രചന – ഗൗരി ലക്ഷ്മി
എന്തിന്റെ പേരിലാണെങ്കിലും ഈ കൊച്ചൻ കെട്ടിയ താലിയല്ലേ നിയമോള് പൊട്ടിച്ചെറിഞ്ഞത്..
നിയ തളർച്ചയോടെ ആദിയെ നോക്കി..
പക്ഷെ ആ കണ്ണുകൾ അലിവോടെ മറ്റൊരു പെണ്ണിലായിരുന്നു..
തന്റെ പ്രണയത്താൽ മുറിവേറ്റ മറ്റൊരു പെണ്ണിൽ.. അവന്റെ മാത്രം അല്ലിയിൽ..
നിയ മനസ്സുകൊണ്ട് തളർന്നുപോയിരുന്നു..
അവളുടെ കണ്ണിൽ ആകെ ആദിയുടെ മുഖത്തേയ്ക്കാ താലി വലിച്ചെറിഞ്ഞ നിമിഷം മാത്രമായിരുന്നു…
താൻ ക്രൂരമായി ചതിക്കപ്പെട്ടിരിക്കുന്നു..
ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്തുനിന്നും..
ആദി മുൻപോട്ട് വന്ന് ഡേവിഡിന് മുൻപിൽ നിന്നു..
അയാൾ ആകെ വിളറി നിൽക്കുകയായിരുന്നു..
അവൻ പുച്ഛത്തോടെ ചിരിച്ചു..
തന്നോട് ഞാനൊന്നും പറയുന്നില്ല.. പരിഭവമോ പരാതിയോ ഒന്നും.. ഒന്നുമില്ല..
പിന്നെ നിങ്ങളുടെ ഈ മകൾ..
എന്നെ അവളൊരുപാട് സ്നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു.. എന്നൊക്കെയായിരുന്നു എന്റെ ധാരണ.. പക്ഷെ എല്ലാം വെറും മോഹങ്ങൾ മാത്രമായിരുന്നു എന്റെ.. അതറിഞ്ഞത് ഒരു താലി ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ ശേഷമാണ് എന്നത് മാത്രമാണ് എന്റെ സങ്കടം.. അതിന് ഒരു നിമിഷം മുന്പെങ്കിലും അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഞാനാ ഉദ്യമത്തിന് മുതിരില്ലായിരുന്നു..
അവൻ പറഞ്ഞു..
പിന്നെ..
ജിജോയുടെ മുൻപിൽ ചെന്നു നിന്നവൻ ഒന്ന് ചിരിച്ചു.. ശേഷം കൈനീട്ടി അവന്റെ കവിളിലേയ്ക്ക് ആഞ്ഞടിച്ചു..
ടാ..
ഡേവിഡ് മുൻപോട്ട് വന്നു..
മിണ്ടിപ്പോകരുത്.. എന്റെ അച്ഛന്റെ പ്രായമുണ്ട്.. അതല്ലെങ്കിൽ ഈ അടി തനിക്ക് തന്നേനെ.. ഇത് ഞങ്ങളെ തമ്മിൽ പിരിച്ചതിനല്ല.. എന്നെ തന്റെ മോൾക്ക് വിശ്വാസമുണ്ടായിരുന്നെങ്കിൽ അത് നടക്കില്ലായിരുന്നു.. ഈ അടി ഇതിനൊക്കെ എന്റെ അല്ലിയെ കരുവാക്കിയതിനാണ്.. അവൾ ആഗ്രഹിച്ച അവളുടെ ജീവിതം വരെ തട്ടിത്തെറിപ്പിച്ചു നിങ്ങൾ..
അത് ഞാൻ ക്ഷമിക്കില്ല.. ഒരിക്കലും..
അവന്റെ കണ്ണുകൾ കത്തി..
അവൻ നിയയുടെ മുൻപിൽ വന്നു നിന്നു..
സഹതാപമുണ്ട് എനിക്ക്..അത്രമാത്രം.. എനിവേ.. ഓൾ ദി ബെസ്റ്റ് ഫോർ യോർ ഫ്യൂച്വർ ലൈഫ്.. ഇനി ഈ ജന്മം നീ പറഞ്ഞപോലെ ഒരു കൂടിക്കാഴ്ച ഉണ്ടാകാതെ ഇരിക്കട്ടെ..
