രചന – ഗംഗ ശലഭം
“എനിക്ക് വേണ്ടി ഇനിയും കാത്തിരിക്കാൻ നീ ഒരുക്കമാണോ ശ്രീ?”
ഒടുവിൽ അവൾ ചോദിച്ചു.
‘അതേ’ എന്ന് മറുപടി കൊടുക്കാൻ ശ്രീനാഥിന് തെല്ലും ആലോചിക്കേണ്ടി വന്നില്ല.
” എന്നാൽ കാത്തിരിക്കൂ… നിന്നെ തിരഞ്ഞു ഞാൻ വരുന്ന ദിവസത്തിന് വേണ്ടി. അധികം വൈകാതെ നിന്റെ അടുത്തേക്ക് ഞാൻ വരും. അത് വരെ എന്നെ നീയിനി തിരയരുത്. കാണാൻ ശ്രമിക്കരുത്. നീ എന്നെ തിരയുന്നു എന്ന് ഞാൻ അറിഞ്ഞാൽ, എന്നെ നീ കാണാൻ ശ്രമിച്ചാൽ പിന്നീടൊരിക്കലും നമ്മൾ തമ്മിൽ കാണില്ല. ”
അവൾ തന്നെ സ്വീകരിക്കാൻ തയാറാണെന്ന ചിന്ത തന്നെ ശ്രീനാഥിൽ അതിയായ സന്തോഷം നിറച്ചിരുന്നു….. അവൻ ആഹ്ലാദത്തോടെ തല കുലുക്കി.
*************
കിടന്ന കിടപ്പിൽ കിടന്ന് ശ്രീനാഥ് നെടുവീർപ്പുതിർത്തു.
കഴിഞ്ഞ അഞ്ചു വർഷമായി അവളെ കാത്തിരിക്കുകയാണ്. അവൾ പറഞ്ഞത് പോലെ തിരഞ്ഞു കണ്ട് പിടിക്കാൻ ശ്രമിച്ചിട്ടില്ല. വെറും വാക്ക് പറയാറില്ലവൾ…. വരും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വന്നിരിക്കും. അങ്ങനെ കരുതിയാണ് ഇത് വരെ കാത്തിരുന്നത്. അവൾ പറഞ്ഞത് കേൾക്കാതെ താൻ അവളെ അന്വേഷിച്ചു എന്നറിഞ്ഞാൽ വീണ്ടും അവളെ നഷ്ടമാകുമോ എന്ന് ഭയന്നാണ് ഇതുവരെയും അന്വേഷിക്കാത്തിരുന്നത്. ഇപ്പോഴും ബാംഗ്ലൂർ തന്നെ ഉണ്ടെന്ന് അറിയാം… ജോലി സംബന്ധമായി തിരക്കിൽ ആണെന്നും….
പക്ഷെ ഇനിയും കാത്തിരിക്കാൻ വയ്യ. അവൾക്ക് വേണ്ടി ചെയ്തു കൂട്ടിയതൊക്കെ ഓർക്കുമ്പോൾ, എന്നിട്ടും അവളിനിയും എനിക്ക് സ്വന്തമായിട്ടില്ല എന്നോർക്കുമ്പോൾ വല്ലാത്ത ഒരസ്വസ്ഥത….
കൃഷ്ണയ്ക്ക് ഒരിക്കലും സായിയെ അല്ലാതെ മറ്റൊരാളെ അംഗീകരിക്കാൻ
കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അന്ന് അച്ഛൻ പറഞ്ഞപ്പോ അവളെ സഹായിക്കാൻ നിന്നത് തന്നെ. അച്ഛനെ പിണക്കുന്നത് ബുദ്ധിയല്ല. പലയിടങ്ങളിലും തനിക്ക് ഇനിയും അച്ഛന്റെ സഹായം വേണ്ടി വരും. പക്ഷെ അച്ഛൻ തന്നെയും അവളെയും ചേർത്തു വയ്ക്കാനാണ് ഒരുങ്ങുന്നത് എന്നറിഞ്ഞപ്പോ മനപ്പൂർവം ആണ് അവളോട് പിന്നീട് മുഷിഞ്ഞു പെരുമാറിയത്. കൃഷ്ണയോട് തനിക്ക് ഒരു തരത്തിലുള്ള വിരോധവും ഇല്ല. അവൾക്ക് വേണ്ടത് സായിയെയാണ്. അവന്റെ സ്വത്തുക്കൾ അല്ല. അവനെ ആകട്ടെ അവൾക്ക് ഇനി ഒരിക്കലും കിട്ടാനും പോകുന്നില്ല.
