25/05/2026

പ്രണയിനി : ഭാഗം 02

രചന – ഗംഗ ശലഭം

കൃഷ്ണ കുഞ്ഞിന്റെ കൈ പിടിച്ചു മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും അരവിന്ദൻ വേഗം നടന്ന് അവർക്കരികിലെത്തി. “ഉണ്ണിമോളേ….” അവൻ അവരുടെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് വിളിച്ചു. ഉണ്ണിമോൾ അവനെ നോക്കി മനോഹരമായി ചിരിച്ചു. പക്ഷെ കൃഷ്ണയുടെ മുഖത്ത് അപ്പോഴും വല്ലാത്ത ഒരു അസഹിഷ്ണുത നിറഞ്ഞു നിന്നു. അത് കണ്ടതും ചിരിച്ചു കൊണ്ട് വന്ന അരവിന്ദന്റെ മുഖം വാടി. “സ്കൂളിന്ന് വരുവാണോ മോള്?” അവൻ കുഞ്ഞിന്റെ അടുത്തേയ്ക്ക് കുനിഞ്ഞു നിന്ന് അവളുടെ തടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. “മ്മ്…” ഉണ്ണിമോൾ പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് മൂളി. “മിട്ടായി വേണോ?” അരവിന്ദൻ പോക്കറ്റിൽ കയ്യിട്ട് പോപ്പിൻസിന്റെ ഒരു ചെറിയ കൂട് മിട്ടായി എടുത്തു കയ്യിൽ പിടിച്ചു. ഉണ്ണിമോൾ തല ഉയർത്തി കൃഷ്ണയെ നോക്കി. അവളൊന്നും മിണ്ടുന്നില്ല എന്ന് കണ്ടതും കുഞ്ഞ് വേണ്ട എന്ന് തല ചലിപ്പിച്ചു. അരവിന്ദൻ നിരാശയോടെ മിട്ടായി പോക്കറ്റിലേക്ക് തന്നെ തിരികെ വച്ചു.

“മോള് വരുന്നോ മാമന്റെ കൂടെ… മാമന്റെ മോളായിട്ട് നോക്കിക്കോളാം…. അവിടെ ഒരമ്മൂമ്മേം അപ്പൂപ്പനും ഉണ്ട്. ” അരവിന്ദൻ ആശയോടെ ചോദിക്കുന്നത് കേട്ടതും കൃഷ്ണ കുഞ്ഞിന്റെ കയ്യിൽ മുറുകെ പിടിച്ചു. “വാ ഉണ്ണീ…. പോവാം.” അവൾ കുഞ്ഞിന്റെ കയ്യിൽ പിടിച്ചു ബലം കുറച്ച് മുന്നോട്ട് വലിച്ചു നടക്കാനൊരുങ്ങി. അരവിന്ദൻ പെട്ടെന്ന് കൃഷ്ണയുടെ കയ്യിൽ പിടിച്ചു നിർത്തി. അവൾ തിരിഞ്ഞ് അവനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കിയതും അബദ്ധം പിണഞ്ഞത് പോലെ അരവിന്ദൻ അവളുടെ കയ്യിലെ പിടി വിട്ടു. ” എന്തിനാ കൃഷ്ണേ ഇനിയും നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്? ഇഷ്ടമായിട്ടല്ലേടി….? ശരിക്കും ഇഷ്ടമായിട്ട്… പൊന്ന് പോലെ നോക്കിക്കോളാം ഞാൻ… ഒരിക്കെ വിട്ട് കളഞ്ഞതാ….. നിനക്കെന്നെ വേണ്ടാന്ന് അറിഞ്ഞിട്ട്…. അന്ന് ഞാൻ ഇത് പോലെ നിന്റെ പിറകെ വരാത്തത് നിനക്ക് വേറൊരാളെ ഇഷ്ടമാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്.

