രചന – ദേവൂട്ടി
ആദ്യത്തെ പോസ്റ്റ് ആണ്..തെറ്റുകൾ ക്ഷമിക്കുമല്ലോ..
ഉണ്ണിയേട്ടന്റെ ദേവൂട്ടി
*********************
പരമേശ്വരന്റെ അവതാരമായ വിശ്വനാഥമൂർത്തി അനുഗ്രഹം ചൊരിഞ്ഞു വാഴുന്ന നാടാണ് വിശ്വനാഥപുരം.
അവിടുത്തെ പ്രധാന ഇല്ലങ്ങളിൽ ഒന്നായ തിരുവില്ലക്കോടില്ലമായിരുന്നു ഞാനും എന്റെ ഉണ്ണിയേട്ടനും ജനിച്ചു വളർന്ന തറവാട്. അച്ഛന്റെ ജോലിതിരക്കു മൂലം അവധിക്കാലത്ത് മാത്രമേ ഇല്ലത്തേക്ക് പോകാറുള്ളു. വിശ്വനാഥന്റെ തിരുനടയിൽ ഒരു ശിവരാത്രിയ്ക്ക് സംഗീതാർച്ചന നടത്തിയപ്പോൾ മുതൽ ഞാനും ഉണ്ണിയേട്ടന്റെ ആരാധികയായ് മാറി. മനസിൽ ആ രൂപം വന്നു
അറിയാതെ എന്നിൽ അലിയുകയായിരുന്നു.
ഇല്ലത്തെ പെൺകുട്ടികൾക്ക് എല്ലാം ഉണ്ണിയേട്ടനോടായിരുന്നു പ്രണയം. അവരോട് മത്സരിച്ചിട്ടു കാര്യമില്ലെന്നു അറിയാവുന്നതുകൊണ്ട് എന്റെ പ്രണയം ഞാൻ ഉള്ളിലൊതുക്കി ആരും അറിയാതെ.
ഗായത്രി ഓപ്പോൾ ഉണ്ണിയേട്ടനായ് തിങ്കളാഴ്ച വ്രതം നോറ്റപ്പോഴും തീർത്ഥേടത്തി മഞ്ചാടിക്കുരു എണ്ണി വച്ചപ്പോഴും പാവം ഞാൻ ഉണ്ണിയേട്ടനായ് കരുതി വച്ചത് നീല കണ്ണുള്ള
മയിൽപ്പീലി മാത്രമായിരുന്നു. പ്രണയം ഒളിപ്പിക്കാൻ അതിലും നല്ലൊരു സമ്മാനം വേറെയില്ലെന്നതു സത്യമല്ലെ..??. ആരും കാണാതെ ഉണ്ണിയേട്ടന്റെ പുസ്തകത്താളുകൾക്കിടയിലായ് അതൊളിപ്പിച്ചുവച്ച് ഓടിയകലുമ്പോൾ ഉള്ളിലൊരായിരം മയിലുകൾ ആനന്ദ നൃത്തം ചെയ്യുന്നുണ്ടായിരുന്നു ഒരു വേനൽ മഴയ്ക്ക്
വേണ്ടി.
അങ്ങനെ ഒരു ദിവസം യാദൃശ്ചികമായ് ഉണ്ണിയേട്ടന്റെ മുറിയിലേക്ക് പോയപ്പോൾ എന്റെ പ്രണയോപഹാരം പുസ്തക താളുകളിൽ ഉണ്ടോ എന്ന് വെറുതെ ഒന്ന് നോക്കി. എത്ര തെരഞ്ഞിട്ടും കാണാതെ വന്നപ്പോൾ ഉള്ളം പിടഞ്ഞു. മിഴികളിൽ നിന്നുതിർന്ന നീർകണങ്ങൾ കാലിൽ വീണു ചിതറി.ഹൃദയം നഷ്ടപ്പെട്ട വേദനയോടെ ഉണ്ണിയേട്ടനെ ഞാൻ മറക്കാൻ ശ്രമിച്ചു.
