രചന – രുദ്രാക്ഷ
അയാളെ കണ്ടുമുട്ടിയതിന് ശേഷമാണ് വിവാഹം ചെയ്യേണ്ട എന്ന തീരുമാനത്തിൽ മാറ്റം വന്നത്
എല്ലാം ഒരു നിയോഗം പോലെ തോനുന്നു… കോഴിക്കോട് നിന്നും ജോലി കിട്ടി കാക്കനാടേക്ക് വന്നതും… അമ്മ വീട്ടിൽ നിന്നും ഓഫീസിൽ പോകുന്നതും… അതിനിടയിൽ അയാൾ എന്നിലേക്ക് കടന്ന് വരുന്നതും!!!
ആറേമുക്കാലിന് സ്റ്റാൻഡിൽ നിന്നും പുറപ്പെടേണ്ട ലോ ഫ്ലോർ ആറര വരെ വാട്ടർ ടാങ്കിൻ്റെ അരികിലെ പുളിമരച്ചുവട്ടിലാണ് പാർക്ക് ചെയ്യുന്നത്
പക്ഷേ ഏതാണ്ട് ആറേ പതിനഞ്ച് ആറിരുപതോട് കൂടി സീറ്റ് നിറഞ്ഞ് തുടങ്ങും
ഏഴരക്ക് വ്യവസായ മേഖലയിലേക്ക് കിതച്ചു കിതച്ചു എത്തുന്ന ബസ് ഞെരുങ്ങി ഒരു മൂളലിലൂടെ നിൽക്കും
അപ്പോൾ ആളുകൾ എല്ലാം അതിൽ നിന്നും ഒഴുകും കാറ്റത്തു ഇലകൾ പൊഴിയും പോലെ, വീണ്ടും ആളുകളെ നിറച്ചു ഒന്ന് ഞെരുങ്ങി കിതച്ചു കിതച്ചു ബസ് നീങ്ങുമ്പോഴേക്കും കമ്പനിയിൽ വല്യ ഉച്ചത്തിൽ സയറൻ മുഴങ്ങുന്നുണ്ടാകും ഞാൻ അപ്പോൾ പഞ്ച് ചെയ്തു എന്റെ കമ്പ്യൂട്ടറിനു മുന്നിൽ ഇരുപ്പ് ഉറപ്പിച്ചുണ്ടാകും
അകലെയുള്ള കുന്നിലെ വെളിച്ചം ലക്ഷ്യമാക്കി കാട്ടിലൂടെ ഓടുന്ന കുട്ടിയെ പോലെയാണ് ഞാനപ്പോൾ
ചിലപ്പോൾ സ്‌ക്രീനിൽ നോക്കി നോക്കി എന്റെ മിഴികൾ നിറയുകയും, തല കനക്കുകയും, ഒന്ന് വിയർക്കാൻ പോലും ആകാതെ എന്റെ ദേഹം തണുത്തുറഞ്ഞും മാറിയിട്ടുണ്ടാകും
അങ്ങനെ മടുപ്പ് തോന്നുന്ന നിമിഷത്തിൽ ഞാൻ അയാളെ ഓർക്കും… അയാളുടെ നര പടർന്ന താടിയും പുഞ്ചിരി ഒളിപ്പിച്ച ഗാംഭീരമുള്ള മുഖവും…അപ്പോൾ ഒരു ഉണർവ് എന്നെ പൊതിയും, എന്റെ ഉള്ളിലെ ഒരു പച്ച തുരുത്തു പോലെ അയാൾ മാറിയിരുന്നു!!!
സത്യത്തിൽ ജോലി ഉപേക്ഷിക്കാൻ തുനിയുമ്പോൾ എല്ലാം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്ലും ഉപരി അയാളോട് ഒന്ന് സംസാരിക്കാൻ ഉള്ള പഴുത്തിനായിരുന്നു വെമ്പൽ
മനസ്സിലും വേഗത്തിൽ വിരലുകൾ ചലിപ്പിച്ചു ഇന്നാണ് മാരീനെ കൺസ്ട്രക്ഷൻ ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സോഫ്റ്റ്‌വെയർ ടെസ്റ്റർ ന്ന് നൽകേണ്ട ഡെഡ് ലൈൻ…അതിനാൽ തന്നെ വൈകുന്നേരം അഞ്ചു മണിയായിട്ടും എനിക്കു ഇരുന്നയിടത്തു നിന്നും അനങ്ങാൻ കഴിഞ്ഞില്ല… വർക്ക് പ്രഷർ കൂടാതെ ഇന്ന് വൈകിട്ടും നാളെ രാവിലെയും അയാളെ കാണാൻ കഴിയില്ല എന്ന നിരാശ എന്നെ വല്ലാതെ പൊതിഞ്ഞു…!!!
