23/04/2026

വീടിന്റെ താക്കോൽ ഏറ്റു വാങ്ങുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. കണ്ണു നിറയുന്നതോടൊപ്പം നെഞ്ചു പിടയുന്നതും എനിക്ക് കേൾക്കാമായിരുന്നു.

രചന – ജോമോൻ ജോസഫ്

എന്റെ വീട്

വീടിന്റെ താക്കോൽ ഏറ്റു വാങ്ങുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. കണ്ണു നിറയുന്നതോടൊപ്പം നെഞ്ചു പിടയുന്നതും എനിക്ക് കേൾക്കാമായിരുന്നു.

“സുമേ നിങ്ങൾ പോകുവാണല്ലേ.. ഇനി ആരാ എനിക്ക് ഒരു കൂട്ട്. വൈകുന്നേരങ്ങളിൽ എന്റെ വിഷമങ്ങൾ പറയാൻ നീ മാത്രമേ എനിക്ക് കൂട്ടിയിട്ടു ഉണ്ടായിരുന്നുള്ളു.
അങ്ങേരു കള്ള് കുടിച്ചു എന്നെ തെറി വിളിക്കുമ്പോഴും, തല്ലുമ്പോഴും ഒക്കെ എനിക്ക് സങ്കടം പറയാൻ നീ മാത്രമേ ഉണ്ടായിരുന്നുള്ളു. ചുറ്റുവട്ടം കുറെ അയൽക്കാർ ഉണ്ടെങ്കിലും പലരും എന്റെ കണ്ണുനീരും കദന കഥകളും കേട്ടു പരിഹസിക്കുന്നവർ ന്നവർ മാത്രമാണ്.പക്ഷെ നീ…..”അത് പറഞ്ഞു എൽസി ചേച്ചി കണ്ണുകൾ തുടച്ചു.

“എന്തു ചെയ്യാനാ പെണ്ണെ, ജീവിതം ഒരു പരീക്ഷണം പോലെ പിന്തുടരുമ്പോൾ നമുക്ക് അത് നേരിട്ടല്ലേ പറ്റു…”എൽസിച്ചേച്ചി തുടർന്നു.

എൽസിചേച്ചിയുടെ വാക്കുകൾ കേട്ടു അമ്മ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പക്ഷെ അമ്മയുടെ മുഖത്തു നിറഞ്ഞു നിന്ന ചിരിയുടെ
അകത്തളങ്ങൾ മുഴുവൻ നെഞ്ചു പൊട്ടുന്ന വേദനയാണെന്ന് എനിക്കും, എൽസിചേച്ചിക്കും നന്നായി അറിയാമായിരുന്നു.

അച്ഛൻ മരിച്ച നാൾ മുതൽ എനിക്കും അനിയത്തിക്കും പട്ടിണി എന്തെന്ന് അറിയിക്കാതെ ഇരിക്കാൻ അമ്മ ഒത്തിരി അലഞ്ഞിട്ടുണ്ട്. ആകെയുള്ള 5 സെന്റ് സ്ഥലത്തിൽ വീതം ചോദിച്ചു വന്ന അമ്മായിമാർ കഷ്ടപ്പാട് കൊണ്ട് വന്നതല്ല. പുകഞ്ഞു കത്തുന്ന വയറുകളെ കാണാതെ തങ്ങളുടെ അവകാശങ്ങളുടെ ബാക്കി ചോദിച്ചു വന്നപ്പോൾ കയ്യിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി അമ്മ അവർക്കു പണം നൽകി. എന്നിട്ടും വീതം കുറഞ്ഞു എന്ന പരാതിയിൽ അവർ വീടിന്റെ പടി കടന്നു വന്നു കയർത്തപ്പോൾ അമ്മ ഇനി എങ്ങോട്ടേക്ക് എന്ന് ആലോചിക്കാതെ വീട് വിൽക്കാൻ തീരുമാനിച്ചു.

“അല്ല അമ്മേ നമ്മൾ ഇനി മാമന്റെ കൂടെയാണോ താമസം ”
എന്റെ ചോദ്യം കേട്ടു അമ്മ എന്റെ മുടിയിഴകളിൽ ഒന്ന് തഴുകി.

“അതെ കണ്ണാ.. നിനക്ക് സന്തോഷം ആയില്ലേ.. ഇനി പാച്ച്ചുവും, കാർത്തിയും ഒക്കെയായി കളിക്കാല്ലോ…”
അമ്മ ചോദിച്ചു.

“എന്നാലും എന്റെ ഈ വീട്… നമ്മുടെ അച്ഛൻ ഉള്ള ഈ വീട്… അത് വിട്ടിട്ടു എങ്ങും പോകണ്ട അമ്മേ നമുക്ക്.” ഞാൻ സങ്കടത്തോടെ പറഞ്ഞു.

