രചന – സെലുനിസു
ഉടൻ വിവാഹം നടത്തണം എന്ന് മാധവൻ പറഞ്ഞതും ഹരിയും ലച്ചുവും ഞെട്ടി പരസ്പരം നോക്കി….
ഇനി പഠിപ്പ് കോപ്പ് ന്നൊന്നും പറഞ്ഞു എന്റെ പുറകെ വരണ്ട….ഈ ആഴ്ച തന്നെ അവര് നിന്നെ കാണാൻ വരും….ചെക്കൻ നിന്നെ അമ്പലത്തിൽ വെച്ചെങ്ങോ കണ്ടിട്ടുണ്ടെന്നാ പറഞ്ഞേ.. അവനിഷ്ട്ടപെടുകയും ചെയ്തിട്ടുണ്ട്…. അതോണ്ട് ഇത് ചടങ്ങിന് വേണ്ടിയുള്ളൊരു വരവ് മാത്രമാ…
അച്ഛാ….ഇന്നേവരെ നിങ്ങളൊക്കെ പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചിട്ടല്ലേ ഒള്ളൂ …..ആ ഒരു പരിഗണന വെച്ചെങ്കിലും എന്നോട് അൽപ്പം കരുണ കാട്ടിക്കൂടെ…. എനിക്ക്… എനിക്ക് പഠിക്കണം.ഒരു ജോലി വേണം……. ഇന്നേവരെ ഞാൻ ഒന്നും ചോദിച്ചിട്ടില്ലല്ലോ…..ഇനിയൊട്ട് ചോദിക്കേം ഇല്ലാ… ഈ ഒരാഗ്രഹം അച്ഛൻ നടത്തി തരണം..
ഓ…. പിന്നേ…ജോലി….. ഈ തറവാട്ടിൽ പെൺകുട്ടികൾ പണിയെടുത്തിട്ട് വേണ്ട അരി വാങ്ങാൻ…. ഞാൻ എടുത്ത തീരുമാനത്തിന് എതിര് പറയുന്നത് എനിക്കിഷ്ടമില്ലാത്ത കാര്യമാ….ഞാൻ പറയുന്നതങ്ങു അനുസരിച്ചാ മതി നീ എന്നുച്ചത്തിൽ പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് മാധവൻ അകത്തേക്ക് കയറാൻ ഒരുങ്ങിയതും അമ്മാവൻ ഒന്നവിടെ നിന്നേ എന്നുള്ള ഹരിയുടെ ശബ്ദം കേട്ടയാൾ തിരിഞ്ഞു നിന്നു….
മ്മ്…. എന്താ….
അവളുടെ വിവാഹം അമ്മാവൻ ഒറ്റങ്ങക്കങ്ങു തീരുമാനിച്ചാ മതിയോ….
അവളുടെ അച്ഛനാ ഞാൻ…. അവളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മറ്റൊരാളോടും ചോദിക്കേണ്ട ആവിശ്യമില്ലെനിക്ക്….
അച്ഛൻ….. പേരിനു മാത്രം ഒരച്ഛനായത് കൊണ്ട് ഒരു കാര്യവുമില്ല…….
ഹരി……വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം…. അവൾക്ക് എന്തിനാ ഇവിടെ ഒരു കുറവുള്ളത്…
സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾക്ക് കിട്ടാറുണ്ടോ എന്നവൻ മാധവനെയും ശാരുവിനെയും നോക്കി ചോദിച്ചതും അവർ രണ്ട് പേരുടെയും തലയൊന്ന് താണു…..
ഈ തല താഴ്ത്തിയുള്ള നിൽപ്പിൽ തന്നെ മനസ്സിലാവുന്നുണ്ട് നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങൾക്ക് തന്നെ നല്ല ബോധ്യമുണ്ടെന്ന്…..
ഹരി മതി പറഞ്ഞത്……. അവരുടെ മകളുടെ കാര്യമാണ് അത് എങനെ വേണമെന്ന് തീരുമാനിക്കാൻ അവർക്ക് അവകാശമുണ്ട്…..
