23/04/2026

കാർത്തിക ദീപം : ഭാഗം 17

രചന – സുധീ മുട്ടം

“ദാ… മോളേ.. വെള്ളം കുടിക്ക്…

ജഗ്ഗിലിരുന്ന വെള്ളം ഗ്ലാസിലേക്ക് പകർന്ന് കാർത്തിക നേരെ നീട്ടിയ ശേഷം മെല്ലെ അവളുടെ ശിരസ്സിൽ തലോടി…അവരിൽ മാതൃവാത്സല്യം ഇരമ്പി…അമ്മയുടെ അടുത്ത് ഇരിക്കുന്ന നിർവൃതി അനുഭവപ്പെട്ടതും കണ്ണുകൾ നിറഞ്ഞു…

” മതിയെങ്കിൽ എഴുന്നേറ്റോളൂ….

അനുകമ്പയോടെ റീത്താമ്മ പറഞ്ഞതും കഴിച്ചിരുന്ന പ്ലേറ്റ് എടുക്കാൻ തുനിഞ്ഞവളെ തടഞ്ഞു…

“മോളത് അവിടെ വെച്ചേക്ക് ഞാനെടുത്തോളാം…

രക്ഷപ്പെടും പോലെ വേഗം അവിടെ നിന്ന് എഴുന്നേറ്റു പോയി…

മനസ്സ് വല്ലാതെ നീറുന്നുണ്ട്..കണ്ണുകളിൽ നനവ് അനുഭവപ്പെടുന്നുണ്ട്..എന്നിട്ടും വിതുമ്പി പോകാതിരിക്കാൻ ശ്രമിച്ചു…

അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ റീത്താമ്മയെ പോലെ ആയിരിക്കാമെന്ന് ചിന്തിച്ചു.. അത്രയേറെ സ്നേഹത്തോടെയാണ് പെരുമാറുന്നത്…

ഒരിക്കൽ വിശ്വസിച്ചവനായി സ്വയം സമർപ്പിച്ചതാണ്..ഒന്നല്ല ഒത്തിരിയേറെ പ്രാവശ്യം… സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തൊട്ടും അനുഭവിച്ചും അറിഞ്ഞവനെ അത്രയേറെ പ്രണയിച്ചു..എന്നിട്ടും ഒടുവിൽ പിഴച്ചു പോയൊരു വേശ്യാ സ്ത്രീയേക്കാൾ തരം താഴ്ത്തി…എന്നിട്ടും വെറുതെയെങ്കിലും പ്രതീക്ഷിക്കാൻ ശ്രമിച്ചു.. എല്ലാം വെറുതെയാണെന്ന് മനസ്സിലായി…

ഇപ്പോൾ ഒരമ്മ അവരുടെ മകനായി തന്നെ ചോദിക്കുന്നു..കരയുകയല്ലാതെ മറ്റെന്തിനാണ് കഴിയുക…അറിഞ്ഞുകൊണ്ട് ഒരിക്കലും ആരേയും വേദനിപ്പിക്കാനും ദ്രോഹിക്കാനും അറിയില്ല…

” മോള് വിഷമിക്കണ്ടാ…അമ്മ ഒരു ആഗ്രഹം പറഞ്ഞൂന്നേയുള്ളൂ…അതങ്ങ് മറന്നേക്കൂ…

കാർത്തികക്ക് സമീപം എത്തിയ റീത്താമ്മ അവളുടെ തോളിൽ കൈവെച്ചു പറഞ്ഞു… ആ മുഖത്ത് നോവിന്റെ വേദനകൾ നിറഞ്ഞിരുന്നു…

അവർക്ക് തിരികെയൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി…അവിടെ നിന്നാൽ കരഞ്ഞ് പോയേക്കുമോന്ന് ഭയപ്പെട്ടു….

“ഇത്ര ധ‌ൃതി വേണ്ടിയിരുന്നില്ല റീത്തേ…

” ഞാൻ പിന്നെന്താ ചെയ്യേണ്ടത്…എത്രയും പെട്ടെന്ന് വിവാഹം വേണമെന്നല്ലേ ഡെറി പറഞ്ഞത്…അതോണ്ടാ ഞാൻ….

