രചന – അഹാനിക അനു
ദിവസങ്ങൾ വേഗം ഓടി മറിഞ്ഞു. നന്ദുവിന്റെ സ്റ്റിച് അഴിച്ചു അവൻ പണ്ടത്തെ പോലെ ഉഷാറായി. ഇത്രയും വർഷം കൊടുക്കാൻ കഴിയാഞ്ഞ സ്നേഹം രേവതി ഇപ്പോൾ പതിൽമടങ്ങായി നിലയ്ക്ക് കൊടുക്കുന്നു…. കൂട്ടത്തിൽ രാജേഷും. ഒരു മാസത്തോളം മൂന്ന് പേരും നിലയുടെ കൂടെ താമസിച്ചു. ശ്രുതി ശരത്തിനെ പുറത്താക്കി ചേച്ചിയുടെ കൂടെയായി ഊണും ഉറക്കവും. ശരത്ത് നിറഞ്ഞ മനസോടെ തന്നെ അനിയത്തിക്ക് വേണ്ടി വിട്ട് കൊടുത്തു. പതിവ് പോലെ ഒരു പുലർച്ചെ… നില എഴുനേറ്റു അടുത്ത് കിടക്കുന്ന ശ്രുതിയുടെ നെറ്റിയിൽ ഉമ്മ വച്ചു ദേവൂട്ടിയെയും അവളെയും പുതപ്പിച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി അച്ഛന്റെ റൂമിലേക്ക് എത്തി നോക്കി. അച്ഛനെ കെട്ടി പിടിച്ചു കിടക്കുന്ന ശരത്തിനെ കണ്ട് ചിരിച്ചു ഉമ്മറത്തെ വാതിൽ തുറന്നു പത്രമെടുത്തു ഉള്ളിലേക്ക് വച്ചു .
പാത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം അടുക്കളയിൽ നിന്ന് കേട്ടപ്പോൾ മനസിലായി അമ്മ എഴുനേറ്റു എന്ന് അങ്ങോട്ട് നടക്കുന്ന കൂട്ടത്തിൽ നന്ദുവിന്റെയും കിച്ചുവിന്റെയും നടുവിൽ അവരെ കെട്ടി പിടിച്ചു ഉറങ്ങുന്ന പാറുവിനെ ശ്രദ്ധിക്കാനും മറന്നില്ല… ഇപ്പോൾ രണ്ട് പേരുടെയും അടുത്ത് മാത്രമേ കിടക്കു. ഞങളുടെ അടുത്ത് കിടക്കാൻ വിളിച്ചാൽ കുറച്ച് നേരം കിടക്കും പിന്നെ എഴുനേറ്റു ഇവരുടെ അടുത്തേക്ക് വരും രാത്രി നന്ദുവിനോടുള്ള വഴക്ക് എല്ലാം കഴിഞ്ഞ് ഒരുപാട് ലേറ്റ് ആയിട്ടാണ് കിടക്കുന്നത്. ” അമ്മ എന്തിനാണ് ഇത്ര നേരത്തേ എഴുനേറ്റത്. ” ഇങ്ങ് മാറ് ഞാൻ ചെയ്യാം. ” ” നീയൊന്ന് പോയി പല്ല് തേക്ക് പെണ്ണേ ഇതൊക്കെ ഞാൻ ചെയ്യാം ” രേവതി നിലയെ പുറത്തേക്ക് തള്ളി. ” അമ്മ എന്നേ മടിച്ചി ആക്കുന്നുണ്ട് ട്ടോ ” ” ഇനി നീ മടിച്ചി അയാലും കുഴപ്പമില്ല.. വേണേൽ ആ ശ്രുതിയെ ഇങ്ങോട്ട് പറഞ്ഞയച്ചോ ഞാൻ വേണേൽ ഇവിടെ നിന്ന് രാജി എഴുതി നിനക്ക് തരും.” ” അമ്മ ചുമ്മാ അവളെ ഓരോന്ന് പറഞ്ഞിട്ടാണ് പെണ്ണ് അടുക്കളയിലേക്ക് തലയിട്ട് പോലും നോക്കാത്തത് .
