രചന – ഐശ്വര്യ അനിൽകുമാർ
അവൾ കുട്ടികൾക്കിടയിലൂടെ സ്റ്റേജിലേക്ക് നടന്നു. ‘അപ്സര….അപ്സര..’ എന്ന് സുഹൃത്തുക്കൾ വിളിക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കി.ആദ്യം അത്ഭുതവും പിന്നീട് ദേഷ്യവും ആ മുഖത്തു നിറഞ്ഞു നിന്നു.എന്നിട്ട് പരിസരബോധം വന്നപോലെ മുഖത്തു ചിരി വരുത്തി. സ്റ്റേജിൽ കടന്ന് വന്ന് അവൾ സമ്മാനം ഏറ്റുവാങ്ങി.അവൻ അവളെ തുറിച്ചു നോക്കി.അവൾ ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്ത് സദസിലേക്ക് നോക്കി.കൂട്ടുകാരൊക്കെ അവളുടെ വിളറിയ മുഖം നോക്കി ചിരിച്ചു തകർക്കുകയാണ്. അവൾ സ്റ്റേജ് വിട്ട് ഇറങ്ങി കൂട്ടുകാർക്കൊപ്പം പോയിരുന്നു.പരിപാടി തീർന്നയുടൻ അവൾ സ്ഥലം വിട്ടു. വീട്ടിൽ വന്ന് ഒന്നും മിണ്ടാതെ റൂമിൽ കയറി പോയി.മൊബൈൽ എടുത്ത് അവന് സോറി എന്ന് മെസ്സേജ് അയച്ചു. അവൻ കണ്ടിട്ടും റിപ്ലൈ ഒന്നും കൊടുത്തില്ല. ‘ഞാൻ അറിയാതെ വിളിച്ചു പോയതാ’അവൾ ഒന്നുകൂടി അയച്ചു. അതിനും റിപ്ലൈ കിട്ടാത്തത് കൊണ്ട് അവൾ പിന്നൊന്നും അയക്കാൻ പോയില്ല.അവനും ഒന്നും അയച്ചില്ല. അടുത്ത ആഴ്ച മുതൽ അവൾക്ക് ലാസ്റ്റ് എക്സാം തുടങ്ങി.
തിരക്കുകാരണം പിന്നീട് അവൾ ഫോൺ ഉപയോഗം കുറച്ചു.എല്ലാം നന്നായി തന്നെ എഴുതി. പഠനം കഴിഞ്ഞത് കൊണ്ട് തന്നെ രേവതി വിവാഹ കാര്യങ്ങളെ പറ്റി ആലോചിക്കാൻ വിശ്വനാഥനോട് പറഞ്ഞു തുടങ്ങി.പക്ഷേ അപ്പുവിന്റെ ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒന്നും ശെരിയായില്ല. ബിസിനസ്സ് ഇഷ്ടമല്ലാഞ്ഞിട്ട് കൂടി അച്ഛന് വേണ്ടി അവൻ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി.കമ്പനിക്ക് നല്ല പുരോഗതി ഉണ്ടായി. പക്ഷേ താൻ ഇനി അധിക കാലം ഉണ്ടാവില്ല എന്നൊരു തോന്നൽ പ്രഭാകരന് ഉണ്ടായി തുടങ്ങി.മകന്റെ വിവാഹം അയാളുടെ ഒരു സ്വപ്നമാണ്. അത് ഉടനെ തന്നെ നടത്താൻ അയാളും ഗീതയും തീരുമാനിച്ചു. വൈകുന്നേരം മൂന്നുപേരും കൂടി ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ ആ വിഷയം എടുത്തിട്ടു. “മോനേ… ഇനി നിനക്ക് ഒരു കൂട്ടൊക്കെ വേണ്ടേ…മനസ്സിലായല്ലോ…നിന്റെ വിവാഹത്തെ പറ്റിയാണ് ഞാൻ പറയുന്നത്” “അച്ഛാ…ഇപ്പോൾ അതിനുള്ള സമയമായിട്ടില്ല” “ഇനി എപ്പോഴാട നിനക്ക് സമായമാകുന്നത്?”ഗീത ചോദിച്ചു. “അത്..” “മോനേ ഈ അച്ഛന് നിന്റെ കല്യാണം കാണണമെന്നുണ്ട്.ഇനി എത്ര നാളുണ്ടാവുമെന്ന് ആർക്കറിയാം”അയാൾ അത് പറഞ്ഞു കൊണ്ട് പോയി. അവൻ വിഷ്‌മിച്ചിരുന്നു.