വിഷുവിന് കണ്ണനെ കണി കണ്ട് മുത്തച്ഛന്റെ കൈയിൽ നിന്നും കൈനീട്ടം വാങ്ങി അച്ഛൻ വാങ്ങി തന്ന നീലപട്ടുപാവാടയും വെള്ളിക്കൊലുസുമിട്ട് അനിയന്റെ പിറകെ ഓടിയപ്പോൾ മുറ്റത്ത് പൊട്ടി കിടന്ന ചില്ലുകൾ ഞാൻ കണ്ടില്ല. ചില്ലു കൊണ്ട് കീറിയ പാദങ്ങളിൽ നോക്കി വേദന സഹിക്കാൻ വയ്യാതെ തേങ്ങി കരഞ്ഞപ്പോൾ ആദ്യം ഓടിയെത്തിയത് ഉണ്ണിയേട്ടനായിരുന്നു.
കോടി മുണ്ടിന്റെ തലപ്പു കീറി ചില്ലുകൾ എടുത്തു കളഞ്ഞ മുറിവിലൂടെ വന്ന ചോരത്തുള്ളികളെ തടഞ്ഞു നിർത്തി. “വേദനയുണ്ടോ ദേവൂട്ടി ” എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാൻ കഴിയാതെ ഞാൻ മിഴിച്ചു നോക്കിയതേയുള്ളൂ.
“എന്താ എന്നോട് പരിഭവമാണോ ദേവൂട്ടി”
എന്ന് കൂടി ചോദിച്ചപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഉള്ളിലെ നഷ്ടപ്രണയം കണ്ണുനീരായ് പുറത്ത് വന്നു. പണ്ടൊരിക്കൽ ഒളിപ്പിച്ച മയിൽപ്പീലി കഥയടക്കം എല്ലാം ഉണ്ണിയേട്ടനോട് തുറന്നു പറഞ്ഞു
“ദേവൂട്ടി വെച്ചത് ഈ മയിൽപ്പീലി ആണോ?”
ഞാൻ ഒളിപ്പിച്ചു വെച്ചത് അതാ ഉണ്ണിയേട്ടന്റെ കൈയിൽ.
“ഇതെങ്ങനെ?”
“നീ എനിക്കായ് ഒളിപ്പിച്ചത് ഞാനല്ലാതെ വേറെയാരു കണ്ടെത്തും? ”
“കണ്ണനു പ്രണയം രാധയോടെന്ന പോലെ ഈ ഉണ്ണിക്ക് ദേവൂട്ടിയോടായിരുന്നു..”
ഉണ്ണിയേട്ടൻ പുഞ്ചിരിയോടെ മൊഴിഞ്ഞു.
കവിളത്തൊരു മുത്തവും തന്ന് ആ മയിൽപ്പീലിയും നെഞ്ചോട് ചേർത്ത് പിടിച്ചു ഇതെന്നും ഇവിടെ തന്നെ ഉണ്ടാവും എന്ന് പറഞ്ഞു ഉണ്ണിയേട്ടൻ നടന്നകന്നപ്പോൾ പ്രണയം പൂവിട്ട സന്തോഷത്തിൽ സ്വയം മറന്നു ഞാൻ ദിവാസ്വപ്നത്തിൽ മുഴുകിയിരുന്നു.
തെറ്റിപ്പു പൂത്തകൈവഴികളിലും ആമ്പൽ പൂവിട്ട അമ്പലക്കുളത്തിലും ചെമ്പകം വീണ കല്പ്പടവുകളിലും ആരും കാണാതെ ഉണ്ണിയേട്ടൻ എന്നെ തേടി എത്തുമായിരുന്നു.
ഇടനാഴികളിൽ കണ്ടുമുട്ടുമ്പോൾ പിന്നിയിട്ട മുടിയിൽ പിടിച്ചു എന്നെ ചേർത്ത് നിർത്തി മെല്ലെ പുണരുന്നത് പതിവായിരുന്നു. മൃദുവായി എതിർത്തിരുന്നെങ്കിലും ആ കൈകൾ എന്നെ അടുപ്പിക്കുമ്പോൾ ഞാൻ
എന്നെതന്നെ മറന്നു പോകാറുണ്ട്. മുഖത്ത് വീണ്ടും നോക്കാൻ ശക്തി ഇല്ലാത്തതുകൊണ്ട് തള്ളി മാറ്റി ഓടി മറയുമ്പോളും പിന്നിൽ നിന്നും മധുരമായ വിളിക്ക് ഞാൻ എന്നും കാതോർത്തിരുന്നു.
