23/04/2026

നിലാവ് : ഭാഗം 19

രചന – അരുന്ധതി

 

‍‍‍‍‍‍‍‍”ഇപ്പോൾ മോള് തീരുമാനം എടുത്തു കഴിഞ്ഞു അവനുമായുള്ള ബന്ധത്തിന്.
ഇനിയും മോളോട് പറയാതിരിക്കാൻ പറ്റില്ല.
അവനെക്കുറിച്ച്‌ എല്ലാം മോളറിയണം. ”

അതിൽ പ്രധാനപ്പെട്ടത്,
എന്റെ അച്ചു അവൻ, എന്റെ മകനല്ല എന്ന സത്യമാണ്…

പറഞ്ഞ വാക്കുകൾ അവളിൽ വലിയൊരു നടുക്കം തന്നെ ഉണ്ടാക്കി.

“അമ്മേ,,
എന്താ ഈ പറയുന്നേ. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. ”

“മോളിത് വിശ്വസിക്കണം കാരണം. സത്യമതാണ്. അവൻ എന്റെ മകൻ തന്നെയാണ് പക്ഷേ ഞാൻ പ്രസവിച്ചതല്ലാന്നു മാത്രം.”

“പക്ഷേ അമ്മേ,,, ”

“അവനും ഈ കാര്യങ്ങളൊക്കെ അറിയാം. ”

പെട്ടെന്ന് പ്രതീക്ഷിക്കാതെ കേട്ടത് കൊണ്ട് ദേവി തളർന്നു കട്ടിലിലേക്കിരുന്നു.

“മോളെ, അമ്മ എല്ലാം പറയാം. ”

💟💟💟💟💟💟💟

“മോള് കേട്ടിട്ടുണ്ടോ അംബിക ഗ്രൂപ്സ്…
കോടിക്കണക്കിനാസ്തിയുള്ള അംബിക ഗ്രൂപ്പസിന്റെ ഒരേ ഒരു അവകാശിയാണ് അർജുൻ മഹേശ്വർ എന്ന എന്റെ അച്ചു. ”

“പക്ഷേ അമ്മേ പിന്നെ ഇവിടെന്തിന് ഇങ്ങനെ,,,
ഭാമ പറഞ്ഞ് എനിക്കറിയാവുന്നത് നിങ്ങള് രണ്ടാളും അനാഥാലയത്തിലായിരുന്നു. അമ്മ അവിടെ ജോലി ചെയ്താണ് വളർത്തിയത് എന്നാണല്ലോ. ഇത്ര ആസ്തിയുള്ള ആള് എന്തിന് അനാഥാലയത്തിൽ വളർന്നു. ഇവിടെ ഇങ്ങനെ ഇത്ര നാളും ഇങ്ങനെ കഷ്ടപ്പെട്ടതെന്തിനാ? ”

“എല്ലാം പറയാം,,,
ഭാമ പറഞ്ഞത് ശെരിയാണ് ഞാൻ അനാഥാലയത്തിൽ ജോലി ചെയ്താണ് അവനെ വളർത്തിയത്. അവനും എന്റെ കൂടെ അവിടെ തന്നെയാണ് വളർന്നത്.
പക്ഷേ അവിടെ എങ്ങനെ ഞങ്ങൾ എത്തി എന്ന് അവൾക്കറിയില്ല. അതാണ് അത് നീ അറിയാതെ പോയത്. ”

ദേവി അമ്മയുടെ വാക്കുകൾക്ക് കാത് കൂർപ്പിച്ചു.

അച്ഛൻ, മഹേശ്വര വർമ്മ, അമ്മ അംബിക ദേവി. കോടിക്കണക്കിന് ആസ്തിയുള്ള അംബിക ഗ്രൂപ്പ്സിന്റെ അവകാശികൾ. പണമുള്ളതിന്റെ ഒരു അഹങ്കാരവും അവര് രണ്ടുപേരും ആരോടും കാണിച്ചിരുന്നില്ല. കമ്പനിയിലായാലും, കോവിലകത്തായാലും ജോലി ചെയ്തിരുന്നവരോട് സ്നേഹത്തോടെ മാത്രമേ അവർ ഇടപെട്ടിരുന്നുള്ളു. ഓണത്തിന് ജോലി ചെയ്യുന്ന എല്ലാവർക്കും വസ്ത്രദാനം. ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് പഠന സഹായം. കൂടാതെ അനാഥാലയത്തിലെ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ. അങ്ങനെ എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന നന്മയുള്ള മനസ്സിനുടമകൾ.
അവരുടെ സ്നേഹത്തിന് സാക്ഷിയാവാൻ ഈശ്വരൻ അവർക്ക് നൽകിയ കുഞ്ഞാണ് അർജുൻ.
അർജുൻ മഹേശ്വർ എന്ന് അവരവന് പേരിട്ടു. അച്ചു എന്ന് വിളിപ്പേരും ഇട്ടു.
അവന്റെ ഓരോ പിറന്നാളും അവരാഘോഷിച്ചിരുന്നത് ആരോരുമില്ലാത്ത അനാഥാലയത്തിലെ കുട്ടികളോടൊപ്പമായിരുന്നു. അങ്ങനെ അവന്റെ അഞ്ചാം പിറന്നാളിന്റെ അന്ന്,

