രചന – ഗംഗ ശലഭം
ചിൽഡ്രൻസ് പാർക്കിൽ കൂടി അല്പ സമയം ചിലവഴിച്ച ശേഷമാണ് ഉണ്ണിമോളും സൂര്യയും സൂരജും വീട്ടിൽ മടങ്ങി എത്തിയത്. കൃഷ്ണയെ കണ്ട പാടെ ഉണ്ണിമോൾ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു. വാങ്ങിക്കൊണ്ടുവന്ന ഡ്രസ്സ് ഒക്കെ അപ്പോൾ തന്നെ കവറിൽ നിന്നും പുറത്തേക്ക് എടുത്ത് സ്വന്തം ശരീരത്തോട് ചേർത്തുവച്ച് കൃഷ്ണയെ കാട്ടിക്കൊടുത്തു.
“എന്ത് രസാ അല്ലെ അമ്മേ?”
പുത്തൻ തുണിയിലെ തിളക്കം കണ്ണുകളിൽ പ്രതിഭലിപ്പിച്ചു അമ്പിളിക്കലയെ വെല്ലുന്ന ചിരിയോടെ നിൽക്കുന്ന കുഞ്ഞിനെ കണ്ടതും എന്തിനെന്നറിയാതെ കൃഷ്ണയുടെ കണ്ണ് നിറഞ്ഞു.
“നല്ലതാ…. ഒത്തിരി നല്ലതാ….”
കൃഷ്ണ കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു.
ടെക്സ്റ്റയിൽസിലെ വിശേഷങ്ങളും പാർക്കിൽ കളിച്ച സന്തോഷവുമൊക്കെ പങ്ക് വച്ച് കുഞ്ഞ് വാ തോരാതെ സംസാരിക്കുന്നേരം കൃഷ്ണയുടെ കണ്ണുകൾ പലതവണ സൂര്യയെയും സൂരജിനെയും നന്ദിയോടെ നോക്കുന്നുണ്ടായിരുന്നു.
ഹാളിലെ സോഫയിൽ കൃഷ്ണയെ പിടിച്ചിരുത്തി നിർത്താതെ സംസാരിക്കുന്ന ഉണ്ണിമോളേ നോക്കി ചിരിയോടെ സൂര്യയും സൂരജും മുകളിലേക്ക് കയറിപ്പോയി.
മുറിയിലേക്ക് കയറി ചെല്ലുന്നേരം ടേബിളിന് മുകളിൽ മൊബൈൽ ഇരിക്കുന്നത് കണ്ടപ്പോഴാണ് താൻ മൊബൈൽ എടുക്കാൻ മറന്നിരുന്നു എന്ന് സൂരജ് ശ്രദ്ധിക്കുന്നത്.
വൻ മൊബൈൽ എടുത്തു നോക്കി. അതിൽ വൈശാലിയുടെ രണ്ട് മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ട്. അവൻ അപ്പോൾ തന്നെ തിരികെ വിളിച്ചു.
” സൂരജ്…. തമ്പിയുടെ ഭാര്യ സുഭദ്ര എന്നെ വിളിച്ചിരുന്നു. നമ്മുടെ ഒപ്പം നിൽക്കാൻ അവർ തയാറാണെന്ന് അറിയിക്കാൻ.”
കാൾ എടുത്ത പാടെ വൈശാലി പറഞ്ഞു.
രണ്ട് ദിവസങ്ങൾക്കു മുൻപ് സൂരജും വൈശാലിയും മധുവും കൂടി സുഭദ്രയെ പോയി കണ്ടിരുന്നു. ഭർത്താവിന്റെ സഹോദരനും മകനും കൂടിയാണ് സ്വന്തം മകനെ ഇല്ലാതാക്കിയത് എന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു ഞെട്ടൽ ആ മുഖത്ത് കണ്ടു. എങ്കിലും തങ്ങൾ കാര്യങ്ങൾ വിശമാക്കിയപ്പോഴും ആലോചിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അവരിപ്പോൾ അവരുടെ സഹോദരന്റെ ഒപ്പമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുക ബുദ്ധിമുട്ടാണല്ലോ? ഇന്നലെ കൂടി അവരുടെ കാൾ കാണാതായപ്പോൾ ഇനി വിളിക്കില്ല എന്ന് തന്നെ ഉറപ്പിച്ചതാണ്.
“എന്നിട്ട്….? ഇനി എന്താ അടുത്തത്?”
“ഇനിയെന്താ? അവർ ഓക്കേ പറഞ്ഞില്ലേ? അധികം വൈകാതെ ശ്രീനാഥിനെയും ദേവനേം ജയിലിൽ കേറ്റാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം….”