ഒന്നുകൂടി.. ഈ കിട്ടിയ ലൈഫ് എങ്കിലും നന്നായി ജീവിക്കാൻ ശ്രമിക്കൂ.. സ്വയം തിരഞ്ഞെടുത്തതല്ലേ..
ആദി അവളെ നോക്കി..
ആ.. ആദി.. ഞാ.. ഞാൻ.. ഞാൻ ഒന്നും..
നിയയ്ക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു..
സോറി.. ഇനി എനിയ്ക്കൊന്നും പറയാനുമില്ല.. കേൾക്കാനുമില്ല..
അവൻ അത്രയും പറഞ്ഞ ശേഷം നിയയുടെ മമ്മിയെ നോക്കി..
ഇനി മേലാൽ നിങ്ങളുടെ ഈ നാവ് കൊണ്ടെന്റെ അല്ലിയെ മോശമായി പറഞ്ഞാൽ..
അവൻ പകയോടെ നോക്കി..
അവർ തലതാഴ്ത്തി..
ഞങ്ങൾ പോകുന്നു..
അതും പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു..
അല്ലി കേറ്.. മിത്രാ..
അവൻ പറഞ്ഞതും.മിത്ര അല്ലിയെയും കൂട്ടി വണ്ടിയിൽ കയറി..അവൾ മറ്റൊരു മാനസികാവസ്ഥയിലായിരുന്നു..
ആരെയും അവളൊന്ന് നോക്കിപോലുമില്ല..
ക്രിസ്റ്റിയും ശിവയും പരസ്പരം നോക്കി..
അവർ പോയതും നിയ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടി..
ഇത്രയും വേണ്ടിയിരുന്നില്ല ഇച്ചായാ..
കേറി പോടി.. ഉപദേശിക്കാൻ വന്നേയ്ക്കുന്നു.. പോയി അവളോട് ഒരുങ്ങാൻ പറയ്.. ഇന്ന് ജിജോയുടെ വീട്ടിലേയ്ക്ക് പോണം..
ഡേവിഡ് പറഞ്ഞതും റീന അകത്തേയ്ക്ക് പോയി..
നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല.. നിങ്ങൾക്ക് പോകാം..
അച്ചാമ്മയോട് പറയുമ്പോൾ ഡേവിഡിന്റെ മുഖം ചുവന്നിരുന്നു..
അല്ലേലും ഇനി ഞാൻ അങ്ങോട്ടില്ല സാറേ.. ആ പോയ ചെക്കനുണ്ടല്ലോ… ആ കൊച്ചൻ അത്രയ്ക്ക് നല്ലവനായതുകൊണ്ടാ അത്രേം തടസ്സം ഉണ്ടായിട്ടും സാറിന്റെ കൊച്ചിനെ കെട്ടിയത്.. ജീവൻ പോലും പണയം വെച്ചാ കൊച്ചന്റെ കൂടെ നിന്നതാ ആ പെങ്കൊച്ച്..
നിങ്ങളുടെ മോൾടെ പ്രായമല്ലേയുള്ളൂ അതിന്.. അതിന്റെ ജീവിതം കൂടി നിങ്ങൾ തകർത്തു.. അങ്ങനെ ഒരാളുടെ കീഴിൽ ഇനി നിൽക്കാൻ ഈ അച്ചാമ്മയ്ക്ക് പറ്റത്തില്ല സാറേ.. പക്ഷെ ഒന്നോർത്തോ.. ഇന്നും ആ പെങ്കൊച്ചിനെ ഞാൻ കണ്ടതാ..
അത് ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും അതിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. നിങ്ങളുടെ മോൾക്ക് വേണ്ടി നിങ്ങളാ കൊച്ചിന്റെ ജീവിതം തകർത്തു.. ആ കണ്ണീരിന്റെ ശാപം നിങ്ങളുടെ കൊച്ചിനെ ബാധിക്കാതെ നോക്കിക്കോ..
അതും പറഞ്ഞാ വൃദ്ധ തിരിഞ്ഞു നടക്കുമ്പോൾ ജിജോയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.. അവൻ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോകുന്നതും നോക്കി ഡേവിഡ് നിന്നു..
ശേഷം ദേഷ്യത്തോടെ മുൻപിൽ കിടന്ന ജീപ്പിലേയ്ക്ക് ഇടിച്ചു..
