രചന – ഭദ്ര രുദ്ര
” ഹലോ …… ” മറുതലയ്ക്കൽ നിന്നും മൗനം ആയതിനാൽ അവൾ വീണ്ടും അതുതന്നെ ആവർത്തിച്ചു . ” ശ്രുതി …. ” പെട്ടെന്ന് തന്നെ മറുതലക്കൽ നിന്നും കേട്ട ശബ്ദത്തിനുടമയെ ശ്രുതി തിരിച്ചറിഞ്ഞിരുന്നു . അവളുടെ നാവ് യാന്ത്രികമായി തന്നെ ആ പേരു ഉച്ചരിച്ചിരുന്നു . ” സ്വാതി….. ” ” അപ്പോൾ നീ എന്നെ മറന്നിട്ടില്ല , അല്ലെ ? ” ” സ്വാതി … ഞാൻ … ” ” വേണ്ട ശ്രുതി , പറഞ്ഞു ബുദ്ധിമുട്ടണം എന്നില്ല . ” ” നിനക്കിപ്പോൾ എന്നോട് നല്ല ദേഷ്യം കാണും എന്ന് എനിക്കറിയാം . പക്ഷേ , എന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ ഞാൻ ചെയ്തതാണ് ശരി . ” ” എന്ത് ശരിയാണ് നിന്റെ ഭാഗത്തുള്ളത് ? ഇവിടെ ആരോടും പറയാതെ നാടു വിട്ടു പോയാതാണോ ശരി ? നിന്നെ ഒരു മകളെപ്പോലെ കണ്ട് സ്നേഹിച്ച ഒരു പാവം അച്ഛനും അമ്മയും ഉണ്ട് ഇവിടെ . അത് നീ മറക്കരുത് ” ” ഒന്നും മനപൂർവ്വം മറന്നതല്ല . ആരെയും പേടിച്ച് അവിടെ നിന്നും ഒളിച്ചോടിയതല്ല . ഞാൻ ഈ നാട്ടിൽ വന്നത് തന്നെ ചില കണക്കുകൂട്ടലുകളുമായാണ് . ഞാനെന്റെ ലക്ഷത്തിൽ എത്തിയതിനുശേഷം നിങ്ങളെ എല്ലാവരെയും കാണാൻ വരാം . അതുവരെ നീ കൂടുതലായി ഒന്നും തന്നെ എന്നോട് ചോദിക്കരുത് . ” അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു കൊണ്ട് ശ്രുതി കിച്ചുവിന്റെ കയ്യിലേക്ക് ഫോൺ തിരികെ ഏൽപ്പിച്ചു .
” ഇത്ര പെട്ടെന്ന് നിങ്ങളുടെ സംസാരം കഴിഞ്ഞോ ? ” “മ്മ് ” എന്ന് ഇരുത്തി മൂളി കൊണ്ട് ശ്രുതി റൂമിലേക്ക് കയറി പോയി . അവളുടെ ആ പോക്ക് കണ്ട് എന്തോ പന്തികേട് മണത്തു ഇരിക്കുമ്പോഴാണ് കിച്ചുവിന്റെ കയ്യിലെ ഫോൺ വീണ്ടും റിംഗ് ചെയ്തത് . അതിൽ സ്വാതി കോളിംഗ് എന്ന് കാണിക്കുന്നുണ്ടായിരുന്നു . കിച്ചു വേഗം കാൾ അറ്റൻഡ് ചെയ്തു . ” ഹലോ ശ്രുതി ” ” സ്വാതി ഞാൻ കിച്ചുവാ , ശ്രുതി ഫോൺ എന്റെ കയ്യിൽ തന്ന് റൂമിലേക്ക് പോയി ” ” കിച്ചുവേട്ട , അവിടെ അവൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ? ” ” ഇവിടെ എന്ത് പ്രശ്നം ? അവൾക്കു ചുറ്റും അവളെ സ്നേഹിക്കുന്ന അവളുടെ സ്വന്തം ഫാമിലി തന്നെയല്ലേ ഉള്ളത് , പിന്നെ അവൾക്ക് ഇവിടെ എന്ത് പ്രശ്നം ഉണ്ടാക്കാൻ ആണ് . അല്ല , ഇവിടെ എന്തെങ്കിലും പ്രശ്നം ഉള്ളതായി അവൾ പറഞ്ഞോ ? ” ” ഏയ് ഇല്ല കിച്ചുവേട്ട , എനിക്കെന്തോ അവളുടെ സ്വരത്തിൽ നിന്ന് തോന്നിയതാണ് . അവളുടെ ഉള്ളിൽ എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ , ഒരുപക്ഷേ അത് എന്റെ വെറും തോന്നൽ ആവാം ” ” അല്ല സ്വാതി എനിക്കും അങ്ങനെ തോന്നിയിരുന്നു .
അവളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് , എന്നാൽ അത് എന്നോട് തുറന്നുപറയാൻ അവൾ തയ്യാറാവുന്നില്ല ” ” അതെന്തായിരിക്കും ? ” ” അറിയില്ലടോ , ഇനിയൊരു പക്ഷേ ഇന്ന് നടന്ന സംഭവങ്ങൾ ഒക്കെ കൊണ്ടാണോ ? ” ” എഎന്ത് സംഭവങ്ങൾ ? ” ” അതോ ശ്രുതിക്ക് ഒരു ഫയർ ആക്സിഡന്റ് പറ്റിയായിരുന്നു . ” ” ഈശ്വരാ …. എന്നിട്ടോ ? ” ” ഏയ് പേടിക്കാനൊന്നുമില്ല . ദീപം തെളിയിക്കുന്നതിനിടയിൽ സാരിയിലേക്കും തീ പിടിച്ചതാണ് . പ്രഷർ വല്ലാതെ കുറഞ്ഞിരുന്നു പേടി കാരണം , ഇപ്പൊ കുഴപ്പമൊന്നുമില്ല . ” ” എന്നിട്ട് എന്താ കിച്ചുവേട്ടാ എന്നോട് ഒരു വാക്ക് പറയാതെ ഇരുന്നത് ? അവൾക്ക് പൊള്ളലേറ്റിരുന്നോ ? ” ” ഇല്ലെടോ , അവളുടെ മേലേക്ക് തീ ആളിക്കത്തുമ്പോഴേക്കും അഭി അവളെ രക്ഷിച്ചിരിക്കുന്നു . അവൻ തക്കസമയത്ത് അവളെയും കൊണ്ട് സ്കൂളിലേക്ക് ചാടി . ഒരു പോറൽ പോലും അവളുടെ മേല് പറ്റിയിട്ടില്ല . ” ” ഈശ്വരൻ കാത്തു … അല്ലെങ്കിലും അഭിയേട്ടൻ എന്നും അവൾക്ക് ഒരു രക്ഷകൻ ആയിരുന്നു .
