23/04/2026

മയിൽപ്പീലി : ഭാഗം 17

രചന – നെച്ചു നസ്രിൻ

താലികെട്ട് ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരുടെയും അനുഗ്രഹവും വാങ്ങി അവർ ആഹാരം കഴിക്കാനായി ഇരുന്നു. പീലിക്ക് ഒരു വറ്റ് പോലും തൊണ്ടകുഴിയിൽ നിന്നിറങ്ങിയില്ല. വെറുതെ ചോറിൽ കൈ കുഴച്ചു അവളിരുന്നു. യാത്ര പറയാൻ അച്ഛനും രേഷ്മയുമല്ലാതെ വേറെയാരും പീലിക് ഉണ്ടായിരുന്നില്ല. അച്ഛനരികിൽ എത്തി ആ കാൽതൊട്ട് അനുഗ്രഹം വാങ്ങിക്കുമ്പോൾ അവരിരുവരും കരഞ്ഞു പോയിരുന്നു. “അച്ഛൻ ചെയ്തത് തെറ്റായി പോയെന്നു മോൾക്ക് തോന്നുണ്ടോ”?. “അച്ഛാ , അച്ഛനെന്ത് തന്നെ ചെയ്താലും എനിക്കൊരു പരാതിയും ഇല്ല. എന്റെ നല്ലതിന് വേണ്ടിയാണ് അച്ഛനിതു ചെയ്തത് എന്നെനിക്കറിയാം”. “എന്റെ കുട്ടിക്ക് ഒരു പരാതിയും ഇല്ലാത്ത കാര്യം ഈ വർഷങ്ങൾ കൊണ്ട് എനിക്കറിയാമല്ലോ. ആ വീട്ടിൽ കിടന്ന് എന്റെ മോളിനി നരഗിക്കേണ്ട. നന്നായി വരും”. കുറെ വർഷങ്ങൾക്ക് ശേഷം അവളച്ഛനെ കെട്ടിപിടിച്ചു നിന്നു. ഒരുപാട് കൊതിച്ച ഒരു കാര്യം ഇങ്ങനൊരു അവസ്ഥയിലാണല്ലോ തന്നിലേക്ക് വന്നത് എന്നൊരു സങ്കടമവൾക്കുണ്ടായിരുന്നു. നിറകണ്ണുകളോടെ തന്നെ അവൾ രേഷ്മയ്ക്കരികിൽ ചെന്നു. അവൾ പീലിയെ കെട്ടിപ്പിടിച്ചു.

“എല്ലാ കാര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയം എടുക്കുമെന്ന് എനിക്കറിയാം. ഒരു കാരണം കൊണ്ടും നി സങ്കടപ്പെടരുത്. എന്ന് കരുതി എല്ലാമങ്ങു സഹിക്കാനും നിൽക്കേണ്ട. കേട്ടല്ലോ. അതെ കല്യാണം ആയെന്ന് വെച്ച് ക്ലാസ്സ്‌ ഒന്നും മുടക്കിയേക്കരുത്. എക്സാം ആണ് വരുന്ന ആഴ്ച്ച.അറിയാല്ലോ എന്നെ ഭർത്താവ് ഉണ്ടെന്ന് ഒന്നും ഞാൻ നോക്കില്ല. അവിടെ വന്ന് തൂക്കിയെടുത്തു കൊണ്ട് പോരും നിന്നെ”. കാറിലെ പിൻസീറ്റിൽ രണ്ട് അറ്റത്തായി ഇരുന്ന സൂരജിനെയും പീലിയെയും അഭിലാഷ് മിററിലൂടെ നോക്കി. പീലിയുടെ മനസ് ക്ഷുഭിതമായ കടൽ പോലെ ആയിരുന്നു. തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം അവൾ മരവിച്ചു പോയിരുന്നു. കുറച്ചു മണിക്കൂറുകൾ കൊണ്ട് ജീവിതത്തിലെ പ്രധാനമായ പലതും സംഭവിച്ചു കഴിഞ്ഞു. കഴുത്തിലെ താലിയിലേക്ക് അവൾ സൂക്ഷിച്ചു നോക്കി.