പിറ്റേന്ന് ഉച്ചക്ക് വീട് അണയുമ്പോൾ ഒന്ന് കുളിക്കണം വല്ലോം കഴിക്കണം ഉറങ്ങണം അതിലപ്പുറം ഇന്ന് വെയിലാണോ… മഴക്കായി കാർമേഘങ്ങൾ ഉരുണ്ടു കൂടിയോ… മുതലായി ഒന്നും ഒന്നും തന്നെ എന്റെ ചിന്തകളിൽ കലർന്നിരുന്നില്ല
പിറ്റേന്ന് പുളിമര ചുവട്ടിൽ നിർത്തിയിരിക്കുന്ന ആ പച്ച ലോ ഫ്ലോർന്റെ പുറകിലെ ഉയർന്നതട്ടിലെ രണ്ടാമത്തെ സീറ്റിന്റെ ജനലോരത്ത് പ്രതീക്ഷയോടെ ഞാൻ ഇരുന്നു
കാലപ്പഴക്കം കൊണ്ടു മഞ്ഞപ്പ് പടർന്ന വിൻഡോ ഗ്ലാസ് തള്ളി നീക്കി ഞാനാ വാട്ടർ ടാങ്കിന്റെ കീഴിലേക്ക് മിഴികൾ ഊന്നി
അയാൾ പതിവ് പോലെ അലക്കി പിഴിഞ്ഞ കാവി മുണ്ടും ചുട്ടി തോർത്തും വിരിച്ചിട്ടു നേർത്ത കരിനീല വരകൾ ഉള്ള ഷർട്ട് പിഴിഞ്ഞ് കുടഞ്ഞു മാനത്തേക്ക് നോക്കി ശേഷം ഒരു ചിത്രകാരന്റെ ആകുലതയോടെ തോർത്തിനും കാവി മുണ്ടിനും ഇടയിലായി അതു അഴയിൽ വിരിച്ചു
എന്നിട്ടും പ്രസന്നമാവാത്ത അയാളുടെ മുഖം എന്നിലൊരു വിഷാദത്തിന്റെയ് നനവ് പടർത്തി
ബസ് നീങ്ങി തുടങ്ങുമ്പോൾ ആ ഷർട്ട് നീക്കി തോർത്തെടുത്തു നടുവിൽ വിരിച്ചിട്ട് വല്യ ഒരു ഛായ ചിത്രം പൂർത്തിയാക്കിയ കലാകാരന്റെ മുഖമായിരുന്നു അയാൾക്ക്
നൊസ്സ് ശെരിക്കും അയാൾക്കല്ല എനിക്കാണ്… ജോലിക്ക് കേറീട്ടു രണ്ടു മാസം തികയുന്നു മോർണിംഗ് ഷിഫ്റ്റ് ആണെങ്കിൽ എന്റെ ആദ്യ ജാലക കാഴ്ച അയാളായിരുന്നു… നൈറ്റ് ഷിഫ്റ്റ് ആണെങ്കിൽ വെളുപ്പിന് ഇവിടെ വന്നിറങ്ങുമ്പോൾ ആയാൾ ആ ചായ കടയിൽ ഒരു ഗ്ലാസ് ചൂട് പാലും ഊതി കുടിച്ചു നിൽക്കുന്നുണ്ടാകും!!!
പക്ഷെ ഒരിക്കൽ പോലും അയാളെ അടുത്ത് കാണാൻ കഴിഞ്ഞിട്ടില്ല… ഒന്ന് നേർക്ക് നേരെ കാണാൻ!
