24/04/2026

ഓർമ്മകളിലൂടെ : ഭാഗം 10

രചന – മിയ അവ

ബസ്സ്‌ ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയിൽ പരിചയക്കാർ പലരും എന്തൊക്കെയോ കുശലങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അവരോടൊക്കെ എന്ത് മറുപടി പറഞ്ഞുവെന്നത് തീർത്തും എനിക്ക് അവ്യക്തമാണ്. മനസ്സ് അമ്മയിലും അച്ഛനിലുമായിരുന്നു. ഒരുപാട് പ്രതീക്ഷകൾ കൊടുത്താണ് അന്നിവിടുന്ന് പോയത്. ഇനി തിരിച്ചു വരുമ്പോൾ നിങ്ങൾക്ക് സ്വന്തമായി ഒരു മകനും കൂടി ഉണ്ടാവുമെന്ന സന്തോഷ വാർത്തയും ഒപ്പം ഉണ്ടാവുമെന്ന് വാക്ക് കൊടുത്തിരുന്നു. സന്തോഷത്തോടെ മടങ്ങി വരുന്ന എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന ആ പാവങ്ങളുടെ മുന്നിൽ എങ്ങനെ ഞാൻ ഈ വിഷയം അവതരിപ്പിക്കും…നോവില്ലേ അവർക്കും?…പക്ഷെ പറയാതെ വയ്യ.. എവിടെയെങ്കിലുമൊന്ന് എന്റെയുള്ളിലെ ഈ ഭാരത്തെ ഇറക്കി വെച്ചില്ലെങ്കിൽ വിഷമം കൊണ്ട് ചിന്തിക്കാതെ ഞാൻ വല്ല അവിവേകവും ചെയ്തു പോകും.. അത് ഒരുപക്ഷെ എന്റെ അമ്മുവിന്റെയും നേതാവിന്റെയും നല്ല ജീവിതത്തെ തന്നെ ബാധിച്ചേക്കും.. പാടില്ല.. എല്ലാം ഇറക്കി വെച്ചു എല്ലാം മറന്നു…സ്വസ്ഥമായ മനസ്സോടു കൂടി വേണം എനിക്കിവിടെ നിന്നും പോവാൻ.. അമ്മയ്ക്ക് ഒരുപക്ഷെ എന്റെ ഈ തീരുമാനം ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല..ആർക്കോ വേണ്ടി സ്വന്തം ഇഷ്ട്ടത്തെ വിട്ട് കൊടുത്തു വേദന തിന്നുന്ന വിഡ്ഢിയെന്നൊക്കെ പറഞ്ഞു എന്നെ വഴക്ക് പറഞ്ഞേക്കാം കുറ്റപ്പെടുത്തിയേക്കാം.. അതൊക്കെ ഒരു പെറ്റമ്മയ്ക്ക് മകളോടുള്ള സ്നേഹക്കൂടുതലാണ്.. തെറ്റ് പറയാൻ പറ്റില്ല.. പക്ഷെ അച്ഛയ്ക്ക് എന്നെ മനസ്സിലാവും.. തന്റെ ദുഃഖത്തേക്കാൾ മറ്റുള്ളവരുടെ വേദന കാണുന്ന സഖാവിന് എന്റെ തീരുമാനത്തെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. എല്ലാം അറിഞ്ഞു കഴിയുമ്പോൾ തോളിൽ തട്ടി പറയുമായിരിക്കും നീ ഈ അച്ഛന്റെ മോളാണെന്ന്. മാത്രവുമല്ല എന്റെ വേദനകൾക്ക് മരുന്നാവാൻ അച്ഛയുടെ വാക്കുകൾക്ക് മാത്രമേ സാധിക്കുള്ളു. ആ സഖാവിന്റെ വാക്കുകൾ അന്നും ഇന്നും വല്ലാത്തൊരു ഇൻസ്പിറേഷനാണ്..എനിക്ക് മാത്രമല്ല കണ്ണീരിന്റെ ഉപ്പറിയുന്ന പലർക്കും.

