രചന – കണ്ണന്റെ മാത്രം
ഗൗരി പോയി രാധുമ്മയുടെ റൂമിന്റെ ഡോറിൽ മുട്ടികൊണ്ട് വിളിച്ചു.
കല്ലു വാതിൽ തുറക്ക്…
വാതിൽ തുറന്ന കല്ലു ഗൗരിയെ കണ്ടതും കെട്ടിപിടിച്ചു കരഞ്ഞുപോയി.. അത്രേം നേരം അവൾ കടിച്ചുപിടിച്ച പേടി മുഴുവൻ കണ്ണുനീർ ആയാണ് അവൾക്ക് പുറത്തേക്ക് വന്നത്. അവൾ കരയുന്നത് കണ്ടപ്പോൾ രാധികയും ആ കൂടെ കരഞ്ഞു. അവർക്ക് ആകെ ക്ഷീണം തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ തന്നെ കിടന്നു.
കല്ലു.. ഇങ്ങനെ സങ്കടപെടല്ലേ.. ഒന്നും ഉണ്ടായില്ലല്ലോ.. കല്ലുവിനെ പുറത്തുതട്ടി അശ്വസിപ്പിച്ചുകൊണ്ട് ഗൗരി പറഞ്ഞു.
ഗൗരീ.. അപ്പൊ നീ വിളിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഞങ്ങളുടെ ഇന്നത്തെ അവസ്ഥ.. പേടിച്ചു പോയി ടാ ഞാൻ…
സാരമില്ല.. ഒന്നും ഉണ്ടായില്ലല്ലോ.. നീ ഇങ്ങനെ കരഞ്ഞാൽ രാധുമ്മക്കും ടെൻഷൻ ആവും. കരയാതെ ഇരിക്ക്..
അവിടെ വന്ന പോലീസ്കാർ അപ്പോഴേക്കും അങ്ങോട്ട് വന്നു. കൂടെ ബാലനും.
കുട്ടി നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. അതിൽ ഒരാൾ ചോദിച്ചു..
ഇല്ല സാർ.. കല്ലു പറഞ്ഞു..
അവന്മാരെ ആരെങ്കിലും കുട്ടിക്ക് മുൻപ് കണ്ട് പരിചയം ഉണ്ടോ.. അയാൾ ചോദിച്ചു
ഇല്ല സാർ ആദ്യം ആയിട്ടാണ് കാണുന്നത്. കല്ലു മറുപടി പറഞ്ഞു.
ആ സമയത്താണ് അച്ചുവിന്റെ വണ്ടി അവിടെ എത്തിയത്. കണ്ണൻ വേഗം ഓടിവന്നു കല്ലുവിനെ നെഞ്ചോട് ചേർത്തുപിടിച്ചു. അവൻ എത്രമാത്രം പേടിച്ചു എന്നുള്ളത് അവന്റെ താളംതെറ്റി മിടിക്കുന്ന ഹൃദയം പറയുന്നുണ്ടായിരുന്നു. കല്ലുവും അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു.
ബാലന് ആളെ മനസിലായില്ല. അതുകൊണ്ട് തന്നെ പതുക്കെ ഗൗരിയോട് ചോദിച്ചു..
ഗൗരീ.. ഏതാ ഈ പയ്യൻ..
അതു അവളെ കല്യാണം കഴിക്കാൻ പോകുന്ന ആള് ആണ്… ഗൗരി പറഞ്ഞു.
ഏഹ് കല്ലുവിന്റെ കല്യാണം ഉറച്ചോ.. അയാൾ അത്ഭുധത്തോടെ ചോദിച്ചു. കാരണം അവളുടെ കല്യാണം ഫിക്സ് ആയത് ആരും അറിഞ്ഞിരുന്നില്ല.
മ്മ്.. ഞങ്ങളുടെ കമ്പനി CEO ആണ് അത്. ആളുമായിട്ടാണ് കല്യാണം ഉറച്ചത് അവളുടെ ഇഷ്ടത്തിന്.. ഗൗരി അവസാനത്തെ കാര്യം അയാളുടെ കണ്ണിൽ നോക്കിയാണ് പറഞ്ഞത്.
അതോടെ അയാൾക്ക് അവളുടെ മുഖത്ത് നോക്കാൻ പറ്റാതെ ആയി. അയാൾ കല്ലുവിനോട് പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി. തലയും കുനിച്ചു അയാൾ പോകുന്നത് കണ്ടപ്പോൾ എന്തോ ഗൗരിക്ക് വിഷമം ആയി. അവൾ വേഗം അയാളുടെ അടുത്തേക്ക് പോയി എന്നിട്ട് പറഞ്ഞു..
ഞാൻ പറഞ്ഞത് വിഷമിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം. എന്റെ വിഷമം കൊണ്ട് പറഞ്ഞതാണ്..