അവൾ കുറച്ച് കൂടി കഴിഞ്ഞാൽ ശേരിയാവും” ” ഇനി കുറച്ച് കഴിയാനൊന്നുമില്ല. കെട്ടിച്ചു വിടാറായിട്ടുണ്ട്. ” ” എന്തായാലും ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്. അപ്പോൾ കുഴപ്പമില്ല. ” ബ്രെഷ് വായയിൽ വച്ചു രേവതി നോക്കുന്നതിന് മുന്നേ നില പുറത്തേക്ക് ഓടി. ” ടി… ടി … ഞാൻ ഒന്നും അറിയുന്നില്ല എന്ന് വിചാരിക്കണ്ട ചേച്ചിയും അനിയത്തിയും. ” രേവതി വിളിച്ചു പറഞ്ഞത് കേട്ട് ജനലിന്റെ പുറത്ത് നിന്ന് നില ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുത്തു. “””””””””””””””””””””” ” എന്നേ ഞെക്കി കൊല്ലോ…മാരി നിൽക്ക് രൻറ്റ് പേരും ” മേലേക്ക് കൈ ഇട്ട് കെട്ടി പിടിച്ചു കിടക്കുന്ന നന്ദുവിനെയും കിച്ചുവിനെയും മാറ്റി പാറു ശ്വാസം വിട്ടു. ” നിന്നോട് ആരേലും പറഞ്ഞോ ഇവിടെ വന്ന് കിടക്കാൻ… എണീച്ചു പോടീ. ” നന്ദു പുച്ഛിച്ചു തിരിഞ്ഞു കിടന്നു. അത് കണ്ട പാറു അവളെ നോക്കി ചിരിക്കുന്ന കിച്ചുവിനെ നോക്കി അവന്റെ പുതപ്പിൽ കയറി കെട്ടി പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി. ” എന്നാൽ ഞാനും ” നന്ദു തിരിഞ്ഞു രണ്ട് പേരെയും കൂടി പിടിച്ചു.
” ഇല്ല വിക്രമൻ പിറ്റിക്കൻറ്റ… വേറെ സ്ഥലത്ത് പോയി കിറ്റന്നോ. ” നന്ദുവിന്റെ കൈ തട്ടി മാറ്റി. ” ഞാൻ വേറെ എവിടെ പോയി കിടക്കാൻ. ഇത് എന്റെ ബെഡ് ആണ് ” ” ശുതിന്റെ എറ്റുത്ത് പോയി കിറ്റന്നോ. ” ” അത് നീ അവനോട് പറയി. ചാടി തുള്ളി പോവും. നിക്ക് എന്റെ പാറുവിന്റെ എടുത്തു കിടക്കാൻ മതി. ” ആ പറഞ്ഞത് പാറുവിന് നല്ലോണം സുഗിച്ചു. കിച്ചുവിന്റെ മേൽ പിടുത്തം വിട്ട് തിരിഞ്ഞു നന്ദുവിന്റെ മേലേക്ക് കാൽ വച്ചു കണ്ണടച്ചു. ” എന്നാൽ എന്റെ തലയിൽ കൊണ്ട് വയ്ക്ക് കാൽ. ” ” കാൽ നീലം ഇല്ല വിക്രമ. വലുതായിറ്റ് വയ്ക്ക ” പിന്നെ നന്ദു ഒന്നും പറയാൻ നിന്നില്ല. പെണ്ണ് ചിലപ്പോൾ ചെയ്‌തെന്നും വരും. കുറച്ച് കഴിഞ്ഞ് നില തന്നെ എല്ലാത്തിനെയും വിളിച്ചു എഴുനേൽപ്പിച്ചു പല്ല് തേക്കാനും കുളിക്കാനും പറഞ്ഞയച്ചു. മടി പിടിച്ച പാറുവിനെ ശ്രുതി എടുത്തു പൊക്കി കുളിമുറിയിൽ കയറ്റി അവിടെ നിന്ന് തിരിഞ്ഞു കളിച്ച കിച്ചുവിനെ എടുത്തു പൊക്കി നന്ദു മുന്നിൽ കൊണ്ട് നിർത്തി. ” നീ അവൾക്ക് നോക്കി ഗർഭം ഉണ്ടക്കോ. ഏട്ടത്തിയോട് എത്രയും പെട്ടെന്ന് ശ്രുതിയെ ഇവിടെ നിന്ന് മാറ്റാൻ പറയണം അല്ലേൽ കുടുംബത്തിന് ചീത്ത പേര് വീഴും. ” നന്ദു പറയലും ഓടിയതും ഒപ്പമായിരുന്നു. കിച്ചു നിലത്ത് നിന്ന് വടിയെടുത്ത് ഒരേറു വച്ചു കൊടുത്തു. മുന്നിൽ നിന്ന് കട്ടൻ കുടിച്ച് പത്രം വായിക്കുന്ന രാജേഷും.. പ്രഭാകരനും… ശരത്തും നോക്കി ചിരിച്ചു.