“തന്നെ കുറ്റപ്പെടുത്തിയതല്ലെടോ…അതൊരു നല്ല കൊച്ചാ…നമ്മുടെ മോന്റെ ഇപ്പോഴത്തെ സ്വഭാവം അറിയാവുന്ന ആരെങ്കിലും അവനെ കെട്ടാൻ സമ്മതിക്കോ….

ഡേവിഡ് ജോണത് പറയുമ്പോൾ അവർ കണ്ണീരൊപ്പി…

” ഞാൻ… ഞാൻ കാരണം എന്റെ കുഞ്ഞിന്റെ ജീവിതം ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ഇച്ഛായാ…

വിങ്ങിപ്പൊട്ടി അയാളുടെ നെഞ്ചിലേക്ക് മുഖമർത്തി കരഞ്ഞു…അവരെയൊന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ അയാളും അങ്ങനെ നിന്നു.

😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

“ഞങ്ങൾക്കും ഡെറിക്കിനും ഇഷ്ടമാ മോൾ ഈ വീടിന്റെ മരുമകളായി വരുന്നത്….

പിന്നെയും പിന്നെയും ഹൃദയത്തിലേക്ക് തറഞ്ഞ് കയറും പോലെയാ വാചകങ്ങൾ കാതിൽ മുഴങ്ങും പോലെ….

ആദ്യം ചിരിക്കാനാണ് തോന്നിയത്..പിന്നെയാ ചിരി സങ്കടത്തിനും പിന്നെ നോവിനും വഴി മാറി…

കഴിയുമോ ചീത്തയായവൾക്ക്…ശരീരരവും മനസ്സും ഒരുപോലെ മാലിന്യമാക്കപ്പെട്ടവളാണ്..മറ്റൊരുത്തന്റേതായി കഴിഞ്ഞവളാണ്…ഓർമ്മകളിൽ ഓരോന്നും ഓർത്തതോടെ മനസ് ചുട്ടു പഴുക്കാൻ തുടങ്ങി.. ഉറക്കെയൊന്ന് കരയാനായി വീട്ടിലേക്ക് വേഗം നടന്നു…

😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟

ഡെറിക് മയക്കം വിട്ടുണരുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു… പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും തലക്കൊരു ഭാരവും പെരുപ്പും ..പിന്നെയും കുറച്ചു നേരം കൂടിയങ്ങനെ കിടന്നു…

തലയൊന്ന് നേരെ നിൽക്കണമെങ്കിൽ കുറച്ചു മദ്യം അകത്ത് ചെന്നാലെ പറ്റൂ എന്ന് തോന്നിയതോടെ മെല്ലെ എഴുന്നേറ്റു.. കാർത്തിക വന്നു പോയതോ മമ്മ കൊടുത്ത ഓഫറോ ഒന്നും അവനറിഞ്ഞില്ല…ഷെല്പിൽ നിന്ന് ഒരെണ്ണം എടുത്തു വായിലേക്ക് കമഴ്ത്തിയ ശേഷം വീണ്ടും കിടക്കയിലേക്ക് മലർന്നു വീണു…

☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️

കിടക്കയിലേക്ക് അമർന്ന് മതിയാകുവോളം തേങ്ങുമ്പോൾ മനസ്സിൽ സങ്കടത്തിനൊരു അയവ് വന്നു…എന്തിനാണ് അവിടെ പോയത്…ഡെറിയെ കണ്ടു മാപ്പ് പറയാനല്ലേ…അല്ലാതെ അയാളുടെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ഒരിക്കലും കരുതിയട്ടില്ല..അങ്ങനെ ചിന്തിച്ചിട്ടുമില്ല…അയാളുടേതെന്നല്ല ഒരിക്കലും മറ്റൊരാളുടെ പാർട്ട്ണർ ആകാൻ കഴിയില്ല.. പ്രണയിക്കാനും കഴിയില്ല…

ആകെയൊരു ലക്ഷ്യം മാത്രമേയുള്ളൂ ജീവിതത്തിൽ…ഇനിയുള്ള ജീവിതം കാർത്തിയേട്ടന്റെ കണ്മുന്നിൽ പെടാതെ അച്ഛനുമായി സന്തോഷത്തോടെ ആ സ്നേഹം അനുഭവിച്ചു ജീവിക്കണം..അത്രയേയുള്ളൂ ആഗ്രഹം….