സ്വന്തം ഏട്ടന്റെ തലയൊന്ന് താണപ്പോ സങ്കടം വന്നോ ചെറിയമ്മാവന്…എന്താ നിങ്ങളൊക്കെ ഇങ്ങനെയായി പോയത്……സങ്കടങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉള്ളവളാ ആ നിൽക്കുന്നത്….അവൾക്ക് അവളുടേതായ ഇഷ്ട്ടങ്ങളുണ്ടാവില്ലേ സ്വപ്നങ്ങളുണ്ടാവില്ലേ…സ്വന്തം മക്കളുടെ ആഗ്രഹമെന്ത് തന്നെയായാലും അത് നിറവേറ്റി കൊടുക്കുക എന്നതല്ലേ ഒരച്ഛന്റേം അമ്മയുടെയും കടമ… അല്ലാതെ അടിമയെ പോലെ സ്വന്തം ഇഷ്ട്ടം അവളെ അടിച്ചേൽപ്പിക്കുകയാണോ വേണ്ടത്….
ഹരിക്കുട്ടാ… നീ മിണ്ടാതിരിക്ക്… മുതിർന്നവർക്ക് മുന്നിൽ ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ലെന്ന് അറിയില്ലേ നിനക്ക്…..
ആരെയൊക്കെ ബഹുമാനിക്കണം ആരെയൊക്കെ എതിർക്കണം എന്നൊക്കെ ഹരികൃഷ്ണന് നന്നായിട്ട് അറിയാം അമ്മേ….അമ്മാവൻ ഇപ്പൊ ഈ പറഞ്ഞത് ഒരിക്കലും നടക്കാൻ പോണില്ല……
ഹരി…. നീ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമുണ്ടാവാൻ പോവുന്നില്ല……
വേണ്ടാ…..ഞാൻ പറഞ്ഞത് കൊണ്ട് മാറ്റണ്ട…പക്ഷേ.. നിയമം എന്നൊന്നുണ്ട്…. അമ്മാവനറിയില്ലേ പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്ന് മാറ്റി ഇരുപത്തിയൊന്ന് ആക്കിയത്…വെറുതെ റിസ്ക് എടുക്കണോ അമ്മാവാ…..
നീ എന്താ എന്നെ ഭീക്ഷണിപ്പെടുത്തുവാണോ….
ഭീക്ഷണിയോ..അമ്മാവൻ എജ്യൂക്കേറ്റഡ് അല്ലേ…. ലച്ചുവിന് പതിനെട്ടു വയസ്സല്ലേ ആയുള്ളൂ…. ആ സ്ഥിതിക്ക് ഈയൊരു തീരുമാനം കൊണ്ട് മുന്നോട്ട് പോയാൽ വല്യമ്മാവൻ മാത്രമാവില്ല കുടുങ്ങുക… കൂട്ട് നിൽക്കുന്ന എല്ലാവരും കോടതി കയറി ഇറങ്ങേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ടാ എന്നും പറഞ്ഞവൻ ചുറ്റിലും ഒന്ന് നോക്കിയതും എല്ലാവരുടെയും മുഖത്തൊരു ഭയം നിറഞ്ഞു നിൽപ്പുണ്ട്… പ്രേത്യേകിച്ച് തന്റെ അമ്മയുടെ.. അത് കണ്ടവനൊന്ന് മനസ്സിൽ സന്തോഷിച്ചു ലച്ചുവിനെ നോക്കിയതും അവളുടെ കണ്ണുകൾ അവനെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു….. അവൻ ഒന്നുമില്ലെന്ന മട്ടിൽ അവൾക്കൊന്ന് കണ്ണ് ചിമ്മി കാണിച്ചു….