നടന്നു നടന്നു വീടെത്തിയിരുന്നു. ഇരുട്ട് വീണു തുടങ്ങിയിട്ടേ ഉള്ളു.. കനത്തിട്ടില്ല..മഴ പെയ്തു തീർന്നതിന്റെ ശേഷിപ്പുകൾ മുറ്റത്തെ മണ്ണിൽ ചവിട്ടിയപ്പോൾ അറിയാൻ കഴിഞ്ഞു. മുന്നിൽ എത്തിയപ്പഴേ കണ്ടു ആലയിൽ അമ്മിണി പശുവിനോട് എന്തിനോ വേണ്ടി കലഹിക്കുന്ന അമ്മയെ. ഈ കലഹം വടക്കേലെ നാരായണേട്ടൻ അമ്മിണിയെ ഇവിടെ കൊണ്ട് വന്നത് മുതൽ പതിവ് ഉള്ളതാണ്. അത് ചിലപ്പോൾ ഇട്ടു കൊടുത്ത വൈക്കോൽ അമ്മിണി തിന്നാത്തതിനാവാം.. അല്ലെങ്കിൽ കൊണ്ട് വെച്ച കാടി വെള്ളം കാല് കൊണ്ട് തട്ടി തൂവിയതിനാവാം. അമ്മയെ കൊണ്ട് നാല് ചീത്ത പറയിച്ചില്ലെങ്കിൽ അവൾക്കും ഒരു സമാധാനം കിട്ടാത്ത പോലെയാണ്. അതിനായി ഓരോ കാരണങ്ങൾ അവൾ തന്നെ ഉണ്ടാക്കും. എന്നാലും പിരിഞ്ഞിരിക്കാൻ രണ്ടു പേർക്കും ആവില്ല. അമ്മയ്ക്ക് പകരം ഞാനോ അച്ഛനോ കാലത്തു പുല്ലോ വെള്ളോം കൊടുക്കാൻ ചെന്നാൽ മൈൻഡ് ആക്കില്ല പെണ്ണ്.. അമ്മ ഇറങ്ങി വരുന്ന വരെ അലറി വിളിച്ചു മൊറ വിളി കൂട്ടും അവൾ.. അമ്മയ്ക്കും അതെ..അമ്മയുടെ ദിവസം തുടങ്ങുന്നത് തന്നെ അവൾക്ക് വെള്ളം കൊടുത്തും വഴക്ക് പറഞ്ഞും ആണ്. നോക്കിയപ്പോൾ അമ്മിണിയോട് കലപില കൂട്ടുന്ന അമ്മയെ കൂടുതൽ ചൊടി പിടിപ്പിച്ചു കൊണ്ട് അച്ഛനും ഉമ്മറത്തു തന്നെ ഉണ്ട്.

“വിളക്ക് വെക്കാനായി സരസ്വതി.. അങ്കം മതിയാക്കി നീയിങ്ങ് കേറിക്കോ…”

അച്ഛൻ പറഞ്ഞു തീർത്തത് എന്റെ മുഖത്തേക്ക് നോക്കി കൊണ്ടാണ്. എന്നെ കണ്ടതും ആ കണ്ണുകളിൽ സന്തോഷത്തേക്കാൾ അതിശയം നിറയുന്നതായി തോന്നി.

“ഇതെന്താ അച്ഛേടെ മോള് പതിവില്ലാതെ ബാഗ് ഒക്കെയായി..”

ശബ്ദം കേട്ടതോടെ അമ്മിണിയെ അവിടെ വിട്ട് അമ്മയും രംഗത്ത് എത്തിയിരുന്നു.

