23/04/2026

താലി ബന്ധനം : ഭാഗം 21

രചന – സെലുനിസു

പേടിയോടെ ബാക്കിലേക്ക് തിരിഞ്ഞു നോക്കി….

ഊരക്ക് കയ്യും കൊടുത്തു തന്നെ രൂക്ഷമായി നോക്കുന്ന മാലുവിനെ കണ്ടതും അവൾ കവറിലുള്ള പിടി മുറുക്കി ഹരിയെ ഒന്ന് നോക്കി…. ഒന്നുമില്ലെന്ന മട്ടിൽ അവനവൾക്ക് കണ്ണ് ചിമ്മി കാണിച്ചതും തെല്ലൊരാശ്വസത്തോടെ അവൾ മാലുവിന്റെ മുഖത്തേക്ക് നോക്കി….

എ…. എന്താ അമ്മായി….

നിന്റെ ഈ കയ്യിലിരിക്കുന്ന കവറിലൊക്കെ എന്താടി…

ഡ്ര… ഡ്രസ്സാ….

ആരു വാങ്ങി തന്നു….

ഹരിയേട്ടൻ….. എന്നവൾ പറഞ്ഞു തീർന്നതും മാലു തിരിഞ്ഞു ഹരിയെ നോക്കി…

നിന്റെ അച്ഛൻ ഒരുപ്പാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാ….അനാവശ്യമായിട്ട് ചിലവാക്കാൻ അല്ല…നിന്റെ അക്കൗണ്ടിലേക്ക് അത് ഇട്ട് തന്നിരിക്കുന്നത്….

അതിന് അനാവശ്യമായിട്ട് ഞാൻ ചിലവാക്കിയില്ലല്ലോ…

ഇല്ലേ… പിന്നെ അവളുടെ ആ കയ്യിൽ ഇരിക്കുന്ന കവറിലെ ഡ്രസ്സിന്റെ പൈസയൊക്കെ ആരാ കൊടുത്തത്….. അതും പോരാഞ്ഞിട്ട് അവൻ അവളെ ഡാൻസ് ക്ലാസ്സിൽ ചേർക്കാൻ പോയിരിക്കുന്നു…. എന്താ അതിന്റെയൊക്കെ ആവിശ്യം…..ഒക്കെത്തിനും ഇവളെ പറഞ്ഞാ  മതിയല്ലോ…  മിണ്ടാപൂച്ചയെ പോലെ നടന്നിട്ടിപ്പോ കൂടെ കൂടി അവളുടെ ആവിശ്യങ്ങളൊക്കെ സാധിച്ചെടുത്തിരിക്കുന്നു…വൃത്തികെട്ടവൾ.നിന്റെ അച്ഛൻ ഇങ്ങു വരട്ടെ…. നിന്റെ ആട്ടമൊക്കെ ഞാൻ നിർത്തി തരാം….ഇങ്ങു താടി അതെല്ലാം എന്നും പറഞുകൊണ്ട് മാലു ലച്ചുവിന്റെ കയ്യിലിരുന്ന ഡ്രസ്സിന്റെ പാക്കറ്റ് എല്ലാം തട്ടിപ്പറിച്ചു വാങ്ങിയതും അവൾ വിതുമ്പി കൊണ്ട് ഹരിയെ ഒന്ന് നോക്കി മുകളിലേക്ക് കയറി പോയി….

അമ്മക്കിതെന്താ… അവളോട് ഇത്രക്ക് ദേഷ്യം…..ഇവരെ പോലെ അവളും അമ്മേടെ ആങ്ങളയുടെ മോളല്ലേ…

അല്ലെന്ന് ഞാൻ പറഞ്ഞോ…. എനിക്ക് അവളോട് ദേഷ്യമൊന്നും ഇല്ലതാനും…..