ഒരു ദിനം സന്ധ്യയ്ക്ക് കാവിൽ വിളക്ക് വെച്ച്
തൊഴുതു നിൽക്കുന്ന വേളയിൽ ശീൽക്കാരം കേട്ടു ഭയന്ന് തിരികെ പോകാൻ ഒരുങ്ങുമ്പോൾ അവിടുന്നു കുറച്ച് മാറി നിന്നുകൊണ്ട് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു ഉണ്ണിയേട്ടൻ.
അതു കണ്ടപ്പോൾ എനിക്കു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. പരിഭവം കാണിച്ചു ഞാൻ നടന്നു. ഉണ്ണിയേട്ടൻ എത്ര വിളിച്ചിട്ടും നിന്നില്ല. ഉണ്ണിയേട്ടൻ പുറകെ ഓടി വന്നു കൈപിടിച്ച് പറഞ്ഞു
“പിണങ്ങല്ലെ ദേവൂട്ടി” .എന്നെ ചേർത്തു പിടിച്ച്
മെല്ലെ മുഖം പൊക്കി പറയും “നിന്റെ പരിഭവം
കാണാൻ എന്ത് ചേലാ ……”
വിണ്ണ് മണ്ണിനെ ചുംബിക്കുന്ന ഇടവപ്പാതി മഴയിൽ
നടുമുറ്റത്ത് ഓട്ടിൽ താളം ചവിട്ടി തെന്നി വീഴുന്ന മഴത്തുള്ളികളെ എന്റെ കാലിലെ വെള്ളി കൊലുസിൽ തട്ടി തെറിപ്പിക്കുമ്പോൾ ഉണ്ണിയേട്ടൻ പിന്നിൽ വന്നു പിടിച്ചതും ഞാൻ തെന്നി അകലാൻ ശ്രമിച്ചതും കാൽ വഴുതിയതും എന്നെ പിടിക്കാനായ് ശ്രമിച്ച ഉണ്ണിയേട്ടനും ഞാനും ഒന്നിച്ചു മഴയിലേയ്ക്ക് വീണു.
പെരുമഴയിൽ കണ്ണിൽ ഒലിച്ചു ഇറങ്ങുന്ന മഴത്തുള്ളികൾ എന്റെ കവിളിൽ തട്ടിയ ചുടുചുംബത്തിനു വേണ്ടി മത്സരിക്കുന്നുണ്ടായിരുന്നു.
മണ്ണിൽ അലിയാൻ കൊതിക്കുന്ന മഴത്തുള്ളികൾ പോലെ.
മഴ നനഞ്ഞ് പനി ബാധിച്ച് കിടന്ന എന്നെ കഞ്ഞി കോരി തന്നും നെറ്റിയിൽ തുണി നനച്ചിട്ടും ശുശ്രൂഷിക്കുമ്പോൾ ഉണ്ണിയേട്ടന്റെ കരുതലും സ്നേഹവും എത്രത്തോളം ഉണ്ടെന്നു അന്ന് ഞാൻ അറിഞ്ഞു.
കൈകൾ കോർത്തിണക്കി വയൽ വരമ്പിലൂടെ നടക്കുന്നതും നിലാവിന്റെ നീല വെളിച്ചത്തിൽ ഉണ്ണിയേട്ടന്റെ മടിയിൽ തല ചായ്ച്ച് കവിതകൾ കേൾക്കുന്നതും ഞങ്ങളുടെ വിനോദമായിരുന്നു.
കാവിലെ ഉത്സവത്തിന് നിനക്കിതു ചേരുമെന്ന് പറഞ്ഞു കൈ നിറയെ നീല കുപ്പിവളകൾ ഇട്ടുതന്ന് ഈ കുപ്പിവളകളും വെള്ളിക്കൊലുസും കരിനീല മിഴികളും എന്നും എന്റെതു മാത്രമെന്ന് ചൊല്ലി കവിളത്തുനുള്ളിയപ്പോൾ ഞാൻ മനം നൊന്ത് പ്രാർത്ഥിച്ചു ‘ഉണ്ണിയേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം സാധിക്കണെ എന്ന്’.
അവധി കഴിഞ്ഞ് മടങ്ങാനുള്ള സമയമായി.