നില പാറുവിന് യൂണിഫോം ഇട്ട് മുടി രണ്ട് വശത്തെക്കും കെട്ടി കൊടുത്തു വേഗം അടുക്കളയിലേക്ക് വന്ന് പ്ലേറ്റ് എടുത്തു രണ്ട് മൂന്ന് വെള്ളപ്പം എടുത്തിട്ടു. ” അമ്മേ ഞാൻ ഇപ്പോൾ വരാമേ പാറുവിന് ഇതൊന്ന് കൊടുക്കട്ടെ ഇറങ്ങാൻ നേരം അവൾക്ക് കൊടുത്താൽ കഴിക്കില്ല. വിശപ്പില്ലാന്ന് പറഞ്ഞു ഓടും. “. ” നീ പൊക്കോ… ഇവിടെ എല്ലാം കഴിഞ്ഞതാണ് ഇതൊന്ന് ടേബിളിൽ കൊണ്ട് വയ്ക്കാനാണല്ലേ ഉള്ളു. ” രേവതിയെ നോക്കി അവൾ പാറുവിന്റെ എടുത്തേക്ക് പോയി. ഡ്രെസ്സ് മാറി വന്ന ശ്രുതി രേവതിയുടെ കൂടെ കൂടി എല്ലാം ടേബിൾ കൊണ്ട് വയ്ക്കാൻ സഹായിച്ചു. പോവാൻ റെഡിയായി വന്ന ശരത്തും.. കിച്ചുവും… രാജേഷും… നന്ദുവും അച്ഛനും കഴിക്കാൻ ഇരുന്നു കൂടെ ശ്രുതിയും. പാറുവിന്റെ പിറകെ നടന്നു കഴിപ്പിച്ചു വായ കഴുകി കൊടുത്തു നില ബാഗിൽ ടിഫിനും ബുക്കും എടുത്തു വച്ചു . ” പാറു ഇന്നലെ ഹോം വർക്ക് ചെയ്തോ ” ബാഗിലേക്ക് വച്ച ബുക്ക് നില പുറത്തേക്കെടുത്തു..
പാറു ഇടം കണ്ണിട്ട് നന്ദുവിനെ നോക്കിയതും അവൻ വേഗം തിരിഞ്ഞിരുന്നു. ” ഇത് എന്താണ് പാറുസേ ഒരു വൃത്തി ഇല്ലാതെ എഴുതിയത്. ” നില ചോദിക്കുമ്പോൾ അവളുടെ ശ്രദ്ധ മുഴുവൻ നന്ദുവിലാണ് . കഴിക്കുന്നത് നിർത്തി എല്ലാവരും നില ചോദിക്കുന്ന കേട്ട് പാറുവിനേ ശ്രദ്ധിക്കുന്നുണ്ട് ” നീ എന്താ പാറു ഒന്നും മിണ്ടാത്തത്. നീ ഇങ്ങനെ അല്ലല്ലോ എഴുതാറുള്ളത്.. ” അവൾ പാറുവിനെ സൂക്ഷിച്ചു നോക്കി. എവിടെയോ കള്ള ലക്ഷണം… ” പാറു……. ” ” വിക്രമനാന് എയുതി തന്നത് “.. നിലടെ നീട്ടിയുള്ള വിളിയിൽ പാറു സത്യം പറഞ്ഞു പോയി. ” ഏട്ടത്തി എന്നേ നോക്കണ്ട…. അവൾ എഴുതാൻ പറഞ്ഞിട്ടാണ് ഞാൻ എഴുതിയത്.” കഴിക്കുന്നത് നിർത്തി നന്ദു കൈ കഴുകാൻ ഓടി. ” എന്റെ പാറു നിനക്ക് കിട്ടിയ കൂട്ട് ഏതായാലും നല്ലത് തന്നെ…. അവൻ തന്നെ മടിയനാണ് കൂടെ കൂടി നീയും മടിച്ചി ആവും.. ” ശരത്ത് ചിരിച്ചു എഴുന്നേറ്റു. നില പാറുവിനെ നോക്കി ബുക്ക് തിരികെ വച്ചു ബാഗ് പടിയിൽ കൊണ്ട് വച്ചു. ” ഇനി നാണ് സൊന്തം എയുതിക്കോളാം. വിക്രമനെ കോൻറ്റ് എയുതിക്കില്ല. ” പിറകെ വന്ന് പാറു പറഞ്ഞപ്പോൾ നില അവളെ എടുത്തു ഉമ്മ വച്ചു.