അന്ന് ഓഫീസിൽ നിന്നും ഇറങ്ങാൻ ഏറെ വൈകി…തിരക്കുള്ള ബസിൽ അള്ളി പിടിച്ചു സ്റ്റോപ്പിൽ വന്നിറങ്ങി… നല്ല ക്ഷീണം… നേരെ കടയിലേക്ക് നടന്നു
“രാമേട്ടാ ഒരു സ്ട്രോങ്ങ് ചായ ”
“ദാ വരുന്നു മോനെ”
അത്രയും പറഞ്ഞു ഞാൻ എതിരെയുള്ള റോഡിലേക്ക് നോക്കി നിന്നു…
“തമ്പി…”
ചായ കടക്കാരൻ നീട്ടി വിളിച്ചു… ഞാൻ തിരിഞ്ഞു ഗ്ലാസ് എടുക്കാൻ കൈ നീട്ടി എനിക്കു മുന്നിലുള്ള ആള് മാറാൻ തിടുക്കം കൂട്ടി… പക്ഷെ ഞാൻ ഒന്ന് ഞെട്ടി അതയാൾ ആയിരുന്നു… വാട്ടർ ടാങ്കിനു ചുവട്ടിലുള്ള മനുഷ്യൻ
ചങ്കിലൂടെ ഒരിത് മിന്നി… ഞാൻ അയാളെ ഒന്ന് മിഴിച്ചു നോക്കി… ആയാളത് ഗൗനിക്കാതെ നടന്നു നീങ്ങി…അയാൾക്ക് അയാൾക്ക് നേർത്ത ഭസ്മത്തിന്റ ഗന്ധമായിരുന്നു ഞാനാ ഗ്ലാസ് വിഴുങ്ങി… പൈസ കൊടുത്തു തിരിഞ്ഞു നോക്കി
അയാളിപ്പോൾ ടാങ്കിനടുത്തു എത്തി കാണും… പക്ഷെ ഞാൻ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ പറയുന്നത്
“അപ്പ ഇന്ത മാതിരി പൈത്യക്കാരൻ ”
“ശെരിയാ അയാളുടെ പകുതി യോഗം ഉണ്ടായിരുന്നു എങ്കിൽ….”
എന്റെ ഉള്ളിൽ ആയാൾ നിറഞ്ഞു ഈ ഒന്നര മാസത്തോളം അയാളെ കാണുമ്പോൾ അല്ല ഓർക്കുമ്പോൾ തന്നെ എന്നെ പൊതിഞ്ഞിരുന്ന നനഞ്ഞ വിയർപ്പിന്റെ പുഴുങ്ങിയ നാറ്റം വിട്ടൊഴിഞ്ഞിരിക്കുന്നു…
അയാൾക്ക്….
അയാൾക്കൊരു നേർത്ത വാസനയാണ്…
ഭസ്മത്തിന്റെയ് നേരിയ വാസന…!!!
കുഴിയിൽ അകപ്പെട്ട തിളങ്ങുന്ന വല്യ കണ്ണുകളും, നെറ്റി തടത്തിലെ നേർത്ത കുറിയും… ഇത്രയും നാൾ അയാളെ കാണുമ്പോൾ ഉള്ളിൽ നിറഞ്ഞ വെറുപ്പ് മാറി ഇപ്പോൾ കുറ്റബോധം നിറയുന്നു…
പിന്നെ കെട്ടുപിണഞ്ഞ ചോദ്യങ്ങളും!
പക്ഷെ മനസ്സിനെ അടക്കി വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്…നീണ്ട ദിനങ്ങൾ കടന്നു പോയി… പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്തു കഴിഞ്ഞതും എന്നെ *ബെഞ്ചിലേക്ക് മാറ്റി
ഇനി വെറുതെ ഓഫീസിൽ പോയി ഇരിക്കണം…അതിലും നല്ലത് രണ്ടൂസം ലീവ് എടുക്കാം… പിന്നെ ഞായർ മൂന്നൂസം കിട്ടും… തന്നെ അല്ല പടിഞ്ഞാറെ തേവരുടെ ഉത്സവം ആണ്…!
പത്താൻ ക്ലാസ്സിലേക്ക് കടന്നതിൽ പിന്നെ ഉത്സവം കൂടുന്നത് ചുരുക്കാമായിരുന്നു, പക്ഷെ എന്റെ ഉള്ളിൽ ഓർക്കാൻ സുഖമുള്ള ഓർമ്മകൾ അത് മാത്രമായിരുന്നു!!!
