രചന – ഗംഗ ശലഭം
രാത്രി അത്താഴത്തിന് ഒരാൾ കൂടി ഉണ്ടാവുമെന്ന് ശങ്കരൻ പറഞ്ഞു. ആരായിരിക്കുമെന്ന് കൃഷ്ണയ്ക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ… ” പുറത്തൊക്കെ പഠിച്ചു വളർന്ന കുട്ടിയാ…. ഇവിടുത്തെ ഭക്ഷണം ഒക്കെ ഇഷ്ടപ്പെടുമോ എന്തോ? ” ശങ്കരൻ പറഞ്ഞത് കേട്ടതും എന്തിനെന്നറിയാതൊരു വെപ്രാളം കൃഷ്ണയെ പിടികൂടി. എന്തുണ്ടാക്കും എന്നറിയാത്തൊരവസ്ഥ. എന്തുണ്ടാക്കിയാലാണ് അവന് ഇഷ്ടപ്പെടുക എന്നൊരു ചിന്ത മാത്രം മുന്നിട്ട് നിന്നു. എന്തിനാണ് താൻ ഇങ്ങനെ കുറച്ചു മുൻപ് മാത്രം കണ്ട ഒരാളുടെ ഇഷ്ടങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നതെന്ന് അവൾക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല. ഇത് വരെ ആരിലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത എന്തോ ഒരു പ്രത്യേക അവനിലുണ്ട്. ആ കണ്ണുകൾ ഒരിക്കൽ കൂടി കാണാൻ ഉള്ളു തുടിക്കുന്നുണ്ട്. അവനിലേക്ക് മാത്രമായി ചിന്തകൾ ചുരുങ്ങിപോകുന്നുണ്ട്. ഒരു നോട്ടം കൊണ്ട് അവൻ തന്റെ ഹൃദയത്തെ കുരുക്കിലാക്കിക്കളഞ്ഞു എന്ന് തിരിച്ചറിയുകയായിരുന്നു അവൾ. അവനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ സുഖമുള്ള ഒരസ്വസ്ഥത തന്നെ പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
സായിക്ക് രാത്രിയിൽ ചോറും കറികളും ഇഷ്ടമല്ല എന്ന് ശങ്കരൻ പറഞ്ഞതനുസരിച്ച് എന്തൊക്കെയോ പലഹാരങ്ങൾ ഉണ്ടാക്കി വച്ചു കൃഷ്ണ. എന്നിട്ടും തൃപ്തി ആകാത്തത് പോലെ ഉണ്ടാക്കിയതൊക്കെ അവൾ പലവട്ടം രുചിച്ചു നോക്കി. എന്നിട്ടും എന്തൊക്കെയോ കുറവുള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു. ശങ്കരനാണ് അത്താഴത്തിനായി സായിയെ കൂട്ടി വന്നത്. സായിയെ വിളിക്കാൻ മുകളിലേക്ക് ചെല്ലുമ്പോൾ അവൻ മുറിയൊക്കെ അടുക്കി ഒതുക്കി വയ്ക്കുകയായിരുന്നു. അവൻ ഓരോ സാധനങ്ങളും ഭംഗിയായി ഒതുക്കി വച്ചിരിക്കുന്നത് കണ്ട് ശങ്കരന് തന്നെ അത്ഭുതം തോന്നി. ” താഴേക്ക് വന്നോളൂ സായ്… നേരം ഒരുപാടായില്ലേ? ഭക്ഷണം കഴിക്കാം. ” വാതിൽക്കൽ നിന്ന് ശങ്കരൻ പറഞ്ഞത് കേട്ടതും സായ് തിരിഞ്ഞു നോക്കി. ” സാരമില്ല അങ്കിൾ.. എന്റെ കയ്യിൽ ബ്രെഡും ബട്ടറും ടോസ്റ്റ് ചെയ്യാനായിട്ട് ടോസ്സ്റ്ററും ഉണ്ട്. പിന്നെ കുറച്ചു ഫ്രൂട്സും. ഇന്നും നാളെ രാവിലെയും അതുവച്ച് അഡ്ജസ്റ്റ് ചെയ്യാം.