“മോനേ നീ വിഷമിക്കാൻ പറഞ്ഞതല്ല.പക്ഷേ നിന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നത്.” “പക്ഷേ..” “നീയെന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം.പക്ഷേ എല്ലാ സ്ത്രീകളും നിന്റെ അമ്മയെ പോലെ അല്ല.ഞാനും ഒരു സ്ത്രീയാണ്.എന്നെ നിനക്ക് വിശ്വാസമില്ലേ.കുറച്ച് പേർ ചെയ്യുന്ന തെറ്റിന് എല്ലാവരെയും കുറ്റം പറയാൻ കഴിയില്ല. ഇനിയും നീ ആ മനുഷ്യനെ വിഷമിപ്പിക്കരുത്.നിന്നെ ഓർത്തു പാവം ഒരുപാട് വിഷമിക്കുന്നുണ്ട്.”അവരും എഴുനേറ്റ് പോയി. അവൻ ചിന്തയിൽ മുഴുകി ഇരുന്നു. ‘അമ്മ പറഞ്ഞതും ശെരിയാണ്. പെറ്റമ്മ ഉപേക്ഷിച്ചു പോയ എന്നെ വളർത്തിയത് അമ്മയാണ്.അമ്മയും ഒരു സ്ത്രീ തന്നെയാണ്.’ അവൻ വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു. അത് കേട്ട് പ്രഭാകരനും ഗീതക്കും ഒരുപാട് സന്തോഷമായി. “അന്ന് ഞാൻ പറഞ്ഞില്ലേ ചേട്ടൻ ഗൾഫിൽ നിന്നും കൊടുത്തയച്ച സാധനങ്ങൾ കൊണ്ട് വന്ന കുട്ടിയെ പറ്റി.
ആ കുട്ടി എം ബി എയ്ക്ക് പഠിക്കുവാരുന്നു.ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാവും.നല്ല കുട്ടിയാണ്. കാണാനും കൊള്ളാം. നമുക്ക് ആ കുട്ടിയെപ്പറ്റി അന്വേഷിച്ചാലോ”ഗീത ചോദിച്ചു. “ആ നോക്കാം…അവനും കൂടി ഇഷ്ടമാവണ്ടേ… അതല്ലേ പ്രശ്നം. എന്തായാലും അളിയനോട് ഒന്നു ചോദിച്ചിട്ട് മതി.” “അവൻ സമ്മതിക്കും.ചേട്ടൻ പറഞ്ഞിട്ടുണ്ട് നല്ല വീട്ടുകരാണെന്ന്.നമ്മൾ തീരുമാനിച്ചാൽ മതി എന്നാ അവൻ പറഞ്ഞത്.മനസ്സ് മാറുന്നതിന് മുൻപ് നമുക്ക് കല്യാണം നടത്തണം.” അയാൾ ഒന്നു മൂളി. അപ്പുവിനും വീട്ടുകാർ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു.പക്ഷേ അവളുടെ ജാതകത്തിൽ എന്തോ ദോഷം ഉള്ളതിനാൽ ആരുടെയും ജാതകവുമായി ചേരുന്നില്ല.എന്നാൽ വിശ്വനും രേവതിക്കും ഇതിലൊക്കെ വലിയ വിശ്വാസമാണ്. അങ്ങനെ ഒരു ദിവസം അവിനാശിന്റെ മാമൻ അവിടേക്ക് വിളിച്ചു. കല്യാണക്കാര്യം പറഞ്ഞു.എന്നാൽ ജാതകമൊക്കെ നോക്കിയിട്ട് മതി എന്ന് അവർ അറിയിച്ചു. ഭാഗ്യത്തിന് അവരുടെ ജാതകങ്ങൾ ചേർന്നു.അങ്ങനെ ആ ആലോചനയുമായി മുന്നോട്ട് പോകാൻ ഇരു വീട്ടുകാരും തീരുമാനിച്ചു. “അപ്പൂ…” അവൾ റൂമിൽ പാട്ടുകേട്ട് കൊണ്ട് കിടക്കുകയായിരുന്നു.അച്ഛൻ വിളിച്ചകേട്ട് അവൾ പാട്ട് നിർത്തി.