💟💟💟💟💟💟💟

“ഡീ, ദേവകീ ഇന്നിവിടെ ഒരു കുട്ടിയുടെ പിറന്നാളാഘോഷമുണ്ട്. ”

“പിറന്നാളാഘോഷമോ?
അതെന്താ ഇവിടെ വെച്ച്? സാധാരണ എല്ലാവരും വലിയ പരിപാടിയായി വീട്ടിലോ ഒക്കെ അല്ലേ ആഘോഷിക്കാറ്. ”

“എല്ലാവരും അങ്ങനെയൊക്കെയാ പക്ഷേ മഹേശ്വരൻ സർ അങ്ങനെയല്ല. എല്ലാ വർഷവും ഇതേ ദിവസം മകന്റെ പിറന്നാളാഘോഷം ഇവിടെയാണ്. കിട്ടികൾക്കൊക്കെ പുതിയ വസ്ത്രങ്ങൾ, നല്ല ഭക്ഷണം, അങ്ങനെയൊക്കെ ഉണ്ട്. പിന്നെ കുട്ടികൾക്ക് മാത്രമല്ല നമുക്കും കിട്ടും ഓരോ കോടി.
വലിയ കാശുകാരാ, നീ കേട്ടിട്ടുണ്ടോ അംബിക ഗ്രൂപ്പ്സ്. അവിടുത്തെ മഹേശ്വരൻ സാറും, ഭാര്യ അംബിക ദേവിയും, പിന്നെ അവരുടെ ഒരേയൊരു മകൻ അർജുൻ മഹേശ്വർ.

അത് കേട്ടതും,,, ദേവകിക്ക് എന്തൊക്കെയോ ഓർമ്മ വന്നു.

ദേവകീന്നും വിളിച്ച് ഓടി വരുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരി അംബിക. കുട്ടിക്കാലം മുതൽ ഒന്നിച്ചായിരുന്നു കളിച്ചതും, പഠിച്ചതും, വളർന്നതും എല്ലാം. ആദ്യമായി ഒരാളോട് പ്രണയം തോന്നിയപ്പോൾ അത് പോലും ആദ്യം അറിയിച്ചത് അവളെയാണ്. ഞാൻ അംബികയെ അല്ലാതെ പിന്നെ ഒരാളെ ജീവനായി കണ്ടിട്ടുണ്ടെങ്കിൽ അതെന്റെ ശിവേട്ടനെയാ. പക്ഷേ വീട്ടുകാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ ശക്തമായ എതിർപ്പ്. അത് ആ നാട്ടിൽ നിന്നും എന്നന്നേക്കുമായി മാറി നിൽക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. അത് പോലും അവളെ ഒന്നറിയിക്കാൻ സാധിച്ചില്ല. ശിവേട്ടനുമായി ഒരുമിച്ചു ജീവിച്ച നാളുകളിൽ സങ്കടം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. പക്ഷേ വിധി കരുതി വെച്ചത് തനിക്ക് മറ്റൊന്നായിരുന്നു എന്നവർ തിരിച്ചറിയാൻ വൈകി പോയി. ഒരു അപകടം തന്നെ ആരുമില്ലാത്തവളാക്കി. ഒരുമിച്ച് ജീവിച്ചു കൊതി തീരും മുൻപേ വിധി ശിവേട്ടനെ കൊണ്ടുപോയി. തന്നിഷ്ട പ്രകാരം നാടും, വീടും വിട്ട് പോന്നത് കൊണ്ട് തിരികെ ചെല്ലാൻ മനസ്സിന് ശക്തി കിട്ടിയില്ല. ഈശ്വരൻ തന്ന ജീവൻ ആയത് കൊണ്ട് നശിപ്പിക്കാൻ മനസ്സും വന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആരോരുമില്ലാത്ത ഇവിടുത്തെ കുട്ടികളുടെ കൂടെ ഇവിടെ കൂടി.

പെട്ടെന്ന് ആരോ തട്ടി വിളിച്ചതും അവര് ഞെട്ടി. കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ വെള്ളത്തുള്ളികൾ ആരും കാണാതെ തുടച്ചു മാറ്റി.

“നീയിവിടെ സ്വപ്നം കണ്ട് നിൽക്കാതെ വാ. അവരൊക്കെ വന്നു. ദേ അവിടെ എല്ലാവർക്കും പുതിയ കോടി കൊടുക്കുന്നുണ്ട്. ”

“ഞാൻ വരുന്നില്ല. നീ പൊയ്ക്കോ ”

“വരുന്നില്ലന്നോ?
നിനക്കെന്താ വട്ടുണ്ടോ പുതിയ കോടി ചുമ്മാ കിട്ടുന്നത് വേണ്ടാന്ന് വെക്കാൻ. ദേ നമുക്കൊക്കെ വല്ലതും കിട്ടുന്നത് ഇതുപോലെ ഉള്ള അവസരങ്ങളിലാ. അതുകൊണ്ട് നീ വാ. ”

ദേവകിയുടെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് അവര് അവിടെ കോടി വിതരണം ചെയ്യുന്നിടത്തെക്ക് പോയി.