എന്തായാലും അച്ഛന് അവളോടുള്ള താല്പര്യം ഇനിയും വളരാൻ അനുവദിച്ചു കൂടാ…
വരട്ടെ…
നോക്കാം….
ആലോചനയ്ക്ക് വിരാമമിട്ട് ഉറങ്ങാൻ ഒരുങ്ങുമ്പോഴാണ് ശ്രീനാഥിന്റെ ഫോൺ ശബ്ദിക്കുന്നത്. കിടന്ന് കൊണ്ട് തന്നെ അവൻ കാൾ ബട്ടനിൽ വിരൽ അമർത്തി ചെവിയോട് ചേർത്തു. എന്നാൽ മറുപുറത്തു നിന്നുമാ വാർത്ത കേട്ടതും അവൻ ചാടി എഴുന്നേറ്റു.
*************
ടേബിളിന് മുകളിൽ അലങ്കരിച്ചു വച്ച കേക്കിന് അരികിലേക്ക് നടക്കുമ്പോൾ ഉണ്ണിമോളുടെ കണ്ണുകളിൽ പൂത്തിരി കത്തുന്നുണ്ടെന്ന് തോന്നി കൃഷ്ണയ്ക്ക്. കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ ഉണ്ണിമോളുടെ പിറന്നാൾ ഒരു സദ്യയിലും അമ്പലദർശനത്തിലും ഒതുങ്ങാറുള്ളതാണ്. ഇത്തവണ ഉച്ചയ്ക്ക് സദ്യ ഉണ്ടാക്കാൻ കഴിഞ്ഞില്ലല്ലോ? അതും പറഞ്ഞ് സൂര്യയാണ് കേക്ക് വാങ്ങി വന്നത്.
പുത്തനുടുപ്പിട്ട് ഒരു മാലാഖകുഞ്ഞിനെ പോലെ കേക്കിനരികിൽ ചെന്ന് നിൽക്കുമ്പോഴും കൃഷ്ണയുടെ കയ്യിൽ ഉണ്ണിമോൾ വിടാതെ പിടിച്ചിരുന്നു.
“ആഹാ… ഇതിലിപ്പോ ഏതാ ബാർബി ഡോൾ?”
ബാർബി ഡോളിന്റെ രൂപത്തിലുള്ള കേക്കിലേക്കും ഉണ്ണിമോളെയും മാറി മാറി നോക്കി സൂര്യ ചോദിക്കവേ അതിഷ്ടമായത് പോലെ ഉണ്ണിമോൾ കുടുകുടെ പൊട്ടിച്ചിരിച്ചു.
“ഞാൻ തന്നെയാ….”
ഫ്രോക്കിന്റെ ഇരുവശത്തും കൈ പിടിച്ച് ഒന്ന് കറങ്ങി വന്ന് ഉണ്ണിമോൾ പറഞ്ഞു.
“ശരിക്കും….!”
സൂര്യ കുഞ്ഞിനരികിലേക്ക് വന്ന് അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് ഉലച്ചു കൊണ്ട് ചിരിച്ചു.
“കേക്ക് മുറിക്കട്ടെ അമ്മേ…?”
ഉണ്ണിമോൾ ആവേശത്തോടെ കൃഷ്ണയെ നോക്കി. കൃഷ്ണ പുഞ്ചിരിയോടെ തലകുലുക്കി.
കുറച്ചു മാറി നിന്ന സൂരജിനരികിലേക്ക് സൂര്യ നടക്കാൻ ഒരുങ്ങിയതും ഉണ്ണിമോൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി.
“അങ്കിളും ഇവിടെ നിന്നോ….”
“വേണ്ട… അങ്കിൾ അവിടെ നിന്ന് ഫോട്ടോ എടുക്കാം. മോള് അമ്മേടെ അടുത്തു നിന്ന് കട്ട് ചെയ്തോ…”
കത്തി എടുത്തു കുഞ്ഞിന്റെ കയ്യിൽ പിടിപ്പിച്ചു കൊടുത്തു സൂര്യ.
“ഹാ… നീ അവിടെ നിക്കെടാ… ഫോട്ടോ ഒക്കെ ഞാൻ എടുത്തോളാം.”
സൂരജ് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു കയ്യിൽ പിടിച്ചു ക്യാമറ ഓൺ ചെയ്തു.
സൂര്യ കൃഷ്ണയെ നോക്കി. അവളുടെ മുഖത്ത് തെളിഞ്ഞു നിന്ന ചിരിക്ക് മങ്ങൽ ഏറ്റിട്ടുണ്ട്.
“പ്ലീസ് അങ്കിൾ….”