“എന്താ അച്ഛാ” “മോളേ മോൾക്കൊരു ആലോചന വന്നിട്ടുണ്ട്. മോൾക്കറിയല്ലോ ജാതകദോഷമൊക്കെ.ഇത് ചേരുന്നുണ്ട്.ഇങ്ങോട്ട് വന്ന ആലോചനയാണ്.മോൾക്ക് അറിയാം.അന്ന് മോള് പോയില്ലേ ആ വീട്ടിലെ പയ്യനാ.നല്ല ആലോചനയാണ്.മോള് സമ്മതിക്കണം.” “അവൾ എതിർപ്പൊന്നും പറയില്ല വിശ്വേട്ടാ..അവൾക്കറിയാം നമ്മൾ അവളുടെ നല്ലതിന് വേണ്ടിയേ എല്ലാം ചെയ്യൂ എന്ന്” “മോള് ആലോചിച്ചിട്ട് പറയൂ” അയാൾ ഒരു ഫോട്ടോ അവൾക്ക് കൊടുത്തിട്ട് മുറിവിട്ടിറങ്ങി.ഒപ്പം രേവതിയും. അവൾ ആ ഫോട്ടോയിലേക്ക് നോക്കി.അവിനാശ് ചേട്ടൻ.. ‘ഞാൻ ഇപ്പോൾ എന്താ വേണ്ടത്..ഇങ്ങേർക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ. പക്ഷേ.. കുറച്ച് നാളായി അമ്മയും അച്ഛനും എന്റെ കല്യാണം നടക്കാനായി വഴിപാടുകൾ നടത്തി കാത്തിരിക്കുവാണ്.ഒന്നുമില്ലേലും കുറച്ച് നാൾ അറിയാതെ ആണെങ്കിലും നമ്മൾ ഫ്രണ്ട്‌സ് അല്ലാരുന്നോ.ഇഷ്ടമില്ലാത്ത കല്യാണത്തിന് അയാൾ സമ്മതിക്കില്ലല്ലോ’ ഒരുപാട് ആലോചിച്ച ശേഷം അവൾ സമ്മതിച്ചു.
കൂട്ടുകാരും അവളെ സമ്മതിപ്പിക്കുന്നതിൽ ഒരു പങ്ക് വഹിച്ചിരുന്നു. അവളുടെ തീരുമാനം അറിഞ്ഞ് അവളുടെ വീട്ടുകാർക്ക് സന്തോഷമായി.അവർ ഇക്കാര്യം പ്രഭാകരനെ അറിയിച്ചു. ഗീത അവനോട് പറഞ്ഞപ്പോൾ ആദ്യം അപ്സര ആണെന്ന് അറിഞ്ഞ് അവൻ എതിർത്തെങ്കിലും പിന്നീട് നിർബന്ധത്തിന് വഴങ്ങി അവൻ സമ്മതിച്ചു. പരസ്പരം അറിയാവുന്നത് കൊണ്ട് പെണ്ണുകാണൽ ഒന്നും ഉണ്ടായില്ല. പ്രഭാകരനും ഗീതയും പിന്നെ അടുത്ത രണ്ടു മൂന്നു പേരും ചേർന്ന് അവളുടെ വീടൊക്കെ കാണാൻ പോയി.എല്ലാവർക്കും പെണ്ണിനേയും വീട്ടുകാരെയും ഒക്കെ ഇഷ്ടമായി. അടുത്ത ദിവസം തന്നെ നിശ്ചയം നടത്താൻ തീരുമാനിച്ചു. നിശ്ചയത്തിന് ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം നിശ്ചയിച്ച ശേഷം അവൻ ഒരിക്കൽപ്പോലും അവളെ വിളിച്ചിട്ടില്ല.അവൾ വിളിക്കാനും പോയില്ല.എന്നാൽ ഇന്നെങ്കിലും മിണ്ടുമെന്ന് അവൾ പ്രതീക്ഷിച്ചു.