അറിയാം മോളെ.. നിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല. എല്ലാ തെറ്റും എന്റെയാണ്. പക്ഷേ എന്തുചെയ്യാൻ ആണ് ഞാൻ ഇങ്ങനെ ഒരു ജന്മം ആയിപോയി. അച്ഛനെ വെറുക്കരുത് മോള് ഒരിക്കലും.. അത് സഹിക്കാൻ ചിലപ്പോ അച്ഛനെക്കൊണ്ട് കഴിഞ്ഞെന്നു വരില്ല. ഇതും പറഞ്ഞു തന്റെ നിറഞ്ഞകണ്ണുകൾ തുടച്ചിട്ട് പോകുന്ന അയാളെ ഗൗരി കുറച്ചുനേരം നോക്കി നിന്നു. പിന്നീട് തിരിഞ്ഞു കല്ലുവിന്റെ വീട്ടിലേക്ക് തന്നെ പോയി.
ഈ സമയം അച്ചു ആ പോലീസ്കാരോട് സംസാരിക്കുകയായിരുന്നു. ആ വണ്ടിയുടെ പിന്നാലെ പോയവർക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് അച്ചുവിനെ നിരാശയിലാക്കി..
അപ്പോഴാണ് ഹരിയുടെ വണ്ടി അങ്ങോട്ട് വന്നത്. അതിൽ നിന്നും ഹരിയും സുലുവും ഇറങ്ങി. അവരെ കണ്ട ഗൗരി അവരുടെ അടുത്തേക്ക് പോയി. ഹരി ഗൗരിയുടെ തലയിൽ ഒന്നു തഴുകി അവരെ ഉള്ളിലേക്ക് പറഞ്ഞയച്ചിട്ട് അച്ചുവിനടുത്തേക്ക് പോയി..
എന്നാലും ആരായിരിക്കും അച്ചു ഇതിന് പിന്നിൽ… നീ ആ കുട്ടിയോട് സംസാരിച്ചോ..
ഇല്ല മാമേ.. അവരുടെ ടെൻഷനും പേടിയും ഒന്നു സമാധാനം ആയിട്ട് ചോദിക്കാം എന്ന് വച്ചിട്ടാണ്..
മ്മ്… എന്തെങ്കിലും കാരണം ഇല്ലാതെ ഇങ്ങനെ ഒരു ആക്രമണം ഉണ്ടാവേണ്ട കാര്യം ഇല്ലല്ലോ.. നമുക്ക് നോക്കാം. ഇന്നെന്തായാലും അവരെ ഇനി ഇവിടെ ഒറ്റക്ക് നിർത്തണ്ട. ഞാൻ വീട്ടിലേക്ക് കൊണ്ടുപോകാം എന്നാ കരുതുന്നെ.. ഹരി പറഞ്ഞു..
സുലുവും ഗൗരിയും ഉള്ളിലേക്ക് കടക്കുമ്പോഴും കണ്ണനും കല്ലുവും പരസ്പരം പുണർന്നു നിൽക്കുകയായിരുന്നു. സുലുവിനെ കണ്ടതും കല്ലു കണ്ണന്റെ കൈക്കുള്ളിൽ നിന്നും മാറി സുലുവിന് അടുത്തേക്ക് പോയി.
വിഷമിക്കണ്ട മോളെ.. ഒന്നും ഉണ്ടായില്ലല്ലോ.. അവർ അവളുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു. രാധിക എവിടെ കണ്ടില്ലല്ലോ…
അമ്മ ദേ ആ റൂമിൽ കിടക്കുന്നുണ്ട്. നന്നായി പേടിച്ചു ആള്. അപ്പൊ ഒരു ക്ഷീണം പോലെ എന്നും പറഞ്ഞു കിടന്നത് ആണ് ഇത്തിരി നേരത്തേ. കല്ലു പറഞ്ഞു.
ആണോ എന്നാൽ ഞാൻ ഒന്നു രാധികയെ കണ്ടിട്ട് വരാം. അതും പറഞ്ഞ് സുലു നേരെ രാധികയുടെ അടുത്തേക്ക് പോയി. അപ്പോഴാണ് അച്ചുവും ഹരിയും കൂടി അകത്തേക്ക് വന്നത്. അവർ വന്ന് കല്ലുവിനോട് സംസാരിക്കാൻ നിന്ന സമയത്താണ് സുലുവിന്റെ ഉറക്കെ ഉള്ള വിളി കേൾക്കുന്നത്. എല്ലാവരും ആ റൂമിലേക്ക് പോയപ്പോൾ കാണുന്നത് ബോധമില്ലാതെ കിടക്കുന്ന രാധികയെ ആണ്. അത് കണ്ടതും കല്ലുവും ഗൗരിയും കരച്ചിലായി.. അച്ചു അവരെ നോക്കി കണ്ണനോട് ഒന്നു കണ്ണുകാട്ടി മാറി നിന്നു ആദിയെ ഫോൺ ചെയ്യ്തു.