” ഹ്മ്മ്… പക്ഷെ ദേവൻ ഇതറിയുമ്പോ സുഭദ്രയുടെ ജീവന് തന്നെ ആപത്തുണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ട്.”
“നോക്കാം…. ഞാൻ നിന്നെ പിന്നെ വിളിക്കാം. ഇപ്പൊ ഐ ജി യെ ഒന്ന് കാണേണ്ട കാര്യമുണ്ട്.”
വൈശാലി കാൾ കട്ട് ചെയ്തു.
സൂരജ് ചിന്തയിലാണ്ടു.
ഒക്കെയും കലങ്ങിത്തെളിയാൻ പോകുന്നു. പല രഹസ്യങ്ങളും പുറത്ത് വരുമ്പോൾ ചിലരൊക്കെ അത് എങ്ങനെ ഉൾക്കൊള്ളും? കൃഷ്ണയോട് ഒക്കെയും പറയാനുള്ള സമയമായിരിക്കുന്നു….
എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ മൊബൈലും എടുത്തു സൂരജ് ബാൽക്കണിയിലേക്ക് ഇറങ്ങി.
**************
ഇന്നാണ് ഉണ്ണിമോളുടെ പിറന്നാൾ…
രാവിലെ കൃഷ്ണ കുഞ്ഞിനേയും കൂട്ടി അമ്പലത്തിൽ ഒക്കെ ഒന്ന് പോയി വന്നു. രാജലക്ഷ്മിയും ഒപ്പം വരാമെന്നു പറഞ്ഞിരുന്നതാണ്. രാവിലെ ആയപ്പോ ആളിന് കാലിന് ഒരു വയ്യായ്ക. പുലർച്ചെ ബാത്ത് റൂമിൽ പോയി തിരികെ വരുമ്പോ കാല് മടങ്ങിയത്രേ… കാൽപാദം തറയിൽ കുത്തുമ്പോ ചെറിയ വേദന ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് കൃഷ്ണ തന്നെയാണ് അമ്പലത്തിൽ ഒപ്പം വരാതെ റസ്റ്റ് എടുക്കാൻ രാജലക്ഷ്മിയോട് പറഞ്ഞത്.
പുത്തൻ ഉടുപ്പിട്ട് അമ്പലത്തിൽ പോകാൻ ഉണ്ണിമോൾക്കും വലിയ ഉത്സാഹം ആയിരുന്നു. അമ്പലത്തിലേക്ക് പോയി വന്ന ശേഷം വസ്ത്രം മാറി നേരെ അടുക്കളയിലേക്ക് കയറി. സദ്യ ഉണ്ടാക്കണം. ഇന്നാണേൽ ലക്ഷ്മിയമ്മയും സഹായത്തിന് ഉണ്ടാവില്ല. ഉണ്ണിമോള് അടുത്ത വീട്ടിലെ കാവേരിയുടെ കൂടെ മുറ്റത്തു കളിക്കുന്നത് കണ്ട്, കുട്ടികൾ പുറത്ത് റോഡിലേക്ക് ഓടാതിരിക്കാൻ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിട്ടാണ് കൃഷ്ണ അടുക്കളയിലേക്ക് വന്നത്.
സൂരജ് രാവിലെ തന്നെ ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞു പുറത്തേക്ക് പോയി എന്ന് രാജലക്ഷ്മി പറയുന്നത് കൃഷ്ണ കേട്ടിരുന്നു.
അവിൽ പായസം കുഞ്ഞിന് വലിയ ഇഷ്ടമാണ്. അമ്പലത്തിൽ പോയി വരുന്ന വഴി കടയിൽ നിന്നും വാങ്ങിയ അവിലിന്റെ പാക്കറ്റ് കയ്യിൽ എടുക്കുമ്പോഴാണ് രാജലക്ഷ്മിയുടെ വിളി കേട്ടത്.
“കൃഷ്ണേ…..”
അല്പം ഉറക്കെയാണ് വിളി.
കൃഷ്ണ ധൃതിയിൽ അവരുടെ മുറിയിലേക്ക് ചെന്നു.
“എന്താ ലക്ഷ്മിയമ്മേ…?”
അവൾ പരിഭ്രമത്തോടെ ചോദിച്ചു.
“വയ്യ കുട്ടീ…. നോക്ക്… കാലിലാകെ നീര് വന്നു.”
കട്ടിലിൽ ഇരിക്കുകയായിരുന്ന രാജലക്ഷ്മി കാല് മുന്നിലേക്ക് നീട്ടി കാണിച്ച് കൊടുത്തു.
കൃഷ്ണ അവരുടെ കാൽപ്പാദത്തിലേക്ക് നോക്കി. ശരി തന്നെ. പാദത്തിൽ ആകെ നീര് വന്നിരിക്കുന്നു.
“അയ്യോ…. ഇതിപ്പോ നല്ല നീരുണ്ടല്ലോ?”