പഠിച്ചൊരു ജോലി വാങ്ങി നല്ല രീതിയിൽ ജീവിക്കണമെന്നതായിരുന്നു കുഞ്ഞു നാൾ മുതലുള്ള ആഗ്രഹം. ചെറിയമ്മയുടെ ദ്രോഹങ്ങളായിരുന്നു അങ്ങനൊരു ദൃഢനിശ്ചയത്തിന് പിന്നിലുള്ള കാരണവും. കല്യാണത്തെ കുറിച്ചോ വിവാഹ ജീവിതത്തെ കുറിച്ചോ താൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി. സൂരജ് പുറത്തേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു. അവന് കോപം അടക്കാൻ ആയില്ല. “അച്ഛന്റേം അമ്മയുടെയും സന്തോഷത്തിനു വേണ്ടിയാണു കല്യാണത്തിന് സമ്മതിച്ചത്. വീണയോട് മാനസികമായി അകൽച്ച തോന്നിയിരുന്നു എന്നാൽ പതിയെ പതിയെ ആ അകൽച്ച മാറ്റാൻ ആവുന്നതും ശ്രമിച്ചു. മനസ്സിൽ ഭാര്യ എന്ന സ്ഥാനത് അവളെ കാണാൻ ശ്രമിച്ചതുമാണ്. പക്ഷേ ഇങ്ങനെ എല്ലാവരുടെയും മുൻപിൽ തന്നെ നാണംകെടുത്തേണ്ട ആവശ്യമെന്തായിരുന്നു. ഒരു വാക്ക് നേരത്തെ പറഞ്ഞിരുന്നേൽ ഞാനായിട്ട് ഒഴിഞ്ഞ് മാറിയേനെ. ഇതിപ്പോ വെറുമൊരു കോമാളിയാക്കി അവൾ പോയി.

ഇപ്പൊ എല്ലാവരുടെയും ഇഷ്ടത്തിനും കണ്ണീരിനും മുൻപിൽ താൻ വീണ്ടും തോറ്റു കൊടുത്തു. താനിതു വരെ കണ്ടിട്ട് പോലുമില്ലാത്ത ഒരു പെൺകുട്ടിയെ താലികെട്ടേണ്ടി വന്നു. ഒരിക്കലും അവളെ എന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. മനസിനേറ്റ അപമാനവും വേദനയും മറക്കാൻ ആകുന്നതല്ല”. സൂരജ് തലചരിച്ചു പീലിയെ നോക്കി. അവൾ മറ്റേതോ ലോകത്തെന്ന പോൽ ഇരിക്കുകയായിരുന്നു. കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്. അവന് കുറ്റബോധം തോന്നി.രണ്ടും ദ്രുവങ്ങളിലെ പോൽ അവർ രണ്ടാളും അകന്നു തന്നെ നിന്നു. ഇരുവരും തുല്യ ദുഖിതർ. ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വന്ന ചില തീരുമാനങ്ങളിൽ സ്വയം നഷ്ടപ്പെട്ടു മുന്നോട്ട് എങ്ങനെ എന്ന് പോലും അറിയാതെ ജീവിക്കാൻ ദൈവം നിശ്ചയിച്ചുറപ്പിച്ച രണ്ട് ജീവനുകൾ. അജീഷ് വീട്ടിലെത്തിയ പാട് റൂമിൽ കയറി കതകടച്ചു. കണ്ണിൽ കണ്ട സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു.