ആദി ഫോൺ എടുത്തതും അച്ചു ഇന്ന് കല്ലുവിന്റെ വീട്ടിൽ നടന്നതും ഇപ്പോഴത്തെ രാധികയുടെ അവസ്ഥയും എല്ലാം പറഞ്ഞു..
അച്ചു എത്രയും പെട്ടന്ന് അവരെ ഹോസ്പിറ്റലിൽ എത്തിക്ക്. ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ എത്താം. അതും പറഞ്ഞ് ആദി ഫോൺ വച്ചു. അപ്പോഴേക്കും സീത എഴുന്നേറ്റിരുന്നു. അവരോടും എല്ലാ കാര്യങ്ങളും പറയുന്നതിനൊപ്പം ആദി റെഡി ആയി ഹോസ്പിറ്റലിലേക്ക് ഇറങ്ങി. ആദി ഇറങ്ങിയതും സീത ഭാഗ്യയെയും തേജയെയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അധികം വൈകാതെ തന്നെ രുദ്രനും ദേവും മഹിയും രവിയും ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങി..
ഞങ്ങളും വരാമായിരുന്നു അല്ലെ ഏട്ടത്തി… തേജ പറഞ്ഞു
ഇപ്പൊ വേണ്ട തേജ…ഞങ്ങൾ അവിടെ എത്തിയിട്ട് എന്താ അവസ്ഥ എന്ന് നോക്കട്ടെ എന്നിട്ട് നിങ്ങൾക്ക് വരാം… രവി പറഞ്ഞു.
അവർ പെട്ടന്ന് തന്നെ കാറിൽ കയറി ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിച്ചു..
………………
രാധികയെ കൊണ്ട് അച്ചുവൊക്കെ ഹോസ്പിറ്റലിൽ എത്തുമ്പോൾ ആദി എല്ലാം സെറ്റ് ആക്കി അവരെ വെയിറ്റ് ചെയ്ത് നിൽപ്പായിരുന്നു.
രാധികയെ നേരെ iccu വിലേക്ക് ആണ് മാറ്റിയത്. കല്ലുവും ഗൗരിയും കരഞ്ഞു ഒരു വഴി ആയിട്ടുണ്ട്. എല്ലാവരും ആകെ ടെൻഷനിൽ ആയിരുന്നു.
കുറച്ചുനേരം കഴിഞ്ഞിട്ടാണ് ആദി പുറത്തേക്ക് വന്നത്. അയാളുടെ മുഖം പറയുന്നുണ്ടായിരുന്നു രാധികയുടെ അവസ്ഥ മോശം ആണെന്ന്.
മോളെ കല്ലു.. കണ്ണാ രാധികക്ക് ബോധം ഉണ്ട് ഇപ്പൊ. നിങ്ങളെ കാണണം എന്ന് പറയുന്നുണ്ട്. നിങ്ങൾ ആ നഴ്സിന്റെ കൂടെ ചെല്ല്. പിന്നെ അധികം സംസാരിപ്പിക്കണ്ട..
അതുകേട്ടതും കല്ലുവും കണ്ണനും ഉള്ളിലേക്ക് പോയി. ബാക്കി ഉള്ളവർ ആദിയുടെ ചുറ്റും കൂടി.
എന്താ അച്ഛാ അവസ്ഥ രാധികാന്റിയുടെ.. അച്ചു ചോദിച്ചു.
അറ്റാക്ക് ആണ്. റിക്കവറി ചാൻസ് വളരെ കുറവാണ്. നമുക്ക് പ്രാർത്ഥിക്കാം അതേ ചെയ്യാനുള്ളൂ… ഒരു നിശ്വാസത്തോടെ ആദി പറഞ്ഞു നിർത്തി.
ഒരു പൊട്ടികരച്ചിൽ കേട്ടപ്പോൾ ആണ് എല്ലാവരും ഗൗരി അവിടെ ഉള്ള കാര്യം പെട്ടന്ന് ഓർത്തത്. അച്ചു വേഗം തന്നെ പോയി അവളെ പൊതിഞ്ഞുപിടിച്ചു.
ഉമ്മിയെ കിട്ടുന്നതുവരെ എനിക്ക് ഒരു അമ്മയുടെ സ്നേഹം തന്നത് രാധുമ്മയായിരുന്നു അച്ചേട്ടാ.. എന്നേം കല്ലുനേം വേർതിരിച്ചുകണ്ടിട്ടില്ല ഇതുവരെ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.
