20/04/2026

എന്തിനാ അമ്മേ നേരത്തെ എണീറ്റ് ഇതൊക്കെ ചെയ്യുന്നേ.. ഇന്ന് അമ്മയ്ക്ക് പണി ഉള്ളതല്ലേ.. ഇന്നലെ തന്നെ ഞാൻ പറഞ്ഞതല്ലേ, ഞാൻ ചെയ്തോളാമെന്ന്.. “

രചന – ശിവന്റെ മാത്രം സതി

മ്മായിയമ്മയും മരുമകളും ” എന്തിനാ അമ്മേ നേരത്തെ എണീറ്റ് ഇതൊക്കെ ചെയ്യുന്നേ.. ഇന്ന് അമ്മയ്ക്ക് പണി ഉള്ളതല്ലേ.. ഇന്നലെ തന്നെ ഞാൻ പറഞ്ഞതല്ലേ, ഞാൻ ചെയ്തോളാമെന്ന്.. ” രാവിലെ എണീറ്റ് മുടിയും വാരിചുറ്റി ബാത്‌റൂമിൽ പോകാനായി എഴുന്നേറ്റപ്പോ ആണ് അമ്മ അടുക്കളയിൽ കഞ്ഞി വാർക്കുന്നത് കണ്ടത്.. ” അതിനു ഇപ്പൊ ന്താ കൊച്ചേ, ആരായാലും കഴിക്കാൻ ഉണ്ടാക്കിയാൽ പോരെ.. ഞാൻ അതിനു ചോറും ദാ ഈ ഉപ്പേരിയും മാത്രമേ വെച്ചിട്ടുള്ളൂ.. കറി നീ ഉണ്ടാക്കിക്കോ.. ” ഉപ്പേരിയിലേക്കും ചോറിലേക്കും കൈ ചൂണ്ടി കൊണ്ട് അമ്മ പറഞ്ഞു… ” ഹോ… ഈ അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല… ” എളിക്കും കയ്യും കൊടുത്തു അമ്മയോട് പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ പോയി.. തിരിച്ചു ഇറങ്ങും നേരം അമ്മ പണിക്ക് പോവാനായി റെഡിയായി നിപ്പുണ്ടായിരുന്നു..

” കൊച്ചേ, ഞാൻ ചോറ് കുറച്ചേ വെച്ചിട്ടുള്ളൂ.. നിങ്ങൾ ഇവിടെ ഉണ്ടെങ്കിൽ കഴിക്കൽ എല്ലാം കണക്കായിരിക്കുമല്ലോ… വെറുതെ ചീത്തയാക്കേണ്ടന്ന് കരുതിയ കുറച്ചു വെച്ചേ.. വൈകുന്നേരത്തേക്ക് തികയില്ലെങ്കി ഞാൻ വന്നിട്ട് വെച്ചോളാം.. വെറുതെ നടുവേദനയും കൊണ്ട് നീ വെക്കാൻ നിക്കണ്ട.. ” അമ്മ അങ്ങനെ പറഞ്ഞതും ഞാൻ കട്ടിലിൽ കിടക്കുന്ന കിച്ചേട്ടനെ ഒന്ന് കൂർപ്പിച്ചു നോക്കി.. അമ്മ പറഞ്ഞതും കാര്യം ആണ്.. ഞാൻ ലീവിന് വന്നു കഴിഞ്ഞാൽ വീട്ടിൽ ചോറ് വെച്ചിട്ടുണ്ടെങ്കിലും ഏട്ടന് പുറത്തു നിന്നും എന്തെങ്കിലും വാങ്ങി കഴിക്കണം.. കൂടെ ” നീയുള്ളപ്പോ അല്ലെ ഞാൻ ഇങ്ങനെ കഴിക്കുന്നത് ” എന്നുള്ള പറച്ചിലും.. അപ്പൊ പിന്നെ വീട്ടിൽ ഉണ്ടാക്കിയ ചോറ് വേസ്റ്റ്.. അമ്മ ” പോവാന്ന് ” പറഞ്ഞു റോഡിലേക്ക് നടന്നു…

