18/04/2026

ആത്മരാഗം : ഭാഗം 09

രചന – ഗൗരി ലക്ഷ്മി

അല്ലി കരഞ്ഞുകൊണ്ട് അകത്തേയ്ക്കോടി.. പുറകെ മീനയും ജോളിമ്മയും പോയി..

അവൻ അയാളെ ഒന്ന് നോക്കി.. കത്തുന്ന ഒരു നോട്ടം.. ശേഷം ആ കൈ തട്ടി മാറ്റി അവൻ ബൈക്കുമെടുത്തു പോയി…

അപ്പോഴും തന്റെ ജീവിതത്തിന്റെ ദിക്കോ ദിശയോ ഒഴുക്കോ തിരിച്ചറിയാതെ അവന്റെ മനസ്സ് നൂലുപൊട്ടിയ പട്ടം കണക്കെ ഒഴുകി നടക്കുകയായിരുന്നു..

**************************

ഫോണിൽ തുടർച്ചയായി വരുന്ന കോളുകൾ കണ്ടതും ആദി ഫോണെടുത്തു..

പറയ്..

അവൻ ഈർഷ്യയോടെയാണ് സംസാരിച്ചത്. പക്ഷെ മറുപുറത്തുനിന്ന് കേട്ട ഓരോ കാര്യങ്ങളും അവനെ അടിമുടി മാറ്റിമറിക്കാൻ ശക്തിയുള്ളവയായിരുന്നു..

അവന്റെ കണ്ണ് ചുവന്നു.. നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി..

ഞാനെത്തും..തൽക്കാലമിത് നമ്മൾ മാത്രം അറിഞ്ഞാൽ മതി..

ആദി പറഞ്ഞു..

വാട്ട്.. എന്തിന്.. ഛേ..ആ സാരമില്ല.. ഞാനത് മാനേജ് ചെയ്തോളാം.. മറ്റൊരാളും തൽക്കാലം ഇതൊന്നും അറിയേണ്ട.. കേട്ടല്ലോ..

അത്രയും പറഞ്ഞവൻ ഫോൺ കട്ടാക്കി..

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഒരല്പം ആശ്വാസത്തിനായി അവന്റെയുള്ളം അലറി വിളിക്കുന്നതുപോലെ അവനു തോന്നി..

അല്ലിയുണ്ടായിരുന്നെങ്കിൽ..

അവളുടെ തോളിൽ വെറുതെ ഒന്ന് ചാഞ്ഞിരുന്നാൽ പോലും താൻ അതുവരെയുള്ള എല്ലാ സ്ട്രെസ്സും മറക്കും… പക്ഷെ ഇത്…

അവൻ മനസ്സിലോർത്തു.. മെല്ലെ അവൻ താഴെ വെറും മണ്ണിൽ ഇരുന്നു..

പുല്ലുകൾ മുളച്ച ആ മലമുകളിൽ അവൻ വെറുതെ കിടന്നു.. എന്തൊക്കെയോ ആലോചനകൾ.. ആരുടെയൊക്കെയോ മുഖം.. അല്ലിയുടെ കണ്ണുനീർ..

അവന്റെയുള്ളം ഒരഗ്നിപർവ്വതമെന്നോണം തിളച്ചുമറിഞ്ഞു..

അപ്പോഴാണ് വീണ്ടും ഫോൺ ബെല്ലടിച്ചത്..അവൻ ഫോൺ നോക്കി..

അച്ഛനാണ്..

ഒരു തവണ ഫോൺ അടിച്ചു തീരും വരെ അവൻ കാത്തിരുന്നു.. രണ്ടാമത് വന്നതും അവൻ ഫോണെടുത്തു..

ഹലോ..എവിടെ.

ഞാൻ ഒരാളെ കാണാൻ വന്നതാണ്.. ഒരു ഒരുമണിക്കൂറിനുള്ളിൽ ഞാനങ്ങെത്തും.

അവൻ അതും പറഞ്ഞു മുരളിയെ ഒന്നും പറയാൻ അനുവദിക്കാതെ ഫോൺ കട്ട് ചെയ്തു..

കുറച്ചുനേരം കൂടെ ആലോചനയോടെ ഇരുന്നു. ശേഷം അവൻ ക്രിസ്റ്റിയുടെ നമ്പർ ഡയൽ ചെയ്തു കാതോട് ചേർത്തു..

****************************
നിയാ..

ജിജോയുടെ വിളികേട്ടവൾ തിരിഞ്ഞുനോക്കി..

എന്താ ജിജോ..

അവൻ മുറിയിലേയ്ക്ക് വന്നു..

നീ കരയുവാണോ.

അവൾ കണ്ണു തുടച്ചു.