വളരെ സുന്ദരിയായി അവളെ കൂട്ടുകാരിമാരും ബ്യുറ്റീഷനും ചേർന്ന് ഒരുക്കി.ചുവന്ന നിറത്തിലുള്ള ലഹങ്കയിൽ അവൾ തിളങ്ങി നിന്നു. സ്റ്റേജിൽ പ്രത്യേകമായി അലങ്കരിച്ച ഇരിപ്പിടത്തിൽ അപ്പുവും വിനുവും ഇരുന്നു.അവൻ അവളെ നേരെ നോക്കിയത് പോലുമില്ല.അവൾ ഇടംകണ്ണിട്ട് അവനെ തന്നെ ഇടക്കിടെ നോക്കി.അത് കണ്ടിട്ടും അവൻ കാണാത്തപോലെ നടിച്ചു. അങ്ങനെ മോതിരം മാറ്റത്തിന് സമയമായി.അവരോട് എഴുന്നേറ്റ് നേർക്കുനേർ നിൽക്കാൻ പറഞ്ഞു.അവൻ ആദ്യം തന്നെ എഴുന്നേറ്റ് അവളെ നോക്കി.അവൾ എഴുനേറ്റിട്ട് ലഹങ്ക നേരെയാക്കുന്നതിന്റെ തിരക്കിലായിരുന്നു.അവൻ അവളെ തന്നെ നോക്കി നിന്നു.കണ്ണെടുക്കാതെ…. അവൾ അവനെ നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്നതായാണ് കണ്ടത്.പക്ഷേ ഉടനെ നോട്ടം മാറ്റുകയും ചെയ്തു. ഉടനെ തന്നെ മോതിരം മാറ്റൽ നടന്നു.എല്ലാവരും കൈകൊട്ടി.ഒരു വലിയ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങ്.അതിഥികൾക്കുള്ള ഇരിപ്പിടങ്ങളെല്ലാം സ്റ്റേജിനെ നോക്കി കാണുന്ന രീതിയിൽ തന്നെയായിരുന്നു.തുടർന്ന് ഓരോരുത്തരായി അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ തുടങ്ങി.
അപ്പുവിന്റെ കൂട്ടുകാരും വന്നു. “അവസാനം അങ്ങ് സ്വന്തമാക്കിയല്ലേ”മാളു കളിയാക്കി ചോദിച്ചു. “ഒന്ന് പോടീ”അപ്പു ചിരിച്ചു. ഈ സമയം അവിനാശ് രാഹുലിനോടും സുമേഷിനോടും സംസാരിച്ചു നിൽക്കുകയായിരുന്നു.അവർക്കൊപ്പം നിന്ന് ഫോട്ടോ എടുത്തയുടൻ അടുത്ത ഫോട്ടോയ്ക്ക് വേണ്ടി അവന്റെ കൂട്ടുകാർ വന്നു.അതിൽ അന്ന് മാളിൽ വച്ച് കണ്ടവരും ഉണ്ടായിരുന്നു. “ടാ…ഇവളല്ലേ നിനക്ക് നല്ലൊരു പേരൊക്കെ ഇട്ടു തന്നത്.അതോണ്ട് അങ്ങ് കെട്ടാൻ തീരുമാനിച്ചോ”ഗോകുൽ അവനോട് രഹസ്യമായി ചോദിച്ചു. തന്നെ നോക്കിയുള്ള അവന്റെ രഹസ്യം പറച്ചിൽ കേട്ടപ്പോഴേ തന്നെപ്പറ്റിയാണ് പറയുന്നതെന്ന് അവൾക്ക് മനസിലായി.അവൾ ചെവി കൂർപ്പിച്ചു നിന്നെങ്കിലും ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. ഗോകുൽ നോക്കിയപ്പോൾ അവൾ അവനെ തുറിച്ചു നോക്കുന്നതാണ് കണ്ടത്.