“ഇല്ല മോനെ നമുക്ക് പോയെ പറ്റു. കുറേക്കാലം കഴിയുമ്പോൾ എവിടെയെങ്കിലും ഒരു കുഞ്ഞു വീട് എടുത്തു അവിടെ താമസിക്കണം..”

വീട്ടിൽ നിന്നും ഓരോ ഓരോ സാധനങ്ങൾ ആയി വണ്ടിയിലേക്ക് കയറ്റി. അച്ച്ഛന്റെ പൂമാല തൂക്കിയ ഫോട്ടോ എടുത്തു അമ്മ നെഞ്ചോടു ചേർത്തിട്ട് ഒന്ന് കരഞ്ഞു.

“നമുക്ക് പോകാം രഘുവേട്ടാ…”
നിർത്താതെ കരയുന്ന അമ്മയെ കണ്ടു ഞാനും കുറെ കരഞ്ഞു.

“ഡീ പെണ്ണെ ഇങ്ങു ഇറങ്ങു. പഴയതൊന്നും ഇനി ഓർത്തിട്ട് ഒരു കാര്യവും ഇല്ലാ… എല്ലാം നല്ലതിന് എന്ന് വിചാരിക്കുക.”
അമ്മാവന്റെ വാക്കുകൾ കേട്ടു അമ്മ പുറത്തേക്കു ഇറങ്ങി. ഓരോ ചുവടുകൾ മുൻപോട്ടു വെക്കുമ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരുന്നു. തുളസിത്തറയുടെ അരികിൽ എത്ത്തിയപ്പോൾ അമ്മ അങ്ങോട്ട്‌ നോക്കി കുറെ നേരം നിന്നു.

“ഇന്ന് മുതൽ വിളക്ക് വയ്ക്കാൻ ഈ കഴിവ് കെട്ടവൾ ഇല്ല്യാട്ടോ…”
അത് പറഞ്ഞു അമ്മ അവിടെ തലചായ്ച്ചു കരഞ്ഞു. ഒരു പിടി മണ്ണ് വാരി കയ്പിടിയിൽ ഒതുക്കി അമ്മ വെയിലിക്കു പുറത്തേക്കു ഇറങ്ങി.
“ഇതു മോനെ കൊണ്ട് അച്ഛൻ വപ്പിച്ച
തെങാണ്.”

ആ കയ്കൾ കൊണ്ട് അമ്മ ആ തെങ്ങിൽ ഒന്ന് തലോടി.
പുറത്തേക്കു ചാഞ്ഞു നിൽക്കുന്ന വെള്ള ചെത്തിയിൽ നിന്നും ഒരു പൂ പറിച്ചു അമ്മ കണ്ണുകൾ പൊത്തി ആ ഇടവഴിയിലൂടെ മുന്നോട്ടു നടന്നു. പുറകിലേക്ക് തിരിഞ്ഞു നോക്കാതെ.

അമ്മാവന്റെ വീട്ടിൽ ആദ്യ കുറെ നാളുകൾ എനിക്കും പെങ്ങൾക്കും ആനന്ദത്തിന്റേത് ആയിരുന്നു.പക്ഷെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിളമ്പുന്നതിലും, ഉണ്ണുന്നതിലും, ഉറങ്ങുന്നതിലും എല്ലാം ഉള്ള വ്യത്യാസങ്ങൾ ഞങ്ങൾ അറിയാൻ തുടങ്ങി. സ്വന്തം മക്കളും ആരാരും ഇല്ലാത്ത പെങ്ങളുടെ മക്കളും തമ്മിൽ ആനയും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യാസമായി.
വാക്കുകൾ പരസ്പരം കൊമ്പുകോർക്കും മുൻപേ ഒരു വാടക വീട്ടിലേക്കു ഞങ്ങളെയും കൂട്ടി അമ്മ യാത്ര ആയി.

അയലത്തെ വീടുകളിൽ വെളിച്ച്ചം പരക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരു മുറിയിൽ മാത്രം മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. അയലത്തെ വീട്ടിൽ പലഹാരങ്ങൾ വിളമ്പുമ്പോൾ ഞങ്ങളുടെ വീട്ടിൽ മൂന്നു വയറുകൾക്ക് വിശപ്പടക്കുവാൻ റേഷൻ അറിയിലെ കല്ല് പെറുക്കി മാറ്റി ചേമ്പും താളും കറികളാക്കി അമ്മ ഞങ്ങൾക്ക് വിളമ്പി.

ഒരിക്കൽ വിളക്കിന്റെ വെളിച്ചത്തിരുന്നു പഠിക്കുന്ന എന്റെ അരികിൽ അമ്മ വന്നിരിക്കുമ്പോൾ ഞാൻ ചോദിച്ചു.