ഓ… വിശ്വസിച്ചു…. എന്നിട്ടാണല്ലോ ആ പാവത്തിന്റെ കയ്യിൽ നിന്ന് അതൊക്കെ തട്ടിപ്പറിച്ചു വാങ്ങി അതിനെ സങ്കടപ്പെടുത്തിയത്….അവളുടെ സ്ഥാനത്തു ഇവരെങ്ങാനും ആയിരുന്നെങ്കിൽ അമ്മക്ക് വയറു നിറഞ്ഞേനെ…..

ഓ… പിന്നെ ഒന്ന് പോടാ…അവൾക്ക് അല്ലെങ്കിലേ ഒത്തിരി ഡ്രസ്സ്‌ ഉണ്ട്… ഒക്കെ കൂടെ അവൾ എവിടെ കൊണ്ട് വെക്കാനാ… ഇത് നിന്റെ അപ്പച്ചീടെ മോളില്ലേ… അവൾക്ക് കൊടുക്കാം……..നാളെ തന്നെ അങ്ങോട്ട് ഒന്ന് പോണം…നിന്നെ കാണാൻ കാത്തിരിക്കുവാ ശ്വേത മോൾ…..

അയ്യാ…. അമ്മ ഒറ്റക്കങ്ങു പോയാ മതി… പിന്നെ ഒരു കാര്യം കൂടി ഞാൻ പറഞ്ഞേക്കാം … ആവിശ്യമില്ലാത്ത എന്തെങ്കിലും മോഹം അവൾക്ക് കൊടുത്തിട്ടുണ്ടേൽ അത് മാറ്റി എടുക്കുന്നതായിരിക്കും അമ്മക്ക് നല്ലത് .അല്ലെങ്കിൽ നാളെ അതിന്റെ പേരിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തവും അമ്മക്ക് മാത്രമായിരിക്കും….എനിക്ക് എന്റേതായ ഇഷ്ട്ടങ്ങളുണ്ട്…അത് അമ്മ മറക്കരുത്….. പിന്നെ അമ്മ ചോദിച്ചില്ലേ ലച്ചുവിന് ഞാൻ വാങ്ങി കൊടുക്കേണ്ട ആവിശ്യം എന്താണെന്ന്….ഇവിടിയിപ്പോ മറ്റാരേക്കാളും അവളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ എനിക്ക് പറ്റും…. അതിന്റെ കാരണം എന്താണെന്ന് അധികം വൈകാതെ അമ്മ അറിയുകയും ചെയ്യും …..എന്നും പറഞ്ഞവൻ മാലുവിന്റെ കയ്യിലുള്ള പാക്കറ്റ് വാങ്ങി കൊണ്ട് മുകളിലേക്ക് കയറിയതും മാലു അവൻ പറഞ്ഞത് മനസ്സിലാവാതെ…. തിരിഞ്ഞു കിച്ചുവിനേയും ശ്രീയേയും നോക്കി…

ഡീ… പിള്ളേരെ… അവനിപ്പോ പറഞ്ഞിട്ട് പോയതെന്താ… നിങ്ങക്ക് വല്ലതും മനസ്സിലായോ….

അതാണോ സിമ്പിൾ.. അതായത്…. ശ്വേത ചേച്ചിയെ ഹരിയേട്ടൻ കെട്ടിക്കോളാമെന്ന്
അവർക്ക് അമ്മായി വാക്ക് കൊടുത്തിട്ടുണ്ടേൽ അത് നടക്കിലാന്ന്….. എന്നും പറഞ്ഞു കിച്ചു മാലുവിന് കൈ രണ്ടും മലർത്തി കാണിച്ചതും…. മാലു അവളെയൊന്ന് തുറിച്ചു നോക്കി…..

ദേ… ഒറ്റൊന്ന് തരും ഞാൻ…. അതല്ലെടി…. അവൻ അവസാനം പറഞ്ഞിട്ട് പോയത് എന്താന്ന്…..

ലച്ചു ചേച്ചീടെ കാര്യം ആണോ…..

