23/04/2026

ശിവനയനം : ഭാഗം 08

രചന – നിള നന്ദ

” നയനക്ക് കുറച്ച് ദിവസങ്ങൾ മുൻപ് ഒരു ആക്‌സിഡണ്ടിൽ ഓർമ്മ നഷ്ട്ടമായി. ഇപ്പൊ ഞങ്ങളുടെ ഒപ്പം ആണ്. ആ കുട്ടിയെ കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. തനിക്ക് അറിയാമെങ്കിൽ അതൊരു ഹെല്പ് ആവുമായിരുന്നു. ” അരവിന്ദ് നിരാശയോടെ പറഞ്ഞു. ” സോറി എനിക്ക് ഒന്നും അറിയില്ല. നയനയുടെ റൂംമേറ്റ് ആയിരുന്ന അശ്വതിയെ എനിക്ക് അറിയാം. അവർ രണ്ട് പേരും നല്ല കൂട്ട് ആയിരുന്നു. അവൾക്ക് ചിലപ്പോ നിങ്ങളെ സഹായിക്കാൻ പറ്റും. ” ” ആ കുട്ടിയുടെ നമ്പർ ഉണ്ടോ..? ” ശിവൻ ഗായത്രിയെ നോക്കി. ” ഉണ്ട്.. ” ഗായത്രി അത് പറഞ്ഞതും ശിവന്റെയും അരവിന്ദന്റേയും മുഖം പ്രകാശിച്ചു. ഗായത്രിയിൽ നിന്ന് അശ്വതിയുടെ നമ്പർ വാങ്ങി ശിവൻ അവന്റെ ഫോണിൽ സേവ് ചെയ്തു.

തിരികെ കാറിൽ ഇരിക്കുമ്പോൾ നയന ഭയങ്കര സൈലന്റ് ആയിരുന്നു. ശിവന്റെ ഉള്ളിൽ അത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. നയനയുടെ നിറഞ്ഞ കണ്ണുകളും ഒന്നും മിണ്ടാതെയുള്ള ഇരുപ്പും തന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാക്കുന്നത് അവൻ അറിഞ്ഞു. ” എന്താണ് കാളി ഒന്നും മിണ്ടാതെ ഇരിക്കുന്നത്…? ” ശിവൻ തിരിഞ്ഞ് നയനയെ നോക്കി. ശിവനെ നോക്കി അർത്ഥമില്ലാത്ത ഒരു ചിരി സമ്മാനിച്ച് നയന പുറത്തേക്ക് നോക്കിയിരുന്നു. നയനയുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയുന്നത് കൊണ്ട് ശിവൻ പിന്നെ ഒന്നും പറഞ്ഞില്ല. നയനയുടെ ആ മുഖം അരവിന്ദിനും സങ്കടം ആയിരുന്നു. എങ്കിലും അരവിന്ദ് ഒന്നും ചോദിച്ചില്ല. ഒന്നും ഓർക്കാൻ കഴിയാതെ പാവം വല്ലാതെ വിഷമിക്കുന്നത് അരവിന്ദന് അറിയുന്നുണ്ടായിരുന്നു.