കിട്ടാത്തവര് മുൻപിലേക്ക് വരൂ എന്ന് അവിടുത്തെ സിസ്റ്റർ വിളിച്ച് പറയുന്നുണ്ടായിരുന്നു അത് കേട്ട് മറിയ മുന്നിലേക്ക് ചെന്നു. കിട്ടിയതും കൊണ്ട് ദേവകിയുടെ അടുത്ത് വന്ന് നിന്നു.
ഈ സമയം അർജുനുമായി അടുത്ത് തന്നെ മാറി നിൽക്കുകയായിരുന്നു അംബിക. അല്ലെങ്കിൽ കുറുമ്പ് കാണിച്ച് അവനതെല്ലാം വലിച്ച് താഴെ ഇടും. എങ്കിലും ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.

ദേവകി അവള് കാണാതെ അംബികയെയും കുഞ്ഞിനേയും അകലെ നിന്ന് നോക്കി കണ്ടു. അംബിക കുഞ്ഞിൽ മാത്രം ശ്രദ്ധിച്ചിരുന്ന സമയം നോക്കി ദേവകി കോടി വിതരണം ചെയ്യുന്നിടത്തേക്ക് നടന്നു. അത് വാങ്ങി മഹേശ്വരനെ ഒന്ന് തൊഴുതു കാണിച്ച് പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി.

പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കാൻ വന്നു. ആ സമയത്തൊന്നും ദേവകി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നതേയില്ല.

സദ്യ കഴിഞ്ഞ് പായസം കുടിക്കുന്നതിനിടയിൽ,,,

“നല്ല സ്വാദ് അല്ലേ ഏട്ടാ,,,? ”

“ആരാ ഇതുണ്ടാക്കിയെ സിസ്റ്ററെ. ശെരിക്കും കുട്ടിക്കാലത്ത് അമ്മമാരൊക്കെ ഉണ്ടാക്കി തരും പോലെ തന്നെ. ”

“ഇവിടെ തന്നെ ജോലി ചെയ്യുന്ന ആളാണ്. ഇവിടെ തന്നെയാണ് താമസിക്കുന്നതും. അവരാണ് അടുക്കളയിൽ കാര്യങ്ങളൊക്കെ നോക്കുന്നത്. ”

“ഒന്ന് വിളിക്കൂ. ഞങ്ങളുടെ മോന് ഇത്ര നല്ല സമ്മാനം കൊടുത്തതല്ലേ ഒന്ന് കാണട്ടെ”
അംബിക ദേവിയുടെ വാക്കുകളെ അനുസരിച്ചു കൊണ്ട് അവിടെ നിന്ന ഒരാള് ദേവകി അമ്മയെ വിളിച്ചു. ആദ്യം വരാൻ കൂട്ടാക്കിയില്ലെങ്കിലും, ഒഴിവു പറയാൻ കാരണങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് കൂടെ ചെന്നു.

ഈ സമയം മകന് മടിയിലിരുത്തി പായസം കോരി കൊടുക്കുകയായിരുന്നു അംബിക ദേവി.

“മാഡം,,,
ഇതാണ് ആള്… ”
അത് കേട്ട് മുഖമുയർത്തി നോക്കിയതും അംബികയുടെ മുഖത്ത് സന്തോഷമാണോ, അതോ അത്ഭുതമാണോ ഉണ്ടായതെന്ന് വേർതിരിച്ചറിയാൻ പ്രയാസമായിരുന്നു.
കുഞ്ഞിനെ മഹേശ്വരനെ ഏൽപ്പിച്ച് ഓടി ചെന്ന് ദേവകിയെ കെട്ടിപ്പിടിച്ചു. കണ്ടു നിന്നവർക്കും, മഹേശ്വരനും മുന്നിൽ നടക്കുന്നത് മനസ്സിലാക്കാൻ സാധിച്ചില്ല.

“അംബികേ,,, ”
എന്നദ്ദേഹം വിളിച്ചു. അപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ തങ്ങളിലാണെന്ന് അവർക്ക് ബോധം വന്നത്.

“ഏട്ടാ,,, ഇത്,,, ഇതാരാണെന്ന് മനസ്സിലായോ?
എന്റെ ദേവകിയാ. ഞാൻ എന്റെ ജീവനേക്കാളും സ്നേഹിച്ച എന്റെ കൂട്ടുകാരി. ”

ആ വാക്കുകൾ കേട്ടതും അയാളിൽ ഉണ്ടായ ഭാവങ്ങളും മറിച്ചല്ല.

“ദേവകി,,,
എന്ത് കൊലമാടി ഇത്,,,
നീയെങ്ങനെ ഇവിടെ?
വേണ്ട, ആരുമില്ലാത്തവരെ പോലെ ഇനിയിവിടെ നിൽക്കണ്ട. എന്റെ കൂടെ പോര്. ഞാൻ നോക്കിക്കോളാം ”
അംബികയുടെ വാക്കുകളെ അദ്ദേഹവും അനുകൂലിച്ചു.

ആദ്യം വരാൻ കൂട്ടാക്കിയില്ലെങ്കിലും അംബികയുടെ നിർബന്ധപ്രകാരം കൂടെ ചെന്നു.

പിന്നെ അവിടെ എല്ലാവരോടും അനുവാദം ചോദിച്ച് അവരോടൊപ്പം ദേവകിയും കൃഷ്ണമംഗലം കോവിലകത്തെത്തി.

