22/04/2026

അപ്സര : അവസാന ഭാഗം

രചന – ഐശ്വര്യ അനിൽകുമാർ

“രാവിലേ എങ്ങോട്ടാ പോയത്?”

“എങ്ങോട്ടായാലെന്താ… ഞാൻ ഒഴിഞ്ഞ് പോകാനല്ലേ കാത്തിരിക്കുന്നത്..”

അവൾ പറഞ്ഞത് അവനെ ഒരുപാട് വേദനിപ്പിച്ചു.

‘ഞാൻ അങ്ങനെയാണോ ആഗ്രഹിക്കുന്നത്?’അവൻ ചിന്തിച്ചു. ഇല്ല എന്ന മറുപടിയിൽ എത്തിച്ചേരുകയും ചെയ്തു.

പിന്നീട് അവൻ ഒന്നും ചോദിക്കാൻ പോയില്ല.അവൾ ഒന്നും പറഞ്ഞതുമില്ല.എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ മൗനം അവനെ വല്ലാതെ വേദനിപ്പിച്ചു. അവൾ കൂടുതൽ സമയവും ലാപ്ടോപ്പിന് മുന്നിൽ ചിലവഴിച്ചു.അവൻ ചെയ്യുന്ന പോലെ.

പിറ്റേന്ന് രാവിലെ പതിവുപോലെ അവൻ ഓഫീസിൽ പോകാൻ തയ്യാറായി.എന്നും മടിപിടിച്ച് എഴുന്നേൽക്കുന്ന അപ്പു എല്ലാം ചുറുചുറുക്കോടെ ചെയ്യുന്നത് അവനിൽ അത്ഭുതമുണ്ടാക്കി.രണ്ടു പേരും ഓഫീസിൽ പോകാൻ ഇറങ്ങി.

“അപ്പൂ….എന്റെ കൂടെയല്ലേ വരുന്നത്.”
ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ലെങ്കിലും അവൾക്ക് ഒത്തിരി സന്തോഷം തോന്നി.
അവൾ ഒന്നും മിണ്ടാതെ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു.അവൻ ചിരിച്ചുകൊണ്ട് കാർ എടുത്തു.
അവർ കാറിൽ പോകുന്നത് കണ്ട പ്രഭാകരൻ ഗീതയോട് പറഞ്ഞു.

“ഒറ്റ ദിവസം കൊണ്ട് ഇത്രയും മാറ്റം ഉണ്ടാവോ?നീ കണ്ടില്ലേ…”

“എല്ലാം ശെരിയാകും.. അപ്പു ആള് മിടുക്കിയാ..”അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.

രണ്ടു പേരും കൃത്യ സമയത്ത് തന്നെ ഓഫീസിൽ എത്തി.അവൻ മുന്നേ നടന്നു.എല്ലാ സ്റ്റാഫ്‌സ്സും അവന് അൽപ്പം ഭയത്തോടെ ഗുഡ് മോർണിംഗ് വിഷ് ചെയ്തപ്പോൾ അവളോട് സ്നേഹത്തോടെ പറഞ്ഞു. അവൻ നേരെ ചെന്ന് കാബിനിൽ ഇരുന്നു.അവൾ അപ്പോഴും എല്ലാവരോടും സംസാരിച്ചു നിൽക്കുകയാണ്.

‘നാലാൾ കൂടി നിൽക്കുന്നത് കണ്ടാ മതി.അവിടെ പോയി കത്തിയടിച്ച് നിന്നോളും.പിന്നാരും സംസാരിക്കേണ്ടി വരില്ല.എല്ലാം അവൾ തന്നെ പാറഞ്ഞോളും.റേഡിയോ തന്നെ.’അവൻ അവളെ നോക്കി ചിരിച്ചു.

അവൻ നോക്കി ചിരിക്കുന്നത് അവൾ കണ്ടു.
‘ബംഗാളി എന്നെ എന്തോപറഞ്ഞ് ചിരിക്കുവാണല്ലോ.ആ…പുരോഗമനം ഉണ്ട്.”

അവൾ തന്റെ കാബിനിലേക്ക് പോയി.ഓഫീസിലെ കാര്യങ്ങൾ പരിചയപ്പെട്ടു തുടങ്ങുന്നതേ ഉള്ളതിനാൽ എല്ലാവരും അവളെ സഹായിച്ചു.അവൾ എല്ലാം പെട്ടെന്ന് പഠിച്ചെടുക്കുകയും ചെയ്തു.