ഇത്രയും ദിവസം ആയിട്ടും നയനയെ ആരും തിരക്കി വരാത്തത് എന്തായിരിക്കും. മിസ്സിംഗ്‌ ആയെന്നുള്ള വാർത്ത പോലും വരാതിരുന്നത് എന്തായിരിക്കും… എന്തൊക്കെയോ നയനയെ ചുറ്റി പറ്റി ഉണ്ടെന്ന് അരവിന്ദന് തോന്നി. എല്ലാം അനേഷിച്ച് കണ്ടെത്തണം. എവിടെന്നു തുടങ്ങും എന്നൊരു ഊഹം ഇല്ലാതിരുന്നത് കൊണ്ടാണ് ഇത്രയും ദിവസം ഒതുങ്ങി ഇരുന്നത്. എന്നാലിപ്പോ ഒരു തുമ്പ് കിട്ടിയിരിക്കുന്നു. ഇനി എല്ലാം അനേഷിച്ച് കണ്ടെത്തണം. മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടിയാണ് അരവിന്ദ് കാർ ഓടിച്ചത്. ഇടയ്ക്കിടയ്ക്ക് അരവിന്ദ് കണ്ണാടിയിലൂടെ നയനയെ നോക്കുന്നുണ്ടായിരുന്നു. അരവിന്ദന്റെ ആ നോട്ടം നയനയുടെ അടുത്തിരുന്ന വിദ്യക്ക് വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടാക്കി. നെഞ്ചിൽ എന്തോ വല്ല്യ ഭാരം കയറ്റി വെച്ച വേദന അനുഭവപ്പെടുന്നതായി അവൾക്ക് തോന്നി. മുഖം തിരിച്ച് ആരും കാണാതെ വിദ്യ നിറഞ്ഞ കണ്ണുകൾ തുടച്ചു. വീടിന്റെ മുറ്റത്ത് വണ്ടി നിർത്തിയതും ശിവനും അരവിന്ദും നയനയെ തിരിഞ്ഞ് നോക്കി.

ഡോറിൽ ചാരി കണ്ണുകളടച്ച് ഇരിക്കുകയാണ് നയന. ശിവനും അരവിന്ദും ഇറങ്ങിയതിന് പുറകെ വിദ്യയും ഇറങ്ങി. ” മോളെ വീടെത്തി ഇറങ്ങ്.. ” അരവിന്ദ് നയനയുടെ സൈഡിലെ ഡോർ തുറന്നു. നയന പുറത്തിറങ്ങി അരവിന്ദനെയും ശിവനെയും നോക്കി. അവളുടെ നിറഞ്ഞ കണ്ണുകൾ ശിവന്റെ ഉള്ളിൽ ഒരു നീറ്റൽ പടർത്തി. ” കാളി എന്തിനാ ഇപ്പൊ കരയുന്നത്..? കണ്ണിൽ പൊടി വല്ലതും പോയോ…? ” ഉള്ളിലെ വിഷമം മറച്ചു വെച്ച് ശിവൻ നയനയെ കളിയാക്കി. നയന ഒന്നും മിണ്ടാതെ ശിവനെ ഒന്ന് തറപ്പിച്ച് നോക്കി. ” ഒന്നും ഓർമ്മ ഇല്ലാത്തത് ഓർത്ത് മോള് കരയൊന്നും വേണ്ട. എല്ലാം നമുക്ക് കണ്ടു പിടിക്കാം. കരഞ്ഞു ഇനി അമ്മയെ കൂടി വിഷമിപ്പിക്കണ്ട. ” അരവിന്ദ് നയനയുടെ കണ്ണ് രണ്ടും തുടച്ച് കൊടുത്തു. ” എനിക്ക് വിഷമം ഒന്നും ഇല്ല അച്ചുവേട്ടാ. ഞാൻ വെറുതെ… ” ” ആഹ് മതി മതി എനിക്ക് മനസിലായി. അതൊക്കെ വിട്. മോള് ഇതൊക്കെ കൊണ്ട് പോയി അമ്മയ്ക്ക് കൊടുക്ക്. ” അരവിന്ദ് കയ്യിലിരുന്ന കവർ നയനക്ക് നേരേ നീട്ടി. നയന അത് വാങ്ങി ശിവനെ ഒന്ന് നോക്കി അകത്തേക്ക് കയറി പോയി. അരവിന്ദന് നയനയോടുള്ള സ്നേഹം വിദ്യയിൽ ഒരു വീർപ്പുമുട്ടൽ ആയിരുന്നു. നയന അകത്തേക്ക് പോയതും വിദ്യ ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ തിരിഞ്ഞ് നടന്നു.