“നീയെന്താടി പറഞ്ഞ പോലെ ബാഗും കൊണ്ട്.. സാധാരണ അച്ഛയെ കാണാൻ ഓടി വരുന്നത് കയ്യും വീശിയാണല്ലോ… ഇന്നെന്ത് പറ്റി…”

“ഹോ എന്റെ അമ്മാ.. ഒന്നുല്ല… നാളെ കഴിഞ്ഞു രണ്ടൂസം നിക്ക് ലീവ് അല്ലേ.. അതോണ്ട് മൂന്നാല് ദിവസം അച്ഛേടെ കൂടെ നിക്കാൻ വന്നതാ..”

“അപ്പോ നാളത്തെ ക്ലാസ്സോ…”

“അത് ഞാൻ ലീവാക്കും.. സോ സിംപിൾ..”

“ആ ഇത് അതന്നെ… മടി.. നിങ്ങടെ മോള് എന്ന് ഈ മടി ഒഴിവാക്കുന്നോ അന്നേ നന്നാവുള്ളു.. ഞാൻ പറഞ്ഞില്ലാന്നു വേണ്ട..”

“ഹാ.. എന്റെ സരസ്വതി മോള് ഇങ്ങ് വന്നതല്ലേ ഉള്ളു അതൊന്ന് ഉള്ളിലേക്ക് കേറിക്കോട്ടേ എന്നിട്ട് തുടങ്ങാം നിന്റെ അമ്മപ്പോര് … മോള് കേറി വാ..”

“അല്ല പിന്നെ.. കണ്ടാ.. അങ്ങട്ട് കണ്ണ് തുറന്നു നോക്കി പഠിക്ക് എന്റെ അച്ഛയെ.. ഹും..”

അമ്മയ്ക്ക് നേരെ പുച്ഛം എടുത്തു കമഴ്ത്തി ഞാൻ ഉള്ളിലേക്ക് ഓടി കയറി അച്ഛയെ മുറുകെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. അത് കണ്ടപ്പോൾ ഒരാൾ മാറി നിന്ന് മുഖം കനപ്പിച്ചിട്ടുണ്ട്.

“മ്മ്.. എന്ത്..”

“ഓ.. അല്ലെങ്കിലും നിനക്ക് നിന്റെ അച്ഛയോട് മാത്രല്ലേ സ്നേഹള്ളൂ…”

“ഓഹോഹോ.. അങ്ങനെയാണോ സരസ്വതിയമ്മേ…”

“ആ അതെ.. എന്നോട് മിണ്ടണ്ട..നീ..”

“ഓ..എന്റെ കുശുമ്പിപ്പാറൂ..നിക്ക് ന്റെ കുശുമ്പി സരസ്വതിയമ്മേനേം ഒത്തിരി ഇഷ്ട്ടം ആണല്ലോ ”

കവിളിൽ പിടിച്ചു വലിച്ചു കെട്ടിപിടിച്ചു അവിടെയും ഒരുമ്മ കൊടുത്തു.

“മ്മ്.. മതി മതി സ്നേഹപ്രകടനം.. പോയി കുളിച്ചിട്ട് വാ കൊച്ചേ.. ഞാൻ കഴിക്കാൻ എടുക്കാം..”

“ഹോ എന്റെ അമ്മാ.. ഞാൻ അവിടുന്ന് കുളിച്ചിട്ടാ ഇറങ്ങിയേ.. ഇനി ഒരു കുളിയും കൂടി റിസ്കാ.. അമ്മ കഴിക്കാൻ എടുക്ക്.. വിശക്കുന്നു…”

“ഉവ്വ.. തമ്പുരാനറിയാം..”

“വോ.. തമ്പുരാൻ അറിഞ്ഞോളും.. സരസ്വതിയമ്മ ചെല്ല്.. ഫുഡ് എടുക്ക്..”

അമ്മയോടൊപ്പം തന്നെ അടുക്കളയിൽ പോയി ചായ കുടിച്ചു.

