രചന – ഗംഗ ശലഭം
കുറച്ചു മുന്നേ താൻ ചെയ്തത് ഓർത്തപ്പോൾ സായി അസ്വസ്തനായി. അതിനേക്കാളും കൃഷ്ണയുടെ സായി എന്ന വിളി അവനെ ഭയപ്പെടുത്തി.
” കൃഷ്ണ…. താൻ…. താനിപ്പോ എന്നെ എന്താ വിളിച്ചത്?”
കിതപ്പോടെ സായി കൃഷ്ണയെ നോക്കി.
“സായിയാ…. എന്റെ സായിയാ….”
കൃഷ്ണ തന്റെ നെഞ്ചിൽ കൈ ചേർത്ത് പൊട്ടിക്കരഞ്ഞു.
സായി ശ്വാസം വിലങ്ങി അവളെ മിഴിച്ചു നോക്കി….. വിലങ്ങനെ തലയാട്ടി….
കൃഷ്ണയിൽ നിന്നും വീണ്ടും പിറകിലേക്ക് നടന്നു മാറി….
” എത്ര നാളായി കാത്തിരിക്കുന്നതാ ഞാൻ? ഇനിയും അകന്ന് പോകല്ലേ സായി….”
അപേക്ഷ പോലെ കൃഷ്ണ പറഞ്ഞു.
തൊണ്ടയിൽ തടഞ്ഞ വിങ്ങലിൽ അവളുടെ ശബ്ദം മുറിഞ്ഞു.
സായിയുടെ നേർക്ക് നീട്ടിപ്പിടിച്ച കൃഷ്ണയുടെ കൈ വിറച്ചു. എന്നാൽ ആ വിരൽ തുമ്പിൽ പോലും തൊടാനാകാതെ സായി പിറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.
കേട്ടതൊന്നും വിശ്വസിക്കാനാകാതെ, നടന്നതൊന്നും അംഗീകരിക്കാനാകാതെ പിറകിലേക്ക് വയ്ക്കുന്ന ഓരോ ചുവടിലും സായി തല കുടഞ്ഞു കൊണ്ടിരുന്നു.
അവളെന്താണ് പറഞ്ഞത്? താൻ അവളുടെ സായിയാണെന്ന്….!
അതെങ്ങനെ സംഭവിക്കും?
അതെങ്ങനെ സത്യമാകും?
പക്ഷെ… കുറച്ചു മുൻപ് താൻ ചെയ്തതോ? താൻ എന്തിനാണ് അവളുടെ അരികിലേക്ക് ചെന്നത്? അവളുടെ കയ്യിൽ കൈ കോർത്തത്? ഒരുവേള ആ നെറുകയിൽ ചുംബിക്കാൻ പോലും തന്റെ മനസ്സ് കൊതിച്ചില്ലേ? അവൾ തന്നെ വിളിച്ചില്ലായിരുന്നു എങ്കിൽ ഉറപ്പായും താനങ്ങനെ ചെയ്തേനെ…..!
അപ്പോൾ അവൾ തനിക്ക് അത്രയേറെ പ്രിയപ്പെട്ട ആരോ ആണെന്ന് തോന്നിയിരുന്നു.
അല്ല…!
താൻ അന്നേരം മറ്റൊരാൾ ആയിരുന്നു. കൃഷ്ണയെ ഇഷ്ടപ്പെടുന്നൊരാൾ…..
കൃഷ്ണയ്ക്ക് പ്രിയപ്പെട്ട ഒരാൾ…..
സായി…….????!!!!
തല നെടുകെ പിളർന്നു പോകുന്നു എന്ന് തോന്നി സായിക്ക്… അസഹ്യമായ തലവേദന….. ഇരുകൈകൾ കൊണ്ടും അവൻ തന്റെ മുടിയിഴകളെ അമർത്തി വലിച്ചു.
“സായീ……”
അവന്റെ ചെയ്തികൾ കണ്ട് ഒരു നിലവിളിയോടെ കൃഷ്ണ അവനരികിലേക്ക് ഓടി….
ചുറ്റുമുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നതൊന്നും അവൾക്കൊരു വിഷയമല്ലാതായി. സായിയെ അല്ലാതെ മറ്റാരെയും അവളവിടെ കണ്ടില്ല.
“വരരുത്…. അടുത്തേക്ക് വരരുത്….”
തന്റെ അടുത്തേക്ക് ഓടി അടുക്കുന്നവളെ നോക്കി വലം കൈ ഉയർത്തി സായി അലറി.
കൃഷ്ണയുടെ മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. കണ്മുന്നിൽ കാണുന്ന സായിയുടെ അവസ്ഥ അവളെ ആകെ ഉലച്ചു കളഞ്ഞു. സായി പറഞ്ഞത് കേൾക്കാതെ കൃഷ്ണ വീണ്ടും അവനരികിലേക്ക് നീങ്ങാൻ ഒരുങ്ങി.
“വരരുത്……
പ്ലീസ്…..!”
അപേക്ഷയുടെ സ്വരം….
പിടിച്ചു കെട്ടിയത് പോലെ കൃഷ്ണ നിന്നു പോയി.