ശേഷം അംബിക ശിവനെക്കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു.
പതിയെ പതിയെ ദേവകി സങ്കടങ്ങളെല്ലാം മറന്ന് അവരുമായി ഒന്ന് ചേർന്നു. പിന്നീട് സന്തോഷകരമായിരുന്നു അവരുടെ ജീവിതം.

അങ്ങനെ ഇരിക്കെ ഒരു ദിവസം മഹേശ്വരൻ ബിസ്സിനെസ്സ് ടൂർ കഴിഞ്ഞു വന്നപ്പോൾ കൂടെ മൂന്നു പേരും ഉണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ ഒരു സ്ത്രീയും, അവരുടെ ഭർത്താവും, 3വയസ്സ് പ്രായമുള്ള ഒരു കുഞ്ഞും ,

“അംബികേ,,,,
ഒന്നിങ്ങു വന്നേ ഇതാരാ എന്ന് നോക്കിക്കേ,,, ”

“ആരാ ഏട്ടാ ഇത് ”

“ഇതാണ് രേവതി വർമ്മ. എന്റെ ഒരേയൊരു അനിയത്തി. ഇത് ഇവളുടെ ഭർത്താവ് ഗംഗാധരൻ. ഇത് ഇവരുടെ മകൻ വിഷ്ണു “.

“വിച്ചു എന്ന് വിളിക്കും ഏട്ടത്തി ”

“ഏട്ടന് ഇവരെ എവിടുന്ന് കിട്ടി? ”

“അന്ന് ഇവനോടൊപ്പം പോയതിൽ പിന്നെ ഒരു വിവരവും ഇല്ലായിരുന്നല്ലോ. ഇന്നലെ വരും വഴി ഞാൻ എസ്റ്റേറ്റിലേക്കൊന്ന് കയറി. തിരിച്ചു വരുമ്പോൾ കൈമളിനെ കൂടി ഒന്ന് കാണാൻ അപ്പുറത്തേക്കും ഒന്ന് പോയി. അവിടെ ആയിരുന്നു രണ്ടിനും ജോലി. ഞാൻ കൈമളുമായി സംസാരിച്ചു നടക്കുമ്പോഴാണ് ഇവളെ കാണുന്നത്. എന്നെ കണ്ടതും, ഞാൻ കാണാതിരിക്കാൻ വേണ്ടി ഇവള് മാറി പോയി. ഒരു സംശയം തോന്നി പിന്നാലെ പോയതാ. അടുത്ത് ചെന്നപ്പോൾ ഇവളാണെന്ന് മനസ്സിലായി. പിന്നെ എന്നോട് ക്ഷമ പറഞ്ഞ് കുറേ കരഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് കൂട്ടി. ”

എല്ലാം കേട്ടതും അംബിക ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു…
അവരെ അകത്തേക്ക് കൂട്ടികൊണ്ട് വന്നു.
ദേവകിയെ പരിചയപ്പെടുത്തി.

അർജുൻ ചെന്ന് വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു.

“മോനേ അച്ചു,,, ഇതാരാണെന്നറിയാമോ?”

“ഇല്ലാ എന്നവൻ ചുമൽ കൂച്ചി ”

“മോന്റെ അനിയനാ വിച്ചു….. ”

അത് കേട്ടതും സന്തോഷത്താൽ അവൻ തുള്ളിച്ചാടി.

“വാ, നമുക്ക് കളിക്കാം… ” എന്ന് പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടു പോയി.

പിന്നീട് എല്ലാവരും ചേർന്ന് സന്തോഷത്തോടെ ഒരു കുടുംബമായി ജീവിച്ചു. ലവകുശന്മാരെ പോലെ ഒരു മനസ്സായിരുന്നു രണ്ടാൾക്കും. അങ്ങനെ നാളുകൾ കഴിഞ്ഞിട്ടും ആരിലും യാതൊരു മാറ്റവും സംഭവിച്ചില്ലാ. എന്തിന് ദേവകിയോട് പോലും മുഖം മുഷിഞ്ഞു സംസാരിച്ചിട്ടില്ല. അംബികയും, മഹേശ്വരനും കാണുന്നത് പോലെ തന്നെ കുടുംബത്തിലെ അംഗമായി തന്നെ ദേവകിയെ അവര് കണ്ടു.
മഹേശ്വരനോടും, അംബികയോടുമുള്ള ആളുകളുടെ ബഹുമാനം അവരിൽ സന്തോഷമുണ്ടാക്കി.
പക്ഷേ ഇടക്കെപ്പോഴോ ആ സന്തോഷത്തിന് പുറമേ ഒരുകരട് പോലെ കുശുമ്പിന്റെ വിത്തുകൾ മുള പൊട്ടി. പിന്നീട് അവർക്കും അതേ ബഹുമാനം കിട്ടണം എന്നായി.
അങ്ങനെ, ഇടക്കെപ്പോഴോ മനസ്സിൽ അതൊരു വാശി ആയി മാറി.
പക്ഷേ ആ മാറ്റങ്ങളൊന്നും ആർക്കും മനസ്സിലായില്ല.
ഒരിക്കൽ മഹേശ്വരനും, അംബികയും, ദേവകിയും, കുഞ്ഞും അമ്പലത്തിൽ നിന്നും വരുന്ന വഴി ഒരു അപകടം. കൂടെ ഉണ്ടായിരുന്ന ദേവകിയും കുഞ്ഞും, ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷെ അംബികയും, മഹേശ്വരനും മരിച്ചു.
പിന്നീടങ്ങോട്ട് സ്വന്തം കുഞ്ഞിനെക്കാളും സ്നേഹത്തോടെയാണ് അർജുനെ അവർ വളർത്തിയത്. ഒരകൽച്ചയും കാണിച്ചിട്ടില്ല.
പക്ഷേ ദേവകിയോടുള്ള സമീപനത്തിൽ മാറ്റം വന്നു. വെറുമൊരു വേലക്കാരി ആയി അവളെ കാണാനും, പെരുമാറാനും തുടങ്ങി.
അങ്ങനെ ഒരിക്കൽ രേവതി ഇല്ലാത്ത സമയത്ത് ഗംഗാധരൻ ദേവകിയെ കയറി പിടിക്കാൻ ശ്രമിച്ചു. ആ സംഭവം അവരെ തകർത്തു കളഞ്ഞു. അവിടെ നിന്നിറങ്ങി പോകാൻ പോലും അവർ ചിന്തിച്ചു. പക്ഷേ അർജുന്റെ മുഖം അവരെ അവിടെ വീണ്ടും പിടിച്ചു നിർത്തി.