അവന്റെ രോക്ഷം അടങ്ങുന്നുണ്ടായിരുന്നില്ല. ഒരിക്കലും ഇങ്ങനൊന്നും താൻ പ്രതീക്ഷിച്ചതല്ല. അവന്റെ നെഞ്ച് മുറിഞ്ഞു രക്തം കിനിയും പോൽ തോന്നി. ഇത്ര വേദന ഇതിനു മുൻപ് വന്നിട്ടില്ല. താൻ ഒന്ന് മരിച്ച് പോയിരുന്നെങ്കിലെന്ന് തോന്നിയവന്. താൻ സ്വപ്നം കണ്ട പീലിയുമൊത്തുള്ള ജീവിതം കയ്യെത്തി പിടിക്കാവുന്നതിനും ഒരുപാട് ദൂരെയാണെന്ന സത്യം അത്യധികം വേദനയോടെ അവൻ തിരിച്ചറിഞ്ഞു. അവൻ ഹാളിൽ നിന്നുമിറങ്ങും മുൻപ് പീലിയെ നോക്കിയതും അവളുടെ കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും അവനെ സർവ്വം തകർക്കാൻ കഴിവുള്ള കാഴ്ചയായിരുന്നു. അവന് സ്വയം നഷ്ടപ്പെടുമെന്ന് തോന്നി. “അവളുടെ കഴുത്തിൽ താൻ അല്ലെ താലികെട്ടേണ്ടത്. ഇത്രയും നാൾ അവളുടെ ഒരു നോട്ടം പോലും എന്നിലേക്ക് വീഴുന്നില്ല എന്നറിയാമായിരുന്നിട്ട് കൂടിയും കാത്തിരുന്നത് ആ ഒരു ദിവസത്തിന് വേണ്ടിയല്ലേ.

എന്റെ താലിയണിഞ്ഞു എന്റെ ഇടനെഞ്ചിൽ ചേർന്ന് ഉറങ്ങുന്ന പീലിയെ കാണാനല്ലേ താൻ ജീവിച്ചത് പോലും. ഇപ്പോൾ അവൾ മറ്റൊരുവനൊപ്പം ഒരു മുറിയിൽ……” അവൻ തലമുടിയിൽ ശക്തിയായി പിടിച്ച് വലിച്ചു. മുറിയിൽ സാധനങ്ങൾ വീണുടയുന്ന ശബ്ദം കേട്ട് അച്ഛനും അമ്മയും വന്ന് വിളിച്ചെങ്കിലും ഒരു മറുപടി കൊടുക്കാൻ പോലും അജീഷിന്റെ നാവുയർന്നില്ല. ഭ്രാന്തമായ അവസ്ഥയിൽ ചിതറിക്കിടക്കുന്ന ചില്ലുകൾക്കിടയിൽ അവൻ ബോധമില്ലാതായത് പോലെ കിടന്നു. അങ്ങനെ കണ്ണടച്ചു ഉറങ്ങി. പീലിയെ നിലവിളക്ക് നൽകി സ്വീകരിക്കാൻ മാണിക്യശേരിയിലെ എല്ലാവരും ഉമ്മറത്തു തന്നെ കാത്തു നിന്നു.നിലവിളക്ക് വാങ്ങി വലതു കാലെടുത്തു വെച്ച് പീലി വീടിനുള്ളിലേക്ക് കടന്നു. നേരെ പൂജാമുറിയിൽ ചെന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു. മനസ്സിലെ വിങ്ങൽ കണ്ണീരായി പുറത്തേക്ക് പ്രവഹിച്ചു. അതിനെ ശ്രമപ്പെട്ടു തടഞ്ഞു നിർത്തി പീലി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. സുഭദ്ര വാങ്ങി കൊടുത്ത ആ ദാവണി തന്നെയായിരുന്നു പീലിയുടെ വേഷം.