സത്യം പറഞ്ഞാൽ അവരുടെ ജോലി സൂപ്പർ അല്ലേ . അഭിയെ പോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം . ” ” ഓഹോ അങ്ങനെ എന്ത് പ്രത്യേകതയാണ് അവനുള്ളത് ? ” ” പ്രത്യേകതകൾ പറയാൻ നിന്നാൽ ഒത്തിരി ഉണ്ട് . ” ” എന്നാൽ അതൊക്കെ ഒന്നു പറഞ്ഞാട്ടെ ഞാൻ ഒന്ന് കേൾക്കട്ടെ , നമുക്കൊന്നും ഇല്ലാത്ത എന്ത് ഗുണമേന്മ ആണ് അവന് ഉള്ളതെന്ന് . ” ” ഒരു പെണ്ണിനെ തനിച്ചു കിട്ടുമ്പോൾ വെറുമൊരു പെണ്ണായി കാണാതെ ഒരു ഏട്ടനെ പോലെ സംരക്ഷിക്കാനും , ഒരു അച്ഛനെ പോലെ ഉപദേശിക്കാനും , ഒരു നല്ല സുഹൃത്തിനെ പോലെ ഉപദേശിക്കാനും ശാസിക്കാനും സ്നേഹിക്കാനും ഉള്ള നല്ല മനസ്സുണ്ട് . ” ” എന്താ മോളെ അവനോട് വല്ല പ്രണയവും മൊട്ടിട്ട് തുടങ്ങിയോ ? ” ” ഇതാണ് നിങ്ങൾ ആൺകുട്ടികളുടെ പ്രശ്നം , ഒരു പെൺകുട്ടി ഒരു ആൺകുട്ടിയോട് ചിരിച്ച് സംസാരിച്ചാൽ , ഒരുമിച്ച് നടന്നാൽ , ഒരുമിച്ചു നിന്നാൽ അതിൽ പോലും പ്രണയം കണ്ടെത്തും . പ്രണയത്തെക്കാൾ എത്രയോ മനോഹരമായ സൗഹൃദത്തെയും സാഹോദര്യത്തെയും സദാചാര വാക്കുകൾ കൊണ്ട് അവഹേളിക്കും ”
” ടോ ടോ താൻ എന്തൊക്കെയോ പറയുന്നത് ? ഞാൻ ചുമ്മാ ചോദിച്ചതാ ട്ടോ . എനിക്കറിയാം നിങ്ങൾ മൂന്നുപേരും നല്ല ഫ്രണ്ട്സ് ആണെന്ന് ” ” ശരിയാ നല്ല ഫ്രണ്ട്സ് ആണ് . ശരിക്കും പറഞ്ഞാൽ എനിക്ക് ഒരു ഏട്ടനെ പോലെയാണ് . ” ” അപ്പോൾ ശ്രുതിക്കോ ??? ” ” അവളുടെ ബെസ്റ്റ് ഫ്രണ്ട് ” ” ഓ പിന്നേ , ബെസ്റ്റ് ഫ്രണ്ട് . എന്നിട്ടാണോ അവൾ ഇന്ന് ഞാൻ വിളിച്ചപ്പോൾ അവനെ തള്ളിപ്പറഞ്ഞു എന്റെ കൂടെ ഇറങ്ങി വന്നത് ” ” കിച്ചുവേട്ടൻ എന്താ പറഞ്ഞെ ? ” ” ആടോ , അവളെ ഇന്ന് ഞാൻ അവിടെ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോൾ അവൻ മാത്രമാണ് എതിർത്തത് . എന്നാൽ അവന് നല്ല ചുട്ട മറുപടി കൊടുത്തിട്ടാണ് അവൾ എന്റെ കൂടെ വന്നത് ” ” ഈ പെണ്ണിനെന്താ പ്രാന്താണോ ? ” ” എന്ത് ഭ്രാന്ത് , അവളുടെ ചേട്ടൻ വിളിച്ചപ്പോൾ അവൾ ഏട്ടന്റെ കൂടെ വന്നു , അതിൽ ഇപ്പോൾ എന്ത് തെറ്റാണുള്ളത് ? ” ” ഇത്രയും കാലം എന്നിട്ട് ഈ ഏട്ടൻ എവിടെ ആയിരുന്നു ? അവൾ പെങ്ങളാണെന്ന് കുറേക്കാലം മുൻപ് അറിഞ്ഞില്ലേ , എന്നിട്ട് അവളെ ചേർത്തു നിർത്തിയിരുന്നോ ? ഇല്ലല്ലോ , കൂടപ്പിറപ്പ് ആണെന്നറിഞ്ഞപ്പോൾ തള്ളിക്കളയുകയാണ് ചെയ്തത് .