ആ… അത് തന്നെ…..അതെന്താ അവൻ അങ്ങനെ പറഞ്ഞത്…

ആ…. അത് ഞങ്ങക്കും അറിയില്ല…. അമ്മായി ആലോചിച്ചിട്ട് കിട്ടുവാണേൽ ഞങ്ങക്കും കൂടെ ഒന്ന് പറഞ്ഞു തരണേ… എന്നും പറഞ്ഞു കിച്ചുമാലവിനൊന്ന് ഇളിച്ചു കാട്ടി ശ്രീയുടെ കയ്യും പിടിച്ചു മുറിയിലേക്ക് കയറി…..

ഡീ…. ശ്രീ….ടോപ് പൊളിച്ചല്ലേ….. എന്നും പറഞ്ഞു കൊണ്ടവൾ അതെടുത്ത് ദേഹത്ത് വെച്ച് കണ്ണാടിയിലേക്ക് നോക്കിയതും…..താൻ പറഞ്ഞത് കേൾക്കാതെ ഏതോ ലോകത്തിലെന്ന പോലെ ജനലിലൂടെ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു നിൽക്കുന്ന ശ്രീയേ കണ്ടതും ടോപ് ബെഡിലേക്കിട്ട് അവളുടെ അടുത്തേക്ക് ചെന്നു….

ഡീ… ശ്രീ.. എന്നും വിളിച്ചോണ്ട് കിച്ചു അവളുടെ ചുമലിൽ ഒന്ന് തട്ടിയതും അവൾ ഞെട്ടി കിച്ചുവിന്റെ മുഖത്തേക്ക് നോക്കി… എന്താന്ന് ചോദിച്ചു….

കിച്ചു… ഹരിയേട്ടൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ….

എന്തോന്ന്….

ലച്ചു ചേച്ചീടെ കാര്യവേ…

അതിലിപ്പോ മനസ്സിലാക്കാൻ എന്തിരിക്കുന്നു….

മനസ്സിലാക്കാൻ ഉണ്ട് കിച്ചു….

എന്ത്….

അവര് തമ്മിൽ പ്രണയമാണ് മോളെ…..

ഏഹ്… എന്ന് നിന്നോട് അവര് പറഞ്ഞോ….

പറയുന്നതെന്തിനാ…ഹരിയേട്ടൻ വന്നത് മുതലുള്ള ഓരോ കാര്യങ്ങളും നീയൊന്ന് ബാക്കിലേക്ക് ചിന്തിച്ചു നോക്കിക്കേ… ലച്ചു ചേച്ചിക്ക് വേണ്ടി ഹരിയേട്ടൻ ഇവിടെ എന്തോരം വഴക്കുണ്ടാക്കി….. ഇന്നത്തെ അമ്മായിയോടുള്ള ആ പറച്ചിൽ കൂടെ ആയതും എനിക്കതങ് ഉറപ്പായി…

എന്റെ ശ്രീ… ഹരിയേട്ടനെ നിനക്ക് അറിയില്ലേ….തെറ്റ് എവിടെ കണ്ടാലും അതിൽ ഇടപ്പെടും… ആവിശ്യമില്ലാതെ ആരെയും ഒന്നും പറയാനും സമ്മതിക്കില്ല….ഇതും അങ്ങനെ ആയിക്കൂടെ….അതല്ല ഇനീപ്പോ നീ പറഞ്ഞ പോലെ അങ്ങനെ ആണെങ്കിൽ തന്നെ എന്താ… അവര് തമ്മിൽ നല്ല മാച്ച് ആണ്… അതിന് നീയെന്തിനാ അണ്ടി പോയ അണ്ണാനെ പോലെ പുറത്തേക്ക് നോക്കി നിക്കുന്നത്…. ഇനി നിനക്കെങ്ങാനും ഹരിയേട്ടനോട് വല്ലതും എന്ന് കിച്ചു മുഖം ചുള്ക്കി ശ്രീയോട് ചോദിച്ചതും…. അവൾ വാ പൊളിച്ചു കിച്ചുവിനെ നോക്കി….