ദൈവം നേരത്തെ അറിഞ്ഞു അവൾക്കത് സുഭദ്രയുടെ കയ്യാലെ ഏല്പിച്ചതാകാം. “മോൾ ആകെ ക്ഷീണിച്ചിട്ടുണ്ടല്ലേ. ഒന്ന് പോയി ഫ്രഷ് ആയി വാ. തത്കാലം ചിന്നൂന്റെ ഡ്രസ്സ്‌ ഇട്. വേറെ നമുക്ക് മേടിക്കാം. റൂം ചിന്നു കാണിച്ചു തരും”. കവിളിൽ തലോടി സുഭദ്രയത് പറയുമ്പോൾ അവൾ വേദനയോടെ ഒന്ന് ചിരിച്ചു . തീർത്ഥയെ വിളിച്ചു പീലിയെ റൂമിലേക്ക് ആക്കാൻ ഏല്പിച്ചു സുഭദ്ര പോയി. തീർത്ഥ സഞ്ജനയ്ക്കൊപ്പം പീലിയുടെ അരികിൽ വന്ന് അവളുടെ കയ്യിൽ പിടിച്ച് മുകളിലേക്ക് കൊണ്ട് പോയി. അവളുടെ വീടിനെ അപേക്ഷിച്ചു നോക്കുമ്പോ ഇതൊരു കൊട്ടാരമായി തോന്നി പീലിക്ക്. “ഇതാണ് ഏട്ടന്റെ മുറി. ഇനി മുതൽ തന്റെയും. അതെ നമ്മളൊക്കെ സെയിം പ്രായം ആയത് കൊണ്ട് ഞാൻ ഏട്ടത്തി എന്നൊന്നും വിളിക്കില്ല കേട്ടോ. ആഹ് ഇത് സഞ്ജന നമ്മുക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്”. പീലി മൃദുവായൊന്നു ചിരിച്ചു. “ആഹ് പീലി ഈ ഡ്രസ്സ്‌ ഇട്ടോളൂ. അലമാരയിലെ ഡ്രെസ്സൊന്നും എടുക്കേണ്ടെന്ന് അമ്മ പറഞ്ഞു .

അതൊക്കെ വീണയ്ക്ക് വേണ്ടി വാങ്ങിയതായിരുന്നു. തനിക്ക് വേറെ വാങ്ങിക്കാം. എങ്കിൽ ദേ അതാ ബാത്രൂം പോയി കുളിച് ഫ്രഷ് ആയി വായോ”. അതും പറഞ്ഞു അവർ പോയി. പീലി റൂം മൊത്തത്തിൽ ഒന്ന് നോക്കി. ഒരു വലിയ കട്ടിൽ റൂമിന്റെ വലതുവശത്തായി ഇട്ടിരിക്കുന്നുണ്ട്. ഒരു ടേബിൾ അതിന് സൈഡിൽ ഒരു ഷെൽഫിൽ നിറയെ ബുക്സ്. വൃത്തിയുടെയും ചിട്ടയോടെയും ഒതുക്കി സൂക്ഷിച്ച ഒരു മുറിയായിരുന്നു അത്. വെള്ളനിറത്തിലുള്ള കർട്ടൻ. അവൾ ഡ്രെസ്സുമായി ബാത്‌റൂമിലേക്ക് കയറി. ഷവർ തുറന്ന് അതിനു കീഴിൽ നിന്നു. തണുത്ത വെള്ളം ദേഹത്തേക്ക് വീണു. എന്നാൽ അവളുടെ ഉള്ളിലെ കനലിനെ കെടുത്താൻ പാകമുള്ളതായിരുന്നില്ല ഒരു തണുപ്പും. കുളിച്ചിറങ്ങി നീണ്ടമുടി അവൾ അഴിച്ചിട്ടു വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. ശൂന്യമായ മനസ്സ്. മുൻപോട്ട് എങ്ങനെ എന്നറിയില്ല. സ്വപ്നങ്ങൾ നഷ്ടമായി ആരുടെയൊ കയ്യിലെ ഒരു പട്ടം പോലെ ആകാശത്തു ദിശയറിയാതെ പാറി നടക്കുന്നു.ജനലഴികളിൽ അവൾ പിടുത്തം മുറുക്കി.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് പീലി തിരിഞ്ഞു നോക്കിയത്. സൂരജായിരുന്നു. അവൾക്കവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി. അവൾ തല കുമ്പിട്ടു നിന്നു. സൂരജ് അലമാര തുറന്ന് ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി. അവൾക്കൊരാശ്വാസം തോന്നി. വേഗമവൾ താഴേക്ക് ഇറങ്ങി ചെന്നു. ഹാളിൽ ബന്ധുക്കൾ ഓരോന്ന് കുശുകുശുക്കുന്നു. അവൾ അടുക്കളയിലേക്ക് ചെന്നു.സുഭദ്ര ആരോടോ സംസാരിച്ച് നിൽക്കുകയാണ്. പീലിക്ക് അടുത്തത് എന്ത് ചെയ്യണമെന്ന് അറിയില്ല. “ആഹാ മോൾ വന്നോ. ഇത് പാകമാകുന്നുണ്ടല്ലേ. അല്ല അവളുമാർ എവിടെ. മോളെ ഒറ്റയ്ക്കാക്കരുതെന്ന് ഞാൻ പ്രത്യേകം പറഞ്ഞതാ. ചിന്നു”. “ഇവിടുണ്ട് അമ്മേ. ആഹ് പീലി കുളി കഴിഞ്ഞോ”?. ” മോളെ പീലി മോളെ ഇവിടെയൊക്കെ ഒന്ന് കാണിച്ച് കൊടുക്ക്”.