ലഞ്ച് ടൈമിൽ ഇന്നലത്തെ പോലെ അവൾ സ്റ്റാഫ്‌സിനോടൊപ്പം കാന്റീനിൽ ആണ് ഇരുന്നത്.അവൾ എല്ലാവരോടും കളിച്ചു ചിരിച്ച് ഇരുന്നു.അപ്പോഴേക്കും വിനു അങ്ങോട്ട് വന്നു.എല്ലാവരും ഞെട്ടി എഴുന്നേറ്റു അപ്പു ഒഴികെ.അവൾ അവനെ അത്ഭുതത്തോടെ നോക്കി.അവൻ പതിയെ അവർക്കിടയിൽ അവൾക്ക് നേരേയായി വന്നിരുന്നു.

“സാർ… ഇവിടെ…സാറിനുള്ള ഫുഡ് കാബിനിൽ എത്തിച്ചിരുന്നല്ലോ.”
ഒരാൾ പറഞ്ഞു.
എല്ലാവരും മറുപടിക്കായി അവനെ നോക്കി.അപ്പു അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നത് തുടർന്നു. അവൻ അവളെ തന്നെ നോക്കി പറഞ്ഞു.

“ഇനി ഇങ്ങനെ ആവാന്ന് കരുതി. ഇടക്കൊക്കെ ഒരു ചേഞ്ച്‌ വേണ്ടേ..”

“ഇതതൊന്നുമല്ല..അങ്ങേര് ഭാര്യയെ ട്യൂൺ ചെയ്യാനിറങ്ങിയതാ”പലരും അടക്കം പറഞ്ഞു ചിരിച്ചു.
അവൾ പഴയത് പോലെ എല്ലാവരോടും സംസാരിച്ചിരുന്ന് കഴിച്ചു.ഇടയ്ക്ക് അവളെ നോക്കിയിരിക്കുന്ന അവനെ കണ്ട് പുഞ്ചിരിച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.അവൾ ഓഫീസിലെ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്തു.അവന് അത് വലിയൊരു സഹായമായി മാറി.ഓഫീസിൽ ഇപ്പോൾ എന്ത് കാര്യത്തിനും അപ്സര മേഡം വേണമെന്ന സ്ഥിതിയായി.

അപ്പു ഇപ്പോൾ അവന്റെ പുറകേ നടന്ന് പണ്ടത്തെപ്പോലെ മിണ്ടാൻ നടക്കാറില്ല.അവൻ പറയുന്നതിന് മറുപടി കൊടുക്കും എന്ന് മാത്രം.പക്ഷേ പരസ്പരം അവർ അറിയാതെ തന്നെ സഹായിച്ചു പോന്നു.

അങ്ങനെ ഒരു അമേരിക്കൻ കമ്പനി ഇവരുമായി ഒരു ഡീൽ സൈൻ ചെയ്യാൻ തയ്യാറായി. അതിന് വേണ്ട പ്രസന്റേഷൻ തയാറാക്കിയത് അപ്പു ആയിരുന്നു. അവർക്കത് ഒരുപാട് ഇഷ്ടമാവുകയും അവർ അവരെ ഡിന്നറിന് ക്ഷണിക്കുകയും ചെയ്തു.

അപ്പു വിവാഹത്തിന് ശേഷം അന്ന് ആദ്യമായി സാരി ഉടുത്തു.അവൻ നേരത്തെ ഒരുങ്ങി കാറിനടുത്തേക്ക് എത്തി ഫോൺ വിളിച്ചു കൊണ്ട് നിൽക്കുകയാണ്.
അപ്പോൾ അവൾ അങ്ങോട്ട് ചെന്നു. ഡിസൈനർ സാരിയിൽ അവൾ അതി സുന്ദരിയായിരുന്നു.മുഖത്തേക്ക് വീഴുന്ന മുടിയിഴകളെ വിരലുകൾ കൊണ്ട് ഒതുക്കി വച്ചുകൊണ്ട് നടന്ന് വരുന്നത് അവൻ നോക്കി നിന്നു.

