രചന – ഐശ്വര്യ അനിൽകുമാർ
“ഏഴുമണി ആവാറായല്ലോ ദൈവമേ….ഈ പെങ്കൊച്ച് ഇതുവരെ എഴുനേറ്റില്ലേ…”
രേവതി റൂമിലേക്ക് ചെന്നപ്പോൾ മൂടി പുതച്ചു കിടക്കുന്ന മകളെയാണ് കണ്ടത്.
“ടീ….നിനക്കിന്ന് കോളേജിൽ പോണ്ടതല്ലേ… ഇങ്ങനെ ഉറങ്ങിയാലോ…അതെങ്ങനാ പാതിരാത്രി വരെ ഇരുന്ന് കണ്ട ഇംഗ്ലീഷ് സിനിമ കാണലല്ലേ ജോലി”അവർ അവളെ തട്ടി വിളിച്ചു.
“നോ…യൂ കാണ്ട് കിൽ ഹെർ…”
അവൾ ചാടി എഴുന്നേറ്റു.
“ദേവിയെ…..പെണ്ണ് പിച്ചും പേയും പറഞ്ഞു തുടങ്ങിയോ…രാവിലെ തന്നെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാതെ എണീറ്റ് പോവാനൊള്ള കാര്യങ്ങൾ നോക്ക് അപ്പൂ..”
അപ്പോഴാണ് അവൾ ശെരിക്കും കണ്ണു തുറന്നത്.മുന്നിൽ രൗദ്രഭാവത്തിൽ നിൽക്കുന്ന അമ്മ.അവൾക്ക് ചിരി വന്നു.
“ആ ചിരിച്ചോ…ഇന്ന് ചിരിച്ചോണ്ട് ഇരിക്കാനാണോ പ്ലാൻ…ഏഴ് മണി ആവാറായി.”
“ഏഴല്ലേ ആയോളൂ… ഞാൻ അങ്ങ് പറന്നു പോകില്ലേ എന്റെ ശകടത്തിൽ..ഇതൊക്കെ സിംപിൾ അല്ലേ”
“അടുത്ത വർഷം കെട്ടിച്ചു വിടേണ്ട പെണ്ണാ..ഇങ്ങാനാണേൽ രണ്ടിന്റന്ന് പോയ പോലെ തിരിച്ചു വരൂന്നാ തോന്നുന്നത്..രണ്ട് ദിവസം കഴിഞ്ഞ് അച്ഛൻ ഇങ്ങ് വരുമല്ലോ…അല്ല അതെങ്ങനെ അച്ഛനും മോളുടെ സൈഡ് ആണല്ലോ…”
“അച്ഛൻ ഇങ്ങട് വരട്ടെ എന്നിട്ട് വേണം അമ്മയെ ഒന്നു നന്നാക്കിയെടുക്കാൻ…ആംഗ്രി മമ്മി”
അവൾ അവരുടെ മൂക്കിൽ പിടിച്ചു.
“നിന്ന് കളിക്കാതെ പോയി കുളിച്ചു റെഡിയായി വാ”
“ശോ… വല്ല പട്ടിയോ പൂച്ചയോ ആയി ജനിച്ചാൽ മതിയാരുന്നു. അതാവുമ്പോൾ..”അവൾ ബാത്റൂമിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.
“കുളിക്കണ്ടല്ലോ അല്ലേ… ഇങ്ങനൊരു മടിച്ചി”രേവതി അവളുടെ നടപ്പു കണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്സര…പുത്തേടത്ത് വീട്ടിൽ വിശ്വനാഥന്റെയും രേവതിയുടെയും ഒറ്റ മകൾ.വിശ്വനാഥൻ വർഷങ്ങളായി ഗൾഫിലാണ്.രേവതി വീട്ടമ്മയും.വിശ്വനാഥൻ രണ്ട് ദിവസം കഴിഞ്ഞ് തന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് വരികയാണ്.രണ്ട് തലമുറയ്ക്ക് ജീവിക്കാനുള്ള സ്വത്ത് അയാൾ ഉണ്ടാക്കിയിട്ടുണ്ട്.ബാക്കിയൊക്കെ വഴിയേ പറയാം.
പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു റെഡിയായി അവൾ ഭക്ഷണം കഴിക്കാനിരുന്നു.അമ്മയും മകളും കുറച്ച് നാട്ടുവർത്തമാനം പറഞ്ഞു.
“മതിയമ്മേ… ഇനി കഴിച്ചോണ്ടിരുന്നാൽ ലേറ്റ് ആവും.”അവൾ മതിയാക്കി കൈ കഴുകാൻ പോയി.അപ്പോൾ അവൾക്ക് ഫോൺ വന്നു.
“അമ്മേ അതൊന്ന് എടുത്തേ…മാളുവാകും”
മാളു എന്ന മാളവിക അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്.അവർ ഇരുവരും എം ബി എയ്ക്ക് പഠിക്കുവാണ്.മാളുവിനെ കൂടാതെ പാർവതിയും അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്.
“ആ മോളേ… അവളിപ്പോൾ ഇറങ്ങും…ആ ശരി”അവർ ഫോൺ വച്ചു.
“അവൾ ബസ് സ്റ്റോപ്പിൽ നിൽക്കാന്ന് പറഞ്ഞു. ദേ താമസിച്ചന്നും കരുതി അധികം സ്പീഡിലൊന്നും പോണ്ട ട്ടോ”
“ഇല്ല…ട്ടോ..”
അവൾ ചിരിച്ചു കൊണ്ട് സ്കൂട്ടിയിൽ കയറി അവരെ കൈ വീശി കാട്ടിയിട്ട് പോയി.
പോകുന്ന വഴിയിൽ മാളുവിനെയും കൂട്ടി.അങ്ങനെ അവർ കോളേജിലെത്തി.വണ്ടി പാർക്ക് ചെയ്തിട്ട് അവർ ഇരുവരും പാറുവിനെ കാത്ത് നിന്നു.ഉടനെ തന്നെ അവളും എത്തി.മൂന്നു പേരും ക്ലാസിലേക്ക് നടന്നു.
പാറു ഡിഗ്രിക്കും അതേ കോളേജിൽ തന്നെ ആയിരുന്നു. മറ്റു രണ്ടു പേർ പിജിക്ക് അവിടെ ചേർന്നു.അവർ ഇപ്പോൾ രണ്ടാം വർഷമാണ്.
“മറ്റന്നാൾ അങ്കിൾ വരുവല്ലേ…ചിലവുണ്ട് മോളേ”പാറു ആണ് പറഞ്ഞത്.
“ആ നോക്കാം”അപ്പു ചിരിച്ചു.
“നോക്കിയാൽപോരാ തരണം”മാളു ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ അവർ നടന്ന് നീങ്ങിയപ്പോൾ എം എയിലെ വിനോദും ഗ്യാങ്ങും എതിരെ വന്നു.
“മാളവിക…ഞാൻ പറഞ്ഞ കാര്യം എന്തായി…താൻ മറുപടി ഒന്നും പറഞ്ഞില്ല.”വിനോദ് പറഞ്ഞു.
രണ്ടു ദിവസം മുമ്പ് അവൻ മാളുവിനെ പ്രൊപ്പോസ് ചെയ്തിരുന്നു. പക്ഷേ അത് കൂട്ടുകാർക്ക് കൊടുത്ത ബെറ്റിൽ ജയിക്കാനാണ്.ഇക്കാര്യം അപ്പു കേൾക്കുകയും അത് മാളുവിനെ അറിയിക്കുകയും ചെയ്തു.
“എനിക്ക് താൽപ്പര്യം ഇല്ലന്ന് ഞാൻ പറഞ്ഞതല്ലേ വിനോദ്…അല്ലെങ്കിൽ തന്നെ എന്റെ വിവാഹം ഉടൻ തന്നെ ഉറപ്പിക്കുകയും ചെയ്യും”
വിനോദ് കൂട്ടുകാരെ നോക്കി.അവർ അവനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
“എന്നാലും…ഞാൻ ഇത്ര സിൻസിയർ ആയി പറഞ്ഞിട്ടും…തനിക്ക് ഒന്നു കൂടി ചിന്തിച്ചൂടെ”
“ഞാൻ സീരിയസ് ആയിട്ട് തന്നെയാണ് പറഞ്ഞത്.”മാളു മുന്നോട്ട് നടന്നു.