പീലിയുടെ കയ്യിൽ പിടിച്ച് വീടും പരിസരവുമൊക്കെ കാണിച്ച് കൊടുക്കുകയാണ് തീർത്ഥയും സഞ്ജനയും. അഭി അപ്പോളാണ് അവിടേക്ക് വന്നത്. “ആഹ് ഇനി ഈ കൊച്ചിനെ കൂടി ചീത്തിയാക്കാൻ വേണ്ടിയാണോ നിയൊക്കെ അതിന്റെ കൂടെ കൂടിയേക്കുന്നത്”?. പീലി മനസിലാകാതെ അഭിയെ നോക്കി “പീലി ഇത് അഭിലാഷേട്ടൻ . ഞങ്ങടെ അമ്മായീടെ മോൻ ആണ്”. പീലിയൊന്നു ചിരിച്ചു. അഭി അവളെ തന്നെ നോക്കി നിന്നു. നിഷ്കളങ്കമായ മുഖം. ഒരു പൊട്ടു പോലും കുത്തിയിട്ടില്ല. വല്ലാത്തൊരു ചൈതന്യം ആ മുഖത്തുള്ള പോലെ തോന്നിയവന്. അവളോട്‌ അതിയായ സ്നേഹവും വാത്സല്യവുമൊക്കെ തോന്നി അഭിക്ക്. ബാൽക്കണിയിൽ സൂരജ് നില്കുമ്പോളാണ് അഭി അങ്ങോട്ടേക്ക് വന്നത്. അവന്റെ മാനസികാവസ്ഥ മനസിലാക്കിയ വണ്ണം അഭി അവനോട് ചേർന്ന് നിന്നു. “നി ഇവിടെ നിൽക്കാതെ താഴേക്ക് വാ. അമ്മാവൻ അന്വേഷിക്കുണ്ട്. റിസപ്ഷൻ കാര്യം നിന്നോട് ചോദിക്കാൻ പറഞ്ഞ് വിട്ടതാ എന്നെ”. “എനിക്ക് വയ്യ അഭി. ഒന്നിനും. അവിടെയും ഇനി ഒരുങ്ങികെട്ടി നിൽക്കണോ”. ” ഡാ നിനക്ക് അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും പക്ഷേ ഇതാണ് ഇനി നിന്റെ ജീവിതം. നിന്നെ ഡിപെൻഡ് ചെയ്ത് ഈ വീട്ടിലിപ്പോ ഒരു പെൺകുട്ടി കൂടിയുണ്ട്.