ഹേയ്.. കണ്ണിലെന്തോ പോയതാണ്..

അവൾ പറഞ്ഞു..

അവനൊന്ന് പുഞ്ചിരിച്ചു..

കല്യാണം അടുത്ത വെള്ളിയാഴ്ചയാണ്..

മ്മ്.. അറിയാം..

അവൾ പറഞ്ഞു..

സാരിയും ഓർണമെന്റ്റ്‌സും മിന്നും ഒക്കെ എടുക്കേണ്ടേ…

മ്മ്..

നമുക്ക് നാളെ ഒന്ന് പോയാലോ..

അവൾ അവനെ നോക്കി..

പപ്പയും മമ്മിയും വരും.. നിങ്ങൾ പോയി എടുത്തോളൂ..

അവൾ പറഞ്ഞു…

അത് വേണ്ട… നിയാ ഞാൻ വീണ്ടും പറയുന്നു.. തനിക്ക് താത്പര്യമില്ലെങ്കിൽ മാര്യേജ് നമുക്ക് മറ്റൊരു ഡേറ്റിൽ നടത്താം.. അതെനിക്ക് ഇഷ്യൂ അല്ല.. പക്ഷെ താനിങ്ങനെ ഒന്നിനും ഒരു താൽപര്യവും ഇല്ലാതെ നിൽക്കുമ്പോൾ എനിക്കെന്തോ..

ജിജോ പ്ലീസ്..നിങ്ങളൊക്കെ എന്നെയൊന്ന് മനസ്സിലാക്കണം.. വിവാഹത്തിന് സമ്മതമാണ് എന്നു ഞാൻ പറഞ്ഞത് ഒരു തമാശയ്ക്ക് അല്ല.. സമ്മതമായിട്ട് തന്നെയാണ്.. പിന്നെ എന്റെ മാനസികാവസ്ഥ.. ഞാനൊരു മനുഷ്യനാണ്..

തെറ്റ് പറ്റിയത് എനിക്കാണ്.. സമ്മതിക്കുന്നു.. പക്ഷെ അതൊന്ന് ഉൾക്കൊള്ളാനുള്ള ടൈം എനിക്ക് നിങ്ങൾ തരൂ.. മിന്ന് കെട്ടിന് ജിജോയെ പൂർണ്ണമായും ഉൾക്കൊണ്ട് തന്നെയാകും ഞാൻ പള്ളിയിൽ നിൽക്കുന്നത്.. വാക്ക്.. പക്ഷെ ആ ദിവസം വരെ എന്നെ വെറുതെ വിടണം.. പ്ലീസ്..

നിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

ജിജോ അൽപ്പനേരം അവളെ നോക്കിയിരുന്നു..

ഞാൻ തന്നെ നിര്ബന്ധിക്കുന്നില്ല നിയാ.. പക്ഷെ എന്റെ ജീവിതത്തിലെ അത്രത്തോളം ഞാൻ ആഗ്രഹിച്ച മുഹൂർത്തമാണ് ഇത്..അതിൽ എനിക്കും ഡ്രീംസ് ഉണ്ട്.. തന്റെ മുഖത്തെ ഈ വേദന എന്നെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്നത് നീ അറിയുന്നില്ല..

അതും പറഞ്ഞവൻ പുറത്തേയ്ക്കിറങ്ങിപോയി..

നിയ അവന്റെ പോക്ക് നോക്കി നിന്നു.. അവൾക്ക് മനസ്സിൽ വല്ലാത്ത വേദന തോന്നി..

അവളാ കിടക്കയിലേയ്ക്ക് കിടന്നു. പൊട്ടിക്കരഞ്ഞു.. ഹൃദയം പൊട്ടി നിലവിളിച്ചു..

ആദി..

അവന്റെ മുഖം അവളുടെ മനസ്സിൽ നിറഞ്ഞു..

ആദ്യമായി അവനെ കണ്ട ദിവസം..

അന്ന് താൻ ആദ്യം ശ്രദ്ധിച്ചത് അവന്റെ കുസൃതി നിറഞ്ഞ മിഴികളായിരുന്നു..

അന്നും അവന്റെ കൈകൾ അല്ലിയുടെ തോളിൽ ചുറ്റി കിടക്കുകയായിരുന്നു..

അത് കണ്ടപ്പോൾ അതിനു ശേഷം അവർ തമ്മിലുള്ള അടുപ്പം അറിഞ്ഞപ്പോൾ അപ്പോഴൊക്കെ വേദന തോന്നിയിരുന്നു.. എന്തിനായിരുന്നു അത്..

