23/04/2026

നിലാവ് : ഭാഗം 07

രചന – അരുന്ധതി ‍‍‍‍‍‍‍‍‍

“എന്താടി നിനക്കിപ്പോൾ പോകണ്ടേ? . വേണ്ടേന്ന്? ” “എന്റെ ദേവു,,, താൻ,,, തനിക്കിത് “… പറയുമ്പോൾ അവൾക്ക് വാക്കുകൾ മുറിഞ്ഞു പോയിരുന്നു. “ഞാൻ പറയുന്നത് പോലെ ചെയ്താൽ ഇത് മറ്റൊരാളും കാണില്ല “. “ഞാൻ ചെയ്യാം. ഇയാൾക്കെന്താ വേണ്ടത്. പറ”. നിന്റെ അച്ഛൻ എന്നു പറയുന്ന അയാള് എന്നെ അത്രയും മനുഷ്യരുടെ മുന്നിൽ വെച്ച് അടിച്ച് നാണം കെടുത്തിയപ്പോഴേ ഞാൻ മനസ്സിൽ കുറിച്ചിട്ടതാ. ഒരു പണി. ഈ സൗന്ദര്യമാണ് എന്റെ മനസ്സിൽ ആദ്യം വന്നത്. പക്ഷേ നിനക്ക് എന്ത് വന്നാലും അത് നീ തരണം ചെയ്യും എന്നെനിക്കറിയാം. പക്ഷേ നിന്റെ കുടുംബത്തെ തൊട്ടാൽ നിനക്ക് പൊള്ളും. കുഞ്ഞനിയത്തിക്ക് വേണ്ടി നീ നിന്റെ ജീവൻ കളയണമെങ്കിൽ അതും ചെയ്യും എന്നെനിക്കറിയാം. മാത്രവുമല്ല നിനക്ക് വേണ്ടിയല്ലേ നിന്റെ തന്ത എന്നെ അത്രയും നാണം കെടുത്തിയത് അതുകൊണ്ട് നിന്നെ വെച്ച് തന്നെ അയാൾക്കുള്ള മറുപടി കൊടുക്കണം. എങ്കിലേ എന്റെ പക അടങ്ങൂ.

“ടോ തന്നെ ഞാൻ”… എന്ന് പറഞ്ഞ് അവള് അയാളുടെ കോളറിൽ പിടിച്ച് വലിച്ചു. “വിട് മോളേ ചേട്ടൻ പറഞ്ഞ് തീർന്നില്ല. നാളെയല്ലേ അമ്പലത്തിലെ കോടിയേറ്റ്. 2ആം പൊക്കം താലം. താലത്തിന്റെ അന്ന് ഒരു പതിനൊന്നരയാകുമ്പോൾ സ്റ്റേജിന് പിറകിലുള്ള മുറിയിൽ നീ വരണം. നീ വന്ന ശേഷം ഞാൻ വരും നിന്റെ അടുത്തേക്ക്. നിന്നെ സ്നേഹിക്കാൻ “. ഇല്ലാ എന്ന് പറഞ്ഞവൾ അലറി ….. “ചേട്ടൻ പറഞ്ഞ് കഴിയട്ടെ. മോള് പേടിക്കണ്ട മോളേ ഞാൻ ഒന്നും ചെയ്യില്ല. നീ വന്നു കുറച്ച് സമയം കഴിയുമ്പോഴേ മുറിക്കു പുറത്ത് നിന്ന് ആളുകൾ കൊട്ടും അപ്പോൾ ഞാൻ കതക് തുറക്കും. അപ്പോൾ മുന്നിൽ നിന്റെ തന്തയും, തള്ളയും കൂടെ ആ പരട്ട നാട്ടുകാരും ഉണ്ടാവും. അകത്ത് നിൽക്കുന്ന നിന്നോട് കാര്യം തിരക്കുമ്പോൾ നീ പറയണം നീയായിട്ട് സ്വമേഥയാ എന്റെ അടുത്തേക്ക് വന്നതാണെന്ന്. അത് കേട്ട് നെഞ്ച് പൊട്ടി, ആളുകളുടെ മുഖത്ത് പോലും നോക്കാനാവാതെ തല കുനിച്ച് നാണം കെട്ട് നിൽക്കുന്ന നിന്റെ തന്തയെ എനിക്ക് കാണണം എങ്കിലേ എന്റെ പകയടങ്ങൂ. ” പറഞ്ഞ് തീർന്നതും അയാളുടെ മുഖത്ത് വന്ന ഭാവം മനസ്സിലാക്കാൻ ദേവിക്ക് സാധിച്ചില്ല.