“നിക്കടി അവിടെ”
അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.അവൾ കൈ വിടുവിക്കാൻ ശ്രമിച്ചു.
ഇത്രയും നേരം കാഴ്ചക്കാരിയായി നിന്ന അപ്പുവിനുള്ളിലെ ഭദ്രകാളി അപ്പോഴേക്കും ഉണർന്നിരുന്നു.
“അനിയാ നിൽ….കയ്യിൽ പിടിച്ചൊള്ള പരിപാടിയൊന്നും വേണ്ട ഇവിടെ.നിന്റെ ദിവ്യപ്രേമത്തിന് ഇവന്മാർക്ക് കൊടുത്ത ബെറ്റിന്റെ വിലയേ ഉള്ളെന്ന് ഞങ്ങൾക്കറിയാം.അത് ഞാൻ കേട്ടതാണ്.അതുകൊണ്ട് മോൻ സമയം കളയാതെ പോകാൻ നോക്ക്…വേറെ ആളെ നോക്കിക്കോ..”
അവൾ കൈ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
“അത് പറയാൻ നീയാരാടി…ഇവൾ പറയട്ടെ.നോക്ക് മാളവിക ഇവൾ പറയുന്നത് വിശ്വസിക്കരുത്.ബെറ്റിന്റെ കാര്യമൊന്നും ഞാൻ അറിഞ്ഞിട്ടു പോലുമില്ല.”
“എനിക്ക് അവളെ വിശ്വാസമാണ്.സോ ലീവ് മീ.”അവർ മൂന്ന് പേരും മുന്നോട്ട് നടന്നു.
“കഷ്ടം…ഒരു ബെറ്റിൽ ജയിക്കാനുള്ള കഴിവ് പോലും ഇല്ലല്ലോടാ നിനക്ക്”മറ്റ് കൂട്ടുകാർ അതു പറഞ്ഞു വിനോദിനെ കളിയാക്കാൻ തുടങ്ങി.
“എല്ലാം ആ അപ്സരയെ കാരണമാണ്.അവൾ കേട്ടില്ലെങ്കിൽ എല്ലാം നടന്നേനെ..ആ ഇനിയിപ്പോൾ എന്റെ ചിലവല്ലേ.വാ കാന്റീനിൽ പോവാം”
പോകുന്നതിന് മുന്നേ അവൻ അപ്പുവിനെ ഒന്നു നോക്കി അവൾക്ക് ഒരു പണി കൊടുക്കണം എന്ന് മനസ്സിൽ കരുതി.
ഫസ്റ്റ് അവർ രേണുക മിസ്സിന്റെ ആയിരുന്നു. ഉച്ച വരെ അവര് തന്നെ തുടർന്ന് പഠിപ്പിച്ചു.കൊടും പഠിപ്പികൾ ഒഴികെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്നു.
ക്ലാസ്സ് എടുക്കുമ്പോൾ എല്ലാവരും നോട്ട് എഴുതിയെടുക്കണം എന്നത് മിസ്സിന് നിർബന്ധമാണ്.എല്ലാവരും നോട്ട് തുറന്ന് പേനയും പിടിച്ചാണ് ഇരിപ്പെങ്കിലും എഴുതുന്നത് മറ്റു പലതുമാണ്.
‘ടീ..ഉറക്കം വരുന്നു.ഒന്നു നിർത്താൻ പറയടി’അപ്പു തന്റെ ബുക്കിൽ എഴുതി പാറുവിനെ കാണിച്ചു.
‘എനിക്കും..മിണ്ടാതിരുന്ന് ഉറങ്ങ്’അവൾ മറുപടിയായി എഴുതി.