തിരിച്ചു അവളും. പുറത്തേക്ക് ഇറങ്ങിയ നന്ദുവിന്റെ കാലിനൊരു ചവുട്ട് നില കൊടുത്തു. ” മക്കൾ പഠിക്കട്ടെ എന്ന് വച്ചു എഴുതി കൊടുത്തതാണ് ഏട്ടത്തി. ” ” നിന്നേ ഞാൻ നഴ്സറിയിൽ കൊണ്ടിടേണ്ടി വരും നന്ദു. നീ എഴുതുന്നതിനേക്കാൾ വൃത്തിയായിട്ടാണ് എന്റെ പാറു എഴുതുന്നത്. ” ” അപമാനിക്കരുത് ഏടത്തി. നീ വരുന്നില്ലേ ഈ ഒക്കത്ത് നിൽക്കാൻ തന്നെയാണോ പ്ലാൻ.” പാറുവിനെ നോക്കിയപ്പോൾ അവൾ വേഗം നന്ദുവിന്റെ മേലേക്ക് ചാടി. ഉള്ളിൽ നിന്ന് ദേവൂട്ടി കരഞ്ഞത് കേട്ട് രേവതി പോയി എടുത്തു വന്ന്. പാറു അവളുടെ കവിളിൽ ഉമ്മ വച്ചു. ” സേച്ചി പോറ്റേ ട്ടോ… വേഗം വരാമേ ” പറയുന്നത് മനസിലായ പോലെ അമ്മയുടെ കയ്യിൽ നിന്ന് തുള്ളി പാറുവിന്റെ ഉടുപ്പ് പിടിച്ചു. ” ദേവൂട്ടിക്ക് പിന്നെ സ്കൂളിൽ പോവാം ട്ടോ. ” പിറകിൽ വന്ന ശരത്ത് മോളെ എടുത്തു മുറ്റത്തേക്ക് ഇറങ്ങി വണ്ടിയിൽ കയറി ” മോനേ.. നിലയെ നാളെ മുതൽ ആ psc ക്ലാസ്സിൽ പറഞ്ഞയക്കണം. മോളെ പേര് പറഞ്ഞല്ലേ ഇവൾ ഇത്രയും നാൾ ഒഴിഞ്ഞു മാറിയത്.