പിന്നീടെപ്പോഴോ അവനും തന്നെ ശ്രദ്ധിച്ചു തുടങ്ങിയത് അറിഞ്ഞു.. അല്ലിയുമായുള്ള അടുപ്പമൊന്നും അന്ന് തന്നെ ബാധിച്ചിരുന്നില്ല..

അവളുമായി അന്നൊരു പ്രണയമുണ്ടെങ്കിൽ പോലും തന്നെയത് ബാധിക്കുമായിരുന്നില്ല.. പിന്നീട് അവനെ ആകർഷിക്കാൻ എന്തൊക്കെ ചെയ്തു കൂട്ടി..

ഓർക്കുംതോറും അവളുടെയുള്ളം നീറിപ്പുകഞ്ഞു..

അവൻ പോകുന്നിടത്തൊക്കെ തിരഞ്ഞു പിടിച്ചു പോയി തുടങ്ങി.. അവനെ കാണിക്കുവാൻ വേണ്ടി മാത്രം കുറുമ്പ് അഭിനയിച്ചു തുടങ്ങി.. കൂട്ടുകാരികളോട് വെറുതെ ചളി പറഞ്ഞു ചിരിക്കാൻ തുടങ്ങി…

കോളേജിലെ ക്ലബ്ബുകളിൽ വെറുതെ അംഗമായി.. അവൻ ആക്ട്ടിവ് ആയ ക്ലബ്ബുകളിലൊക്കെ താനും ആക്ട്ടീവ് ആയി തുടങ്ങി.. എന്തെല്ലാം കോപ്രായങ്ങൾ..

ഒക്കെ ഓർക്കവേ അവൾക്ക് സ്വയം പുച്ഛം തോന്നി..

പിന്നീടെപ്പോഴോ അവനോടൊപ്പമുള്ള ചെറു യാത്രകൾ സ്വന്തമായി.. അവൻ അവന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ആദ്യം എത്ര സന്തോഷമായിരുന്നു..

പിന്നീട് എപ്പോഴാണ് ആ സന്തോഷങ്ങൾ മാഞ്ഞു തുടങ്ങിയത്.. അല്ലിയുമായി പഴയതിലും അടുപ്പം അവനു കൂടിയതെയുള്ളൂ..അതിന്റെ പേരിലുള്ള ചെറു കലഹങ്ങൾ.. പക്ഷെ അപ്പോഴൊന്നും അവനായി ആ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപോട്ട് വന്നിരുന്നില്ല..

അന്നൊക്കെയും അവന്റെ സങ്കടങ്ങങ്ങൾ ഏറ്റുവാങ്ങാൻ അല്ലിയുടെ തോളുണ്ടായിരുന്നു.. അന്നൊക്കെയും അല്ലിയോ താനോ എന്ന ചോദ്യത്തിന് അല്ലി എന്നത് മാത്രമായിരുന്നു അവന്റെ ഉത്തരം..

പിന്നെ അല്ലിയെ മാനസികമായി അംഗീകരിക്കുക എന്നത് മാത്രമായി തന്റെ മുൻപിലുള്ള വഴി..

അത് തന്നെയായിരുന്നു താൻ ചെയ്തതും.. അല്ലിയെ അംഗീകരിച്ചു തുടങ്ങി.. പക്ഷെ ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ പറഞ്ഞാലും അവളോടുള്ള അവന്റെ അടുപ്പം ഒരു കരടായി ഉണ്ടായിരുന്നു.. പക്ഷെ അതും മാഞ്ഞു പോയത്.. അല്ല മറന്നുപോയത് ജിജോ തന്റെ ജീവിതത്തിലേക്ക് വന്ന ശേഷമായിരുന്നു.. അവൻ തന്നോട് കാണിച്ചതൊക്കെയും ആദിയോടുള്ള ഇഷ്ടത്തിന് മുൻപിൽ വെറുപ്പോടെയെ കണ്ടിട്ടുള്ളു..

ഇപ്പോൾ..

അവൾക്ക് തലപൊട്ടിപോകും പോലെ വേദന തോന്നി…

കഴുത്തിൽ അവന്റെ താലി വീണ നിമിഷം..

ആ നിമിഷം തെളിമയോടെ അവളുടെ ഹൃദയത്തിൽ നിറഞ്ഞു..

എത്ര സന്തോഷമായിരുന്നു ഉള്ളിൽ..

ആദി..

അവൾ പിടഞ്ഞെഴുന്നേറ്റു..

ഇനി തന്റെ കല്യാണത്തിന് ദിവസങ്ങൾ മാത്രമേ ബാക്കിയയുള്ളൂ..

വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് താൻ ആദിക്ക് പൂർണ്ണമായും അന്യരാകും.. ആദി..

