20/04/2026

ധനു : ഭാഗം 01

രചന – ജ്വാലാമുഖി

“ടി.. മതി ഒക്കേം കണ്ടു നിന്നത്.. നേരം ശ്ശി ആയിരിക്കണൂ… ”

“കുറച്ചു നേരം കൂടെ അമ്മേ… ഇതിങ്ങനെ കേട്ടു നിൽക്കാൻ എന്ത് രസമാ… ”

ശിങ്കാരിമേളവും ഒപ്പം കാവടിയും തെയ്യവും താലവുമേന്തി കുറെ ചേച്ചിമാരും… മുറുകി വരുന്ന മേളക്കാരുടെ താളത്തോടൊപ്പം മനസ്സും മുഴുകി നിൽകുമ്പോൾ ആണ് അമ്മ പോകാൻ അടം പിടിക്കുന്നത്…

പെട്ടന്ന് താലി സെറ്റിൽ എന്തോ ഒച്ചപ്പാടും ബഹളവും കേട്ടു…

എന്റെ തൊട്ടു പുറകിൽ ഒരുത്തൻ വെട്ടു കൊണ്ടു വീണു…

ആളുകൾ നാലുപാടും ചിതറി ഓടി…

എന്റെ കാലുകൾ മാത്രം അനങ്ങിയില്ല..

“വാ മോളെ… ”

എന്ന് പറഞ്ഞു അമ്മ എന്നെ കൈ പിടിച്ചു വലിച്ചു… പക്ഷെ എന്റെ കണ്ണുകൾ ആ രക്തത്തിൽ കുളിച്ച ആളുടെ അറ്റു വീണ കൈകളിലേക്ക് ആയിരുന്നു…

കരയാൻ ഞാൻ മറന്നു പോയി… ചുറ്റും അലർച്ചകളും മേളത്തെക്കാൾ വലിയ ശബ്ദങ്ങളും അലതല്ലി…

“വേഗം താലി ചുറ്റമ്പലത്തിൽ കേറ്റിക്കോളു.. ”

എന്ന് ആരോ വിളിച്ചു പറഞ്ഞു… അപ്പോളേക്കും ശിങ്കാരിമേളവും കാവടിയാട്ടവും നിന്നു…

“എന്ത് നോക്കി നിൽക്കാടി… മാറി പോടീ ഇവിടുന്ന്… ഓരോ ബോധം ഇല്ലാത്ത ജന്മങ്ങൾ… ”

വെളിച്ചപ്പാടുപോലെ കലി തുള്ളി അടുത്ത വന്ന അയാളെ ഞാൻ ഉറ്റു നോക്കി….

ആറടി ഉയരവും അതിനൊത്ത ശരീരവും ഉള്ള ഒരു ചെറുപ്പക്കാരൻ… ഞാൻ ഇയാളെ ആദ്യമായി ആണ് കാണുന്നതും…. കത്തിജ്വലിക്കുന്ന ആ കണ്ണുകളിൽ നിന്ന് പെട്ടന്നാണ് കയ്യിലെ ചോര ഇറ്റു വീഴുന്ന വടിവാളിലേക്ക് ഞാൻ നോക്കിയത്…

എനിക്ക് തല ചുറ്റുന്ന പോലെ തോന്നി….

ഞാൻ അപ്പോളും അവിടെ നിൽകുന്നത് കണ്ടിട്ട് ആകണം… അയാൾ എന്റെ നേരെ വീണ്ടും വന്നു…

ചുറ്റും ആളുകൾ പല വഴിക്ക് ഓടുന്ന തിരക്കിൽ ആയിരുന്നു…

“നിനക്ക് പറഞ്ഞാൽ മനസിലാകില്ലേ…. ”

“ടാ… പോലീസ് ഇപ്പൊ എത്തും… അതിനെ ഒക്കെ പിടിച്ചു മാറ്റൂ… ഇല്ലേൽ സാക്ഷി കോപ്പ് എന്നൊക്കെ പറഞ്ഞു പുലിവാല് ആകും… ”

അയാൾക്ക്‌ പിറകിൽ നിന്നു ആരോ അത് വിളിച്ചു പറഞ്ഞതും…

അയാൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു…

ആദ്യമായിട്ടാണ് ഒരു കരുത്തുറ്റ ആണിന്റെ കൈകൾ എന്റെ കയ്യിൽ അമരുന്നത്… പക്ഷെ അതു ചോര പുരണ്ട കൈകൾ ആയിപോയി.. എന്നതൊഴിച്ചാൽ അയാൾ വളരെ സുന്ദരൻ ആയിരുന്നു…