റൂമിന്റെ ഡോർ ദേഷ്യത്തിൽ വലിച്ച് തുറന്ന് ദേവ് അകത്ത് കയറി മേശയിൽ ആഞ്ഞു ചവിട്ടി. അവന്റെ കണ്ണൊക്കെ ചുവന്നിട്ടുണ്ടായിരുന്നു. ” ദേവ്.. എന്ത്‌ പറ്റി നിനക്ക്..? നീ എന്താ ഈ കാണിക്കുന്നത്..? ” ദേവിന്റെ ദേഷ്യം കണ്ട് അവന്റെ കൂട്ടുകാരൻ നീരജ് അടുത്തേക്ക് ചെന്നു. ” ആ സെൽവരാജ് ഇന്ന് എന്നെ കാണാൻ വന്നിരുന്നു. അവളെ എത്രയും പെട്ടെന്ന് കണ്ടെത്തി കൊടുത്തില്ലെങ്കിൽ തട്ടികളയും എന്നാ ഭീഷണി. ” ദേഷ്യം കൊണ്ട് ദേവ് പല്ല് ഞെരിച്ചു. ” എന്നിട്ട് നീ എന്ത്‌ പറഞ്ഞു…? ” ” ഞാൻ എന്ത്‌ പറയാൻ ആണ്. അവള് എവിടെ പോയി തോലഞ്ഞെന്ന് വല്ല അറിവും കിട്ടണ്ടേ. അനേഷിക്കാൻ ഇനി ഒരു സ്ഥലവും ബാക്കി ഇല്ല. ഓർഫനേജിലും എത്തിയിട്ടില്ല. ഇനി എവിടെ ചെന്ന് അനേഷിക്കാൻ ആണ്..? ” കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ച് ദേവ് ചുണ്ടോട് ചേർത്തു. ” നീ ടെൻഷൻ ആവാതിരിക്ക്. അവളെവിടെ പോവാൻ ആണ്. വൈകാതെ അവൾ നമ്മുടെ കയ്യിൽ എത്തുമെന്ന് എന്റെ മനസ്സ് പറയുന്നു.. ” നീരജ് ദേവിന്റെ ചുമലിൽ കൈവെച്ച് ആശ്വസിപ്പിച്ചു. ” എന്നെ വിഡ്ഢിയാക്കി കടന്ന് കളഞ്ഞതിന് അവളെ എന്റെ കയ്യിൽ കിട്ടുന്ന ദിവസം അവൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സമ്മാനം ഞാൻ കൊടുക്കുന്നുണ്ട്. ” ദേവിന്റെ കണ്ണിൽ പക ആളി കത്തി.

ദേവിനോട് എന്തോ പറയാൻ വന്നതും നീരജിന്റെ ഫോൺ റിംഗ് ചെയ്തു. ഫോണും കൊണ്ട് നീരജ് കുറച്ച് മാറി നിന്നു. ദേവ് ഗ്ലാസ്സിലെ ബാക്കി കൂടി കുടിച്ച് അടുത്ത പെഗ് ഒഴിച്ചു. ” ഞാൻ പറഞ്ഞില്ലേ അളിയാ അവള് നമ്മുടെ കയ്യിൽ കിട്ടാൻ സമയം ആയെന്ന്.. ” നീരജ് ഫോൺ കട്ട്‌ ചെയ്ത് സന്തോഷത്തോടെ ദേവിന്റെ അടുത്തേക്ക് വന്നു. ” എന്താ കാര്യം എന്നുവെച്ചാൽ മര്യാദക്ക് പറയെടാ..” ദേവ് അവനെ കലിപ്പിൽ ഒന്ന് നോക്കി. ” സഞ്ജയ്‌ ആണ് വിളിച്ചത്. ഞാൻ അവനോട് നയനയെ പറ്റി ഒന്ന് അനേഷിക്കാൻ പറഞ്ഞ് വിട്ടിരുന്നു. ” ” എന്നിട്ട് അവൻ എന്ത്‌ പറഞ്ഞു…? ” ദേവ് പ്രതീക്ഷയോടെ നീരജിന്റെ നോക്കി. ” നയന രക്ഷപെട്ട ദിവസം നിങ്ങൾ താമസിച്ചിരുന്ന വീടിന് ആറു കിലോമീറ്റർ മാറി ഒരു പെൺകുട്ടിക്ക് ആക്‌സിഡന്റ് പറ്റിയെന്ന് ഒരു ഇൻഫർമേഷൻ കിട്ടിയെന്ന് സഞ്ജു പറഞ്ഞത്… അതിൽ ഒന്ന് പിടിച്ചാൽ നയനയെ പറ്റി വിവരം കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു. അവള് പോകാൻ സാധ്യത ഉള്ളിടത്തൊന്നും ചെല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിച്ചിരിക്കാൻ ആണ് സാധ്യത. ” നീരജ് പറഞ്ഞ് നിർത്തിയതും ദേവ് ഒന്ന് ആലോചിച്ചു. ” ശരിയാ. ആ വഴിക്ക് ഒന്ന് അനേഷിക്കണം.

