടിക്കും തോറും നെഞ്ചിൽ വല്ലാത്തൊരു വേദന അനുഭവപ്പെട്ടവന്.. അവൾ എന്റെയല്ലേ…. ഈ ഹരിയുടെ ജീവനല്ലേ… അവളില്ലാതെ പറ്റുവോ എനിക്ക് എന്നെല്ലാം സ്വയം പുലമ്പി കൊണ്ടവൻ സെറ്റിയിലേക്കിരുന്ന് തലയിൽ കൈ വെച്ചതും ശ്രീയും കിച്ചുവും പരസ്പരം നോക്കി അവന്റെ അടുത്തേക്ക് ചെന്നിരുന്നു….
ഹരിയേട്ടാ… എന്നും വിളിച്ചു കൊണ്ടവർ അവന്റെ തോളിൽ കൈ വെച്ചതും കലങ്ങിയ മിഴികൾ വെച്ചവൻ അവരെ നോക്കി…
മക്കളെ….. എന്റെ ലച്ചൂ… അവൾക്ക് ഞാനില്ലാതെ പറ്റുവോ…. ഇല്ലാ…. പറ്റില്ല… എനിക്കറിയാം..എനിക്ക് എന്തെങ്കിലും പറ്റുമോന്ന് പേടിച്ചാ അവള് എന്റെ കൂടെ വരാത്തെ… എന്ന് സ്വയം പറഞു കൊണ്ട് അവൻ ഇടറിയ കാലടികളോടെ അവന്റെ മുറിയിലേക്ക് നടന്നു…..
എന്റെ കൃഷ്ണാ… എന്നെ ഒന്ന് കൊണ്ട് പോകാവോ…. എന്റെ ഹരിയേട്ടന്റെ സങ്കടം കാണാൻ എനിക്ക് വയ്യാ….. എന്നും പറഞ്ഞവൾ തല തല്ലി കരയാൻ തുടങ്ങി……
ശ്രീ…. നമ്മൾ എന്താടി ചെയ്യാ…..
എനിക്കറിയില്ല കിച്ചൂ…. എന്തിനാ ഈശ്വരൻ അവരോടിങ്ങനെ…..ശ്രീ… നീ ദാസേട്ടനെ വിളിച്ചു വിവരം പറ…ഈ അവസ്ഥയിൽ ഹരിയേട്ടന്റെ കൂടെ ദാസേട്ടൻ ഉണ്ടായേ തീരൂ എന്നവൾ ഉറപ്പിച്ചു പറഞ്ഞതും ശ്രീ പെട്ടന്ന് തന്നെ ശ്യാമയുടെ ഫോൺ എടുത്ത് ദാസിനെ വിളിച്ചു വിവരം പറഞ്ഞു….
ദാസേട്ടൻ എന്ത് പറഞ്ഞെടി….
ഉടൻ എത്താമെന്ന് മാത്രം…. എന്ന് ശ്രീ പറഞ്ഞതും കിച്ചു ഒന്ന് മൂളി….
നേരം ഒരുപ്പാടായിട്ടും പുറത്തേക്ക് പോയ ഹരിയെ കാണാഞ്ഞിട്ട് ലച്ചുവിന്റെ മനസ്സ് നീറാൻ തുടങ്ങി…. പെട്ടന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടവൾ മുകളിൽ നിന്ന് താഴേക്ക് നോക്കിയതും ദാസ് ഹരിയെ പിടിച്ചിറക്കുന്നതാണ് കണ്ടത്…. നല്ലോണം മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം….
അവൾ പെട്ടന്ന് തന്നെ താഴേക്കിറങ്ങി ഡോർ തുറന്നു കൊടുത്തതും ലച്ചുവിനെ ഒന്ന് നോക്ക പോലും ചെയ്യാതെ ദാസ് ഹരിയെ അവന്റെ മുറിയിലേക്ക് കൊണ്ട് പോയി കിടത്തി…. അവളോടൊന്നും പറയാതെ പുറത്തേക്ക് ഇറങ്ങി പോയ ദാസിനെ നോക്കിയതും അവളുടെ മനസ്സിലൊരു വേദന നിറഞ്ഞു…. താൻ അതിനു അർഹതപ്പെട്ടവൾ തന്നെയാണെന്ന് അവൾ സ്വയം പറഞ്ഞു കൊണ്ട് അതിൽ സമാധാനം കണ്ടെത്തി…. വാതിൽ അടച്ചു ലോക്ക് ചെയ്തവൾ പതിയെ മുകളിലേക്കു കയറി… ഹരിയുടെ മുറിയുടെ അടുത്ത് എത്തിയതും അവൾ അകത്തേക്കൊന്ന് പാളി നോക്കി…. അറിയാതെ തന്നെ അവളുടെ കാലുകൾ അങ്ങോട്ട് ചലിച്ചതും ലച്ചൂ എന്നൊരു വിളിക്കേട്ടവൾ പേടിയോടെ തിരിഞ്ഞ് നോക്കി….
ഇനി നിന്നെ അവന്റെ മുറിയിൽ കണ്ട് പോവരുത്…..
അമ്മായി ഞാൻ…
ഒന്നും പറയണ്ടാ… പൊക്കോ എന്നു മാലു പറഞ്ഞതും അവൾ തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു………
പിറ്റേന്ന് രാവിലെ എണീറ്റ ഉടൻ കുളിച്ച്ചു ലച്ചു അമ്പലത്തിലേക്കിറങ്ങി…..അമ്പല വഴിയിൽ ബൈക്കിൽ ചാരി നിൽക്കുന്ന ദാസിനെ കണ്ടവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു വന്നു..അവന്റെ അടുത്തെത്തിയതും അവനെ നോക്കാതെയവൾ വേഗത്തിൽ മുന്നോട്ട് പോയതും അവൻ വിളിക്കുന്നത് കേട്ടവൾ നടത്തം നിർത്തി അവിടെ നിന്നു….
നിന്നെ സ്നേഹിച്ചതിന്റെ പേരിൽ എന്റെ ഹരിക്ക് ഇത്രയും വലിയൊരു ശിക്ഷ കൊടുക്കണ്ടായിരുന്നു ലച്ചൂ.. എന്നവൻ പറഞ്ഞതും അവൾ ദയനീയമായി ദാസിനെ നോക്കി…
നിനക്കറിയാവോ…. നാഴികക്ക് നാൽപ്പത് വട്ടവും എന്റെ ലച്ചുവിനെ നോക്കിക്കോണെടാ എന്ന് മാത്രമായിരുന്നു അവന്റെ നാവിൽ നിന്ന് വന്നിരുന്നത്….ആ നീ ഇന്നലെ എല്ലാവർക്കു മുന്നിൽ വെച്ചും അവനെ ഇല്ലാതാക്കി കളഞ്ഞില്ലേ…. എന്നവൻ ചോദിച്ചതും അവനോട് എന്ത് പറയണമെന്നറിയാതെ അവൾ തല താഴ്ത്തി നിന്നു….
തുടരും

by