ഏട്ടാ….. വേണ്ടേട്ടാ… ഹരിക്കുട്ടൻ പറയുന്നത് ശരിയാ….. ആ പാറേൽ ജാനുവിന്റെ മോളൊരു ചെക്കനുമായി അടുപ്പത്തിലാണെന്ന് പറഞ്ഞു അവർ ആ പെണ്ണിന് ഇത് പോലെ കെട്ടിക്കാൻ നോക്കിയതാ…ആരൊക്കെയോ അത് പോലീസിനെ അറിയിച്ചു… കല്ല്യാണവും മുടങ്ങി അത് കേസുമായി….എന്തിനാ വെറുതെ സമാധാനം കളയുന്നത്…..
നീ പേടിക്കാതെ മാലു…. ആരുമറിയാതെ കുടുംബക്ഷേത്രത്തിൽ വെച്ചൊരു താലികെട്ട്…..അതിൽ തീർക്കാം ഇത്… എന്ന് മാധവൻ പറഞ്ഞതും ഹരിക്ക് ദേഷ്യം എരിഞ്ഞു കയറി….
അമ്മാവന് നാണമുണ്ടോ….
ഹരിക്കുട്ടാ…..
അമ്മ മിണ്ടാതിരിക്ക്…. പറയാനുള്ളത് പറഞ്ഞു തന്നെ തീർക്കും ഹരി….
ഏതൊരു രക്ഷിതാക്കളുടെയും ഏറ്റവും വലിയ സ്വപ്നം ആയിരിക്കും മക്കളുടെ വിവാഹം….. ഇല്ലായ്മയിൽ ജീവിക്കുന്നവരാണെങ്കിൽ പോലും ഉള്ളത് വിറ്റും പൊറുക്കിയും തന്റെ മക്കളുടെ ജീവിതം സുരക്ഷിതമാക്കാൻ നോക്കുന്നവരാണ് അച്ഛനമ്മമാർ….ഇവിടെ ഇട്ട് മൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും തന്റെ മകളൊരു ഭാരമെന്ന പോൽ പ്രായം പോലും കണക്കിലെടുക്കാതെ ഒഴിവാക്കാൻ നോക്കുന്നു…. കഷ്ട്ടം….
പെണ്മക്കളുടെ കാര്യത്തിൽ അച്ഛൻമാർ എടുത്തുചാടി ഒരു തീരുമാനം എടുത്താൽ പോലും അത് തിരുത്തി കൊടുത്ത് അവരുടെ ഇഷ്ട്ടം നിറവേറ്റി കൊടുക്കുന്ന അമ്മമാരെയാ ഞാൻ കണ്ടിട്ടുള്ളത്….ഇത്ര നേരമായിട്ടും സ്വന്തം മകൾക്ക് വേണ്ടി ഒരു വാക്ക് പോലും പറയാത്ത വല്ല്യമ്മായിയെ കണ്ടിട്ട് എനിക്ക് പുച്ഛം തോന്നുന്നു……എന്നവൻ ശാരുവിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞതും അവർ അവനെയൊന്ന് മിഴിച്ചു നോക്കി….
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം….. ഈ നെറികേടിന് കൂട്ട് നിൽക്കാൻ ഹരിയെ കിട്ടില്ല…ഇത്രയും പറഞ്ഞിട്ടും ഈ ഒരു തീരുമാനത്തിൽ മുന്നോട്ട് പോവാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഈ വിവരം അറിയിക്കേണ്ടവരെ അറിയിച്ചിരിക്കും ഞാൻ.. ആ ഒരു കാര്യത്തിൽ ഹരിക്ക് സ്വന്തവും ബന്ധവും ഒന്നും ഉണ്ടാവില്ല… ….എന്നവൻ ഉറച്ച വാക്കുകളോടെ പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി….
ഹരി…..