അവൾക്ക് ചങ്ക് പറിഞ്ഞു പോകും പോലെ തോന്നി..

ആദിയുടെ മുഖം.. അവന്റെ ചിരി.. അവന്റെ കണ്ണുനീർ..

അവനു പറയാനുള്ളത് താൻ കേട്ടില്ല.. അവനെ വിളിക്കണം.. അവനോട് സംസാരിക്കണം..

നാളെ ജിജോ തന്റെ കഴുത്തിൽ മിന്ന് കെട്ടും.. ആദി താലി കെട്ടിയ കഴുത്തിൽ..

അവൾക്ക് തലപൊട്ടിപോകുമ്പോലെ തോന്നി..

വിവാഹിതയായാൽ താൻ അവന്റേതാകും.. അവന്റെ പെണ്ണാകും.. മനസ്സുകൊണ്ടും ശരീരം കൊണ്ടും..

കഴിയുമോ തനിക്ക് അതിന്..

ആദിയുമൊത്ത് താൻ സ്വപ്നം കണ്ട നിമിഷങ്ങൾ.. അതൊക്കെ ജിജോയ്ക്കൊപ്പം.. ജിജോയുടെ കയ്യാൽ തന്റെ മെയ് നാണം കൊണ്ട് ചുവക്കുമോ..

അവൾക്ക് പരവേശംതോന്നി..

അവൾ ചാടിയെഴുന്നേറ്റു..

ഫോണെടുത്തു..

ആദിയുടെ നമ്പർ തപ്പി കണ്ടെത്തി..

ആദിയെ വിളിക്കണം..

ആദിയുടെ നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തുവെച്ചു..

ഡയലിങ്ങ് അലർട്ട് കേൾക്കുംതോറും അവളുടെ ഹൃദയമിടിപ്പ് വർധിച്ചു..

അടുത്ത നിമിഷം മിഴിവോടെ അവനും അല്ലിയുമൊത്തുള്ള നിമിഷങ്ങൾ നിറഞ്ഞു..

അവളോടൊപ്പം അവൻ..

തന്നെ മയക്കിക്കിടത്തി..

അവളുടെ കണ്ണുകൾ ചുവന്നു..കണ്ണുനീർ വീണ്ടും ഒഴുകി.. അവളാ ഫോൺ കട്ടാക്കി കട്ടിലിലേക്ക് എറിഞ്ഞു..

എന്തിനാ ആദീ.. എന്തിനാ നീ എന്നോട്.. ഇത്രയ്ക്ക് സ്നേഹിച്ചിട്ടും എന്തിനാ എന്നെ ചതിച്ചത്..

അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.. ഹൃദയം പൊട്ടിത്തകരുന്ന വേദനയോടെ….

*************************

അല്ലി..

മീന വിളിച്ചതും അവൾ കണ്ണുതുടച്ച് അമ്മയെ നോക്കി..

അവർ അവൾക്കരികിൽ ഇരുന്നു.. അവളെ തന്റെ നെഞ്ചോട് ചേർത്തു.. തന്റെ വേദനകളൊക്കെയും അവരിലേക്ക് ഇറക്കിവെയ്ക്കും പോലെ പൊട്ടിക്കരഞ്ഞു..

എന്താ മോളെ.. എത്ര ദിവസമായി ഇങ്ങനെ.. എന്താടാ.. കാർത്തിയോട്.. കാർത്തിയോട് അമ്മ വിളിച്ചു പറയട്ടെ.. എന്റെ മോളെ ഉപേക്ഷിക്കരുതെന്ന്.. അമ്മ അവന്റെ കാലു പിടിക്കാം..

വേണ്ട..

അതും പറഞ്ഞവൾ നിഷേധാർത്ഥത്തിൽ തലയാട്ടി..

എനിക്ക്.. എനിക്ക് അയാളെ കല്യാണം കഴിക്കാത്തതിൽ ഒരു സങ്കടവുമില്ല.. പക്ഷെ എന്തിനാ അമ്മേ എന്നോട് ആദിയെ കല്യാണം കഴിക്കാൻ പറയുന്നത്.. എല്ലാർക്കും അറിയില്ലേ ഞങ്ങളെ.. ഞങ്ങൾ അങ്ങനെയൊക്കെ ചെയ്യുമെന്ന് ഇപ്പോഴും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..

അങ്ങനെയല്ല മോളെ..

മീന അവളെ ഒന്നുകൂടി മുറുകെ ചേർത്തു പിടിച്ചു..