അത്താഴം കഴിഞ്ഞു കുറെ നേരം റൂമിൽ ഇരുന്നു ആലോചിച്ചു. എങ്ങനെ അമ്മയോടും അച്ഛയോടും പറയും.. അവരാണെൽ ഒന്നും ചോദിക്കുന്നും ഇല്ലല്ലോ.. ചോദിച്ചിരുന്നേൽ അങ്ങനെ തുടങ്ങായിരുന്നു. ചിന്തിച്ചു ചിന്തിച്ചു വട്ട് പിടിക്കുമെന്ന് തോന്നിയപ്പോൾ രണ്ടും കല്പിച്ചു താഴോട്ടിറങ്ങി. അവിടെ ഹാളിൽ അച്ഛൻ ടീവി കാണുന്നുണ്ടായിരുന്നു. അച്ഛന്റെ അടുത്ത് പോയി സോഫയിൽ ഇരുന്നു. അച്ഛൻ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോൾ റിമോട്ട് തട്ടി പറിച്ചു വാങ്ങി ചാനലുകൾ വെറുതെ മാറ്റി മാറ്റി കളിച്ചു.
മുഖം കലം പോലെ വീർപ്പിച്ചു വെച്ചിരുന്നു.
അത് കണ്ടു അച്ഛ ഉറക്കെ ചിരിച്ചു.

“അച്ഛേടെ കുട്ടിയ്ക്ക് എന്താ അച്ഛയോട് പറയാനുള്ളത്..”

“ഏഹ്… അതെങ്ങനെ അച്ഛയ്ക്ക് മനസ്സിലായി..”

“ഹ. ഹ.. ഹ.. അച്ഛേടെ അപ്പൂസിനെ അച്ഛയ്യ്ക്കറിയില്ലേ…”

“പോ അച്ഛേ.. തമാശയാക്കാതെ.. പറഞ്ഞേ എങ്ങനെ മനസ്സിലായി ഞാൻ ഒരൂട്ടം പറയാൻ വന്നതാണെന്ന്…”

“അതിപ്പോ എന്താ പറയാൻ..മനസ്സിൽ എന്തേലും വിഷമം കിടന്നു വിങ്ങുമ്പോഴല്ലേ അച്ഛയോട് വിശേഷങ്ങൾ പറയാൻ ന്റെ കുട്ടി ഇങ്ങനെ വിയർക്കുള്ളു.. അല്ലെങ്കിൽ വന്നു കേറിയ പാടെ ഒരാഴ്ചത്തെ കഥകൾ മുഴുവൻ ഒറ്റയടിക്ക് പറഞ്ഞു തീർത്തല്ലേ അച്ഛേടെ അപ്പൂസ് ഉമ്മറത്തുന്ന് അകത്തേക്ക് തന്നെ കയറാറ്…ശനിയാഴ്ച ആവാൻ നിക്കാതെ ന്റെ മോള് ഓടിപ്പിടിച്ച് എത്തിയപ്പോഴേ അച്ഛനത് ഊഹിച്ചു..മോള് പറ.. എന്താ ന്റെ കുട്ടിയുടെ വിഷമം..സൈക്കോളജി വെച്ചു നേതാവിന്റെ മനസ്സ് വായിച്ചതിൽ എന്തെങ്കിലും തെറ്റ് പറ്റിയോ ന്റെ കുട്ടിയ്ക്ക് ”

“അത്.. അച്ഛേ.. ആ ആളുടെ കാര്യത്തിൽ അല്ല തെറ്റ് പറ്റിയത്.. ഞാൻ ഊഹിച്ചത് പോലെ തന്നെ ആൾക്ക് എന്നെ ഇഷ്ട്ടമാണ്..ഇന്ന് എന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയും ഉണ്ടായി..”

“ആഹാ.. കൊള്ളാലോ.. അപ്പോൾ നിന്നെക്കാൾ സ്മാർട്ട്‌ ആണ് എന്റെ മരുമോൻ അല്ലേ…”

“അങ്ങനെ പറയാൻ ആവില്ല അച്ഛേ.. മനു ഒരിക്കലും അച്ഛയുടെ മരുമോൻ ആവില്ല..”