“താനൊരു മനുഷ്യനാണോടോ ” അത് പറഞ്ഞവള് അറപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി “അപ്പോൾ എന്റെ സുന്ദരിക്കുട്ടി ചെല്ല്”. ഒരു ചിരിയോടെ അവളെ ചൂഴ്ന്നൊന്ന് നോക്കി അവൻ നടന്നകന്നു. എല്ലാം കേട്ട് നിന്നിടത്തു നിന്ന് ഒന്നനങ്ങാൻ പോലുമാകാതെ അവളവിടെ തറഞ്ഞു നിന്നു. “മോളേ പോയ കാര്യം എന്തായി ” വീട്ടിലെത്തിയ ദേവിയോട് പോയ കാര്യത്തെക്കുറിച്ച് സാവിത്രി തിരക്കി “അതൊക്കെ ശെരിയായി അമ്മേ. നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ ” “വെയില് കൊണ്ടിട്ടാവും പോയി കിടക്ക്. എഴുന്നേൽക്കുമ്പോൾ അമ്മ ചായയിട്ട് തരാം”. “ശെരി അമ്മേ ” മുകളിലെ മുറിയിൽ ചെന്ന് കതക് ചാരി ഒന്നുറക്കെ കരയാൻ പോലുമാകാതെ അവള് കട്ടിലിൽ കയറി തലയിണയിൽ മുഖം അമർത്തി കരഞ്ഞു. ഇന്ന് നടന്നതും അടുത്ത ദിവസങ്ങളിലായി വരാനിരിക്കുന്നതുമായ കാര്യങ്ങളോർത്തപ്പോൾ അവൾക്ക് നെഞ്ച് പൊട്ടും പോലെ തോന്നി. “ദേവീ…….. അമ്മേ അവളെവിടെ”…. “ആഹാ ന്റെ ഭദ്രക്കുട്ടി ഇതെപ്പോൾ വന്നു?” “ദാ ഇപ്പോൾ വന്നു കേറിയതെയുള്ളൂ.

വിചാരിച്ചതിലും 2ദിവസം കൂടുതൽ അവിടെ നിന്നില്ലേ അതുകൊണ്ട് ഇവിടെയൊരാളുടെ മുഖം ഒരു കൊട്ട കാണും. അതാ ഓടിയിങ്ങ് വന്നത് ” “നിന്റെ കാര്യം പോക്കാ. മുകളിലുണ്ട് ടൗണിൽ പോയിട്ട് വന്നത് കൊണ്ട് നല്ല തലവേദന ആണെന്നും പറഞ്ഞ് വന്ന പാടെ കയറി കിടന്നു”. “അമ്മക്ക് തലവേദനയില്ലേ പോയിട്ട്”. “അതിന് ഞാൻ പോയില്ലല്ലോ. അവളൊറ്റക്കാ പോയേ “. “പൂർത്തിയായി.. എന്നേ അവള് മിക്കവാറും ഇന്ന് കൊല്ലും. ഇതുവരെ അവളെങ്ങും ഒറ്റക്ക് പോയിട്ടില്ലല്ലോ. ഇതിപ്പോൾ….. എന്റെ ദൈവമേ “. തലയ്ക്ക് കയ്യും കൊടുത്തുള്ള ഭദ്രയുടെ നിൽപ്പ് കണ്ട് സാവിത്രിക്ക് ചിരി വന്നു. “ചെല്ല്. ചെന്ന് കിട്ടുന്നത് മുഴുവൻ കയ്യോടെ മേടിച്ചോ ” മുറി തുറന്ന് പതിയെ ഭദ്ര നടന്ന് ദേവിയുടെ 2കണ്ണും പൊത്തിപ്പിടിച്ചു. പെട്ടെന്നവളൊന്ന് ഞെട്ടി. പക്ഷേ ഭദ്രയുടെ സാമീപ്യം മനസ്സിലാക്കി അങ്ങനെ തന്നെ കമഴ്ന്നു കിടന്നു. “ഡീ പിണങ്ങല്ലേ. അവിടെ അവര് കുറേ നാള് കൂടി കണ്ടത് കൊണ്ട് 2ദിവസം കൂടി നിക്കാൻ പറഞ്ഞു.

