24/04/2026

അതിസുന്ദരി : ഭാഗം 20

രചന – ആയിഷ അക്ബർ

വീണയുടെ പിറകിലായി നടന്ന് പോകുമ്പോഴും സൂര്യയുടെ ഉള്ളിലെ പിടപ്പ് കെട്ടങ്ങിയിരുന്നില്ല…..

അവനെ ശെരിക്കും തനിക്ക് മനസ്സിലാവുന്നതേയില്ല….

എങ്കിലും തന്റെ നെറ്റിയിലെ മുറിവ് അവനൊരു പക്ഷെ കുറ്റ ബോധമുണ്ടാക്കിയിട്ടുണ്ടെന്ന് അവൾക്ക് തോന്നി….

ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷത്താൽ വീണ അവളെയൊന്നു കനപ്പിച്ചു നോക്കി….

എന്തോ അവൾ സന്തോഷിക്കുമ്പോൾ മനസ്സ് അസ്വസ്ഥമാകുകയായിരുന്നു…

സൂര്യ അവളെ ശ്രദ്ധിക്കുന്നതേ യില്ലായിരുന്നു…..

അവൾ മറ്റേതോ ലോകത്തായിരുന്നു….

താഴെക്കിറങ്ങുമ്പോഴേ കണ്ടു വലിയ ഹാളിലെ സോഫയിലിരിക്കുന്ന ജാനകിയെ….

അവരുടെ കൂടെ മറ്റാരോ കൂടിയുണ്ട്…..

ഇത് വരെ കണ്ട് പരിചയമില്ലാത്ത അവരെ സൂര്യയൊന്നു നോക്കി….

കല്ലുകളും മുത്തുകളും പതിപ്പിച്ച സാരിയും മുമ്പിലേക്ക് വെട്ടിയിട്ട അവരുടെ മുടിയും താനൊരു പരിഷ്കാരിയാണെന്ന് വിളിച്ചു പറയാൻ തക്കതായിരുന്നു……

വീണയുടെ പിറകെ വരുന്ന സൂര്യയെ കണ്ടതും അവരുടെ മുഖത് പല വിധ ഭാവങ്ങൾ മറിയുന്നത് അവൾ കണ്ടിരുന്നു.

ഇതാണോ കാശിയുടെ…

അവരത് ചോദിച്ച് നിർത്തുമ്പോൾ അതിൽ കലർന്ന പരിഹാസം അവൾക്ക് വ്യക്തമാക്കാനെന്ന വണ്ണം ഒരു ചിരിയുമുണ്ടായിരുന്നു….

മ്മ്…. ജാനകി വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു….

അവരുടെ ചിരിയുടെ ശക്തി കൂടുന്നത് സൂര്യ ഒരുതരം അറപ്പോടെ നോക്കി നിന്നു……

ഒപ്പം അവരുടെ മുഖത്തെ പരിഹാസവും…..

അപ്പോഴേക്കും കഴിക്കാനായി കാശി മേശ മേൽ വന്നിരുന്നു….

സോഫയിലിരിക്കുന്ന അവരെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ അവൻ നേരെ കഴിക്കാൻ തുടങ്ങി….

കാശി ഓഫീസിൽ പോകാൻ തുടങ്ങുകയാണോ…..

അവന്റെ ശ്രദ്ധക്കായെന്ന വണ്ണം അവര് ചോദിച്ചു…..

മ്മ്…..

അവൻ മുഖത് നോക്കാതെ തന്നെ മറുപടിയും നൽകി…

അവരോടുള്ള അലോസരം അവന്റെ മുഖത് നിന്ന് സൂര്യക്ക് കാണാൻ കഴിഞ്ഞു….

ഇത്ര അടുത്താണ് വീടെന്ന് പറഞ്ഞിട്ട് കാര്യമില്ല….. ഇത് വരെ പുതു മണവാട്ടികളെ കാണാൻ ഇങ്ങോട്ട് വരാൻ പറ്റിയിട്ടില്ല…..

ഞാൻ ബിസ്സിനെസ്സ് ടൂറിലായിരുന്നു…..