പിന്നെ അത്യാവശ്യം കുക്കിംഗ് ഒക്കെ എനിക്കറിയാം. ഒരു ഗ്യാസ് സ്റ്റോവ്വോ ഇൻഡക്ഷൻ കുക്കറോ സംഘടിപ്പിക്കാൻ അങ്കിൾ എന്നെ ഹെല്പ് ചെയ്‌താൽ ഉപകാരമായി. അടുപ്പ് കത്തിക്കാൻ അറിയില്ല എന്നെ ഉള്ളൂ…” ശങ്കരന്റെ അത്താഴത്തിനുള്ള ക്ഷണം സ്നേഹത്തോടെ നിരസിച്ചു കൊണ്ട് സായി പറഞ്ഞു. “അത് വേണ്ട…. സായി ഞങ്ങടെ അതിഥിയാണ്. സായീടെ കാര്യങ്ങളൊക്കെ നോക്കാൻ സാർ എന്നെയാണ് ഏൽപ്പിച്ചത്. ഒരു കുറവും വരരുത് എന്ന് പ്രത്യേകം പറഞ്ഞതാണ്. കൃഷ്ണ എന്തായാലും ഞങ്ങൾ രണ്ടാൾക്ക് ഭക്ഷണം ഉണ്ടാക്കുന്നുണ്ട്. കുറച്ചു ദിവസത്തേക്ക് ഒരാൾക്ക് കൂടി ഫുഡ് ഉണ്ടാക്കാൻ അൾക്ക് ഒട്ടും ബുദ്ധിമുട്ട് ഉണ്ടാവില്ല കുഞ്ഞേ…. ഇനി മോന് താഴേക്ക് വരാൻ വിഷമമാണെങ്കിൽ ഞാൻ ആഹാരം ഇങ്ങോട്ട് കൊണ്ട് വന്ന് തരാം.” അങ്ങനെ പറഞ്ഞു ശങ്കരൻ നിർബന്ധിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ സായിക്കും കഴിഞ്ഞില്ല.
ആഹാരം കഴിച്ചു കഴിയുവോളം സായിയും ശങ്കരനും തമ്മിൽ എന്തൊക്കെയോ സംസാരിച്ചിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും പ്രായത്തിൽ കവിഞ്ഞൊരു പക്വത അവനുള്ളതായി കൃഷ്ണയ്ക്ക് തോന്നി. ഇടയ്ക്ക് അവനിൽ നിന്നും കൃഷ്ണയെ തേടിയെത്തിയ ഒന്നോ രണ്ടോ നോട്ടങ്ങളിൽ പോലും അവളുടെ മനസ്സൊരു പൂങ്കാവനമായി. അതിൽ ഒരായിരം പ്രണയപ്പൂക്കൾ വിടർന്ന് സുഗന്ധം പരത്തി. അതിന്റെ മാസ്മരികതയിൽ അവൾ പലപ്പോഴും സായിയുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കുന്ന ശങ്കരനെ മറന്നു. തന്നെത്തന്നെയും…..! അവളുടെ കണ്ണുകൾ അവനിൽ മാത്രമായി ചുരുങ്ങി. “ഫുഡ് നന്നായിട്ടുണ്ട് ട്ടോ… ടേസ്റ്റി…!” ആഹാരം കഴിച്ച് കഴിഞ്ഞു കൈ കഴുകാൻ പോകും മുന്നേ ശങ്കരൻ കേൾക്കാതെ സായി അവളോടായി പറഞ്ഞു…. ഒപ്പം കൈ കൊണ്ട് നന്നായിട്ടുണ്ട് എന്നാംഗ്യവും കാട്ടി. കൃഷ്ണയ്ക്ക് ഹൃദയം നിറഞ്ഞു. അവളുടെ ചുണ്ടിൽ അവളെക്കാൾ സുന്ദരമായൊരു പുഞ്ചിരി പൂത്തു വിടർന്നു.
കവിളിണകളെ നാണം ചുവപ്പിച്ചു. അവൾ തല കുനിച്ചു കളഞ്ഞു. താൻ ഇത്രയേറെ സന്തോഷിക്കാൻ മാത്രം അവൻ എന്താണ് പറഞ്ഞതെന്ന് അവൾക്ക് മനസിലായില്ല. താൻ ഉണ്ടാക്കുന്ന ആഹാരം നല്ലതാണെന്ന് ശങ്കരനും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും താൻ ഇത്രയേറെ സന്തോഷിച്ചിട്ടില്ല. അവന്റെ ഒരു നോട്ടത്തിൽ ഒരു ചിരിയിൽ ഹൃദയത്തിൽ നിന്നും എന്തോ നിറഞ്ഞു കവിഞ്ഞു പുറത്തേക്ക് ഒഴുകി പരക്കും പോലെ അവൾക്ക് തോന്നി…. കൃഷ്ണയ്ക്ക് അത്തരം ഒരനുഭൂതി ആദ്യമായിരുന്നു. ഇതാണോ പ്രണയം? ഇത്ര പെട്ടെന്ന് ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുമോ? അവൾക്ക് മനസ്സിലായില്ല. ഒറ്റ നോട്ടത്തിൽ കൃഷ്ണയുടെ ഹൃദയം കവർന്നത് പോലെ, അന്ന് രാത്രി കൃഷ്ണയുടെ സ്വപ്നത്തേയും ആ നക്ഷത്രക്കണ്ണുകൾ സ്വന്തമാക്കിക്കളഞ്ഞു….!