നിങ്ങളെ ഞങ്ങൾക്ക് അറിയാം..പക്ഷെ നാട്ടുകാർക്ക് അങ്ങനെയല്ലല്ലോ.. നിനക്കോ ആദിയ്ക്കോ ഇനി നല്ലൊരു ബന്ധം വരുമോ.. അങ്ങനെ വന്നാൽ തന്നെ നിങ്ങൾ പിന്നെയും ഒന്നിച്ച് ഇടപെടുമ്പോൾ അവർ സംശയിക്കില്ലേ..

മീനയുടെ ചോദ്യങ്ങൾക്ക് അല്ലിയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല..

അങ്ങനെ വന്നാൽ നിങ്ങൾക്ക് കഴിയുമോ പരസ്പരം കാണാതെയും മിണ്ടതെയും ഇരിക്കാൻ..

അല്ലി വീണ്ടും കരഞ്ഞു..

റോയ് സർ ആണ് പറഞ്ഞത് നിങ്ങൾക്ക് അതിന് പറ്റില്ലെന്ന്.. നിങ്ങളെപ്പോലെ നിങ്ങളെ മറ്റാർക്കാ മനസ്സിലാക്കുന്നത്..

ഇപ്പൊ തന്നെ ആദിയ്ക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നില്ലെങ്കിൽ നിങ്ങളുടെ കല്യാണം ഞങ്ങൾ നേരത്തേ നടത്തിയേനെ..

അല്ലി ഞെട്ടി അവരെ നോക്കി..

നീ ഞെട്ടേണ്ട.. ഞങ്ങൾക്ക് നാലുപേർക്കും നിങ്ങളെ വിവാഹം കഴിപ്പിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു.. ജാതകപ്പൊരുത്തം വരെ നോക്കി വെച്ചിരുന്നതാണ്..അപ്പോഴാ ആദിയ്ക്ക് ആ കുട്ടിയോട് ഇഷ്ടമുണ്ടെന്ന് അറിഞ്ഞത്.. അതുകൊണ്ടാ ഞങ്ങളാ കാര്യം മാറ്റി വെച്ചത്.. ചിലപ്പോൾ ഇതായിരിക്കും ദൈവനിശ്ചയം..അതോണ്ടല്ലേ ആദിമോൻ പോലും സമ്മതിച്ചത്..

എന്താ.. എന്താ അമ്മ പറഞ്ഞത്.. ആദി സമ്മതിച്ചെന്നോ.. ഇല്ല.. എന്നോട് കള്ളം പറയുവാ..അവൻ.. അവൻ അങ്ങനെയൊന്നും..

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി പറഞ്ഞു..

നീ കരയേണ്ട.. ആദിമോന് കുറച്ചൂടെ കാര്യങ്ങൾ പറഞ്ഞാൽ ബോധ്യമാകും..അതോണ്ടാ.. നിന്റെ ഭാവി ഓർത്താ അവൻ സമ്മതിച്ചത്..

അവർ പറഞ്ഞു…

ഞങ്ങൾ മുഹൂർത്തം നോക്കി.. അടുത്ത വെള്ളിയാഴ്ച നല്ലൊരു മുഹൂർത്തമുണ്ടെന്ന്..അത് കഴിഞ്ഞാൽ പിന്നെ അടുത്ത മാസം കൊള്ളില്ല.. അത് കഴിഞ്ഞാൽ പിന്നെ നിന്റെ ജന്മ മാസമല്ലേ.. നീട്ടി വെയ്ക്കേണ്ടെന്നാ എല്ലാരും പറയുന്നത്..

അല്ലി പകപ്പോടെ അവരെ നോക്കി..

അമ്മേ..

അവൾ തളർച്ചയോടെ വിളിച്ചു..

അല്ലി.. നിനക്കീ കല്യാണം വേണ്ടെന്ന് വെയ്ക്കാൻ എളുപ്പമാണ്.. ആദിയോട് നീയൊന്ന് തുറന്നു പറഞ്ഞാൽ അവനായി വേണ്ടെന്ന് വെയ്പ്പിച്ചോളും..

അവൾ അവരെ നോക്കി..

പക്ഷെ അത് കഴിഞ്ഞാൽ നീ ബാംഗ്ലൂരെ ജോലി റിസൈൻ ചെയ്യണം..

അവൾ ഞെട്ടി അവരെ നോക്കി.

അത് മാത്രമല്ല.. നമ്മൾ ഇവിടം വിൽക്കും.. എന്റെ നാട്ടിലെ സ്ഥലത്ത് ഒരു വീട് വെയ്ക്കാം..പറ്റിയ ഒരു പയ്യനെ എത്രേം പെട്ടെന്ന് കണ്ടെത്തി നിന്റെ കല്യാണവും നടത്തും..

അമ്മേ..

അവളുടെ ശബ്ദത്തിൽ അത്രയേറെ നിസ്സഹായതയുണ്ടായിരുന്നു..