ഇവരെ ഒന്നു കാണാൻ വേണ്ടി ഇറങ്ങിയതാണ്……
പ്രത്യേകിച്ച് നിന്റെ ഭാര്യയെ……

അവനെ കളിയാക്കിയാണ് അത് പറയുന്നതെന്ന് അവന് മനസ്സിലായി എങ്കിലും അവൻ അത് ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നത് തുടർന്നു….

സൂര്യക്ക് വല്ലാത്തൊരു പ്രയാസം തോന്നി….

അവരുടെ പരിഹാസ വാക്കുകൾക്ക് മുമ്പിൽ അവൻ വല്ലാതെ അപമാനപ്പെടുന്നത് പോലെ അവൾക്ക് തോന്നി..

അത് വരെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നൊരാ കുഞ്ഞ് തണുപ്പ് കനത്ത ചൂടിനു വഴി മാറി കൊടുത്തു….

താനൊരിക്കലും അവന് ചേരുന്നതല്ല….
ചേരാത്തതിനെ എത്ര കൂട്ടിയോചിപ്പിച്ചാലും അതൊരിക്കലും മനോഹരമാവില്ല…..
അവന്റെ മുഖത്തേക്ക് നോക്കാനെന്തോ അവൾക്ക് കഴിഞില്ല…..

വിചാരിച്ചത് പോലെ അവന്റെ മുഖത്തൊരു പ്രയാസവും വരാത്തത് പോലെ അവരിൽ നിരാശ ജനിപ്പിച്ചു…..

എങ്കിലും പിന്തിരിയാൻ അവരോരുക്കമായിരുന്നില്ല….

നിന്റെ സെലെക്ഷൻ സ്കില്ലിനെ കുറിച് എല്ലാവർക്കും ഒത്തിരി പറയാനുണ്ടാവും….

ആ നിന്റെ സെലക്ഷനൊന്ന് കാണാനാ റീന ചേച്ചി ഇവിടം വരെ വന്നത്….

അമർത്തി ചിരിച്ചു കൊണ്ട് അവരത് പറയുമ്പോൾ സൂര്യ ഭൂമി പിളർന്നു താൻ താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു…..

ഇനിയും ഇരുന്നാൽ എന്തും പറയാൻ മടിക്കാത്ത അവരിൽ നിന്ന് ഇനിയും വാക്കുകൾ വരുമെന്നുള്ളത് കൊണ്ട് തന്നെ കാശി കഴിക്കുന്നിടത് നിന്നും എഴുന്നേറ്റു….

സൂര്യക്ക് ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു….

അവന് വേദനിച്ചെന്നു തോന്നിയ ആ നിമിഷം അവരിൽ വല്ലാത്തൊരു സമാധാനം നിറഞ്ഞു നിന്നിരുന്നു…..

ജാനകിയും വീണയും ഒന്നും മിണ്ടാത്തെ നിന്നത് കാശിയെ പേടിച്ചു തന്നെയായിരുന്നു …..

അവൻ വാഷ് ബേസിൽ പോയി കൈ കഴുകുമ്പോഴും അവർ അവളെ നോക്കി ഒരു പരിഹാസ ചിരി ചിരിക്കുകയായിരുന്നു….

അവർക്ക് മുമ്പിൽ തല താഴ്ത്തി നിൽക്കുന്നവളെ കണ്ണാടിയിലൂടെ കണ്ടതും അവന്റെ ഉള്ളൊന്നു നീറി….

അവൻ അവരിലേക്ക് തിരിഞ്ഞു…

എന്റെ സെലക്ഷൻ മോശമാണെന്ന് എനിക്ക് തോന്നുന്നില്ല….
ഇനി നിങ്ങൾക്കങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലില്ലേ ഒരുത്തി…. എന്നെ മാത്രമേ കല്യാണം കഴിക്കു എന്നും പറഞ്ഞിരിക്കുന്നു…..

അവളെ പോയി നോക്കിയാൽ മതി…
കാശിക്ക് എത്രത്തോളം സെലെക്ഷൻ ഉണ്ടെന്നറിയാൻ…

അവളെ വേണ്ടാ എന്ന് പറഞ്ഞതും ആ സെലെക്ഷൻ പവർ കൊണ്ടാണെന്ന് അപ്പൊ വ്യക്തമായി കൊള്ളും….

അതും പറഞ് പുച്ഛത്തോടെ കയറി പ്പോകുന്ന അവനെ നോക്കി അവർ പല്ലിറുമ്മി….