പിന്നെ മെല്ലെ പുഞ്ചിരിച്ചു..
തന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റിയെന്നോണം ആ ചിരിയ്ക്ക് വല്ലാത്തൊരു തെളിച്ചമുണ്ടായിരുന്നു..
************************
കാർ ഫ്ലാറ്റിന് മുൻപിൽ നിർത്തിയതും മിത്ര ക്രിസ്റ്റിയെയും ആദിയെയും നോക്കി..
തൽക്കാലം താൻ അല്ലിയുടെ കൂടെ നിൽക്ക്.. ഞാനും ക്രിസ്റ്റിയും ഫ്ലാറ്റിലേക്ക് പോവാ..
മ്മ്..
അവൾ മൂളി..
അല്ലിയെ ഒന്ന് ശ്രദ്ധിച്ചോണം..
ക്രിസ്റ്റി പറഞ്ഞു..
മ്മ്..
അതിനും മിത്ര മൂളി..
മഠത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്.. ഫ്രൈഡേ നാട്ടിലേയ്ക്ക് കൊണ്ടാകാം തന്നെ.. അതുവരെ ഇവിടെ നിൽക്ക്.. താനിവിടുള്ളത് അല്ലിയ്ക്കും ആശ്വാസമാകും..
ക്രിസ്റ്റി പറഞ്ഞു.. അവൾ അല്ലിയെ നോക്കി..
മയക്കത്തിലാണ്… ആകെ തകർന്ന കോലം..
അല്ലി..
മിത്ര വിളിച്ചതും അവൾ ക്ക്ന്നു തുറന്നു..
വാ..
മിത്ര പറഞ്ഞു..
അല്ലി ഇറങ്ങി ചുറ്റും നോക്കി..
ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്..
അവളുടെ കണ്ണു നിറഞ്ഞു വന്നു..
അല്ലി.. വാ..
ആദി അവളുടെ കൈ പിടിച്ചു നടന്നു..
അപ്പോഴേയ്ക്കും ക്രിസ്റ്റിയും മിത്രയും ചേർന്ന് അവളുടെ ബാഗ് എടുത്തു നടന്നു..
ഫ്ലാറ്റിന്റെ മുന്പിലെത്തി ബെല്ലടിക്കുമ്പോഴും അല്ലിയുടെ മനസ്സിൽ വല്ലാത്ത വെപ്രാളമായിരുന്നു..
ദിവസങ്ങൾക്ക് മുൻപ് ഉറ്റ കൂട്ടുകാരന്റെ വിവാഹം നടത്താൻ ഇറങ്ങി തിരിച്ചവളാണ് താൻ.. ഇപ്പോഴിതാ അവന്റെ താലിയും കഴുത്തിൽ അണിഞ്ഞു നിൽക്കുന്നു..
അവരോട് ഒന്നും പറഞ്ഞിട്ടില്ല..
അവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയും…
അവൾ ആദിയെ നോക്കി.. അവന്റെ കൈകൾ പൊതിഞ്ഞു പിടിച്ചിരിക്കുന്ന തന്റെ കൈകളിലേയ്ക്കും..
മിനിഞ്ഞാന്ന് വരെ ഈ പിടുത്തം ഒരു സംരക്ഷണമായിരുന്നു . ഒരു നല്ല സൗഹൃദത്തിന്റെ അതിന്റെ കരുതലിന്റെ സ്നേഹത്തിന്റെ പ്രതീകം.. പക്ഷെ ഇന്നവൻ തന്റെ താലിയുടെ അവകാശിയാണ്.. ആ ഓർമ്മ പോലും അവൾക്കാ നിമിഷം ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു..
അല്ലി..
വാതിൽ തുറന്നു വന്ന മുമ്മു അല്ലിയെ കണ്ടതും ഒന്നും നോക്കാതെ അവളുടെ കഴുത്തിലേയ്ക്ക് തൂങ്ങി..
പിന്നെ അവളുടെ കവിളിൽ മുത്തി..
വാ.. ചോദിക്കട്ടെ..
മുമ്മു അവളെ അകത്തേയ്ക്ക് വലിച്ചു..
ആദിയുടെ കൈകൾ അവൻ പോലുമറിയാതെ അവളിൽ നിന്ന് വേർപെട്ടു..
വാ..ഇരിക്ക്..
ആദി.. കേറി വാ..