പ്രണയിക്കാൻ തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ വിരഹം. നിറഞ്ഞു തുളുമ്പിയ മിഴികളിൽ ഉമ്മ വെച്ച് ഉണ്ണിയേട്ടൻ ദേവൂട്ടിയ്ക്കായ് കാത്തിരിക്കുമെന്നു പറഞ്ഞപ്പോൾ ഉണ്ണിയേട്ടൻ ഇല്ലാതെ ഈ ദേവൂട്ടി ഇല്ല എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
പിന്നീട് അടുത്ത അവധിക്കാലത്തിനായുള്ള കാത്തിരിപ്പായിരുന്നു. വിരഹവേദന എന്താണെന്നു ശരിക്കു അറിഞ്ഞ നാളുകൾ..ഉണ്ണിയേട്ടൻ ഇല്ലാതെ വയ്യെന്ന പോലെ..ഉണ്ണാനും ഉറങ്ങാനും പറ്റുന്നില്ല..ശരീരം ഇവിടെ എങ്കിലും മനസ് ഉണ്ണിയേട്ടന്റെ ഓർമ്മകളിൽ വിഹരിക്കുകയാണ്.. ദിവസങ്ങൾക്കു യുഗങ്ങളുടെ ദൈർഘ്യം അനുഭവപ്പെട്ടു.
ഒടുവിൽ മഴ കാത്തിരുന്ന വേഴാമ്പലിനെ തേടി ആ സന്ദേശം എത്തി. മുത്തച്ഛന്റെ സപ്തതി ആഘോഷം. അതിനോടനുബന്ധിച്ചു തന്നെ തെയ്യം,സർപ്പം തുള്ളൽ എന്നിവ കൂടിയുണ്ടെന്നും ഇല്ലത്ത് ഉടനെ എത്തിചേരണം എന്നുമായിരുന്നു സന്ദേശം. കാത്തിരുന്നു പെയ്ത വേനൽമഴയിൽ എന്റെ ഉള്ളം തണുത്തു. സന്തോഷം കൊണ്ട് എനിക്ക് എത്രയും വേഗം അവിടെ എത്തിയാൽ മതിയെന്നായി.ഉണ്ണിയേട്ടനെ കാണാൻ എന്റെ ഹൃദയം വെമ്പൽ കൊണ്ടു.
അങ്ങനെ അങ്ങനെ വീണ്ടും തറവാട്ടിലേക്ക്… പക്ഷേ അവിടെ കാത്തിരിക്കാൻ ഉണ്ണിയേട്ടൻ ഉണ്ടായിരുന്നില്ല.
കുളപ്പുരയിലെ കൽപ്പടവുകളിലും ഇടനാഴികളിലും കാവിലും ക്ഷേത്രത്തിലും അങ്ങനെ ഞങ്ങൾ ഒരുമിച്ച് ചിലവഴിച്ച ഓരോ ഇടങ്ങളിലും ഞാൻ ഉണ്ണിയേട്ടനെ തേടിയലഞ്ഞു. എവിടെയും കാണാതെ മനസ് പിടഞ്ഞു.ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ ഉണ്ണിയേട്ടന്റെ മുറിയിലെത്തി.എന്നാൽ അവിടം ശൂന്യമായിരുന്നു.സങ്കടം താങ്ങാനാവാതെ ഞാനവിടെ തളർന്നു നിന്നു.
” ദേവൂട്ടി ”
ശബ്ദം കേട്ടു ഞാൻ എണീറ്റു തിരിഞ്ഞു നോക്കി. ഇരു കൈകളിലും തോളിലും ബാഗുകളും ചുമന്ന് ഉണ്ണിയേട്ടൻ. ഓടി ചെന്നു കെട്ടിപിടിച്ചു തേങ്ങി കരയാൻ തുടങ്ങിയ എന്നെ ഉണ്ണിയേട്ടൻ മാറ്റി നിർത്തി. ബാഗുകളും മറ്റും കട്ടിലിൽ വച്ച് എന്നോടായ് പറഞ്ഞു.
“ഇവിടെ നിറയെ ആളുകളാണ്.ഈ തിരക്ക് ഒന്ന് ഒഴിയുമ്പോൾ നമുക്ക് സംസാരിക്കാം”.
ഉണ്ണിയേട്ടന്റെ ഈ മാറ്റം എന്നെ വേദനിപ്പിച്ചെങ്കിലും ഒന്ന് കണ്ടല്ലോ എന്ന സമാധാനത്തിൽ ഞാൻ തിരികെ വന്നു കുളക്കടവിൽ ഇരുന്നു.
എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല “സമയം പോയി, തെയ്യം തുടങ്ങാനായി” എന്ന് പറഞ്ഞു ഏടത്തിമാർ കുളിക്കാൻ വന്നപ്പോഴാണ് അവിടെ നിന്നും എഴുന്നേറ്റു പോന്നത്.