ഫോണിൽ നിന്നും മറുഭാഗത്തെ ഹലോ എന്നുള്ള ശബ്ദം മുഴങ്ങി കേട്ടു.അവൻ അറിഞ്ഞതേയില്ല. അവളെ നോക്കി വായും തുറന്ന് നിൽപ്പാണ്.അത് നോക്കി ചിരിച്ചുകൊണ്ട് അവൾ കാറിൽ കയറി ഇരുന്നു.അവനും.കാറിനുള്ളിൽ കയറിയാണ് ഫോണിന്റെ കാര്യം ഓർത്തത്.പിന്നെ വിളിക്കാന്ന് പറഞ്ഞ് അവൻ ഫോൺ വച്ചു.എന്നിട്ട് അവളെ നോക്കിയിരുന്നു.

“പോണ്ടേ…ഇങ്ങനെ ഇരുന്നാൽ മതിയോ”

“എങ്ങട്”അവൻ ചോദിച്ചു.

“ഇപ്പോൾ അങ്ങനെ ആയോ.”

“ഏ…. ആ….പോണം”അവൻ കാറെടുത്തു.

“യൂ ലുക്ക് സോ ബ്യുട്ടിഫുൾ ടുഡേ”

“ഓ… താങ്ക്സ്”അവൾ പുഞ്ചിരിച്ചു.

“ഇന്ന് നമ്മൾ പോകുന്നത് ഒരു ഇമ്പോർട്ടന്റ് ഡിന്നറിനാണ്.അതും ഫോറിൻ ക്ലയിന്റ്സുമായിട്ട്.സോ നമ്മൾ നല്ല മാനേഴ്സ് കീപ് ചെയ്യണം”

“അതൊക്കെ എനിക്കറിയാം.”

‘പക്ഷേ അവര് കഴിക്കുന്നത് പോലെ ഫോർക്കും കത്തിയും വച്ച് കഴിക്കാനൊന്നും എനിക്കറിയില്ലല്ലോ.”അവൾ ചിന്തിച്ചു.

അവർ കൃത്യ സമയത്ത്‌ എത്തിച്ചേർന്നു.രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.

“ഹായ്…മിസ്റ്റർ ആൻഡ് മിസ്സിസ് അവിനാശ്…ഇറ്റ്‌സ് സോ നൈസ് ടു ഹാവ് യൂ ഗയ്‌സ് വിത് അസ്”

“ഇറ്റ്‌സ് ആൾ ഔർ പ്ലെഷർ”അവിനാശ് മറുപടി പറഞ്ഞു.

“യു ലുക്ക് സോ ബ്യൂട്ടിഫുൾ ഇൻ താറ്റ് ഡ്രസ്സ്”ഒരു മദാമ്മ പറഞ്ഞു.

“താങ്ക്സ്”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ച് ചൈനീസ് ഡിഷ് ആണ് അവർ ഓർഡർ ചെയ്തത്.അവർ ബിസിനസ് കാര്യങ്ങളൊക്കെ സംസാരിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.താനൊഴികെ എല്ലാവരും ഫോർക്കും നൈഫുമൊക്കെ ഉപയോഗിച്ച് കഴിക്കുന്നത് അവൾ ശ്രദ്ധിച്ചു.

അവൾ ആദ്യം അതുപയോഗിക്കാന്ന് കരുതിയെങ്കിലും പിന്നീട് വേണ്ടാന്ന് വച്ച് കൈ ഉപയോഗിച്ച് കഴിച്ചു. എല്ലാവരും അത് ശ്രദ്ധിക്കുന്നത് കണ്ട് അവൾ പുഞ്ചിരിച്ചു.

“അക്കോർഡിങ്ങ് ടു ഔർ കൾച്ചർ വി പ്രെഫർ ടു ഹാവ് ഫുഡ് യൂസിങ് ഹാൻഡ്‌സ്.”എന്നിട്ട് അവൾ എന്തോ സൈന്റിഫിക് റീസനൊക്കെ പറഞ്ഞു കൊടുത്തു.അങ്ങനെ അവരും കൈ വച്ച് തന്നെ തിന്നാൻ തുടങ്ങി.