അല്ലി.. ഞാൻ പലപ്പോഴും നിന്റെ കാര്യത്തിൽ എതിര് നിൽക്കാറുണ്ട്.. പക്ഷെ നിന്റെ അച്ഛൻ അങ്ങനെയല്ല.. ആദിയോടൊപ്പം അന്ന്പോകുന്ന കാര്യം പറഞ്ഞപ്പോഴും ഞാൻ എതിർത്തതല്ലേ.. അപ്പോഴും നിന്റെ ഭാഗമാണ് ആ മനുഷ്യൻ പറഞ്ഞത്.. ഇന്ന് നിറഞ്ഞ കണ്ണോടെ ആ സ്ത്രീയ്ക്ക് മുൻപിൽ തലകുനിച്ചു നിന്നത് ആ മനുഷ്യനാണ്..

അല്ലിക്ക് നെഞ്ചുപൊട്ടിപ്പോകും പോലെ തോന്നി..

എന്നിട്ടും നിന്നോട് ഒന്നും പറയാത്തത് വേറൊന്നും കൊണ്ടല്ല.. അദ്ദേഹത്തിന് നിന്നെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാ.. അന്ന് നിന്നെ തല്ലിയതും ആ സ്വാർത്ഥത കൊണ്ടല്ലേ..മറ്റാരെങ്കിലും നിന്നെ നോവിച്ചാൽ സഹിക്കില്ല ആ മനുഷ്യന്.. അന്ന് നീ ആശുപത്രിയിൽ ആയപ്പോൾ ഞാൻ കണ്ടതാ ആകെ തകർന്ന് ആ മുറിക്ക് മുന്പിലിരുന്ന ആ മനുഷ്യനെ..

അവൾ കരഞ്ഞു..

ഇനിയെനിക്കാ സങ്കടം കാണാൻ വയ്യ.. ഇനിയാരുടെയും മുൻപിൽ അദ്ദേഹം തലകുനിച്ചു നിൽക്കുന്നത് ഞാൻ കണ്ടു നിൽക്കില്ല.. സഹിക്കില്ല എനിക്കത്..

അതും പറഞ്ഞവർ പുറത്തേയ്ക്ക് പോയി..

അല്ലി കരഞ്ഞുകൊണ്ട് കിടക്കയിൽ വീണു..

അവളുടെ കണ്ണിൽ നിസ്സഹായനായ അച്ഛന്റെ രൂപം നിറഞ്ഞു.. വേദന നിറഞ്ഞു..

വേണ്ട മീന.. നമുക്കവളുടെ സങ്കടമല്ലേ വലുത്..ആദിമോന് നമ്മളെ മനസ്സിലാകും.. പിന്നെ മുരളി.. ഞാൻ പറഞ്ഞോളാം മുരളിയോട്…

ഏറെ നേരത്തിന് ശേഷം അവൾ പുറത്തേയ്ക്ക് വന്നപ്പോൾ അതാണ് കേട്ടത്..

അവൾക്ക് വേണ്ടിയല്ലേ നമ്മൾ ജീവിക്കുന്നത്.. നമ്മുടെ മോളല്ലേ.. അവളുടെ സന്തോഷത്തിനെക്കാൾ വലുത് നമുക്കെന്താ.. അഭിമാനം അന്തസ്സ് എന്നൊക്കെ പറഞ്ഞിട്ടൊന്നും വല്യ കാര്യമില്ല.. നമ്മുടെ മക്കൾ സന്തോഷമായിരിക്കട്ടെ .

പ്രസാദ് പറഞ്ഞു..

അച്ഛാ..

അല്ലിയുടെ വിളി കേട്ടതും അവർ തിരിഞ്ഞു നോക്കി..

എന്താടാ..

അവൾ അവർക്കരികിൽ ചെന്നു.. അയാൾക്ക് അടുത്തിരുന്നു..

എനിക്ക്.. എനിക്ക് സമ്മതമാണ് കല്യാണത്തിന്..

അവൾ പറഞ്ഞു..

മോളെ..

വേണ്ടച്ഛാ.. എനിക്ക് സമ്മതമാണ്.. പൂർണ്ണമനസ്സോടെയാണ് പറയുന്നത്.. കല്യാണത്തിനുള്ള ഒരുക്കം നടന്നോട്ടെ..

അതും പറഞ്ഞവൾ അമ്മയെയും അച്ഛനെയും നോക്കി..

മോളെവിടെ പോവാ..

അവൾ എഴുന്നേറ്റ് പോകുന്നത് കണ്ടതും മീന ചോദിച്ചു..