മുമ്മു വല്ലാത്ത സന്തോഷത്തിലായിരുന്നു..
അപ്പോഴേയ്ക്കും മിത്രയും ക്രിസ്റ്റിയും കൂടെ എത്തിയിരുന്നു. നാലാളും ഹാളിൽ ഇരുന്നു..
ട്രീസ..
ഞാനിവിടെ ഉണ്ട്..
അതും പറഞ്ഞവൾ ജ്യൂസുമായി വന്നു..
ഹായ് മിത്രാ.. സുഖമായി ഇരിക്കുന്നോ..
മ്മ്..
അവൾ പരിചിത ഭാവത്തിൽ ചിരിച്ചതെയുള്ളൂ..
മിത്ര കുറച്ചീസം നിങ്ങൾക്കൊപ്പം കാണും..
ആദി പറഞ്ഞു..
അതിനെന്താ.. ഞങ്ങൾക്ക് സന്തോഷേയുള്ളൂ.. അല്ല നീയെന്താ അല്ലി ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത്.. എന്തെങ്കിലുമൊക്കെ പറയെടാ..
മുമ്മു പറഞ്ഞു..
അവളൊന്ന് ബദ്ധപ്പെട്ട് ചിരിച്ചു..
അയ്യേ.. ഇതെന്ത് ചിരി… നീയെന്തിനാ അല്ലിപെണ്ണേ ഇങ്ങനെ വിഷമിക്കുന്നത്..
ട്രീസ ചോദിച്ചു..
അവളുടെ കണ്ണു നിറഞ്ഞു..
എന്റെ കർത്താവേ.. ഇവിടുന്ന് പോകുമ്പോ ഉരുളയ്ക്ക് ഉപ്പേരി പോലെ റിപ്ലൈ തന്നോണ്ടിരുന്ന കൊച്ചാ.. അല്ല ആദി.. നീയിതിനെ കെട്ടിയപ്പോ ഇവളുടെ വോക്കൽ കോഡ് എടുത്തു പാത്തു വെച്ചോ..
ട്രീസയുടെ ചോദ്യം കേട്ട് അല്ലി ഞെട്ടലോടെ അവളെ നോക്കി.. കൂടിയിരുന്നവരുടെ പുഞ്ചിരിയിൽ അവർ എല്ലാം അറിഞ്ഞു എന്ന് അവൾക്ക് ബോധ്യമായിരുന്നു..
അവൾ കണ്ണു തുടച്ചു..
എനിക്ക് എനിക്കൊന്ന് കിടക്കണം മുമ്മു.. ആദി.. ക്രിസ്റ്റി.. ഞാൻ കിടന്നോട്ടെ..
മ്മ്..
ആദി മൂളി..
നിന്റെ ബാഗ് ഒക്കെ ഇവിടെ കൊണ്ടു വെച്ചിട്ടുണ്ട്.. പിന്നെ ചുമ്മാ ഇനി കരഞ്ഞോണ്ട് ഇരിക്കരുത്.. മാക്സിമം ഈയാഴ്ച തന്നെ ഓഫീസിലോട്ട് വന്നേയ്ക്കണം.. നീയില്ലേൽ അവിടം ആകെ കുളമാകും.. അറിയാല്ലോ.. പിന്നെ റോയിച്ചനും ജോളിമ്മയും കാത്തിരിക്കുവാ അവിടെ… നാളെ അവിടെ വരെ ഒന്നു പോണം നമുക്ക്.. സോ ഇനി ഇങ്ങനെ മൂടി ആയിട്ടിരിക്കരുത് കേട്ടോ..
ക്രിസ്റ്റി പറഞ്ഞു..
മ്മ്..അവൾ മൂളി..
ദേ ട്രീസാ.. മുമ്മു.. ഇവളെ നിങ്ങളെ ഏല്പിക്കുവാ.. ഇനി ഞങ്ങൾ തമ്മിൽ കാണുമ്പോ ഞങ്ങളുടെ പഴയ അല്ലിയെ ഞങ്ങൾക്ക് തന്നേയ്ക്കണം..
ക്രിസ്റ്റി പറഞ്ഞതും ട്രീസ ഏറ്റു എന്നു കൈ കാണിച്ചു.. മിത്രയും മുമ്മുവും ചിരിച്ചു..
അപ്പൊ ശെരി..ഞങ്ങളും ഇറങ്ങുവാ..