വിനു അവളെ കണ്ട് ചിരിച്ചു.
‘ഇവള് കൊള്ളാല്ലോ… ഞാൻ അവരെ അനുകരിക്കാൻ പറഞ്ഞപ്പോൾ ഇവൾ അവരെക്കൂടി അവളെ പോലെ ആക്കിയെടുത്തല്ലോ. മിടുക്കി’അവൻ അവളെ കൗതുകത്തോടെ നോക്കി.

കുറച്ച് നേരം അവരുമൊത്ത് സംസാരിച്ച് അവർക്ക് കുറച്ച് മലയാളം പഠിപ്പിച്ചു കൊടുത്തിട്ടാണ് അവർ പോയത്.

കാറിൽ ഇരിക്കുമ്പോൾ റേഡിയോയിലൂടെ ഒഴുകിയ പാട്ട് അവൾ ഏറ്റു പാടി.

“പാട്ടൊക്കെ പാടാൻ അറിയാവോ”

“പിന്നേ… ഇതൊക്കെ അറിയാൻ നേരെ സംസാരിച്ചല്ലേ പറ്റൂ.അതെങ്ങനെ ആറു മാസം കഴിഞ്ഞു.എല്ലാം എന്റെ വിധി”

അവൾ പറയുന്നത് ശെരിയാണ്.പരസ്പരം ഒരുപാട് കാര്യങ്ങൾ അറിയാതെ ഉണ്ട്.അവൻ കാർ റോഡരികിൽ നിർത്തി.അവൾ അവനെ സംശയഭാവത്തിൽ നോക്കി.

“ഫ്രണ്ട്‌സ്….”
അവൻ കൈ നീട്ടിക്കൊണ്ടു ചോദിച്ചു.

“ഇതെന്തുപറ്റി….നന്നാവാൻ തീരുമാനിച്ചോ”

“അന്ന് താൻ പറഞ്ഞില്ലേ…ഡ്രീമിനെ പറ്റി.. നമുക്കത് ട്രൈ ചെയ്ത് നോക്കാം…സോ ആദ്യം ഫ്രണ്ട്‌സ്”

അവൾ ചിരിച്ചുകൊണ്ട് അവന് കൈ കൊടുത്തു.

“ഇപ്പോൾ നിനക്ക് എന്ത് ചെയ്യാൻ തോന്നുന്നു….ഞാൻ നടത്തിത്തരാം”

“എനിക്ക് ഇപ്പോൾ ബീച്ചിൽ പോയി ഒരു ഐസ് ക്രീം തിന്നാൻ തോന്നുവാ…പറ്റോ”

“പിന്നെന്താ…പക്ഷേ ഇപ്പോൾ തന്നെ ഡെസേർട് കൊറേ തിന്നതാ…ഐസ് ക്രീം വേണോ”

“അതിനിപ്പോൾ എന്താ…പറ്റുമെങ്കിൽ മതി…ഇല്ലെങ്കിൽ എന്നെ വീട്ടിൽ കൊണ്ടാക്ക്”

അവൻ ബീച്ചിലേക്ക് ഡ്രൈവ് ചെയ്തു. എട്ടര മണി കഴിഞ്ഞു. അധികം ആളുകളില്ല.തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു.ചെരുപ്പ് കൈയിലെടുത്ത് അവർ നടന്നു.വഴിയിൽ നിന്നും ഐസ് ക്രീം വാങ്ങി അത് നുണർന്നുകൊണ്ട് അപ്പു നടന്നു.

“രാത്രിയിൽ ബീച്ചിൽ വരുക…ഐസ് ക്രീം തിന്നുക…ഈ വട്ടൊക്കെ പണ്ടേ ഉള്ളതാണോ”

“അച്ഛൻ വരുമ്പോൾ പോകാറുണ്ട്. എനിക്ക് ഒരുപാടിഷ്ടമാണ് കടൽ.എത്ര കണ്ടാലും മതിവരില്ല.”
അവർ മണലിൽ ഇരുന്നു.

“അന്ന് ഞാൻ ദേഷ്യപ്പെട്ടത്തിന് സോറി കേട്ടോ…എപ്പോഴും പറയാന്ന് കരുതും. പിന്നെ…”

“ആ വാക്ക് പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ് പലർക്കും. പക്ഷേ പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ ഉളളൂ എല്ലാവർക്കിടയിലും.”