അങ്ങനെ അപ്പു ഇടക്ക് പുറത്തേക്കും മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയും ഇരുന്നു.ക്ലാസ്സിൽ ആകെ രണ്ട് ആണ്കുട്ടികൾ മാത്രേ ഉളളൂ.
അവരാണെങ്കിൽ ഇപ്പോൾ ഇറങ്ങി ഓടും എന്ന നിലയിൽ ഇരിക്കുവാണ്. കാഴ്ചകളൊക്കെ കണ്ട് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.
“മറ്റന്നാൾ സെമിനാറിന് അവിനാശ് ചേട്ടൻ വരുമായിരിക്കും അല്ലേ”മാളു പാറുവിനോട് ചോദിച്ചു.
“അവിനാശ് ചേട്ടനോ… എവിടെ…”
ആ പേര് കേട്ടതും അവൾ ഞെട്ടി ഉണർന്നു. മറ്റു രണ്ടുപേരും അവളെ തന്നെ നോക്കി കൂടെ മിസ്സും.
“എന്താ അവിടെ?”അവർ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.
“ഒന്നുമില്ല മിസ്സ്…ഒരു ഡൗട്ട് ക്ലിയർ ചെയ്തതാ”അപ്പു പരിഭ്രമത്തോടെ പറഞ്ഞു.
“വെരി ഗുഡ്.ആ ഡൗട്ട് പറയൂ..ഞാൻ പറഞ്ഞു തരാം.”
“അത് പറയാൻ മിസ്സിനറിയില്ലല്ലോ..”മറ്റു രണ്ടു പേരും പറഞ്ഞു ചിരിച്ചു.
അപ്പു കാൽ വച്ച് അവർക്ക് ഒരു തട്ടു കൊടുത്തിട്ട് പറഞ്ഞു”ഏയ്…അത് എനിക്ക് മനസിലായി..ഇവർ പറഞ്ഞു തന്നു.”
“ഓകെ.. അപ്പോൾ നാളെ കാണാം..പ്രോജക്ടിന്റെ കാര്യം മറക്കണ്ട ആരും.പറഞ്ഞ ഡേറ്റിൽ സബ്മിറ്റ് ചെയ്തില്ലെങ്കിൽ ആരും ഇന്റർണൽ മാർക് പ്രതീക്ഷിക്കണ്ട.”അവർ വലിയ ഒരു ബുക്കുമെടുത്ത് പുറത്തേക്ക് പോയി.
ക്ലാസ് മുഴുവനും അപ്പുവിനെ നോക്കി ചിരിക്കാൻ തുടങ്ങി.
“നിനക്ക് ഡൗട്ട് ഒക്കെ വരോ?”സുമേഷ് അവളെ നോക്കി ചിരിച്ചു.
“എന്തായാലും രക്ഷപ്പെട്ടു. അവര് പോയല്ലോ.”രാഹുൽ പറഞ്ഞു.
“ആരും കൊച്ചിനെ തെറ്റിദ്ധരിക്കരുത്…അവളുടെ സംശയം പഠനവുമായി ബന്ധപ്പെട്ടതേ അല്ല”പാറു അപ്പുവിനെ നോക്കി എല്ലാവരോടുമായി പറഞ്ഞു.
“അത് എനിക്കും തോന്നി.ഇതിലൊക്കെ എന്തോ ഡൗട്ട് വരാൻ “കൂട്ടത്തിലെ അൽ പഠിപ്പി രോഹിണി പറഞ്ഞു.
“അത് നിനക്ക്…നമ്മക്കൊന്നും ഒന്നും മനസ്സിലായില്ല.നീ പറ പാറു എന്താ ഡൗട്ട് എന്ന്”അർച്ചന പറഞ്ഞു.
“അത് അവിനാശ് ചേട്ടൻ മറ്റന്നാൾ വരുമെന്ന് അറിയാതെ ഞാൻ പറഞ്ഞു. അത്രേ ഉളളൂ. ഉറക്കത്തിൽ ആയിരുന്ന കഥാനായിക ഞെട്ടി ഉണർന്നു.”മാളുവാണ് പറഞ്ഞത്.