“ഞാൻ പഠിച്ച് പഠിച്ച് വലിയ ജോലിക്കാരൻ ആകുമ്പോൾ അമ്മയ്ക്കു എന്താണ് ആഗ്രഹം സാധിക്കാൻ ഉള്ളത്.”
അമ്മ എന്നോട് കുറേകൂടി ചേർന്ന് ഇരുന്നു അച്ച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി.

ഡിഗ്രി കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ മറ്റൊരു വാടക വീട്ടിൽ ആയിരുന്നു ഞങ്ങളുടെ താമസം. ദൈവം നിനച്ചത് എന്റെ കയ്കളിൽ വിതച്ചപ്പോൾ ഞാനും സർക്കാർ ജോലിക്കാരൻ ആയി.

ജോലി കിട്ടിയ സന്തോഷവുമായി അമ്മയുടെ അരികിൽ വരുമ്പോൾ അമ്മ എന്നെ ഹൃദയത്തോട് ചേർത്തു.
“ഇപ്പോൾ അമ്മ പറഞ്ഞെ.. അമ്മയ്ക്കു എന്തു വേണം..”

“എനിക്ക് ഒന്നും വേണ്ട മോനെ.. നീ ഇങ്ങനെ എന്നും അമ്മയോട് സ്നേഹം കാണിച്ചാൽ മാത്രം മതി.. പിന്നെ ഒരിക്കലും വന്ന വഴികൾ മറക്കരുത്..

ഒരു വീട് വച്ചു മാറാൻ ഉള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി നിൽക്കുമ്പോൾ പെങ്ങളുടെ കല്യാണം പെട്ടെന്ന് നടത്തേണ്ടി വന്നു.

അമ്മയുടെ 58 വയസ്സ് തികഞ്ഞ ആ സുന്ദര സുദിനത്തിൽ ഞാൻ അമ്മയെയും കൂട്ടി ഒരു യാത്രക്കു ഇറങ്ങി. കൂടെ എന്റെ പെങ്ങളും അളിയനും. പരിചയം ഉള്ള റോഡുകൾ വഴി മുന്നോട്ടു നീങ്ങുമ്പോൾ അമ്മ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. റോഡിന്റെ ഒരു വശത്ത് കാർ പാർക്കു ചെയ്തു ഞങ്ങൾ നടക്കുമ്പോൾ അമ്മയുടെ കണ്ണുകൾ ആ ഇടവഴിക്കു മുന്നിൽ എന്തോ ഒന്ന് പരതുന്നതായി ഞാൻ കണ്ടു. പൂത്ത് നിന്ന ചെത്തിയും, നാളികേരം നിറഞ്ഞ തെങ്ങും കടന്നു ആ പഴയവീടിന്റെ തുളസി തറക്ക് മുന്നിൽ എത്ത്തിയപ്പോൾ പോക്കറ്റിൽ നിന്നും ആ താക്കോൽ എടുത്ത് അമ്മയുടെ കയ്കളിൽ ഞാൻ നൽകി.വീടിന്റെ താക്കോൽ ഏറ്റു വാങ്ങുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു കണ്ണു നിറയുന്നതോടൊപ്പം ആ നെഞ്ചു പിടയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“മോനെ…..”
അമ്മ എന്റെ മുഖതത്തേക്ക് നോക്കി കുറെ കരഞ്ഞു.

“അതെ അമ്മേ നമ്മൾ ഈ വീട് തിരിച്ചു വാങ്ങിയമ്മേ…”അത് പറയുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു.

“അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് മോൻ ചോദിക്കാറില്ലേ.. ഇതു തന്നെ ആയിരുന്നു.. നിന്റെ അച്ഛൻ മരിച്ച ഈ മണ്ണിൽ, നിങ്ങൾ പിച്ചവെച്ച് ഓടിയ ഈ മണ്ണിൽ തന്നെ മരിച്ച് വീഴണം എന്നത്… അത് നീ സാധിച്ചു.. ഞാൻ ആണ് മോനെ ഏറ്റവും ഭാഗ്യം ചെയ്ത അമ്മ….”

“എനിക്ക് അമ്മ പറയാതെ തന്നെ അമ്മയുടെ ആഗ്രഹം അറിയാമായിരുന്നു.. കാരണം എന്റെയും ഇവളുടെയും ഏറ്റവും വലിയ ആഗ്രഹവും ഇതു തന്നെ ആയിരുന്നു.”

“ഇനി ഞാൻ ഉണ്ടാവൂട്ടോ എന്നും ഈ തറയിൽ വിളക്ക് വയ്ക്കാൻ..”അമ്മ തുളസി തറയിൽ കയ്കൾ വച്ചുകൊണ്ട് പറഞ്ഞു.

എവിടെ നിന്നോ വീശിയടിച്ച കുളിർകാറ്റ് ഞങ്ങളുടെ വീടിന്റെ ഓർമകളുടെ ഗന്ധത്തെ മൂക്കിലൂടെ കയറ്റി ഇറക്കി.