അവൻ മൂളി.കുറച്ച് നേരം അവർ സംസാരിച്ചിരുന്നു.പരസ്പരം അറിഞ്ഞു.

“ഏട്ടനെന്താ ഫേസ്ബുക്കിൽ ഫോട്ടോയൊന്നും ഇടാത്തത്”

“ആ..ഞാൻ അങ്ങനെ ഫോട്ടോ എടുക്കാറില്ല.”

“അപ്പോൾ നമുക്കൊരു സെൽഫി എടുത്താലോ…”

“ഈ ഇരുട്ടത്തോ…”

“അതിനല്ലേ ഫോണിൽ ഫ്രണ്ട് ഫ്ലാഷ്”

അവൾ ഫോണെടുത്ത് സെൽഫി എടുക്കാൻ തുടങ്ങി.

“ഇങ്ങനെ എപ്പോഴും ഗ്യാസും പിടിച്ച് ഇരിക്കണമെന്നില്ല.ഇടയ്ക്കൊക്കെ ഒന്നു ചിരിക്കാം”

അവൻ ചിരിച്ചു. അവൾ അത് കാമറയിൽ പകർത്തി.

“ഫോട്ടോയിൽ ആള് എന്നേക്കാൾ ഗ്ലാമറട്ടോ.അടുത്ത തവണ ഇങ്ങനെ മനോഹരമായി ചിരിക്കണ്ടട്ടോ.സ്റ്റാറ്റസിട്ടാൽ എന്നെ ആരും ശ്രദ്ധിക്കില്ല”അവൾ കളിയാക്കി പറഞ്ഞു.

അവൾ പതിയെ എഴുനേറ്റു.
“പിന്നേ ഫോട്ടോയിൽ ആ ബംഗാളി ലുക്ക് നല്ലോണം അറിയാട്ടോ”അവൾ ചിരിച്ചുകൊണ്ട് കാറിനടുത്തേക്ക് ഓടി.

“ഇവളെ ഇന്ന് ഞാൻ”
അവനും പുറകേ ഓടി.അങ്ങനെ സന്തോഷത്തോടെ അവർ വീട്ടിലേക്ക് വന്നു.രണ്ടും കൂടി കളിച്ചുചിരിച്ചു റൂമിലേക്ക് കയറിപോകുന്നത് കണ്ട് പ്രഭാകരൻ പറഞ്ഞു.

“കീരിയും പാമ്പും പോലെ നടന്ന പുള്ളേരാ… എന്തു പറ്റിയോ ആവോ”

“ഇപ്പോൾ അവര് സന്തോഷിക്കുന്നതായോ കുറ്റം…എന്നും ഇങ്ങനെ പോയാൽ മതിയായിരുന്നു”
ഗീത പറഞ്ഞു.

രാത്രിയിൽ അപ്പു നന്നായി ചുമയ്ക്കുന്നുണ്ടാരുന്നു.അവൻ എഴുനേറ്റ് അവളുടെ നെറ്റിയിൽ കൈ വച്ച് നോക്കി.നല്ല പനിയുണ്ട്.

“ശോ… നല്ല ചൂടുണ്ടല്ലോ…ഒള്ള ഐസ് ക്രീം ഒക്കെ വാരിതിന്ന് തണുപ്പടിച്ചിട്ടാവും.”അവൻ ഏ സി ഓഫ് ചെയ്തു.

അവൻ ഉടനെ ഗീതയെ വിളിച്ചു. അവര് ഒരു തുണിയിൽ വെള്ളം വച്ച് അവളുടെ നെറ്റിയിൽ വച്ചു കൊടുത്തു.ഇടക്കിടക്ക് നനച്ച് വെക്കണമെന്ന് അവന് നിർദേശം കൊടുത്തിട്ട് പോയി.അവൻ അവൾക്കരുകിലായി അന്ന് രാത്രി മുഴുവൻ ഇരുന്നു.

രാവിലെ.എഴുന്നേറ്റപ്പോൾ അവൾ തനിക്കരികിലായി കസേരയിട്ട് ഉറങ്ങുന്ന അവനെയാണ് കണ്ടത്. അവൾ എണീക്കാൻ ശ്രമിച്ചു. പക്ഷേ തല കറങ്ങുന്നത് പോലെ.
അപ്പോഴേക്കും അവൻ ഉണർന്നു.