എന്നെക്കൊണ്ടാവും വിധം ഞാൻ പറഞ്ഞു നോക്കി. അവര് സമ്മതിച്ചില്ല. പിന്നെ അമ്മയും കുറേ നാള് കൂടിയല്ലേ എല്ലാവരോടുമൊപ്പം തറവാട്ടിൽ. അതുകൊണ്ട് ഞാൻ പിന്നെ സമ്മതിച്ചു. ഇത് പറയാൻ ഞാൻ ഫോൺ വിളിച്ചിട്ട് നീ എടുത്തില്ലല്ലോ “. ഭദ്ര പറയുന്നതിനൊന്നും മറുപടി കാണാഞ്ഞ് അവള് ദേവിയെ തിരിച്ചു കിടത്തി. “എന്ത് പറ്റിയെടി നിനക്ക്. നീ എന്തിനാ കരയുന്നെ” ദേവി പെട്ടെന്ന് ഭദ്രയുടെ തോളിലേക്ക് ചാഞ്ഞ് ഏങ്ങലടിച്ച് കരഞ്ഞു. “എന്താടി നീ എന്തിനാ ഇങ്ങനെ കരയുന്നത്. കാര്യം പറ ” ദേവിയെ തോളിൽ നിന്നും അടർത്തി മാറ്റി ഭദ്ര ചോദിച്ചതും മുഖമൊന്ന് അമർത്തി തുടച്ചുകൊണ്ട് ഭദ്രയോട്, അന്ന് രാത്രിയിൽ നടന്നതും, ഇന്ന് പകല് നടന്നതുമായ എല്ലാം പറഞ്ഞു. എല്ലാം കേട്ട് ഭദ്രയുടെ മുഖം ദേഷ്യത്താൽ ചുവന്നു. “വാ നമുക്ക് അച്ഛനോട് പറയാം”. “വേണ്ടടി, അച്ഛൻ ഇതറിഞ്ഞാൽ സഹിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്. ചങ്ക് പൊട്ടി മരിക്കും എന്റെ അച്ഛൻ.

അതുകൊണ്ട് അച്ഛനറിയണ്ട. അച്ഛനെന്നല്ല ആരും. ” “നീ വിഷമിക്കണ്ട കണ്ണ് തുടയ്ക്ക്. നിന്റെ കൂടെ എന്തിനും ഞാനുണ്ട്”… അതും പറഞ്ഞവൾ ദേവിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ” മക്കളെ നിങ്ങള് അമ്പലത്തിൽ വരുന്നില്ലേ ” “ഇല്ലമ്മേ ഭദ്രക്ക് വയ്യല്ലോ അതുകൊണ്ട് ഞങ്ങള് രാവിലെ പൊയ്ക്കോളാം ” “മ്മ്മ്മ്മ് ശെരി ശെരി “… ……. അന്ന് രാത്രി ഭദ്ര ദേവിക്കൊപ്പം അവിടെ കിടന്നു……. ………………..❤️…………………. പിറ്റേന്ന് അമ്പലത്തിനുള്ളിൽ നിന്നിട്ടും അവളിലെ നോവിന് കുറവൊന്നും ഉണ്ടായില്ല. “ദേവീ എന്ത് തീരുമാനിച്ചു നീ നാളെയല്ലേ താലം”. “എനിക്കൊരെത്തും പിടിയുമില്ലടി “. “നീ നാളെ അയാളുടെ അടുത്ത് ആ മുറിയിൽ ചെല്ലണം” “അതേടി അത് മാത്രമേ ഉള്ളു ചെയ്യാൻ, എന്നെനിക്കറിയാം. അയാൾക്ക്‌ മുന്നിൽ ഞാൻ തോറ്റു കൊടുക്കാം. അതുമാത്രമേ ഇനി നമ്മുടെ മുന്നിലുള്ളൂ “. എന്ന് പറഞ്ഞ് ദേവി ഒരു ദീർഘനിശ്വാസമെടുത്തു . “പോകാൻ പറഞ്ഞത് തോറ്റു കൊടുക്കാനല്ല. പകരം ജയിക്കാനാണ്” പറയുന്നത് കേട്ട് ആശ്ചര്യത്തോടെ ദേവി ഭദ്രയെ നോക്കി “നീ ആശ്ചര്യപ്പെടണ്ട. പറയുന്നത് മുഴുവനും ആദ്യം ശ്രദ്ധിച്ചു കേൾക്ക്”. ഭദ്രയുടെ വാക്കുകൾക്ക് ദേവി കാതോർത്തു .