ഉണ്ണിമോള് അവന്റെ കൈ വിടാതെ കെഞ്ചി. സൂര്യയെ അവൾക്കിപ്പോ വലിയ ഇഷ്ടമാണ്. സൂരജിനോട് ഉള്ളതിനേക്കാൾ ഏറെ…..
കുഞ്ഞിനെ വിഷമിപ്പിക്കാൻ സൂര്യക്ക് തോന്നിയില്ല. കൃഷ്ണയുടെ മുഖത്തെ തെളിച്ചക്കുറവ് കണ്ടില്ലെന്ന് നടിച്ചു അവൻ. അത് പക്ഷെ തന്നോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല എന്നും മനസ്സിന്റെ സംഘർഷം മറയ്ക്കാൻ അവൾ പ്രയാസപ്പെടുന്നതാണെന്നും അവന് മനസ്സിലായതേയില്ല….
കേക്ക് കട്ട് ചെയ്തു കഴിഞ്ഞ് ആദ്യം ഒരു ചെറിയ കഷ്ണം കൃഷ്ണയുടെ വായിലേക്ക് തന്നെ വച്ച് കൊടുത്തു കുഞ്ഞ്. അത്രയും മധുരമുള്ളതൊന്നും താൻ ഇതേവരെ കഴിച്ചിട്ടില്ല എന്ന് തോന്നി കൃഷ്ണയ്ക്ക് .
ഉദിച്ചുയർന്ന സൂര്യനെപോലെ ഉണ്ണിമോളുടെ തെളിച്ചമുള്ള മുഖം അവളുടെ മനസ്സിൽ സന്തോഷത്തിന്റെ വസന്തം ഒരുക്കി.
കൃഷ്ണ നൽകിയ ഒരു നുള്ള് കേക്ക് ഉണ്ണിമോളുടെ നാവിനും മധുരം പകർന്നു.
ഒരിത്തിരി കേക്ക് സൂര്യയും ഉണ്ണിമോളുടെ വായിലേക്ക് വച്ച് കൊടുത്തു.
ഉണ്ണിമോൾ പുഞ്ചിരിച്ചു. സൂര്യയും….
ചിരി മായാതെ തന്നെ അവൻ മുഖമുയർത്തി കൃഷ്ണയെ നോക്കി.
തിളക്കമുള്ള ആ നക്ഷത്ര കണ്ണുകൾ കൃഷ്ണയുടെ കണ്ണുകളുമായി കോർത്തു.
‘സായി….’
കൃഷ്ണയുടെ ഹൃദയം അപ്പോഴും മന്ത്രിച്ചു. അവൾ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു.
പരസ്പരം കലഹിക്കുന്ന മനസ്സിനെയും ഹൃദയത്തെയും അടക്കി നിർത്താൻ അവൾക്ക് പ്രയാസപ്പെടേണ്ടി വന്നു. വല്ലാത്ത വീർപ്പു മുട്ടൽ തന്നെയാണിത്… കൃഷ്ണ ഓർത്തു പോയി.
അതേ സമയം കൃഷ്ണയെയും സൂര്യയെയും ഉണ്ണിമോളെയും ഒരുമിച്ചു മൊബൈൽ ക്യാമറയിൽ പകർത്തി സൂരജും മനസ്സ് നിറഞ്ഞു ചിരിച്ചു.
ഉണ്ണിമോൾ സൂരജിനും ലക്ഷ്മിയമ്മയ്ക്കും കേക്ക് നൽകി.
സൂരജിനും സൂര്യക്കും രാജലക്ഷ്മിക്കും ഒപ്പം ഉണ്ണിമോൾ കളി പറഞ്ഞു ചിരിക്കുന്നത് നോക്കി നിന്നു കൃഷ്ണ. നാളെ ഈ വീട്ടിൽ നിന്നും പോകണമല്ലോ എന്നോർത്തപ്പോൾ അവൾക്ക് പിന്നെയും നെഞ്ച് പിടഞ്ഞു.
ഒരു നെടുവീർപ്പോടെ പ്ളേറ്റിൽ ബാക്കിയായ കേക്കുമെടുത്തവൾ അടുക്കളയിലേക്ക് നടന്നു.
“കൃഷ്ണാ…”
അടുക്കള വാതിലിൽ എത്തിയതും ഒരു പിൻവിളി കേട്ട് കൃഷ്ണ തിരിഞ്ഞു നിന്നു. പിറകിൽ സൂര്യ……
“ഇവിടെ വന്ന അന്ന് മുതൽ ചോദിക്കണം എന്ന് കരുതിയതാണ്. നമ്മൾ മുൻപ് എവിടെ വച്ചെങ്കിലും കണ്ടിട്ടുണ്ടോ?”
****************
ബാക്കി നാളെ 😌

by