“എന്താ…എന്തെങ്കിലും വേണോ…”

“ഞാൻ…എണീക്കാൻ”

“അവിടെ അടങ്ങി കിടന്നോ.രാത്രി നല്ല പനിയുണ്ടാരുന്നു. അതെങ്ങനാ ഉള്ള തണുത്തതൊക്കെ വാരി തിന്നിട്ട് ഏ സിയിട്ട് കിടന്നാൽ ഇങ്ങനൊക്കെ വരും.”

“അതുകൊണ്ടൊന്നുമല്ല”അവൾ പരിഭവത്തോടെ പറഞ്ഞു.

അപ്പോഴേക്കും ഗീത ചുക്ക് കാപ്പിയുമായി വന്നു.അവൾക്ക് നേരെ നീട്ടിയിട്ട് കുടിക്കാൻ പറഞ്ഞു.

“അയ്യോ…എനിക്കിതൊന്നും വേണ്ട…ഇത് ഭയങ്കര കയ്പ്പും എരിയുമാ”അവൾ കുഞ്ഞുങ്ങളെപ്പോലെ പറഞ്ഞു.

“കുടിച്ചേ പറ്റൂ”
അവൻ അത് വാങ്ങി അവൾക്ക് കൊടുത്തു.ആദ്യം വേണ്ടാന്ന് പറഞ്ഞിട്ടും അവൻ ദേഷ്യത്തിൽ നോക്കിയപ്പോൾ വാങ്ങി കുടിച്ചു. കുടിച്ചു കഴിഞ്ഞ് അവളുടെ മുഖത്ത് വിരിഞ്ഞ നവരസങ്ങളെ കണ്ട് അവന് ചിരിവന്നു.

“ദേവു വരില്ലേ മോനെ”ദേവിക ഡോക്ടറാണ്.

“ആ വിളിച്ചിട്ടുണ്ടമ്മേ… ഇപ്പോൾ വരാന്ന് പറഞ്ഞു.”

ദേവിക വന്ന് പരിശോധിച്ചിട്ട് രണ്ടു ദിവസം റെസ്റ്റ് പറഞ്ഞിട്ട് പോയി.കുറച്ച് ഗുളികയും കൊടുത്തു.
രണ്ടു ദിവസം അവനും ഓഫീസിൽ പോയില്ല.അവളെ നോക്കിക്കൊണ്ട് വീട്ടിൽ നിന്നു. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ അവളെ പരിപാലിച്ചു.അവന്റെ സാമീപ്യം അവൾക്ക് ഒത്തിരി സന്തോഷം നൽകി.

ദിവസങ്ങൾ കഴിയുന്തോറും അവർ കൂടുതൽ അടുത്ത് തുടങ്ങി. ഓഫീസിൽ രണ്ട് കാബിനിൽ നിന്ന് ഒന്നിലേക്ക് മാറി.സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറി.തുറന്ന് പറയാതെ ഇരുവരും പരസ്പരം പ്രണയിച്ചു.

അങ്ങനെ ക്രിസ്മസ് ആയി.അപ്പു തന്നെ മുന്നിട്ടിറങ്ങി ആഘോഷങ്ങൾ പൊടിപൊടിച്ചു.ന്യൂ ഇയർ പാർട്ടിയും ഉണ്ടായിരുന്നു. എല്ലാത്തിനും ഓടി നടന്ന് അവൾ എല്ലാവരെയും സന്തോഷിപ്പിച്ചു.
പന്ത്രണ്ട് മണിയായപ്പോൾ എല്ലാവരും പരസ്പരം വിഷ് ചെയ്തു. അവനെ മാത്രം അവൾ കണ്ടില്ല.അവൾ അവനെ അന്വേഷിച്ചു നടന്നു.

“യൂ ആർ ദി മോസ്റ്റ് ബ്യൂട്ടിഫുൾ തിങ് എവർ ഹപ്പെൻഡ് ടു മി…ഐ ലവ് യൂ….അത് വേണ്ട…അതിത്തിരി ഓവർ ആകും…ഐ ലവ് യു സോ മച്ച്” ഒരു റോസാപ്പൂവ് പിടിച്ച് അവൻ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുവാണ്.