എന്റെ ശിഥിലമായ ബാല്യത്തിലെ മനോഹരമായ നിമിഷങ്ങൾ ഉത്സവകാലമായിരുന്നു, അന്നേരം ഇരുമ്പു പെട്ടിയിൽ നാലു നല്ല ട്രൗസറും രണ്ടു ഷർട്ടും പൊതിഞ്ഞു മടക്കി അമ്മ വീട്ടിലേക്ക് ഒരു യാത്രയുണ്ട്…
കലഹിക്കുന്ന എന്റെ വീട്ടിലെ ചുമരുകളോട് യാത്ര പറഞ്ഞു…
പൊട്ടിച്ചിരി മാത്രം കേൾക്കുന്ന ഇടനാഴിയും…
കാൽ പെരുമാറ്റം കേൾക്കുമ്പോൾ കൽപടവിൽ നിന്നും വെള്ളത്തിലേക്ക് ഊളയിടുന്ന നീർക്കോലി ആശാനും…
പിന്നെ പിഞ്ഞാണത്തിലെ മാമ്പഴ പൂളും….
ഞാനും ഉണ്ണിയും, കാത്തുവും പാറു, കേശു…. ഊഞ്ഞാൽ ആട്ടവും…
ഓട്ടു പാത്രത്തിലെ പായസത്തിനായി തല്ലു കൂടുന്നതും.. അങ്ങനെ അങ്ങനെ എല്ലാരും കൂടി കുളത്തിലെ കുളിയും, ഓ…!!!
മെല്ലെ എന്റെ ചിന്തകൾ വീണ്ടും അയാളിൽ ചെന്നു നിന്നു….ഉത്സവത്തിന് ആയാൾ വരില്ലേ?
പൂരപ്പറമ്പിലും… ഊട്ടുപുരയിലും എന്റെ കണ്ണുകൾ അയാളെ തേടി അലഞ്ഞു
അപ്പൊ മനസ്സ് മന്ത്രിച്ചു
കണ്ടില്ലലോ…?
എവിടെ ആകും?
ഉണ്ണിയൂട്ടിന്റെ അന്ന് ഞാൻ അയാളെ കണ്ടെത്തി ഊട്ടുപുരയുടെ നീല ചായം പൂശിയ ഉരുണ്ട തൂണിന്റ മറവിൽ നിന്നും കുസൃതി കുരുന്നുകളെ ഒരു തരം വെമ്പലോടെ നോക്കുന്ന അയാളെ…അന്നയാൾ ഒറ്റ കരയുള്ള വെളുത്ത ഡബിൾ മുണ്ടും ഒരു നേര്യതും പിന്നെ ഒരു ഗോപി കുറിയും അണിഞ്ഞിരുന്നു… ഓമനത്വമുള്ള മുഖം തെളിഞ്ഞ ഐശ്വര്യവും!
ഉച്ചപൂജ തിരിഞ്ഞു പായസം കഴിച്ചു കൈ കഴുകാൻ അമ്പലകുളത്തിൽ ചെന്നപ്പോൾ ആയാൾ താഴെ പടവിൽ ഇരിക്കുന്നു… തന്റെ കയ്യിലുള്ള പടച്ചോറ് മീനുകൾക്ക് പകുത്തു കൊടുക്കുന്നു… ഞാൻ മെല്ലെ തിരിഞ്ഞു ഒരടി വെച്ചതും ആയാൾ പുറകിൽ നിന്നും വിളിച്ചു
പറഞ്ഞു
“ഇങ്ങു പോന്നോളൂ കുട്ടി, എനിക്കൊരു മുഷിച്ചിലും ഇല്ലാ…!
ഞാൻ പടവുകൾ ഇറങ്ങി ചെന്നു കൈകൾ കഴുകി… അപ്പോൾ ഒഴുകിയ പായലിൽ ഒരു ആമ കുഞ്ഞു മലർന്നു കിടക്കുന്നു… അയാളപ്പോൾ എനിക്കു പടച്ചോറിന്റെ ഒരു പങ്ക് നീട്ടി… അത് വാങ്ങുമ്പോൾ ഞാൻ അയാളുടെ വിരലുകളിൽ തൊട്ടു… വരണ്ട തണുപ്പുള്ള വിരലുകൾ ഞങ്ങളുടെ നോട്ടം ഉടക്കി ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു…!