അമ്മ പേടിക്കേണ്ട.. മനസ്സ് മടുത്ത് ആത്മഹത്യ ചെയ്യോന്നൂല്ല ഞാൻ..

അവൾ പുഞ്ചിരിയോടെ അവരെ നോക്കി..എല്ലാ വേദനകളും ഉള്ളിലൊതുക്കിയുള്ള പുഞ്ചിരി..

എനിക്ക്. എനിക്കൊരിത്തിരി നേരം ഒറ്റയ്ക്ക് ഇരിക്കണം.. എന്ന് കരുതി ഒന്നിലും മാറി നിൽക്കൊന്നൂല്ല ഞാൻ.. കല്യാണത്തിന്റെ ഒരുക്കം നടക്കട്ടെ..

അതും പറഞ്ഞവൾ അകത്തേയ്ക്ക് പോയി..

നമ്മളവളെ ഒത്തിരി സങ്കടപ്പെടുത്തുന്നുണ്ടോ പ്രസാദേട്ടാ..

മീന ചോദിച്ചു..

അവളെന്റെ മോളാ.. അവൾ തളർന്നു പോകോന്നൂല്ല മീനെ..

അയാൾ പുഞ്ചിരിച്ചു..

അവരും..

റോയ് സാറിനോട് പറയട്ടെ.. അവര് രണ്ടാളും ആകെ സങ്കടത്തിലാ..

മ്മ്.. പറയാം..

മീന പറഞ്ഞു…

അവരപ്പോഴും തന്റെ മകളുടെ പുതിയ ഭാവത്തിന് പിന്നിലെ കാരണം തിരഞ്ഞുള്ള ആലോചനയിലയിരുന്നു..

***************************

നിയാ..

മമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് നിയ ബാൽക്കണിയിൽ നിന്ന് വന്നത്..

അവരുടെ മുഖത്തെ ദേഷ്യവും കയ്യിലിരിക്കുന്ന തന്റെ ഫോണും കാണവേ അവൾക്ക് പേടി തോന്നി..

എന്താ മമ്മി..

അവൾ മുഖത്തെ ടെൻഷൻ പരമാവധി ഒളിപ്പിച്ചു ചോദിച്ചു തീർന്നതും റീനയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..

അത്രമേൽ ദേഷ്യത്തിൽ.

അവൾ നിലതെറ്റി കിടക്കയിലേക്ക് വീണിരുന്നു..

ശബ്ദം കേട്ട് ഡേവിഡ് ഓടിയെത്തി..

എന്താ.. എന്താ മോളെ..

അയാൾ ഓടിപ്പോയി അവളെ പിടിച്ചുയർത്തി..

എന്താ റീനെ നിനക്ക് ഭ്രാന്തായോ..

അയാൾക്ക് ദേഷ്യം വന്നു..

അതേ.. ഭ്രാന്താ എനിക്ക്.. ഇവള് കാരണം ഉണ്ടായ ഭ്രാന്ത്..

എന്താ റീനെ..

ഇത്തവണ ഡേവിഡിന്റെ ശബ്ദത്തിലും ഗൗരവമായി കഴിഞ്ഞിരുന്നു..

ഒരിക്കൽ ഇവള് കാരണം നാണം കെട്ട് നാട്ടുകാരുടെ മുൻപിൽ തലകുനിച്ചു.. അങ്ങനെ ഇറങ്ങിപ്പോയി ഒരു ചതിയനെ കെട്ടി… അത് കഴിഞ്ഞപ്പോ അവൻ അവന്റെ കാമുകിയുമൊത്തുള്ള ലീലാവിലാസങ്ങൾ നേരിട്ട് കണ്ടു… അങ്ങനെ കരഞ്ഞുവിളിച്ചു വന്നപ്പോ വീണ്ടും കൂടെ കൂട്ടിയവനാണ്..
അതും ഒരു രാത്രി അവനോടൊപ്പം കഴിഞ്ഞ ഇവളെ.. എന്നിട്ട് പിന്നേം അവനെ ചതിക്കുവാ.. ദേ.. അവനെ വിളിച്ചിരിക്കുവായിരുന്നു കുറച്ചു മുന്നേയും.. ആ ആദിയെ..

അയാൾ ഞെട്ടി അവളെ നോക്കി.

അവൾ കരഞ്ഞു..

നിയാ.. സത്യമാണോ ഇത്..

ഡേവിഡ് ചോദിച്ചു..

പപ്പാ ഞാൻ..

സത്യമാണോ അല്ലയോ..

അയാളുടെ ശബ്ദം വല്ലാതെ ഉയർന്നു….

മ്മ്..

അവൾ മൂളി..