“താലം കഴിഞ്ഞ് നമ്മൾ 2ആളും വളകൾ വാങ്ങാൻ എന്നും പറഞ്ഞ് എല്ലാവരുടെയും അടുത്ത് നിന്ന് മാറും. നിന്നെ അവിടെ നിർത്തി ആരും കാണാതെ ഞാൻ ആദ്യം ആ മുറിക്കുള്ളിൽ കയറും. പുറകെ അയാള് പറഞ്ഞ സമയത്ത് നീയും അയാളും വരും . എന്തായാലും അവന് നിന്നെ ഉപദ്രവിക്കാനുള്ള ഉദ്ദേശമില്ല ഉണ്ടെങ്കിൽ അവൻ നാളത്തെ ദിവസം തിരഞ്ഞെടുക്കില്ല. അതുകൊണ്ട് അതോർത്തു നീ പേടിക്കണ്ട. മുറിയിലെത്തിയ നിന്നോട് എന്തെങ്കിലും അവൻ സംസാരിക്കാതിരിക്കില്ല. മുറിക്കകത്തു ഞാനുണ്ട് എന്നറിയാത്തത് കൊണ്ട് നിന്നിൽ മാത്രമേ അവൻ ശ്രദ്ധിക്കൂ. ആ സമയം ഞാൻ അയാളെ എന്തെങ്കിലും കൊണ്ട് അടിച്ച് വീഴ്ത്തിക്കോളാം . അതിന് ശേഷം അവന്റെ ഫോണും നമുക്ക് നശിപ്പിക്കാം” ” ഭദ്രേ “…. “ഇതൊക്കെ നടക്കാൻ ഇത് സിനിമയാണോ എന്നല്ലേ നിന്റെ ചോദിക്കാൻ വന്നത്? ഡീ, സിനിമയിലും ജീവിതാനുഭവങ്ങളല്ലേടി കാണിക്കുന്നത്. അതുകൊണ്ട് നീ പേടിക്കണ്ട ഇത് നമ്മള് വിചാരിച്ചത് പോലെ തന്നെ നടക്കും”. “ഒരുപക്ഷെ നമ്മള് വിചാരിച്ചിടത്ത് കാര്യങ്ങൾ നിന്നില്ലെങ്കിൽ എല്ലാം കൈവിട്ട് പോകും”. “അങ്ങനെ നീ ചിന്തിക്കുകയെ വേണ്ട “. “എനിക്കിപ്പോൾ മനസ്സിനാകെ ഒരു മരവിപ്പാ. ഒരുവശത്ത് അനിയത്തിയുടെ മാനം, ഒരു വശത്ത് അച്ഛന്റെ അഭിമാനം ഞാൻ എന്ത് ചെയ്യും”. “പേടിക്കാതിരിക്ക് നീ. എന്നിട്ട് എഴുന്നേറ്റ് വാ വൈകണ്ട വീട്ടിൽ പോകാം ” ………………….❤️………………