അച്ചുവിന് എങ്ങനെ അവളെ അശ്വസിപ്പിക്കണം എന്ന് അറിയുന്നുണ്ടായില്ല. അവൻ അവളെ പൊതിഞ്ഞുപിടിച്ചു പുറത്ത് പതുക്കെ തട്ടിക്കൊണ്ടിരുന്നു.
…………..
കല്ലുവും കണ്ണനും ഉള്ളിലേക്ക് ചെല്ലുമ്പോൾ കാണുന്നത് എന്തൊക്കെയോ വയറകളുടെ ഇടയിൽ കിടക്കുന്ന രാധുവിനെ ആണ്. കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണൻ അവളെ ചേർത്ത്പിടിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി പതിയെ വിളിച്ചു..
അമ്മേ.. കണ്ണന്റെ ശബ്ദം കേട്ടതും അവർ കണ്ണുകൾ പതിയെ തുറന്നു. കണ്ണനെയും അവന്റെ കൈക്കുള്ളിൽ നിൽക്കുന്ന കല്ലുവിനെയും കണ്ടതും അവരുടെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞു.
കണ്ണാ.. മോനെ എനിക്ക് മരിക്കുന്നതിന് മുൻപ് എന്റെ മോളെ സുമംഗലി ആയി കാണണം… അവർ വിറയലോടെ പറഞ്ഞു.
അമ്മേ എന്തൊക്കെ ആണ് പറയുന്നത്. ഒന്നും വരില്ല എന്റെ രാധുന്. കല്ലു കരഞ്ഞുകൊണ്ട് പറഞ്ഞു…
പ്ലീസ് മോളെ.. നീ ഇതിനു സമ്മതിക്കണം. നിന്നെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചാൽ എനിക്ക് സമാധാനത്തോടെ നിന്റെ അച്ഛന്റെ അടുത്തേക്ക് പോകാം.. അപ്പോഴേക്കും അവർക്ക് ചുമ വന്നു…
അതോടെ അവിടെ ഉണ്ടായിരുന്ന നഴ്സ് അവരോട് പുറത്ത് പോകാൻ പറഞ്ഞു. അവർ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പുറത്തേക്ക് പോയി. വാതിൽ അടയാൻ നേരത്തും രാധികയുടെ കണ്ണുകൾ അവരോട് അപേക്ഷിക്കുകയാണെന്നു തോന്നി അവർക്ക്.
അവർ പുറത്തിറങ്ങുമ്പോൾ ദേവർമഠത്തിലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു…
കണ്ണൻ നേരെ അടുത്തടുത്ത് നിൽക്കുന്ന ആദിയുടെയും മുത്തശ്ശന്റെയും കൈകൾ കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു…
മുത്തശ്ശാ.. എനിക്ക് നാളെ തന്നെ കൃഷ്ണയെ വിവാഹം കഴിക്കണം..
അവന്റെ ആവശ്യം കേട്ട എല്ലാവരും ഒന്ന് ഞെട്ടി..
എന്തൊക്കെയാ കണ്ണാ.. നീ പറയുന്നത്..ആദി ചോദിച്ചു.
അപ്പൊ അവൻ രാധിക അവനോടു ആവശ്യപ്പെട്ട കാര്യം പറഞ്ഞു..
എനിക്ക് ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണം അച്ഛാ..കണ്ണൻ നിറഞ്ഞകണ്ണോടെ പറഞ്ഞു..
മ്മ്.. അവർ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ടെങ്കിൽ എന്തായാലും സാധിച്ചു കൊടുക്കണം. പക്ഷേ ഇതിൽ നമ്മൾ മാത്രം അല്ല കല്ലു മോൾടെ കൂടി തീരുമാനം അറിയണം… മുത്തശ്ശൻ പറഞ്ഞു.
സീത ഗൗരിയെ കെട്ടിപ്പിടിച്ചു കരയുന്ന കല്ലുവിനടുത്തേക്ക് പോയി അവളെ തിരിച്ചുനിർത്തികൊണ്ട് അവളോട് ചോദിച്ചു.
എന്താ മോളുടെ തീരുമാനം…. കണ്ണൻ പറഞ്ഞതിന് മോൾക്ക് യോജിപ്പാണോ..
ഒരു നിമിഷം കല്ലു icu വാതിൽ അടയാൻ നേരത്തും തങ്ങളെ യാചനയോടെ നോക്കുന്ന രാധികയെ കുറിച്ച് ആലോചിച്ചു. പിന്നെ അവൾ ഗൗരിയെയും കണ്ണനെയും ഒന്ന് നോക്കി. രണ്ടുപേരും അവളെ നോക്കി കണ്ണ് ചിമ്മിക്കാട്ടി. ഗൗരി അവളുടെ കൈകളിൽ കൈകോർത്തു പിടിച്ചു.
എനിക്ക് സമ്മതമാണ് അമ്മേ…

by