ഞാൻ പൊട്ടിച്ചിട്ട പങ്ക് ആ ആമ കുഞ്ഞു വിഴുങ്ങി തുടങ്ങി… അതു നോക്കിയിരുന്ന അയാൾ എന്നോട് അയാളുടെ ബാല്യത്തെക്കുറിച്ച് വാചാലനായി…!
ആശാൻ കളരിയിലെ മണലിൽ എഴുതിയതും… കള്ളത്തരം കാണിച്ചു അടി കിട്ടാൻ നേരം പത്തായ പുരയിൽ ഒളിച്ചിരിക്കുന്നതും അങ്ങനെ…അങ്ങനെ…വിപ്ലവം തലക്കു പിടിച്ച നാളുകളെകുറിച്ചു വർണ്ണിച്ചു തുടങ്ങി….പുസ്തകങ്ങൾ മാത്രം ഭക്ഷിച്ചു ജീവിച്ച നാളുകളെക്കുറിച്ച് വാചാലനായി… സർകീട്ട് പോകാൻ കഴിയാതെ കയ്യിലെ അരയണ മുറുകെപ്പിടിച്ചു ആകാശത്തെ നക്ഷത്രത്തെ എണ്ണി വെളുപ്പിച്ച നാളുകളെ പറ്റി… ഒരുപാട് ഒരുപാട് കഥകൾ പറഞ്ഞു
സ്വപ്നങ്ങളെ തോളിലേറ്റി പറക്കാൻ ഉദ്യോഗം നേടിയതും… നൂലില്ലാ പട്ടം പോലെ പറക്കാൻ തുടങ്ങിയത് അരിഞ്ഞു വീട്ടിലെ യുദ്ധവും, ശീത സമരവും, ഒടുവിൽ അതെത്തി നിന്നത് ഞാൻ വസു വിന്റെ കഴുത്തിൽ താലി ചാർത്തിയ ദിനത്തിലാണ്….അത്രയും നേരം ഉത്സാഹിയായിരുന്ന അയാളുടെ മുഖം വിഷണ്ണമായി, അയാളൊന്നു നെടുവീർപ്പെട്ടു പിന്നെ കൈകൾ പിന്നിലേക്കൂന്നി ആകാശത്തേക്ക് മിഴികൾ നട്ടു!!
ഇരുൾ വരുമ്പോൾ നിഴലുകൾ അവസാനിക്കുന്നത് പോലെ ആ ദിനം എനിക്കിന്നും ഓർമയുണ്ട്… ഞാനന്ന് മുടിയിഴകൾ ചീകിയില്ല… ഷേവ് ചെയ്തില്ല… പക്ഷെ അലമാരയിൽ നിന്നും അച്ഛൻ സമ്മാനിച്ച ചന്ദന നിറമുള്ള ഷർട്ട് അണിഞ്ഞു അതിനു എന്റെ ബാല്യത്തിന്റെ ഗന്ധമാണ്… അച്ഛന്റെ നേർത്ത വാസന!!!
അന്ന് വെപ്രാളപെടട്ട് വസുവിനോപ്പം കാറിൽ കയറുമ്പോൾ ഞാൻ ഒന്നൂടെ തിരിഞ്ഞു നോക്കി… ഇനി എല്ലാം ഓർമ്മകൾ മാത്രം… ഇനി ഒരു മടങ്ങി വരവും ഇല്ലാ… ഞാൻ എല്ലാരേയും ചതിക്കുക ആണെന്ന പാപ ബോധം മൂടിയപ്പോൾ ശിരസ്സ് കുനിഞ്ഞു…!
വസൂ… ഞാൻ താലി ചാർത്തിയവൾ പക്ഷെ പക്ഷെ അവൾ മറ്റൊരാളുടെ ആയിരുന്നു… ഒരർത്ഥത്തിൽ ഞങ്ങൾ മൂവരും ആലോചിച്ചു ഉറപ്പിച്ചതായിരുന്നു എല്ലാം.
വസൂ അല്ല സുധാമണി, അവൾ… അവൾ എന്റെ ചങ്ങാതി വാസുദേവിന്റ ആയിരുന്നു… അതുകൊണ്ട് തന്നെ ഞാൻ വസൂന്ന് വിളിച്ചു… ഒരുപക്ഷെ കേട്ടു നിന്ന പൊട്ടന്മാർക്ക് അതു പ്രണയാർദ്രമായ വിളിയെന്നു തെറ്റിദ്ധരിച്ചു കാണും!