നീ താലി ചാർത്തിയ നിന്റെ ഭാര്യ”. “അവളെ എനിക്കെന്റെ ഭാര്യയായി സ്വീകരിക്കാൻ കഴിയുമെന്ന് ഉറപ്പില്ല അഭി”. “നീ ഇതെന്താണ് പറയുന്നതെന്ന ബോധം നിനക്കുണ്ടോ സൂരജ്?. നിനക്ക് മുന്നിൽ കഴുത്ത് നീട്ടി തന്ന ഒരു പെണ്ണാണത്. അവളൊരു പാവം ആണ്. കാണുമ്പോൾ തന്നെ അറിയാം ഒരു സാധു. അതിനെ നീ പരീക്ഷിക്കരുത്”. ” എല്ലാർക്കും എന്നെ പരീക്ഷിക്കാം അല്ലേടാ. എനിക്ക് ഫീലിംഗ്സ് ഒന്നുമില്ലല്ലോ. ഞാൻ എല്ലാവരും പറയുമ്പോ അത് പോലെ തുള്ളണം. എനിക്ക് മാത്രമല്ലെ എല്ലാവരെയും കുറിച്ചുള്ള ചിന്തയുള്ളൂ. ആർക്കും എന്റെ കാര്യം അറിയണ്ടല്ലോ.മുൻപ് കണ്ടിട്ട് പോലുമില്ല ഞാൻ ആ പെൺകുട്ടിയെ. എനിക്കുറപ്പില്ല അവളെ മനസ് കൊണ്ട് സ്വീകരിക്കാനാകുമോ എന്ന്”. “സൂരജ് നിന്റെ വേദന മറ്റാർക്കുമറിയില്ലെങ്കിലും എനിക്ക് മനസിലാകും. കാലം മായ്ക്കാത്ത മുറിവുകളില്ല. പക്ഷേ ഒരിക്കലും നിന്റെ വേദന മാത്രം നീ ഓർക്കരുത്. അത്ര മാത്രം”. പിറ്റേ ദിവസം വൈകിട്ട് റിസപ്ഷൻ വെയ്ക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്. അതിന് പീലിക്കുള്ള ഡ്രെസ്സും കാര്യങ്ങളുമൊക്കെ എടുക്കാൻ തീർത്ഥയും സഞ്ജനയും അഭിയുമാണ് പോയത്.പീലി വീടിനു പുറകു വശത്തു ഓരോന്നോർത്ത് നിൽക്കുകയായിരുന്നു. “മോളെന്താ ഇവിടെ വന്നിരിക്കുന്നത്”.

പീലി വേഗം കണ്ണ് തുടച്ചു.സുഭദ്ര അവൾക്കൊപ്പം ഇരുന്നു. വാത്സല്യത്തോടെ അവളെ നോക്കി. ” ഞാൻ മോൾടെ വീട്ടിൽ ആദ്യായി വന്നപ്പോ തൊട്ട് എനിക്ക് മോളെ ഒന്ന് നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹമായിരുന്നു. അതെന്താണെന്ന് എനിക്കിപ്പോളും അറിയില്ല. ഓരോ തവണയും മോളെ കാണണമെന്ന് അമ്മ ആഗ്രഹിച്ചു. മോളെ നിശ്ചയത്തിന് കണ്ടിട്ട് തിരികെ പോരുമ്പോൾ എനിക്ക് പ്രിയപ്പെട്ടതെന്തോ നഷ്ടപെട്ട പോലെ ആയിരുന്നു . മോളോട് അമ്മക്ക് എന്തോ വല്ലാത്ത ഇഷ്ടം തോന്നുന്നുണ്ട്”. പീലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. സുഭദ്ര സാരിയുടെ തുമ്പ് വെച്ച് അവളുടെ മുഖം തുടച്ചു കൊടുത്തു. അവളുടെ തലമുടിയിൽ പയ്യെ തലോടി. ” എനിക്കറിയാം മോൾ ഒട്ടും വിചാരിക്കാത്തതാണ് ഈ കല്യാണമെന്ന്. ഞങ്ങളുടെ മുൻപിൽ മറ്റൊരു വഴിയും ഇല്ലായിരുന്നു അപ്പോൾ.എന്റെ മോൻ പാവമാ. അവൻ ഞങ്ങടെ ഇഷ്ടത്തിനാ കല്യാണത്തിനു ഒക്കെ സമ്മതിച്ചത്. അവന് മോളുമായി പൊരുത്തപ്പെട്ടു പോകാൻ കുറച്ച് സമയം വേണ്ടിവരും. മോൾക്കും അങ്ങനെ തന്നെ ആയിരിക്കും. പക്ഷേ മോൾക്കെന്തിനും ഈ അമ്മ കൂടെയുണ്ടാകും. ഭർത്താവിന്റെ അമ്മ ആയിട്ടല്ല മോൾടെ അമ്മ ആണ് പറയുന്നത്”. “ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ അമ്മേ”.