“ഈശ്വരാ,,, ഇത്ര മാത്രം ഇവരെങ്ങനെ മാറി പോയി. പക്ഷേ എന്നിട്ടും അച്ചുമോനോടുള്ള സ്നേഹത്തിൽ ഒരു മാറ്റവും സംഭവിചിട്ടില്ല. സ്വന്തം കുഞ്ഞിനെക്കാളും സ്നേഹംമാണ് അവനോട്. അച്ചുവിന്റെ ഒപ്പം തന്നെ വിച്ചു നടക്കുന്നതിൽ ഒരു പ്രശ്നവുമില്ല.
നാളെ കഴിഞ്ഞുള്ള അച്ചുന്റെ പത്താംവയസ്സ് പിറന്നാൾ പോലും ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞു.
അവൻ അവരുടെ സ്വന്തമല്ലേ.
ഞാൻ ആരുമല്ലല്ലോ അതാവും ”
ഇങ്ങനെയൊക്കെ ആരോടെന്നില്ലാതെ അവർ സ്വയമെ പറഞ്ഞു കൊണ്ടിരുന്നു.

അങ്ങനെ പിറന്നാളാഘോഷത്തിന്റെ തലേ ദിവസം രാത്രി,,,, എല്ലാവരും കിടന്നു, പെട്ടെന്നാണ് അടുക്കള വാതിൽ കുറ്റിയിട്ടില്ല എന്ന് ദേവകി ഓർത്തത്. അച്ചു വിളിച്ചപ്പോൾ മുകളിലേക്ക് കയറി പോന്നതാണ്. പിന്നെ താഴേക്ക് പോയില്ല. അവനോടൊപ്പം തന്നെ കിടന്നുറങ്ങി പോയി. ആരും അടച്ച് കാണാൻ വഴിയുമില്ല എന്ന് തോന്നിയത് കൊണ്ട്, പെട്ടെന്നവര് മുറിക്കു പുറത്തിറങ്ങി താഴേക്ക് നടക്കാനാഞ്ഞു. അപ്പോഴാണ് താഴെ രേവതിയും, ഗംഗാധരനും , വക്കീലും തമ്മിൽ എന്തോ വലിയ സന്തോഷം പറഞ്ഞ് ചിരിക്കുന്നത് കണ്ടത്. മഹേശ്വരൻ സർ എന്ന് പറഞ്ഞ് അയാള് കാർക്കിച്ചു തുപ്പുന്നത് കണ്ടതും, പെട്ടന്ന് അവരുടെ കണ്ണിൽ പെടാതെ ദേവകി തൂണിന് പിറകിൽ ഒളിച്ചു.

“മഹേശ്വരൻ സർ,, തുഫ്ഫ്,,,,
അയാളെ പോലെ ഒരു പൊട്ടനില്ലന്നാ ഞാൻ കരുതിയത്… ഇത്രയൊക്കെ സമ്പാദിച്ചിട്ടും വിവരമില്ലാത്തവൻ എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത. പക്ഷേ അയാള് ബുദ്ധിമാനാണ്. അതുകൊണ്ടല്ലേ ചതി മുന്നേ മനസ്സിലാക്കി അയാള് ഉള്ളത് മുഴുവൻ ആ പൊടിക്കുപ്പി ചെറുക്കന്റെ പേരിൽ എഴുതി വെച്ചത്…
അയൾക്കറിയാം പണി തരണമെന്ന് ഒരാള് വിചാരിച്ചാൽ അത് കിട്ടിയിരിക്കുമെന്ന്. എങ്കിലും തന്റെ കുഞ്ഞ് സുരക്ഷിതമായിരിക്കണം അതിന് വേണ്ടിയല്ലേ ബുദ്ധിമാൻ ഇങ്ങനെയൊരു വിൽപത്രം തയ്യാറാക്കിയത്. ”