“എന്താ ഇവിടെ പരിപാടി…അങ്ങോട്ട് വാ എല്ലാവരും തിരക്കുന്നു.”
പുറത്ത് ഒറ്റക്കിറങ്ങി നിൽക്കുന്ന അവനെ കണ്ട് അവൾ ചോദിച്ചു.

“ഞാൻ….വെറുതേ…”അവൻ പൂ മറച്ചു പിടിച്ചു.

“ഞാൻ കുറച്ചു കഴിഞ്ഞ് വരാം”അവൻ ആകാശത്ത് നോക്കി നിന്നു.ചിരിച്ചു കൊണ്ട് അവളും അവനടുത്തേക്ക് നീങ്ങി.

“ഹാപ്പി ന്യൂ ഇയർ”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഐ ലവ് യൂ”അവൻ പറഞ്ഞു.

“ഓ… ങേ”അവൾ അവനെ ഞെട്ടലോടെ നോക്കി.

“യെസ്…ഐ ആം ഇൻ ലവ് വിത് യൂ…ഭാര്യയെ പ്രൊപ്പോസ് ചെയ്യേണ്ടി വന്ന ചുരുക്കം ചിലരിൽ ഒരാളാകും ഞാൻ.പുതിയ വർഷം… നമുക്ക് പഴയതൊക്കെ മറന്ന് ഒരു പുതിയ ജീവിതം തുടങ്ങിയാലോ”അവൻ അവൾക്ക് നേരെ പൂ നീട്ടി.അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങി.

“ഇതിനായി ഞാൻ എത്രകാലം കാത്തിരുന്നു എന്ന് അറിയാമോ…ദി ത്രീ മാജിക്കൽ വേഡ്‌സ്… ഞാൻ റെഡിയാണ് ഈ ബംഗാളിയോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കാൻ”

ന്യൂ ഇയർ രാത്രിയിൽ അവർ പരസ്പരം പ്രണയം പങ്കുവച്ചു.പിന്നീടങ്ങോട്ട് അവരുടെ ദിവസമായിരുന്നു.ഒത്തിരി പ്രണയിച്ചും അതിലേറെ കലഹിച്ചും അവർ കഴിഞ്ഞു.

********************************

ഒന്നര വർഷത്തിന് ശേഷം…

ഈ വർഷത്തെ ദി മോസ്റ്റ് എലിജിബിൾ ബിസിനസ് വിമണിനുള്ള അവാർഡ് ഏറ്റുവാങ്ങാൻ മിസ്സിസ് അപ്സര അവിനാശിനെ ക്ഷണിക്കുന്നു. ഒപ്പം അവാർഡ് നൽകാനായി ജില്ലാ കളക്ടർ അവിനാശ് പ്രഭാകറിനെയും.

അവതാരിക വിളിച്ചു പറഞ്ഞത് കേട്ട് അവരിരുവരും എഴുനേറ്റു.

“ഭാര്യയ്ക്ക് ഭർത്താവ് അവാർഡ് നൽകുന്ന വണ്ടെർഫുൾ മൊമെന്റ്.”
വേദിയിൽ നിന്ന് കൈയ്യടികൾ ഉയർന്നു.അവൻ അപ്പുവിന് മൊമെന്റോ കൈമാറി.

“അടുത്തതായി അവിനാശ് സർ രണ്ട് വാക്ക്”

“എല്ലാവർക്കും നമസ്കാരം…

ഇന്ന് അപ്സരക്ക് അവാർഡ് കിട്ടിയതിൽ അവളെക്കാളേറെ സന്തോഷിക്കുന്നത് ഞാനായിരിക്കും. ഇന്ന് രണ്ടാമത്തെ തവണയാണ് ഞാൻ അവൾക്ക് ഒരു വേദിയിൽ സമ്മാനം നൽകുന്നത്.രണ്ടും മറക്കാനാവാത്ത നിമിഷങ്ങൾ ആണ്.എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സിവിൽ സർവീസ് എന്നത്.പക്ഷേ…അത് ഒരിക്കലും നേടാനാവില്ല എന്നാണ് ഞാൻ കരുതിയത്.ഏജ് ലിമിറ്റ് കഴിയുന്നതിന് മുൻപുള്ള ലാസ്റ്റ് ചാൻസ്.അപ്സരയാണ് എന്നെ ഒന്ന് ട്രൈ ചെയ്യാൻ പ്രേരിപ്പിച്ചത്. കമ്പനിയിലെ എല്ലാ കാര്യങ്ങളും പിന്നീട് അവൾ ഒറ്റയ്ക്ക് ചെയ്യുകയായിരുന്നു.ശീ ഡിസെർവ് ദിസ്…എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണക്കാരി അപ്സരയാണ്.ഈ അവാർഡ് എന്റെ കൈ കൊണ്ട് നൽകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.ഇതിന് സഹായിച്ച എല്ലാവർക്കും നന്ദി.”
അവൻ അപ്സരയെ നോക്കി പുഞ്ചിരിച്ചു.അവളും.

