26/05/2026

പ്രണയിനി : ഭാഗം 04

രചന – ഗംഗ ശലഭം

കല്യാണിക്ക്, ഓർഗാനിക് കെമിസ്ട്രിയിലെ ‘ആൽഫ സബ്സ്ടിട്യൂഷൻ റിയാക്ഷൻ’ വിശദീകരിച്ചു കൊടുക്കുകയായിരുന്നു അരവിന്ദൻ. കല്യാണി പക്ഷെ അരവിന്ദൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നു കൂടി ഉണ്ടായിരുന്നില്ല. അവളുടെ ശ്രദ്ധ മുഴുവൻ അവനിലായിരുന്നു.

കല്യാണി അരവിന്ദന്റെ മുഖത്തേക്ക് തന്നെ ഇമ ചിമ്മാതെ നോക്കിയിരുന്നു. അതിയായ ഇഷ്ടത്തോടെ….

പഠിപ്പിക്കുമ്പോൾ മാറിമറിയുന്ന അവന്റെ മുഖഭാവങ്ങളിലേക്ക്….
അവന്റെ സംസാരത്തിനൊപ്പം പൊങ്ങിയും താണും സംസാരിക്കുന്ന കട്ടിയുള്ള കൂട്ട് പുരികങ്ങളിലേക്ക്….
ഇടക്ക് തെളിയുകയും മറയുകയും ചെയ്യുന്ന ഇടത് കവിളിലെ നുണക്കുഴിയിലേക്ക്…
അക്ഷരങ്ങളിലൂടെ ചലിക്കുന്ന അവന്റെ വെള്ളിക്കണ്ണുകളിലേക്ക്….
നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചെമ്പൻ മുടിയിഴകളിലേക്ക്……
എന്തിന്, അവന്റെ നീണ്ട നാസികത്തുമ്പിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പ് കണങ്ങളോട് പോലും അവൾക്ക് വല്ലാത്ത പ്രണയം തോന്നി…..

അവൾ അവനെ അങ്ങനെയേ നോക്കിയിരുന്നു……
നോക്കിയിരിക്കും തോറും അവൾക്ക് അവനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു.

കല്യാണി താൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ല എന്നും, തന്നെയാണ് അവൾ നോക്കുന്നതെന്നും അരവിന്ദനും മനസിലായിരുന്നു. അവൻ ഒരല്പം ദേഷ്യത്തിൽ പുസ്തകം മടക്കി വച്ചു.

“നിനക്ക് ശരിക്കും സംശയം ഉണ്ടായിട്ടാണോ, അതോ….?”

അരവിന്ദൻ നീരസത്തോടെ കല്യാണിയോട് ചോദിച്ചു.

“അതോ….? ബാക്കി പറയാത്തതെന്താ അരവിന്ദേട്ടാ…?”

അവൾ കുസൃതിയോടെ ചിരിച്ചു.

തടിക്ക് കൈ കൊടുത്ത് അപ്പോഴും തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന കല്യാണിയെ കണ്ടപ്പോൾ അരവിന്ദൻ വല്ലാതെ അസ്വസ്ഥനായി.

“എന്താ നിന്റെ ഉദ്ദേശം?”

അവൻ കൈ കെട്ടി കസേരയിലേക്ക് ചാരിയിരുന്ന് കല്യാണിയെ നോക്കി.

” അരവിന്ദേട്ടൻ എന്നെ സ്നേഹിക്കണം…
ഞാൻ അരവിന്ദേട്ടനെ സ്നേഹിക്കുന്ന പോലെ….
ഒരുപാട്…..ഒരുപാട്…. ഒരുപാട്….. ”

കല്യാണിയുടെ സ്വരം വല്ലാതെ ആർദ്രമായി.

അവൾ അങ്ങനെ തുറന്ന് പറയുമെന്ന് അരവിന്ദനും കരുതിയില്ല.

“നടക്കില്ല….!”

കേട്ട ഉടനെയുള്ള പകപ്പ് മാറിയപ്പോൾ അരവിന്ദൻ നിഷേധത്തിൽ തല വെട്ടിച്ചു.

“എന്ത് കൊണ്ട്?”

“ഞാനും നീയും തമ്മിൽ പത്ത് വയസ്സിന്റെ വെത്യാസമുണ്ട് കല്ലു….”

“എന്റെ അച്ഛനും അമ്മയും തമ്മിൽ പതിനാല് വയസ്സിന്റെ വെത്യാസം ഉണ്ട് അരവിന്ദേട്ടാ…. അവർക്കിപ്പോഴും പരസ്പരം എന്തിഷ്ട്ടമാണെന്നോ?
പ്രായകൂടുതലോ കുറവോ പരസ്പരം പ്രണയിക്കാനുള്ള തടസ്സമാണെന്ന് എനിക്ക് തോന്നുന്നില്ല….”

കല്യാണിക്ക് എന്ത് മറുപടി കൊടുക്കണമെന്നറിയാതെ അരവിന്ദൻ ഇരിക്കവേ അവൾ തുടർന്നു.