ഇന്നും കൂടിയേ എനിക്ക് ലീവ് ഉള്ളൂ.. കാര്യം ഇവിടുന്ന് രണ്ടു മണിക്കൂറെ ജോലി സ്ഥലത്തേക്ക് ഉള്ളൂ… പക്ഷെ ബസിൽ എപ്പോഴും യാത്ര ചെയുന്ന നേരം തലവേദന വരുന്നു.. അത് സഹിക്കാൻ പറ്റാത്തത് കൊണ്ട് ജോലി സ്ഥലത്തു തന്നെ സ്റ്റേ ആക്കി.. ഇടയ്ക്ക് ലീവിന് ഇങ്ങു വന്നു പോകും.. ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു കറിക്കുള്ളതെല്ലാം റെഡിയാക്കി കറി വെച്ചു.. പിന്നെ കിച്ചേട്ടനെ വിളിച്ചെണീപ്പിച്ചു ഫ്രഷ് ആക്കി രാവിലത്തെ ഭക്ഷണം കൊടുത്തു.. പിന്നെ ഓരോ കാര്യങ്ങളുമായി പോയി.. വൈകുന്നേരം 5 മണി ആയപ്പോ പണിയും കഴിഞ്ഞു അമ്മ വന്നു.. അലക്കലും കുളിയുമെല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും അമ്മയുക്കുള്ള കാപ്പിയും റെഡിയാക്കി കൊടുത്തു.. ” അമ്മേ, ലീവ് തീർന്നു… ഞാൻ നാളെ പോവുട്ടോ… ” ” മ്മ്… ” ഒരു മൂളലിൽ അമ്മ മറുപടി ഒതുക്കി..

പിറ്റേന്ന് രാവിലെ 8.30 യുടെ ബസിനു തന്നെ ഞാൻ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു.. വൈകുന്നേരം പതിവ് പോലെ ഏട്ടനോട് ചാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോൾ ഏട്ടൻ പറഞ്ഞു.. ” ദേവൂ , ഇവിടെ അമ്മയ്ക്ക് നിന്നെ ഒരുപാടു മിസ്സ്‌ ചെയ്യുന്നുണ്ട്.. അമ്മ പറയുന്നുണ്ടായിരുന്നു, ഇത്രയും ദിവസം നീ ഉണ്ടായിരുന്നത് കൊണ്ട് ഒരു ഉത്സാഹം ഉണ്ടായിരുന്നു.. ഇന്ന് കൊച്ചു പോയപ്പോ ആകെ എന്തോ പോലെ എന്ന്.. ” അത് കേട്ടപ്പോ എനിക്കും എന്തോ വിഷമം ആയി.. കാര്യം എന്റെ അമ്മായിയമ്മ ആണെങ്കിലും എന്നെ സ്വന്തം മോളെ പോലെ തന്നെ ആണ് അമ്മ നോക്കുന്നത്.. ആ അമ്മയെ പിരിഞ്ഞിരിക്കുന്നത് എനിക്കും വിഷമമുള്ള കാര്യമാണ്.. ” ഏട്ടാ…. ഏട്ടൻ ബത്തേരിയിലേക്ക് വരോ കാറും കൊണ്ട്.. ഞാൻ ഇപ്പൊ തന്നെ ഇവിടുന്ന് ഇറങ്ങാം.. രണ്ടു ദിവസം കൂടി ലീവ് എടുത്തിട്ട് ഞാൻ വീട്ടിൽ നിന്നും പോയി വന്നോളാം.. ” ” അപ്പൊ നിനക്ക് തലവേദന എടുക്കില്ലേ..? ” ” അത് കുഴപ്പമില്ല.. അത് ഞാൻ അങ്ങ് സഹിച്ചു… നിങ്ങള് ബത്തേരി വാ മനുഷ്യ… ”

” അതേടി കൊരങ്ങത്തി… നിനക്ക് ഞാൻ വിളിക്കുമ്പോ മാത്രേ ഇങ്ങോട്ട് വരാൻ ലീവ് ഇല്ലാത്തത് ഉള്ളൂ… ഇപ്പൊ അമ്മ അങ്ങനെ പറഞ്ഞപ്പോ നിനക്ക് ലീവ് എല്ലാം റെഡി ആയല്ലേ… കൊള്ളാടീ… കൊള്ളാം… ” ” Eeeeeeeeeeeeeee” അതിനു ഒരു ഇളി മാത്രം കൊടുത്തു ഫോണും കട്ട്‌ ആക്കി കമ്പനിയിൽ ലീവും പറഞ്ഞു വൈത്തിരിയിൽ നിന്നും ബത്തേരിയിലേക്ക് ഞാൻ ബസ് കയറി… ബത്തേരിയിൽ എത്തിയപ്പോ ഏട്ടന് കാറും കൊണ്ട് അവിടെ ഉണ്ടായിരുന്നു… കാറിൽ കയറി ഏട്ടന് നേരെ ഇളിച്ചു കാട്ടി നേരെ നോക്കി ഇരുന്നു… മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി.. അമ്മ ഉമ്മറത്തു തന്നെ നിപ്പുണ്ടായിരുന്നു… കാറിൽ നിന്ന് ഇറങ്ങിയതും ഞാൻ വിളിച്ചു കൂവി.. ” അമ്മ ഞാൻ വീണ്ടും വന്നു… ” ” ഇങ്ങോട്ട് അല്ലാതെ പിന്നെ നീ എങ്ങോട്ട് പോവാന ” എന്ന മറുപടി കേട്ടതും ഞാൻ പ്ലിങ്ങി… ഇപ്പൊ ഞാൻ ആരായി… ആഹാ.. അതന്നെ ശശി….