ഇനി അത് വേണ്ടല്ലോ ദേവൂട്ടിയെ ഞാൻ നോക്കിക്കോളാം. ” ” അമ്മേ ഇങ്ങനെയൊന്നും പറയരുത്. ” നില ദയനീയമായി പറഞ്ഞു. ” ഹയ്യമ്മ… ഹയ്യമ്മ… ഇപ്പോളാണ് എനിക്കൊരു സന്തോഷമായത്. ഇനി ഏട്ടത്തിയും പഠിക്കാൻ പോവുന്നു ” ” നീ പോടാ. ” പാറുവിനെ കുലുക്കിയുള്ള നന്ദുവിന്റെ ചിരി കണ്ട് നില അവനെ കൂർപ്പിച്ചു നോക്കി. ” നീ അവനെ നോക്കി പേടിപ്പിക്കേണ്ട. എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട്. ” ശരത്ത് പറയുന്നത് കേട്ടപ്പോൾ എല്ലാം തീരുമാനമായെന്ന് അവൾക്ക് ഉറപ്പായി. ” ഡാൻസ് കളി പാറു… അങ്ങനെ നിന്റെ അമ്മയും പഠിക്കാൻ പോവുന്നു. ഞാൻ ഒരു പാട്ട് പാടട്ടെ. ” തുള്ളി കളിച്ചു സ്റ്റെപ് ഇറങ്ങി നന്ദു പാറുവിനെ വണ്ടിയുടെ മുന്നിൽ ഇരുത്തി. ” മറ്റേ പാറ്റ് ആനേൽ വേൻറ്റ.. ” പാറു മുഖം ചുളിച്ചു പറഞ്ഞു. ” ഉഫ്… വീണ്ടും അപമാനം.. ” ” അപ്പോൾ ശെരി എല്ലാവരും ഇറങ്ങു..” രാജേഷ് കാറിൽ കയറാൻ നേരം പറഞ്ഞതും ശ്രുതി ഓടി കിച്ചുവിന്റെ വണ്ടിയിൽ കയറി. ശരത് ദേവൂട്ടിയെ നിലയ്ക്ക് കൊടുത്തു പാറുവിന്റെ കവിളിൽ ഉമ്മ വച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു. പാറുവിനെ മുന്നിൽ ഇരുത്തി നന്ദു റോഡിലേക്കിറങ്ങി.
” പാപ്പോ.. പാപ്പാ… വേകം വരി…. ” ഓ ചെവി ഇപ്പോൾ അടിച്ചു പോവും. ജിതിന്റെ വീടിന് മുന്നിൽ വണ്ടി നിർത്തിയതും നിർത്താതെ ഹോൺ അടിക്കുന്ന പാറുവിന്റെ കൈ നന്ദു പിടിച്ചു വച്ചു. ” നാൻ അറ്റിക്കും… വിക്രമൻ ചെവി പോത്തിക്കോ.” പറഞ്ഞു പാറു വീട്ടിലേക്ക് നോക്കി. ജിതിൻ ചിരിച്ചിറങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു. ജിതിന്റെ പിറകെ ശ്യാമയും… ശ്രേയയും… അച്ഛനും പുറത്തേക്ക് ഇറങ്ങി ഗേറ്റ് തുറന്നു പാറുവിന്റെ മുഖത്ത് ഉമ്മ വച്ചു. ” പഠിക്കണം ട്ടോ കുറുമ്പി. ” ” എന്നേ പടിക്കാൻ വിക്രമൻ ശമ്മയ്ക്കുല അച്ഛമ്മേ.. എന്റെ നോറ്റ് എല്ലാം വിക്രമൻ സോന്തം എയുതും…എന്നിറ്റ് എന്നോട് എഴുതേൻറ്റാന്ന് പരയും ” ” എടി… സാമദ്രോഹി… കൂടെ നിന്ന് കാല് വരുന്നോ.” ശ്യാമയെ നോക്കി ചമ്മിയ ചിരി ചിരിച്ചു നന്ദു പാറുവിന്റെ ചെവിയിൽ പതുക്കെ ചോദിച്ചു. പെണ്ണ് അത് മൈൻഡ് കൂടി ചെയ്തില്ല. ” എന്തായി ശ്രേയ വല്ലതും നടക്കുമോ ” ഗേറ്റ് പിടിച്ചു റോഡിലേക്ക് ഇറങ്ങിയ ജിതിനെ നോക്കി നിൽക്കുന്ന ശ്രെയയെ കണ്ട് ശരത്ത് കണ്ണിറുക്കി . ” അതിനി നടക്കാൻ ഒന്നുമില്ല ശരത്തെട്ട എല്ലാം സെറ്റായി. ” ഹെൽമറ്റ് എടുത്തു വച്ചു ജിതിൻ പറഞ്ഞതും ശരത് സത്യമാണോ എന്ന രീതിയിൽ ശ്രേയയെ നോക്കി.