“ഹഹ,,, ”

“വക്കീലേ താൻ ആ വിൽപത്രം ഒന്ന് വായിച്ചേ,,, ഒന്ന് കൂടി കേൾക്കട്ടെ…

“മഹേശ്വര വർമ്മ എഴുതുന്ന വിൽപത്രം,,,,”

“വേണ്ട, വേണ്ട ഇങ്ങനെ പറയുമ്പോൾ അയാള് എന്റെ മുന്നിൽ വന്നു പറയും പോലെ തോന്നും എനിക്ക്. അതുകൊണ്ട് കാര്യം മാത്രം പറഞ്ഞാൽ മതി. ”

“കുഞ്ഞിന് പത്തു വയസ്സ് തികയുന്നത് വരെ ശാരീരികമായോ, മാനസ്സികമായോ എന്തെങ്കിലും സംഭവിച്ചാൽ സ്വത്ത്‌ മുഴുവൻ സർക്കാർ വക ട്രസ്റ്റിലേക്കും കുഞ്ഞിനെ നോക്കാനുള്ള അവകാശം സർക്കാരിനുമായിരിക്കും, പത്തു വയസ്സിനു ശേഷം അവനെ ആരാണോ നോക്കുന്നത് അവർക്ക് സ്വത്തിന്റെ ഒരു പങ്ക് അവൻ പ്രായപൂർത്തി ആയ ശേഷം സ്വമനസ്സാലെ എഴുതി കൊടുക്കേണ്ടതുമാണ്. ചുരുക്കി പറഞ്ഞാൽ പത്തു വയസ്സിനു ശേഷമേ അർജുൻ മഹേശ്വർ എന്ന അവരുടെ മകനും സ്വത്തിൽ അവകാശമുള്ളൂ. പക്ഷേ പത്തു വയസ്സിനും, പ്രായപൂർത്തി ആകുന്നതിനും ഇടയിൽ വെച്ച് അവന്റെ ജീവന് ആപത്തെന്തെങ്കിലും സംഭവിച്ചാലും സ്വത്ത്‌ മുഴുവൻ സർക്കാരിലേക്കെത്തും. “.

“ടാ മഹേശ്വരാ,,,
നിനക്ക് ബുദ്ധിയുണ്ട്. പക്ഷേ ആ ബുദ്ധി ഇവിടെ ചിലവാവില്ല. കാരണം, ഞാനിത് ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാ.
അതിന് വേണ്ടിയാ എല്ലാത്തിനേയും ഒരുമിച്ച് കൊല്ലാൻ അന്ന് ആ അപകടം ഉണ്ടാക്കിയത്. പക്ഷേ അതിൽ നിന്ന് ആ ചെറുക്കൻ രക്ഷപ്പെട്ടു. സാരമില്ല പിഞ്ചു കുഞ്ഞല്ലേ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ പറിച്ചു കളയാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് നിന്റെയൊരു വിൽപത്രം. പ്രായപൂർത്തി ആകും വരെ അവന് ജീവൻ വേണം എന്നല്ലേ ഉള്ളു. ജീവനുണ്ടാവും,,,, പക്ഷേ ജീവിച്ചിരിക്കുന്ന ശവമായിരിക്കും അവൻ. നാളെ മുതൽ അവന്റെ സർവ്വ നാഡികളും തളർന്നു തുടങ്ങാനുള്ള മരുന്ന് അവന്റെ ശരീരത്തിനുള്ളിൽ എത്തും. അങ്ങനെ അവന് പ്രായപൂർത്തിയാകുന്ന സമയമാകുമ്പോൾ ഒരു പാവയെ പോലെ ആകും അവൻ. നീ പറഞ്ഞ പ്രകാരം അവനെ നോക്കിയതിന്റെ പേരിൽ ഒരു പങ്ക് മാത്രം പോരാ ഞങ്ങൾക്ക് മൊത്തം വേണം. ഒക്കെയും അവന്റെ പേരിലായ ശേഷം അവനെ ആർക്കും ഒരു സംശയവുമില്ലാതെ കൊന്ന് ഒക്കെയും ഞങ്ങളുടെ പേരിലാക്കാൻ എനിക്കറിയാം. അവന്റെ വളർത്തമ്മക്ക് പോലും ഒരു സംശയവും തോന്നാത്ത വിധം ഒക്കെയും നടപ്പിലാക്കും ഞാൻ “.
വാശിയോടെ അയാൾ പറഞ്ഞു നിർത്തി.

” ആ വിൽപത്രം ഉണ്ടാക്കിയ സമയത്ത് പോലും ഇങ്ങനെയൊരു വഴി അയാള് ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. ”
പറഞ്ഞു തീർന്നതും വക്കീല് മുന്നിലിരിക്കുന്ന ഗ്ലാസ്സ് ചുണ്ടോട് ചേർത്തു.

“ഗംഗേട്ടാ സാധനം നാളെ എത്തുമോ??? ”

“ഇങ്ങനെ ധൃതി പിടിക്കല്ലേ ഭാര്യേ നീ. നാളെ ഒന്നായിക്കോട്ടെ “.