വിവാഹം കഴിഞ്ഞ അന്നുതന്നെ ജോലി കാര്യം പറഞ്ഞു ഞങ്ങൾ വീട്ടീന്ന് തിരിച്ചു… ഇടവഴി തിരിയുന്ന അവിടെ വാസുദേവ് കാത്തു നിൽക്കുന്നുണ്ടായിരുന്നു, അയാൾ അവളെ ഡോർ തുറന്നു കൈപിടിച്ചിറക്കി… മഞ്ഞ ചരട് ഊരി എനിക്കു നേരെ നീട്ടി, എന്നെയും കൊണ്ട ആ കാർ കിഴക്കോട്ടു കുതറി… പിന്നെ ഞാൻ നാട്ടിൽ പോയിട്ടില്ല, അവരാരെയും തന്നെ കണ്ടിട്ടില്ല!!!
“സഞ്ചാരം” എന്നെ അസ്ഥിക്ക് പിടിച്ച പ്രണയത്തെ വെട്ടിപ്പിടിച്ച നാളുകൾ…
നടന്നു…ഓടി… പറന്നു… പറന്നു… ശ്വസിച്ചു… രുചിച്ചു… മെല്ലെ… മെല്ലെ ചിറകുകൾ തളർന്നു… നടന്നു… ഇഴഞ്ഞു… പിന്നെ കിതച്ചു കിതച്ചു നിന്നു!!!
എന്ത് നേടിയെന്നു ചോദിച്ചാൽ…?
എനിക്കറിയില്ല കുട്ടി… എന്തോ നേടിയെന്നൊരു നിർവൃതി ഉണ്ടായിരുന്നു… പക്ഷെ ഇപ്പോൾ അതും കൈമോശം വന്നെന്നുന്ന് മനസ്സു പറയുന്നു… എന്റെ അഞ്ചക്ക പെൻഷനിൽ മാത്രം കുരുങ്ങി നിൽക്കുന്ന ബന്ധങ്ങൾ… അവയൊക്കെ എന്റേതല്ല… ഒരൂസം എന്നെ കണ്ടില്ല എങ്കിൽ തിരക്കി വരികയില്ല… എന്റെ പ്രിയപ്പെട്ട ഭക്ഷണം എന്തെന്ന് ചോദിക്കാറില്ല… അപ്പോൾ തുരുമ്പെടുത്തു മണ്ണിൽ ആഴ്ന്ന കണ്ണികൾ തിരഞ്ഞിട്ട് കാര്യമില്ലല്ലോ….പക്ഷെ ഇടയ്ക്കു ഞാൻ അവ അതിയായി ആഗ്രഹിക്കും ഒരു താങ്ങിനായിട്ട്… തളരുമ്പോൾ ചാരാൻ, വിരലിൽ കോർത്തൊരു പൊതി പങ്കിടാൻ, നേരമ്പോക്ക് പറയാൻ… പക്ഷെ ഞാനിന്ന് ഏകനാണ് ദാനമായി കിട്ടിയ ഓർമകൾ മാത്രമുള്ളൊരു ഭിക്ഷാടകൻ!!!
ഞാൻ അയാൾക്കരികിലേക്ക് കുറച്ചൂടെ ചേർന്നിരുന്നു, അയാളെന്റേ തുടയിൽ മുഖം ചേർത്തു… എന്റെ കാൽമുട്ടുകളും പാദവും… ചുവന്നു ഉരുണ്ട നഖങ്ങളും അയാളുടെ കണ്ണു നീരിൽ പൊതിഞ്ഞിരുന്നു!!!
“ഞാൻ കുട്ടിയോട് എന്തൊക്കെയോ നൊസ്സുകൾ പറഞ്ഞു…” എന്നിൽ നിന്നും വേർപെട്ട് അയാൾ പറഞ്ഞു
“അത് സാരമില്ല”
ഞാൻ അയാളുടെ വിരലുകളിൽ കോർത്തു പറഞ്ഞു
കുറേ നാളായി… എന്തോ മനസ്സിനൊരു ആശ്വാസം… വിരലുകൾ അടർത്തി മാറ്റി അയാൾ പടവുകൾ കയറി… നാലു പടികൾ കയറി മെല്ലെ തിരിഞ്ഞു എന്നെ നോക്കിയൊന്നു ചിരിച്ചു… പിന്നെ ഈണത്തിൽ പാടി
“ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായി”
ഒരു അരയാലില പൊഴിഞ്ഞു പടവിലേക്ക് വീണു…!