“ആവില്ലെന്നോ.. അതെന്താടാ.. ഇനിയെന്താ പ്രശ്നം..”

“ഞാൻ.. ഞാൻ അവനെ റിജക്റ്റ് ചെയ്തു..”

“എന്താ.. നീ റിജക്റ്റ് ചെയ്‌തെന്നോ..ഇത് നല്ല കൂത്ത്.. ഇവിടുന്ന് പോവുമ്പോൾ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞേ.. ഷോൾഡറിൽ പിടിച്ചു മുന്നിൽ നിർത്തും അങ്ങോട്ട് പ്രൊപ്പോസ് ചെയ്യും ആനയാക്കും ചേനയാക്കും എന്നൊക്കെ പറഞ്ഞല്ലേ പോയത്.. പിന്നെ നിനക്ക് എന്ത് പറ്റി.. ഇതെന്താ ആമി തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റി പറയാൻ ജീവിതം കുട്ടിക്കളിയാണെന്ന് തോന്നുണ്ടോ നിനക്ക്…”

അമ്മയാണ് അത്രയും പറഞ്ഞത്. മറുപടി ഇല്ലായിരുന്നു എനിക്ക്. അച്ഛയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു പോയി ഞാൻ. കരയുന്നത് കണ്ടപ്പോൾ വീണ്ടും അമ്മയുടെ ശബ്ദം ഉയർന്നിരുന്നു.

“നീയെന്തിനാടി കരയുന്നെ.. എന്താ നിനക്ക്.. കരയാതെ കാര്യം പറയ്യ് ആമി.. ടെൻഷൻ ആക്കല്ലേ മനുഷ്യനെ…”

“സരസ്വതി.. മതി.. നിർത്ത്.. ധൃതി കൂട്ടണ്ട.. നമ്മളോട് എല്ലാം പറയാൻ തന്നെയാ അവൾ വന്നിരിക്കുന്നെ.. അതിന് കുറച്ചു സമയം കൊടുക്ക്.. അവൾ പറയും..”

പിന്നെ അമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല. മിണ്ടാതെ ഞങ്ങൾക്കരികിൽ വന്നിരുന്നു. കാര്യമറിയാതെ ആ നെഞ്ച് പിടയുന്നത് എനിക്ക് മനസിലാക്കാം. ഈ വഴക്ക് പറച്ചിലും ദേഷ്യം ഒക്കെ പുറമെ മാത്രമേ ഉള്ളു.. ശുദ്ധയാ എന്റെ സരസ്വതിയമ്മ.. ഞാൻ കരഞ്ഞാൽ സഹിക്കില്ല. വാത്സല്യത്തോടെ എന്റെ തലയിൽ തലോടി അച്ഛയും കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ്. തെല്ലോന്ന് ആശ്വാസം തോന്നിയപ്പോൾ ഞാൻ മെല്ലെ മടിയിൽ നിന്നെഴുന്നേറ്റു. രണ്ടു പേരെയും നോക്കി നനുത്ത ഒരു പുഞ്ചിരിയോടെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ അമ്മ പരാതി പറച്ചിലിന്റെയും ഉപദേശങ്ങളുടെയും കെട്ടഴിച്ചു വിട്ടു.

“ആ കൊച്ചൻ നിന്നെയല്ലേ സ്നേഹിക്കുന്നെ അവളുടെ സ്നേഹം അവൻ അറിയുന്നും പോലും ഇല്ലല്ലോ.. ഇനിയിപ്പോ അറിഞ്ഞാലും അവന് അവളോട് അങ്ങനെയൊരു ഇഷ്ട്ടം ഇണ്ടാവില്ലല്ലോ ഉണ്ടെങ്കിൽ അവൻ നിന്നെ സ്നേഹിക്കോ..നീ ഒന്നുടെ ഒന്ന് ആലോചിക്ക് ആമി..”