വാ…….അടക്കെടി പ്രാണി കയറും ….

നിന്റെ ഊള ചോദ്യം കേട്ടിട്ട് അറിയാതെ വാ തുറന്നു പോയതാ…. ഹരിയേട്ടൻ എന്റെ ഏട്ടൻ അല്ലേടി…..അങ്ങേരെ പ്രേമിക്കാൻ എനിക്കെന്താ വട്ടോ…..

അല്ല… നിന്റെ നിൽപ്പ് കണ്ടാൽ ആരായാലും അങ്ങനെയേ കരുതൂ…

അത്.. പിന്നെ.. അവര് പ്രണയിച്ച.കല്ല്യാണം കഴിക്കില്ലേ…

എന്തേ കഴിക്കണ്ടേ…

അതല്ല… അപ്പൊ രണ്ട് സദ്യ എന്നുള്ളത്…. ഒന്നാവില്ലേ….. അതും അല്ല…. ഡ്രസ്സും ഒന്നേ കിട്ടൂ…അതല്ല രണ്ട് പേരും വേറെ വേറെ കെട്ടുമ്പോ ഒക്കെ രണ്ടെണ്ണം ഉണ്ടാവോലോ ഞാൻ അതൊക്കെ ആലോചിച്ചു നിന്നതാ..ശോ… ആകെ കുഴഞ്ഞല്ലോ ദേവി എന്നും പറഞ്ഞു ശ്രീ ചുണ്ട് ചുള്ക്കിയതും…… കിച്ചു പല്ലിറുമ്പി അവളെയൊന്ന് നോക്കി…ബെഡിൽ കിടന്നിരുന്ന പില്ലോ എടുത്ത് അവൾക്ക് നേരെ എറിഞ്ഞു കൊണ്ട് …. ദേവി…ക്ഷമ തരൂ എന്നും പറഞ്ഞു മുകളിലേക്ക് നോക്കി കൈകൾ കൂപ്പി ശ്രീയെ നോക്കി പുച്ഛിച്ചു മുറിക്ക് പുറത്തേക്കിറങ്ങി……

മാലുവിന്റെ കയ്യിൽ നിന്ന് വാങ്ങിച്ച പാക്കറ്റുകളുമായി  ഹരി ലച്ചുവിന്റെ മുറിയിലേക്ക് കയറിയതും… അവൾ ബെഡിൽ കിടന്നു ഏങ്ങലടിക്കുകയാണ്… അത് കണ്ടവനൊന്ന് ശ്വാസം വലിച്ചു വിട്ട് അവളുടെ അടുത്തേക്ക് ചെന്ന് പാക്കറ്റ്സ് ബെഡിലേക്ക് വെച്ച് അവളുടെ അടുത്ത് ചെന്നിരുന്നു….

ലച്ചൂ….എന്നവൻ വിളിച്ചതും അവൾ പെട്ടന്ന് എഴുന്നേറ്റിരുന്നു  അവനെ നോക്കി….

എന്തിനാടി ഇങ്ങനെ കരയുന്നത്….

ഹരിയേട്ടനോട് ഞാൻ അപ്പഴേ പറഞ്ഞതല്ലേ എനിക്കൊന്നും വേണ്ടാന്ന്….. ഇപ്പൊ… അമ്മായി എന്തൊക്കെയാ പറഞ്ഞത്….. ഞാൻ… ഞാൻ… ഹരിയേട്ടന്റെ കൂടെ നടന്ന് ആവിശ്യങ്ങളൊക്കെ സാധിച്ചെടുക്കാവാണെന്ന്….ആരോടും ഒന്നും വാങ്ങിക്കാതെ കിട്ടിയതിൽ സന്തോഷം കണ്ടെത്തുന്നവളാ ഞാൻ….. എല്ലാവർക്കും അറിയാം അത്… എന്നിട്ടും എപ്പഴും കുറ്റം മാത്രം എന്നും പറഞ്ഞവൾ മുട്ട് കാലിൽ തല വെച്ച് കിടന്നു…..