“എനിക്ക് പറ്റില്ല ഇനിയും ഇതിനെല്ലാം ഒരു വളർത്തു നായയെ പോലെ കാവൽ നിൽക്കാൻ. സ്വന്തമാക്കണം. എല്ലാം എനിക്ക് സ്വന്തമാക്കണം അതിന് വേണ്ടിയാ നാളെ തന്നെ വേണമെന്ന് ഞാൻ പറഞ്ഞത്. ഈ അപ്പച്ചി അവന്റെ പിറന്നാളായിട്ട് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ. അതുകൊണ്ടാ നാളെ തന്നെ വേണമെന്ന് എനിക്കിത്ര വാശി.

നാളെ ആ മരുന്ന് അവനിലേക്കെത്തി കഴിഞ്ഞാൽ പിന്നെ,, ഹോ പിന്നെയുള്ള ജീവിതം എനിക്ക് ചിന്തിക്കാനെ പറ്റുന്നില്ല. ”

പിന്നെ അവനെ രക്ഷിക്കാൻ ചത്തു പോയ അവന്റെ തന്തയും, തള്ളയും വിചാരിച്ചാൽ പോലും നടക്കില്ല. എഫക്ട് കുറയുംതോറും വീണ്ടും വീണ്ടും അവനിലേക്ക് ആ മരുന്നിനെ എത്തിക്കും. അവന്റെ ആ വളർത്തമ്മയെ കൊണ്ട് തന്നെ കൊടുക്കണം. വെറുതെ എന്തിനാ നമുക്കൊരു ശാപം.. അത്രയും പറഞ്ഞ് കഴിഞ്ഞതും അവിടെ ഒരു കൂട്ട ചിരി മുഴങ്ങി.

ഇതെല്ലാം കേട്ട് തന്റെ കാതുകളെ പോലും വിശ്വസിക്കാനാവാതെ തരിച്ചു നിൽക്കുകയായിരുന്നു ദേവകി.
പെട്ടെന്ന് തന്നെ സ്വന്തംബോധം വീണ്ടെടുത്ത് അവര് കാണാതെ മുറിയിലേക്ക് പോയി. കുഞ്ഞിനെ നോക്കി കെട്ടിപിടിച്ചു കരഞ്ഞു.എന്ത് ചെയ്യും എന്നറിയാതെ അവരുടെ മനസ്സ് വിങ്ങി.
അംബികയുടെയും, മഹേശ്വരന്റെയും, മുഖം മുന്നിൽ തെളിഞ്ഞു വന്നതും,, എങ്ങനെയും കുഞ്ഞിനെ രക്ഷിക്കണം എന്നവൾക്ക് തോന്നി. നാളത്തേക്ക് കാത്തു നിന്നാൽ എല്ലാ കൈവിട്ട് പോകും. അതുകൊണ്ട് ഈ രാത്രി തന്നെ ഈ വീട് വിട്ടിറങ്ങണം
അതിന് വേണ്ടിയാവും ഈശ്വരൻ എന്നേ ഇപ്പോൾ ഇതെല്ലാം അറിയിച്ചത്. പിന്നീടൊന്നും ആലോചിക്കാതെ പെട്ടെന്ന് തന്നെ അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങളുമെടുത്ത് കുഞ്ഞിനെ ഉണർത്താതെ അവനെയും എടുത്ത് ദേവകി കോവിലകത്തു നിന്നും ഇറങ്ങി.
രാത്രി ആയിരുന്നിട്ടും, സ്വന്തം ജീവനേയും, മാനത്തെയും കുറിച്ച് ചിന്തിക്കാതെ അവന്റെ ജീവൻ എങ്ങനെയും രക്ഷിക്കണം എന്ന് മാത്രമായിരുന്നു അവരുടെ ചിന്ത.
അങ്ങനെ അവള് പണ്ട് ജോലി ചെയ്തിരുന്ന അനാഥാലയത്തിലെത്തി. അവിടെ സിസ്റ്ററോഡ് കാര്യങ്ങൾ പറഞ്ഞതും, അവിടെയുള്ളവർ പോലും അറിയാതെ ആ രാത്രി തന്നെ ദേവകിയെ ഊട്ടിയിലുള്ള അനാഥാലയത്തിലേക്ക് അവർ മാറ്റി.

പിന്നീടുള്ള ജീവിതം മുഴുവൻ ഊട്ടിയിലായിരുന്നു. അവനെ എല്ലാം അറിയിച്ചു തന്നെയാണ് ദേവകി വളർത്തിയത്. അവിടെ തന്നെ ജോലി ചെയ്ത് അവനെ പഠിപ്പിച്ചു. പട്ടു മെത്തയിൽ കിടന്നുറങ്ങണ്ട എന്റെ മോൻ അനാഥാലയത്തിലെ ആരോരുമില്ലാത്ത കുഞ്ഞുങ്ങളോടൊപ്പം അല്ലലറിഞ്ഞു തന്നെ വളർന്നു.