അമ്പലത്തിന്റെ ഊട്ടുപുരയോട് ചേർന്ന് പേടിച്ചു നിൽക്കുന്ന എന്റെ അമ്മയുടെ മുന്നിലേക്ക് അയാൾ എന്നെ ഉന്തിയിട്ടു…

തിരിച്ചു വീണ്ടും എന്റെ അടുത്തേക്ക് വന്നു അയാൾ…

“ഇവിടെ കണ്ടത് ആരോടെങ്കിലും പറഞ്ഞാൽ ഈ ഗൗതം ആരാണെന്നു അമ്മേം മോളും ശരിക്കും അറിയും… കേട്ടോടി… ”

ഞാൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു…

എന്റെ നെഞ്ചിന്റെ മിടിപ്പ് ഇപ്പോളും പഴയ പടി ആയിട്ടില്ല…

ലയിച്ചു പോയ മേളക്കൊഴുപ്പിൽ അയാൾക്ക്‌ വെട്ടേറ്റത് ഞാൻ കണ്ടില്ല… പക്ഷെ എന്റെ തൊട്ടടുത്തു അയാൾ വീണപ്പോൾ ആണ് എന്റെ മനസ്സ് മേളത്തിൽ നിന്നും തിരിച്ചു വന്നത്… പക്ഷെ അത് ഒരു പെരുമ്പറ പോലെ വീണ്ടും മുഴങ്ങി തുടങ്ങി…

ഇപ്പൊ താഴെ മുത്തപ്പൻകാവിൽ മുടിയാട്ടം തുടങ്ങിക്കാണും….. ഗുരുതി കഴിഞ്ഞു നട അടച്ചാൽ പിന്നെ മുത്തപ്പൻ കാവിൽ ആഘോഷം തുടങ്ങും…

ഭഗവതിയുടെ കാവൽക്കർക്കുള്ള ആഘോഷം…

“ധനു… ”

“ഉം…. ”

“മോള് പേടിച്ചോ… ”

“ഉം… ”

“അതൊക്കെ പാർട്ടി പകയാണ്… ”

“ഉം… ”

“മോൾ ഇതൊന്നും ആരോടും പറയണ്ട ട്ടൊ… നമ്മൾ ഒന്നും കണ്ടിട്ടില്ല… ”

ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ മുഖത്തേക്ക് നോക്കി…

“ഭഗവതി ഉത്സവത്തിന് ഒരു ഗുരുതി കളം അവിടെ പതിവാ… ഈ വർഷം കിട്ടിയ വെട്ടിന്റെ പക അടുത്ത ഉത്സവത്തിന് തീർക്കും… ”

ഞാൻ എല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ വീട്ടിലേക്കു നടന്നു…

ഒതുക്കുകല്ലു കടന്നു വീടിന്റെ മുറ്റം എത്തുമ്പോളും
എനിക്ക് സ്വബോധം വീണിട്ടില്ലായിരുന്നു…

“ധനു..ഒന്ന് നിന്നെ… ”

ഞാൻ അകത്തേക്ക് പോകാതെ തിരിഞ്ഞു അമ്മയെ നോക്കി…

“നിന്റെ ഉടുപ്പിന്റെ പിറകിൽ ചോര… !!!!”

ഒരു തരം വിറയൽ എന്റെ ശരീരത്തിലൂടെ ഓടി മറഞ്ഞു…

ഞാൻ അകത്തേക്ക് ഓടി ഉടുപ്പ് മാറി…

അപ്പോളേക്കും അമ്മ ഓടി വന്നെന്റെ ഉടുപ്പ് വാങ്ങി തെങ്ങിന്റെ ചുവട്ടിൽ കൊണ്ടു തീയിട്ടു കളഞ്ഞു.. ആശിച്ചു മോഹിച്ചു വാങ്ങിയ സിൽക്ക് ഉടുപ്പ്… അത് കത്തിയമർന്നു ഒരു പിടി ചാരം ആകുന്നത് ഞാൻ നോക്കി നിന്നു…

അത്താഴം കഴിക്കാൻ അമ്മ നിർബന്ധിച്ചിട്ടും ഞാൻ കഴിച്ചില്ല…

ഓരോന്ന് ഓർത്തു കിടന്നു എപ്പോളോ മയങ്ങി…

****

“ആന്റി… ”