എന്നാൽ അപ്പോൾ മുതൽ അവൾ എന്തൊക്കെ പറഞ്ഞ് ആട്ടി അകറ്റിയിട്ടും അവൾക്കൊരു കാവലായി അവൻ എന്നും ഉണ്ടായിരുന്നു . ഇപ്പോ ഏട്ടനെ കിട്ടിയപ്പോൾ അവൾ അവനെ തള്ളിപ്പറഞ്ഞു അല്ലേ , എങ്ങനെ കഴിഞ്ഞു അവൾക്ക് ഇത്രയ്ക്കും ക്രൂരയാവാൻ ? ഇത് സ്വാതി ചോദിച്ചതാണ് എന്ന് അവളോട് പറയണം ” സ്വാതിയുടെ മറുപടി കിച്ചുവിന്റെ മനസ്സിൽ തന്നെ കൊണ്ടു . അവനവനോട് തന്നെ വല്ലാത്തൊരു ജാള്യത തോന്നി . സ്വാതി പറഞ്ഞതിൽ ഒരു തെറ്റുമില്ല . അവൻ മൗനമായി തന്നെ നിന്നപ്പോൾ സ്വാതി ഫോൺ കട്ട് ചെയ്തു . അവന്റെ കാതിൽ അപ്പോഴും സ്വാതി പറഞ്ഞ ഓരോ വാക്കും അലയടിക്കുകയായിരുന്നു . * * *
ജനലിലൂടെ മുഖത്തെക്ക് അടിച്ച സൂര്യരശ്മികളുടെ പ്രഭാവത്താൽ ആണ് അഭി ഉറക്കമുണർന്നത് . ശരിക്കും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്തതു പോലെ അവനു തോന്നി . അവൻ റൂമിലെ ചുവരുകളിൽ കൈ ചേർത്തു പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു . തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടതിനാൽ അൽപനേരം ഷവറിനു ചുവട്ടിൽ പോയി നിന്നു . മനസ്സും ശരീരവും ഒന്ന് തണുത്തു എന്ന് തോന്നിയപ്പോൾ അവൻ പതിയെ ഹാളിലേക്ക് ചെന്നു . അവിടെ ടൈംടേബിൾ ഉണ്ടായിരുന്ന ടി കപ്പുകളിൽ ഒന്ന് എടുത്തു കുടിച്ചു . അപ്പോഴും ആ വീട്ടിലെ എല്ലാവരുടെയും ശ്രദ്ധ അവന്റെ മേൽ ആണെന്ന് മനസ്സിലാക്കിയിട്ടും അവൻ അവരെ ഒന്നും ഗവനിക്കാതെ തന്റെ റൂമിലേക്ക് തന്നെ കയറിപോയി . ജാനകിയും ഗൗരിയും നിറ കണ്ണുകളോടെ അവനെ തന്നെ നോക്കി നിന്നു . അതു മനസ്സിലാക്കിയിട്ട് എന്നോണം ലക്ഷ്മൺ അവനോട് സംസാരിക്കാം എന്ന് അവരോട് ആംഗ്യം കാണിച്ചു . എന്നിട്ട് ലക്ഷ്മൺ പതിയെ അഭിയുടെ റൂമിലേക്ക് നടന്നു . മലക്കെ തുറന്നിട്ടിരിക്കുന്ന വാതിൽക്കൽ നിന്നും ലക്ഷ്മണൻ ആ റൂമിലേക്ക് ഒന്നു നോക്കി .