അന്നത്തെ എന്റേം നിന്റെം പ്രായോം അതായിരുന്നല്ലോ? പക്ഷെ ഇപ്പൊ…..” അരവിന്ദൻ ഒന്ന് നിർത്തി കൃഷ്ണയുടെ കണ്ണിലേക്ക് നോക്കി. ” ഇനിയെങ്കിലും നിനക്കെന്നെ ഒന്ന് മനസിലാക്കിക്കൂടെ കൃഷ്ണേ..?” ഈറൻ പൊടിയുന്ന അരവിന്ദന്റെ കണ്ണുകളും വേദന തിങ്ങിയ വാക്കുകളും കൃഷ്ണയുടെ ഉള്ളുലച്ചു. അവളുടെ മുഖം താണു. ” പറ്റുന്നില്ല അരവിന്ദേട്ടാ…. നിങ്ങളെയെന്നല്ല…. ഇനി ആരെയും സ്നേഹിക്കാൻ എനിക്ക് പറ്റില്ല. എന്റെ മനസ്സിൽ പതിഞ്ഞു പോയൊരു മുഖമുണ്ട്. മാഞ്ഞു പോയിട്ടില്ല അത് ഇത് വരെ…. ഇനിയത് മാഞ്ഞു പോകുമെന്ന് തോന്നുന്നുമില്ല.” നിറഞ്ഞ കണ്ണുകൾ ഉയർത്താതെ കൃഷ്ണ പറഞ്ഞപ്പോൾ അരവിന്ദൻ ഒന്ന് നെടുവീർപ്പിട്ടു. ” എനിക്ക് മനസിലാവും നിന്നെ…. എന്നാലും കാത്തിരിക്കും ഞാൻ…. നിന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്ന് വരുന്നത് വരെ എനിക്കതിന് അവകാശം ഉണ്ടല്ലോ? ” കൃഷ്ണയോടായി പറഞ്ഞു കൊണ്ട്, ഒന്നും മനസ്സിലാക്കാതെ നിൽക്കുന്ന ഉണ്ണിമോളുടെ മുടിയിൽ ഒന്ന് തഴുകി, നീറുന്ന നെഞ്ചുമായി അരവിന്ദൻ തിരിഞ്ഞു നടന്നു. ഒരു നിമിഷം അത് നോക്കി നിന്നിട്ട് ഉണ്ണിമോളുടെ കൈ പിടിച്ചു കൃഷ്ണയും മുന്നോട്ട് നടന്നു.

“അമ്മയ്ക്ക് അരവിന്ദൻ മാമനെ ഇഷ്ടമല്ലേ?” ഉണ്ണിമോൾ ഇടത് കൈ കൊണ്ട് കൃഷ്ണയുടെ സാരിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു. കൃഷ്ണ നടത്തം നിർത്തി. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. അവൾ നിഷ്കളങ്കമായി കൃഷ്‌ണയെ തന്നെ നോക്കി നിന്നു. കൃഷ്ണ പതിയെ കുഞ്ഞിനരികിൽ മുട്ട് കുത്തി ഇരുന്നു. “അരവിന്ദൻ മാമൻ പാവമല്ലേ അമ്മേ? എന്നെ വലിയ ഇഷ്ടമാണ്….” ഉണ്ണിമോള് പറഞ്ഞപ്പോ കൃഷ്ണ അതേ എന്നർത്ഥത്തിൽ തലയാട്ടി. ” അരവിന്ദൻ മാമൻ പാവമാണ്. മാമനെ അമ്മയ്ക്ക് ഇഷ്ടമല്ലാത്തതിന്റെ കാരണം പറഞ്ഞാൽ എന്റെ മോൾക്ക് ഇപ്പൊ മനസിലാവില്ല. അമ്മേടെ ഉണ്ണിക്ക് അമ്മ മാത്രം പോരെ? അമ്മേടെ മോളല്ലേ നീ…? അമ്മേടെ പൊന്ന്….! ” കുഞ്ഞിന്റെ മുഖം കൈകുമ്പിളിൽ എടുത്തു നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കൃഷ്ണ ചോദിക്കുമ്പോ കുഞ്ഞ് പെട്ടന്ന് മതി എന്ന് തലയാട്ടി. ” അമ്മ കരയണ്ട…. എനിക്ക് അമ്മ മതി. അമ്മക്ക് ഇഷ്ടം ഇല്ലെങ്കിൽ ഞാൻ ഇനി മാമനോട് മിണ്ടുകേ ഇല്ല.” ഉണ്ണിമോൾ കൃഷ്‌ണയുടെ കണ്ണുകൾ തുടച്ചു കൊടുത്തു. കൃഷ്ണ അവളെ മുറുകെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

നടന്നു വീട്ടിൽ എത്തുമ്പോൾ മുറ്റത്ത് സൂരജിന്റെ കാർ കണ്ട് കൃഷ്ണയ്ക്ക് ചെറുതായി പരിഭ്രമം തോന്നി. അവൾ ഉണ്ണിയുടെ കൈ പിടിച്ചു വേഗത്തിൽ വീടിനു പിറകിലേക്ക് നടന്നു. അന്നത്തെ പോലെ ഇന്നും ആവർത്തിച്ചിട്ടുണ്ടെങ്കിൽ, ഹാളിലേക്ക് കയറുമ്പോൾ അവിടെ സൂരജിനെ കണ്ടാൽ അവൻ വഴക്ക് പറയുമോ എന്നവൾക്ക് ഭയം തോന്നിയിരുന്നു. വഴക്ക് കേൾക്കാം… പക്ഷെ, പെട്ടെന്ന് തോന്നുന്ന ദേഷ്യത്തിന്റെ പുറത്ത് എങ്ങാനും തന്നെ ഇറക്കി വിട്ടാൽ…. ആറു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് എങ്ങോട്ട് പോകും? വീടിന്റെ പിൻവാതിലിൽ കൂടി അടുക്കളയിലേക്ക് കയറിയ ഉടനെ അവൾ ആദ്യം നോക്കിയത് സിങ്കിലേക്കാണ്. ഒന്നോ രണ്ടോ പാത്രങ്ങൾ കഴുകി വച്ചിരിക്കുന്നു. ബാക്കിയൊക്കെ അതേപടി സിങ്കിൽ കിടപ്പുണ്ട്. അത് കണ്ടതും അവൾക്ക് നെഞ്ചിടിക്കാൻ തുടങ്ങി. കൃഷ്ണയുടെ പേടിച്ചുള്ള നിൽപ്പ് കണ്ട് ഊരിചിരിച്ചു കൊണ്ടാണ് രാജാലക്ഷ്മി അവൾക്ക് അടുത്തേക്ക് വന്നത്.