” ദേവീ,,,,,, ഭദ്രേ,,,,,,, എന്തൊരു ഒരുക്കമാ രണ്ടിനും. ഇപ്പോൾ ഇതാണെങ്കിൽ കല്യാണത്തിന് എന്താകുവോ ആവോ എന്റെ ലക്ഷ്മിയേട്ടത്തി ” “അതേ അതേ രണ്ടിനെയും ഒരു വാലിൽ കെട്ടാം “. അതും പറഞ്ഞ് രണ്ടമ്മമാരും ചിരിച്ചു “അമ്മേ ഞങ്ങള് ദാ വരുന്നു ” “ഇതെന്താ ദേവീ മുഖത്തൊരു വാട്ടം “? “അത് പിന്നെ അവള് കണ്ണെഴുതിയപ്പോൾ തെറ്റി മുഴുവൻ കണ്ണിൽപ്പോയി. പിന്നെ മുഖം കഴുകി രണ്ടാമത് ഒന്നേന്ന് തുടങ്ങി ഒരുക്കം എന്നിട്ടും അവൾക്ക് തൃപ്തി പോരാന്ന് അതാ മുഖം ഇങ്ങനെ ഇരിക്കുന്നെ” എന്ത് പറയണമെന്നറിയാതെ നിൽക്കുന്ന ദേവിക്ക് പകരം ഭദ്ര പറഞ്ഞു. “അതിന് നിന്നെ പെണ്ണ് കാണാൻ അവിടെ ആരും വരുന്നില്ലല്ലോ ചേച്ചി”. ” ഇനി ചേച്ചിയും അനിയത്തിയും അതും പറഞ്ഞ് തുടങ്ങണ്ട. വാ പോകാം”. ശേഷം എല്ലാവരും അമ്പലത്തിലേക്കിറങ്ങി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ താലവും ചടങ്ങുകളും എല്ലാം ഭംഗിയായി അവസാനിച്ചു. “ദേവീ വാ നമുക്ക് വളകൾ നോക്കാം”. “പെട്ടെന്ന് വരണം. ഈ പെണ്ണ് പോകാമെന്ന് പറഞ്ഞ് ഇപ്പോൾ തന്നെ ബഹളം വെച്ചു തുടങ്ങി ” “ഞങ്ങള് പെട്ടെന്ന് വരാം. വാടീ ” അവിടുന്ന് 2ആളും നടന്ന് സ്റ്റേജിന് പിറകിലെത്തി.

“ദേവീ ഞാൻ അകത്തു കാണും കുറച്ച് സമയം കഴിഞ്ഞ് നീ വന്നാൽ മതി “. “ശെരി ആരെങ്കിലും കാണുംമുൻപ് നീ അകത്തു കേറ്”. ഭദ്ര അകത്തു കയറ്റി വാതിൽ അടച്ച ശേഷം ദേവി അവിടുന്ന് അൽപ സമയം മാറി നിന്നു. പതിനൊന്നര ആയപ്പോൾ പേടിയോടെ അവൾ മുറിക്കകത്തേക്ക് കയറി. അവൾ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ പിന്നാലെ അയാളും കയറി വാതിലടച്ചു കുറ്റിയിട്ടു. അവന്റെ ചൂഴ്ന്നുള്ള നോട്ടത്തിൽ അവൾക്ക് അറപ്പ് തോന്നി. തന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തേക്കുമുള്ള അവന്റെ നോട്ടം അവളിൽ ദേഷ്യം തോന്നിച്ചുവെങ്കിലും തന്റെ നിസ്സഹായാവസ്ഥ അവളുടെ മനസ്സിനെ നിയന്ത്രിച്ചു. “ഇന്ന് നീയങ്ങ് സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ. കണ്ടിട്ട് എനിക്കെന്നെ നിയന്ത്രിക്കാനാവുന്നില്ല. ഈ സൗന്ദര്യം അതെന്നേ മത്തു പിടിപ്പിക്കുന്നു”. എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ നടന്നടുത്തു. പേടിച്ചവൾ കണ്ണുകളടച്ചു. “ഭദ്രേ…..” അത് കേട്ട് ഞെട്ടിയവൾ കണ്ണ് തുറന്നവനെ നോക്കി. തുടരും,,,,,