അവരവളെ ചേർത്ത് പിടിച്ചതും പീലി പൊട്ടിക്കരഞ്ഞു. കുറെ നേരം കരഞ്ഞപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി. അവൾ മുഖമുയർത്തി സുഭദ്രയെ നോക്കി. “കരയാനുള്ളതൊക്കെ ഇപ്പോ തീർത്തോണം.പിന്നെ ഇവിടെ കരയാനൊന്നും പറ്റില്ല കേട്ടോ”. രാത്രി കയ്യിലൊരു ഗ്ലാസ്‌ പാലും കൊടുത്താണ് പീലിയെ റൂമിലേക്ക് തീർത്ഥ കൊണ്ടാക്കിയത്. പീലി ഭയത്തോടെ ഓരോ കാലടി വെച്ച് റൂമിനുള്ളിലേക്ക് കയറി. അവൾ നോക്കുമ്പോൾ സൂരജിനെ അവിടെ കണ്ടില്ല. അവൾ ശ്വാസം നീട്ടി വിട്ടു . റൂമിൽ നിന്നു മറ്റൊരു വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും അവൻ ബാൽക്കണിയിൽ ആകുമെന്ന് അവൾ ഓർത്തു. പാൽ മേശപ്പുറത്ത് വെച്ച് അവൾ എന്ത് ചെയ്യും എന്നറിയാതെ നിന്നു. കുറെ നേരം കഴിഞ്ഞപ്പോ അവൾക് കാൽ വേദനിക്കാൻ തുടങ്ങി. കരഞ്ഞതിന്റെ തലവേദനയും ക്ഷീണവും കാരണം അവൾ അവശയായിരുന്നു. ബെഡിൽ കിടക്കാൻ അവൾക് മടി തോന്നി.

ഒരു തലയണ എടുത്തു നിലത്തിട്ട് അവൾ അവിടെ കിടന്ന് ക്ഷീണം കാരണം പെട്ടെന്നുറങ്ങി നേരം ഒരുപാട് കഴിഞ്ഞാണ് സൂരജ് റൂമിലേക്ക് വന്നത്. പീലി ഉറങ്ങിയിട്ട് വരാമെന്ന് കരുതി മനഃപൂർവ്വം അവൻ അവിടിരുന്നതാണ്. ബെഡിലേക്ക് നോക്കിയതും അത് ശൂന്യമായിരുന്നു. വെറും നിലത്തു തലയിണ മാത്രമായി കിടക്കുന്ന അവളെ അവൻ നോക്കി. ചമയങ്ങളേതുമില്ല. കഴുത്തിലെ നേർത്ത ഒരു മാലയും താൻ കെട്ടിയ താലിമാലയും മാത്രം. ഒഴിഞ്ഞ കൈകൾ. കാതിൽ ഒരു കുഞ്ഞു കമ്മൽ. കാറ്റിൽ അവളുടെ മുടിയിഴകൾ മുഖത്തേക്ക് പാറി വീഴുന്നു. മുഖത്ത് കണ്ണീരൊഴുകിയതിന്റെ അടയാളം. സൂരജ് ഒരു ദീർഘനിശ്വാസത്തോടെ കട്ടിലിലേക്ക് കണ്ണടച്ച് കിടന്നു.