അമ്മ പറഞ്ഞത് വിട്ടേക്ക് ലച്ചു…. ഇവിടെ എല്ലാവരെയും നിനക്ക് അറിയുന്നതല്ലേ….നീ എന്താണെന്ന് ഞാൻ മനസ്സിലാക്കുന്നില്ലേ… അതിനപ്പുറം ഒന്നും ആലോചിക്കേണ്ട…. അതുമല്ല എത്രയൊക്കെ നല്ല രീതിയിൽ നടന്നാലും വിമർശിക്കാനും കുറ്റം പറയാനും മാത്രമേ മറ്റുള്ളവർ ശ്രമിക്കൂ….നീ എന്താണെന്നും എങ്ങെനെയാണെന്നും നിനക്കറിയില്ലേ….അപ്പൊ മറ്റുള്ളവർ എന്ത് പറയുമ്പോഴും അത് മനസ്സിലേക്ക് കൊണ്ട് വരാ… അല്ലാണ്ടിങ്ങനെ കരഞ്ഞു കൊണ്ട് ഇരിക്കല്ല വേണ്ടത് എന്നവൻ പറഞ്ഞതും അവൾ മുഖം ഉയർത്തി അവനെയൊന്ന് നോക്കി….

നീ ഈ കവർ എടുത്ത് വെച്ച് മുഖം കഴുകി വന്നേ…

എനിക്ക്  ഇത് വേണ്ട ഹരിയേട്ടാ… അമ്മായി ഇനിയും വഴക്ക് പറയും….

അമ്മ ഇനി ഒന്നും പറയില്ല… അമ്മക്ക് വേണ്ട മറുപടി ഞാൻ കൊടുത്തിട്ടുണ്ട്…. അതോണ്ട് നല്ല കുട്ടിയായി എഴുന്നേറ്റു വന്നേ….. ആരെന്തൊക്കെ പറഞ്ഞാലും നിന്റെ കൂടെ ഞാൻ ഉണ്ടാവും..അത് പോരെ നിനക്ക് എന്നും പറഞ്ഞവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു കൊണ്ട് ചോദിച്ചതും  പുഞ്ചിരിച്ചു കൊണ്ടവൾ മെല്ലെയൊന്ന് തലയാട്ടി….. തിരിച്ചവൾക്കൊന്ന് കണ്ണു ചിമ്മി കാണിച്ചവൻ
അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു പതിയെ അവളുടെ നെറ്റിയിൽ അധരങ്ങൾ ചേർത്തതും മിഴികൾ അടച്ചു കൊണ്ട് അവളത് സ്വീകരിച്ചു….

ഇപ്പൊ   എന്റെ പെണ്ണിന്റെ സങ്കടം മാറിയോ…..

മ്മ്….

എന്നാ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ…. ഫുഡ്‌ കഴിക്കാം….

ഇപ്പൊ വേണ്ട ഹരിയേട്ടാ…. വിശപ്പില്ല…. ഹരിയേട്ടൻ പോയി കഴിച്ചോ…..

വേണ്ടാ…. ഒരുമിച്ച് കഴിക്കാം… നീ താഴേക്ക് ഇറങ്ങുമ്പോ എന്നേ കൂടെ വിളിച്ചാ മതി….ഞാൻ റൂമിൽ കാണും എന്നും പറഞ്ഞവൻ അവളുടെ കവിളിലൊന്ന് തട്ടി കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിയതും ബെഡിലേക്ക് ചാഞ്ഞവൾ കണ്ണുകൾ അടച്ചു…..

മുറിയിൽ കയറി ഒന്ന് ഫ്രഷ് ആയി അവൻ ഫോണും എടുത്തോണ്ട് ബാൽക്കണിയിലേക്ക് പോയി…. അനി എന്ന് സേവ് ചെയ്ത് വെച്ച നമ്പറിലേക്ക് വീഡിയോ കാൾ ചെയ്തു…..

