22/04/2026

ഏറെ നാളുകൾക്കു ശേഷം ഞാനെന്റെ നാട്ടിലേക്ക് വരികയായിരുന്നു .. ഓട്ടോയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിചാരിതമായി കണ്ട ആ മുഖം ..

രചന – ബിന്ദു

ഏറെ നാളുകൾക്കു ശേഷം ഞാനെന്റെ നാട്ടിലേക്ക് വരികയായിരുന്നു ..
ഓട്ടോയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിചാരിതമായി കണ്ട ആ മുഖം എന്നെ വർഷങ്ങൾക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി .അതേ.. അത് പ്രകാശേട്ടനായിരുന്നു ..എന്റെ നാട്ടുകാരൻ .

ഓർമ്മകൾ വർഷങ്ങൾക്ക് പിറകേക്ക് പോയി ..അന്ന് നേരം പുലർന്നത് നാടിനെ ഞെട്ടിച്ച ഒരു വാർത്തയുമായാണ് . മങ്കി ബാലനെ പ്രകാശൻ കുത്തിക്കൊന്നു . ആ വാർത്ത എല്ലാവർക്കും ഒരു ഷോക്കായിരുന്നു .

നാട്ടിലെ എല്ലാവരും പേടിക്കുന്ന ഒരു ഗുണ്ടയായിരുന്നു ബാലൻ . അയാളുടെ സ്വഭാവം കാരണം നാട്ടുകാർ അയാൾക്കിട്ട വിളിപ്പേരാണ് മങ്കി എന്ന് . എങ്കിലും കേൾക്കെ ആരും അയാളെ അങ്ങനെ വിളിക്കാറില്ല .

നാട്ടുകാർക്ക് മൊത്തം ശാല്ല്യമായിരുന്നു അയാൾ . സ്വന്തം അമ്മയേക്കാൾ പ്രായമുള്ള ഒരു സ്ത്രീയെയാണ് അയാൾ ഭാര്യയെ പോലെ കൂടെ കൊണ്ടുനടക്കുന്നത് .

അന്ന് എനിക്കും ചെറിയ പ്രായാമായിരുന്നു .
അന്നൊക്കെ ഞാനും കണ്ടിട്ടുണ്ട് തോട്ടിലും മറ്റും വന്ന് തുണി കഴുകുകയും രണ്ടുപേരും ഒരുമിച്ചു കുളിക്കുകയും ഒക്കെ ചെയ്യുന്നത് .
അയാളെ കുറിച്ച് കുഞ്ഞു മനസ്സിലേ ഉള്ളിൽ പേടിയായതിനാൽ ആ ഭാഗത്തേക്ക് നോക്കാതെ പേടിയോടെ ഓടി പോകാറുണ്ടായിരുന്നു ഞാൻ .

ആ മങ്കി ബാലനെയാണ് പ്രകാശേട്ടൻ കൊന്നത് .
കേട്ട വാർത്ത എല്ലാവർക്കും ആശ്വാസം നൽകിയെങ്കിലും ഒരാളെ കൊല്ലുക എന്ന് വെച്ചാൽ .. അതിന്റെ ആനന്തരഫലം ഭീകരമായിരുന്നു ..

പോലീസ് നായ വന്നു മണം പിടിച്ചു . അങ്ങനെ കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി . പ്രകാശേട്ടനെ അറസ്റ്റും ചെയ്തു . ഒറ്റയ്ക്ക് ഒരാൾക്ക് ഇങ്ങനെ ഒരു കൊല ചെയ്യാൻ പറ്റില്ല എന്നും കൂടെ മറ്റാരോ കൂടി ഉണ്ടായിരുന്നുവെന്നും അഭ്യൂഹം പരന്നു . പക്ഷേ എത്ര ചോദ്യം ചെയ്തിട്ടും മറ്റൊരാളുടെയും പേര് പ്രകാശേട്ടൻ പറഞ്ഞില്ല .

അങ്ങനെ പോലീസുകാർ പ്രകാശേട്ടനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതിന്റെ പിറ്റേന്ന് നേരം പുലർന്നത് മറ്റൊരു മരണവാർത്തയുമായാണ് ..പ്രകാശേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്ന ദേവേട്ടൻ തൂങ്ങി മരിച്ചിരിക്കുന്നു .

നാട്ടിലെ എന്തുകാര്യത്തിനും ഓടിയെത്താറുള്ള ചുറു ചുറുക്കുള്ള ചെറുപ്പക്കാരിൽ ഒരാളായിരുന്നു ദേവേട്ടൻ . ആ അടുത്ത നാളിൽ നടന്ന എന്റെ ഇളയച്ഛന്റെ കല്യാണത്തിന് തലേദിവസം രാവിലെ മുതൽ ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്നത് ഞാൻ കണ്ടതാണ് ..ആ ദേവേട്ടനാണ് ..