അവരുടെ വാക്കുകളും നോട്ടങ്ങളും അത്ര മേൽ അസ്സഹനീയമായത് കൊണ്ട് തന്നെയാണ് താനത് പറഞ്ഞതെന്ന്
കാശി യോർത്തു….

അവരുടെ മകളെ ഞാൻ വിവാഹം കഴിച്ചാൽ കാശി ഗ്രൂപ്പിലും കൂടി കയ്യിട്ട് വാരാമെന്ന് കരുതിയ സ്വപ്നം പാഴായി പോയതിന്റെ അമർഷമാണവർക്ക്……

അതിന് തന്നെ ചൊടിപ്പിക്കാൻ ഇറങ്ങി തിരിച്ചതാവും…..

അവർ പറഞ്ഞാൽ തനിക്കത് മനസ്സിൽ തട്ടുമായിരുന്നു കുറച്ച് ദിവസം മുൻപ് വരെ….

എന്നാൽ അവളെ അറിഞ്ഞത് മുതൽ ആരുടെ വാക്കുകളും തന്നെ ബാധിക്കുകയില്ല….
കണ്ണുകൾ കൊണ്ട് അവർക്ക് കാണാൻ കഴിയാത്ത സൗന്ദര്യത്തെ ഹൃദയം കൊണ്ടവർ കാണാൻ ശ്രമിച്ചിരുന്നെങ്കിൽ അവരിങ്ങനെ ഒരിക്കലും പറയില്ലായിരുന്നു…..

തന്നെ പോലെ….

അവനൊന്നു പുഞ്ചിരിച്ചു…

എന്നാൽ അവിടെ നിൽക്കുന്ന സൂര്യയുടെ ഹൃദയം നീറി തുടങ്ങിയിരുന്നന്നേരം…..

തന്നോട് അലിവ് കാണിക്കുകയും തനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന അവന്റെ കൂടെ താൻ ഉള്ളിടത്തോളം അത് തുടർന്നു കൊണ്ടേയിരിക്കുമെന്ന് അവൾക്ക് തോന്നി….

അവൾ പതിയേ കോണിപ്പടികൾ കയറി തുടങ്ങി…..

ഹൃദയത്തിന് വല്ലാത്തൊരു ഭാരം…..

അവൾ മുറിയിലേക്ക് കയറുമ്പോൾ അവൻ കണ്ണാടിക്ക് മുമ്പിൽ നിന്ന് മുടി ചീകുകയായിരുന്നു..

അവൾ വാതിലിൽ ചാരി നിന്നു….

കണ്ണാടിയിലൂടെ അതവൻ കണ്ടിരുന്നു വെങ്കിലും എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് അറിയാത്തത് കൊണ്ട് അവൻ അവളെ കണ്ടില്ലെന്ന് നടിച്ചു…

എനിക്ക്…. എനിക്ക് ദൂരെ എവിടെയെങ്കിലും ഒരു ജോലി ശെരിയാക്കി തരാമോ…..

അവളത് ചോദിക്കുമ്പോൾ ഹൃദയം ഇവിടെയല്ലെന്ന് അവന് തോന്നി….

അവൻ പിറകിലേക്ക് തിരിഞ്ഞു….

ദൂരെയെന്ന് പറഞ്ഞാൽ…..
അവൻ സംശയത്തോടെ ചോദിച്ചു…..

എവിടെയായാലും കുഴപ്പമില്ല..നിങ്ങളിൽ നിന്ന് കുറച്ചകന്ന്……

അവളത് പറഞ്ഞ് നിർത്തുമ്പോൾ വാക്കുകൾ നിർവികാരമായിരുന്നു….

അവൻ ഞെട്ടലോടെ അവളെ നോക്കി…

അവന്റെ മുഖമാകെ മങ്ങി….
ഉളിലൊതിരി ചോദ്യങ്ങൾ ഉയർന്നു…..

മുത്തശ്ശനും മുത്തശ്ശിയും അറിയാത്തൊരിടത്…

അവര് കരുതിക്കോട്ടെ… ഞാൻ… ഞാൻ സന്തോഷമായി കുടുംബ ജീവിതം നടത്തുകയാണെന്ന്…..

അവളൊന്ന് ചിരിച്ചു….