അയാൾ നെഞ്ചിലേക്ക് കൈവെച്ചു..പപ്പേ.. എന്താ.

വിടെടി..

റീന അവളെ പിടിച്ചു തള്ളി..

അവൾ പിന്നിലേയ്ക്ക് പോയി..

അച്ചായാ..

അവർ അയാളെ പിടിച്ചു..

എന്താ.. ആസ്പത്രീല് പോണോ..

വേണ്ട.. നീ.. നീയത്തിരി ചൂട് വെള്ളം കൊണ്ടുവാ..

അയാൾ നിയയുടെ കട്ടിലിലേക്ക് ഇരുന്നു..

അവൾ കരഞ്ഞുകൊണ്ട് മാറി നിന്നു.. റീന പുറത്തേയ്ക്ക് പാഞ്ഞു..

പപ്പേ..

നിയ നിലത്തേയ്ക്കിരുന്നു..

ഞാൻ.. ഞാൻ അങ്ങനെ വിളിച്ചതല്ല പപ്പാ . ഞാൻ ഞാൻ അവനോട് സംസാരിച്ചുമില്ല..

അയാൾ അവളെ നോക്കി..

അവൾ കരഞ്ഞു..

അപ്പോഴേയ്ക്കും റീന വന്നു. അയാൾ ആ വെള്ളം വാങ്ങി കുടിച്ചു..

കുറച്ചു ദിവസം കൂടെ കഴിഞ്ഞു പോയാൽ ജിജോയുടെ കൂടെ ജീവിക്കണോല്ലോ എന്നോർത്തപ്പോ.. നെഞ്ചു പൊട്ടിപ്പോയി പപ്പാ.. വിളിച്ചു പോയി.. പക്ഷെ പിന്നെ പിന്നെ പഴയതൊക്കെ ഓർത്തു.. അവനൊന്ന് എടുക്കാൻ പോലും നിന്നില്ല . കട്ടാക്കി ഞാൻ..

അവൾ പറഞ്ഞു..അയാൾ അവളെ തഴുകി..

സാരമില്ല.. കരയേണ്ട..

അയാൾ അവളെ തഴുകി..

പപ്പയ്ക്ക് നെഞ്ചു വേദനിച്ചപ്പോ മമ്മയ്ക്ക് നൊന്തില്ലെ.. ഒരു ദിവസമെങ്കിൽ ഒരു ദിവസം ആദിയുടെ ഭാര്യയായി നിന്നവളാണ് ഞാൻ.. ആ എനിക്ക്.. എന്റെ മനസ്സിന് എല്ലാം ഒന്ന് ഉൾക്കൊള്ളാൻ സമയം വേണ്ടേ..

അവൾ കരഞ്ഞു..

ഉവ്വ.. നീയിവിടെ കരഞ്ഞു വിളിച്ചിരുന്നോ..നിന്റെ കെട്ടിന്റെ അന്ന് തന്നെ അവനെയും കെട്ട് ഉറപ്പിച്ചു എന്ന് ജിജോ പറഞ്ഞു കേട്ടു..

റീനയുടെ വാക്കുകൾ നിയയുടെ കാതിൽ ഒരു തീമഴയെന്നോണം പെയ്തിറങ്ങി..

ആര്.. ആരുമായി..

നിയയുടെ ശബ്ദമിടറി..

അവളുമായി തന്നെ.. കൂടെ കിടന്നതല്ലേ.. ചിലപ്പോ വയറ്റിലും കാണും..

റീന പുച്ഛത്തോടെ പറഞ്ഞു.. പക്ഷെ ആ വാക്കുകൾ അവളുടെ ഹൃദയം തകർക്കാൻ പോന്നവയായിരുന്നു..

ഒരക്ഷരം മിണ്ടാതെ ആരെയും നോക്കാതെ അവൾ തപ്പിത്തടഞ്ഞെഴുന്നേറ്റു.. മുൻപോട്ട് നടക്കാൻ ശ്രമിക്കവേ ചുറ്റുമുള്ളിടമൊക്കെ തനിക്ക് മുൻപിൽ ഭ്രമണം ചെയ്യുന്നതായി അവൾക്ക് തോന്നി..

ശരീരം തളരുന്നു.. ബലമില്ലാതെയാകുന്നു..

അവൾ മേശയിൽ പിടിക്കാൻ ശ്രമിച്ചു.. പക്ഷെ അതിനു മുൻപേ അവൾ നിലത്തേയ്ക്ക് വീണുപോയിരുന്നു..

മോളെ..

ബോധം മറയുമ്പോഴും റീനയുടെ നിലവിളി അവൾ കേട്ടിരുന്നു.. ഒരു പ്രകമ്പനം പോലെ..

തുടരും..