പാത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദങ്ങൾ കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. അടുക്കളയിൽ അമ്മമാർ അത്താഴം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്.
“ന്തു പറ്റി ന്റെ കുട്ടിക്ക്? മുഖം വാടിയിരിക്കുന്നല്ലോ? ”
മുത്തശ്ശി എന്റെ താടിയിൽ പിടിച്ചു ചോദിച്ചു.
“ഇവിടെത്തും വരെ നല്ല ഉത്സാഹം ആയിരുന്നൂ”
മറുപടി പറഞ്ഞത് അമ്മയാണ്.
“ഉണ്ണിയെ കണ്ടില്ലലോ? വന്നില്ലെ ആവോ? ” മുത്തശ്ശി ആരോടെന്നില്ലാതെ ചോദിച്ചു.
“ഏടത്തീ, പറഞ്ഞതു പോലെ ഉണ്ണിയെവിടെ?” അമ്മയുടെ ശബ്ദം.
“അവന് പഠിച്ച കോളേജിൽ തന്നെ ജോലി കിട്ടി,ദൂരം കൂടുതൽ ആയതുകൊണ്ട് ആഴ്ചയിൽ ഒരീസം വന്നാലായി. ഇന്നിപ്പോൾ ഉച്ച കഴിഞ്ഞു വരുമ്പോൾ”
അമ്മായി പറഞ്ഞതു കേട്ടു എന്റെ മുഖം താമരപൂ പോലെ വിടർന്നൂ. എന്റെ പോയ ഉത്സാഹമെല്ലാം ‘ടപ്പേ’ ന്നു തിരികെ വന്നു
പെട്ടെന്ന് കുളിച്ച് ചന്ദന നിറമുള്ള പട്ടുപാവാട ധരിച്ചു. കാലിൽ വെള്ളിക്കൊലുസും കൈകളിൽ കുപ്പിവളകളും അണിഞ്ഞു. പിന്നിയിട്ട മുടിയിൽ ഒരു ചുവന്ന ചെമ്പകം ഭംഗിയായി തിരുകി വച്ചു.
തെയ്യം തുടങ്ങിയിരുന്നു.ഗോവണിയിറങ്ങി അങ്ങോട്ടേയ്ക്ക് ഓടും മുൻപെ കൈയിലൊരു പിടുത്തം വീണു.ഉണ്ണിയേട്ടൻ കൈപിടിച്ചു കൊണ്ടുപോയത് നേരെ സർപ്പക്കാവിലേയ്ക്കായിരുന്നു.സന്ധ്യയ്ക്ക് തെളിയിച്ച ദീപത്തിന്റെ പ്രഭയിൽ ഉണ്ണിയേട്ടനെ ഞാൻ നോക്കി നിന്നു.
ഉണ്ണിയേട്ടൻ എന്നെ മാറോടു ചേർത്തണച്ചു. “ഞാൻ അറിഞ്ഞിരുന്നില്ല ഉണ്ണിയേട്ടാ ഒന്നും, കാണാൻ കാത്തിരുന്നു കണ്ടപ്പോൾ എന്നെ ഒഴിവാക്കുന്നത് പോലെ തോന്നി. ഒരു വാക്ക് പറയാമായിരുന്നില്ലെ എന്നോട്? ഒന്നും അറിയാതെ ഞാനെത്ര വിഷമിച്ചു എന്നറിയോ?”
ഉണ്ണിയേട്ടൻ എന്റെ മുഖമുയർത്തികൊണ്ട് പറഞ്ഞു
” നിന്നെ ഒഴിവാക്കാനോ? ഇല്ല മോളെ..നീയാണ് എന്റെ എല്ലാം, നിനക്കു വേണ്ടിയാണ് നിന്നെ സ്വന്തമാക്കാനാണ് ഞാൻ കഷ്ടപ്പെട്ട് നല്ലൊരു ജോലി നേടിയത്. അത് കണ്ട നിമിഷം പറയാതിരുന്നത് ഇതുപോലെ നമ്മുടെ ലോകത്ത് നിൽക്കുമ്പോൾ നിന്റെ സന്തോഷം നേരിട്ട് അനുഭവിക്കാൻ വേണ്ടിയാണ്”
ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരാനെന്ന പോലെ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. ഞാൻ ഉണ്ണിയേട്ടന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു “വാ പോകാം നല്ല മഴ പെയ്യുന്നു” . ഉണ്ണിയേട്ടൻ അങ്ങനെ നിന്നു കൊണ്ട് പറഞ്ഞു ” ദേവൂട്ടി എനിക്കു ഈ മഴ മുഴുവൻ ഇന്ന് നിന്നോടൊപ്പം നനയണം”.