എല്ലാം വാരി വലിച്ചിട്ടിരിക്കുന്നു , മൊത്തത്തിൽ പറഞ്ഞാൽ അവന്റെ റൂമും മനസ്സും ഒരുപോലെ കലങ്ങി മറിഞ്ഞു കിടക്കുകയാണെന്ന് ലക്ഷ്മണന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി . ” അഭി …. ” ലക്ഷ്മണൻ അകത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ വിളിച്ചു . അപ്പോൾ അഭി ശ്രുതിയുടെ റൂമിൽ നിന്നും പതിയെ പുറത്തേക്ക് ഇറങ്ങി വന്നു . അവന്റെ കയ്യിൽ അവൾ വരച്ച പെയിന്റിംഗ്സ് ഉണ്ടായിരുന്നു . ” എന്താ മോനെ ഇതൊക്കെ ? ” ലക്ഷ്മണൻ അവനെ നോക്കി ദുഃഖത്തോടെ ചോദിച്ചു . ” അത് ചെറിയച്ചാ , ഞാൻ ഇന്നലെ കുറച്ചു ഓവർ ആയി പോയി . അതിന്റെ ഹാങ്ങ് ഓവറാണ് റൂം എല്ലാം ഇങ്ങനെ വൃത്തികേട് ആയത് ” ” ഞാൻ അതല്ല ചോദിച്ചത് അഭി , നിനക്കെന്താ പറ്റിയത് ? നീ എന്നുമുതലാണ് മദ്യപാനം തുടങ്ങിയത് ? ” ” ഓ അതാണോ , ഞാൻ അങ്ങനെ ഒരു ശീലം തുടങ്ങിയിട്ടില്ലായിരുന്നു , പിന്നെ ഇന്നലെ കഴിക്കേണ്ടിവന്നു ” ” ആർക്കുവേണ്ടി ? നിന്നെ ഇട്ടേച് പോയ ഒരു പീറ പെണ്ണിന് വേണ്ടിയോ ” ” വാട്ട് ? ചെറിയച്ഛനോട് ആരു പറഞ്ഞു ഞാൻ ശ്രുതി പോയതുകൊണ്ടാണ് മദ്യപിച്ചതെന്ന് ? ” ” പിന്നെ നീ ഇന്നലെ ഇവിടെ കാണിച്ചു കൂട്ടിയത് എല്ലാം എന്താ ? ” ഒഴുക്കൻ മട്ടിലുള്ള അഭിയുടെ സംസാരം ലക്ഷ്മണനെ തെല്ലൊന്നു ചൊടിപ്പിച്ചു .
എങ്കിലും , അതിനുള്ള അഭിയുടെ മറുപടി അയാളുടെ മനസ്സിൽ സംശയങ്ങൾ രൂപംകൊള്ളാൻ ഇടയാക്കി . അത് എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ മറ്റു രണ്ടുപേരുംകൂടി ഇതെല്ലാം കേട്ടുകൊണ്ട് അവന്റെ റൂമിന് പുറത്ത് ഉണ്ടായിരുന്നു . അഭി ലക്ഷ്മണനോട് മനസ്സ് തുറക്കും എന്ന് ഉറപ്പുള്ളതിനാൽ ആണ് ജാനകിയും ഗൗരിയും ചേർന്നു അവന്റെ റൂമിലേക്ക് ലക്ഷ്മണനെ പറഞ്ഞുവിട്ടത് . ” ശ്രുതി ഇവിടെനിന്ന് പോയതിൽ എനിക്ക് നല്ല വിഷമം ഉണ്ട് എന്നത് ശരിയാണ് . എന്ന് കരുതി അവൾ പോയത് കൊണ്ടല്ല ഞാൻ ഇന്നലെ മദ്യപിച്ചത് . അവൾ എപ്പോഴൊക്കെ എന്നിൽ നിന്നും അകന്നു പോയിട്ടുണ്ടോ , അപ്പോഴൊക്കെ അതിനേക്കാൾ നൂറിരട്ടി ശക്തിയോടെ ഈശ്വരൻ അവളെ എന്നിലേക്ക് അടിപ്പിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ അവളിപ്പോൾ പോയതും , പോയതിനേക്കാൾ കൂടുതൽ എന്നിലേക്ക് അടുക്കാൻ വേണ്ടി തന്നെയാണ് . ” ” അപ്പോൾ നീ ഇന്നലെ മദ്യപിക്കാൻ എന്താ കാരണം ? ” ” കാരണം … കാരണം ഒന്നേയുള്ളൂ … എന്റെ അമ്മ ” അഭിയുടെ ആ വാക്കുകൾ ഗൗരിയുടെ നെഞ്ചിനകത്ത് ഒരു പ്രളയം തന്നെ സൃഷ്ടിച്ചു .