ആദി പറഞ്ഞു..
അവർ യാത്ര പറഞ്ഞിറങ്ങും മുൻപേ തന്നെ അല്ലി മുറിയിലേയ്ക്ക് പോയിരുന്നു..
കിടക്കയിലേക്ക് വീണവൾ നെഞ്ചുപൊട്ടിക്കരഞ്ഞു..വേദനയോടെ..
**********************
നിയാ..
ജിജോയുടെ വിളി കേട്ടിട്ടും അവൾ അനങ്ങിയില്ല.. കിടക്കയിൽ കമഴ്ന്നു കിടന്നു കരയുകയായിരുന്നു അവൾ അപ്പോഴും..
നിയാ..
ഇത്തവണ കൂടുതൽ ദേഷ്യത്തിലായിരുന്നു അവന്റെ വിളി..
അവൾ അനങ്ങിയില്ല എന്നു കണ്ടതും അവൻ കിടക്കയിലേയ്ക്കിരുന്നു… ശേഷം ദേഷ്യത്തോടെ അവളുടെ അഴിഞ്ഞു കിടന്ന മുടിയിൽ പിടിച്ചുയർത്തി..
അവൾ വേദന കൊണ്ട് വീണ്ടും കരഞ്ഞു.. വൃഥാ അവന്റെ കയ്യ് വിടുവിക്കാൻ ശ്രമിച്ചു..
വിട്..
അവൾ കുതറി.. അവൾക്ക് നല്ലതുപോലെ നോവുന്നുണ്ടായിരുന്നു..
എന്തിനാടി ഈ മോങ്ങുന്നത്.. എന്തേ നിന്റെ തന്ത ചത്തോ..
അവന്റെ ചോദ്യം കേട്ടതും അവൾ അവന്റെ കൈ തട്ടി മാറ്റി..
കത്തുന്ന ഒരു നോട്ടം അവനെ നോക്കി..
തൊട്ടുപോകരുത് എന്നെ. ചതിയനാ നിങ്ങൾ.. ചതിയൻ..
അതേടി.. ഞാൻ ഒറ്റയ്ക്കല്ല ചതിച്ചത്.. നിന്റെ തന്തയും കൂടെയാണ്.. അല്ല.. അതെന്തിനായിരുന്നു.. മനസ്സമ്മതം വരെ എത്തിച്ചിട്ട് നാണം കെടുത്തിയതല്ലേടി നീയും അവനും ആ മറ്റവളും കൂടെ എന്നെ.. അതങ്ങു മറന്നോ..
അവൻ പുച്ഛത്തോടെ ചോദിച്ചു.
അവൾ അവനെ നോക്കി..
ഞാനും ആദിയും ഇഷ്ടത്തിലാണെന്ന് നിങ്ങൾക്ക് അറിയാമായിരുന്നു..
അറിയാമായിരുന്നു.. എന്നിട്ടും വിവാഹം ഉറപ്പിച്ചെങ്കിൽ നിന്നെകൊണ്ട് എനിക്ക് അത്രയ്ക്ക് ആവശ്യം ഉണ്ടായിട്ട് തന്നെയാ.. എന്നിട്ട് നീയത് മുടക്കിയാൽ ഞാൻ സമ്മതിക്കുമോ..
പിന്നെ രണ്ടാം കെട്ട് ആണേലും നീയിപ്പോ എന്റെ കെട്യോളല്ലേ.. എന്നിട്ടിങ്ങനെ തൊടരുത് പിടിക്കരുത് എന്നൊക്കെ പറയുന്നത് മോശമല്ലേ..
അവൻ വശ്യമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു..
ആ ഉദ്ദേശം നിന്റെ മനസ്സിൽ ഇരിക്കേയുള്ളൂ..
അങ്ങനെ എന്നെ ചതിച്ചു താലി കെട്ടി കൂടെ പൊറുപ്പിക്കാം എന്ന ചിന്ത വേണ്ട..
അതും പറഞ്ഞവൾ എഴുന്നേറ്റു.. നടന്നു തുടങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കിടക്കയിലേക്ക് ഇട്ടു..
അവൾ ഞെട്ടി അവനെ നോക്കി..
ഏതായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇന്നലെ ആഘോഷിക്കാതെ പോയ നമ്മുടെ ഫസ്റ്റ് നൈറ്റ് ഇന്ന് ഈ പകൽ അങ്ങ് ആഘോഷിച്ചേക്കാം..