തുടങ്ങി ഉപദേശം കൊഴുത്തപ്പോൾ കടുപ്പിച്ചൊരു നോട്ടം കൊണ്ട് അച്ഛൻ അതിന് വിലക്കിട്ടു. പിന്നെ നിങ്ങൾ അച്ഛനും മോളും എന്താണെന്ന് വെച്ചാൽ ചെയ്യെന്ന് പറഞ്ഞു മുഖം വീർപ്പിച്ചു ഒരൊറ്റ പോക്കായിരുന്നു. പക്ഷെ എല്ലാം കേട്ടിട്ടും ഒരു വാക്ക് പോലും മിണ്ടാതെ മൗനം പാലിച്ച അച്ഛയാണ് എന്നെ ഞെട്ടിച്ചത്.

“എന്ത് പറ്റി അച്ഛേ..ഒന്നും പറഞ്ഞില്ലല്ലോ.. ഞാൻ എടുത്ത തീരുമാനം തെറ്റി പോയെന്ന് തോന്നുന്നുണ്ടോ…”

“ഏയ്‌.. ഇല്ല കുട്ട്യേ… അമ്മു നമ്മുടെ കൊച്ചല്ലേ.. പാവം ആണ്.. ഒരു സാധു.. അവൾക്ക് വേണ്ടി അങ്ങനെ ഒരു തീരുമാനം എടുത്തതിൽ അച്ഛയ്‌ക്ക് സന്തോഷേ ഉള്ളു.. പക്ഷെ.. അതല്ലല്ലോ മോളെ പ്രശ്നം…”

“എന്താ അച്ചേ…”

“മനു.. ആ കുട്ടിയെ കുറിച്ച് ഓർക്കണ്ടേ നമ്മൾ.. അവൻ സ്നേഹിച്ചത് നിന്നെയല്ലേ.. അമ്മ പറഞ്ഞത് പോലെ ഇനിയിപ്പോ അമ്മുവിന്റെ സ്നേഹം അറിഞ്ഞാലും ആ കുട്ടിയ്ക്ക് അവളെ അങ്ങനെ കാണാൻ കഴിയുമെന്ന് എന്താ ഉറപ്പ്…”

“എനിക്കുറപ്പുണ്ട് അച്ചേ.. അമ്മുവിന്റെ സ്നേഹം അറിഞ്ഞാൽ അവഗണിക്കാൻ മനുവിന് ഒരിക്കലും കഴിയില്ല.. അവൾ അത്രയ്ക്കു പാവം ആണെന്ന് എല്ലാർക്കും അറിയാം.. അപ്പോ പിന്നെ കുഞ്ഞു നാൾ മുതൽ അവളെ അറിയുന്ന ആളല്ലേ മനു.. അവന് ഒരിക്കലും അവളുടെ സ്നേഹം വേണ്ടെന്ന് വെയ്ക്കാൻ കഴിയില്ല… അമ്മു നിഷ്കളങ്കമായി അവനെ സ്‌നേഹിക്കുമ്പോൾ എല്ലാം മറന്നു തിരിച്ചു അവളെ സ്നേഹിക്കാതിരിക്കാനും അവന് കഴിയില്ല…”

“മ്മ്.. അങ്ങനെയാണേൽ നന്ന്..”

“മ്മ്…”

കുറച്ചു നേരം എന്തിനോ അവിടെ മൗനം കനത്തു.

“വിഷമണ്ടോ അപ്പൂസേ..”

“മാറിക്കോളും അച്ഛേ…”

“മ്മ്…”

തലയിൽ ഒന്ന് തലോടി കൂടുതൽ ഒന്നും പറയാതെ അച്ഛൻ മുറിയിലേക്ക് പോയി. അല്പ നേരം കൂടി ആ സോഫയിൽ ചടഞ്ഞിരുന്നു. മനസ്സിലേക്ക് നോവുണർത്തുന്ന ഓർമ്മകൾ കടന്ന് വരുന്നെന്നു തോന്നിയതും മെല്ലെ എഴുന്നേറ്റു റൂമിലേക്ക് പോയി ഹെഡ് സെറ്റ് ചെവിയിൽ തിരുകി രണ്ടു ഡപ്പാൻ കൂത്ത് സോങ്ങും പ്ലേ ചെയ്തു ഉറക്കത്തെ മാടി വിളിച്ചു.

പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഒരു റീലീഫ് തോന്നി. ഉള്ളിലെ ഭാരമെല്ലാം അമ്മയുടെയും അച്ഛന്റെയും അടുത്ത് ഇറക്കി വെച്ചത് കൊണ്ടാവും. അത് കൊണ്ട് ഇന്ന് തന്നെ തിരിച്ചു ഹോസ്റ്റലിൽ പോവാൻ തീരുമാനിച്ചു.

“അമ്മുവിനോട് തിങ്കളാഴ്ചയേ വരുള്ളുവെന്ന് പറഞ്ഞ വന്നത്.. ഇന്ന് പോയാൽ അവൾക്ക് ഒരു സർപ്രൈസും ആവും”

ഓർത്തു കൊണ്ട് അടുക്കളയിലേക്ക് പോയി.

“അമ്മാ…”

“മ്മ്.. എന്തേ…”

“ഓ..ഇതെന്താ സരസ്വതിയമ്മേ ഇത്ര ഗൗരവം..”

“ഏയ്‌.. ഒന്നുല്ല..നീ ഇതേ ചായ എടുത്തു കുടിക്ക്…”

“അച്ഛ ന്തേ അമ്മേ…”

“അച്ഛന് ചെറിയൊരു തലവേദന പോലെ.. ഗുളിക കഴിച്ചതോണ്ട് നേരത്തെ ഭക്ഷണം കഴിച്ചു.. നീ കഴിക്ക് ഇനി…”

“തലവേദനയോ.. അതെന്ത് പറ്റി പെട്ടെന്ന്.. അച്ഛേ..”

കയ്യിലെടുത്ത ചായക്കപ്പ് അവിടെ തന്നെ വെച്ച് നേരെ അച്ഛന്റെ റൂമിലേക്ക് ചെന്നു.

“അച്ഛേ.. എന്ത് പറ്റി അച്ഛേ…”

“ഓ.. കാര്യം ആയിട്ടൊന്നും ഇല്ല മോളെ.. ചെറിയൊരു തലവേദന പോലെ.. ഗുളിക കഴിച്ചിട്ടുണ്ട്.. അതിപ്പോ മാറും.. മോള് കഴിച്ചോ..”

“ഇല്ല.. കഴിക്കാം…”

“മ്മ്…”

“അച്ഛേ…”

“ഓ.. ന്താ അപ്പൂസേ…”

“ഞാൻ ഇന്ന് തന്നെ മടങ്ങുവാ അച്ഛേ.. അവിടെ അമ്മു തനിച്ചല്ലേ…ഒറ്റയ്ക്ക് നിന്നോളാന്നൊക്കെ പറഞ്ഞെങ്കിലും പേടി കാണും..”

“മ്മ്.. ശരിയാ.. മോള് ഓക്കേ ആണേൽ പൊയ്ക്കോളൂ.. ആ കുട്ടിയ്ക്ക് ഒരു കൂട്ടല്ലേ..”

“മ്മ്.. ശരി അച്ഛേ…”