“ഹായ്…ഞാൻ ഗോകുൽ…വിനുവിന്റെ ഫ്രണ്ട് ആണ്” “ഹായ്”അവൾ ഒരു ചിരി ഫിറ്റ് ചെയ്തു. അങ്ങനെ പ്രൗഢഗംഭീരമായ നിശ്ചയം കഴിഞ്ഞു. ഇരു വീട്ടുകാരും സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി. പോകാൻ നേരം അവൻ അവളെ ഒന്നു നോക്കി.അവൾ കൈവീശി കാട്ടിയെങ്കിലും അവൻ ഒന്ന് ചിരിച്ചതേ ഉളളൂ.പക്ഷേ ആ ചിരി അവൾക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതായിരുന്നു…. നിശ്ചയത്തിന് ശേഷം ഒരിക്കലെങ്കിലും അവൻ വിളിച്ചിരുല്ലെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു.പക്ഷേ അവൻ വിളിച്ചില്ല.അവൾ അങ്ങോട്ട് വിളിക്കാൻ തന്നെ തീരുമാനിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോണെടുത്തു. “ഹെലോ”അവൻ പറഞ്ഞു. ഉടനെ മറുപടി കിട്ടാത്തിനാൽ ഫോൺ കട്ട് ചെയ്തു. “ഞാ…ൻ.. ങേ…കട്ടാക്കിയോ… ഇതെന്തൊരു മനുഷ്യനാണ്.അങ്ങനെ വിട്ടാൽ കൊള്ളില്ലല്ലോ.” അവൾ വീണ്ടും വിളിച്ചു. ഇതാരാ പിന്നേം വിളിക്കുന്നതെന്ന് ചിന്തിച്ചുകൊണ്ട് അവൻ ഫോൺ എടുത്തു. “ഹലോ… ആരാ” ‘ആരെന്നോ…അടിപൊളി..അടുത്ത മാസം കല്യാണമാണ്.കെട്ടാൻ പോണ പെണ്ണിന്റെ നമ്പർ പോലും ആ ബംഗാളി സേവ് ചെയ്തിട്ടില്ല.കഷ്ടം തന്നെ’അവൾ ചിന്തിച്ചു.
“ഹലോ… ഇതാരാ” “ഞാൻ….അപ്സര” “അതിന്?” “അതിനോ?” “ഓ…ആം സോറി അപ്സര…ഞാൻ പെട്ടെന്ന്…മനസിലായില്ല…”അവൻ പെട്ടെന്ന് ബോധം വന്നപോലെ പറഞ്ഞു. അവൾ ഒന്നു മൂളി. “എന്താ വിളിച്ചേ….എനി പ്രോബ്ലം” ‘എന്റെ പ്രോബ്ലം ഇയാള് തന്നെയാ.എന്തിനാ വിളിച്ചതെന്ന്?മണ്ണപ്പം ചുട്ട് കളിക്കാൻ…ഇങ്ങനൊരു മുരടനെയാണല്ലോ ദൈവമേ എന്റെ തലയിൽ കെട്ടി വച്ചത്.ഇപ്പോൾ എന്താ പറയ’അവൾ മറുപടിക്കായി പരതി. “ഹലോ… അപ്സര…ആർ യു ദയർ” “ഒന്നുമില്ല… ഞാൻ വെറുതെ വിളിച്ചതാ.” “ഓക്കെ.അപ്പോൾ ശെരി… ഞാൻ അല്പം ബിസിയാണ്. ഐ വിൽ കാൾ യൂ ലേറ്റർ” “ഓകെ”അവൻ അപ്പോഴേക്കും ഫോൺ വച്ചിരുന്നു. ‘ഇയാളിതെന്ത് മനുഷ്യനാണ്…’അവൾ ചിന്തിച്ചു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല.പിന്നെ അവൾ അങ്ങോട്ട് വിളിക്കാനും പോയില്ല.ഗീത ഇടയ്ക്കിടെ അവളെ വിളിക്കുമായിരുന്നു.അവരെ അവൾക്ക് ഒരുപാട് ഇഷ്ടമായി. അങ്ങനെ അവരുടെ വിവാഹ ദിനം എത്തി…. (തുടരും)

by