” നീയെന്തിനാ ഈ പന്തം കണ്ട പേരിച്ചാഴിയേപോലെ നിക്കണത്? കൊച്ചിനെ കൊണ്ട് പോയി മേല് കഴുകിച്ചു വാല്ലോം കഴിക്കാൻ കൊടുക്കാൻ നോക്ക് കൃഷ്ണേ….” നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കൈ കൊണ്ട് ഒപ്പി മാറ്റി ശ്വാസം ഒക്കെ എടുത്ത് വിട്ട് പരിഭ്രമം അടക്കി മുറിയിലേക്ക് പോകാൻ തയാറെടുക്കുന്ന കൃഷ്ണയെ കണ്ടതും രാജലക്ഷ്മിക്ക് ശരിക്കും ചിരിച്ചു വന്നു പോയി. “നീയെന്താ യുദ്ധത്തിന് വല്ലതും പോകുന്നുണ്ടോ?” രാജലക്ഷ്മിയുടെ ചോദ്യം കേട്ടതും കൃഷ്ണ ചമ്മലോടെ ഇല്ല എന്ന് മറുപടി കൊടുത്തു. ” ഞാൻ പാത്രം കഴുകാൻ തുടങ്ങിയതാ…. അപ്പോഴാ സൂരജിന്റെ കാറിന്റെ ശബ്ദം കേട്ടത്. അവനൊന്നു ദേഷ്യപ്പെട്ടാൽ കരഞ്ഞു വിളിച്ചോടുന്ന ചിലരിവിടെ ഉണ്ടല്ലോ എന്നോർത്തപ്പോ പിന്നെ ഞാൻ കഴുകുന്നത് നിർത്തി.” അത് കേട്ടതും ശ്വാസം നേരെ വീണത് പോലെ കൃഷ്ണ നെഞ്ചത്ത് കൈ വച്ചു ആശ്വാസത്തോടെ പുഞ്ചിരിച്ചു. ” കൃഷ്ണേ…. എന്തിനാ നീയിങ്ങനെ അവനെ പേടിക്കണത്? നീ ചുമ്മാതെ ശമ്പളം വാങ്ങുന്നതല്ലല്ലോ? ചെയ്യുന്ന ജോലിക്കുള്ള കൂലിയാണ് നിനക്ക് ഞാൻ തരണത്.

ആവശ്യമില്ലാത്ത കാര്യത്തിന് ആരെങ്കിലും ദേഷ്യപ്പെട്ടാൽ തിരിച്ച് അതേപോലെ മറുപടി പറയാൻ പഠിക്കണം മോളെ….” രാജലക്ഷ്മി വാത്സല്യത്തോടെ പറഞ്ഞപ്പോഴും കൃഷ്ണ പുഞ്ചിരിച്ചതേയുള്ളൂ… ” എനിക്കറിയാം… ഞാൻ ചെയുന്ന ജോലിക്കുള്ള ശമ്പളം ആണ് നിങ്ങൾ എനിക്ക് തരുന്നത്. പക്ഷെ, ഞാൻ ഇവിടെ തങ്ങുന്നതിനുള്ള വാടക നിങ്ങൾ വാങ്ങുന്നില്ലലോ അമ്മേ… പെട്ടെന്നുള്ള ദേഷ്യത്തിന് സൂരജ് സാറെങ്ങാനും ഇവിടെ നിന്നിറങ്ങാൻ പറഞ്ഞാൽ ഇവളേം കൊണ്ട് ഞാൻ എങ്ങോട്ട് പോകാനാ? അതാ ഞാൻ…..” കൃഷ്ണ ഉണ്ണിയെ തന്നോട് ചേർത്ത് പിടിച്ചു. ” അതിന് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് അവനല്ലല്ലോ? ഞാനല്ലേ? അപ്പൊ നീ ഞാൻ പറയുന്നത് കേട്ടാൽ മതി. പിന്നെ വേറൊരു കാര്യം….. സൂരജ് അത്ര ദുഷ്ടനൊന്നും അല്ല മോളെ… കുറച്ചു മുൻശുണ്ഠി ഉണ്ടെന്നേ ഉള്ളൂ….. മുൻപ്…. മുൻപ് അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല…” പഴയ എന്തോ ഓർമയിൽ രാജലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു. കൃഷ്ണയും വല്ലാതായി… ********** അഭിപ്രായം പറയണേ…. തെറ്റുകൾ കണ്ടാൽ അതും പറയാം.