വല്ല്യമ്മാവൻ ഒച്ചയെടുക്കണ്ടാ….. ഒരുപ്പാട് പഠിപ്പുണ്ടായിട്ട് കാര്യമില്ല… മറ്റുള്ളവരുടെ മനസ്സ് അറിയാൻ കഴിയണം….. ആ നിക്കുന്നവൾ നിങ്ങളുടെ ചോരയല്ലേ…എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങൾ അവളോട് ഇങ്ങനെ പെരുമാറുന്നത്….ഇന്നേവരെ അവളെന്തെങ്കിലും പറഞ്ഞു നിങ്ങളെ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ടോ വേണ്ടാ… അതറിഞ്ഞു നിങ്ങളെന്തെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ……എന്ത് പറഞ്ഞാലും ഒന്ന് മിണ്ടാതെ അവൾ കേട്ട്
നിൽക്കുന്നത് കൊണ്ടല്ലേ നിങ്ങൾ അവളോടിങ്ങനെ ചെയ്യുന്നത്….. നിങ്ങൾ ഒരുപ്പാട് ക്യാശ് ചിലവാക്കി പൂജയും ഉത്സവമൊക്കെ നടത്തുന്നുണ്ടല്ലോ… എന്ത് കാര്യം..ദൈവം നമുക്ക് തരുന്ന നിധിയാണ് മക്കൾ ….സ്വന്തം മകളെ സ്നേഹിക്കാനും മനസ്സിലാക്കാനും കഴിയാത്തവരുടെ പ്രാർത്ഥനയും വഴിപാടൊന്നും ദൈവം സ്വീകരിക്കില്ല…
ഹരി… നിർത്തിക്കേ….മതി പറഞ്ഞത്…..ഏട്ടനോട് ഞാൻ സംസാരിച്ചോളാം…
ഏട്ടാ…. ഹരി പറഞ്ഞ പോലെ ലച്ചുവിന് പതിനെട്ടല്ലേ ആയുള്ളൂ…. പുറത്തറിഞ്ഞാൽ അത് വലിയൊരു പ്രശ്നമാവും…. നമ്മുടെ ബിസിനസിനെ പോലും ചിലപ്പോ അത് ബാധിച്ചെന്ന് വരും….അത് കൊണ്ട് അവളിപ്പോ പഠിക്കട്ടെ…. ഡിഗ്രി കംപ്ലീറ്റ് ആവുമ്പോഴേക്കും അവൾക്ക് ഇരുപത്തിയൊന്ന് ആവില്ലേ…. വിവാഹം നമുക്ക് അപ്പൊ നോക്കാം…..
പക്ഷേ സഹദേവാ… ഞാൻ അവരോട് ഈ ആഴ്ച ഇങ്ങോട്ട് വരാൻ പറഞ്ഞതല്ലേ……
അത് സാരമില്ല ഏട്ടാ….നമ്മൾ കാര്യങ്ങൾ വീട്ടിൽ ഒന്ന് സംസാരിക്കട്ടേന്ന് പറഞ്ഞതല്ലായിരുന്നോ..അത് കൊണ്ട് ആ കാര്യമോർത്ത് ഏട്ടൻ ടെൻഷൻ ആവണ്ട…..അവരോട് എന്ത് പറയണമെന്ന് എനിക്കറിയാം…. ഏട്ടൻ ഇപ്പൊ ഹരി പറഞ്ഞതിന് എതിർപ്പ് ഒന്നും പറയണ്ടാ…. അവളെ കൊണ്ട് പോയി നല്ലൊരു കോളേജിൽ ചേർത്തേക്ക്……എന്ന് സഹദേവൻ പറഞ്ഞതും മാധവനൊന്ന് മൂളിക്കൊണ്ട് ലച്ചുവിനെയും ഹരിയേയും നോക്കി അകത്തേക്ക് കയറി പോയി…..
ഇനി എന്ത് നോക്കി നിക്കുവാ…..അത്താഴം കഴിച്ചു ഒക്കെ പോയി കിടന്നുറങ്ങിക്കോ… എന്ന് സഹദേവൻ പറഞ്ഞതും എല്ലാവരും അവിടെ നിന്ന് പോയി….