സന്ധ്യ മയങ്ങുമ്പോൾ… ദീപാരാധനയുടെ ആരതിയും ഉഴിഞ്ഞു ബലിക്കൽപുര കടക്കുമ്പോൾ എന്റെ കൈകൾ കവർന്നു ചൂടുള്ള നിശ്വാസത്തോടെ അയാൾ കിടാവിളക്കിലേക്ക് മിഴികൾ ഊന്നി ചോദിച്ചു
“ഒരു തണുത്ത വെളുപ്പിന് പത്രതാളിൽ… അവിടെ…അതിന്റെ… അതിലെ അക്ഷരക്കുരുക്കിൽ ഒരു അജ്ഞാത മൃതുദേഹം കണ്ടാൽ കുട്ടി വന്നു ശേഷക്രിയ ചെയ്യാൻ കഴിയോ…?”
ഞാൻ ഒരു നിമിഷത്തേക്ക് അയാളുടെ മിഴികളിൽ കുരുങ്ങി… തിരക്കിൽ പെട്ടു ഞങ്ങൾ വേർപ്പെട്ടു… പിന്നീട് ഞാൻ അയാളെ കണ്ടിട്ടില്ല…!!!
പുല്ലു പടർന്നു കിടക്കുന്ന വാട്ടർ ടാങ്കിന്റെ ചുവടും… അയാളുടെ പേര് പോലും അറിയാത്ത ചായ കടക്കാരനും… എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത ഞാനും!!!
ഞാനെന്നും ചായ ഊതി കുടിക്കുമ്പോൾ പത്രതാളുകളിലെ അക്ഷരകൂട്ടത്തിൽ പരതും… പിന്നെ ആശ്വാസത്തോടെ അതു മടക്കി വയ്ക്കും, എന്നിരുന്നാലും എന്റെ ഹൃദയം ഒന്ന് വിങ്ങും… അയാളുടെ അഭാവം എന്നെ വീർപ്പുമുട്ടിക്കും… എന്തിനെന്നു ഞാൻ എന്നോട് ചോദിക്കും… പക്ഷെ അതിനു എന്നിൽ ഒരു മറുപടി ഉണ്ടായിരുന്നില്ല…ഞാൻ എന്നോട് തന്നെ മറുപടി നൽകാൻ ആകാതെ കുഴഞ്ഞു പോയിരിക്കുന്നു….!
എന്തു നേടി എന്ന് അയാൾ അന്ന് ചോദിച്ചത് പോലെ തന്നെ… അതേ അതു പോലെ തന്നെ
വീണ്ടും ഒരിറുക്ക് ചായ എടുക്കുമ്പോൾ ഞാൻ അയാൾ പറഞ്ഞത് ഓർക്കും
“ഓട്ടു ഗ്ലാസിൽ അമ്മ നൽകുന്ന പാട കെട്ടിയ ചായ മാത്രം നുണഞ്ഞ കണ്ണുകൾക്ക് മുന്നിലേക്ക് പതഞ്ഞു പൊങ്ങിയ നുരകളോട് കൂടിയ ചില്ലു ഗ്ലാസ് നീട്ടുന്ന ഓരോ കാവലയുമുണ്ട്
….. നേർത്ത ശ്വാസം തട്ടി പൊട്ടുന്ന കുമിളകൾക്ക് ചൂടുള്ള ഒരു വാസന ഉണ്ട്… മൊത്തുമ്പോൾ നക്കിനൊരു തരി തരിപ്പും… ഊതി കുടിക്കുന്ന ഓരോ ഇറുക്കും എന്നിൽ സഞ്ചരിച്ച വഴികൾ കോറിയിടും…ഹൃദയത്തിന്റെ ഓരത്തു ഒരു വിറവലും… കണ്ണുകളിൽ ഒരു തുടിപ്പും…”

by