നീ വാ. ഇപ്പൊ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി നോക്കാം. ” ദേവ് വേഗം എഴുനേറ്റ് ബൈക്കിന്റെ കീ എടുത്തു. നീരജും ദേവിന്റെ കൂടെ പുറത്തിറങ്ങി. ************ രാത്രി പതിവ് പോലെ ആൽത്തറയിൽ ഇരിക്കുകയായിരുന്നു ശിവനും അരവിന്ദും. ” ശിവാ നീ അശ്വതിയെ വിളിച്ച് നോക്കിയോ..? ” അരവിന്ദ് ശിവന്റെ നോക്കി ചോദിച്ചു. ” വിളിച്ചു. ആ കുട്ടി ബാംഗ്ലൂർ ആണ്. അടുത്ത ആഴ്ച വരുള്ളൂ. അപ്പൊ നേരിട്ട് സംസാരിക്കാം എന്നാ പറഞ്ഞത്. ” ശിവൻ അരവിന്ദനെ നോക്കി മറുപടി കൊടുത്തു. ” എന്താണെന്ന് അറിയില്ല ശിവാ… അവളെ കുറിച്ച് അറിയാൻ എന്തെന്നില്ലാത്ത ആകാംഷ. അവളുടെ കണ്ണ് നിറയുമ്പോൾ എന്റെ നെഞ്ച് പിടയുന്നു… എന്റെ ലച്ചു മോള് ഇപ്പൊ നയനയുടെ അത്രയും ആയിട്ടുണ്ടാവും.. ” അരവിന്ദ് ശിവനിൽ നിന്ന് മുഖം തിരിച്ച് കണ്ണ് തുടച്ചു. ” എന്താടാ അച്ചു ഇത്…? ലച്ചു എവിടെ ആണെങ്കിലും സന്തോഷത്തോടെ ആയിരിക്കും. നീ അതോർത്ത് വിഷമിക്കാതെ.. ” ശിവൻ അരവിന്ദന്റെ തോളിൽ കയ്യിട്ട് ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.

” അങ്ങനെ കരുതാൻ തന്നെയാ എനിക്ക് ഇഷ്ട്ടം. എന്നാലും എത്രയൊക്കെ ശ്രെമിച്ചാലും ചിലനേരത്ത് സഹിക്കാൻ പറ്റില്ല. ലച്ചു മോൾടെ ഓർമ്മകൾ എന്നെ കൊല്ലാതെ കൊല്ലും. ” അരവിന്ദന്റെ ഉള്ളിലെ വേദന വാക്കുകളിൽ വ്യക്തം ആയിരുന്നു. ” അച്ചു ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഒക്കെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലച്ചു എന്നെങ്കിലും തിരിച്ച് വരുമെടാ. ” അരവിന്ദ് ശിവനെ നോക്കിയൊന്ന് നനഞ്ഞ ചിരി ചിരിച്ചു. ” ഞാൻ പോട്ടെടാ… അമ്മ കാത്തിരിക്കുന്നുണ്ടാവും.. ” ശിവന്റെ മറുപടിക്ക് കാക്കാതെ അരവിന്ദ് എഴുനേറ്റ് നടന്നു. അരവിന്ദ് നടന്നകലുന്നത് നോക്കി ഇരുന്ന ശിവന്റെ കണ്ണിലും രണ്ട് നീർത്തുള്ളികൾ പൊടിഞ്ഞു.