രണ്ടുപേർ ചേർന്ന് കൊല നടത്തിയിട്ട് കൂട്ടുകാരനെ അറസ്റ്റ് ചെയ്തതിൽ മനം നൊന്താണത്രേ ദേവേട്ടൻ ആത്മഹത്യ ചെയ്തത് ….അപ്പോഴാണ് ആ കൊലപാതകത്തിൽ പ്രകാശേട്ടനോടൊപ്പം ഉണ്ടായിരുന്ന മറ്റെയാൾ ദേവേട്ടനായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലായത് ..

പക്ഷേ പ്രകാശേട്ടൻ നാട്ടുകാരുടെ കണ്ണിൽ ഒരിക്കലും ഒരു കൊലപാതകിയായിരുന്നില്ല . എന്നും എല്ലാവർക്കും ശല്യമായിരുന്ന ഒരാളിൽ നിന്നും എല്ലാവരെയും രക്ഷിച്ചയാൾ . പക്ഷേ എത്ര ക്രൂരനായാലും മറ്റൊരാളുടെ ജീവനെടുക്കാൻ ആർക്കും അധികാരമില്ലല്ലോ .. അതുകൊണ്ട് തന്നെ പ്രകാശേട്ടൻ നിയമത്തിനു മുന്നിൽ കുറ്റക്കാരനായി .
പ്രകാശേട്ടന് കോടതി ജീവ പര്യന്തം ശിക്ഷ വിധിച്ചു .

പ്രകാശേട്ടൻ കച്ചവടം ചെയ്തിരുന്ന കടയുടെ മുന്നിൽ ഒരു വീടുണ്ടായിരുന്നു . ആ വീട്ടിലെ ഒരു പെൺകുട്ടിയുമായി പ്രകാശേട്ടൻ അടുപ്പത്തിലായിരുന്നു എന്നത് നാട്ടുകാർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു ..
ആത്മാർത്ഥ പ്രണയം എന്ന് വിശ്വസിച്ചിരുന്ന അവൾ പ്രകാശേട്ടൻ ജയിലിൽ പോയതോടെ വേറൊരാളെ കല്യാണവും കഴിച്ചു.

അന്നൊക്കെ ആഴ്ചപ്പതിപ്പുകളിലെ നായികമാർ ജയിലിൽ പോയി തിരിച്ചു വരുന്ന നായകനെ കാത്തിരിക്കുന്ന കഥകൾ വായിച്ച് ആ നായികമാരോട് ആരാധന തോന്നിയിരുന്ന കാലമായതിനാൽ തന്നെ എനിക്ക് അവൾ വേറെ കല്യാണം കഴിച്ചു പോയതിനോട് യോജിക്കാനോ അത് ഉൾക്കൊള്ളാനോ അന്ന് കഴിഞ്ഞതേയില്ല .

അങ്ങനെ വർഷങ്ങൾ കഴിഞ്ഞുപോയി . കാലത്തിനോടൊപ്പം ഞാനും വളർന്നു .എന്റെ കല്യാണവും കഴിഞ്ഞു .അതിനിടയിൽ പ്രകാശേട്ടൻ ശിക്ഷ കഴിഞ്ഞു വന്നിരുന്നു .വീടിനടുത്തൊരു കടയിൽ കച്ചവടവും തുടങ്ങിയിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ പ്രകാശേട്ടന്റെ കല്യാണവും കഴിഞ്ഞു എന്നറിഞ്ഞു ..

അതിനു വർഷങ്ങൾ ഒരുപാട് കടന്നുപോയി . പിന്നീട് ഇപ്പോഴാണ് പ്രകാശേട്ടനെ കാണുന്നത് .. വാർദ്ധക്യം കൊടുത്ത ചുളിവുകളുമായി ആ മനുഷ്യൻ എന്റെ കാഴ്ചകളിൽ നിന്നും അകലേക്ക്‌ മാഞ്ഞുപോയി…

ഇതുപോലെ എത്രയെത്ര കഥകൾ ഇനിയും പറയാൻ ബാക്കിയുണ്ട് എന്റെ നാടിന് … അതേ ഓരോ നാടും വലിയൊരു പുസ്തകം പോലെയാണ് .. ഒരുപാട് കഥകൾ നിറഞ്ഞു നിൽക്കുന്നൊരു പുസ്തകം .. വായിച്ചാലും എഴുതിയാലും ഒരിക്കലും തീരാത്ത പുസ്തകം ….