ഉച്ചയ്ക്ക് അമ്മയ്ക്കും അച്ഛനുമൊത്ത് ഭക്ഷണം കഴിച്ച് ഒരു 4 മണിയോട് കൂടി ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചു.വണ്ടിയിൽ ആയിരുന്നു പോയത്. പോവുന്ന വഴിയിൽ മനസ്സിലുറപ്പിച്ചു. ഇനി മനു ശങ്കർ എന്ന വ്യക്തിയെ മറ്റൊരു തരത്തിലും മനസ്സിൽ കൊണ്ട് വരില്ല.. അങ്ങേര് ഇനി മുതൽ എന്റെ അമ്മുന്റെ മാത്രം ആണ്.. എന്റെ അമ്മുന്റെ ചെക്കൻ.
ഹോസ്റ്റലിൽ കേറിയപ്പോൾ വാർഡന്റെ വക നൂറു ചോദ്യം ചെയ്യലുണ്ടായിരുന്നു. മൂന്നാല് ദിവസം കഴിഞ്ഞെന്ന് പറഞ്ഞു പോയിട്ട് എന്തേ നേരത്തെ പോന്നു തുടങ്ങി വെറുപ്പിക്കൽ ചോദ്യങ്ങൾ. ചടപ്പിക്കാതെ ഒരുവിധം എന്തൊക്കെയോ മറുപടി നൽകി റൂമിന്റെ അടുത്ത് എത്തിയപ്പോൾ റൂം ലോക്ക് ചെയ്തിട്ടില്ലായിരുന്നു. മനസ്സിലൊരു കുസൃതി തോന്നി. പൂച്ചക്കുട്ടിയെ ഒന്ന് ഞെട്ടിച്ചാലോന്ന്. അതുക്കൊണ്ട് ശബ്ദം ഉണ്ടാക്കാതെ ഡോർ പയ്യെ തുറന്നു. നോക്കിയപ്പോൾ തിരിഞ്ഞു നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണ് കക്ഷി. കഴിയുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് കരുതി നിന്നപ്പോൾ അറിയാതെ എന്റെ ശ്രദ്ധ അവളുടെ സംസാരത്തിലേക്കും നീണ്ടു പോയിരുന്നു. ഒരു ചിരിയോടെ അത് കേട്ട് നിന്ന എന്റെ കാതുകളിലേക്ക് പെട്ടെന്നാണ് ആ വാക്കുകൾ വന്നു പതിഞ്ഞത്. നിന്ന നിൽപ്പിൽ തറഞ്ഞു പോയി ഞാൻ. അതിനെ ഉൾകൊള്ളാനാവാതെ ഞാൻ അമ്മുവിനെ നോക്കി. ഒരു വേള എന്റെ മുന്നിൽ നിൽക്കുന്നത്..എന്റെ അമ്മു തന്നെയാണോന്ന് പോലും ഞാൻ സംശയിച്ചു പോയി. കണ്ണുകൾ പോലും ആ വാക്കുകളിൽ അറിയാതെ നീർമുത്ത് പൊഴിച്ചു. ഉറക്കെയൊന്ന് ഒച്ചയിടാൻ പോലും ആവാതെ നാവ് നിശ്ചലമായി പോയി. കാലുകൾ മുന്നോട്ട് വെയ്ക്കാൻ ആഞ്ഞതും കയ്യിലുള്ള ഫോൺ വൈബ്രേറ്റ് ചെയ്തു. അമ്മയാണ്. ചെവിയോട് വെച്ചപ്പോൾ അതിനേക്കാൾ ഞെട്ടിക്കുന്ന വാർത്തയായിരുന്നു കേട്ടത്.

“അച്ഛ…”

ചുണ്ടുകൾ പതിയെ മന്ത്രിച്ചു. പിന്നെ തിരിഞ്ഞൊരു ഓട്ടമായിരുന്നു കാലുകൾ നിലത്ത് ഉറയ്ക്കാതെ… മനസ്സിടറി…സകല ദൈവങ്ങളെയും വിളിച്ചു. ഓട്ടത്തിനിടയിൽ ഒരു മൂളൽ പോലെ കേട്ടു അമ്മുവിന്റെ പിൻവിളി. കാതോർക്കാൻ തോന്നിയില്ല..തിരിഞ്ഞു നോക്കിയില്ല. ആ മുഖം പോലും വെറുത്തു തുടങ്ങിയിരുന്നു ഞാൻ അപ്പോൾ.

(തുടരും )