” നയന എവിടെ അമ്മേ..? ” ഭക്ഷണം കഴിക്കുന്ന നേരത്ത് നയനയെ കാണാതായപ്പോൾ അരവിന്ദ് ദേവകിയോട് തിരക്കി. ” മോൾക്ക് നല്ല തല വേദന ആണെന്ന് പറഞ്ഞ് നേരത്തെ കിടന്നു. ” അരവിന്ദന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പുന്നതിനിടയിൽ ദേവകി പറഞ്ഞു. ” ഭക്ഷണം കഴിച്ചിട്ടാണോ കിടന്നത്..? ” ” എന്നെ ബോധിപ്പിക്കാൻ രണ്ട് വറ്റ് കഴിച്ചു. പുറത്ത് പോയി വന്നത് മുതൽ മോള് ഇങ്ങനെ ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായോ മോനെ…? ” ദേവകി വേവലാതിയോടെ അരവിന്ദനെ നോക്കി. അരവിന്ദ് ഷോപ്പിംഗ് മാളിൽ വെച്ച് ഉണ്ടായതെല്ലാം ദേവകിയോട് പറഞ്ഞു. ” ഒന്നും ഓർക്കാൻ കഴിയാത്തത്തിന്റെ വിഷമം ആണ്. അമ്മ വിഷമ്മിക്കണ്ട. ” അത് പറഞ്ഞ് അരവിന്ദ് എഴുനേറ്റ് കൈ കഴുകി റൂമിലേക്ക് പോയി.

ഉറക്കത്തിൽ വീണ്ടും ആ തേങ്ങി കരച്ചിൽ കേട്ടാണ് നയന കണ്ണ് തുറന്നത്. ശ്രെദ്ധിക്കും തോറും ആ കരച്ചിൽ കൂടുതൽ ഉച്ചത്തിൽ ആവുന്നതായി അവൾക്ക് തോന്നി. എഴുനേറ്റ് ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോൾ ഒരു മണി ആയിട്ടുണ്ടായിരുന്നു. നയന ഡോർ തുറന്ന് പുറത്തിറങ്ങി വടക്ക് ഭാഗത്തുള്ള ആ റൂം ലക്ഷ്യമാക്കി നടന്നു. ആ കരച്ചിൽ വീണ്ടും ഉച്ചത്തിൽ കേൾക്കും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. റൂമിന്റെ മുന്നിൽ എത്തി അവൾ ഡോർ ആഞ്ഞു തള്ളി. ഡോർ ലോക്ക് ആയിരുന്നു. നിരാശയോടെ പോവാൻ നേരം ആണ് റൂമിന്റെ അടുത്ത ഷെൽഫിൽ ഒരു താക്കോൽ കണ്ടത്. പ്രതീക്ഷയോടെ അവൾ ആ താക്കോൽ എടുത്ത് ഡോർ തുറന്നു. അകത്ത് കയറി അതിനുള്ളിലെ കാഴ്ച്ച കണ്ടതും നയന ഒന്ന് ഞെട്ടി. കണ്ടത് വിശ്വസിക്കാൻ കഴിയാതെ കുറച്ച് നേരം അവൾ സ്തംഭിച്ച് നിന്നു. പെട്ടെന്ന് പുറത്ത് കടന്ന് നയന ഡോർ അടച്ച് അതിൽ ചാരി നിന്ന് നെഞ്ചിൽ കൈ വെച്ച് നിന്നു. ( തുടരും )