അവൻ പറയുന്നത് കേട്ടവളുടെ ഹൃദയമൊന്ന് പിടഞ്ഞു..
വിട്.. എനിക്ക് പോകണം..
അവൻ അവളെ നോക്കി ചിരിച്ചു..പിന്നെ അവൾക്ക് നേർക്ക് നീങ്ങി..
അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു..
നിന്റെ അപ്പൻ പറഞ്ഞത് നിന്നെ കെട്ടിച്ചു തന്നു ഇനി വേണമെങ്കിൽ ഞാൻ വരുതിക്ക് നിർത്തിക്കോണം എന്നാ..
അവന്റെ വാക്ക് കേട്ടവൾ ഞെട്ടി..
തീറെഴുതി നൽകിക്കഴിഞ്ഞു തന്നെ..
അവൾ ആലോചനയോടെ കിടക്കേ തന്നെ അവന്റെ നിശ്വാസങ്ങൾ തന്റെ ശരീരത്തിൽ പടരുന്നത് അവൾ അറിഞ്ഞു..
അവളുടെ കണ്ണുകൾ നിറഞ്ഞു..
കണ്ണടച്ചതും കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ കവിളിലേയ്ക്ക് ഒഴുകി..
അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു..
ഞാനത്ര ദുഷ്ടനൊന്നുമല്ല..
അവൻ ആർദ്രമായി പറഞ്ഞു.. അവൾ കണ്ണു തുറന്നു..
ഇഷ്ടമാണ് നിന്നെ.. ഒരുപാട്.. അതിനുമപ്പുറം ബെഡ്റൂമിൽ പെണ്ണുമ്പിള്ളയെ റേപ്പ് ചെയ്യാൻ മാത്രം ചെറ്റയല്ല ജിജോ..
അവൻ എഴുന്നേറ്റിരുന്നു..
അവളും എഴുന്നേറ്റ് കണ്ണുതുടച്ചു..
എന്നാടി പെണ്ണേ.. അവൻ വേറെ കെട്ടിയില്ലയോ.. ഇനി വിട്ടുകളയ്..
അവൻ പറഞ്ഞു..
നിയയുടെ കരച്ചിൽ കൂടി..
ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ എന്റെ അപ്പനും അമ്മയും നിന്നെ കാണുമ്പോ ഞെട്ടിപ്പോവല്ലോ..
പോയി മുഖം കഴുകിയിട്ടു വാ… നമുക്കിറങ്ങണം . അവരൊക്കെ കാത്തിരിക്കുവാ അവിടെ..
അവൾ എതിർത്തില്ല..
വാഷ്‌റൂമിലേയ്ക്ക് പോകുന്നവളെ നോക്കി അവൻ പുച്ഛത്തോടെ ചിരിച്ചു..
ഡേവിഡ് എന്ന നിന്റെ അപ്പന്റെ സ്വത്തുക്കൾ എനിക്ക് വേണം മോളെ.. അതുവരെ നീ ഇങ്ങനെ കൂടെ നിൽക്ക്..അത് കഴിഞ്ഞു കാണണം നമുക്ക്..
അവൻ മനസ്സിൽ പറഞ്ഞു..
തന്റെ ലക്ഷ്യങ്ങൾ നിറവേറിയവന്റെ പുഞ്ചിരി അവളും മനസ്സിൽ കാണുന്നുണ്ടായിരുന്നു..
സഹിക്കും ഞാൻ.. എന്തും.. പക്ഷെ അതെന്തായാലും ഇനിയീ ജന്മം ഞാൻ ചെയ്ത പാപത്തിന് മാപ്പില്ല.. അതിന് പകരമായി ഈ ജന്മം എന്തും സഹിച്ചോളാം ആദീ ഞാൻ..
അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് കണ്ണിലേക്ക് വെള്ളമൊഴിച്ചു..
കണ്ണും മനസ്സും ഒരുപോലെ നീറുന്നുണ്ട്..
അവൾ മുഖം തുടച്ചു..
ശേഷം മുഖത്തൊരു പുഞ്ചിരി ഫിറ്റ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി..
ജീവിതത്തിൽ അഭിനയിക്കാൻ ഉറച്ചുകൊണ്ട്..
തുടരും..

by