കൃഷ്ണ നിലത്തേക്കിരുന്ന് രാജലക്ഷ്മിയുടെ കാലിൽ പിടിച്ചു നോക്കി.
“നീ ആ തൈലം എടുത്തിത്തിരി ഇട്ടു താ…”
“ഇതിലോ? നല്ല നീരുണ്ട്. പൊട്ടൽ ഉണ്ടെങ്കിലോ? ലക്ഷ്മിയമ്മ ഒന്ന് എണീറ്റ് നടന്നു നോക്കിയേ…”
കൃഷ്ണ എഴുന്നേറ്റു നിന്ന് രാജലക്ഷ്മിയുടെ കൈ പിടിച്ചു.
കൃഷ്ണയുടെ കയ്യിൽ താങ്ങി എഴുന്നേറ്റ് നിന്ന് കാല് നിലത്തു കുത്തിയതേയുള്ളൂ രാജലക്ഷ്മി അയ്യോ എന്ന് വിളിച്ചു കൊണ്ട് ബെഡിലേക്ക് തന്നെ ഇരുന്ന് പോയി.
” ഇത് ശരിയാവില്ല. പൊട്ടല് കാണും. ഞാൻ സൂരജ് സാറിനെ വിളിക്കാം. ഹോസ്പിറ്റലിൽ പോകാം.”
കൃഷ്ണ പുറത്തേക്ക് പോകാനായി തിരിഞ്ഞു.
“അതിന് സൂരജ് ഇവിടെ ഇല്ലല്ലോ…. നീ ഒരു കാര്യം ചെയ്യ്. സൂര്യ കാണും മുകളിൽ. നീ ചെന്ന് അവനോട് ഒന്ന് ഇങ്ങോട്ട് വരാൻ പറ….”
സൂര്യയുടെ റൂമിലേക്ക് പോകാൻ ഒരു മടി തോന്നി എങ്കിലും മറ്റ് നിവർത്തി ഇല്ലാത്തത് കൊണ്ടവൾ തലയാട്ടിക്കൊണ്ട് പുറത്തേക്കിറങ്ങി.
മുകളിൽ ചെല്ലുമ്പോൾ സൂര്യയുടെ റൂം അടഞ്ഞു കിടപ്പുണ്ട്. അവൾ ഒന്ന് രണ്ട് തവണ തട്ടി വിളിച്ചു. അകത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടാകാതായപ്പോൾ അടഞ്ഞ വാതിൽ ഒന്ന് തള്ളി നോക്കി. അത് മലർക്കേ തുറന്നു വന്നു.
കൃഷ്ണ വാതിൽക്കൽ നിന്ന് മുറിക്കുള്ളിലേക്ക് നോക്കി. ഹെഡ് സെറ്റ് ചെവിയിൽ തിരുകി പുറം തിരിഞ്ഞു നിൽക്കുന്ന സൂര്യയെയാണ് കണ്ടത്. ഒരു ത്രീഫോർത്ത് പാന്റ്സ് ആണ് വേഷം. ഒരു ടവൽ കഴുത്തിൽ ചുറ്റി ഇട്ടിട്ടുണ്ട്. നീണ്ട മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ പിൻകഴുത്തിലേക്ക് ഒഴുകി ഇറങ്ങുന്നു.
കൃഷ്ണയ്ക്ക് ഉള്ളിലേക്ക് കയറാനോ അവനെ വിളിക്കാനോ മടി തോന്നി. തിരിഞ്ഞു നടക്കാൻ ഒരുങ്ങുന്നേരം വേദന കൊണ്ട് മുഖം ചുളിക്കുന്ന രാജലക്ഷ്മിയുടെ രൂപം ഓർത്തു അവൾ…
മടിച്ചു മടിച്ചു വീണ്ടും വാതിൽക്കലേക്ക് തന്നെ ചെന്ന് സൂര്യയെ വിളിക്കാൻ ആഞ്ഞതും അവന്റെ പിൻകഴുത്തിന് താഴെയായി പച്ച കുത്തിയ രണ്ട് മയിൽപ്പീലിത്തുണ്ടുകളിൽ അവളുടെ കണ്ണുകൾ പതിഞ്ഞു. ഒരു നിമിഷം കൃഷ്ണയുടെ ഹൃദയം മിടിക്കാൻ മറന്നു. പ്രജ്ഞ നഷ്ടമായത് പോലെ തറഞ്ഞു നിന്ന് പോയി കൃഷ്ണ….!
***********
ബാക്കി നാളെ…
അഭിപ്രായം മറക്കല്ലേ….
കൺഫ്യൂഷൻസ് ഉണ്ടാകും എന്നറിയാം. വരുന്ന പാർട്ടുകളിൽ തീർക്കാം.

by