ഹേയ്…. ഹരി…. ഹൗ ആർ യൂ….

ഫൈൻ ഡാ…. എന്താ പരിപാടി…..

ബ്രേക്ക്‌ ആടാ….

ഓ… എന്നിട്ട് ഫുഡ്‌ കഴിച്ചോ….

ആ… കഴിച്ചെടാ… നീ കഴിച്ചോ….

ഇല്ല….. കുറച്ച് കഴിയട്ടേന്ന് വെച്ചു…. എവിടെ നമ്മടെ ബാക്കി ടീം….

ഫുഡ്‌ അടി കഴിഞ്ഞപ്പോ അവൾക്ക് ഐസ് ക്രീം വേണമെന്നും പറഞ്ഞു കിരണിനേം വലിച്ചോണ്ട് പോയിട്ടുണ്ട്….

ആഹാ… ഇന്നത്തെ ഇര അവനാണോ….

ആ… നീ പോയേ പിന്നെ കാര്യമായിട്ട് അവൻ തന്നെയാ …..അച്ഛന്റെ കയ്യിൽ പൂത്ത കാശുണ്ട് എന്നാലും മറ്റുള്ളവരോട് ഇരന്നാലേ അവൾക്ക് തൃപ്തിയാവു  എന്നും പറഞ്ഞു അനി ചിരിച്ചതും ഹരിക്കും ചിരി വന്നിരുന്നു…….

അനി…

മ്മ്… എന്താടാ …..

ഞാൻ ഇന്ന് ദേവികാന്റിയുടെ വീട്ടിൽ പോയിരുന്നു…..എന്നവൻ പറഞ്ഞു തീർന്നതും നിഷ വന്നു അനിയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു വാങ്ങി…

ആരോട് ചോദിച്ചിട്ടാടാ നീ പോയത്…. എക്സാം കഴിഞ്ഞ് നമ്മൾ ഒരുമിച്ച് പോവാൻ പ്ലാൻ ഇട്ടതല്ലായിരുന്നോ… എന്നിട്ടവൻ ഒറ്റക്ക് പോയിരിക്കുന്നു…

ഒറ്റക്കല്ലെടി…. എന്റെ കൂടെ ലച്ചു ഉണ്ടായിരുന്നു….

ഏഹ്… ലച്ചുവോ….

അഹ്… അവൾക്ക് ഡാൻസിനോടൊക്കെ വല്ല്യ താല്പര്യമാ…. അവളുടെ അച്ഛന്റെ സ്വഭാവം നിങ്ങൾക്കറിയില്ലേ… അപ്പൊ ഞാൻ തന്നെ അതിന് മുൻകൈ എടുത്തു…..ജസ്റ്റ്‌ പോയി വന്നു അത്രേ ഓള്ളെടി… എക്സാം ഒന്ന് കഴിഞ്ഞോട്ടെ… നമുക്ക് അവിടെ പോയി അടിച്ചു പൊളിക്കാന്നേ…

അഹ്… എങ്കി ഓക്കേ…..നിന്നെ വെറുതെ വിട്ടേക്കുന്നു…

അല്ല… കിരൺ എന്ത്യേടി…. നീ അവനെ വിറ്റോ….

മിക്കവാറും ഇവൾ എന്നെ വിറ്റു പുട്ടടിക്കും….ഒന്ന് പെട്ടന്ന് വാടാ ഹരി…. ഇവളെന്റെ പൊക കണ്ടേ അടങ്ങൂ…..നീ വന്നാൽ ഞാൻ രക്ഷപ്പെടും…

ഡീ…. നിഷേ…

എന്തോ….

എന്തിനാടി നിന്റെ പോക്കറ്റ് ഫുൾ ആയിട്ടും മറ്റുള്ളോരെ പോക്കറ്റിൽ കയ്യിട്ട് വാരുന്നേ….