“താങ്ക്‌ യൂ സർ…ഇനി അപ്സര മാഡം”

അവൾ മൈക്കിനടുത്തേക്ക് നീങ്ങി.പെട്ടന്ന് അവളുടെ കാഴ്‌ച മങ്ങുന്നതായി തോന്നി.അവൾക്ക് ബോധം മറഞ്ഞു തുടങ്ങി.വിനുവേട്ടാ എന്ന് വിളിച്ച് അവൾ വീഴാൻ തുടങ്ങി.വിനു അവൾ വീഴുന്നതിന് മുന്നേ താങ്ങി.

“അപ്പൂ…എന്താ പറ്റിയത്…കാറെടുക്കാൻ പറയൂ…ക്വിക്ക്”

അവൻ അവളെ കൈകളിൽ എടുത്ത് കാറിനടുത്തേക്ക് നീങ്ങി.സദസ്സിലെ എല്ലാവരും ആ ദൃശ്യം ഭയത്തോടെ നോക്കി.പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.ഉടനെ തന്നെ അവളെ ഡോക്ടർ പരിശോധിച്ചു.

“Congratulations…. താങ്കൾ ഒരു അച്ഛൻ ആകാൻ പോകുന്നു.”അവൻ കണ്ണടച്ചു കിടക്കുന്ന അവളെ നോക്കി പുഞ്ചിരിച്ചു.

ഡോക്ടർ പുറത്തേക്ക് പോയി.അപ്പോഴേക്കും വിവരമറിഞ്ഞ് പ്രഭാകരനും ഗീതയും വിശ്വനും രേവതിയുമൊക്കെ വന്നിരുന്നു. എല്ലാവർക്കും ഒരുപാട് സന്തോഷമായി.
അവൾ കണ്ണു തുറന്നു.

“അപ്പൂ…അറിഞ്ഞോ നമുക്കിടയിൽ ഒരാൾ കൂടി വരാൻ പോകുന്നു.”

“സത്യം?”

“സത്യം….നമ്മടെ കാര്യങ്ങൾ എല്ലാം തലതിരിഞ്ഞാണല്ലോ. സാധരണ ഭാര്യയാ പറയുന്നത് ഭർത്താവിനോട് അച്ഛനാകാൻ പോകുന്ന കാര്യം.ഇവിടെ തിരിച്ചാ… അപ്പൂ നീയൊരു അമ്മയാവാൻ പോകുന്നു”

അവൾ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.

“എനിക്ക് ഒരു കുഞ്ഞ് വിനുവിനെ മതി”

“എനിക്ക് ഒരു കാന്താരി അപ്പുവിനെ മതി.ഇല്ലെങ്കിൽ എന്റെ മോന് എന്റെ ഛായ വന്നാൽ നീ എന്റെ കൊച്ചിനെയും ബംഗാളി എന്ന് വിളിച്ചു കളിയാക്കും”

“നീ പോടാ ബംഗാളി”അവൾ കളിയാക്കി വിളിച്ചു.

“ഇതിനുള്ള മറുപടി പത്തു മാസം കഴിഞ്ഞു തരാം”അവൻ പറയുന്നത് കേട്ട് അവൾ നാണത്തോടെ മുഖം താഴ്ത്തി.

ഇണക്കങ്ങളും പിണക്കങ്ങളുമായി അവർ ജീവിതയാത്ര തുടരുന്നു….പുതിയ ഒരഥിതിയെയും കാത്ത്…

(അവസാനിച്ചു)