ആ ചിരിക്കിടയിലൂടെ ഒരു നനവ് കവിളിലൂടെ ഒലിച്ചിറങ്ങി…..

അവനവളെ തന്നെ കണ്ണിമ വെട്ടാതെ അങ്ങനെ നോക്കി നിൽക്കുകയായിരുന്നു…

നമ്മളൊരിക്കലും ചേരില്ല..
ഞാൻ കൂടെയുള്ളിടത്തോളം നിങ്ങൾക്ക് അപമാനം മാത്രമേ ബാക്കിയാവു….

കണ്ണു കൾ തുടച്ചു കൊണ്ടവളത് പറഞ്ഞത് ഒരു ഗൗരവത്തിന്റെ കൂട്ടോടെയായിരുന്നു…

കുറച്ച് നേരം അവളെ നോക്കി നിന്ന ശേഷം അവനൊന്നു ചിരിച്ചു….

നിനക്ക് ജോലിയല്ലെ വേണ്ടത്…. ഞാൻ ശെരിയാക്കി തരാം….

അവനത് പറയുമ്പോൾ അവളുടേ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു….

എങ്കിലും ഇനിയും അവന്റെ ജീവിതത്തിൽ ഒരു ഇത്തിൾ കണ്ണിയായി അവശേഷിക്കാൻ അവളൊരുക്കമായിരുന്നില്ല…..

അവനതും പറഞ് കൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ഒന്നു നിന്ന് കൊണ്ട് അവളിലേക്ക് തിരിഞ്ഞു….

ഞാനൊരു അനാഥനാണെന്നും സ്വന്തമായി ഒരു കൂര പോലുമില്ലാത്ത ദാരിദ്രനാണെന്നും ഞാൻ മറന്ന് പോയി….. അതെന്റെ തെറ്റാണ്…….

അതും പറഞ്ഞ് ചെറുചിരിയാൽ അവൻ പോകുമ്പോൾ അവനിൽ നുരഞ്ഞു പൊന്തിയ ദുഃഖം അവളെ വേദനിപ്പിച്ചു……

താൻ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ട് പോലുമില്ല….

തന്റെ കുറവുകളെ താനോർക്കുന്നത് പോലെ അവന്റെ കുറവുകളെ അവനും ഓർക്കുന്നുണ്ടാവും…
അത് കൊണ്ടായിരിക്കാം അവനിത് കൂട്ടി വായിക്കാൻ ശ്രമിക്കുന്നത്….

അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി….

തനിക്ക് വേണ്ടി ശബ്ധിക്കുന്ന അവനെ ഇനിയും പരാജയെപ്പെടുത്തേണ്ടെന്ന് മാത്രമായിരുന്നു മനസ്സിൽ….

എന്നാൽ അതവൻ ഇങ്ങനെ ചിന്തിക്കുമെന്ന് കരുതിയില്ല…..

അവളുടേ യുള്ളം കുറ്റ ബോധത്താൽ നീറി പുകഞ്ഞു…..

അവൾ കട്ടിലിലേക്ക് ചാഞ്ഞിരുന്നു…..

പിന്നീട് പെട്ടെന്നെഴുന്നേറ്റു…

ഇനി അവനങ്ങനെ ചിന്തിച്ചാലും കുഴപ്പമില്ല….

ഇനിയും അവനൊരു ബുദ്ധിമുട്ടാകാൻ താനൊരുക്കമല്ല….

അവനിൽ നിന്നും ദൂരേക്ക് പോകണം…..

നിറഞ്ഞു വന്നൊരാ കണ്ണുകൾ അമർത്തി തുടച് അവളെഴുന്നേറ്റ് അലക്കാനുള്ള അവന്റെ തുണികലെടുത് പുറത്തേക്ക് നടക്കുമ്പോഴും അവയിൽ പറ്റിപ്പിടിച്ചിരുന്ന അവന്റെ മണം അവളിലൊരു നോവ് തീർത്തു…..

താനറിയാതെ തന്നെ വിരലുകൾ അവയിൽ മുറുകും പോൽ….

തന്നോട് അനുവാദം ചോദിക്കാതെ കൈകൾ അവയെ ഹൃദയത്തോട് ചേർത്ത് വെക്കും പോൽ…..

(തുടരും )