💟💟💟💟💟💟💟

“ഒടുക്കം അവന്റെ തുടർന്നുള്ള പഠിപ്പിന് ഊട്ടിയിലെ തന്നെ അനാഥാലയത്തിന്റെ ഭാഗമായ ഇവിടേക്ക് മാറി. പിന്നീട്, അവന് അവിടെ വളരാൻ അനുവദിച്ച പ്രായം കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും അവിടെ നിന്നും മാറി. വീടെടുത്തു താമസിച്ചു. ഒരുപാട് കഷ്ടപ്പെട്ടു എന്റെ മോൻ പഠിച്ച് ഈ നിലയിൽ എത്താൻ.
എല്ലാം അറിഞ്ഞു കഴിഞ്ഞ് അവൻ വാശിയോടെ ഇവിടെ വരെ എത്തിയത് സ്വന്തം അച്ഛനെയും, അമ്മയെയും കൊന്ന് തന്നെ അനാഥരാക്കിയവരോട് കണക്ക് ചോദിക്കാനും, എല്ലാം തിരിച്ചു പിടിക്കാനും വേണ്ടിയാണ്. പക്ഷേ ഇനിയും അവൻ അവരുടെ അടുത്തേക്ക് ചെന്നാൽ അവനെന്തെങ്കിലും സംഭവിക്കുമോ എന്ന എന്റെ ഭയമാണ് അവനെ പിന്നോട്ട് വലിക്കുന്നത്.
പിന്നെ, ഇപ്പോൾ അവൻ അതിന് മുന്നിട്ടിറങ്ങാത്തത് മോൾക്ക് വേണ്ടിയാണ്. ഇപ്പോൾ അവന് മോളുടെ സുരക്ഷിതത്വം ഓർത്ത് നല്ല പേടിയുണ്ട്. അതുകൊണ്ടാണ് സമൂഹം എന്ത് പറയും എന്ന് പോലും ഭയക്കാതെ നിന്നെ ഇവിടെ നിർത്തിയിരിക്കുന്നത്.
പക്ഷേ അവൻ അവർക്കെതിരെ ഒന്നും ചെയ്യാതെ നിൽക്കുന്നത് കാണുമ്പോൾ ഞാനറിയാതെ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നൊരു സംശയം കൂടി എനിക്കുണ്ട്. എന്തായാലും മോളിവിടെ ഉള്ളത് കൊണ്ട് അവിടേക്ക് നേരിട്ട് പോകും എന്ന ഭയമില്ല.
ഇനിയെല്ലാം മോള് ശ്രദ്ധിക്കണം.
അമ്മ താഴേക്ക് ചെല്ലട്ടെ അവൻ വരാനുള്ള സമയമാകുന്നു. ”

അമ്മ പോയിട്ടും ഒക്കെ കേട്ടതിന്റെ നടുക്കത്തിലാണ് ദേവി.

“കുറച്ച് സമയം കാല് താഴ്ത്തി വച്ചത് കൊണ്ട് പതിയെ കാലിന് വേദന തുടങ്ങി. അതുകൊണ്ട് അവള് കട്ടിലിലേക്ക് കാല് നീട്ടി വെച്ച് കിടന്നു. ”

പതിവ് പോലെ, അർജുൻ വന്ന് കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് പോകും മുൻപ് ദേവിയുടെ അടുത്തേക്ക് ചെന്നു.
അർജുൻ വരുന്നത് കണ്ടതും, അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

” ദേവീ,,,,
ഞാനെന്നും വന്ന് നിന്നെ കാണുന്നതും, തലയിൽ തലോടുന്നതും ഒന്നും നീ അറിയുന്നില്ലല്ലോ. ”

“അമ്പടാ കള്ളാ, അപ്പോൾ എന്നും എന്നേ കാണാൻ വരാറുണ്ട് അല്ലേ. എന്നിട്ടാണ് നേരിട്ട് കാണുമ്പോൾ മസില് പിടിത്തം”
അവള് മനസ്സിൽ പറഞ്ഞ് കൊണ്ട് ചിരിച്ചു.

“””ഇനിയെന്നാണ് നീ എന്റെ പ്രണയത്തിന്റെ ആഴം മനസ്സിലാക്കുന്നത്.
എന്റെ പ്രണയം നിനക്ക് പൂർണ്ണമായും പകർന്നു നൽകാൻ എനിക്കിനി എത്ര നാള് കാത്തിരിക്കേണ്ടി വരും? ”
അത്രയും പറഞ്ഞ് അവൻ അവളുടെ തലയിൽ തലോടിയ കൈ പിൻവലിച്ച് തിരിഞ്ഞ് നടന്നു.

“ഇനി കാത്തിരിക്കണ്ട ആവശ്യമില്ല അച്ചുവേട്ടാ,,, ”
അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവളത് പറഞ്ഞതും,
കേട്ടത് വിശ്വസിക്കാനാവാതെ അവൻ ഒരു നിമിഷത്തേക്ക് തറഞ്ഞു നിന്നു. പിന്നെ അവന്റെ കയ്യിലേക്കും, അവളുടെ കൈകളിലേക്കും നോക്കി.

“എന്താ അച്ചുവേട്ടാ, വിശ്വാസമായില്ലേ. പറഞ്ഞത് സത്യമാ. ”

പെട്ടെന്ന് അവൻ കൈ വിടുവിച്ച് തിരിഞ്ഞ് വാതിലിനടുത്തേക്ക് നടന്നു.

അവനിൽ നിന്നും അങ്ങനെയൊന്ന് പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അവന്റെ ആ അകൽച്ച അവൾക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.

തുടരും,,,,,,