ഇരുകൈകളും തലയിൽ അമർത്തി പിടിച്ചു കൊണ്ട് സായി നിലത്തേക്കിരുന്നു.
അവന്റെ ആ അവസ്ഥയിലും അവന്റെ അരികിലേക്ക് ഒന്ന് ചെല്ലാനാകാതെ അവനെ ചേർത്ത് പിടിക്കാനാകാതെ കൃഷ്ണ വീർപ്പു മുട്ടി. ഉറക്കെ കരഞ്ഞു കൊണ്ട് അവളും അവനൊപ്പം നിലത്തേക്കിരുന്നു.
ഉണ്ണിമോൾ ഓടിവന്നു കൃഷ്ണയെ കെട്ടിപ്പിടിച്ചു.
“കരയല്ലേ അമ്മാ….”
ഉണ്ണിമോളും അവളുടെ കൂടെ കരഞ്ഞു.
സൂരജ് സായിയുടെ അടുത്തേക്ക് ഓടി എത്തി.
” സൂര്യ….
മോനെ…. ”
സൂരജും നിലത്തേക്കിരുന്ന് അവനെ ചേർത്ത് പിടിച്ചു.
” നമുക്ക്…. നമുക്ക് ഇവിടുന്ന് പോകാം ചേട്ടായി…. എനിക്ക് വയ്യ….. ”
സായി തളർച്ചയോടെ അതേ ഇരിപ്പിൽ സൂരജിന്റെ ദേഹത്തേക്ക് ചാഞ്ഞു.
“പോകാം…. വാ….”
സൂരജ് അവനെ താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിച്ചു. കൊച്ച് കുഞ്ഞിനെ എന്ന പോലെ ചേർത്ത് പിടിച്ചു മുന്നോട്ട് നടത്തി.
അത് കണ്ട് കുറച്ചു മാറി ഹൃദയം തകർന്ന് കരഞ്ഞിരുന്ന ഒരുവൾ ചെയ്തു പോയ അബദ്ധം ഓർത്ത് പരിതപിച്ചു.
പറഞ്ഞതാണ് സൂരജ് സാർ…
സായിയോട് ഒന്നും പറയരുത് എന്ന്. എന്നിട്ടും എന്താണ് തനിക്ക് പറ്റിയത്?
അവൻ അരികിലേക്ക് വന്നു നിന്നപ്പോൾത്തന്നെ പതറിപ്പോയതാണ് മനസ്സ്. നോട്ടം ഇടഞ്ഞപ്പോൾ, കവിളിൽ അവന്റെ കൈ ചേർന്നപ്പോൾ സൂര്യയുടെ മുഖമല്ല, സായിയുടെ മുഖം തന്നെയാണ് മുന്നിൽ കണ്ടത്. എന്റെ സായി തന്നെയായിരുന്നു അത്….! ഒരു നിമിഷം മനസ്സിന്റെ നിയന്ത്രണം നഷ്ടമായിപ്പോയി. എവിടെ ആണെന്നോ എന്താണെന്നോ ഓർക്കാതെ പോയി….
തെറ്റ് പറ്റിപ്പോയി….!
ഒരുപക്ഷെ ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് അറിയുന്നത് കൊണ്ടാകാം സായിയോട് ഇപ്പോൾ ഒന്നും പറയരുത് എന്ന് സൂരജ് സാർ ആദ്യമേ പറഞ്ഞത്.
എല്ലാം എന്റെ തെറ്റാണ്…..
കൃഷ്ണ ഇരു കൈകൾ കൊണ്ടും തല താങ്ങിപ്പിടിച്ചു. കാര്യം അറിയാതെ ഉണ്ണിമോൾ അപ്പോഴും അവളെ കെട്ടിപ്പിടിച്ചു വിതുമ്പിക്കൊണ്ടിരുന്നു.
കുറച്ചു മുന്നോട്ട് നടന്ന ശേഷമാണ് സൂരജ് തിരിഞ്ഞു നോക്കിയത്. കൃഷ്ണ അപ്പോഴും നിലത്തു തന്നെ ഇരിക്കുന്നു എന്ന് കണ്ട് അവൻ ഒരല്പം ഉച്ചത്തിൽ വിളിച്ചു.
“കൃഷ്ണാ……”
സൂരജിന്റെ വിളി കേട്ട് കൃഷ്ണ നിലത്തു നിന്നും പിടഞ്ഞ് എഴുന്നേറ്റു. പതർച്ചയോടെ ചുറ്റും നോക്കി. പലരുടെയും നോട്ടം തങ്ങളിൽ തന്നെയാണ്.
” കൃഷ്ണ…. മോളെയും കൂട്ടി വാ….
നമുക്ക് പോകാം…. ”
ശാന്തമായ സ്വരത്തിൽ സൂരജ് പറഞ്ഞു.
കണ്ണുനീർ അമർത്തി തുടച്ച്, വിതുമ്പൽ അടക്കി, ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കാതെ, ഉണ്ണിമോളെയും എടുത്ത് കൃഷ്ണ വേഗത്തിൽ മുന്നോട്ട് നടന്നു.
************
ബാക്കി പിന്നെ…

by