ഇടക്ക് രാമേട്ടന്റെ കോൾ വന്നതോടെ അച്ഛനുമായി സംസാരിച്ചു…മുഖത്തെ ഭാവം സ്വരത്തിൽ പ്രകടമാതാതിരിക്കാനും ശ്രദ്ധിച്ചു…

😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶

കടയിൽ പതിവിലധികം നല്ല തിരക്കായിരുന്നു…കാർത്തികയെ കുറിച്ച് തിരക്കാനായി പല പ്രാവശ്യം ഫോൺ എടുത്തെങ്കിലും ആൾക്കാർ വന്നതോടെ മാറ്റി വെയ്ക്കേണ്ടി വന്നു..തിരക്കൊന്ന് കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് വിളിച്ചത്….

ബുക്ക് ചെയ്ത സ്കൂട്ടർ എടുക്കാനായി കുറെ ദിവസമായി കരുതുന്നു.. കടയിൽ നിന്നൊഴിഞ്ഞ് നേരം കിട്ടുന്നില്ലെന്ന് മാത്രമല്ല ഓടിക്കാൻ അറിയാവുന്ന ഒരാളെ കൂടി കിട്ടണമായിരുന്നു.അതാണ് ഇത്രയേറെ താമസിച്ചത്….

മൂന്നുമണി കഴിഞ്ഞപ്പോൾ നേരത്തെ ഏർപ്പാടാക്കിയിരുന്ന സ്നേഹിതന്റെ മകനുമായി ഷോറൂമിലേക്ക് പോയി…

“ഇന്ന് മോൾക്ക് സർപ്രൈസായിട്ട് കൊടുക്കണം….അതാണ് ഇത്രയും നാൾ പറയാതിരുന്നത്….

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

സമയം സന്ധ്യയാകും മുമ്പേ കാർത്തിക മേല് കഴുകി ഇറങ്ങി…അച്ഛൻ വരും മുമ്പ് എന്തെങ്കിലും കറി ഉണ്ടാക്കണമെന്ന് കരുതി അടുക്കളയിൽ കയറി… ചപ്പാത്തിയും കിഴങ്ങു കറിയും വെച്ച ശേഷം മുറ്റത്ത് കസേരയിട്ട് ഇരുന്നു…

പതിവ് സമയം കഴിഞ്ഞിട്ടും അച്ഛൻ എത്തതായതോടെ അവളിൽ പരിഭവമേറി…മൊബൈൽ ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല..

നെഞ്ചിൽ നോവുകൾ ഉരുണ്ട് കയറി തുടങ്ങി… സമയം പിന്നെയും വൈകുന്നതോടെ ഇട്ടിരുന്ന വേഷത്തിൽ പുറത്തേക്ക് ഓടി….കട അടച്ചിരിക്കുന്നത് കണ്ട് വീണ്ടും വെപ്രാളമേറി… സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു..റോഡിലെങ്ങും പേരിന് പോലും ആരുമില്ല…

വെപ്രാളത്തോടെ വീണ്ടും വീണ്ടും മൊബൈലിലേക്ക് വിളിച്ചെങ്കിലും ബെല്ലടിച്ചത് നിന്നതേയുള്ളൂ….ഈ രാത്രിയിൽ ആരെ വിളിച്ചു സഹായം ചോദിക്കുമെന്ന് അറിയാതെ വിതുമ്പി നിൽക്കുമ്പോൾ മനസ്സിൽ റീത്താമ്മയുടെ മുഖം തെളിഞ്ഞതും അവിടേക്ക് ഓടി….