പിന്നീടുള്ള ദിവസങ്ങളിലും പലവട്ടം അവർ പരസ്പരം കണ്ടു. അപ്പോഴൊക്കെയും സായി സ്വാഭാവികതയോടെ അവളോട് സംസാരിച്ചു. സംസാരിക്കാൻ പ്രയാസം തോന്നിയത് കൃഷ്ണയ്ക്ക് മാത്രമാണ്. കാണണമെന്നും സംസാരിക്കണമെന്നും അതിയായി അവൾക്ക് ആഗ്രഹം തോന്നാറുണ്ട്. പക്ഷെ നേരിൽ കാണുമ്പോൾ മുഖത്ത് നോക്കാനോ സംസാരിക്കാനോ കഴിയാത്ത വിധം ശരീരത്തിൽ ഒരു വിറയൽ ബാധിക്കും. ശബ്ദം നഷ്ടപ്പെട്ടു പോകും. എങ്കിലും അവൻ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുമ്പോഴൊക്കെ അവൾ അവനെ നോക്കി നിൽക്കും. അതിനിടയിൽ ഇന്ത്രപ്രസ്ഥത്തിലെ എല്ലാവർക്കും അസുഖം ഭേദമായി. എങ്കിലും സായിക്ക് അവിടേക്ക് മടങ്ങി പോകാൻ കഴിഞ്ഞില്ല. മാധവൻ തമ്പിയുടെ ഇളയ മകൾ സുഭദ്രയ്ക്ക് പെട്ടെന്ന് ഒരു കല്യാണം ഒത്തു വന്നു. ജാതക പ്രശ്നം കാരണം പല കല്യാണ ആലോചനങ്ങളും മുൻപേ മുടങ്ങി പോയിരുന്നു.
അതുകൊണ്ടുതന്നെ ഇപ്പോൾ വന്ന ആലോചന എത്രയും പെട്ടെന്ന് നടത്താൻ തന്നെ തമ്പി തീരുമാനിച്ചു. അതിനു മുന്നോടിയായി വീട് പുതുക്കി പണിയാൻ ആലോചനയായി. തമ്പിയും വീട്ടുകാരും കുറച്ചു ദൂരെയുള്ള അവരുടെ തന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. സായിയെയും അങ്ങോട്ടേക്ക് ക്ഷണിച്ചെങ്കിലും അവൻ ശങ്കരന്റെ വീട്ടിൽ തന്നെ തുടരാനാണ് താല്പര്യം പ്രകടിപ്പിച്ചത്. ആ വീടിന്റെ ശാന്തതയും നിശബ്ദതയും അവനെ വല്ലാതെ ആകർഷിച്ചിരുന്നു. അവന്റെ ആ തീരുമാനം ഏറെ സന്തോഷിപ്പിച്ചത് കൃഷ്ണയെ തന്നെയാണ്. അവളുടെ ഉള്ളം മിട്ടായി കണ്ട കുഞ്ഞിനെപ്പോലെ സന്തോഷത്തിൽ തുടികൊട്ടി. വീട്ടിൽ ഉള്ളപ്പോൾ അധിക സമയവും സായി തന്റെ മുറിയിൽ തന്നെ ആയിരിക്കും. എഴുത്തും ചിത്രംവരയും അവന്റെ പ്രധാന ഹോബികളാണ്.
അവൻ അതിൽ ഏതിലെങ്കിലും സ്വയം മറന്ന് മുഴുകി ഇരിക്കും. മുകളിലെ മുറിയിൽ, തടി കൊണ്ടുള്ള ജനൽ പാളികൾ തുറന്നിട്ട് വിദൂരതയിലേക്ക് നോക്കി ജനലോരം എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന സായിയെ കാണാനായി മാത്രം കൃഷ്ണ പലപ്പോഴും തൊടിയിലേക്ക് ഇറങ്ങി നിൽക്കും. അപ്പോഴൊക്കെയും അവൻ മറ്റേതോ ലോകത്തിൽ ആണെന്ന് കൃഷ്ണയ്ക്ക് തോന്നും. ഒരിക്കലെങ്കിലും അവൻ തന്നെ ഒന്ന് നോക്കിയിരുന്നെകിൽ എന്ന് അവൾ ആശിക്കും. അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം വിരിഞ്ഞിരുന്നെകിൽ എന്നവൾ കൊതിക്കും. അപ്പോഴൊന്നും അവൾ ആഗ്രഹിച്ചത് പോലെ പ്രണയം നിറഞ്ഞ നോട്ടങ്ങൾ സായിയിൽ നിന്നും കൃഷ്ണയെ തേടി എത്തിയില്ല. എന്നാൽ അപ്പോഴൊക്കെയും ഒരു മതിൽക്കെട്ടിനപ്പുറം അവളെ മാത്രം പ്രണയത്തോടെ നോക്കി നിന്നിരുന്ന ഒരാളെ അവൾ കണ്ടതുമില്ല….! ( തുടരും….) ഇതൊരു ക്ളീഷേ കഥ തന്നെ ആണ് കേട്ടോ… കൂടുതൽ ഒന്നും പ്രതീക്ഷിച്ചു വായിക്കരുതേ….. ❤️

by