“ആഹാ ശീലു മോളോ… ”

“ധനു എന്തെ ആന്റി… ”

“അകത്തുണ്ട് മോളെ.. എഴുന്നേറ്റിട്ടില്ല… ”

ശീലു കുറെ കുലുക്കി വിളിച്ചപ്പോൾ ഉണർന്നു എങ്കിലും… എന്തോ വല്ലാത്ത ഭാരവും ചൂടും എന്റെ കണ്ണിനെ തളർത്തി…

അവൾ എന്നെ തൊട്ടു നോക്കി…

“ആന്റി… ഒന്നിങ്ങു വന്നേ… ”

അപ്പോളേക്കും അമ്മ അങ്ങോട്ട്‌ വന്നു…

“നല്ല പനി ഉണ്ടല്ലോ ഇവൾക്ക്… ”

കണ്ണു തുറക്കാൻ ആകാതെ പാതി ബോധത്തിൽ ഞാൻ അവളെ നോക്കി… ഇന്നലെ നടന്നതെല്ലാം ഒരു ദുസ്വപ്നം പോലെ വീണ്ടും വീണ്ടും എന്റെ കണ്ണിൽ വന്നു തറഞ്ഞു…

അമ്മ ഗോപാലേട്ടന്റെ ഔട്ടോ വിളിച്ചു എന്നെയും കൂട്ടി ആശുപത്രിയിലേക്ക് പോന്നു…

ശീലു നെ അവള്ടെ വീടിന്റെ പടിക്കൽ ഇറക്കി വിട്ടു…

ഹോസ്പിറ്റലിന്റെ പടികൾ വേച്ചു വെച്ചു ഞാൻ കയറി…

ഡോക്ടർ വന്നു ചെക്ക് അപ്പ്‌ ഒക്കെ നടത്തി…

“നല്ല പനി ഉണ്ട്.. സൊ ഇന്നിവിടെ കിടക്കട്ടെ.. ഇൻജെക്ഷൻ സ്റ്റാർട്ട്‌ ചെയ്യാം… പിന്നെ ഒന്ന് ട്രിപ്പ്‌ ഇടം.. കുട്ടി ഒരുപാട് ട്ടയേഡ്‌ ആണ്…. ”

“ഉം.. ”

“ചിലപ്പോൾ മരുന്നിന്റെ ഡോസിൽ ഒന്ന് മയങ്ങും … പേടിക്കണ്ട ട്ടൊ… ബ്ലഡ്‌ ടെസ്റ്റ്‌ നും യൂറിൻ ടെസ്റ്റ്‌ നും എഴുതിയിട്ടുണ്ട്… ”

“ഉം… ”

എല്ലാം അമ്മ മൂളികേട്ടു… പാവം അമ്മേടെ കയ്യിൽ പൈസ കാണില്ല… പക്ഷെ ശരീരം നുറുങ്ങുന്ന വേദനയിൽ എഴുന്നേറ്റു പോകാൻ എനിക്കും വയ്യായിരുന്നു…

നേഴ്സുമാർ വന്നെന്നെ വാർഡിലേക്ക് കിടത്തി…

അമ്മ ഡോക്ടർ കുറിച്ച മരുന്നുകൾ വാങ്ങാൻ നടന്നു പോകുമ്പോൾ എതിരെ അമ്മക്ക് നേരെ വന്ന ആളെ കണ്ടു ഞാൻ ഞെട്ടി…

അയാൾ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…

പാതി മയക്കം വീണ മിഴികൾക്കിടയിലൂടെ ഞാൻ അയാളെ വീണ്ടും കണ്ടു…

ഗൗതം…. !!!!

തുടരും….

(നിങ്ങളുടെ ഒക്കെ കാത്തിരിപ്പ് കണ്ടില്ല എന്ന് വക്കാൻ വയ്യ.. അതുകൊണ്ട് നമ്മുടെ ഒരുപാട് നായികമാരിൽ ഒരാളെ കൂടി ചേർക്കുന്നു… ഇതുവരെ തന്ന സപ്പോർട്ട് നു ഒരുപാട് നന്ദി… ഇനിയും കട്ടക്ക് കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…

എന്ന്…
നിങ്ങളുടെ സ്വന്തം
ജ്വാല… 😍😍😍😍)