” അരവിന്ദേട്ടന്റെ പ്രശ്നം എന്റെ പ്രായമല്ല എന്നെനിക്ക് നന്നായിട്ടറിയാം.”

കല്യാണി എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകാതെ അരവിന്ദൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.

“കൃഷ്ണേച്ചിയല്ലേ അരവിന്ദേട്ടന്റെ പ്രശ്നം?”

ഇവൾക്ക് ഇതെങ്ങനെ അറിയാം?
അരവിന്ദൻ ആദ്യം ഒന്നമ്പരന്നു.

” അപ്പൊ നിനക്കതറിയാം. പിന്നെയും എന്തിനാ കല്ലു നീ ഇങ്ങനെ?”

ദേഷ്യത്തെക്കാൾ ഏറെ സങ്കടമോ നിസ്സഹായതയോ ആയിരുന്നു ഇത്തവണ അവന്റെ ചോദ്യത്തിൽ…

” അരവിന്ദേട്ടന് കൃഷ്ണച്ചിയെ ഇഷ്ടമാണ്. പക്ഷെ കൃഷ്ണച്ചിക്ക് തിരികെ ആ ഇഷ്ടം ഇല്ലല്ലോ? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ഞാൻ പിന്മാറിയേനെ….
പിന്നെ അരവിന്തേട്ടൻ ഇന്ന് കൃഷ്ണച്ചിയോട് പറഞ്ഞത് ഞാൻ കേട്ടു. ഞാൻ അവിടെ ഉണ്ടായിരുന്നു. പീടികേടെ പിറകില് … ആ മരത്തിനടുത്ത് ….. നിങ്ങൾ രണ്ടും എന്നെ കണ്ടില്ലെന്നേ ഉള്ളൂ…”

അവൾ മടിച്ചു മടിച്ചു പറഞ്ഞതും അരവിന്ദൻ അവളെ കൂർപ്പിച്ചു നോക്കി. തെറ്റ് ചെയ്ത കുട്ടിയെപ്പോലെ ഒരു നിമിഷം അവൾ തല കുനിച്ചിരുന്നു.

” അരവിന്ദേട്ടൻ പറഞ്ഞില്ലേ, കൃഷ്ണച്ചിയുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്ന് വരുന്നത് വരെ ചേച്ചിയെ സ്നേഹിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെന്ന്… അത് പോലെ കൃഷ്ണച്ചി നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് വരെ അരവിന്ദേട്ടനെ സ്നേഹിക്കാൻ എനിക്കും അവകാശം ഉണ്ടല്ലോ?”

അൽപ സമയത്തിന് ശേഷം തലയുയർത്തി മുഖത്തേക്ക് നോക്കി കല്യാണി ചോദിച്ചപ്പോഴും അരവിന്ദൻ നിസ്സഹായനായി. അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് അവന് അറിയുമായിരുന്നില്ല.

” അരവിന്ദേട്ടൻ പേടിക്കണ്ട. ഞാൻ നിങ്ങളെ പിറകെ നടന്നു ശല്യം ചെയ്യുകയൊന്നും ഇല്ല. പക്ഷെ ഒന്നുണ്ട്. കൃഷ്ണച്ചിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും അരവിന്ദേട്ടന് കൃഷ്ണച്ചിയെ സ്നേഹിക്കാമെങ്കിൽ, എനിക്ക് അരവിന്ദേട്ടനേയും സ്നേഹിക്കാം. അത് തടയാൻ നിങ്ങൾക്കും പറ്റില്ല.”

അരവിന്ദൻ അസ്വസ്ഥതയോടെ നെറ്റി തടവി.

” നമുക്ക് പഠിക്കാം അരവിന്ദേട്ടാ….
ഇനി ഞാൻ നോക്കി ഇരിക്കില്ല. സംശയം ഉണ്ടായിട്ട് തന്നെയാ ചോദിച്ചത്. വെറുതെയല്ല…..”

അവന്റെ അവസ്ഥ മനസ്സിലാക്കി കല്യാണി പെട്ടെന്ന് പറഞ്ഞു.

അവളുടെ മുഖത്ത് അത് വരെ ഉണ്ടായിരുന്ന കുസൃതി മാഞ്ഞ് ഗൗരവം നിറഞ്ഞതും അരവിന്ദൻ അടച്ച് വച്ചിരുന്ന പുസ്തകം തുറന്ന് വച്ചു. അവനവളെ നോക്കിയതേയില്ല… ഇത്തവണ അവൾ അവനെയും…..!

***********

കുമാരൻ പൊട്ടിച്ചിട്ട കണ്ണിമാങ്ങകൾ ഓരോന്നായി പെറുക്കി സഞ്ചിയിലാക്കുകയാണ് കൃഷ്ണ. രാജലക്ഷ്മിയും അവൾക്കൊപ്പം ഉണ്ട്.