” മോളെന്താ രാത്രിൽ…എന്തിനാ കരയുന്നത്….

ഓടി വന്നതിന്റെ അണപ്പിലും സങ്കടത്താലും റീത്താമ്മ ഓരോന്നും ചോദിക്കുമ്പോൾ അവൾക്കൊന്നും മിണ്ടാനായില്ല…വെള്ളം വേണമെന്ന് കയ്യാൽ ആംഗ്യം കാണിച്ചതോടെ അവളെ അകത്തേക്കിരുത്തി….

അവർ കൊണ്ട് വന്ന വെള്ളം വായിലേക്ക് കമഴ്ത്തി ആർത്തിയോടെ കുടിച്ചു….

“റീത്താമ്മാ അച്ഛൻ…. അച്ഛൻ…

” രാമേട്ടനെന്ത് പറ്റി…

“അറിയില്ല….

അവൾ കാര്യങ്ങൾ ചുരുക്കി പറഞ്ഞു…

” ഡേവിഡ് ഇച്ഛായനും പുറത്താണല്ലോ….നീ വാ മോളേ….

അവളുടെ കയ്യും പിടിച്ചു ധൈര്യം സംഭരിച്ച് ഡെറിയുടെ റൂമിലേക്ക് കയറി… പതിവില്ലാതെ മമ്മ കയറി വരുന്നത് കണ്ട് അവനാദ്യമൊന്ന് അമ്പരന്നു…മമ്മയുടെ കൂടെ മറ്റൊരാളുടെ മുഖം കൂടി കണ്ടതോടെ അമ്പരപ്പ് അന്ധാളിപ്പായി മാറി….

“മോനെ രാമേട്ടൻ കടയടച്ചിട്ട് ഇതുവരെ എത്തിയില്ലെന്ന്…നീ ഒന്ന് ചെന്ന്….

റീത്താമ്മ വാക്കുകൾ മുഴുവുപ്പിച്ചില്ല…അതിനു മുമ്പേ അവന്റെ നോട്ടം കാർത്തികയിൽ തറച്ചു….

“ആരോരുമില്ലാത്ത നിസ്സഹയായൊരു പെൺകുട്ടി… അവളുടെ അച്ഛനെ കാണാത്തതിന്റെ സങ്കടവും കരച്ചിലും ഡെറിയുടെ നെഞ്ചിൽ തട്ടി…അവളോട് ദേഷ്യം ഉണ്ടെങ്കിൽ കൂടിയും അപ്പോഴതവൻ പ്രകടിപ്പിച്ചില്ല….

” വാ….

ബുള്ളറ്റിന്റെ കീയും എടുത്തു അവൻ മുമ്പോട്ട് നടന്നു കഴിഞ്ഞിരുന്നു… എന്ത് ചെയ്യണമെന്ന് അറിയാതെ കാർത്തിക തറഞ്ഞ് നിന്നപ്പോൾ കൂടെ ചെല്ലാനായി അവർ കണ്ണുകൾ കാണിച്ചു….

“ഡെറി ദുഷ്ടനൊന്നും അല്ല മോളേ….

ഒരു ധൈര്യത്തിനായി പുറകിൽ നിന്ന് വാക്കുകൾ പിന്തുടർന്ന് എത്തി….

തെല്ലൊരു മടിയോടെയെങ്കിലും സ്റ്റാർട്ടായ ബുള്ളറ്റിന്റെ പുറക് വശത്ത് ഡെറിക്കിനു പിന്നിലായി അവളിരുന്നു….കുതിച്ചു പായുന്ന ബുള്ളറ്റിനു പിന്നിൽ ഇരുന്ന് നെഞ്ചിൽ കൈവെച്ച് അവളൊന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളൂ…

” ദൈവമേ…എന്റെ അച്ഛനെ കാത്തോളണമേ.. ഒരാപത്തും ഉണ്ടാകരുതേ……

തുടരും