“അയ്യേ….ഇതു വരെ അയാളെ കണ്ടിട്ട് പോലുമില്ല..എന്നിട്ടും അയാളെ ആരാധിച്ചു നടക്കുന്നു.അതും എന്നെ പോലെ സുന്ദരക്കുട്ടന്മാർ ഇവിടുള്ളപ്പോൾ.ഇവൾക്ക് വട്ടാണ്”രാഹുൽ പറഞ്ഞു.
എല്ലാവരും അയ്യേ എന്നു പറഞ്ഞ് അവനെ നോക്കി.
“എന്തേ…ഞാൻ സുന്ദരനല്ലേ”
എല്ലാവരും ചിരിക്കാൻ തുടങ്ങി.
“എനിക്ക് ആരാധന ഒന്നുമല്ല.ഒരു ആകാംക്ഷ.ഇവിടെ വന്നപ്പോൾ തൊട്ട് കേൾക്കുന്നതാ ഈ അവിനാശ് എന്ന പേര്.അത് ചെയ്തു.ഇത് ചെയ്തു എന്നൊക്കെ പറഞ്ഞ്.ഒന്നര വർഷം ഇവിടെ പഠിച്ചിട്ടും ഞാൻ കണ്ടിട്ടില്ല.അതോണ്ട് കാണാൻ ഒരു ആഗ്രഹം. അത്രേ ഉളളൂ.”അപ്പു പറഞ്ഞു.
“അതിന് അയാളുടെ ഫോട്ടോ കണ്ടാൽ പോരേ.. ഫേസ്ബുക്കിൽ കാണും.”സുമേഷ് പരിഹാരവുമായെത്തി.
“അതിന് അങ്ങേര് അതിലൊന്നും ഫോട്ടോ ഇട്ടിട്ടില്ലല്ലോ.പിന്നെ ഈ കോളേജിൽ സ്മാർട് ഫോൺ റെസ്ട്രിക്ട് ചെയ്തോണ്ട് ആരേലും ഫോട്ടോ ഇല്ല.”അപ്പു പറഞ്ഞു.
“അപ്പോ എല്ലാം നോക്കി അല്ലേ… കൊച്ചു ഗള്ളി”രാഹുൽ ചിരിച്ചു.
“ഞാൻ കണ്ടിട്ടുണ്ട്. ആള് നല്ല ഗ്ലാമറാ… ഒരു ഹിന്ദി സീരിയൽ നടനെ പോലെ..പക്ഷേ പെണ്ണുങ്ങളെ കണ്ടൂടാ. ഇവിടുള്ള പലരും മുട്ടാൻ നോക്കിയതാ.ഏറ്റില്ല.വല്ല തേപ്പും കിട്ടി കാണും”രോഹിണി പറഞ്ഞു.
അവിനാശ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആണ്.ഇപ്പോൾ ഐ എ എസിന് പ്രിപയർ ചെയ്യുന്നു.കോളേജിൽ മിക്ക പരിപാടികൾക്കും പുള്ളി വരാറുണ്ട്.പക്ഷേ അപ്പു ഇതുവരെ കണ്ടിട്ടില്ല.അവൾ വരുന്ന ദിവസമൊന്നും അവൻ വരാറുമില്ല.പറഞ്ഞറിവ് കൊണ്ട് കാണുവാൻ ഒരു ആഗ്രഹം.
അങ്ങനെ കളിയും തമാശയുമായി രണ്ട് ദിവസം കടന്ന് പോയി.
ഇന്ന് രാവിലെ ആണ് അപ്പുവിന്റെ അച്ഛൻ വരുന്നത് വിശ്വനാഥൻ.
രാവിലെ തന്നെ ‘അമ്മ അച്ഛന് പ്രിയപ്പെട്ട ആഹാരങ്ങളൊക്കെ തയാറാക്കി വച്ചു.എന്നിട്ട് രണ്ടു പേരും ചേർന്ന് അടുത്തുള്ള രാഘവേട്ടന്റെ കാറിൽ എയർ പോർട്ടിലേക്ക് പുറപ്പെട്ടു.
(തുടരും)

by