അന്ന് പിന്നെ ഹരിക്കും ലച്ചുവിനും പരസ്പരം കാണാൻ സാധിച്ചില്ല… തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല… തന്റെ ജീവിതത്തിൽ തുടർ പഠനമെന്നൊരു അദ്ധ്യായം ഇനി ഉണ്ടാവുമെന്ന് കരുതിയതല്ല…. ഹരിയേട്ടൻ കാരണം ഇന്ന് താൻ ഒത്തിരി സന്തോഷിക്കുന്നുണ്ട്… മനസ്സിലുള്ള തന്റെ ഇഷ്ട്ടം ഇനിയും വൈകിപ്പിക്കാൻ പാടില്ല….. നാളെ തന്നെ ഹരിയേട്ടന് മുന്നിൽ മനസ്സ് തുറക്കണം എന്നെല്ലാം മനസ്സിൽ കണക്കു കൂട്ടിയവൾ പതിയെ കണ്ണുകളടച്ചു…..
പിറ്റേന്ന് അതിരാവിലെ എണീറ്റവൾ കുളക്കടവിലേക്ക് പോയി..മാസമുറ കഴിഞ്ഞുള്ള കുളിക്ക് അവൾ ഇങ്ങോട്ടാണ് വരാറ്…. കുളിയെല്ലാം കഴിഞ്ഞു ചായ റെഡിയാക്കിയവൾ മുറിയിലേക്ക് പോയി….
ഒരു പിറന്നാൾ ദിനത്തിൽ ചെറിയമ്മ തനിക്ക് സമ്മാനിച്ച കറുപ്പ് കരയുള്ള സെറ്റ് സാരി ഭംഗിയിൽ ഞൊറിഞ്ഞിടുത്തു…. ഹരി വാങ്ങിയ വളകളിൽ നിന്ന് കറുപ്പ് കുപ്പി വളയും കറുത്ത ലോക്കറ്റ് ഉള്ളൊരു മാലയും അതിന് മാച്ച് ആയ കമ്മലും അണിഞ്ഞു ഒരു കുഞ്ഞു പൊട്ടും വെച്ച് മുടി തുമ്പ് കെട്ടിയവൾ കണ്ണാടിയിലൊന്ന് നോക്കി…..ഒഴിഞ്ഞു കിടക്കുന്ന തന്റെ കണ്ണിലേക്കു നോക്കി കബോർഡിൽ നിന്ന് കണ്മഷി എടുത്ത് വാലിട്ടെഴുതി തന്റെ പ്രതിബിംബത്തിൽ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി…..
ഹരിയുടെ മുറിക്ക് നേരെ നോക്കിയവൾ ചുണ്ട് കൂർപ്പിച്ചു….
ഹരിയേട്ടനെ കാണുന്നില്ലല്ലോ…എഴുന്നേറ്റു കാണില്ലേ ഇനി…… ശോ….ഇനിപ്പോ എന്താ ചെയ്യാ… ഡോർ ലോക്ക് ചെയ്തിട്ടുണ്ടാവോ.. എന്നെല്ലാം സ്വയം ചിന്തിച്ചവൾ ഹരിയുടെ മുറിക്ക് നേരെ നടക്കാൻ ഒരുങ്ങിയതും വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൾ അവിടെ തന്നെ നിന്നു…..
ബ്ലാക്ക് ഷർട്ടും. അതിന് മാച്ചിങ് ആയിട്ടുള്ള മുണ്ടും എടുത്ത് വരുന്നവനെ കാണേ അവളുടെ കണ്ണുകൾ വിടർന്നു വന്നു…. സ്വയം തന്നെ ഒന്ന് കണ്ണുഴിഞ്ഞവൾ ഹരിയുടെ മുഖത്തേക്ക് നോക്കിയതും അവൻ ചിരിച്ചു കൊണ്ട് തലയാട്ടി അവളുടെ അടുത്തേക്ക് ചെന്നു…..
കൊള്ളാലോടി….
ഏഹ്… എന്നാലും ഇതെങ്ങെനെ…
ഏത്…
നമ്മൾ രണ്ട് പേരുടെയും ഡ്രസ്സ് ഒന്നായത്….
അതാടി മനപ്പൊരുത്തം….