” എന്താ അഭി നീ പറയുന്നത് ? നിന്റെ അമ്മ എന്ത് ചെയ്തെന്നാണ് ? ” ” ഞാൻ ഇന്നലെ മദ്യപിച്ചുവെങ്കിൽ അമ്മ മാത്രമാണ് കാരണക്കാരി ” അതു കേട്ടതും ഗൗരിയുടെ കണ്ണുകളിൽ ധാരധാരയായി നിറഞ്ഞ് ഒഴുകാൻ തുടങ്ങി . ” അഭി ……. ” ” ശബ്ദം എടുക്കേണ്ട ചെറിയച്ഛാ , ഞാൻ പറഞ്ഞത് സത്യമാണ് ” അഭിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . അത് കണ്ടപ്പോൾ വളരെ ശാന്തമായി ലക്ഷ്മണൻ അവനെ ചേർത്തുപിടിച്ചു . ” എന്താ മോനെ നീ ഈ പറയുന്നത് ? ” ” അവളെ ഞാൻ ഇങ്ങോട്ടു കൊണ്ടു വരുമ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു . മറ്റാരൊക്കെ എതിർത്താലും എന്റെ അമ്മ അവളെ സ്വീകരിക്കുമെന്ന് , സ്നേഹിക്കുമെന്ന് , അംഗീകരിക്കുമെന്ന് . എന്നാൽ അമ്മയുടെ ഭാഗത്തു നിന്ന് അതൊന്നും തന്നെ ഉണ്ടായില്ല .
പക്ഷേ അതിലേറെ എന്നെ തളർത്തിയത് , അവളൊരു അമ്മയില്ലാതെ വളർന്ന കുട്ടിയാണെന്ന് അറിഞ്ഞിട്ടു കൂടി , അവളുടെ കണ്മുന്നിൽ വച്ച് അവൾ കുഞ്ഞായിരിക്കുമ്പോൾ അവളുടെ അമ്മ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞിട്ടു കൂടി എന്റെ അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു അവളോട് ഇവിടെനിന്ന് ഇറങ്ങിപ്പോകാൻ പറയാൻ ? അത്രയ്ക്ക് ക്രൂരയാണോ എന്റെ അമ്മ ? ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ചെറിയച്ഛാ , അമ്മയിൽ നിന്ന് ഇങ്ങനെയൊരു …. എങ്ങനെ കഴിഞ്ഞു ചെറിയച്ഛ എന്റെ അമ്മയ്ക്ക് അവളോട് അങ്ങനെ പെരുമാറാൻ … അവൾ ഇവിടെ എല്ലാവരെയും സ്നേഹിച്ചിട്ടേ ഉള്ളൂ …. അവളെ വേദനിപ്പിചിട്ട് കൂടി അവൾ തിരിച്ച് ആരെയും നോവിച്ചിട്ടില്ല . പകരം സ്നേഹിച്ചിട്ടേ ഉള്ളൂ , എന്നിട്ടും അവളെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ ….. അമ്മ പറഞ്ഞ ഒറ്റവാക്കിന്റെ പുറത്താണ് അവൾ ഇന്നലെ ഇവിടെ നിന്നും ഒഴിഞ്ഞു മാറി പോയത് .
പക്ഷേ എന്റെ മനസ്സിൽ നിന്നും ഇറക്കി വിടാൻ അമ്മയ്ക്ക് കഴിയില്ലല്ലോ , അവൾ ഇന്നലെ എന്നെ വേദനിപ്പിച്ചു ഇറങ്ങിപോകുമ്പോഴും എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നത് , എന്റെ അമ്മയുടെ മൗനമായിരുന്നു . ” അത്രയും പറഞ്ഞ് അവൻ ചെറിയച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു . പുറത്ത് ഗൗരിയും നിലത്തിരുന്ന് കരയുകയായിരുന്നു . എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ജാനകി അവൾക്കരികിൽ തന്നെയിരുന്നു . * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *ൽ കൃഷ്ണദാസിന്റെ വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു . അതിൽ നിന്ന് ഇറങ്ങിയ ആൾ നേരെ ആ വീടിനുള്ളിലേക്ക് പ്രവേശിച്ചു . ( തുടരും)

by