ഉണ്ണിയേട്ടൻ അമ്പരപ്പ് മാറാത്ത എന്റെ മിഴികളിൽ ചുംബിച്ചു.നാണത്താൽ തുടുത്ത കവിൾതടങ്ങളും നനവാർന്ന അധരങ്ങളും ചുടു ചുംബനങ്ങളാൽ മൂടി. ..കാറ്റത്ത് കൽവിളക്കിലെ അവസാന നാളവും അണഞ്ഞപ്പോൾ തുലാമഴയുടെ കുളിരിൽ ഞങ്ങൾ ഒന്നാവുകയായിരുന്നു……
മഴ തോർന്നു
” ഇനിയും കാണാതെ ആയാൽ അമ്മ തിരക്കും ഞാൻ പോണു”
തറവാട്ടിൽ തെയ്യം ആടി തിമിർക്കുമ്പോൾ
ഉണ്ണിയേട്ടൻ മെല്ലെ അടുത്ത് വന്ന് പറഞ്ഞു
കാവിൽ ഞാൻ നിന്നെ കാത്തു നില്ക്കും പോകാൻ സമയം വരണം ഞാൻ അവിടെ
കാണും.
രാത്രിയിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഉറങ്ങാൻ കിടന്നതിനാൽ കാവിലേക്ക് പോവാൻ കഴിഞ്ഞില്ല. അവിടെ എന്നെയും കാത്തു നിൽക്കുന്നുണ്ടാവും. രാവിലെ എഴുന്നേറ്റ് വേഗം ഉണ്ണിയേട്ടന്റെ മുറിയിൽ പോയി നോക്കിയപ്പോൾ അവിടെ കണ്ടില്ല. പുറത്തേക്ക് ചെല്ലുമ്പോൾ വീട് ആകെ നിശ്ശബ്ദമായിരുന്നു. അമ്മായിയുടെ ഉണ്ണീ എന്ന വിളി കേട്ടപ്പോൾ ഓടി അങ്ങോട്ട് ചെന്നു..സ്‌ത്രീകളെല്ലാം അവിടെയുണ്ട്..എന്തൊക്കെയോ അടക്കം പറച്ചിലുകൾ. കരഞ്ഞു തളർന്ന മുത്തശ്ശി എന്നെ കണ്ടതും എന്റെ തലയിൽ തടവി നെഞ്ചോട് ചേർത്തു പിടിച്ചു.. അപ്പോൾ സ്ത്രീകളിൽ ആരോ അടക്കം പറയുന്നത് കേട്ടു. രാത്രിയിൽ കാവിൽ വെച്ചു വിഷം തീണ്ടി എന്ന്.. പിന്നെ ഒന്നും ഓർമയുണ്ടായില്ല എനിക്ക്.
വെള്ളപുതച്ച് നീലിച്ച ആ ശരീരം വിടപറയുമ്പോൾ
ഒരു ചുംബനത്തിന് കാത്തിരുന്നിട്ടുണ്ടാവാം. ആ മുഖത്ത് അപ്പോളും ആ പുഞ്ചിരി മാത്രം മാഞ്ഞിരുന്നില്ല
രാത്രിയിൽ മഴ പേമാരിയായി പെയ്തു. ഇടിമിന്നൽ ദിക്കുകളിൽ ആർത്ത് അട്ടഹസിച്ചു … കാവിലെ മൺപുറ്റുകൾ വെള്ളത്തിൽ ഒലിച്ചു തുടങ്ങിയിരുന്നു.
കൽവിളക്കിൽ തിരികളെല്ലാം കെട്ടടങ്ങി.
കാവ് രക്തം കൊണ്ട് ചുവന്നിരുന്നു …..ദേവൂന്റെ…
മഴ തോർന്നു. കാർമേഘങ്ങളെ മാറ്റി ഉദയകിരണങ്ങൾ വരവായി..
മെല്ലെ ഒരിളം കാറ്റു വീശി. ചെമ്പകപ്പൂവ് അപ്പോഴും കൊഴിയുന്നുണ്ടായിരുന്നു….

by