അവളുടെ മുഖം ചുവന്നതും ശരത് ആക്കി ചിരിച്ചു തലയനക്കി ” കൊച്ചു ഗള്ളൻ….. എല്ലാം വളരെ ഫാസ്റ്റ് ആയല്ലോ… ചെലവ് വേണം മോനേ… ചെലവ് … ” കിച്ചു ടാങ്കിന്റെ മുകളിൽ കൈ വച്ചു താടി ഉഴിഞ്ഞു. ” നീ കൊണ… കൊണ… വർത്താനം പറയണ്ട… ആദ്യം നിന്റെ ചെലവ് ഇങ്ങോട്ട് താ… അല്ലേൽ വേണ്ട നിങ്ങൾ രണ്ടും കൂടി എനിക്കും പാറുവിനും തന്നാൽ മതി… അത് പൊളി ഐഡിയ അല്ലേ പാറു… ” പ്രത്യേകിച്ചു ഒന്നും മനസിലായില്ലെങ്കിലും പെണ്ണ് തലയനക്കി വണ്ടിയിൽ ഇരുന്ന് കുലുങ്ങി. കിച്ചു ഇളിഞ്ഞ ചിരി ചിരിച്ചു തല ചെരിച്ചു ശ്രുതിയെ നോക്കി…. അവൾ വല്ല ആവശ്യം ഉണ്ടായിരുന്നോന്ന് ചോദിച്ചപ്പോൾ പുച്ഛിച്ചു തിരിഞ്ഞതും രാജേഷിന്റെ മുഖത്തെക്കാണ് നോക്കിയത്. രാജേഷ് തലയനക്കി ആക്കി ചിരിച്ചപ്പോൾ അവൻ കണ്ണുകൾ കൂട്ടി അടച്ചു തല വെട്ടിച്ചു വണ്ടി എടുത്തു… ” ഇനി എന്റെ മാവൊക്കെ എന്നാണാവോ പൂക്കുന്നത്. പാറു നിന്റെ ആ ടീച്ചർ മാരീഡ് അണോ. ” ” മിസ്സിനെ കാനാൻ കൊല്ലില്ല…. വിക്രമന് ചേരില്ല.” ” എന്നാൽ ഞാൻ നിന്നെയങ്ങ് കെട്ടിയാലോ. ” അവളൊന്നും മിണ്ടിയില്ല മറിച്ചു ഒഴുകി വന്ന കാറ്റിന്റെ ശക്തിയിൽ മിഴികൾ ചിമ്മി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….
നന്ദുവിന്റെ അധരങ്ങൾ വാത്സല്യത്തോടെ… കരുതലോടെ… അതിലുപരി സ്നേഹത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. ദൂരെ നിന്ന് ആ കാഴ്ച കണ്ട നിലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . ദേവൂട്ടിയെ ചേർത്ത് പിടിച്ചു അവൾ ശ്യാമയെ നോക്കി അവരുടെ കണ്ണുകൾ നന്ദി പറയാതെ പറഞ്ഞു എല്ലാം ഒരു പുഞ്ചിരിയിലോതുക്കി അവൾ കണ്ണുകൾ ചിമ്മി അടച്ചു….. ഏറ്റവും സുരക്ഷിതമായ നെഞ്ചിലാണ് പാറു തല ചാഞ്ഞത്. ആ കൈകളുടെ കരുത്തിനോളം മറ്റാർക്കും അവളെ സംരക്ഷിക്കാൻ കഴിയില്ല…. അവിടെ നിന്നൊരു മടക്കമില്ല….. പകുതി വഴി വച്ചു എല്ലാവരും പല വഴിക്ക് തിരിഞ്ഞു… നന്ദു സ്കൂൾ ലക്ഷ്യമാക്കി…… അവർ ജീവിക്കട്ടെ……. ഇനിയൊരു ദുഃഖമില്ലാതെ സന്തോഷത്തോടെ…… പാറുവിലൂടെ ഒരു സെലിനെ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ❤️ കാലമവർക്ക് കാത്ത് വച്ച നല്ല ദിനങ്ങൾക്കായി നമുക്ക് കാത്തിരിക്കാം…. 🦋 അവസാനിച്ചു. 🦋

by