ഈ… അതിപ്പൊ ഒരു ശീലമായി പോയി…. മാറ്റാൻ പറ്റണ്ടേ….

രണ്ട് കിട്ടിയാ തീരുന്ന പ്രശ്നമേ ഒള്ളു…..

നീ പോടാ അനി തെണ്ടി…..ഞാൻ നിന്റെ അടുത്തേക്ക് വരുന്നില്ലല്ലോ…..

അതാ പിന്നെ ഞാൻ മിണ്ടാതെ നിക്കുന്നത്…

ഓ..

ഡാ… കിരണേ…. അതും ശരിയാണല്ലോ…. ഇവളെന്താടാ അവനോട് ഒന്നും ചോദിക്കാത്തത്…..

നമ്മളെ പോലെ അവനെ കിട്ടില്ലെന്ന്‌ അവൾക്ക് നന്നായിട്ടറിയാം… പിന്നെ  കുറച്ചെങ്കിലും പേടി ആരെയെങ്കിലും ഉണ്ടെങ്കിൽ അത് ദേ ഇവനെയാ എന്നും പറഞ്ഞു കിരൺ അനിയെ നോക്കിയതും അവൻ ഷർട്ടിന്റെ കോളർ ഒന്ന് പൊക്കി കാലിന്മേൽ കാൽ കയറ്റി വെച്ചതും നിഷ അവന്റെ കാലിനൊരു തട്ട് കൊടുത്തു അവൻ ഒതുക്കി വെച്ച മുടിയിൽ കൈ കൊണ്ട് പോയി അതാലോങ്കലപ്പെടുത്തി അവിടെ നിന്ന് ഓടിയതും നിന്നെ ഞാനിന്ന് കൊല്ലുമെടി .. എന്നും പറഞ്ഞോണ്ട് അനി അവൾക്ക് പിന്നാലെ ഓടി….

പോയോടാ രണ്ടും…

മ്മ്… ഇന്നത്തേക്കായി….
ഹരി….. സസ്‌പെൻഷൻ കഴിയാൻ നിക്കണ്ടാ… നീ ഇങ്ങോട്ട് പോരെടാ….

ഏതായാലും പോന്നില്ലേ… ഇനി ആ ദിവസം കഴിയട്ടെ…. സസ്‌പെൻഷൻ തീരുന്നതിന്റെ തലേന്ന് ഞാൻ അങ്ങെത്തിക്കോളാം…ഇപ്പൊ ഞാൻ ഇവിടുന്ന് പോന്നാൽ ശരിയാവില്ല….

ഏഹ്… അതെന്താ….

അതൊക്കെയുണ്ട്… ഒക്കെ ഞാൻ വന്നിട്ട് പറയാം……ഫോണിലൂടെ പറഞ്ഞാ ശരിയാവില്ല….

മ്മ്… അപ്പൊ കാര്യമായിട്ട് എന്തോ ഉണ്ട്….

മ്മ്… ഉണ്ടെന്ന് കൂട്ടിക്കോ…. എന്നാ ശരിയെടാ…. ബ്രേക്ക്‌ തീരാറായില്ലേ നീ വെച്ചോ….. എന്നിട്ട് ഓടി പോയവരിൽ ആർക്കാണ് പരിക്ക് കൂടുതൽ എന്ന് നോക്ക്….എന്ന് ഹരി പറഞ്ഞതും കിരൺ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി ഫോൺ കട്ട് ചെയ്തു…..

ഫോൺ ചാർജിലിട്ട് തിരിഞ്ഞതും വാതിൽക്കൽ പാളി നോക്കുന്ന ശ്രീയേ കണ്ടവൻ നെറ്റി ചുളിച്ചു …അവൻ കണ്ടെന്നു മനസ്സിലായതും പെട്ടന്നവൾ അവിടുന്ന് മുങ്ങാൻ നോക്കിയതും അവൻ ഓടി ചെന്നവൾക്ക് മുന്നിൽ കയറി നിന്നു…

തുടരും….