രാവിലെ കുമാരൻ മാങ്ങ പൊട്ടിക്കാൻ വന്നത് കൊണ്ട് ഉണ്ണിമോളെ കവല വരെ കൊണ്ട് പോയി സ്കൂൾ ബസ് കയറ്റി വിട്ടത് സൂരജ് ആണ്. സൂരജിനോട് പറയാൻ മടി ഉള്ളതുകൊണ്ട് കൃഷ്ണ തന്നെ കൊണ്ടു വിടാം എന്ന് പറഞ്ഞെങ്കിലും രാജലക്ഷ്മി സമ്മതിച്ചില്ല. അവര് പറഞ്ഞപ്പോൾ സൂരജ് മറുത്തൊന്നും പറയാതെ കുഞ്ഞിനെ കൊണ്ടു വിടുകയും ചെയ്തു.

ഉണ്ണിമോൾ പോയ ശേഷമാണ് കൃഷ്ണ മാവിന് ചുവട്ടിലേക്ക് വന്നത്. സമയം ഒൻപത് മണി ആകുന്നതേയുള്ളൂ. വെയിൽ ആയിട്ടില്ല. എന്നിട്ടും, കുറച്ചു മാങ്ങ പെറുക്കി കഴിഞ്ഞപ്പോഴേ അവൾ ക്ഷീണിച്ചു പോയിരുന്നു… മാവിന് ചുവട്ടിലായി കിടന്ന കല്ലിനു മുകളിലേക്ക് ഇരുന്ന് സഞ്ചി അടുത്തായി വച്ച് നിലത്ത് കിടന്ന മാങ്ങകൾ അവൾ അതിനുള്ളിലേക്ക് പെറുക്കി ഇടാൻ തുടങ്ങി.

” ഇത്രയും പോരേ ചേച്ചി…? ബാക്കി നിന്ന് പഴുക്കട്ടെ….”

അപ്പോഴേക്കും കുമാരൻ മാവിന് മുകളിൽ ഇരുന്നു വിളിച്ചു ചോദിച്ചു.

” ഇത്രയും മതിയാവും അല്ലേ കൃഷ്ണേ….? ”
രാജലക്ഷ്മി കൃഷ്ണയെ നോക്കി.

കൃഷ്ണയുടെ കയ്യിലെ സഞ്ചി നിറയാറായിരുന്നു.

“മതി ലക്ഷ്മിയമ്മേ…”

അവൾ സഞ്ചിക്കുള്ളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“എന്നാപ്പിന്നെ ഇറങ്ങിയേക്ക് കുമാരാ…
മതി…!”

രാജലക്ഷ്മി മാവിനു മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.

കുമാരൻ വേഗത്തിൽ ഓരോ തടികളിലായി കാൽ വച്ച് ഒരു അഭ്യാസിയെപ്പോലെ താഴേക്ക് ഊർന്ന് ഇറങ്ങി നിലത്തേക്ക് ചാടിയത് കൃഷ്ണ ആശ്ചര്യത്തോടെ നോക്കി ഇരുന്നു. താൻ ഇപ്പോഴേ വല്ലാതെ ക്ഷീണിച്ചു. എന്നാൽ ഇത്രയും നേരം ജോലി ചെയ്തതിന്റെ ക്ഷീണം ഒന്നും അയാളിൽ കണ്ടതേയില്ല… അൻപതിലധികം പ്രായമുണ്ട് കുമാരന്. അദ്ധ്വാനിയാണ് ആള്. അതുകൊണ്ടുതന്നെ ആരോഗ്യവാനും….

“എന്തിനാ കുമാരാ നീ നേരം വെളുക്കും മുമ്പേ വന്നത്? രാവിലത്തെ തത്രപ്പാടൊക്കെ കഴിഞ്ഞിട്ട് ഈ കൊച്ചൊന്ന് നടു നിവർത്തിയിട്ടില്ല. അപ്പോഴേക്കും നീ വന്ന് അടുത്ത ജോലി കൊടുത്തു. ചെയ്യണ്ട ഞാൻ ചെയ്യാം എന്ന് പറഞ്ഞാലൊട്ട് കേൾക്കേം ഇല്ല. ”

രാജലക്ഷ്മി നീരസത്തോടെ കുമാരനോട് പറഞ്ഞു.

” വെയിൽ ആയാൽ പാടാ ചേച്ചി… അതല്ലേ അതിന് മുന്നേ വന്നത്. ”

കൈലിക്ക് മുകളിലായി ഉടുത്തിരുന്ന തോർത്തഴിച്ച് ദേഹത്തെയും തലയിലെയും വിയർപ്പ് തുടച്ച്, തോർത്ത് തോളിലേക്ക് തന്നെ ഇട്ടു കൊണ്ട് കുമാരൻ കൃഷ്ണയെ നോക്കി.

” ഇച്ചിരി വെള്ളം വേണമല്ലോ മോളെ… ”

” ഞാൻ എടുത്ത് തരാം. ”

കൃഷ്ണ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

” എന്നാപ്പിന്നെ സൂരജിന് ബ്രേക്ക് ഫാസ്റ്റ് കൂടി എടുത്തു കൊടുത്തിട്ട് വാ…. അവന് പോകാൻ നേരമായിട്ടുണ്ടാവും…. ”

വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ കൃഷ്ണ രാജലക്ഷ്മി പറഞ്ഞത് കേട്ടതും പെട്ടെന്ന് നിന്നു.

തുടരും