പിന്നെ… ഒന്ന് പോയേ…. ഇത് അതൊന്നും അല്ല… ഹരിയേട്ടന്റെ ചിരി കണ്ടിട്ട് എന്തോ വശപിശകുണ്ട്…..
ഈ…. ഉണ്ടല്ലേ…. എന്നാ പിന്നെ സത്യം പറയാം…..
ആ… അതാ നല്ലത്….
ഞാനേയ് എണീറ്റ ഉടനെ നീ ഉണർന്നോന്ന് നോക്കാൻ നിന്റെ മുറിയിലേക്ക് വന്നിരുന്നു…. അപ്പൊ നിന്നെ കണ്ടില്ല… പക്ഷേ ബെഡിൽ കിടക്കുന്ന സാരി കണ്ടു…അവിടെ വെച്ചോണ്ട് അതാവും ഇന്നുടുക്കുന്നേ എന്ന് മനസ്സിലാക്കി…. ഞാനും അതിങ് മാച്ച് ആക്കി ഡ്രസ്സിയ്തു……. എങ്ങെനെ ഉണ്ടെന്റെ ബുദ്ധി…..
ഓ..അപാരം….ഇത്രേം ബുദ്ധി ഹരിയേട്ടനുണ്ടെന്ന് അറിഞ്ഞിരുന്നില്ല…
നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…
മ്മ്…ആയിക്കോട്ടെ… എന്നാ പോയാലോ…
മ്മ്…ഓക്കേ ഞാൻ റെഡി… അല്ല ആരോടും പറയണ്ടേ….
ചെറിയമ്മ ഇപ്പൊ എണീറ്റ് കാണും…. വാ… എന്നും പറഞ്ഞവൾ കോണിപ്പടികൾ ഇറങ്ങിയതും ഹരിയും അവൾക്കൊപ്പം ചെന്നു….
ചെറിയമ്മേ….. ഞങ്ങളൊന്ന് അമ്പലത്തിൽ പോയിട്ട് വരാവേ…..എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് കയറി ചെന്നു….
ആഹാ….. ചുന്ദരി ആയിട്ടുണ്ടല്ലോ എന്റെ മോള്… ഈ സാരി നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്…വേറെയാരാ കൂടേ മിനിയുണ്ടോ……
ഇല്ലാ… ഹരിയേട്ടനുണ്ട്…
ഏഹ്.. ഹരിയോ…അവന് അമ്പലത്തിലേക്കുള്ള വഴി ഒക്കെ അറിയോ…
ചെറിയമ്മായി അങ്ങനെ കളിയാക്കൊന്നും വേണ്ടാ….എനിക്ക് വഴി അറിയാഞ്ഞിട്ടൊന്നും അല്ല.. ഒരൊഴിവ് കിട്ടണ്ടേ….
ഓഹ്..അത് ശരിയാ തിരക്കുള്ള ഡോക്ടർ അല്ലേ….
അമ്മായി… വേണ്ടാട്ടോ….
ഞാൻ ഒരു തമാശ പറഞ്ഞതാടാ ചെക്കാ….നീ നല്ലവനാ …. മോൻ കാരണാ ഇന്നിവളെ മുഖത്തീ സന്തോഷം കാണുന്നത്… ഇന്നലെ നീ ഇല്ലായിരുന്നെങ്കിൽ ഓർക്കാൻ കൂടി വയ്യാ……പ്ലസ്ടു കഴിഞ്ഞ് ഇവളെ പഠിക്കാൻ സമ്മതിക്കില്ലെന്ന് വല്ല്യേട്ടൻ പറഞ്ഞത് മുതൽ മനസ്സിനൊരു സുഖവും ഉണ്ടായിരുന്നില്ല… ഇപ്പോഴാ സമാധാനമായത്….. വൈകിക്കണ്ട നിങ്ങൾ പോയി പ്രാർത്ഥിച്ചിട്ട് വാ…. എന്നും പറഞ്ഞു ശ്യാമ അവരെ നോക്കി പുഞ്ചിരിച്ചതും അവർ യാത്ര പറഞ്ഞിറങ്ങി…..
തുടരും……

by